ഉണ്ണിയേട്ടൻ: ഭാഗം 2

unniyettan

രചന: സനാഹ് ആമിൻ

ഉണ്ണി അമ്പരപ്പോടെ രേവൂനെ നോക്കി.. "ഇഷ്ടമെന്ന് പറഞ്ഞാൽ.. പ്രേമം ആണോ"? അതെ എന്ന് ഞാൻ തലയാട്ടി.. എന്തോ വലിയ തമാശ കേട്ടപോലെ ഉണ്ണിയേട്ടൻ പൊട്ടി ചിരിച്ചു.. ഉണ്ണിയേട്ടന്റെ ചിരി കണ്ടു എനിക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി.. ശബ്ദം പുറത്തേക്ക് വന്നില്ലെങ്കിലും കരയുകയായിരുന്നു ഞാൻ.. ആരെയാണോ ഒരുപാട് സ്നേഹിച്ചത്, അയാൾ തന്നെ എന്റെ ഇഷ്ട്ടത്തെ പരിഹസിക്കുന്നു.. അവിടുന്ന് ഓടി പോകാനാ തോന്നിയത്.. പക്ഷെ, നിന്നിടത്തു നിന്നും അനങ്ങാൻ കൂടി കഴിയുന്നില്ല.. ഉണ്ണിയേട്ടന്റെ ചിരി കേട്ട് കീർത്തിയും അമ്പരപ്പോടെ എന്നെ നോക്കി.. ഞാൻ ദയനീയമായി അവളെ നോക്കി.. അവൾക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു അവളോടി എന്റടുത്തു വന്നു ചോദ്യഭാവത്തിൽ ഉണ്ണിയേട്ടനെ നോക്കി.. അപ്പോഴേക്കും ഉണ്ണിയേട്ടന്റെ സുഹൃത്തുക്കളും അങ്ങോട്ട് വന്നു.. അവരൊക്കെ ജിജ്ഞാസയോടെ ഉണ്ണിയേട്ടനെ തന്നെ നോക്കി.. "അരുണേ.. നീ കേട്ടോ ഈ കൊച്ചിന് എന്നോട് പ്രേമം ആണെന്ന്.". ഉണ്ണിയേട്ടൻ പരിഹാസത്തോടെ കൂട്ടുകാരോട് പറഞ്ഞു പൊട്ടി ചിരിച്ചു..

കൂട്ടുകാരും അതുകേട്ടു ചിരിക്കാൻ തുടങ്ങി.. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ ശബ്ദം പുറത്തു വരാതിരിക്കാൻ വേണ്ടി വായപൊത്തി കരഞ്ഞു.. കീർത്തിക്ക് പരിഹാസവും പൊട്ടിച്ചിരിയും ഒന്നും കണ്ടു നിൽക്കാനായില്ല.. "ഒന്ന് നിർത്തുവോ? ഇതിനിത്ര ചിരിക്കാൻ തമാശയൊന്നും അവള് പറഞ്ഞില്ലല്ലോ".. കീർത്തിയുടെ ഒച്ച കേട്ടതോടെ അവിടമാകെ നിശബ്ദമായി.. "ഒരു പെൺകുട്ടി ധൈര്യത്തോടെ വന്നു ഇഷ്ടമാണെന്നു പറയുന്നത് അത്ര വലിയ തമാശയാണോ..? ഇഷ്ട്ടമല്ലെങ്കിൽ അത് മാന്യമായി തന്നെ പറഞ്ഞൂടെ? എന്തിനാ ആ പാവത്തിനെ ഇങ്ങനെ hurt ചെയ്യുന്നേ".. "ദേ കൊച്ചേ.. ഇവിടെ കിടന്നു ചുമ്മാ അലറല്ലേ.. മൂന്നടി പോലും തികച്ചു വളർന്നിട്ടില്ല അപ്പോഴാ അവളുടെ ഒരു പ്രേമം.. അതിനു കൂട്ടു നിൽക്കാൻ ഒരു ഹംസ വേണിയും.. മര്യാദക്ക് വീട്ടിൽ പോവാൻ നോക്ക്.. നിന്നെയൊന്നും ഇനി ഈ പരിസരത്ത് കണ്ടു പോകരുത്".... ഉണ്ണിയേട്ടന്റെ ശബ്ദം ഗൗരവത്തിൽ തന്നെയായിരുന്നു.. ഇങ്ങനെയൊരു മറുപടി ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല അതുകൊണ്ട്, എനിക്ക് അതൊരു ഷോക്ക് ആയിരുന്നു.

