ഉണ്ണിയേട്ടൻ: ഭാഗം 22

unniyettan

രചന: സനാഹ് ആമിൻ

എന്തോ വെളിച്ചം കണ്ണിൽ തട്ടിയ പോലെ.. ഞാൻ പതിയെ കണ്ണ് തുറന്നു.. ആദ്യം അവ്യകതമായി എന്തോ കണ്ടു.. ഞാൻ ഒന്നുകൂടി കണ്ണടച്ച് തുറന്നു.. ഫാൻ കറങ്ങുന്നു.. ഞാൻ പതുക്കെ താഴേക്ക് കണ്ണ് ചലിപ്പിച്ചു.. അമ്മ മുടിചീകുന്നു.. ങേ അപ്പൊ തലയിടിച്ചു വീണത് സ്വപ്നമായിരുന്നോ.. ഞാൻ പതിയെ തലയിൽ വിരലുകൾ അമർത്തി... ഉഹ്ഹ്.. വേദനിക്കുന്നു.. ഞാൻ ചാടി എണീറ്റു.. ഞാനിപ്പോ എന്റെ വീട്ടില് എന്റെ റൂമിലെ എന്റെ ബെഡിൽ.. വിശ്വാസം വരാത്ത പോലെ ഒന്നുകൂടി ചുറ്റും നോക്കി.. "ആ എണീറ്റോ.. ഇപ്പോ എങ്ങനെയുണ്ട് തലവേദനിക്കുന്നുണ്ടോ..? അമ്മ വാത്സല്യത്തോടെ എന്റടുത്തേക്ക് വന്നു.. "ഇല്ലമ്മേ.. പക്ഷേ, ഞാൻ എങ്ങനെ ഇവിടെത്തി.. " ഞാൻ ജിജ്ഞാസയോടെ അമ്മയെ നോക്കി.. "സ്കൂളീന്ന് ഫോൺ വന്നു. പെട്ടെന്ന് പ്രിയ നഴ്സിംഗ് ഹോമിൽ വരാൻ.. ഞാനും സുദിയേട്ടനും എന്താ കാര്യം എന്നറിയാതെ പേടിച്ചാ ഓടി വന്നേ..."

"അവിടെ വന്നപ്പോഴാ അറിയുന്നേ നീ തലയിടിച്ചു വീണു ബോധം പോയി എന്ന്. പേടിക്കാൻ ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞതിന് ശേഷമാ സമാധാനം ആയെ.. " "നിനക്ക് അടങ്ങി ഒതുങ്ങിയൊക്കെ നടന്നൂടെ കൊച്ചേ.. ഇപ്പോഴും കൊച്ച് കുട്ടീന്നാ വിചാരം.. " അമ്മ ശാസിക്കും പോലെ പറഞ്ഞു.. ഞാൻ മറുപടിയായിട്ട് ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.. "അല്ലമ്മേ.. അപ്പോ കീർത്തി...? " "കീർത്തിയൊന്നും അവിടില്ലായിരുന്നു.. നിന്റെ ക്ലാസ്സ്‌ ടീച്ചറും പിന്നെ വേറൊരു ടീച്ചറും മാത്രേ ഉണ്ടായിരുന്നുള്ളൂ.. " ഞാൻ ചുമ്മാ മൂളി കേട്ടതേയുള്ളൂ.. "ഞാൻ സുദിയേട്ടനെ വിളിച്ചു പറയട്ടെ നീ എണീറ്റ കാര്യം.. നീ യൂണിഫോം ഒക്കെ മാറ്റിയിട്ട് വാ ഞാൻ ചായ എടുത്തു വെക്കാം.. " ഞാൻ ശരിയെന്നു തലയാട്ടിയതും അമ്മ അകത്തേക്ക് പോയി.. എന്നാലും കീർത്തി എന്തായിരിക്കും എന്നോട് പറയാൻ വന്നേ.. ആവശ്യമില്ലാതെ അഹങ്കാരം കാണിച്ചു ഇത്രേം വരുത്തി വെച്ചത് ഞാനാ.. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..

