ഉണ്ണിയേട്ടൻ: ഭാഗം 20

unniyettan

രചന: സനാഹ് ആമിൻ

രേവൂനെ പ്രതീക്ഷിച്ചു കുറേ നേരം വഴിയിൽ നിന്നത് കൊണ്ട് സെക്കന്റ്‌ ബെല്ലും അടിച്ചതിനു ശേഷമാണ് കീർത്തി ക്ലാസ്സിലേക്ക് വന്നത്.. വന്നപ്പോ കണ്ട കാഴ്ച രേവു 1st ബെഞ്ചിലിരിക്കുന്നു.. ഇവളെന്താ ഇവിടെയിരിക്കുന്നത് ആദ്യം ഞെട്ടിയെങ്കിലും അവള് വന്നല്ലോ എന്നോർത്തു വല്ലാത്തൊരു ആശ്വാസം.. പെട്ടെന്ന് കണ്ടപ്പോഴുള്ള സന്തോഷം കൊണ്ട് അവളോടി രേവൂനടുത്ത് വന്നെങ്കിലും, രേവു കണ്ട ഭാവം പോലും കാണിച്ചില്ല.. അതോടെ അതുവരെ തോന്നിയ സന്തോഷവും ആശ്വാസവുമൊക്കെ നീരാവിയായി.. അപ്പോഴേക്കും ക്ലാസ്സിനു പുറത്ത് ടീച്ചറും വന്നു.. കീർത്തി നിരാശയോടെ തന്റെ സീറ്റിലേക്ക് പോയി... ആദ്യമായിട്ടാ ഇങ്ങനെയൊരു അനുഭവം.. ഇത്രയും വർഷങ്ങൾക്കിടയിൽ ഇതുപോലെ ഒരിക്കൽ പോലും സംഭവിച്ചിട്ടില്ല.. കീർത്തി അങ്ങനെ പെട്ടെന്ന് കരയുന്ന ടൈപ്പ് അല്ലെങ്കിലും രേവു അവോയ്ഡ് ചെയ്തത് അവളുടെ കണ്ണ് നിറച്ചു.. നിറഞ്ഞു വന്ന കണ്ണുനീർ അവൾ മറ്റാരും കാണാതിരിക്കാൻ തുടച്ചു കളയുകയും ചെയ്തു.. ക്ലാസ്സ്‌ ടൈമിലും കുട്ടികൾ കീർത്തിയേം രേവുവിനെയും നോക്കി അടക്കി പിടിച്ചു രഹസ്യം പറയുന്നത് രണ്ടു പേരും ശ്രദ്ധിച്ചിരുന്നു..

രേവു വിഷമം പുറത്ത് കാണിക്കാതെ തന്നെയാണ് ഇരുന്നത്.. പക്ഷേ കീർത്തിയുടെ മുഖം വിളറി പോയി.. രേവു ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയിൽ ആണ് കീർത്തിയിരുന്നത്.. എന്നാൽ, കീർത്തി താൻ തിരിഞ്ഞു നോക്കുന്നതും കാത്തു ഇരിക്കുമെന്ന് അറിയാവുന്നത് കൊണ്ടു ഓർക്കാതെ പോലും തിരിഞ്ഞു നോക്കരുതെന്നു ഉറപ്പിച്ചാണ് രേവു ഇരുന്നത്... കീർത്തി വളരെ അസ്വസ്ഥതയോടെ ക്ലാസ്സ്‌ കഴിയാൻ വേണ്ടി കാത്തിരുന്നു.. അവള് വാച്ചിലേക്ക് നോക്കി ഇന്റർവെല്ലിനു ഇനിയും 10 മിനിറ്റ് ബാക്കിയുണ്ട്.. എങ്ങനെയെങ്കിലും രേവൂനോടു സംസാരിക്കണം എന്ന ചിന്ത മാത്രമായിരുന്നു അവളുടെ മനസ്സിൽ.. അത്രേം നേരം ക്ഷമിച്ചിരിക്കാൻ വയ്യാത്തോണ്ട് അവള് നോട്ട് എഴുതാതെ ബുക്ക്‌ മടക്കി വെച്ചു.. അവള് ബുക്ക്‌ മടക്കിയത് ആ സ്പോട്ടിൽ തന്നെ ടീച്ചർ കണ്ടു.. അവളെ പൊക്കി എന്ന് മാത്രമല്ല.. ഇതുവരെ എഴുതിയ നോട്സ് കാണിക്കാനും പറഞ്ഞു... പെട്ടു, കാണിക്കാൻ മാത്രം ഇതുവരെ ഒരക്ഷരം പോലും അവൾ എഴുതിയിട്ടില്ല..

