ഉണ്ണിയേട്ടൻ: ഭാഗം 18

unniyettan

രചന: സനാഹ് ആമിൻ

ഒന്നും മനസ്സിലാവാതെ ഞാൻ മുന്നോട്ട് നടന്നതും, കൈയ്യും കെട്ടി ഗൗരവത്തോടെ എന്നെ നോക്കി കൊണ്ട് രൂപേഷ് നിൽക്കുന്നു.. അവന്റെ ആ നില്പ് കണ്ടു ചെറുതായൊന്നു പതറിയെങ്കിലും, പെട്ടന്ന് തന്നെ ധൈര്യം സംഭരിച്ചു. ഇന്ന് എന്തൊക്കെ സംഭവിച്ചാലും, എന്റെ മനസ്സിലുള്ളത് പറഞ്ഞിട്ടേ പോകു എന്ന്, തീരുമാനിച്ചു ഉറപ്പിച്ചു തന്നെയാ നടന്നത്.. നെഞ്ചിടിപ്പും പേടിയും ഒന്നും വകവെക്കാതെ അവന്റടുത്തു പോയി നിന്നെങ്കിലും, അവന്റെ മുഖത്തെ ദേഷ്യം കണ്ടു പിന്നെയും പതറി.. എന്നിട്ടും, ഞാൻ കഷ്ട്ടപ്പെട്ടു ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. പക്ഷേ അവന്റെ മുഖത്ത് ചിരി എന്താണെന്ന് പോലും അറിയാത്തൊരു ഭാവം ... അതോടെ, പറയാനുള്ള ആ മൂഡങ്ങു പോയി.. ഇനി നിന്നിട്ടും കാര്യമില്ലെന്ന് ഉറപ്പായതോടെ.. ഞാൻ നൈസ് ആയിട്ട് അവിടുന്ന് സ്കൂട്ടായി..

ഒന്ന് വിളിച്ചില്ലെങ്കിലും അറ്റ്ലീസ്റ്റ് പിന്നാലെയെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു.. എല്ലാം വെറുതെയായി.. അവനോട് ഒന്നും പറയാൻ പറ്റിയില്ലല്ലോ എന്നോർത്തു വിഷമവും.. ഒരവസരം ഉണ്ടായിട്ടും നഷ്ട്ടപ്പെടുത്തിയല്ലോ എന്നോർത്തൊരു കുറ്റബോധവും, രാത്രി മൊത്തം എന്നെ വേട്ടയാടി.. പിന്നെ ആകെ ഒരു ആശ്വാസം തോന്നിയത്, ഒരു ഡെമോ ആയിട്ടെങ്കിലും ശ്രമിച്ചു നോക്കാൻ തയ്യാറായല്ലോ എന്നതായിരുന്നു.. രാവിലെ എണീറ്റപ്പോൾ തന്നെ പരമശിവനെയും പാർവതിദേവിയെയും മനസ്സിലോർത്തു.. ഒരപേക്ഷ തന്നെ സമർപ്പിച്ചു.. " ഇന്ന് എന്തൊക്കെ സംഭവിച്ചാലും എന്റെ മനസ്സിലുള്ളത് തുറന്നു പറയാനുള്ള സമയവും സന്ദർഭവും ധൈര്യവും ഉണ്ടാക്കി തരണമെന്നും എന്റെ കൂടെ തന്നെ ഉണ്ടാകണമെന്നും.." ഇവരോട് പറഞ്ഞിട്ട് പോയാൽ അത് അതുപോലെ തന്നെ സംഭവിക്കും അതെന്റെയൊരു വിശ്വാസമാണ്..

പതിവിലും കൂടുതൽ നേരം കണ്ണാടിയുടെ മുന്നില് നിന്ന് സൗന്ദര്യം ആസ്വദിച്ച ശേഷം, ഒരു all the best ഒക്കെ പറഞ്ഞു വളരെ ആവേശത്തോടെയാ ഞാൻ ഇറങ്ങിയത്.. bad luck, അവിടെ രണ്ടു പേരേം കണ്ടില്ല.. അല്ലെങ്കിൽ എനിക്ക് മുന്നേ വന്നു നിൽക്കുന്നതാ.. അഞ്ച് മിനിറ്റോളം കാത്തു നിന്നപ്പോഴേക്കും കീർത്തി വന്നു.. അവളുടെ മൂഡ് കണ്ടിട്ട് വല്യ കുഴപ്പമില്ലാന്നു തോന്നി.. എങ്ങനെഅവളോട് പറഞ്ഞു തുടങ്ങും എന്ന് ആലോചിച്ചു നിന്നപ്പോ.., രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നു പറയുംപോലെ.. "ടി എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.."എന്നവള് തന്നെ പറഞ്ഞു.. "എന്താ... " "ലഞ്ച് ബ്രേക്കിന് പറയാം.." "എന്നാൽ എനിക്കും ഒരു കാര്യം പറയാനുണ്ട്.. " ഞാനും ആവേശത്തോടെ പറഞ്ഞു.. "എന്താ..." "നീ ആദ്യം പറ.. അതു കഴിഞ്ഞു ഞാൻ പറയാം.. " അവളും സമ്മതിച്ചു.. വല്യ സന്തോഷത്തിലാ ക്ലാസ്സിൽ പോയത്..