. "ദേ കേട്ടല്ലോ.. നിന്നോട് ഞാനൊരു ആയിരം തവണ പറഞ്ഞതാ, ഇങ്ങേരൊക്കെ വലിയ ജാഡ ടീമ്സ് ആണെന്ന്.. അപ്പോഴാ അവളുടെ ഒരു ഉണ്ണിയേട്ടൻ.. ആനയാണ് ചേനയാണ്... ഇപ്പൊ മതിയായല്ലോ.. ഇനി ഈ കോപ്പൻറെ പേരെങ്ങാനും നീ മിണ്ടിയാൽ.. നിന്നെ ഞാൻ കൊല്ലും.. പറഞ്ഞേക്കാം".. "ദേ കൊച്ചേ.. ഇവിടെ നിന്നു ഒച്ചയെടുത്താൽ നിന്റെ പല്ല് ഞാൻ ഇടിച്ചു തെറിപ്പിക്കും.. മുട്ടയിൽ നിന്നും വിരിഞ്ഞില്ല അപ്പോഴേക്കും തുടങ്ങി അഹങ്കാരം.. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതിന്റെ അഹങ്കാരമാ.... വീട്ടിൽ ചോദിക്കാനും പറയാനൊന്നും ആരുമില്ലാതെ അങ്ങ് അഴിച്ചു വിട്ടേക്കുവാ ".. ഉണ്ണിയേട്ടന്റെ രോഷത്തോടെയുള്ള വർത്താനം കേട്ടിട്ട് എനിക്ക് ആകെ പേടിയായി.. ഞാൻ കീർത്തിയുടെ കൈയ്യിൽ പിടിച്ചു "എന്റെ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന് തന്നോട് ആരെങ്കിലും പറഞ്ഞോ? ഉരുളക്ക് ഉപ്പേരി പോലെയുള്ള കീർത്തിയുടെ സംസാരം കേട്ടിട്ടു ഞാൻ പോലും അന്തിച്ചു പോയി.. ഇവളിതു എന്തിനുള്ള പുറപ്പാടാ.. "കൊച്ചേ ആ സാധനത്തിനെ പിടിച്ചോണ്ട് പോയേ"..

"വെറുതെ ഒരു സീൻ ഉണ്ടാക്കല്ലേ".. ഉണ്ണിയേട്ടൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അരുൺ ഇടക്ക് കേറി പറഞ്ഞു.. "നീ വാ മച്ചാ നമുക്ക് പോവാം " ഉണ്ണിയേട്ടന്റെ തോളിൽ കൈയ്യിട്ട് അരുൺ ഉണ്ണിയേട്ടനേം കൊണ്ട് അവിടുന്ന് പോയി കീർത്തി അരിശത്തോടെ അവർ പോകുന്നതും തുറിച്ചു നോക്കി നിന്നു.. ഞാൻ കൈയ്യിൽ പിടിച്ചിട്ടും അവൾ വരാൻ കൂട്ടാക്കിയില്ല.. "പ്ലീസ് കീർത്തി വാ നമുക്ക് പോകാം " ഞാൻ തൊഴുതു... പ്ലീസ്".. ഒരു വിധം അവളെ സമാധാനിപ്പിച്ചു അവിടുന്ന് കൊണ്ടുപോയി.. അന്ന് രാത്രി എത്രനേരം കരഞ്ഞു എന്നറിയില്ല.. ഉണ്ണിയേട്ടന്റെ പരിഹാസത്തോടെയുള്ള ആ ചിരി മാത്രമായിരുന്നു ചെവിയിൽ മുഴങ്ങി കേട്ടിരുന്നത്.. എന്നാലും കുറച്ചു നേരം കൊണ്ടു എന്തൊക്കെയാ സംഭവിച്ചത്.. ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാ ഉണ്ണിയേട്ടനെ ഇങ്ങനെ കാണുന്നത്.. ഇനി ഇതു വീട്ടിലെങ്ങാനും അറിഞ്ഞാലോ? അറിഞ്ഞാൽ തീർന്നു.. ഈ കീർത്തി ഇടപ്പെട്ടാ ഇത്രയും വലിയ പ്രശ്നമാക്കിയത്.. എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാൻ പറ്റുന്നില്ല..

