ഉണ്ണിയേട്ടൻ: ഭാഗം 19

unniyettan

രചന: സനാഹ് ആമിൻ

കീർത്തി രേവൂന്റെ പിന്നാലെ ഓടി ചെന്നെങ്കിലും അവൾ നിൽക്കാൻ കൂട്ടാക്കാതെ ധൃതിയിൽ നടന്നിരുന്നു.. അവൾ നിരാശയോടെ രൂപേഷിന്റെ അടുത്ത് വന്നു, അവനപ്പോൾ രേവു വലിച്ചെറിഞ്ഞിട്ട് പോയ പേപ്പർ ചുളുവുകൾ നിവർത്തി അതിൽ തന്നെ നോക്കി നിൽക്കുന്നു.. അതിലെ ഓരോ വരി വായിക്കുമ്പോഴും അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു.. അതു വായിച്ചു കഴിഞ്ഞാണ് താൻ എത്ര വലിയ തെറ്റാണ് രേവൂനോട്‌ ചെയ്തതെന്ന് അവന് ബോധ്യമായത്. അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടാണ് കീർത്തി അവന്റെ കൈയ്യിൽ നിന്നും അതുവാങ്ങി നോക്കിയത്.. അതിലെ വരികൾ അവളുടെ കണ്ണിലുടക്കി. അവൾ ഞെട്ടലോടെ രൂപേഷിനെ നോക്കി.. അവൻ നിറകണ്ണുകളോടെ അവളെയും നോക്കി അവൾ ദേഷ്യത്തോടെ ആ പേപ്പർ അവന്റെ കൈയ്യിൽ വെച്ചു കൊടുത്തു... "ആഹ് പൊളിച്ച്... ഇനി നീ ആരെ കാണിക്കാനാ കരയുന്നെ? പറയാനുള്ളതും ചെയ്യാനുള്ളതുമൊക്കെ ഭംഗിയായി ചെയ്തില്ലേ.? " കീർത്തി അമർഷത്തോടെ പല്ല് ഞെരിച്ചോണ്ടു ചോദിച്ചു..

"കീർത്തി ഞാൻ........................." അവനെന്തോ പറയാൻ തുടങ്ങിയതും കീർത്തി ദേഷ്യത്തോടെ അവനെ തടഞ്ഞു.. "മിണ്ടി പോകരുത്.. എല്ലാം നീ ഒറ്റ ഒരുത്തൻ കാരണമാ.. എന്തൊക്കെ തോന്നിവാസങ്ങളാ നീ വിളിച്ചു കൂവിയെ.. എല്ലാത്തിനും കൂട്ട് നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.." കീർത്തിയുടെ ശബ്ദം ഇടറി.. "ടി ഞാനൊന്ന് പറഞ്ഞോട്ടെ... " "നീ ഇനി ഒന്നും പറയണ്ട.. ഇത്രയും പറഞ്ഞിട്ടും നിനക്ക് മതിയായില്ലേ..? ഭഗവാനെ.. ഇവന്റെ വാക്കും കേട്ട് ഞാനും എന്റെ രേവൂനെ സംശയിച്ചല്ലോ." അവൾ സ്വയം കുറ്റപ്പെടുത്തി... അവൾക്ക് കരച്ചിൽ വന്നെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു അവളെ സമാധാനിപ്പിക്കാൻ എന്നോണം അവൻ അവളുടെ അടുത്ത് വന്നതും അവൾ ദേഷ്യത്തോടെ അവനെ തള്ളിമാറ്റി.. "കീർത്തി പ്ലീസ്.... തനിക്കു എല്ലാം അറിയാവുന്നതല്ലേ... എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി. ... ഞാൻ മനഃപൂർവം ചെയ്തതല്ല.. താൻ ക്ഷമിക്ക്. " "എന്നോടെന്തിനാ നീ ക്ഷമ ചോദിക്കുന്നെ. അതിന്റെ ആവശ്യം എന്താ.. പാവം രേവു.. അവള് എത്ര വിഷമിച്ചു കാണും..