"നോട്ട് എഴുതാതെ പിന്നെ ഇത്രേം നേരം ഏത് മലയാ നീ മറിച്ചോണ്ടിരുന്നേ..? ടീച്ചറിന്റെ പുച്ഛത്തോടെയുള്ള സംസാരം കേട്ട് രേവു ഒഴികെ ക്ലാസ്സ്‌ മൊത്തം ചിരിച്ചു മറിഞ്ഞു.. കീർത്തി ഒന്നും പറയാതെ തല കുനിച്ചു നിന്നതേയുള്ളൂ.. "എഴുതാനും പഠിക്കാനും ഒന്നും വയ്യെങ്കിൽ രാവിലെ ഇങ്ങനെ ഒരുങ്ങി കെട്ടി പിന്നെന്തിനാ ഇങ്ങോട്ട് വരുന്നേ..? അതുകൊണ്ട് നീ ഇനി കുറച്ചു നേരം ക്ലാസ്സിനു പുറത്ത് പോയി നിന്നോ..എന്നിട്ട് പഠിക്കണം എന്ന് എപ്പോ തോന്നുന്നോ അപ്പോൾ വന്നാൽ മതി.. " ടീച്ചർ ദേഷ്യത്തോടെ അവളെ നോക്കി.. കീർത്തി മുഖമുയർത്തി നോക്കാതെ ക്ലാസ്സിനു പുറത്തേക്ക് പോയി.. ജനാലയുടെ അടുത്തായി നിന്ന് രേവൂനെ തന്നെ നോക്കി നിന്നു.. കീർത്തി തന്നെ നോക്കി നിൽക്കുന്നത് അങ്ങോട്ടേക്ക് നോക്കാതെ തന്നെ രേവൂന് മനസ്സിലായി..അവൾ മുഖത്തെ വിഷാദ ഭാവംമാറ്റി വളരെ ആവേശത്തോടെയാണ് താൻ ക്ലാസ്സിലിരിക്കുന്നത് എന്നത് പോലെ ബിൽഡപ്പ് കൊടുത്തു.. ബെല്ലടിച്ചു ടീച്ചർ ക്ലാസ്സീന്നു പോയതും കീർത്തി ഓടി രേവൂന്റെ മുന്നില് വന്നു നിന്നു..

"രേവൂ.. നീയെന്താ രണ്ട് ദിവസം വരാഞ്ഞേ...? " രേവു അവളെ മൈൻഡ് ചെയ്യാതെ മറ്റെവിടേക്കോ നോക്കി.. "രേവൂ. നീ വന്നേ.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്.. " കീർത്തി അവളുടെ കൈയ്യിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി.. രേവു ദേഷ്യത്തോടെ അവളുടെ കൈ തട്ടിയെറിഞ്ഞു.. അതു മറ്റു കുട്ടികൾ ശ്രദ്ധിക്കാൻ തുടങ്ങിയതും.. കീർത്തി രേവൂന്റെ അടുത്ത് ബെഞ്ചിൽ വന്നിരുന്നു... "രേവൂ പ്ലീസ്.. ഞാൻ പറയുന്നത് ഒന്നു കേൾക്ക്.. " കീർത്തി കെഞ്ചുന്ന പോലെ ശബ്ദം താഴ്ത്തി പറഞ്ഞു... "ഇത്രയും നാൾ പറയാഞ്ഞതൊന്നും ഇനി നീ പറയണ്ട..." രേവു ദേഷ്യത്തിൽ പറഞ്ഞപ്പോൾ ശബ്ദം ഉയർന്നു.. മറ്റുകുട്ടികൾ അക്ഷമയോടെ നോക്കി നിൽക്കുന്നത് കണ്ട് അവൾ സ്വയം നിയന്ത്രിച്ചു... "രേവൂ.. പ്ലീസ്... ഞാ......" കീർത്തി ബാക്കി പറയുന്നതിന് മുന്നേ.. രേവു ദേഷ്യത്തിൽ ഡെസ്കിൽ മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു..

