ഉണ്ണിയേട്ടൻ: ഭാഗം 17

unniyettan

രചന: സനാഹ് ആമിൻ

അവന്റടുത്തുന്നു എങ്ങനെയാ ഓടി വീട്ടിലെത്തിയതെന്ന് അറിയില്ല.. വീട്ടിലെത്തി റൂമിൽ കയറി വാതിലടക്കുന്നതു വരെ വല്ലാത്തൊരു വെപ്രാളം ആയിരുന്നു.. അവൻ പറഞ്ഞതൊക്കെ ഓർക്കുമ്പോൾ ഇതുവരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു ഫീൽ.. ഇനി ചിലപ്പോ ഈ ഫീലാണോ പ്രേമം.. അപ്പൊ എനിക്കും അവനെ ഇഷ്ട്ടമാണോ..? എന്നാലും ഇതെങ്ങനെ സംഭവിച്ചു.. ഞാൻ റൂമിലെ ജനൽ തുറന്നു പുറത്തേക്ക് നോക്കി.. നല്ല തണുത്ത കാറ്റും മഴക്കോളും ഉണ്ട്.. ഞാൻ എന്തൊക്കെയോ ചിന്തിച്ചു കുറച്ചു നേരം അങ്ങനെതന്നെ നിന്നു... എപ്പോഴോ ചിന്തകളിൽ നിന്നെല്ലാം ഉണർന്നു.. ഇപ്പോ കുറച്ചു ദിവസമായി ഇങ്ങനെയാ.. അവനെ ഓർക്കുമ്പോഴെല്ലാം ചുണ്ടിലൊരു പുഞ്ചിരി ഉണ്ടാകും.. അതെന്താ അങ്ങനെ എന്ന് പിന്നേം ചിന്തിച്ചു.. എനിക്ക് എന്താ സംഭവിച്ചേ.. ? പെട്ടെന്ന് ബോധം വന്നപോലെ ഞാൻ ചുവരിലെ ക്ലോക്കിലേക്ക് നോക്കി.. ഈശ്വരാ.. ഇത്രേം നേരായിട്ട് യൂണിഫോം പോലും മാറ്റിയിട്ടില്ല അമ്മ വന്നു കണ്ടാൽ തീർന്നു.. ഞാൻ ബാത്റൂമിലേക്ക് ഓടി..

ഒന്ന് ഫ്രഷ് ആയി ഹാളിലേക്ക് വന്നപ്പോൾ പുറത്ത് നല്ല മഴ പെയ്യുന്നു.. പെട്ടെന്നെന്തോ മഴ നനയണമെന്ന് തോന്നി... ഞാൻ സിറ്റൗട്ടിലേക്ക് ആവേശത്തോടെ ഓടി വന്നതും അമ്മ അവിടിരുന്നു ചായ കുടിക്കുന്നു.. സ്വിച്ച് ഇട്ടപോലെ ഞാൻ നിന്നൂന്ന് മാത്രമല്ല അതുവരെ തോന്നിയ സന്തോഷവും ആവേശവുമൊക്കെ കാണ്മാണ്ടായി.. രാവിലെ എണീറ്റപ്പോൾ തന്നെ ഒന്ന് തീരുമാനിച്ചു.. എനിക്ക് രൂപേഷിനോട് തോന്നുന്ന ഫീലിംഗ്‌സിനെ പറ്റി കീർത്തിയോട് പറയണമെന്ന്.. അതുകൊണ്ട് ഒരു നിമിഷം പാഴാക്കാതെ പതിവിലും നേരത്തെ തന്നെ സ്കൂളിലേക്ക് പോകാൻ റെഡിയായി ഇറങ്ങി.. ദൂരെ നിന്നേ ഞാൻ കണ്ടു കീർത്തിയും രൂപേഷും അവിടെ നിന്നു സംസാരിക്കുന്നത്.. ആദ്യം അവരെ അങ്ങനെ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും പിന്നീട് അമ്പരപ്പാണ് തോന്നിയത്.. കാരണം, ഒമ്പതു മണിയേ ആയിട്ടുള്ളു.. ഇത്രയും നേരത്തെ അവളെന്തിനാ വന്നു നിൽക്കുന്നെ..? സാധാരണ ഞാൻ വന്നു കുറേ നേരം കാത്തുനിൽക്കണം.. ഇപ്പോ കുറച്ചു നാളായി ഞാൻ എത്ര നേരത്തെ വന്നാലും അവളും രൂപേഷും അവിടുണ്ടാകും..