പക്ഷേ, അവിടെ ചെന്നപ്പോ കീർത്തിക്ക് പഴേ പല്ലവി തന്നെ.. ബാഗ് എന്റെ കൈയ്യിൽ തന്നിട്ട്, ഇപ്പോ വരാമെന്നു പറഞ്ഞു ഒറ്റപ്പോക്ക്.. ഇവളിത് എന്നും ഇതെങ്ങോട്ടാ പോകുന്നതെന്ന് അറിയാതെ എനിക്ക് ഇരുപ്പ് ഉറച്ചില്ല.. പിറകേ പോയി നോക്കിയാലോ എന്ന് തോന്നി.. ഒട്ടും വൈകിച്ചില്ല അപ്പൊ തന്നെ ക്ലാസ്സീന്നു ഇറങ്ങി. ഏത് വഴിക്ക് പോയി അന്വേഷിക്കും എന്നായിരുന്നു അടുത്ത ചിന്ത.. ഞാൻ ചുറ്റുമൊന്ന് വീക്ഷിച്ചു. ഇത്രേം വല്യ സ്കൂളിൽ അവളെവിടെ പോയീന്നു കരുതിയാ കണ്ടുപിടിക്കുന്നെ.. ഒന്നും നടക്കില്ലെന്നു ഉറപ്പായപ്പോ തിരിഞ്ഞു നടന്നു.. അപ്പൊ പിന്നീന്ന് ഒരു പരിചയ ശബ്ദം.. "രേവൂ.. " തിരിഞ്ഞു നോക്കിയപ്പോ റീത്തയാണ് ക്ലാസ്സ്‌മേറ്റ്.. "കുറ്റീം പറിച്ചിതെങ്ങോട്ടാ.. " അവളുടെ വക കളിയാക്കൽ.. "ഞാൻ വെറുതെ കീർത്തിയേം തപ്പി ഇറങ്ങിയതാ.." "ഇവിടെ തപ്പിയിട്ട് എന്തു കാര്യം, അവള് ഗേറ്റിനടുത്തുണ്ട്.. " "ങേ.. അവളവിടെ എന്ത് ചെയ്യുന്നു..? " "നല്ല കത്തിയാ.. " "ആരുമായിട്ട്..?" "നിങ്ങടെ കൂടെ വാലുപോലെ ഒരു ചെക്കൻ നടക്കാറുണ്ടല്ലോ.. അവനുമായി.. " "ആര് രൂപേഷോ.."

"പേരൊന്നും എനിക്ക് അറിയില്ല.. പക്ഷേ അവരെന്നും അവിടെ നിന്നു സംസാരിക്കാറുണ്ട്.. " അവളുടെ മറുപടി എനിക്ക് വല്യ ഷോക്ക് ആയിരുന്നു.. ഞാൻ വിശ്വാസം വരാത്ത മട്ടിൽ അവളെ നോക്കി.. "ആഹാ. ഇത്രേം വല്യ കൂട്ടുകാരായിട്ടും അവരിതൊന്നും നിന്നോട് പറഞ്ഞില്ലേ?? " അവള് കളിയാക്കുന്ന പോലെ ചോദിച്ചപ്പോ നെഞ്ച് വല്ലാതെ പിടഞ്ഞപോലെ.. ഞാൻ ഇല്ലെന്ന് തലയാട്ടി.. "അപ്പോ നീ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയിരിക്കും, അതാ നൈസ് ആയിട്ട് അവര് നിന്നെ ഒഴിവാക്കിയേ.. " അവളത് ചിരിച്ചോണ്ടാണ് പറഞ്ഞത് ഞാനും മുഖത്തൊരു ചിരി വരുത്തി "നീ വരുന്നുണ്ടോ ക്ലാസ്സിലോട്ട്.. " "നീ പൊയ്ക്കോ ഞാൻ വരാം " എന്ന് പറഞ്ഞു ഞാൻ ഒഴിവായി നെഞ്ചിന് മേലെ വലിയൊരു പാറക്കല്ല് എടുത്ത് വെച്ചപോലൊരു ഫീൽ.. എങ്ങനെയോ നടന്ന് ക്ലാസ്സെത്തി.. അപ്പൊ ഇത്രയും ദിവസം രൂപേഷിനെ കാണാനാണോ അവള് പോയെ..