അവള് മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യത്തിനാ.. നീ... " ബാക്കി പറയാതെ അവൾ അവനെ രൂക്ഷമായി നോക്കി.. അവളുടെ നോട്ടം നേരിടാനാവാതെ അവൻ തല കുനിച്ചു.. "നിന്റെ ചേട്ടന്റെ കള്ളത്തരം കൈയ്യോടെ പിടിക്കാൻ വേണ്ടി നീ കണ്ടുപിടിച്ച മാർഗമാ ഇത്രയും തെറ്റിദ്ധാരണ ഉണ്ടാക്കിയത്.. നിനക്കത് അങ്ങേരുടെ വീട്ടിൽ പറഞ്ഞാൽ പോരായിരുന്നോ.. രേവൂനോടെങ്കിലും തുറന്ന് പറയാൻ ഞാൻ എത്ര തവണ പറഞ്ഞതാ.. നീയാ സമ്മതിക്കാഞ്ഞത്.. ഇതിപ്പോ എന്താവും.. എനിക്ക് തല പെരുക്കുന്നു.." അവൾ അസ്വസ്ഥതയോടെ തലക്ക് കൈ വെച്ചു. "താനിങ്ങനെ വിഷമിക്കാതെ, ഞാൻ രേവൂനോട്‌ സംസാരിക്കാം.. അവൾക്ക് എല്ലാം മനസ്സിലാവും.. " അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. "ഓ പിന്നെ, അവളോട് സംസാരിക്കാൻ ഇനി അങ്ങോട്ട് ചെന്ന് കൊട്.. അവള് നിന്നെ കൊല്ലും..

എന്തൊക്കെയാ നീ പറഞ്ഞതെന്ന് വല്ല ബോധവുമുണ്ടോ..? അവള് പോലും ഓർക്കാത്ത അവളുടെ അച്ഛനേം അമ്മയേം പോലും നീ വെറുതെ വിട്ടില്ലല്ലോ.." ഞങ്ങളെയും തമ്മിൽ തെറ്റിച്ചല്ലോ.. നീ സന്തോഷിക്ക്.. " കീർത്തി ദേഷ്യത്തോടെ അവനെ തള്ളിമാറ്റിയിട്ട് നടന്നു പോയി.. അവനവളെ വിളിച്ചെങ്കിലും അവള് കേൾക്കാൻ കൂട്ടാക്കാതെ പോയി... അവൻ ആ ചിത്രത്തിലേക്ക് നോക്കി.. എത്ര സ്നേഹത്തോടെയാവും അവളിത് വരച്ചത്.. എന്നിട്ട് ഞാനെന്താ അവളോട് കാണിച്ചേ.. അവൻ സ്വയം കുറ്റപ്പെടുത്തി.. അപ്പോഴേക്കും അവന്റെ കണ്ണുനീരിന്റെ നനവ് അക്ഷരങ്ങളിലൂടെ ഒഴുകി മഷി പടർത്തിയിരുന്നു.. ************ സ്കൂളിൽ നിന്നും വന്നപാടെ റൂമിൽ കയറി കതകടച്ചു അങ്ങനെ തന്നെ കുറച്ചു നേരം നിന്നു.. നെഞ്ചിലടക്കി പിടിച്ചിരുന്ന തേങ്ങൽ തൊണ്ടകുഴിയോളം എത്തിയത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്.. പക്ഷേ, അവിടുന്ന് അത് പുറത്തേക്ക് വരുന്നില്ല.. ഞാൻ ആ റൂമിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു.. എല്ലാം എനിക്ക് ചുറ്റും കറങ്ങുന്ന പോലെ.. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചിട്ടു മെല്ലെ തുറന്നു ഇപ്പോ എല്ലാം പഴേത് പോലായി..

ഞാൻ ബാത്റൂമിലേക്ക് കയറി ഷവർ തുറന്നു നിന്നു.. തൊണ്ട കുഴിക്ക് കീഴെ ഒളിഞ്ഞിരുന്ന തേങ്ങൽ പതിയെ പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി.. കുറേ നേരം ശബ്ദമില്ലാതെ കരഞ്ഞു... ഓരോ തേങ്ങലിലും ഇന്ന് രാവിലെ താൻ സന്തോഷത്തോടെ പ്രാർത്ഥിച്ചു കൊണ്ട് എഴുന്നേറ്റത് മുതൽ തന്റെ സമ്മാനം രൂപേഷിന്റെ നേർക്ക് കണ്ണീരോടെ വലിച്ചെറിഞ്ഞതു വരെയുള്ള കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു... എത്രയൊക്കെ ശ്രമിച്ചിട്ടും കരച്ചില് അടക്കാൻ പറ്റുന്നില്ല.. അത്രക്ക് മനസ്സ് വേദനിക്കുന്നു.. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന മൂന്ന് പേരാണ് ഇന്ന് എന്നെ ഒരുപാട് സങ്കടപെടുത്തിയതും.. അതാണെന്നേ തളർത്തിയതും.. നിഴലുപോലെ എന്തിനും ഏതിനും കൂടെ നടന്ന്.. ഒടുവിൽ, പതിനൊന്നു വർഷത്തെ സൗഹൃദം മറന്നു കൊണ്ടാ കീർത്തി എന്നെ വിഡ്ഢി ആക്കിയത്.. ഇത് ഞാൻ എങ്ങനെ മറക്കും.. എനിക്കതിനു കഴിയുമോ..