കരഞ്ഞു കരഞ്ഞു ഒടുവിലൊരു തീരുമാനത്തിലെത്തി ഇനി ഒരിക്കലും ഉണ്ണിയേട്ടന്റെ മുന്നിൽ പോകില്ലാന്നു. പക്ഷേ, മനസ്സിൽ നിന്നും ഉണ്ണിയേട്ടനെ എങ്ങനെ മായിച്ചു കളയും? കരഞ്ഞു തളർന്നു എപ്പോഴോ ഉറങ്ങി പോയി.. പിറ്റേന്ന് സ്കൂളിൽ പോകാൻ തന്നെ മടിയായിരുന്നു.. ആ വഴിയിലൂടെ ഉണ്ണിയേട്ടനേം കൂട്ടുകാരെയും മറികടന്നു എങ്ങനെ പോകും.. ഈശ്വരാ.. വല്ലാത്തൊരു അവസ്ഥയാണല്ലോ.. പോകാതിരുന്നാൽ അമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും.. അല്ലെങ്കിൽ തന്നെ എത്ര ദിവസം പേടിച്ചു വീട്ടിലിരിക്കാനാ.. വരുന്നത് പോലെ വരട്ടെ ഞാൻ രണ്ടും കൽപ്പിച്ചു ഒരുങ്ങി ഇറങ്ങി.. ഇന്നലെ സംഭവിച്ച ഓരോ കാര്യങ്ങളും ഓർമ്മ വന്നു.. ഉണ്ണിയേട്ടനോട് ഇഷ്ട്ടം തോന്നിയത് അത്ര വലിയ കുറ്റമാണോ.. ഉണ്ണിയേട്ടന് ഇഷ്ടമല്ലെങ്കിൽ വേണ്ട എനിക്ക് സ്നേഹിക്കാൻ ഉണ്ണിയേട്ടന്റെ അനുവാദം ഒന്നും വേണ്ടല്ലോ.. ഞാൻ സ്വയം ആശ്വസിച്ചു.. അപ്പോഴേക്കും കീർത്തി വന്നു.. അവളുടെ ഭാവം കണ്ടാലറിയാം കലിപ്പിൽ ആണെന്നു.. "ഇപ്പൊ എന്തിനാ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്??

ഇന്നലത്തെ കാര്യം ഓർത്തിട്ടാണോ? കീർത്തിയുടെ ചോദ്യത്തിന് എന്ത്‌ മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.. "നീ കണ്ടതാണല്ലോ ആ താടിക്കാരന്റെ ആറ്റിട്യൂട്.. പെൺകുട്ടികളെ റെസ്‌പെക്ട് ചെയ്യാനറിയാത്ത വെറും ഊളയാ".. കീർത്തി ഉണ്ണിയേട്ടനെ അപമാനിക്കുന്നത് കേട്ടിട്ട് എന്റെ സഹിക്കെട്ടു.. എന്തെങ്കിലും തിരികെ പറയുന്നതിന് മുന്നേ കൂട്ടച്ചിരിയും കൂകലും കേട്ട് ഞാൻ അന്തിച്ചു പോയി.. ആൽമരചോട്ടിൽ ഉണ്ണിയേട്ടനും സുഹൃത്തുക്കളും ചേർന്നു ഞങ്ങളെ കണ്ടപ്പോ കൂകുന്നു.. കീർത്തി ദേഷ്യത്തോടെ അവരെ നോക്കി നിന്നു.. "നീ വാ നമുക്ക് പോവാം" "ദേ കണ്ടില്ലേ അവന്റെയൊക്കെ അഹങ്കാരം അതു കണ്ടിട്ട് വെറുതെ അങ്ങു പോവാനോ"? "അവരെന്തേലും കാണിക്കട്ടെ അതവരുടെ വിവരക്കേട് നീ വാ നമുക്ക് പോവാം" ഒരു വിധം പണിപ്പെട്ടാ ഞാൻ അവളെയും കൊണ്ടു പോയത്.. വൈകുന്നേരം തിരികെ വരുമ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലും ഏതാണ്ട് ഇതുപോലെ തന്നെ.. പലപ്പോഴും കീർത്തിയെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല അവളുപോയി അവരോടു വഴക്കിടും വളരെ പണിപ്പെട്ടു ഞാൻ അവളെ പിടിച്ചോണ്ട് വരും..