പക്ഷേ, എന്തിനാ എന്നോടൊളിച്ചേ.. എനിക്ക് കരച്ചില് വന്നെങ്കിലും ഒരുവിധം എങ്ങനെയോ അടക്കി പിടിച്ചിരുന്നു... ഇതിനിടയിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും കൊണ്ട് എന്റെ ഉള്ള് വിങ്ങിപ്പൊട്ടി.. എങ്കിലും, ഒന്നും പുറത്ത് കാണിക്കാതെ അടക്കിപിടിച്ചിരുന്നു.. ക്ലാസ് ടൈമിൽ രണ്ടുമൂന്ന് തവണ എന്ത് പറ്റി മുഖം വല്ലതിരിക്കുന്നല്ലോ എന്നവള് ചോദിച്ചെങ്കിലും ഒന്നൂല്ലാന്ന് പറഞ്ഞു ഒഴിവാക്കി.. ലഞ്ച് ബ്രേക്ക് ആയപ്പോ അടുത്ത ക്ലാസ്സിലെ കുട്ടികൾ എന്തോ കാര്യത്തിന് വേണ്ടി അവളെ വിളിച്ചോണ്ടു പോയി.. അവൾക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞത് മിക്കവാറും രൂപേഷിനെ കുറിച്ചായിരിക്കും എന്ന് ഞാൻ ഊഹിച്ചു.. എന്തായാലും സാരല്ല.. കേൾക്കാൻ ഞാൻ എന്റെ മനസ്സിനെ തയ്യാറാക്കി വെച്ചു.. എന്തോ ചിന്തിച്ചിരിക്കുമ്പോഴാ ആരോ വന്നു തട്ടിവിളിച്ചത്.. തിരിഞ്ഞു നോക്കിയപ്പോ അമൽ ആയിരുന്നു.. ഞാൻ മുഖത്തൊരു ചിരിയൊക്കെ വരുത്തി "എന്താടാ.. " "കീർത്തിയെവിടെ..? " "അപ്പറത്തെ ക്ലാസ്സിലെ പിള്ളേരു വന്നു വിളിച്ചോണ്ട് പോയി.. "എന്താ.. "

"ടി അവള് വരുമ്പോ പറഞ്ഞേക്ക്.. അവൾക്ക് ബ്ലാങ്ക് മെസ്സേജ് വന്നൂന്ന്.. " "ങേ.. ബ്ലാങ്ക് മെസ്സേജോ..? "ആരയച്ചതാ..?? " "ആരാ എന്താ എന്നൊന്നും എനിക്കറിയില്ല എന്നോട് അവള് ലവ്വർ എന്നാ പറഞ്ഞേ.. " "ലവ്വറോ..?? "അവളുടെ ലവ്വർ എന്തിനാ നിനക്ക് ബ്ലാങ്ക് മെസ്സേജ് അയക്കുന്നത്.. " ഞാൻ വിശ്വാസം വരാതെ അവനെ നോക്കി.. "ശ്ശെടാ.. ഞാൻ കള്ളം പറയുന്നതല്ല നീ തന്നെ നോക്ക്.. " അവൻ ഫോണെടുത്തു എന്റെ കൈയ്യിൽ തന്നു.. ശരിയാണ് ഒരു നമ്പറിൽ നിന്ന് ബ്ലാങ്ക് മെസ്സേജ് വന്നു കിടപ്പുണ്ട്.. "അവൾക്ക് അതിനു ലവ്വറൊന്നും ഇല്ലല്ലോ.. ഇത് ആരോ നിന്നെ പറ്റിച്ചതാ " "നീ ഏത് നാട്ടിലാ ജീവിക്കുന്നത്.. അവള് മിക്ക ദിവസങ്ങളിലും എന്റെ ഫോണീന്നാ മെസ്സേജ് അയക്കുന്നത്.. ബ്ലാങ്ക് മെസ്സേജ് വന്നാൽ അത് അവൾ അങ്ങോട്ട് മെസ്സേജ് അയക്കാനുള്ള സിഗ്നൽ ആന്നെന്നും അവള് തന്നെയാ പറഞ്ഞത്.. " കേട്ടതൊക്കെയും വിശ്വസിക്കാനാവാതെ എനിക്ക് തല ചുറ്റുന്ന പോലെ തോന്നി.. കുറച്ചു നാളായി കീർത്തി അമലിന്റെ അടുത്തു പോയിരുന്നു സംസാരിക്കുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു..

അതുകൊണ്ട് അവൻ പറഞ്ഞത് കള്ളമാവില്ല എന്ന് ഞാനുറപ്പിച്ചു.. ഞാൻ ഒന്നൂടി ഫോണിൽ നോക്കി..ഇതിപ്പോ ആരാ..? ഞാനറിയാതെ അവൾക്ക് ലവ്വർ ഇതെവിടുന്നു വന്നു.. ഞാൻ ആ നമ്പർ true caller ഇൽ ഡയൽ ചെയ്തു നോക്കി.. രൂപേഷ് എന്ന പേര് കണ്ടതും കാൾ കട്ട് ചെയ്തു.. ഒരുതരം മരവിപ്പായിരുന്നു മനസ്സില്.. പൊട്ടിക്കരയണം എന്ന് തോന്നിയെങ്കിലും എങ്ങനെയോ പിടിച്ചു നിന്നു.. കീർത്തിയുടെ സംസാരം എവിടെയോ കേട്ടപോലെ.. തിരിഞ്ഞു നോക്കിയപ്പോൾ അവൾ വാതിലിനടുത്ത് നിന്ന് ആരോടോ സംസാരിക്കുന്നു.. "കീർത്തി അവിടെ ദോ അവിടുണ്ട് .. നീ തന്നെ അവളോട് പോയി പറഞ്ഞോ.. " ഞാൻ ഫോൺ അവന്റെ കൈയ്യിൽ കൊടുത്തു.. അവനതും കൊണ്ട് അങ്ങോട്ട് പോയി. പിന്നീടെന്റെ മനസ്സ് ഒരു സംവാദ വേദി പോലായി.. ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമൊക്കെ എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു.. ഞാനറിയാതെ ഇത്രയുമൊക്കെ സംഭവിച്ചോ..ഇപ്പോ ഞാൻ സ്വയം വിഡ്ഢി ആയതോ അതോ നിങ്ങൾ രണ്ടും കൂടി എന്നെ വിഡ്ഢി ആക്കിയോ..