ഞാൻ നടന്ന് അവർക്ക് തൊട്ടു പിന്നിലെത്തിയെങ്കിലും അവർ എന്നെ കണ്ടില്ല.. രണ്ടു പേരും ഫോണിൽ നോക്കി എന്തോ സീരിയസ്സായിട്ട് ഡിസ്കസ് ചെയ്യുന്നു.. കീർത്തി രൂപേഷിനോട്‌ ഒരുപാട് ചേർന്നാണ് നിൽക്കുന്നതും.. ആ നില്പ് എന്നിൽ വല്ലാത്തൊരു അസ്വസ്ഥ സൃഷ്ട്ടിച്ചു.. അസ്വസ്ഥതയൊക്കെ ഉള്ളിലടക്കി ഞാൻ ഒരു പുഞ്ചിരിയൊക്കെ വരുത്തി കീർത്തിയെ വിളിച്ചു.. എന്നെ പ്രതീക്ഷിക്കാത്ത നേരത്ത് കണ്ടപോലൊരു ഞെട്ടൽ.. രണ്ടുപേരുടെയും മുഖത്ത് അത് പ്രകടമായി തന്നെ ഞാനും കണ്ടു.. ഇവരെന്തിനാ ഇപ്പോ ഞെട്ടുന്നെ എന്ന് ഞാനും ചിന്തിച്ചായിരുന്നു.. പക്ഷേ, രണ്ടുപേരും അത് വളരെ പെട്ടെന്ന് തന്നെ പുഞ്ചിരിയാക്കി മാറ്റി.. "നീയെന്താ ഇത്ര താമസിച്ചേ..? " ഗൗരവത്തോടെയുള്ള കീർത്തിയുടെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.. ഞാൻ ചിരിക്കുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ രൂപേഷും കീർത്തിയും പരസ്പരം ഒന്ന് നോക്കിയിട്ട് എന്നെ ചോദ്യഭാവത്തോടെ നോക്കി.. "ഞാൻ താമസിച്ചതല്ല നീ നേരത്തെ വന്നതാണ്.." ഞാൻ അവളുടെ തലക്കൊരു കൊട്ട് കൊടുത്തു.. അവൾ ചമ്മലോടെ ഇളിച്ചു കാണിച്ചു..

"എന്നാ ഞങ്ങൾ പോണു.. " എന്ന് യാത്ര പറയുംപോലെ കീർത്തി രൂപേഷിനോട് പറഞ്ഞു അവൻ ശരിയെന്ന ഭാവത്തിൽ തലയാട്ടുകയും ചെയ്തു.. അവൻ എന്നെ നോക്കിയപ്പോൾ ഞാൻ പെട്ടെന്നു മുഖം മാറ്റിക്കളഞ്ഞു.. പിന്നെയും അവൻ എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാനൊന്ന് ഒളികണ്ണിട്ട് നോക്കി.. അപ്പൊ അവൻ ആക്കിയ പോലൊന്ന് ഇളിച്ചു കാണിച്ചു.. ശോ... ഞാൻ ചമ്മി നാറി.. ഉഫ് വേണ്ടായിരുന്നു.. എന്ന് മനസ്സിൽ പറയുകയും ചെയ്തു.. സ്കൂളിൽ എത്തുന്നത് വരെ കീർത്തിയുടെ മുഖം കണ്ടിട്ട് എന്തോ കലിപ്പ് ഉള്ള പോലെയാ തോന്നിയത്.. അതുകൊണ്ട് രൂപേഷിനെ കുറിച്ച് ഒന്നും പറയാൻ തോന്നിയില്ല.. അവൾക്ക് അല്ലെങ്കിൽ തന്നെ പ്രേമം എന്ന് കേട്ടാലേ ദേഷ്യമാ.. മൂഡ് ശരിയല്ലാത്തപ്പോ ഇതും പറഞ്ഞു ചെന്നാൽ അവളെന്നെ കാലേവാരി നിലത്തടിക്കും.. അതുകൊണ്ട് അവൾ നല്ല മൂഡിലിരിക്കുമ്പോൾ ഇതിനെ പറ്റി പറയാമെന്നു കരുതി ഞാനൊന്നും മിണ്ടിയില്ല.. ക്ലാസ്സിലെത്തിയ ഉടനെ അവളുടെ ബാഗും എന്റെ കൈയ്യിൽ തന്നിട്ട് ഞാനിപ്പോ വരാം എന്നും പറഞ്ഞു അവൾ വേഗത്തിൽ തിരിഞ്ഞു നടന്നു..

എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അവൾ പോയി.. ഇവളിത്ര അർജന്റായിട്ട് ഇതെങ്ങോട്ടാ ഓടുന്നെ.. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ എന്നൊക്കെ മനസ്സിൽ ചിന്തിച്ചു ഞാനും ക്ലാസ്സിൽ കയറി... അന്നത്തെ ദിവസം മുഴുവൻ അവളുടെ മുഖത്ത് ആ സീരിയസ് ഭാവം തന്നെ ആയിരുന്നു അതുകൊണ്ട് ഒന്നും അങ്ങട് തുറന്നു പറയാനുള്ള സാഹസം ഞാനും കാട്ടിയില്ല.. ഉണ്ണിയേട്ടന്റെ കാര്യത്തിൽ തന്നെ എന്തോരം വഴക്കാ അവൾ പറഞ്ഞിരിക്കുന്നെ.. അതുകൊണ്ട് ഇപ്രാവശ്യം ഒരുപാടങ്ങോട്ട് റിസ്ക് എടുക്കണ്ടെന്നു ഞാനും കരുതി.. പിന്നീടുള്ള മൂന്നാല് ദിവസവും ഏതാണ്ട് ഇതേ അവസ്ഥ ആയിരുന്നു.. രാവിലെ വരുമ്പോ തന്നെ രണ്ടുപേരും ഭയങ്കര ഡിസ്കഷനിൽ ആയിരിക്കും.. " ഇത്രയും സീരിയസ് ആയിട്ട് ഇവർക്ക് എന്നും എന്താ ഇത്ര പറയാൻ ഉള്ളതെന്ന് ഞാനും ആലോചിച്ചു.. ക്ലാസ്സിൽ കയറുന്നതിനു തൊട്ടു മുൻപ് ബാഗ് എന്നെ ഏൽപ്പിച്ചിട്ടുള്ള അവളുടെ ഓട്ടവും എല്ലാം കൂടി ആകെപ്പാടെ എന്തൊക്കെയോ മാറ്റം.. ഇപ്പോ പഴേത് പോലൊന്നും അല്ല.. ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒരു ഗൗരവമാണ് കീർത്തിക്കും..

രൂപേഷിൽ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റം വന്നിട്ടുള്ള പോലൊന്നും തോന്നിയിട്ടില്ല.. കീർത്തിക്ക് ഇതെന്ത് പറ്റി എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും ഇല്ല.. എന്നിൽ നിന്ന് എന്തോ മറയ്ക്കുന്നു എന്നൊരു തോന്നലും ഇടക്കിടക്ക് എനിക്ക് തോന്നും.. ഇനി അങ്ങനെയൊന്നും ഇല്ലെങ്കിലോ.. ഞാൻ വെറുതെ അങ്ങനെയൊക്കെ ചെന്ന് അവളോട് ചോദിച്ചാൽ അവൾക്ക് വിഷമം ആകുമെന്ന് കരുതി ഞാനും അതൊന്നും വല്യ കാര്യമാക്കിയില്ല.. അവളുടെ മൂഡ് മാറുന്നത് വരെ രൂപേഷിനെ പറ്റി തത്കാലം അവളോട് പറയണ്ടെന്നു ഞാനും കരുതി.. ഈ ദിവസങ്ങളിലെല്ലാം രൂപേഷ് പഴേത് പോലെ തന്നെ എന്റെ പിന്നാലെ ഫോണിൽ സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കാറുണ്ടായിരുന്നു.. ഇങ്ങനെ പോയാൽ കീർത്തിയോട് പറയുന്നതിന് മുന്നേ എന്റെ മനസ്സിലുള്ളത് രൂപേഷിനോട് പറഞ്ഞു പോകും എന്നൊരു പേടിയും എനിക്ക് തോന്നി തുടങ്ങി.. കാരണം, അവനിപ്പോ അത്രക്കെന്റെ മനസ്സിനെ സ്വാധീനിച്ചിരിക്കുന്നു.. ഒരു നിമിഷം പോലും അവനെ ഓർക്കാതെ പറ്റില്ലെന്നായി.. അങ്ങനെ ദിവസങ്ങൾ കടന്നു പോയി..