ഞാൻ എണീറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്നു "ഇനിയെങ്കിലും നിനക്ക് നന്നായിക്കൂടെ" എന്ന് എന്നെ തന്നെ ഉപദേശിചിട്ട് ബാത്റൂമിലേക്ക് കയറി.. രാത്രി ആഹാരം കഴിക്കാൻ ഇരുന്നപ്പോഴും കീർത്തിയോട് മോശമായി പെരുമാറി എന്നൊരു കുറ്റബോധം എന്നെ വല്ലാതെ അലട്ടി.. അന്നവൾ ചപ്പാത്തി വായിൽ കുത്തികേറ്റി തിന്നതൊക്കെ ഓർമ്മ വന്നപ്പോൾ സങ്കടം തോന്നി... എല്ലാം ഞാൻ കാരണമാ.. പാവം കീർത്തി.. "മോളേ.. നീ എന്താ കഴിക്കാത്തെ..?" എന്ന അച്ഛന്റെ ചോദ്യമാ എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. ഞാൻ പെട്ടെന്ന് കഴിപ്പ് തുടർന്നു.. "അല്ല മോളേ.. ശരിക്കും നീ എങ്ങനെയാ വീണേ.. " "അത്.. അച്ഛാ.. " ബാക്കി പറയാതെ ഞാൻ അച്ഛനെ നോക്കി "മ്മ് പറ " "കീർത്തി എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കേൾക്കാൻ കൂട്ടാക്കാതെ നടന്നു..

അപ്പോ അവൾ കൈയ്യിൽ പിടിച്ചു വലിച്ചു.. അന്നേരം കൈയ്യിൽ നിന്നും പിടി വിട്ടുപോയി.. " ഞാൻ ചമ്മലോടെ പറഞ്ഞിട്ട് അച്ഛനെ നോക്കി... അച്ഛന് പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ല... "ഹ്മ്മ്.. ഇയ്യിടെ ആയിട്ട് മോൾക്ക് വല്ലാതങ്ങു ദേഷ്യം വരുന്നുണ്ട്.. അതത്ര നല്ല ശീലമല്ല.. " എന്ന് പറഞ്ഞിട്ട് അച്ഛൻ കൈ കഴുകാൻ എണീറ്റ് പോയി.. അച്ഛൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. എന്ത് കൂറ സ്വഭാവമാ എനിക്ക്.. അഹങ്കാരി.. എന്ന് ഞാൻ എന്നെ തന്നെ വിളിച്ചു... രാത്രി ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരാതെ എണീറ്റ് റൂമിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി എല്ലാത്തിനും കാരണം ആ കപീഷാണ്.. അവൻ ഞങ്ങൾക്കിടയിൽ വന്നതിന് ശേഷമാ ഇത്രയും പ്രശ്നം.. എന്ന് ദേഷ്യത്തോടെ മനസ്സിൽ വിചാരിച്ചതും ജനലിൽ ആരോ മുട്ടുന്ന ശബ്ദം... ഞാൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അത് അവൻ തന്നെ ആയിരിക്കും എന്ന് ഊഹിച്ചു. ഇവനെന്തിനാ ഇപ്പോ ഇവിടെ വന്നു മുട്ടുന്നേ.. അല്ലെങ്കിലേ മനുഷ്യൻ ഇവിടെ ഭ്രാന്ത്‌ പിടിച്ചിരിക്കുവാ അതിനിടയിലാ അവന്റെയൊരു കൊട്ട്..

ദേഷ്യത്തോടെ ഞാൻ ലൈറ്റ് ഓഫ് ചെയ്തു.. എന്നിട്ടും വിടാൻ ഉദ്ദേശമില്ലാത്ത പോലെ കുറച്ചൂടെ വേഗതയിൽ അവൻ ജനലിൽ മുട്ടാൻ തുടങ്ങി... ഈശ്വരാ ഇവൻ എന്ത് ഭാവിച്ചാ.. ഇങ്ങനെ ശബ്ദം ഉണ്ടാക്കി എല്ലാരേം ഉണർത്തുവോ.. തെല്ലൊരു ആശങ്ക ഇല്ലാതില്ല.. അമ്മാതിരി മുട്ടാണ്.. "രേവൂ മര്യാദക്ക് തുറക്ക്.." അവന്റെ ശബ്ദം കേട്ട് ഞാനൊന്ന് പതറി.. "നീ ഉറങ്ങി കാണില്ലന്ന് എനിക്കറിയാം... " അവൻ വലിയ ശബ്ദത്തോടെ ജനലിൽ ഇടിക്കാൻ തുടങ്ങി.. എന്താ ഇത്.. ഇവൻ എന്താ ഈ കാണിക്കുന്നേ.. എനിക്കാകെ പേടി തോന്നി.. "നീ ഇപ്പോ തുറന്നില്ലേൽ ഞാൻ കാളിങ് ബെൽ അടിച്ചു അകത്തേക്ക് വരും.. " അവന്റെ ഭീഷണി കേട്ട് എനിക്ക് തൊണ്ട വരണ്ടു.. "എടീ നിന്നോടാ തുറക്കാൻ പറഞ്ഞേ.. " അവന്റെ ഒച്ച ഉയർന്നതോടെ എനിക്ക് വല്ലാത്ത പേടി തോന്നി.. ഞാൻ രണ്ടും കല്പ്പിച്ചു ജനൽ തുറന്നു... അവൻ കലിപ്പ് ഭാവത്തിൽ എന്നെ തുറിച്ചു നോക്കി നിൽക്കുന്നു... അവന്റെ ആ നോട്ടത്തിൽ പേടി തോന്നിയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അതേ കലിപ്പ് ഭാവത്തിൽ അവനെ നോക്കി...