രൂപേഷ് അപ്പൊ നീ എന്തിനാ ഇത്രയും നാള് എന്നെ ഇഷ്ടമാണെന്നും പറഞ്ഞു എന്റെ പിറകെ നടന്നത്.. അതൊക്കെ വെറും തമാശ ആയിരുന്നോ.. എന്തായാലും ഇപ്രാവശ്യം നിന്റെ തമാശ.. അതൊരല്പം കൂടി പോയി.. എന്റെ മനസ്സിനെ നന്നായി മുറിവേൽപ്പിച്ചു.. ചിരിക്കണം എന്നും കരയണമെന്നും തോന്നുന്നു.. കീർത്തീ.. നിനക്കെങ്കിലും ഒരു സൂചന തരാമായിരുന്നു.. ഇതിപ്പോ.. ഇത്രയും സ്നേഹിച്ചിട്ട് ഞാൻ എങ്ങനെ മറക്കും.. അടക്കി വെച്ച കണ്ണീരൊക്കെ നിമിഷ നേരം കൊണ്ട് ധാരയായി ഒഴുകി.. പെട്ടെന്ന് തന്നെ കണ്ണീരൊക്കെ തുടച്ചു.. ഡെസ്കിൽ തലവെച്ചു കണ്ണടച്ച് കിടന്നു.. കീർത്തിയും രൂപേഷും എന്തോ ഒളിക്കുന്നുവെന്ന് എനിക്ക് തോന്നിയ നിമിഷങ്ങളൊക്കെ കണ്ണിലൂടെ മിന്നി മാഞ്ഞു.. കീർത്തി അവനോട് ഒരുപാട് ചേർന്ന് നിന്നതും തമാശ പറഞ്ഞതും ഒക്കെ കണ്ണിലങ്ങനെ വന്നു പോയി കൊണ്ടിരുന്നു.. "ആഹാ നീ ഉറക്കായോ " കീർത്തി എന്റെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചപ്പോളാണ് അവൾ വന്നു എന്ന് മനസ്സിലായത്.. ഞാൻ കണ്ണ് തുറക്കാതെ അങ്ങനെ തന്നെ കിടന്നു..

രൂപേഷും അവളും തമ്മിൽ സ്നേഹത്തിലാണെന്നു അവൾ പറഞ്ഞാൽ അത് കേൾക്കാനുള്ള ശക്തിയൊന്നും ഇപ്പോ എനിക്കില്ല.. അതുകൊണ്ട് മനഃപൂർവം എഴുന്നേറ്റില്ല.. ആ കിടപ്പിൽ എപ്പോഴോ ഒരല്പനേരം ഉറങ്ങിയെന്നു തോന്നുന്നു.. കീർത്തി തട്ടിവിളിച്ചപ്പോഴാണ് എണീറ്റത്.. മുഖത്തു ഒന്നും കാട്ടാതെ മൂന്ന് പീരീഡ് എങ്ങനെയോ സഹിചിരുന്നു.. ഇതിനിടയിൽ എന്നെ കോമാളിയാക്കിയ കീർത്തിയോടും രൂപേഷിനോടും എന്തോ വല്ലാത്ത വെറുപ്പ് തോന്നി.. ലാസ്റ്റ് പീരീഡ് ബെല്ലടിച്ചതും കീർത്തിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബാഗ് എടുത്തോണ്ട് നടന്നു.. കീർത്തി വിളിച്ചെന്നു തോന്നുന്നു.. എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതി എന്ന് മാത്രമേ അപ്പോൾ മനസ്സിൽ തോന്നിയുള്ളൂ.. ഗേറ്റ് കടന്നു പുറത്തു വന്നതും സ്കൂൾ കുട്ടികൾക്കിടയിൽ എവിടെയോ രൂപേഷിന്റെ മുഖം കണ്ടപോലെ.. തോന്നലായാലും സത്യമായാലും ഇനി ഒരിക്കലും ആ മുഖം കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി.. നടന്നു പോകുന്ന വഴികളിലെല്ലാം ഒരുപാട് ഓർമ്മകൾ ഉണ്ട്..