എന്റെ മനസിലുള്ളത് രൂപേഷിനോട് എന്നായാലും തുറന്നു പറയണമല്ലോ.. അപ്പോൾ വെറുതെ പോയി നിന്ന് പറയാതെ വളരെ പ്രത്യേകതയുള്ള എന്തെങ്കിലുമൊരു സമ്മാനം കൊടുക്കണം എന്ന് തോന്നി.. അങ്ങനിപ്പോ എന്ത് സമ്മാനം കൊടുക്കുമെന്നായി അടുത്ത ചിന്ത.. ഞായറാഴ്ച ഷോപ്പിങ്ങിനു പോയപ്പോൾ എന്തെങ്കിലും പ്രത്യേകതയുള്ള ഒരു ഗിഫ്റ്റ് ഞാനും കുറേ തിരഞ്ഞു.. അങ്ങനെ ഒന്നും കിട്ടാത്തത് കൊണ്ടു.. കുറേ കുറേ ആലോചിച്ചു ഒരു പ്രത്യേകതയുള്ള സമ്മാനം ഞാനും കണ്ടു പിടിച്ചു.. അത്യാവശ്യം തരക്കേടില്ലാതെ ഞാൻ വരക്കും.. അപ്പൊ എന്റെ കൈ കൊണ്ടു തന്നെ ഒരു ചിത്രം വരാക്കാമെന്ന് കരുതി.. അതിനു വേണ്ടി ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്നു ഞാനൊരു ചിത്രം വരച്ചു.. രൂപേഷിനെ തന്നെയാണ് വരച്ചത് എന്നാൽ ആ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്.. കാണുമ്പോൾ അത് രൂപേഷിന്റെ ചിത്രമാണെന്ന് തോന്നുമെങ്കിലും അത് സൂക്ഷിച്ചു നോക്കിയാൽ എന്റെ മനസ്സിലുള്ളതൊക്കെ അതിൽ വായിക്കാമായിരുന്നു.. തല മുടിയായി വരച്ചത് അക്ഷരങ്ങൾ ആയിരുന്നു..

"മൗനം എപ്പോഴോ അവസാനിച്ചു.. ഇപ്പോഴുള്ള മൗനം പ്രണയത്തിലേക്കുള്ള ദൂരം മാത്രമാണ്.. എന്റേതാണെന്നു തോന്നിയത് കൊണ്ടാണ് പിന്നാലെ നടത്തിച്ചത്.. അതും എനിക്കൊരു സുഖമായിരുന്നു.. വാശിയൊക്കെ ഇപ്പോഴുമുണ്ട്.. അതുകൊണ്ട് മാത്രമാ ഇത്രയേറെ സ്നേഹം തോന്നിയതും.. കൈ കോർത്തു നടക്കാൻ എനിക്കും ഒരുപാട് ആഗ്രഹമുണ്ട്.. പ്രണയിച്ചുകൊണ്ടു ആ പ്രണയത്തിൽ ഉരുകി തീരാൻ ഞാനും ഇപ്പോളേറെ കൊതിക്കുന്നു.. ഐ ലവ് യൂ ടൂ മോർ താൻ മൈ സെൽഫ്.. " ഇതായിരുന്നു ആ ചിത്രത്തിലെ പ്രത്യേകതയും... ആ ചിത്രം എത്ര നേരം നോക്കിയിരുന്നു എന്നറിയില്ല.. എപ്പോഴോ ആ ചിത്രത്തിൽ നിന്നവൻ പുറത്തു വന്നപോലെ എനിക്ക് തോന്നി.. ഈശ്വരാ.. ശരിക്കും അവൻ വന്നോ.. ഞാൻ ഒന്നുകൂടി കണ്ണടച്ച് തുറന്നു നോക്കി.. അവനുണ്ട്.. ഇനി സ്വപ്നമാണോ എന്നറിയാൻ തൊട്ടു നോക്കി... "സ്വപ്നമല്ല സത്യമാണ്.. " എന്ന് പറഞ്ഞു കൊണ്ടവൻ പുഞ്ചിരിയോടെ ബെഡിൽ ഇരുന്നു... ഞാൻ വിശ്വസിക്കാനാകാതെ കിളിപോയ മട്ടിൽ അവനെത്തന്നെ നോക്കി മിഴിച്ചു നിന്നു.. "ശ്ശെടാ.. ഇതാ ഇപ്പോ നന്നായെ.. ഇത്രേം കഷ്ടപ്പെട്ട് മതിലു ചാടി തന്നെ കാണാൻ വന്നപ്പോ.. താൻ സ്വപ്നമാണെന്നും പറഞ്ഞു മാറി നിൽക്കുന്നോ.." അവൻ ഗൗരവം നടിച്ചു ചോദിച്ചു..