ഒരു കാലത്ത് ഞാൻ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ആ മനുഷ്യനും ഇന്നെന്നോട് എത്ര മോശമായ പെരുമാറിയത്.. പലതവണ അയാളെന്നെ കൂട്ടുകാരോടൊപ്പം ചേർന്ന് പരിഹസിച്ചിരുന്നു.. എന്നിട്ടും ഒരു വാക്ക്‌ കൊണ്ടോ നോട്ടം കൊണ്ടോ പോലും ഞാൻ അയാളെ നോവിച്ചിട്ടില്ല.. അതാണോ ഞാൻ ചെയ്ത തെറ്റ്‌.. പിന്നെ രൂപേഷ്, അറിയില്ല..അവൻ മാത്രമെന്താ എന്നെ ഇത്രയേറെ വേദനിപ്പിച്ചതെന്നു..ഇന്നവൻ പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിനെ വല്ലാതെ ഒരുപാട് മുറിവേൽപ്പിച്ചു...ഞാൻ ഇതുവരെ അറിയാത്ത എന്റെ അച്ഛനേം അമ്മയേം വരെ അവൻ പരിഹസിച്ചു.. അത്രയും മോശ സ്വഭാവം ഉള്ള പെണ്ണാണോ ഞാൻ.. കുഞ്ഞുനാൾ മുതൽ കേട്ടിരുന്ന ബന്ധുക്കളുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ഒന്നും എന്നെ ഇത്രക്ക് വേദനിപ്പിച്ചിട്ടില്ല.. ഒരിക്കൽ പോലും അതൊന്നും ഓർത്ത് ഞാൻ കരഞ്ഞിട്ടുമില്ല പക്ഷേ ഇപ്പോ മാത്രമെന്താ എനിക്ക് അതിനു കഴിയാത്തെ...എത്ര ദിവസമാ ഇഷ്ട്ടമാണെന്നു പറഞ്ഞു അവനെന്റെ പിറകേ വന്നത്..

അതെല്ലാം ഇത്രപെട്ടെന്നു എങ്ങനെയാ മറന്നേ.. അന്നൊക്കെ അവൻ പറഞ്ഞിരുന്ന ഓരോ വാക്കുകളും എന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു.. അവനെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ.. അതൊന്നും അവൻ ഒരിക്കൽ പോലും തിരിച്ചറിഞ്ഞില്ലേ.. എപ്പോഴെങ്കിലും ഒരു നിമിഷത്തേക്ക് പോലും അവൻ എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ലേ.. എല്ലാം അവന്റെ വെറും അഭിനയം മാത്രമായിരുന്നോ..? എല്ലാം ഓർക്കും തോറും പിന്നെയും പിന്നെയും അലറി കരയാൻ തോന്നി... കരഞ്ഞു.. കരഞ്ഞു തളർന്നു.. ഇനിയും വയ്യ കരയാൻ.. എന്റെ അച്ഛനും അമ്മയും പോലും എന്നെ കരയിപ്പിച്ചിട്ടില്ല.. എന്നിട്ടും ഞാൻ എന്തിനാ ഇന്നലെ കണ്ട ഇവൻ എന്തോ പറഞ്ഞതോർത്ത്‌ കരയുന്നെ..? ഇല്ല.. ഞാൻ കരയില്ല.. ഇനി ഞാൻ ഇവനെ ഓർത്ത് കരയില്ല.. സത്യം... അല്ലെങ്കിലും ഇവൻ എന്റെ ആരാ.. ആരുമല്ല.. ആരും എന്റെ ആരുമല്ല.. കീർത്തിയും എന്റെ ആരുമല്ല.. ഇനി ഇവരുടെ മുന്നിൽ സ്വയം വിഡ്ഢി വേഷം കെട്ടി ഞാൻ നിൽക്കില്ല. എല്ലാം അവസാനിച്ചു... ഞാൻ സ്വയം മനസ്സിനെ നിയന്ത്രിച്ചു..

ഇപ്പോ ഒന്നും ഓർത്ത് എനിക്ക് ദുഃഖമില്ല.. എല്ലാം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ.. ഇപ്പോ ഭയങ്കര ധൈര്യം തോന്നുന്നു ശരീരം മാത്രമല്ല മനസ്സും ഫ്രഷ് ആയി.. ഞാൻ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു ഹാളിലേക്ക് വന്നപ്പോൾ അമ്മ സോഫയിലിരുന്നു സൂചിയിൽ നൂല് കോർക്കുന്നു. ഞാൻ പോയി അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു.. അമ്മ ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.. "അല്ല ഇതെന്തുപറ്റി ഈ നേരത്ത് ഇങ്ങനെ വന്നു കിടക്കാൻ.. " "എന്റെ അമ്മേടെ മടിയിൽ കിടക്കാൻ ഞാനിനി നേരവും കാലവും കുറിക്കണോ.. " ഞാൻ ദേഷ്യം അഭിനയിച്ചു.. അമ്മ ചിരിച്ചോണ്ട് എന്റെ തലക്ക് കിഴുക്കി... അമ്മയുടെ മടിയിൽ അങ്ങനെ കിടന്നപ്പോൾ കുട്ടിക്കാലത്ത് ഞാൻ കാണിച്ച കുറുമ്പുകളൊക്കെ ഓർമ്മ വന്നു.. അമ്മയെ അടുക്കളയിൽ ജോലി ചെയ്യാൻ സമ്മതിക്കാതെ വാശി പിടിച്ചു കരഞ്ഞതും അച്ഛന്റെ മുതുകിൽ ആന കളിച്ചതും കഥകൾ പറഞ്ഞു തന്ന് അമ്മ ആഹാരം തന്നതും പാട്ട് പാടി ഉറക്കിയതുമൊക്കെ.. എന്ത് രസായിരുന്നു... അതൊക്കെ ഓർത്തപ്പോൾ എനിക്ക് തന്നെ ചിരി വന്നു...