"എന്താ.. എന്താ ഭീഷണി ആണോ..? " "അതെ ഭീഷണിയാ.. മര്യാദക്ക് പുറത്തിറങ്ങി വാ.. " എന്ത്......? ഞാൻ കേട്ടത് വിശ്വസിക്കാൻ ആകാതെ അവനെ നോക്കി... "പുറത്തിറങ്ങി വാടീ.. " അവൻ അലറി നിനക്കെന്താ ഭ്രാന്താണോ.. ഞാൻ വരില്ല.. നീ പോവാൻ നോക്ക്.. " ഞാൻ ജനൽ അടക്കാൻ ശ്രമിച്ചതും "നീ പുറത്തിറങ്ങി വന്നില്ലെങ്കിൽ ഞാൻ മുൻവശത്ത് വന്നു കാളിങ് ബെല്ലടിക്കും.. കാണണോ.. " അവന്റെ ശബ്ദം ഒന്നൂടി കടുത്തു "ഓഹ് ശരി നീ വന്നു കാളിങ് ബെല്ലടിക്ക് " "എന്നാ ശരി " എന്നും പറഞ്ഞു അവനവിടുന്നു പോയി.. ഞാൻ ജനലിൽ കൂടി എത്തി നോക്കി അവനെ കാണുന്നില്ല.. അവനങ്ങനെ ചെയ്യില്ല എന്നോർത്തു ഒരു വാശിക്ക് കേറി പറഞ്ഞതാ.. ഇനി അവൻ ശരിക്കും അങ്ങനെ ചെയ്യുമോ.. "ഈശ്വരാ.. " നെഞ്ച് വേഗത്തിൽ ഇടിക്കാൻ തുടങ്ങി.. ഞാൻ വേഗം കിച്ചണിലേക്ക് ഓടി, അവിടുത്തെ ഡോർ തുറന്നു വെളിയിൽ ഇറങ്ങി എന്റെ റൂമിന്റെ ജനൽ ഉള്ള ഭാഗത്തേക്ക് ഓടിചെന്നപ്പോ അവനവിടെ കൈയ്യും കെട്ടി നിൽക്കുന്നു..

അവന്റെ നില്പ് കണ്ട് എനിക്കെന്നെ നിയന്ത്രിക്കാനായില്ല.. അവനെ അരച്ചു കലക്കി കുടിക്കാനുള്ള ദേഷ്യം തോന്നി "എന്താ നിന്റെ ഉദ്ദേശം.. "?? "അത് തന്നെയാ എനിക്കും ചോദിക്കാനുള്ളേ.. എന്താ നിന്റെ ഉദ്ദേശം.. ??? " അതു ചോദിക്കുമ്പോൾ അവന്റെ മുഖത്തെ ആ ദേഷ്യം ഇതിനു മുൻപ് ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്തതാണ്.. ഉള്ളിൽ എവിടെയോ ഒരു ചെറിയ പേടി തോന്നിയെങ്കിലും.. മുഖത്ത് കുറച്ചു അധികം ധൈര്യം വാരിയിട്ട് ഞാൻ നിന്നു.. "കുറേ ആയി ക്ഷമിക്കുന്നു.. ഇനി പറ്റില്ല.. നീയാരാന്നാ നിന്റെ വിചാരം.. അവളുടെ ഒടുക്കത്തെ ഒരു ദേഷ്യവും വാശിയും.. പെണ്ണായി പോയി ഇല്ലേൽ നിന്റെ മോന്തക്കിട്ട് ഒരെണ്ണം തന്നേനെ... " അവൻ ദേഷ്യത്തോടെ എന്റെ നേർക്ക് കൈ ഓങ്ങിയതും ഞാൻ പേടിച്ചു കവിളു പൊത്തി കണ്ണടച്ചു.. ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ എന്നോർത്തു പതുക്കെ കണ്ണ് തുറന്നു.. നോക്കിയപ്പോ അവൻ തുറിച്ചു നോക്കികൊണ്ടു തുടർന്നു.. "ഞാൻ നിന്നോട് എന്ത് തെറ്റാടി ചെയ്തേ..? കുറേ നാൾ ഇഷ്ടമാണെന്നു പറഞ്ഞു പിറകേ നടന്നതോ..