കീർത്തിയോടൊപ്പം തമാശകൾ പറഞ്ഞു ചിരിച്ചു ഉല്ലസിച്ചു പോയതൊക്കെ കണ്മുന്നിൽ കാണുന്നപോലെ. രൂപേഷിനെ ആദ്യമായി കണ്ടതും പിണങ്ങിയതും വഴക്കിട്ടതുമൊക്കെ ഓർമ്മ വന്നു.. ഒരുപാട് ദൂരം നടന്നെന്നു തോന്നുന്നു.. രേവതീ.. എന്നുള്ള ആരുടെയോ വിളിയാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്.. ഇതിപ്പോ ആരാ രേവതി എന്ന് വിളിക്കുന്നെ തെല്ലൊരു അമ്പരപ്പോടെ തിരിഞ്ഞതും ഉണ്ണിയേട്ടൻ നിൽക്കുന്നു... അയാൾ എന്നെ നോക്കി പുഞ്ചിരിച്ചെങ്കിലും ഞാൻ താല്‌പര്യമില്ലാത്ത മട്ടിൽ നിന്നു.. "അല്ല.. ഇതെന്തുപറ്റി.. വല്യ ചിന്തയിൽ ആണല്ലോ.. എത്ര നേരം വിളിച്ചു.. " അയാൾ ഒരു പ്രത്യേക ടോണിൽ ആണ് പറഞ്ഞത്.. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. "ഗൗരവത്തിൽ ആണെന്ന് തോന്നുന്നു.. "അയാൾ വീണ്ടും സംസാരിച്ചു.. പക്ഷേ എന്റെ മറുപടി മൗനം തന്നെ ആയിരുന്നു.. "എന്തെങ്കിലും ഒന്നു പറേടോ.." അയാള് ഒരു വല്ലാത്ത രീതിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.. എന്തോ ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നപോലെ.. എനിക്ക് പോണം" എന്ന് പറഞ്ഞു കൊണ്ട് "ഞാൻ തിരിഞ്ഞു നടക്കാൻ ഭാവിച്ചതും അയാളെന്റെ ഒരു കൈയ്യിൽ പിടിച്ചു വലിച്ചു അയാളുടെ മുന്നിലേക്ക് നിർത്തി..

ഉണ്ണിയേട്ടന്റെ ആ പ്രവർത്തി എന്നെ വല്ലാതെ ഭയപ്പെടുത്തി.. ഞാൻ പേടിയോടെ അയാളെ നോക്കിയതും അയാളുടെ ചുണ്ടിൽ ഒരു വല്ലാത്ത ചിരി.. അയാളെന്റെ മുന്നിലേക്ക് രണ്ടടി വെച്ചതും ഞാൻ പിന്നിലേക്ക് രണ്ടടി വെച്ചു.. "നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ..? നിന്നെ ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല" അയാളുടെ എന്തോ അർത്ഥം വെച്ചുള്ള സംസാരവും നോട്ടവുമൊക്കെ എന്റെ ഉള്ളിലെ പേടിയുടെ അളവ് കൂട്ടിയ പോലെ.. ഞാൻ അയാളെ മറികടന്നു പോകാൻ ആഞ്ഞതും അയാള് പെട്ടെന്നെന്റെ ഇടതു കൈയ്യിൽ പിടി മുറുക്കി.. ഞാൻ രണ്ടു സൈഡിലേക്കും നോക്കി പരിസരത്തൊന്നും ആരെയും കാണുന്നില്ല.. പേടികൊണ്ട് ശ്വാസമെടുക്കാൻ കഴിയാത്തപോലെ.. "കൈ വിട്.. " ഞാൻ അയാളുടെ കൈയ്യിൽ നിന്നും പിടി വിടുവിക്കാൻ ശ്രമിച്ചതും അയാൾ കുറേക്കൂടി മുറുക്കെ പിടിച്ചു.. പെട്ടെന്നയാൾ എന്റെ മുഖത്ത് വീണു കിടന്ന മുടി ചൂണ്ടു വിരൽ കൊണ്ടു ഒതുക്കി.. അതോടെ എന്റെ സകല നിയന്ത്രണവും തെറ്റി സകല ശക്തിയുമെടുത്ത് അയാളുടെ ചെകിടത്ത് അടിക്കാനായി വലതു കൈ ഉയർത്തിയതും, രേവു എന്ന കീർത്തിയുടെ വിളികേട്ടു..

ഉടൻ തന്നെ അയാൾ എന്റെ കൈയ്യിലെ പിടി വിട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ കീർത്തി നിൽക്കുന്നു.. അവളെ കണ്ടതും എനിക്ക് ജീവൻ തിരികെ കിട്ടിയ പോലെ.. ഉണ്ണിയേട്ടൻ കീർത്തിയെ ദഹിപ്പിക്കുന്ന പോലെ നോക്കിയിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.. ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു കരയണം എന്ന് തോന്നി ഒരു കാല് മുന്നോട്ട് വെച്ചതും യാന്ത്രികമായി ഞാൻ നിന്നു.. പിന്നെ പുച്ഛത്തോടെ അവളെ ഒന്ന് നോക്കിയിട്ട് ഞാൻ നടന്നു.. രേവൂ.. അവളെന്റെ കൈയ്യിൽ പിടിച്ചതും കൈ തട്ടിയെറിഞ്ഞു കൊണ്ടു ദേഷ്യത്തോടെ നോക്കിയിട്ട് ഞാൻ പിന്നേം നടന്നു.. "രേവൂ നിനക്കെന്താ പറ്റിയെ.. " കീർത്തി പിന്നാലെ ഓടി വന്നു.. ഞാൻ നിൽക്കാൻ ഭാവമില്ലെന്ന് ഉറപ്പായപ്പോൾ അവൾ വഴി തടഞ്ഞു മുന്നിൽ വന്നു നിന്നു.. ദേഷ്യവും സങ്കടവും നിരാശയും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ.. അവളെ തള്ളിമാറ്റി രണ്ടടി മുന്നോട്ട് വെച്ചതും മൊബൈൽ ഉയർത്തി പിടിച്ചോണ്ട് രൂപേഷ് എന്നെ പുച്ഛത്തോടെ നോക്കി നിൽക്കുന്നു.. ഒരു നിമിഷം അവനെ രൂക്ഷമായൊന്ന് നോക്കിയിട്ട് ഞാൻ നടന്നതും അവൻ കൈ കൊണ്ട് വഴി മറച്ചു.