എന്നിട്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.. തന്നോടുള്ള ദേഷ്യമാണ് ഡെസ്കിൽ അടിച്ചത്.. ഇനിയും മിണ്ടാൻ പോയാൽ ഇതുപോലെ തന്നെ വീണ്ടും ചെയ്യും.. ഇനി എന്ത് ചെയ്യുമെന്നറിയാതെ കീർത്തി അസ്വസ്ഥതയോടെ തലയിൽ കൈ വെച്ചു.. അപ്പോഴേക്കും ചിലരൊക്കെ എന്താ കാര്യമെന്ന് തിരക്കാൻ വേണ്ടി കീർത്തിക്ക് ചുറ്റും കൂടി നിന്നു.. ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും ആരും പോകാൻ തയ്യാറല്ല... അവൾ പുച്ഛത്തോടെ എല്ലാരേം നോക്കിയിട്ട് പുറംതിരിഞ്ഞു ഇരുന്നു.. ലഞ്ച് ബ്രേക്കിലും രേവു ക്ലാസ്സിലെ മറ്റു കുട്ടികൾക്കൊപ്പം ലഞ്ച് കഴിക്കാൻ വേണ്ടി എഴുന്നേറ്റു.. അത് കീർത്തിയെ ചൊടിപ്പിച്ചു.. അവൾ കൈയ്യിലെടുത്ത ലഞ്ച് ബോക്സ് തിരികെ ബാഗിൽ തന്നെ വെച്ചു.. കീർത്തി ലഞ്ച് കഴിക്കുന്നില്ലെന്ന് മനസ്സിലായതോടെ.. രേവു എന്തോ കഴിച്ചൂന്ന് വരുത്തി തീർത്തു എണീറ്റു..

ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപും കീർത്തി രണ്ടു മൂന്ന് തവണ രേവൂനോട് മിണ്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്ലടിച്ചതും അവൾ തളർന്നു തന്റെ സീറ്റിലിരുന്നു.. ഈ പെണ്ണ് ഇതെന്തു വാശിയാ.. മിണ്ടാനൊരു ചാൻസ് തരുന്നില്ലല്ലോ.. അവൾ മനസ്സിൽ പരിതപിച്ചു.. ഹാ.. അങ്ങനെയിപ്പോ വെറുതെ വിടാൻ ഉദ്ദേശമില്ല.. ഇന്റർവെൽ ആവട്ടെ.. അവള് കേൾക്കാൻ കൂട്ടാക്കിയില്ലെങ്കിൽ ഇടിച്ചു കേറി മിണ്ടും നോക്കിക്കോ... അങ്ങനെ സ്വയം സമാധാനിച്ചു ഇരുന്നെങ്കിലും, ഇന്റർവെൽ ആയപ്പോൾ കീർത്തി ബുക്സ് ഒക്കെ എടുത്തു വെക്കുന്നതിനിടത്തിൽ രേവു ക്ലാസ്സിനു പുറത്തിറങ്ങി... ഇവളിത് എവിടെ പോയി..? കീർത്തി പിന്നാലെ വെച്ചു പിടിച്ചെങ്കിലും എവിടെ പോയെന്നു ഒരു ഐഡിയയും ഇല്ല.. ഒടുവിൽ കറങ്ങി തിരിഞ്ഞു ക്ലാസ്സിലെത്തിയപ്പോൾ അവളവിടെ ഇരിപ്പുണ്ട്.. നെക്സ്റ്റ് പീരീഡും തുടങ്ങി.. ബെല്ലടിച്ചു അഞ്ചാറു മിനിറ്റ് കഴിഞ്ഞു വന്ന കീർത്തിയെ പ്രവീൺ സാറൊന്ന് അടിമുടി നോക്കി.. "അല്ല.. ഇതെങ്ങോട്ടാ..?? " സാർ കൈ മലർത്തി കൊണ്ട് കീർത്തിയെ കളിയാക്കി..