എന്നിട്ടും ഞാൻ വിശ്വസിക്കാൻ കൂട്ടാക്കാതെ അങ്ങനെ തന്നെ നിന്നു... "എന്നാ താനവിടെ തന്നെ നിന്നോ. ഞാൻ പോകുന്നു" എന്നും പറഞ്ഞു കൊണ്ടവൻ എന്നെയും മറികടന്നു പോകാൻ ആഞ്ഞതും ഞാനവന്റെ കൈയ്യിൽ പിടിച്ചു.. "ഈശ്വരാ.. അപ്പൊ ശരിക്കും താനിവിടെയുണ്ടോ.. " ഞാൻ പിന്നെയും അവനെ മിഴിച്ചു നോക്കി.. ഉടനെ അവൻ എന്റെ പിടി വിടീച്ചിട്ട്, അവൻ എന്റെ കൈയ്യിൽ പിടിച്ചു.. ഇമ ചിമ്മാതെ എന്റെ കണ്ണുകളിൽ തന്നെ അൽപനേരം നോക്കി കൊണ്ടു എന്റെ കൈ ഉയർത്തിപ്പിച്ചു അവന്റെ നെഞ്ചോടടുപ്പിച്ചു.. പതുക്കെ വീണ്ടും എന്റെ കൈ ഉയർത്തിപ്പിച്ചു ചുംബിച്ചു... ഞാൻ വേഗം എന്റെ കൈ പിൻവലിച്ചു... "ഈശ്വരാ. എന്താ ഇപ്പോ സംഭവിച്ചേ.. " ഞാൻ ഞെട്ടൽ മാറാതെ അങ്ങനെ തന്നെ നിന്നു.. "ഇനിയും വിശ്വാസം ആയില്ലെന്നുണ്ടോ.?" അവനൊരു കള്ളചിരിയോടെ ചോദിച്ചു.. "വിശ്വാസം ആയി.." ഞാൻ നാണം കൊണ്ടു തിരിഞ്ഞു നോക്കാതെ പറഞ്ഞു.. "ആഹാ. അപ്പൊ തനിക്ക് blush ചെയ്യാനൊക്കെ അറിയാല്ലോ.. " അത് കേട്ടപ്പോ വീണ്ടും എനിക്ക് നാണം കൂടിയ പോലെ ഞാൻ തല താഴ്ത്തി നിന്നു..

അവൻ പെട്ടെന്ന് ഞാൻ വരച്ച ചിത്രം കൈയ്യിലെടുത്തു നോക്കി.. "Wow...എന്നെ ഇത്രയും സുന്ദരമായി ഞാൻ പോലും കണ്ടിട്ടില്ല... നന്നായിട്ട് വരച്ചിട്ടുണ്ട്... " "അപ്പൊ അതിൽ വേറൊന്നും കണ്ടില്ലേ.. ? " "വേറെ ഇതിൽ എന്താ ഉള്ളത്.. " അവൻ ചിത്രത്തിലേക്ക് ഉറ്റു നോക്കി... "വീണ്ടും താൻ എന്നെ ഞെട്ടിച്ചു.. " അവൻ അത്ഭുതത്തോടെ എന്നെ നോക്കി കൊണ്ടു ചിത്രത്തിലുള്ളത് വായിച്ചു... "മൗനം എപ്പോഴോ അവസാനിച്ചു.. ഇപ്പോഴുള്ള മൗനം പ്രണയത്തിലേക്കുള്ള ദൂരം മാത്രമാണ്.. എന്റേതാണെന്നു തോന്നിയത് കൊണ്ടാണ് പിന്നാലെ നടത്തിച്ചത്.. അതും എനിക്കൊരു സുഖമായിരുന്നു.. വാശിയൊക്കെ ഇപ്പോഴുമുണ്ട്.. അതുകൊണ്ട് മാത്രമാ ഇത്രയേറെ സ്നേഹം തോന്നിയതും.. കൈ കോർത്തു നടക്കാൻ എനിക്കും ഒരുപാട് ആഗ്രഹമുണ്ട്.. പ്രണയിച്ചുകൊണ്ടു ആ പ്രണയത്തിൽ ഉരുകി തീരാൻ ഞാനും ഇപ്പോളേറെ കൊതിക്കുന്നു.. ഐ ലവ് യൂ ടൂ മോർ താൻ മൈ സെൽഫ്.. " ഓരോ വാക്കും അതിന്റെ അർത്ഥം ഉൾക്കൊണ്ട്‌ അത്ര ഫീലോടെയാണ് അവൻ വായിച്ചത്..