അതാണോ നിന്നെ ചൊടിപ്പിക്കുന്നെ? എങ്കിൽ ഇനി അതുണ്ടാവില്ല.. എല്ലാം ഇന്ന് കൊണ്ടു അവസാനിക്കട്ടെ.. അതിനു മുൻപ് ഞാനും കീർത്തിയും കൂടി തുടങ്ങി വെച്ച ഒരു കാര്യമുണ്ട് അതങ്ങു അവസാനിപ്പിക്കാം.. " ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.. അവൻ പോക്കറ്റിൽ നിന്നും ഒരു മൊബൈൽ ഫോൺ എടുത്തു എന്റെ കൈയ്യിൽ വെച്ചു തന്നു.. "എന്താ ഇത്..? " ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി... "ഇതാണ് തെളിവ്.. നീയും ഉണ്ണിയേട്ടനും തമ്മിലുള്ള ചാറ്റ്.. " "എന്ത്... " ഞാൻ ഞെട്ടലോടെ അവനെ നോക്കി.. "അതേ... സത്യം... അയാളുടെ മനസ്സിലിരിപ്പ് എന്താണെന്നു അറിയാനും അയാൾക്കിട്ടൊരു പണി കൊടുക്കാനും നിന്നെ പ്രൊട്ടക്ട് ചെയ്യാനും വേണ്ടി ഞാനും കീർത്തിയും തുടങ്ങി വെച്ച ഡ്രാമ.. " കേട്ടതൊക്കെ വിശ്വസിക്കാനാകാതെ ഞാൻ അവനെ തന്നെ നോക്കി... "ഞാൻ ആദ്യമായിട്ട് ഇവിടെ നിന്നെ കാണാൻ വന്നപ്പോ.. ഒരു രണ്ട് മിനിറ്റ് എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ നീ കാട്ടിയിരുന്നെങ്കിൽ, ഇന്ന് ഇത്രയും തെറ്റിദ്ധാരണകൾ ഉണ്ടാകില്ലായിരുന്നു... "

എന്തോ സീരിയസ് സംഭവം ആണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസിലായത് കൊണ്ട് ഞാനവനെ എതിർക്കാനൊന്നും നിന്നില്ല. എന്താണെങ്കിലും പറഞ്ഞിട്ട് പോട്ടേ എന്ന് കരുതി നിന്നു.. "നിനക്ക് ഓർമ്മയുണ്ടോ ഒരിക്കൽ നിന്നെയും എന്നെയും ഒരുമിച്ചു ഉണ്ണിയേട്ടൻ കണ്ടത്... അവിടുന്നാ എല്ലാ പ്രശ്നങ്ങളുടെയും തുടക്കം... " "എന്ത് പ്രശ്നം..? " "നീ വിചാരിക്കുന്ന പോലെ നാട്ടിൻപുറത്ത് കാരനായ ഒരു പാവം ചെറുപ്പക്കാരൻ അല്ല അയ്യാൾ.. അങ്ങനത്തെ ഇമേജ് ഉള്ള ഒരു പക്കാ ഫ്രോഡ് ആണ്.. അയാളുടെ പാസ്റ്റ് എന്താണെന്നറിയോ?.. അയാൾ ബാംഗ്ലൂർ പഠിക്കാൻ പോയപ്പോൾ ഉള്ള കഥകൾ അത്രക്ക് മോശമായിരുന്നു.. പെണ്ണിനും പണത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വൃത്തികെട്ടവൻ.. എന്റെ ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അവൻ.. ആ ഫ്രണ്ട്ഷിപ്‌ മുതലെടുത്തു ഒടുവിൽ പണത്തിനു വേണ്ടി എന്റെ ചേട്ടനെ തന്നെ അവൻ ഉപയോഗിച്ചു. അവന്റെ കള്ളത്തരം ഒക്കെ അറിഞ്ഞു വന്നപ്പോൾ ഒരുപാട് വൈകി പോയി..