"നീയെന്താ കൊച്ചേ ചിരിക്കുന്നെ? " അമ്മ എന്നെ മിഴിച്ചു നോക്കി.. "അമ്മ പണ്ട് എനിക്ക് പറഞ്ഞു തന്ന കഥകളൊക്കെ ഓർത്ത് ചിരിച്ചതാ.." "അതിലെന്താ ഇപ്പോ ഇത്ര ചിരിക്കാൻ.. " "പിന്നേ ചിരിക്കാതെ.. അതിൽ കൂടുതലും കള്ള കഥകളാ.. " അതുകേട്ട് അമ്മയും ചിരിച്ചു.. "നിനക്ക് അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ.. " അമ്മയുടെ കണ്ണുകൾ അതു പറഞ്ഞപ്പോ വികസിച്ചു.. "പിന്നല്ലാതെ.." പഴേ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ പുഞ്ചിരി കണ്ടു എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി.. കുറേ നേരം കൂടി ഞങ്ങൾ നൊസ്റ്റു പറഞ്ഞിരുന്നു... നാളെ സ്കൂളിൽ പോകുമ്പോൾ വീണ്ടും അവരെയൊക്കെ കാണേണ്ടി വരുമല്ലോ എന്ന ചിന്ത അന്നത്തെ രാത്രിയിലെ ഉറക്കം കളഞ്ഞു.. ഇല്ല.. പറ്റില്ല എനിക്ക്.. വീണ്ടും വീണ്ടും അവരുടെ മുന്നില് പോയി നിൽക്കാൻ.. കഴിഞ്ഞതൊക്കെ പിന്നെയും ഓർമ്മ വരും ഞാനിപ്പോ എന്ത് ചെയ്യും.. എങ്ങനെയോ നേരം വെളുപ്പിച്ചു.. പക്ഷേ സ്കൂളിൽ പോകാനുള്ള സാഹസമൊന്നും ഞാൻ കാണിച്ചില്ല.. വയറു വേദനയാണെന്നു കളളം പറഞ്ഞു കിടന്നു..

അന്ന് രാത്രി കീർത്തി ഫോൺ ചെയ്തിരുന്നു .. അമ്മ ഫോണും കൊണ്ടു വന്നപ്പോൾ ഞാൻ ഉറക്കം അഭിനയിച്ചു. ഒടുവിൽ അമ്മ ഞാൻ ഉറങ്ങി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു... പിന്നീട് ഞാൻ എണീറ്റു പോയി അമ്മ അറിയാതെ ഫോൺ എടുത്ത് കീർത്തിയുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു. ഇനി ആ സൗഹൃദം വേണ്ടാ..വെറുത്തു... പിന്നെയും ഒരുദിവസം കൂടി അതേ കാരണം പറഞ്ഞു സ്കൂളിൽ പോയില്ല.. പക്ഷേ ഇനിയും അതേ കാരണം പറയാനും പറ്റില്ല.. സ്കൂളിൽ പോകാതിരിക്കാനും പറ്റില്ല.. ഇനി എന്ത് ചെയ്യും.. ഞാൻ അസ്വസ്ഥമായി റൂമിൽ നടന്നു പഠിച്ചു.. പെട്ടെന്നാണ് അച്ഛൻ റൂമിലേക്ക് കയറി വന്നത്... അച്ഛനെ കണ്ടതും സ്വിച്ചിട്ടപോലെ ഞാൻ നിന്നു... "ഇതെന്താ മോളേ ഒരു മണി ആകാറായല്ലോ.. ഇതുവരെ ഉറങ്ങിയില്ലേ..? " "അതച്ഛാ.... പകല് ഉറങ്ങിയത് കൊണ്ട് രാത്രി ഉറക്കം വന്നില്ല.. " അച്ഛന് സംശയം തോന്നാത്തപോലെ പെട്ടെന്ന് ഞാൻ പറഞ്ഞു..