"അത്... ഞാൻ... ബുക്ക്‌.... ഹാ ബുക്ക്‌ എടുക്കാൻ ലൈബ്രറിയിൽ പോയി.. " ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ഒടുവിൽ അവള് പറഞ്ഞൊപ്പിച്ചു.. "എന്നിട്ടു ബുക്ക്‌ എവിടെ..? " സാറിന്റെ അടുത്ത question കേട്ടവൾ പതറി "ബുക്ക്‌ എടുക്കാൻ അല്ല.. വെക്കാനാ പോയെ.. " അവൾ ഒരു വളിച്ച ചിരിയോടെ പറഞ്ഞൊപ്പിച്ചു... "ആഹ് ശരി ശരി.. ക്ലാസ്സിൽ കയറ്... " ക്ലാസ്സിലേക്ക് കയറുമ്പോ കീർത്തി രേവൂനെ നോക്കി.. അവള് ചിരിക്കാതിരിക്കാൻ പാടുപെടുന്നു... "തെണ്ടി..."എന്ന് മനസ്സിൽ പറഞ്ഞോണ്ട് അവളെ കടുപ്പിച്ചൊന്നു നോക്കി.. രേവു കാണാത്ത പോലെ മറ്റെവിടേക്കോ നോക്കി... നീ എത്ര അവോയ്ഡ് ചെയ്താലും ഞാൻ ഇനീം വരും നോക്കിക്കോ.. തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോലെ കീർത്തി തന്റെ സീറ്റിൽ വന്നിരുന്നു... ക്ലാസ്സിൽ തന്നെ ശ്രദ്ധിച്ചിരിക്കുന്ന രേവൂനെ കണ്ട് കീർത്തി അസൂയയോടെ നോക്കി.. "ബാക്കി ഉള്ളോള് ഇവിടെ ഉരുകുവാ അപ്പോളാ അവള് വല്യ പഠിപ്പി ചമയുന്നെ കുരിപ്പ്..." എന്ന് പിറുപിറുത്തോണ്ടു ഇരുന്നപ്പോഴാ പെട്ടെന്നൊരു ഐഡിയ കിട്ടിയത്..

അവൾ വേഗം ഒരു പേപ്പറിൽ എന്തോ എഴുതിയിട്ട് തൊട്ട് മുന്നിലത്തെ ബെഞ്ചിലുള്ള കുട്ടിയോട് ആ പേപ്പർ രേവൂന് പാസ്സ് ചെയ്യാൻ പറഞ്ഞു.. അവള് അതിനു മുൻപിലത്തെ ബെഞ്ചിലുള്ള കുട്ടിക്ക് കൈമാറി... കൈമാറി കൈമാറി ഒടുവിലത്‌ രേവൂന്റെ കൈയ്യിലെത്തി.. കീർത്തിയാണ് തന്നതെന്നു അറിഞ്ഞതോടെ രേവു അത് വായിക്കാതെ അലസമായി ചുരുട്ടി എറിഞ്ഞു... അത് വന്നു വീണത് പ്രവീൺ സാറിന്റെ മുന്നില്... സാറത് കൈയ്യിലെടുത്തു തുറന്നു... "ഇത്രേം ഗൗരവമായി മസ്സില് പിടിച്ചിരിക്കുമ്പോൾ ഇടക്കൊക്കെ ഒന്ന് ശ്വാസം വിടാൻ മറക്കല്ലേ.. " അത് വായിച്ചു സാറിന്റെ അഞ്ചാറു കിളികൾ പറന്നു പോയി.. സാറിന്റെ അന്നേരത്തെ ആ എക്സ്പ്രഷൻ കണ്ട് കീർത്തി തലക്ക് കൈ വെച്ചു.. "ഭഗവാനെ പണി പാളിയാ..." അവൾ നോട്ബുക്കെടുത്തു മുഖം മറച്ചു... താൻ ചുരുട്ടിയെറിഞ്ഞ പേപ്പർ സാറെടുത്തു നോക്കിയതൊന്നും അറിയാതെ രേവു എന്തോ എഴുതുന്ന തിരക്കിൽ ആയിരുന്നു.. സാർ വന്നു രേവൂന് മുന്നില് നിന്നതൊന്നും അവളറിഞ്ഞില്ല..