കുടുംബത്തിന് നാണക്കേട് ആകുമെന്ന് കരുതി അയാളുടെ ചെറ്റത്തരം ഒന്നും പുറത്ത് വരാത്ത രീതിയിൽ കുടുംബത്തിൽ ഉള്ളവർ തന്നെ അത് മൂടിവെക്കാൻ നിർബന്ധിച്ചത് കൊണ്ടാ.. ഇന്നും അവൻ നല്ല പിള്ള ചമഞ്ഞു ഇവിടെ കിടന്നു വിലസുന്നത്.. കല്ല്യാണം കഴിച്ചപ്പോൾ എങ്കിലും അയാളുടെ സ്വാഭാവം മാറിയെന്നാ എല്ലാരും കരുതിയെ.. എവിടുന്ന് മാറാൻ. അതിനു ഉദാഹരണമാ നിന്റെ കൈയിലിരിക്കുന്ന ഫോൺ.. മഞ്ജു ഏടത്തിയുടെ വീട്ടുകാർ ഈ കല്യാണത്തിന് എതിർത്തത് തന്നെ ഇയ്യാളുടെ സ്വാഭാവം അറിഞ്ഞത് കൊണ്ടാ.. പക്ഷേ ഏട്ടത്തിയെ എങ്ങനെ അവൻ വലയിലാക്കിയെന്ന് മാത്രം അറിയില്ല.. അവൻ ഒരു പക്ഷേ ഏടത്തിയുടെ സ്വത്തും പണവും മോഹിച്ചു തന്നെയാകും ഏട്ടത്തിയെ കെട്ടിയേ.. അല്ലാതെ ഒന്നിലൊന്നും തൃപ്തി പെടുന്നവൻ അല്ല ആ ചെറ്റ.. ഉണ്ണിയേട്ടനെ കുറിച്ചു പറയുമ്പോൾ രൂപേഷിന്റെ മുഖത്ത് പുച്ഛം പ്രകടമായിരുന്നു.. അന്ന് നമ്മളെ ഒരുമിച്ചു കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി നീയും ആയിട്ട് എനിക്ക് എന്തോ അടുപ്പം ഉണ്ടെന്ന്...

അയാളുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് നമ്മൾ ജസ്റ്റ്‌ ഫ്രണ്ട്സ് മാത്രമാണെന്നാണ് ഞാൻ അയാളോട് പറഞ്ഞത്.. അന്ന് മുതൽ അയാൾ നിന്റെ നമ്പറും ചോദിച്ചു എന്റെ പിറകേ ആയിരുന്നു.. ഞാൻ കുറേ പറഞ്ഞു ഒഴിവായി എന്നിട്ടും അയാൾക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു.. നീ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവന് നിന്റെ കാര്യത്തിൽ എന്താ ഇത്ര ശുഷ്‌കാന്തി എന്നറിയാൻ എനിക്കും ആഗ്രഹം തോന്നി...അതുകൊണ്ടാ അയാളെ കുറച്ചു നാള് പിറകേ നടത്തിച്ചത്.. ഞാൻ നമ്പർ കൊടുക്കാതിരുന്നാൽ വേറെ ഏതെങ്കിലും തരത്തിൽ അവൻ നിന്നോട് അടുക്കാൻ ശ്രമിക്കും എന്നൊരു പേടിയും ഉണ്ടായിരുന്നു.. അതുകൊണ്ടാ എല്ലാം ഞാൻ കീർത്തിയോട് പറഞ്ഞത്.. അവൾക്ക് ആദ്യം തന്നെ എന്നെ സംശയം ഉണ്ടായിരുന്നു.. ഞാനും അവനും കൂടി എന്തോ പ്ലാൻ ചെയ്യുന്നു എന്നൊക്കെയാ അവള് പറഞ്ഞേ. നിന്റെ കാര്യത്തിൽ അവൾക്ക് അത്രയേറെ ശ്രദ്ധയുണ്ട്.. പിന്നേ ഈ ഫോൺ നമ്പറിന്റെ ഐഡിയ ഒക്കെ അവളുടെ ബുദ്ധിയിൽ വിരിഞ്ഞതാണ്.