. "കൈ മാറ്റ് എനിക്ക് പോണം.. " കടുപ്പിച്ചു തന്നെയാ ഞാൻ പറഞ്ഞത്.. "കൈ മാറ്റിയില്ലെങ്കിലൊ? " ഞാനവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചതും അവൻ എന്നെ തള്ളി താഴെയിട്ടു... കീർത്തി ഓടി അങ്ങോട്ട് വന്നു. "നീയെന്താ ഈ കാണിക്കുന്നേ..? " അവൾ ദേഷ്യത്തോടെ അവനെ നോക്കിയിട്ട് എന്നെ എഴുന്നേൽപ്പിക്കാൻ വന്നതും ഞാനവളെ തടഞ്ഞു.. അവൾ ഒന്നും മനസ്സിലാകാത്ത പോലെ എന്നെ നോക്കി.. ഞാൻ സ്വയം എഴുന്നേറ്റു.. രൂപേഷിന്റെ മുന്നിൽ ചെന്ന് നിന്നു.. എന്താ ഉദ്ദേശം എന്ന മട്ടിൽ അവനെ നോക്കി..അവൻ വീണ്ടും പുച്ഛത്തോടെ ചിറി കോട്ടി "നീ ഇത്ര അർജന്റിൽ ഇതെങ്ങോട്ടാ പോണേ.. " "മനസ്സിലായില്ല.. " "അല്ല.. നിന്റെ ഉണ്ണിയേട്ടൻ വേറെ എവിടെയെങ്കിലും വരാന്ന് പറഞ്ഞിരുന്നോ.. " അവന്റെ ചോദ്യത്തിൽ ഞാനൊന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.. "അറിഞ്ഞിട്ട് ഇപ്പോ എന്ത് വേണം..? " "ആഹാ.. ദേഷ്യപ്പെടല്ലേ.. നിന്റെ മുഖത്ത് അതൊട്ടും ചേരുന്നില്ല.. " "അത് എന്ത് വേണമെന്ന് ഞാൻ തീരുമാനിച്ചോളാം.. തൽക്കാലം താൻ വഴീന്ന് മാറ് " എന്ന് പറഞ്ഞു കൊണ്ട് ഞാൻ കാല് മുന്നോട്ട് വെച്ചതും അവൻ എന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു..

അവന്റെ ആ പിടുത്തം എന്റെ കൈ നന്നായി വേദനിപ്പിച്ചു കൊണ്ടായിരുന്നു.. "നീ എന്താ ഈ ചെയ്യുന്നേ.. " കീർത്തി ദേഷ്യത്തോടെ അവന്റെ നേർക്ക് വന്നു.. "നീ മാറ് കീർത്തി.. ഇവൾക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് നോക്കട്ടെ.. " "എന്റെ കൈയ്യീന്ന് വിട് രൂപേഷ്"..വേദന കൊണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു "അതെന്താ ഞാൻ പിടിച്ചത് ഇഷ്ട്ടായില്ലേ..? ഇത്രയും നേരം ആ ആഭാസൻ പിടിച്ചപ്പോൾ മിണ്ടാതെ അല്ലേ നിന്നേ? " "ടാ.. നീ എന്തൊക്കെയാ ഈ പറയുന്നേ.. ? " കീർത്തി ദേഷ്യത്തോടെ ചീറി.. "നീയിപ്പോ എന്തിനാ വെറുതെ ടെൻഷൻ ആവുന്നേ.. നീയും കണ്ടതല്ലേ ഇവള് അവന്റെ കൂടെ കൊഞ്ചി കുഴഞ്ഞു നിൽക്കുന്നെ.. ഇന്നലെ ഞാൻ കണ്ടു എന്ന് പറഞ്ഞപ്പോ നീ വിശ്വസിച്ചില്ലല്ലോ ഇപ്പോ നേരിട്ട് കണ്ടില്ലേ..." അതോടെ കീർത്തി തലകുനിച്ചു.. അവൻ പറഞ്ഞ ഓരോ വാക്കുകളും എവിടെയൊക്കെയോ തറച്ചു കയറുന്ന പോലെ..