ഏതോ ഒരു നിഴൽ തന്നെ മറച്ചു മുന്നില് നിൽക്കുന്നു എന്ന് തോന്നിയപ്പോളാ അവൾ തല ഉയർത്തി നോക്കിയത്.. ഒരു പേപ്പറും കൈയ്യിൽ പിടിച്ചോണ്ട് സാർ നോക്കി നിൽക്കുന്നത് കണ്ട് അവൾ ചാടി എണീറ്റു.. "എന്താ ഇത്..." സാർ പേപ്പർ കാണിച്ചോണ്ട് രേവൂനോട്‌ ചോദിച്ചു അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി.. "എന്താ സാർ.. " അതല്ലേ ഞാനും ചോദിച്ചേ.. എന്താ ഇത്..? ഒന്നും കലങ്ങാത്തത് കൊണ്ട് അവൾ തല ചൊറിഞ്ഞോണ്ട് പേപ്പറിനെയും സാറിനെയും മാറി മാറി നോക്കി.. "ഇത് നീയല്ലേ വലിച്ചെറിഞ്ഞത്... " "അത്... സാർ.. "അവൾ നിന്നു പരുങ്ങി കൊണ്ട് അടുത്തിരുന്ന കുട്ടിയെ നോക്കി.. അവൾ കണ്ണ് കൊണ്ട് പറയല്ലേ എന്ന് ദയനീയമായി പറഞ്ഞു... "അത്.. ആരോ എന്റടുത്തേക്ക് എറിഞ്ഞതാ സാർ.. ഞാൻ തുറന്ന് നോക്കിയില്ല... " സാർ വിശ്വാസം വരാത്ത പോലെ അവളെ നോക്കുന്നത് കണ്ടു അവൾ പതറി പോയി.. "അയ്യോ സാർ.. ഇതാ എന്റെ ബുക്ക്‌ ഇതിലെ കൈയ്യക്ഷരം നോക്കിയാൽ അറിയാം ഞാനല്ല അത് എഴുതിയതെന്നു.. " അവൾ നോട്ടുബുക്കെടുത്തു സാറിനു നേരേ നീട്ടി...

"എന്നാ പിന്നെ വേറെ ആരാ ഇതെഴുതി എറിഞ്ഞേ.. " സാർ രേവൂനോട്‌ കൈ കൊണ്ട് ഇരിക്കാൻ പറഞ്ഞിട്ട് ഉറക്കെ ചോദിച്ചു.. ആർക്കും ഒന്നുമറിയില്ല എല്ലാരും മുഖത്തോട് മുഖം നോക്കുന്നു... "എഴുതിയ ആള് സ്വയം എഴുന്നേൽക്കുന്നോ അതോ ഞാൻ കണ്ടു പിടിക്കണോ.." സാർ എല്ലാ ബെഞ്ചിന്റെയും അടുത്തേക്ക് പോയി എല്ലാരേം നിരീക്ഷിച്ചു.. എല്ലാവരും അമ്പരപ്പോടെ മിഴിച്ചിരിക്കുന്നു.. കീർത്തിക്ക് മുന്നിലെത്തിയതും അവൾ പരുങ്ങലോടെ നോട്ട്ബുക്ക്‌ കൊണ്ട് മുഖം മറച്ചു.. ഒരു നിമിഷത്തിനു ശേഷം അവൾ പതിയെ ബുക്ക് താഴ്ത്തി നോക്കിയതും സാർ കൈയ്യും കെട്ടി അവളെയും നോക്കി നിൽക്കുന്നു.. അവൾ ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു ഭാവത്തിൽ പതുക്കെ എഴുന്നേറ്റു.. സാറിന്റെഗൗരവം കണ്ടു ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. "എന്താ നിന്റെ പേര്..? " ഗൗരവം വിടാതെ തന്നെ സാർ ചോദിച്ചു..