അച്ഛൻ റൂമിലുള്ള സോഫയിൽ ഇരുന്നു.. ഞാനും അച്ഛന്റെ സമീപത്തായി വന്നിരുന്നു.. "മോളേ നിന്റെ വയറു വേദന മാറിയോ.. അതോ നാളെ വീണ്ടും വരുമോ.? " അച്ഛന്റെ ചോദ്യത്തിൽ ഞാനൊന്ന് പതറി.. ങേ.. ഇതിലൊരു കളിയാക്കലിന്റെ ചുവയില്ലേ..? "ഏയ് ഇല്ലച്ഛാ.. വയറു വേദന മാറി.. " "എന്നാ പിന്നെ നാളെ സ്കൂളിൽ പോവല്ലേ..? " അച്ഛന്റെ ചോദ്യം കേട്ട് എന്റെ മുഖം വാടി.. ഞാൻ ഒന്നും പറയാതെ തലകുനിച്ചു... "എന്റെ രേവു.. എന്താ പറ്റിയെ..? എന്റെ മോള് ഇങ്ങനൊന്നും അല്ലായിരുന്നല്ലോ.. ഇതിപ്പോ രണ്ടു മൂന്ന് ദിവസമായി ഞാനും കാണുന്നുണ്ട് എല്ലാം ഒരു കാട്ടിക്കൂട്ടൽ പോലെ.. വയറു വേദനയും അതിന്റെ ഒരു ഭാഗം മാത്രമാണെന്ന് മനസ്സിലായി..." അച്ഛന്റെ ചോദ്യം നേരിടാനാവാതെ ഞാൻ പെട്ടെന്ന് എണീറ്റു "മോളിതു എവിടെ പോവാ.? ഇരിക്ക്.. " "വന്നിരിക്ക് മോളേ.. " അച്ഛൻ നിർബന്ധിച്ചു വീണ്ടും പിടിച്ചിരുത്തി.. "ഇനി പറ മോളേ. എന്താ പ്രശ്നം..? " അച്ഛന്റെ മുഖത്ത് നോക്കാനോ മറുപടി പറയാനോ എനിക്ക് കഴിയുമായിരുന്നില്ല.. വീണ്ടുമൊരു ഗദ്ഗദം നെഞ്ചിൽ നിന്നും രൂപപ്പെട്ട് തൊണ്ടക്ക് കീഴെ തങ്ങി നിൽക്കുന്ന പോലൊരു തോന്നൽ...

"സ്വന്തം അച്ഛനോട് പോലും പറയാൻ പറ്റാത്ത രഹസ്യമൊക്കെ എന്റെ മോൾക്കുണ്ടായിരുന്നോ.. " അച്ഛൻ പരിഭവത്തോടെ അങ്ങനെ പറഞ്ഞതും എന്റെ കണ്ണ് നിറഞ്ഞിരുന്നു... "അയ്യേ.. ഈ കൊച്ച് ഇത്രേയുള്ളൂ.. " അച്ഛനെന്റെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു... "അച്ഛൻ വെറുതെ തമാശ പറഞ്ഞതല്ലേ.. അതിനു കരയുന്നോ.. മോള് ഒന്നും പറയണ്ട.. പോയി കിടന്നുറങ്ങു സമയം ഒരുപാട് വൈകി.. " അച്ഛൻ എന്നെ എഴുന്നേൽപ്പിച്ചു ബെഡിനടുത്തേക്ക് കൊണ്ടു പോയി... "അച്ഛാ... " അച്ഛൻ റൂമിൽ നിന്ന് പോകാൻ തിരിഞ്ഞതും ഞാൻ വിളിച്ചു.. "എന്താ മോളേ.. " "അച്ഛാ.. എനിക്ക് പിന്നേം തെറ്റുപറ്റി അച്ഛാ.. " ഞാൻ നിറകണ്ണുകളോടെ അച്ഛനെ നോക്കി.. അച്ഛൻ ഒന്നും മനസ്സിലാകാതെ എന്റടുത്തേക്ക് വന്നു... "എന്താ... " അച്ഛന്റെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു... ഞാൻ സംഭവിച്ചതൊക്കെ അച്ഛനോട് പറഞ്ഞതും അച്ഛന്റെ മുഖത്ത് ഗൗരവ ഭാവം.. ഒരു നിമിഷം അച്ഛൻ അങ്ങനെ തന്നെ നിന്നു.. അച്ഛന്റെ ഗൗരവം എനിക്കും വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു.. അച്ഛൻ എങ്ങനെ പ്രതികരിക്കും എന്നോർത്തു ഒരു ചെറിയ പേടിയും..