അത് കേൾക്കാൻ തന്നെ എന്തോ വല്ലാത്തൊരു സുഖം.. ഞാനവനെ തന്നെ നോക്കി നിന്നു.. ആ നോട്ടം എപ്പോഴോ അവന്റെ കണ്ണുകളിൽ ചെന്ന് ഉടക്കി നിന്നു... "എന്റെ പൊന്നു രേവു.. താനിങ്ങനെ നോക്കല്ലേ.. എനിക്ക് നാണം വരുന്നു.. " അവൻ ചിരിച്ചോണ്ട് പറഞ്ഞു.. അത് കേട്ട് ഞാനും ചിരിച്ചു.. "ഇത്രയും പ്രണയമൊക്കെ ഉള്ളിലുണ്ടായിട്ടാണോ താനിത് വരെ ദേഷ്യം കാണിച്ചേ..? " "അത് പിന്നെ.. ഞാൻ.. " ബാക്കി പറയാനാവാതെ ഞാൻ പുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ചു.. പിന്നെ കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല.. ഒടുവിൽ മൗനം അവസാനിപ്പിച്ചു കൊണ്ടവൻ കട്ടിലിൽ ഒരു സൈഡിൽ വന്നിരുന്നു... "എത്ര നേരം നിൽക്കും താനവിടെ..? ഇവിടെ വന്നു ഇരുന്നൂടെ..? " "സാരല്ല.. ഞാൻ നിന്നോളാം.. " ഞാൻ തലകുനിച്ചു നിന്നു.. "എന്തിനാ ഇപ്പോ നിലത്തു നോക്കി നിൽക്കുന്നെ.. പേടിയാണോ..? " അവൻ വീണ്ടും എന്നെ കളിയാക്കി.. ഞാൻ ഒന്നും പറയാതെ വെറുതെ പുഞ്ചിരിച്ചു... "എന്നാ പിന്നെ താൻ വെറുതെ നിക്കണ്ട.. എനിക്ക് വേണ്ടി ഒരു പാട്ട് പാടിക്കൂടേ..? " "പാട്ടോ.. "

ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി.. ഹാ പാട്ട്.. എന്താ പാടില്ലേ..? ഏത് പാട്ട്..? "തനിക്ക് ഇഷ്ടമുള്ളത് പാടിക്കോ.. " ഏത് പാടണം എന്നറിയാതെ ഒരു നിമിഷം ഞാൻ ചിന്തിച്ചുനിന്നു... "എന്നാ പിന്നെ ഞാൻ രണ്ടുവരി പാടാം ബാക്കി താൻ പാടിക്കോ..? " "ഹ്മ്മ് ശരി.. " "Kis tarah se.... shukar tera.. ab ada karu main..." അവൻ രണ്ടു വരി പാടി നിർത്തിയതും ബാക്കി ഞാൻ പാടി തുടങ്ങി.. "Iss mohabbat kaaa... harjanaa.. kis tarah bharu main.. Khaamosh reh kar bhi keh gaye.. Dariya sa dil tak beh gaye.. Tum par ho raha hai poora aitbaar.. Tum hi ho hifaazat meri suno Ye kaha hai rooh ne... Kis tarah se shukra tera ab ada karu main..." ഞാൻ പാടി തീർന്നതും അവൻ പതുക്കെ എന്റെ പിന്നിലൂടെ വന്നു അവന്റെ കവിൾ എന്റെ കവിളിൽ മുട്ടിച്ചു കൊണ്ടു എന്തോ കാതിൽ പറഞ്ഞു.. "എന്താ.. കേട്ടില്ല.. " "നേരം വെളുത്തു.. മതി സ്വപനം കണ്ടത്." എന്ന് അലറി കൊണ്ടു പറഞ്ഞു... ഞാൻ വേഗം രണ്ടു കാതും പൊത്തി.. മെല്ലെ കണ്ണ് തുറന്നു നോക്കി അവനെ കണ്ടില്ല.. ഞാൻ പരിഭ്രമത്തോടെ തിരിഞ്ഞു നോക്കി... ഇല്ല.. എല്ലാം സ്വപ്നമായിരുന്നു..