എനിക്ക് കരച്ചില് വന്നെങ്കിലും ഞാനത് അടക്കി പിടിച്ചു നിന്നു.. "ഇവളുടെ ആട്ടും തുപ്പും സഹിച്ചു.. ഇവളുടെ പിറകേ പട്ടിയെ പോലെ അല്ലേ ഞാൻ നടന്നെ.. ഇത്രയും വർഷം ഇവളെ ഈ നെഞ്ചിലാ കൊണ്ട് നടന്നത് അതുകൊണ്ടാ ഓരോ തവണ ഇവള് ആ ആഭാസന്റെ മുന്നില് ചിരിച്ചു നടന്നിട്ടും ഞാൻ പ്രതികരിക്കാഞ്ഞത്.. ഇപ്പോ എന്റെ തൊട്ട് മുന്നില് അങ്ങേർക്കൊപ്പം അഴിഞ്ഞാടി നിൽക്കുന്ന കണ്ടിട്ട് ഞാൻ ചുമ്മാ മിണ്ടാതിരിക്കണോ..? " ഞാനെന്തോ പറയാൻ തുടങ്ങിയതും, അവൻ ദഹിപ്പിക്കുന്ന പോലെ എന്നെ നോക്കി കൊണ്ടു വീണ്ടും തുടർന്നു.. "നീ എന്നെ തിരിച്ചു സ്നേഹിച്ചില്ലെങ്കിലും ഞാൻ സഹിക്കുമായിരുന്നു പക്ഷേ.. അയാളെ പോലൊരു വൃത്തികെട്ടവന്റെ കൂടെ നിൽക്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല... ഈ ഇവളെയാണോ കീർത്തി നമ്മളിത്രയും നാള് പ്രൊട്ടക്ട് ചെയ്യാൻ നോക്കിയത്.. ശേ.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.. " വീണ്ടുമവൻ പുച്ഛത്തോടെ പറഞ്ഞു തുടങ്ങി "ഹാ പറഞ്ഞിട്ട് കാര്യമില്ല.. കല്ല്യാണം കഴിഞ്ഞ ഒരുത്തന്റെ പിറകേ ഇങ്ങനെ നടക്കണമെങ്കിൽ അത് നല്ല കുടുംബത്തിൽ ജനിക്കാത്തതിന്റെയാ..

അതെങ്ങനാ സ്വന്തം അച്ഛനും അമ്മയും ആരാണെന്നറിയാത്ത ഇവളെയൊക്കെ മകളെ പോലെ സ്നേഹിച്ചു വളർത്തിയ അവരെ പറഞ്ഞാൽ മതിയല്ലോ... " അവന്റെ ആ വാക്കുകൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ഞാനും കീർത്തിയും ഞെട്ടലോടെ അവനെ നോക്കി.. അവൻ പരിഹാസം കലർത്തിയ ഒരു ചിരി പാസാക്കി.. "രൂപേഷ് മതി.. ഇനി ഒരക്ഷരം നീ മിണ്ടി പോകരുത്.. " കീർത്തി അവന്റെ കൈയ്യിൽ പിടിച്ചു എന്റെ കൈയ്യിലെ പിടി വിടുവിച്ചു... എന്നിട്ടും അവൻ ദേഷ്യം തീരാതെ അവന്റെ ഫോണിൽ ദേഷ്യത്തോടെ എന്തോ മെസ്സേജ് ചെയ്തിട്ട് എന്റെ മുഖത്തേക്ക് നോക്കി.. "നീ കൂടുതൽ ഞെട്ടി കഷ്ട്ടപ്പെടണ്ട നിന്റെ ഫുൾ ഹിസ്റ്ററിയും അറിഞ്ഞിട്ട് തന്നെയാ നിന്റെ പിന്നാലെ വന്നേ.. അതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റും.. " പറയാനുള്ളതൊക്കെ പറഞ്ഞു അവസാനിപ്പിച്ചിട്ട് അവൻ തിരിഞ്ഞു നടന്നു... പെട്ടെന്നെന്തോ എനിക്ക് ധൈര്യം കിട്ടിയപോലെ.. ഞാൻ കണ്ണീരൊക്കെ തുടച്ചു.. "അങ്ങനെയങ്ങു പോയാലെങ്ങനെയാ." ഞാനവന്റെ മുന്നില് വന്നു കൈ കെട്ടി നിന്നു.. അവനും പുച്ഛത്തോടെഎന്നെ നോക്കി..

"അല്ല താനെന്താ പറഞ്ഞേ.. നിന്റെ ആഭാസനായ ചേട്ടന്റെ കൂടെ ഞാൻ അഴിഞ്ഞാടി നിന്നെന്നോ.. " ഞാൻ എന്റെ ഇടതു കൈ അവന്റെ നേർക്ക് നീട്ടി.. ഉണ്ണിയേട്ടൻ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നതിന്റെ പാട് റൗണ്ട് ഷേപ്പിൽ കൈയ്യിൽ പതിഞ്ഞിരുന്നു.. "അഴിഞ്ഞാടി കൊഞ്ചി കുഴഞ്ഞു നിന്നതിന്റെ അടയാളമാ ഇത്.. കണ്ടോളു.. " ഞാനവന്റെ നേർക്ക് എന്റെ കൈ നീട്ടി കാണിച്ചു.. എന്റെ കൈ കണ്ടതും അവനൊന്നു ഞെട്ടി.. അവൻ വിശ്വാസം വരാതെ എന്നെ നോക്കി.. " ഞാനും നിന്റെ ചേട്ടനും നിന്ന് കൊഞ്ചി കുഴഞ്ഞപ്പോൾ നീ എന്താ ഞങ്ങൾക്ക് മുന്നില് വരാതെ പിന്നിലൊളിച്ചേ?? നീ അന്നേരം വന്നിരുന്നെങ്കിൽ കാണായിരുന്നു നിന്റെ ചേട്ടന്റെ തനി നിറം.. ബലം പ്രയോഗിച്ചു എന്റെ കൈയ്യിൽ പിടിച്ചതും അയാള് എന്നോട് പറഞ്ഞ വൃത്തികെട്ട ഭാഷയും ആ നോട്ടവും എല്ലാം.. " അതുപറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു.. അവന് തെറ്റുപറ്റിയതാണെന്ന ബോധം വന്നപോലെ നിസ്സഹായതയോടെ അവൻ എന്നെ നോക്കി.. "രേവൂ.. ഞാൻ... " "മിണ്ടി പോവരുത്. ഇനി നീ എന്നെ അങ്ങനെ വിളിക്കേം വേണ്ടാ.. "