.അയാളുടെ ട്രാപ്പിൽ നീ പെടരുത് എന്നൊരു ഉദ്ദേശം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു.. നിനക്ക് ഫോണില്ലാത്ത കാര്യം അയാൾക്ക് അറിയില്ലല്ലോ അതുകൊണ്ട് ഞാൻ പുതിയൊരു സിം എടുത്തു അത് നിന്റെ നമ്പർ ആന്നെന്നും പറഞ്ഞു അയാൾക്ക് കൊടുത്തു.. അയാൾ നീയാണെന്നു കരുതി ആ നമ്പറിൽ ഡെയിലി മെസ്സേജ് അയക്കും.. അയാൾക്ക് റിപ്ലൈ ചെയ്യുന്നത് മിക്കപ്പോഴും ഞാനും കീർത്തിയുമാണ്.. ഇത്രയുമൊക്കെ നടന്നിട്ട് എന്ത് കൊണ്ട് നിന്നോട് പറഞ്ഞില്ല എന്ന് ചോദിച്ചാൽ. നിന്റെ മനസ്സിൽ എന്താണെന്നു എനിക്കോ കീർത്തിക്കോ അറിയില്ലായിരുന്നു.. നിന്നെ പലതവണ അയാൾ പരിഹസിച്ചിട്ടും നീ ഒരിക്കൽ പോലും അയാളെ ദേഷ്യത്തോടെ നോക്കുന്നത് പോലും ഞങ്ങൾ കണ്ടിട്ടില്ല.. നിനക്ക് അത്രേം soft corner അയാളോട് ഉണ്ടെങ്കിൽ ഞങ്ങൾ പറയുന്നതൊന്നും നീ വിശ്വസിക്കില്ല എന്ന് തോന്നി..

തെളിവ് സഹിതം നിന്നെ കാണിക്കാന്നു കരുതി.. ആകെ ഒരു ആശ്വാസം നീയും കീർത്തിയും ഒരുമിച്ച് പോകുന്നത് കൊണ്ട് നിന്നോട് വന്നു സംസാരിക്കാൻ അവൻ ധൈര്യ പെടില്ല എന്നതായിരുന്നു.. പക്ഷെ പലതവണ നിന്നോട് അയാൾ വന്നു മിണ്ടുമ്പോഴും നീ പുഞ്ചിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു അത് അയാളോടുള്ള ഇഷ്ട്ടം ആണെന്ന് ഞങ്ങളും തെറ്റിദ്ധരിച്ചു.. അതിനു കാരണം നിന്നെ നോക്കി പുഞ്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന അന്നെല്ലാം അയാൾ അയക്കുന്ന മെസ്സേജസ് ആയിരുന്നു.. നിന്റെ ബോഡി പാർട്ട് ഒക്കെ ഓരോന്നായി എടുത്തു വിവരിച്ചു അയാൾ സാഹിത്യം പറയുമ്പോൾ അവനെ കൊല്ലാനുള്ള ദേഷ്യം തോന്നാറുണ്ട്.. നീ പോകുമ്പോഴുള്ള അവന്റെ നോട്ടവും ഭാവവും എല്ലാം കൂടി കണ്ടിട്ട് എനിക്ക് ഭ്രാന്ത് പിടിക്കാറുണ്ട്.. നിന്നോടുള്ള അമിത സ്നേഹം കൊണ്ടാണ് അന്ന് ഞാൻ അത്രയും മോശമായി നിന്നോട് പെരുമാറിയത്.. അവന്റെ കൂടെ നിന്നത് കണ്ടിട്ട് എനിക്ക് അപ്പോ അങ്ങനെയാ പെരുമാറാൻ തോന്നിയത്.. നിനക്ക് ഇതൊന്നും അറിയില്ല എന്നൊന്നും ചിന്തിക്കനുള്ള ബുദ്ധി അന്നേരം എനിക്കില്ലായിരുന്നു..