"കീർത്തന.. "അവൾ പതുക്കെ പറഞ്ഞു "കേട്ടില്ല... " "കീർത്തന സാർ... " "കീർത്തനയാണോ ഇതെഴുതിയെ? " അവൾ അതേ എന്ന ഭാവത്തിൽ തലയാട്ടി.. "എന്നാൽ കീർത്തന തന്നെ ഇതൊന്ന് ഉറക്കെ വായിച്ചേ.. " "അതുവേണോ സാർ.. " "വേണം... " "ഇത്രേം ഗൗരവമായി മസ്സില് പിടിച്ചിരിക്കുമ്പോൾ ഇടക്കൊക്കെ ഒന്ന് ശ്വാസം വിടാൻ മറക്കല്ലേ.." വായിക്കേണ്ട ശൈലിയിൽ വരിക്ക് ചേരുന്ന expression ഇട്ടു തന്നെ വായിച്ചു വായിച്ചു തീർന്നതും അവൾ ചമ്മലോടെ കണ്ണുകൾ ഇറുകെ അടച്ചു... ഒരു നിമിഷത്തെ നിശബ്ദക്ക് ശേഷം ക്ലാസ്സ്‌റൂം മുഴുവൻ ഒരു കൂട്ട ചിരി ആയി.. അവൾ പതുക്കെ ഒരു കണ്ണ് തുറന്നു നോക്കി.. വന്ന ചിരി കടിച്ചു പിടിച്ചു ഒരു വല്ലാത്ത expression ഇൽ സാറ് നിൽക്കുന്നു.. അവൾ വളിച്ച ഒരു ചിരി സാറിനും കൊടുത്തു.. അതോടെ സാറും ചിരിച്ചു.. എന്നിട്ടവളോട് ഇരിക്കാൻ കൈ കൊണ്ട് കാണിച്ചു... അവൾ ആശ്വാസ ഭാവത്തിൽ തളർന്നിരുന്നു... കുറച്ചു നേരം കഴിഞ്ഞു ബെല്ലടിച്ചപ്പോൾ കീർത്തി ആവേശത്തോടെ ബുക്ക്‌ ബാഗില് വെച്ചിട്ട് തല ഉയർത്തി നോക്കിയത് സാറിന്റെ മുഖത്ത്..

"അയ്യോ..." എന്നും പറഞ്ഞു അവൾ വേഗം മുഖം മാറ്റി... ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ രേവു ധൃതിയിൽ നടന്നു സ്കൂൾ ഗേറ്റിന് അടുത്തെത്തിയതും മതിലിനടുത്ത് മൊബൈലിൽ നോക്കി നിൽക്കുന്ന രൂപേഷിനെ കണ്ടു.. പെട്ടെന്നവൾ മുഖം തിരിച്ചു അച്ഛന്റെ കാർ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു.. കുറച്ചപ്പുറത്ത് കാറ് കിടക്കുന്നത് കണ്ടു അവൾ വേഗം അങ്ങോട്ടേക്ക് ഓടി... കീർത്തി വന്നപ്പോൾ രേവു കാറിൽ കേറി പോകുന്നതാണ് കണ്ടത്... "ശോ.. മിസ്സായി... " എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞതും മൊബൈലിൽ നോക്കി നിൽക്കുന്ന രൂപേഷിനെ കണ്ടു... "ഓഹ് ഇവിടുണ്ടായിരുന്നോ..." കീർത്തിയുടെ ശബ്ദം കേട്ട് അവൻ തല ഉയർത്തി നോക്കി.. "എന്തായി വല്ല വിവരവും ഉണ്ടോ...? " അവൻ ജിജ്ഞാസയോടെ ചോദിച്ചു... "ഹ്മ്മ്.. രേവു വന്നിട്ടുണ്ട്..." "എവിടെ..? " അവൻ ആവേശത്തോടെ ചുറ്റും നോക്കി... "അവള് പോയി... " "ങേ.. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ.. " "നീ ഇങ്ങനെ ഫോണും നോക്കി നിന്നാൽ എങ്ങനെ കാണും.. " "എന്നാ താൻ പതുക്കെ വാ ഞാനൊന്ന് പോയി നോക്കട്ടെ.. " അവൻ ധൃതിയിൽ പോവാൻ തുടങ്ങിയതും കീർത്തി അവനെ പിടിച്ചു നിർത്തി..