"കീർത്തി അന്നേരം എന്നെ വിളിച്ചില്ലായിരുന്നെങ്കിൽ അടുത്ത സെക്കന്റ് നിന്റെ ചേട്ടന്റെ മുഖത്ത് എന്റെ കൈ പതിഞ്ഞേനെ. " ഞാൻ ഒഴുകി വന്ന കണ്ണീരൊക്കെ തുടച്ചു.. അവൻ കുറ്റബോധം കൊണ്ട് തല കുമ്പിട്ടു നിന്നു.. "ഈശ്വരനാ നിന്റെ ചേട്ടനെ ഇപ്പോ തന്നെ എന്റെ മുന്നില് എത്തിച്ചേ.. അതുകൊണ്ടാ നിന്റെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്ന് അറിയാൻ കഴിഞ്ഞേ.. അയാളോട് എനിക്ക് തോന്നിയത് വെറും അട്ട്രാക്ഷൻ ആയിരുന്നു എന്ന് ഞാനെന്നേ മനസ്സിലാക്കിയതാ.. അതുകൊണ്ടാ അയാള് എന്നെ നോക്കി ചിരിച്ചപ്പോഴൊക്കെ ഞാനും തിരിച്ചു ചിരിച്ചത്.. പക്ഷേ അയാളുടെ മനസ്സിൽ മറ്റൊരു ചിന്ത ഉണ്ടായിരുന്നു എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. പിന്നെ, എനിക്ക് ജന്മം തന്ന അച്ഛനും അമ്മയും ആരാന്ന് ചിന്തിച്ചു ഞാൻ ഇതുവരെ വേദനിച്ചിട്ടില്ല.. അതിനൊരു അവസരം ആരും ഉണ്ടാക്കിയിട്ടുമില്ല..

ഇതുവരെ ഒരു കുറവും അറിയിക്കാതെ അന്തസ്സോടെ സ്വന്തം മോളായി തന്നെയാ എന്നെ അവര് വളർത്തിയത്.. " ഞാനവനെ പുച്ഛത്തോടെ ഒന്ന് നോക്കി.. അവൻ ഉത്തരം മുട്ടി നിക്കുന്നു.. കുടുംബ മഹിമയും പാരമ്പര്യവും കൂടി പോയത് കൊണ്ടാണോ നിന്റെ ചേട്ടൻ കല്ല്യാണം കഴിഞ്ഞതിനു ശേഷവും പെൺകുട്ടികളുടെ പിറകേ നടന്ന് ചെറ്റത്തരം കാണിക്കുന്നത്... പിന്നെ നീ.. സ്നേഹത്തെ പറ്റി പറയാൻ നിനക്ക് ഒരു അർഹതയും ഇല്ല.. ഞാൻ പുച്ഛത്തോടെ ഒന്നൂടി രണ്ടു പേരേയും നോക്കിയിട്ട് നടക്കാൻ ആഞ്ഞതും കീർത്തി എന്റെ കൈയിൽ പിടിച്ചു.. "നീയും ഇവന്റെ കൂടെ ചേർന്ന് എന്നെ വിഡ്ഢി ആക്കിയല്ലോ.. ഒരു പ്രാവശ്യമെങ്കിലും നിനക്ക് എന്നോട് പറയായിരുന്നു.. " അവളോട് സംസാരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.. "നീ എന്താ രേവു ഈ പറയുന്നേ..? എനിക്കൊന്നും മനസ്സിലാവുന്നില്ല.. "

അവൾ ഒന്നും മനസ്സിലാകാത്ത പോലെ എന്നെ തന്നെ നോക്കി "പക്ഷേ എനിക്കെല്ലാം മനസ്സിലായി.. " "എന്ത് മനസ്സിലായീന്നാ..?" ഞാൻ ഒന്നും പറയാതെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈയ്യിലെ പിടി വിടീച്ചു.. അപ്പോഴും എന്റെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. ഞാൻ തിരിഞ്ഞു നടന്നതും രൂപേഷ് എന്റെ മുന്നില് വന്നു നിന്നു... ഞാൻ ബാഗ് തുറന്ന് അവന് കൊടുക്കാൻ വെച്ചിരുന്ന ഗിഫ്റ്റ് ചുരുട്ടിക്കൂട്ടി അവന്റെ മുഖത്ത് വലിച്ചെറിഞ്ഞു... അതോടെ അവൻ അവിടെ തന്നെ നിന്നു... "എല്ലാം ഇവിടെ അവസാനിച്ചു... രണ്ടു പേരൂടി എന്നെ... " ബാക്കി പറയാതെ വിതുമ്പി കൊണ്ട് ഞാൻ വേഗത്തിൽ നടന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story