ഞാൻ ആ ചിത്രവും കൊണ്ടു നിലത്തിരിക്കുന്നു... "ആഹ് പൊളിച്ച്... എന്ത് നല്ല സ്വപ്നം... " ഞാൻ നിരാശയോടെ ക്ലോക്കിലേക്ക് നോക്കി.. 7:30..ചാടി എണീറ്റു.. വീട്ടീന്ന് ഇറങ്ങിയപ്പോൾ ആ ചിത്രവും കൈയ്യിൽ കരുതി.. ഒന്നുകിൽ കീർത്തിയോട് എല്ലാം പറയണം അല്ലെങ്കിൽ രൂപേഷിനു അത് കൊടുക്കണം.. വല്യ കാര്യത്തിൽ പോയതാ.. പക്ഷേ, രൂപേഷും കീർത്തിയും നിൽക്കുന്ന സ്റ്റൈൽ കണ്ടിട്ട് എന്റെ കുരുപൊട്ടി... അവന്റെ ചുമലിൽ കൈ വെച്ചു താടിക്ക് സപ്പോർട്ട് കൊടുത്തു നിക്കുന്നു സാധനം.. ഫ്രണ്ട്സ് ഒക്കെ തന്നെയാ. എന്ന് കരുതി ഇയ്യിടെ ആയിട്ട് കീർത്തിയുടെ ഇങ്ങനെയുള്ള നിൽപ്പൊന്നും എനിക്ക് അത്രക്ക് അങ്ങോട്ട് പിടിക്കുന്നില്ല.. ചിലപ്പോ, എനിക്ക് അങ്ങനെ നിൽക്കാൻ പറ്റാത്തതിന്റെ അസൂയ്യ ആയിരിക്കാം. അപ്രതീക്ഷിതമായി എന്റെ കുരു പൊട്ടിയത് കാരണം.. കീർത്തിയോട് എന്തോ ഒന്നും പറയാൻ തോന്നിയില്ല... പക്ഷേ, ഇന്ന് കീർത്തിയുടെ മുഖത്ത് ആ കലിപ്പ് ഭാവം ഇല്ലായിരുന്നു.. അതുകൊണ്ട് ഇന്ന് തന്നെ പറയുന്നതാ ബുദ്ധി എന്ന് ഞാനും ചിന്തിച്ചു.. ആദ്യം അവള് തന്നെ അറിയട്ടെ.. എന്റെ best best best friend അല്ലേ എന്നൊക്കെ ഒരു ആവേശം എനിക്കും തോന്നി.. പക്ഷേ, ദൈവം അവിടെയും എന്നെ കൈ വിട്ടു. അവളോട് മിണ്ടാൻ പോലും ഒരു ചാൻസ് കിട്ടിയില്ല..

എല്ലാ പീരീഡും ക്ലാസ്സ്‌ ഉണ്ടായിരുന്നു.. എന്നാ പിന്നെ ക്ലാസ്സ്‌ കഴിയുമ്പോൾ പറയാമെന്നു വെച്ചപ്പോൾ 5 മണി വരെ സ്പെഷ്യൽ ക്ലാസ്സും ഉണ്ടായിരുന്നു.. സ്പെഷ്യൽ ക്ലാസ്സിന്റെ കാര്യം വീട്ടിൽ പറയാഞ്ഞത് കൊണ്ട് ട്യൂഷനും പോയില്ല.. ട്യൂഷൻ 7 മണി വരെ ഉണ്ടാകും.. അത്രയും ലേറ്റ് ആയിട്ട് ഒറ്റക്ക് എന്റെ വീടിനടുത്തുള്ള വഴിയിലൂടെ പോകാനുള്ള ധൈര്യമൊന്നും എനിക്ക് ഇല്ല. അതുകൊണ്ട് ഞാൻ വീട്ടിലേക്കു തന്നെ പോയി.. കീർത്തി ട്യൂഷനും പോയി... അവളോട് പറയാൻ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും രൂപേഷിനോട് പറയാനൊരു അവസരം ഉണ്ടല്ലോ എന്നോർത്തൊരു സമാധാനവും ഉണ്ടായിരുന്നു.. വരുന്ന വഴിയൊക്കെ രൂപേഷിനെ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല.. അല്പം നിരാശയൊക്കെ തോന്നി തുടങ്ങിയെങ്കിലും എവിടെയോ ചെറിയ പ്രതീക്ഷയും ഉണ്ടായിരുന്നു.. അങ്ങനെ എന്തോ ചിന്തിച്ചു നടക്കുവായിരുന്നു പെട്ടെന്ന് ഒരു ബൈക്ക് ചീറി പാഞ്ഞു എന്റെ നേരേ വന്നു. ഇപ്പോ ഇടിക്കും ഇടിക്കില്ല എന്ന മട്ടിൽ തൊട്ട് മുന്നിൽ വന്നു നിന്നപ്പോൾ ശരിക്കും ഞാൻ പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു.. ഒരു നിമിഷം ആ നില്പ് അങ്ങനെ തുടർന്നു.. പേടിയോടെ പതുക്കെ കണ്ണുകൾ തുറന്ന് മുഖമുയർത്തി നോക്കി.. മുന്നിലുള്ള ആളെ കണ്ടു ഞാനൊന്നു ഞെട്ടി...