"ഹെലോ ഹെലോ.. ഒന്ന് നിന്നെ.. എങ്ങോട്ടാ ഈ ഓടുന്നെ...അവൾ അങ്കിളിന്റെ കൂടെ കാറിലാ പോയത് .. നിന്റെ മുന്നിലൂടെ തന്നെയാ പോയതും." "ശേ.. ഒന്ന് കാണാൻ പറ്റിയില്ലല്ലോ" എന്നോർത്തു അവന് നിരാശ തോന്നി.. "എന്നിട്ട് താൻ പറഞ്ഞോ കാര്യങ്ങളൊക്കെ..? " "ഓ പിന്നേ.. പറയാൻ പറ്റുന്ന കോലമായിരുന്നോ.. എന്നെ അവൾ അടുപ്പിച്ചില്ലെന്ന് മാത്രമല്ല എന്നെ മുഖമുയർത്തി നോക്കിയത് പോലുമില്ല." അവൾ തല കുനിച്ചു... അവൻ വിശ്വാസം വരാത്ത പോലെ അവളെ നോക്കി... "ഇങ്ങനെ ഒരു രേവൂനെ ആദ്യമായിട്ടാ ഞാൻ കാണുന്നെ.. അവൾ രണ്ടു ദിവസം കൊണ്ട് ഒരുപാട് മാറി പോയി.. " "താനിങ്ങനെ സെന്റി അടിക്കാതെടോ.. ഇന്ന് ഞാൻ എന്തായാലും അവളുടെ വീട്ടിലെ മതില് ചാടി എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞിട്ടേ വരുന്നുള്ളു.. " അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവൻ പറഞ്ഞു.. "എന്റെ പൊന്നോ വേണ്ടാ. ഞാൻ തൊഴുതു.. നീ വെറുതെ കാര്യങ്ങൾ കോംപ്ലിക്കേറ്റഡ് ആക്കല്ലേ... " "പിന്നേ വേറെന്താ ചെയ്യാ.. ഞാൻ ചെന്ന് അവളുടെ കാല് പിടിച്ചിട്ടാണെങ്കിലും സത്യാവസ്ഥ അവളോട് പറയാം.. വേറെ വഴിയില്ല.. "

"നീ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചിന്തിക്കണ്ട. ആദ്യം അവളുടെ ദേഷ്യം ഒന്ന് കുറയട്ടെ.. അതിനു ശേഷം എന്താന്നു വെച്ചാൽ തീരുമാനിക്കാം... " വലിയ താല്പര്യമില്ലാത്ത മട്ടിൽ അവൻ ശരിയെന്ന് തലയാട്ടി.. "എന്നാ ഞാൻ പോട്ടേ.. നാളെ കാണാം.." കീർത്തിക്ക് പോകേണ്ട വഴി എത്തിയതും അവൾ യാത്ര പറഞ്ഞു.. "ആഹ് ശരി.. ഞാനൊന്ന് രേവൂന്റെ വീട്ടിനു മുന്നിൽ കറങ്ങി നോക്കട്ടെ, ദൂരെ നിന്നെങ്കിലും അവളെ കാണാലോ.." "ഓ ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ.. നീ അവിടെ പോയി കറങ്ങിയിട്ട് ഇനി അടുത്ത പ്രശ്നം ഉണ്ടാക്കണ്ട.. " കീർത്തി താക്കീത് കൊടുക്കും പോലെ പറഞ്ഞു.. "ഇല്ലെടോ.. ഞാൻ ആരും കാണാതെ ശ്രദ്ധിച്ചോളാം.. എനിക്ക് അവളെ ഒന്ന് കണ്ടാൽ മാത്രം മതി.. " ഇവനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലോർത്തു കൊണ്ട് അവൾ ഇടവഴിയിലൂടെ നടന്നു.. രൂപേഷ് രേവൂന്റെ വീട്ടിലേക്കുള്ള വഴിയിലൂടെയും നടന്നു... കീർത്തി കുറച്ചു മുന്നോട്ട് നടന്നപ്പോഴാണ് ഉണ്ണിയേട്ടൻ തനിക്കു അഭിമുഖമായി ബുള്ളറ്റിൽ വരുന്നത് കണ്ടത്..