"നമുക്കോരോ കട്ടൻകാപ്പി കുടിച്ചാലോ?" അച്ഛന്റെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു.. എന്റെ മറുപടിക്ക് കാക്കാതെ അച്ഛനെന്റെ കൈയ്യും പിടിച്ചു അടുക്കളയിലേക്ക് കൊണ്ടു പോയി.. എന്നെ അവിടെ സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞിട്ട് അച്ഛൻ കാപ്പി ഉണ്ടാക്കി കൊണ്ടു വന്നു.. "നമുക്ക് സിറ്റൗട്ടിൽ പോയി ഇരിക്കാം മോളേ .. അവിടെ നല്ല തണുപ്പുണ്ടാവും.." ഞാനും സമ്മത ഭാവത്തിൽ തലയാട്ടി.. അച്ഛനെയും അനുഗമിച്ചു ഞാൻ സിറ്റൗട്ടിലേക്ക് പോയി.. അച്ഛൻ പറഞ്ഞത് ശരിയാണെന്ന് ഞാൻ മനസ്സിലോർത്തു.. നല്ല തണുത്ത അന്തരീക്ഷം.. അച്ഛൻ എനിക്ക് അഭിമുഖമായി ചെയറിൽ ഇരുന്നു.. പൊതുവേ അച്ഛന് ശാന്ത സ്വഭാവമാണ്.. അതുകൊണ്ട് ഗൗരവമൊന്നും രണ്ടോ മൂന്നോ മിനിറ്റിൽ കൂടുതൽ അച്ഛനിൽ തങ്ങി നിൽക്കില്ല.. അച്ഛൻ പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി.. "ഇതിൽ മോൾക്ക് എവിടെയും തെറ്റ് പറ്റിയില്ലല്ലോ..? തെറ്റു പറ്റിയതും തെറ്റിധാരണയും എല്ലാം അവർക്കായിരുന്നില്ലേ?? അതൊക്കെ ഇപ്പോ മാറിയിട്ടും ഉണ്ടാകും... അതു കഴിഞ്ഞില്ലേ.. ഇനി എന്തിനാ സ്കൂളിൽ പോകാനും അവരെ ഫേസ് ചെയ്യാനുമൊക്കെ മടി..

ഈ മടി അവർക്കല്ലേ തോന്നേണ്ടത്..? " അച്ഛൻ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി.. എന്നാലും എന്തോ അവരെ ഫേസ് ചെയ്യാൻ മനസ്സ് തയ്യാറാകാത്ത പോലെ എന്റെ മുഖഭാവത്തിൽ നിന്നു തന്നെ എനിക്ക് അതിനു കഴിയില്ല എന്ന് അച്ഛന് മനസ്സിലായെന്നു തോന്നുന്നു.. "സ്വാഭാവികമായും ആർക്കും തോന്നുന്ന സംശയമേ അവർക്കും തോന്നിയിട്ടുള്ളൂ.. ഇതിൽ ക്ഷമിക്കാൻ പറ്റാത്തതായി ഒന്നൂല്ല മോളേ.. മോള് നന്നായൊന്ന് ആലോചിച്ചു നോക്കിയേ.. " "ഇല്ലച്ഛാ.. എനിക്കിനി പറ്റില്ല.. പഴേത് പോലെ അവരോട് മിണ്ടാനും കൂട്ടുകൂടാനും ഒന്നും. പ്ലീസ് അച്ഛാ.. എനിക്ക്.. എനിക്കിനി ആ സ്കൂളിൽ പോകണ്ട.." അതു പറഞ്ഞപ്പോൾ എന്റെ ശബ്ദവും ഇടറിയിരുന്നു.. ആദ്യം അച്ഛനൊന്ന് അമ്പരന്നു എങ്കിലും പിന്നീടത് പൊട്ടി ചിരിയായി.. ഞാൻ എത്ര വിഷമത്തോടെയാ പറഞ്ഞത് എന്നിട്ടും അച്ഛൻ തമാശ കേട്ടപോലെ ചിരിക്കുന്നല്ലോ എന്നോർത്തു എനിക്ക് സങ്കടം തോന്നി.. "എന്റെ മോളേ.. നീ ഇങ്ങനെ ചൈൽഡിഷായി പെരുമാറല്ലേ.. ഇത്രയും ചെറിയ കാര്യത്തിനൊക്കെ ആരെങ്കിലും സ്കൂൾ മാറുമോ..