അന്ന് ഞാൻ നിന്നോട് പറഞ്ഞതിനും ചെയ്തതിനും ഒക്കെ എത്ര ക്ഷമ ചോദിച്ചാലും പകരം ആവില്ലെന്ന് അറിയാം. എന്നാലും എന്റെ ഒരു സമാധാനത്തിനു വേണ്ടി പറയുന്നതാ.. i am really very sorry.. പിന്നെ ഇത്രയും നടന്നിട്ട് ഞാൻ എന്താ അയാളോട് പ്രതികരിക്കാതിരുന്നത് എന്ന് ചോദിച്ചാൽ.. ആദ്യം നിന്നോട് പറഞ്ഞിട്ട് നിന്റെ തീരുമാനം അറിഞ്ഞതിനു ശേഷം മഞ്ജു ഏട്ടത്തിക്ക് തെളിവ് സഹിതം കാണിച്ചു കൊടുക്കാമെന്നു കരുതി.. ആ ഫോണിൽ മഞ്ജു ഏടത്തിയുടെ നമ്പർ ഉണ്ട്.. ഇനി എന്ത് വേണമെന്ന് നീ തീരുമാനിക്കണം.. നീ എന്ത് തീരുമാനിച്ചാലും എനിക്കും കീർത്തിക്കും സന്തോഷമേയുള്ളൂ... കേട്ടതൊക്കെ വിശ്വസിക്കാൻ ആകാതെ ഞാൻ സ്തംഭിച്ചു പോയി.. പിന്നെ എനിക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യമുണ്ട്.. ഞാനും കീർത്തിയും തമ്മിൽ എന്തോ റിലേഷൻ ഉള്ളപോലെ തനിക്കു എങ്ങനെ തോന്നി എന്നതാ.. താനെന്താ അത്രക്ക് ബുദ്ധി ഇല്ലാത്ത കുട്ടിയാണോ.. ഞാൻ നിന്നെ ചീറ്റ് ചെയ്താലും കീർത്തി അതിനു കൂട്ട് നിൽക്കുമെന്ന് നിനക്ക് എങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു..

അതിന് താൻ പറഞ്ഞ കാരണങ്ങൾ തന്റെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോൾ ചിലപ്പോൾ ശരിയായിരിക്കാം.. പക്ഷേ എന്റെ അമ്മ സത്യം അങ്ങനെയൊന്നും ഞങ്ങൾ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല.. Anyway, ഇനി തന്നെ ഒരു വിധത്തിലും ശല്ല്യം ചെയ്യാൻ ഞാൻ വരില്ല.. എന്നെ താൻ സ്നേഹിച്ചില്ലെങ്കിലും താൻ അയാളുടെ വലയിൽ വീഴരുത് എന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നള്ളൂ.. ഇനി നിങ്ങൾക്കിടയിൽ ഞാൻ വരില്ല.. താനും കീർത്തിയും തമ്മിൽ തെറ്റാൻ ഞാനാണ് കാരണമെന്ന് ഓർത്തിട്ട് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിരുന്നു.. ഇപ്പോ തന്നോടെല്ലാം തുറന്നു പറഞ്ഞപ്പോ എന്ത് ആശ്വാസം ആണെന്നറിയോ.. ഇനിയും ഒരു തെറ്റിദ്ധാരണയും തന്റെ മനസ്സിൽ ഉണ്ടാകരുത്.. തന്നെ പ്രൊട്ടക്ട് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമായിരുന്നു ആ ബ്ലാങ്ക് മെസ്സേജസും മാറി നിന്നുള്ള ആ സംസാരവും ഒക്കെ.. അവന്റെ മനസ്സിലെ ഭാരമൊക്കെ ഇറക്കി അവൻ ആശ്വസിച്ചപ്പോൾ.. ചെയ്തതും ചിന്തിച്ചതും ആയ പ്രവർത്തികളോർത്തു എന്റെ മനസ്സിന്റെ ഭാരം കൂടിയ പോലെ..