അവളെ കണ്ടയുടൻ ആക്സിലേറ്റർ തിരിച്ചു ബുള്ളറ്റിന് കുറച്ചൂടി സൗണ്ട് ഉണ്ടാക്കി അവളെ ദഹിപ്പിക്കുന്ന പോലൊരു നോട്ടം.. അയാളെ കണ്ട ഉടൻ കീർത്തിക്ക് വല്ലാതെ ദേഷ്യം വന്നു.. അവളും ഒട്ടും കുറച്ചില്ല കടുപ്പിച്ചു അവളും നോക്കി... അലവലാതി ചെറ്റ എന്ന് പറയേം ചെയ്തു.. അവളുടെ ചുണ്ട് അനങ്ങിയതിൽ നിന്ന് തന്നെ തെറി വിളിച്ചതാണെന്നു മനസ്സിലായത് കൊണ്ട് അയാൾ ബുള്ളറ്റ് അവൾക്ക് മുന്നില് നിർത്തി.. "നീ എന്താടി പറഞ്ഞേ..? " ഉണ്ണിയേട്ടൻ ദേഷ്യത്തോടെ അലറി.. "ഞാൻ പലതും പറയും അത് ചോദിക്കാൻ നീ ആരാടാ.. " "എടീ..... " ഉണ്ണിയേട്ടൻ പല്ല് ഞെരിച്ചു കൊണ്ട് ചീറി... "എടീ പോടീ എന്നൊക്കെ വീട്ടില് പോയി ഭാര്യയെ വിളിച്ചു പേടിപ്പിച്ചാൽ മതി ഇങ്ങോട്ട് ആ വിളിയും കൊണ്ടു വന്നാൽ നിന്റെ അണ പല്ല് ഞാൻ അടിച്ചു കൊഴിക്കും കേട്ടോടാ... " എന്ന് പുച്ഛത്തോടെ പറഞ്ഞു അവൾ അയാളെയും മറികടന്നു മുന്നോട്ട് നടന്നു..

കീർത്തിയിൽ നിന്നും ഇങ്ങനെ ഒരു മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നില്ല.. നാണം കെട്ടു പോയി എന്ന് വേണേൽ പറയാം.. അമ്മാതിരി ഒരു expression ആയിരുന്നു അന്നേരം അയാളുടെ മുഖത്ത്.. "നിനക്ക് ഞാൻ കാണിച്ചു തരാടീ.. " അവളെ തിരിഞ്ഞു നോക്കികൊണ്ട് അയാൾ ദേഷ്യത്തോടെ പറഞ്ഞു.. അത് കേട്ട് അവൾ തിരിഞ്ഞു നിന്നു.. "നീ കാണിക്കാൻ ഇങ്ങോട്ട് വാ.. അന്നേരം വിവരം എന്താണെന്ന് നീ അറിയും കേട്ടോ ടാ ഉണ്ണിയേട്ടാ... " എന്ന് ഒരു പ്രത്യേക ടോണിൽ കടുപ്പിച്ചു പറഞ്ഞിട്ട് പുച്ഛത്തോടെ ഒരു നോട്ടവും കൊടുത്തു ചിറി കോട്ടി കാണിച്ചിട്ട് അവൾ നടന്നു പോയി... അവൾ നടന്നു പോകുന്നത് അരിശത്തോടെ നോക്കി കൊണ്ടു.. നിനക്കുള്ള പണി ഉടനെ വരുന്നുണ്ടെടി എന്ന് മനസ്സിൽ പറഞ്ഞിട്ട് അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോയി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story