അല്ലെങ്കിൽ തന്നെ നീ മൂന്നിലോ നാലിലോ ആണോ പഠിക്കുന്നെ.. പെട്ടെന്ന് ഒരു ദിവസം പോയി ടീസി വാങ്ങി വേറെ സ്കൂളിൽ ചേരാൻ.. പ്ലസ് ടു ആണ്.. ഒരു സ്കൂളിലും അഡ്മിഷൻ കിട്ടില്ല.. " നിനക്ക് ഡോക്ടർ ആവണ്ടേ..? ഇത്രയും ചെറിയ കാര്യത്തിനൊക്കെ കരഞ്ഞു നടക്കുന്ന മോളെങ്ങനെ ഡോക്ടർ ആയി രോഗികളെ ഒക്കെ നോക്കുമെന്നാ ഞാനിപ്പോ ചിന്തിക്കുന്നേ... ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേയുള്ളൂ... "മോളേ.. നിലവിൽ ഒരു പ്രശ്‌നവും ഇല്ല.. അവരുടെ തെറ്റിദ്ധാരണ കൊണ്ടു മാത്രമാ ഇതൊക്കെ സംഭവിച്ചേ.. അവരതോർത്ത് ഒരുപാട് വിഷമിക്കുന്നും ഉണ്ടാവും.. മോള് നാളെ സ്കൂളിൽ പോകുമ്പോ ആദ്യം വന്നു അവര് ക്ഷമ പറയും നോക്കിക്കോ.. അതിനു ശേഷം നീ തന്നെ തീരുമാനിക്ക് ആ സൗഹൃദം വേണോ വേണ്ടയോ എന്ന്.. " "ഇല്ലച്ഛാ.. എന്നോടാരും ക്ഷമ പറയേം വേണ്ടാ എനിക്ക് ആരോടും കൂട്ടുകൂടാനും വയ്യ.. ഞാൻ നാളെ സ്കൂളിൽ പൊയ്ക്കോളാം.. " അച്ഛനിത്രയും കാര്യമായിട്ട് പറഞ്ഞത് കൊണ്ട് എനിക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല..

"ആഹാ.. എന്നാ ഞാൻ തന്നെ നാളെ നിന്നെ സ്കൂളിൽ കൊണ്ടു പോകാം.. അതിനു മുൻപ് നമുക്ക് സ്റ്റേഷനിലൊന്ന് പോയി ഒരു കംപ്ലയിന്റും കൊടുക്കാം.. " അച്ഛനങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി പോയി.. "കംപ്ലയിന്റോ...? എന്തിനു..? " "മോളെന്തിനാ പേടിക്കുന്നെ..? ഇത് പേടിക്കേണ്ട കാര്യമല്ല .. പ്രതികരിക്കേണ്ട നേരത്ത് പ്രതികരിക്കണം.. പണ്ടെങ്ങോ ആ ഉണ്ണിയോട് മോള് ഇഷ്ടമാണെന്നു പറഞ്ഞത് മനസ്സിൽ വെച്ചിട്ടു, ഇപ്പോ അതവൻ മുതലെടുക്കാൻ നോക്കിയതാ.. അവനെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ..? " "അയ്യോ അച്ഛാ.. അച്ഛനങ്ങനൊന്നും പറയല്ലേ.. അറിഞ്ഞോ അറിയാതെയോ എന്റേം കൂടി തെറ്റാ അയാളെ അതിനു പ്രേരിപ്പിച്ചത്.. അയാൾ അങ്ങനെ ചെയ്തത് കൊണ്ടല്ലേ കീർത്തിയുടേം രൂപേഷിന്റേം മനസ്സിൽ എനിക്ക് എന്താ സ്ഥാനമെന്ന് മനസ്സിലായത്.. " "രേവു.. ഇക്കാര്യത്തിൽ അച്ഛൻ നിന്റെ കൂടെ നിക്കില്ല.. ഇതൊന്നും ഒളിച്ചു വെക്കേണ്ട കാര്യമല്ല.. അന്ന് സംഭവിച്ചത് ഇനി അതിലും വലുതായിട്ട് ഒന്നും സംഭവിക്കില്ലാന്ന് എന്താ ഉറപ്പ്.. " "ഇനി അതിനൊരു അവസരം ഞാൻ ഉണ്ടാക്കില്ല അച്ഛാ.. പ്ലീസ്.. പ്ലീസ് അച്ഛാ."