"ഉണ്ണിയേട്ടൻ... " ഞെട്ടലും പേടിയും ആശ്ചര്യവും എല്ലാം കൂടി ഒരുമിച്ചു തോന്നി.. ഇയ്യാളിത് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ.. എന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ട് ഞാൻ ഉണ്ണിയേട്ടനെ നോക്കി.. എപ്പോഴും കാണാറുള്ള ആ പുഞ്ചിരി മുഖത്തുണ്ട്.. ഞാനും മുഖത്ത് ചിരി വരുത്തി.. ഉണ്ണിയേട്ടൻ അങ്ങനെ അതേ നിൽപ്പിൽ തന്നെ ചിരിച്ചോണ്ട് നിൽക്കുന്നത് എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിച്ചു.. ഞാൻ മുന്നോട്ട് പോകാൻ ആഞ്ഞതും.. ഉണ്ണിയേട്ടൻ ബൈക്ക് സൈഡിലേക്ക് ചലിപ്പിച്ചു വഴി തടഞ്ഞു.. ഞാൻ ഒന്നും മനസ്സിലാകാതെ ഉണ്ണിയേട്ടനെ നോക്കി.. "തനിക്കെന്താ പോകാൻ ഇത്ര ധൃതി...?" ഉണ്ണിയേട്ടന്റെ പെട്ടെന്നങ്ങനെ ചോദിച്ചതും പെട്ടെന്ന് എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.. "അത്.. അത്.. വീട്ടിൽ തിരക്കും.. " വിക്കി വിക്കി ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

"ആഹാ.. അപ്പൊ സംസാരിക്കാനൊക്കെ അറിയാല്ലോ.. എന്നിട്ടാണോ ഇത്രയും നാൾ ഒന്നും മിണ്ടാഞ്ഞത്.. " ഇയ്യാളിത് എന്ത് തേങ്ങയാ പറയുന്നതെന്ന് മനസ്സിൽ ചിന്തിച്ചോണ്ട് ഒന്നും മനസ്സിലാകാതെ ഞാൻ മിഴിച്ചു നിന്നു... ഉണ്ണിയേട്ടൻ വേറെന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് ഉണ്ണിയേട്ടന്റെ മൊബൈൽ ശബ്ദിച്ചു.. ഉണ്ണിയേട്ടൻ മൊബൈൽ കൈയ്യിലെടുത്തു നോക്കിയിട്ട്, നിരാശ ഭാവത്തിൽ എന്നെ നോക്കി ഒന്നൂടി പുഞ്ചിരിച്ചു.. "എന്നാ പിന്നെ നീ പൊയ്ക്കോ.. നാളെ കാണാം.. take care.. " എന്നും പറഞ്ഞു ബൈക്ക് തിരിച്ചു ഒറ്റ പോക്ക്.. എന്തായിപ്പോ സംഭവിച്ചേ..? എന്റെ അഞ്ചാറു കിളികൾ എങ്ങോട്ടോ പറന്നു പോയി.. ഞാനൊന്നും മനസ്സിലാവാതെ മുന്നോട്ട് നടന്നതും.. കൈയ്യും കെട്ടി ഗൗരവത്തോടെ എന്നെ നോക്കി രൂപേഷ് നിൽക്കുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story