എന്റെ കീർത്തിയെ എങ്ങനെ എനിക്ക് സംശയിക്കാൻ തോന്നി.. അവള് ഈ ചെയ്തതൊക്കെ എന്റെ നല്ലതിന് വേണ്ടിയല്ലേ.. എന്നിട്ടും.. ഞാനെന്താ ഒന്നും കേൾക്കാൻ തയ്യാറാവാഞ്ഞത്.. ഈശ്വരാ... എത്ര വല്യ തെറ്റാ ഞാൻ ചെയ്തത്.. കുറ്റബോധം കാരണം തല ഉയർത്തി അവനെ നോക്കാനുള്ള ധൈര്യം പോലും അന്നേരം എനിക്കില്ലായിരുന്നു... സമയം ഒരുപാട് വൈകി താൻ പോയി കിടന്നോ.. ഗുഡ് നൈറ്റ്‌.. എന്ന് പറഞ്ഞു മറുപടിക്ക് കാക്കാതെ അവൻ പോയി... ഞാൻ തല ഉയർത്തി നോക്കിയപ്പോഴേക്കും അവനൊരുപാട് ദൂരം പിന്നിട്ടിരുന്നു... അന്നത്തെ രാത്രി ഉറക്കമില്ലാത്തതായിരുന്നു.. അറിഞ്ഞും അറിയാതെയും എന്റെ ഭാഗത്ത്‌ നിന്നും വന്ന തെറ്റുകളോർത്ത്.. ക്ഷമാപണം അല്ലാതെ വേറൊരു പരിഹാരവും എത്ര ചിന്തിച്ചിട്ടും എനിക്ക് കിട്ടിയില്ല.. പിറ്റേന്ന്‌ നേരത്തെ തന്നെ സ്കൂളിലേക്ക് പോയി.. ആദ്യം കീർത്തിയെ ശ്വാസം മുട്ടുന്നവരെ കെട്ടിപിടിക്കണം അതു കഴിഞ്ഞു വേണം സോറി പറയാൻ.. ഒരുപക്ഷേ അവള് ജാഡ കാണിച്ചിരുന്നാൽ കാലേൽ വീണെങ്കിലും മാപ്പ് പറയണം.. എന്നൊക്കെ കുറേ പ്ലാൻസ് ഉണ്ടായിരുന്നു.. പക്ഷേ, Bad luck.. അവൾ ക്ലാസ്സിൽ വന്നില്ല.. കുട്ടികൾ പറഞ്ഞാ അറിഞ്ഞേ.. ഇന്നലെ അബദ്ധത്തിൽ അവളുടെ മിസ്റ്റേക്ക് കാരണം ആണ് ഞാൻ വീണതെന്ന്, അവള് തന്നെ ടീച്ചേഴ്സിനോട് പറഞ്ഞു..

അവരും ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയായിരുന്നല്ലോ.. അത്രക്ക് മതിപ്പാണല്ലോ ടീച്ചേഴ്സിന് അവളോട്.. അവളെ പ്രിൻസിയുടെ മുന്നിൽ കുറ്റവാളിയെ പോലെ കൊണ്ടു പോയി നിർത്തി... ടീച്ചേഴ്സിന്റെ ആവേശം കണ്ടപ്പോൾ പ്രിൻസിക്കും ഒരു മോഹം വീട്ടിൽ നിന്ന് പേരെന്റ്സിനെ വിളിപ്പിക്കാൻ.. അങ്ങനെ പാവം കീർത്തിയുടെ അമ്മ സുനിതാന്റി സ്കൂളിലേക്ക് വന്നതും ചക്ക കൂട്ടാനിൽ ഈച്ച പൊതിയുന്ന പോലെ ടീച്ചേർസ് ആന്റിക്ക് ചുറ്റും കീർത്തിയുടെ ലീലാവിലാസങ്ങൾ അവതരിപ്പിച്ചു... നമ്മുടെയൊക്കെ അമ്മമാരെ പോലെ റഫ് ആൻഡ് ടഫ് അമ്മ അല്ലല്ലോ കീർത്തിയുടെ അമ്മ.. അതുകൊണ്ട് അവര് ഒരു ചെവിയിൽ കൂടി കേട്ട് മറ്റൊരു ചെവിയിൽ കൂടി അതൊക്കെ പുറത്തോട്ട് വിട്ട് കീർത്തിയെ സൈറ്റ് അടിച്ചു കാണിച്ചു ആ സീൻ വിജയിപ്പിച്ചു... ************* മുട്ടിനു താഴെ ഇറക്കമുള്ള ഒരു ഷോർട് ഉം ഒരു ടീ ഷർട്ടും ഒക്കെ ഇട്ട് ഒരു കൈയ്യിൽ അല്ലുവും മറ്റേ കൈയ്യിൽ ലെയ്സ് പാക്കറ്റും ഒക്കെ ആയി സോഫയിൽ ചമ്രം പടിഞ്ഞിരുന്നു ടീവി കാണുന്ന തിരക്കിലായിരുന്നു കീർത്തി.. അതിനിടയിൽ ആരോ കാളിങ് ബെല്ലടിച്ചു... മനുഷ്യനെ ടീവി കാണാനും സമ്മതിക്കാതെ ആരാ ഇപ്പോ ഈ നേരത്ത് എന്ന് പുലമ്പി കൊണ്ട് കീർത്തി പോയി ഡോർ തുറന്നതും എപ്പോഴുമുള്ള ആ സ്ഥായി ഭാവം.. കൈയ്യും കെട്ടി ഒരു പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നു "പ്രവീൺ സാർ.. "........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story