അച്ഛനോട് ഒരുപാട് കെഞ്ചി ഒടുവിലെങ്ങനെയോ സമ്മതിപ്പിച്ചു.. "അച്ഛാ.. ഒരു കാര്യം കൂടി... " "എന്താ മോളേ...? " "ഇനി മുതൽ അച്ഛൻ തന്നെ എന്നെ സ്കൂളിൽ കൊണ്ടു വിടാമോ..? വൈകിട്ട് വിളിക്കാനും വരണം.. " "അതിനെന്താ.. വരാല്ലോ..." "അച്ഛന്റെ ജോലി തിരക്കിനിടയിൽ അത് നടക്കുമോ..? " "എടി മോളേ.. സ്കൂളങ്ങു അന്റാർട്ടിക്കയിൽ അല്ലല്ലോ... വെറും അരമണിക്കൂറത്തെ കാര്യമല്ലേ.. മോൾക്ക് വേണ്ടി അരമണിക്കൂർ പോലും അച്ഛന് ചിലവാക്കാൻ പറ്റില്ലേ? " എനിക്ക് അതുകേട്ട് ഭയങ്കര സന്തോഷം തോന്നി.. ഇതുപോലൊരു അച്ഛൻ വേറെ ആർക്കും ഉണ്ടാകില്ല എന്നൊരു അഹങ്കാരവും.. ഞാൻ അച്ഛനെ കെട്ടിപിടിച്ചു.. അച്ഛൻ വാത്സല്യത്തോടെ എന്റെ മുടിയിൽ തഴുകി.. അച്ഛനോട് സംസാരിച്ചപ്പോൾ നല്ല ധൈര്യം തോന്നിയെങ്കിലും രാവിലെ സ്കൂളിലേക്ക് ഒരുങ്ങി ഇറങ്ങിയതോടെ ധൈര്യമൊക്കെ ആവിയായി... അച്ഛനൊപ്പം കാറിൽ കേറി ഇരുന്നപ്പോഴും എന്റെ മുഖത്തെ തെളിച്ചമില്ലായ്മ അച്ഛന് മനസ്സിലായി.. "മോളേ..." "എന്താച്ഛാ... " "അച്ഛനിപ്പോ എന്താ തോന്നുന്നതെന്ന് അറിയാമോ..?

" ഞാൻ എന്താ കാര്യമെന്ന ഭാവത്തിൽ അച്ഛനെ നോക്കി.. "കീർത്തി മോളും രൂപേഷും തമ്മിലുള്ള ആ ബന്ധമല്ലേ മോൾക്ക് അംഗീകരിക്കാൻ പറ്റാത്തത്.. " അച്ഛൻ തമാശ പറയും പോലെയാണ് പറഞ്ഞത്.. അതുശരിയാണെന്നു എനിക്കും തോന്നി പക്ഷേ അത് സമ്മതിച്ചു കൊടുക്കാനുള്ള മനസ്സ് എനിക്കില്ല.. "പിന്നേ.. അതിനു എനിക്കെന്താ.. അച്ഛൻ വെറുതെ ഓരോന്ന് ഊഹിക്കണ്ട.." ഞാൻ ദേഷ്യം നടിച്ചു ചിറി കോട്ടി കാണിച്ചു.. അതുകണ്ടു അച്ഛൻ നന്നായി ചിരിച്ചു.. "ഇതിനൊക്കെയാ മോളേ നല്ല പച്ച മലയാളത്തിൽ അസൂയ എന്നൊക്കെ പറയുന്നത്... " "ദേ അച്ഛാ.. എന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞു കളിയാക്കാൻ വേണ്ടി ആണോ സ്കൂളിൽ കൊണ്ടാക്കാന്ന് പറഞ്ഞേ.. ഇങ്ങനെ ആണേൽ ഞാനിനി വരില്ല നോക്കിക്കോ.. " ഞാൻ ദേഷ്യത്തിൽ മുഖം തിരിച്ചിരുന്നു... അച്ഛൻ ഒന്നൂടി ചിരിച്ചു.. "ശരി.. ശരി.. ഞാനിനി ഒന്നും പറയില്ല സോറി... " അച്ഛൻ സ്കൂളിനു മുന്നിൽ കാർ നിർത്തി.. ഞാൻ മനസ്സില്ലാ മനസ്സോടെയാണ് ഇറങ്ങിയത്.. ഞാൻ ഒന്നൂടി അച്ഛനെ നോക്കി

"എന്റെ മോളേ.. ഇങ്ങനെ പാനിക് ആവല്ലേ... ഇത് ഒരു new begining ആണെന്ന് കരുതിക്കോ... " ശരിയെന്ന ഭാവത്തിൽ ഞാൻ തലയാട്ടി കൊണ്ട് അച്ഛന് ബൈ പറഞ്ഞു സ്കൂളിലേക്ക് കയറി.. ക്ലാസ്റൂമിലേക്ക് കയറിയതും ഒരുപാട് നാൾക്ക് ശേഷം സ്കൂളിലോട്ട് വന്ന ഒരു പ്രതീതി.. ഞാൻ സാധാരണ ഇരിക്കാറുള്ളത് 4th ബഞ്ചിലാണ്.. അവിടെ കീർത്തിയുടെയും എന്റെയും സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്... ഞാൻ മറ്റെവിടെയെങ്കിലും പുതിയ സീറ്റിനു വേണ്ടി പരതി... എന്നിട്ട് 1st ബെഞ്ചിലിരുന്നു.. ക്ലാസ്സിലുണ്ടായിരുന്ന മറ്റു കുട്ടികൾക്ക് ഞാൻ അവിടെ ഇരുന്നത് അമ്പരപ്പുണ്ടാക്കി.. അവര് വിശ്വാസം വരാത്ത പോലെ എന്നെ തന്നെ നോക്കി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story