ഒടുവിൽ സ്കൂളിലും ഇക്കാര്യം പാട്ടായി.. കൂട്ടുകാരികളുടെ രഹസ്യം പറച്ചിലും ആൺപിള്ളേരുടെ കമന്റടിയും എല്ലാം കൊണ്ടും ഞാനൊരു പരിഹാസ പാത്രമായി.. ആദ്യമാദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് എല്ലാം ഒരു ശീലമായി.. തിരികെ പ്രതികരിക്കാത്തത് കൊണ്ടു അതൊക്കെ എല്ലാരും മറന്നു തുടങ്ങി.. വളരെ ദുഷ്കരമായിരുന്നു പിന്നീടുള്ള ദിവസങ്ങൾ.. ഇത്രയൊക്കെ സംഭവിച്ചിട്ടും ഉണ്ണിയേട്ടനെ മറക്കാൻ മാത്രം കഴിഞ്ഞില്ല.. അതുകൊണ്ടാകും ആകെ നിരാശപ്പെട്ട ഒരവസ്ഥ.. ഉണ്ണിയേട്ടൻ ഇരിക്കാറുള്ള ആൽമരച്ചോടും ഇടവഴികളുമൊക്കെ ഉള്ളിലുള്ള ഇഷ്ട്ടത്തെ കുത്തി നോവിച്ചു കൊണ്ടിരുന്നു.. ഇടക്കൊക്കെ ഉണ്ണിയേട്ടൻ എന്റെ മുന്നിലൂടെ പോകുമ്പോഴും ഞാൻ തല ഉയർത്തി നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.. ഉണ്ണിയേട്ടൻ ഒരിക്കൽ പോലും എന്നെയും നോക്കിയിട്ടില്ല എന്നതും എനിക്കുറപ്പാണ്.. ദിവസങ്ങൾ കടന്നു പോയി.. ഒടുവിൽ ഉണ്ണിയേട്ടന്റെ കല്ല്യാണവും കഴിഞ്ഞു.. എന്റെ മുന്നിലൂടെ സുന്ദരിയായ ഭാര്യയേം കൊണ്ടു ബൈക്കിൽ പോകുമ്പോൾ ഉണ്ണിയേട്ടന്റെ മുഖത്തു ഒരു വിജയിയുടെ ഭാവം ഉണ്ടായിരുന്നു.. അതൊക്കെ കാണുമ്പോൾ പുറമേ ഗൗരവത്തോടെ നടക്കുമെങ്കിലും ഉള്ളിൽ നീറി പുകയുകയായിരുന്നു..

ആകെ ഒരു ആശ്വാസം കീർത്തിയായിരുന്നു.. എന്നെ എന്നെക്കാളേറെ മനസ്സിലാക്കിയത് അവൾ മാത്രമാണ്.. "ഇന്ന് നിന്നെ പരിഹസിക്കുന്നവർ നാളെ നിന്റെ ഉയർച്ച കണ്ടു ആരാധിക്കും " ഇത് വെറും വാക്കല്ല കീർത്തിയുടെ വാക്കാ ഓർമ്മയിലിരിക്കട്ടെ".. അവളിങ്ങനെ എപ്പോഴും പറയുമെങ്കിലും ഞാനത് കേൾക്കുമ്പോൾ ചുമ്മാ ചിരിച്ചു തള്ളും.. എന്തൊക്കെ പറഞ്ഞാലും അവള് വേറേ ലെവലാ.. അജ്ജാതി മോട്ടിവേഷനല്ലേ അവളുടെ ഉള്ളിൽ നിന്നും വരുന്നത്.. പിന്നെയും ദിവസങ്ങൾ കടന്നു പോയി.. ഒടുവിൽ SSLC പരീക്ഷയും തുടങ്ങി നിരാശയിൽ അകപ്പെട്ടതിൽ പിന്നെ പഠിപ്പും അത്രക്കിത്ര തന്നെ.. ഒരുപാട് ഉഴപ്പുന്നു എന്ന് തോന്നിയാൽ അന്ന് ഉണ്ണിയേട്ടൻ പറഞ്ഞ ഡയലോഗ് ഓർക്കും അതോടെ കുറച്ചു ഉഴപ്പൊക്കെ മാറും.. വലിയ കുഴപ്പമില്ലാതെ പരീക്ഷയും കഴിഞ്ഞു.. ഒടുവിൽ റിസൾട്ട് വന്നപ്പോൾ 70% മാർക്കുണ്ട്.. പിന്നീടങ്ങോട്ട് എന്തോ വല്ലാത്തൊരു വാശി ആയിരുന്നു.. നിരാശയൊക്കെ കാറ്റിൽ പറത്തി കുത്തിയിരുന്നു പഠിക്കാൻ തന്നെ തീരുമാനിച്ചു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story