ഉണ്ണിയേട്ടൻ: ഭാഗം 25

unniyettan

രചന: സനാഹ് ആമിൻ

"എവിടെടി ഫോൺ"... എന്ന് ചോദിച്ചു വീണ്ടും അടിക്കാനായി കൈ പിന്നിലേക്ക് വലിച്ചതും ആരോ തന്റെ കൈയ്യിൽ പിടിച്ചു തടഞ്ഞത് പോലെ.. അയ്യാൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ദേഷ്യത്തോടെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നു രൂപേഷ്. "നീയെന്താ ഇവിടെ..? " അയാൾ സംശയത്തോടെ പുരികം ഉയർത്തി ചോദിച്ചുവെങ്കിലും ആ ചോദ്യത്തേ നിരസിച്ചു കൊണ്ട് അവൻ നോക്കിയത് രേവു നെ ആയിരുന്നു.. അയ്യാളുടെ വലതു കൈ അവളെ താങ്ങി പിടിച്ചിരിക്കുന്നു.. അവളുടെ മിഴികൾ പാതി അടഞ്ഞിരുന്നു എങ്കിലും രൂപേഷിനെ കണ്ടതോടെ അവൾ പ്രതീക്ഷയോടെ അവനെ നോക്കി.. അവളുടെ കൺകോണിലൂടെ കണ്ണീർ ഒഴുകി കൊണ്ടിരുന്നു... അതു കണ്ടു അവന്റെ ചങ്ക് ഒന്ന് പിടഞ്ഞു.. അവന്റെ നോട്ടം രേവുവിൽ ചെന്ന് എത്തിനിൽക്കുന്നത് ശ്രദ്ധിച്ച ഉണ്ണിയേട്ടൻ അവളെ അലസമായി മുന്നോട്ട് തള്ളിയതും അവൾ ഭിത്തിയിൽ ഇടിച്ചു താഴേക്ക് ഉരുണ്ടു വീണു.... ഉണ്ണിയേട്ടന്റെ ആ പ്രവർത്തിയിൽ സമനില തെറ്റിയ രൂപേഷ് " ഡാ... " എന്നലറി കൊണ്ട് അയ്യാളുടെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി..

അയ്യാൾ നിയന്ത്രണം തെറ്റി കുറച്ചു മുന്നോട്ടായി മലർന്നടിച്ചു വീണു... എന്നിട്ട് ഭ്രാന്ത് പിടിച്ച പോലെ ഓടി ചെന്നു അയ്യാളുടെ കോളറിൽ പിടിച്ചു ഉയർത്തി എഴുന്നേൽപ്പിച്ചു ചുവരിൽ ചേർത്ത് നിർത്തി നാഭിക്കിട്ടു ഒരു തൊഴിയും കൊടുത്തിട്ട് അയാളുടെ രണ്ടു കവിളിലും മാറി മാറി അഞ്ചാറടി... വീണ്ടും അടിക്കാനായി കൈ ഉയർന്നപ്പോൾ ഉണ്ണിയേട്ടന്റെ ബലിഷ്ടമായ കൈകൾ അവന്റെ രണ്ടു കൈയ്യും പിടിച്ചു കെട്ടി.. പല്ല് ഞെരിച്ചു കൊണ്ട് അവന്റെ തല ഭിത്തിയിൽ കൊണ്ട് ഇടിച്ചു... "അവളെ ഞാൻ തൊട്ടാൽ നിനക്കെന്താടാ പൊള്ളുന്നേ.. " എന്ന് ചോദിച്ചു കൊണ്ട് അവന്റെ കഴുത്തിൽ കൈ അമർത്തി... "അവളെന്റെ പെണ്ണാടാ.. അവളെ നീ തൊട്ടാൽ നിന്നെ ഞാൻ ബാക്കി വെച്ചേക്കില്ല..." എന്നലറി കൊണ്ട് സകല ശക്തിയും സംഭരിച്ചു ഒരു ചവിട്ട്.. ഉണ്ണിയേട്ടൻ ബാലൻസ് തെറ്റി ഭിത്തിയിൽ ഇടിച്ചു നിന്നു...

മൂന്നു പേരും കൂടിയുള്ള ഒത്തുകളി ആണെന്ന് ഇതെല്ലാം എന്ന് മനസ്സിലാക്കിയ ഉണ്ണിയേട്ടൻ പകയോടെ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു അവന്റെ കുത്തിന് പിടിച്ചതും രൂപേഷ് അയ്യാളുടെ കൈ തട്ടിമാറ്റി കൊണ്ട് രേവൂന്റെ നേർക്ക് ഉയർന്ന അയ്യാളുടെ വലതു കൈ പിന്നിലേക്ക് പിടിച്ചു തിരിച്ചു... അയാൾ വേദന കൊണ്ട് കുറേ നേരം അലറി.. കുറച്ചു നേരം ആ കൈകൾ പിടിവിടാതെ അവൻ അങ്ങനെ തന്നെ പിടിച്ചു.. ഒടുവിൽ അവൻ അയാളെ പിടിച്ചു താഴേക്ക് തള്ളിയിട്ടു.. അയ്യാളുടെ നെഞ്ചിൽ ഒരു കാൽ വെച്ചു ചവിട്ടി... "ഇനി അവളുടെ മേത്തെങ്ങാനും നിന്റെ വൃത്തികെട്ട കണ്ണുകൾ പതിഞ്ഞാലുണ്ടല്ലോ... പുന്നാര മോനെ.. എന്റെ ചേട്ടനെ പോലെ ഞാൻ ക്ഷമിക്കില്ല.. കൊന്ന് കൊലവിളിക്കും ഞാൻ പന്നീ..." എന്ന് പറഞ്ഞു കൊണ്ട് പുച്ഛത്തോടെ അയാളുടെ നെഞ്ചിൽ ശക്തമായി ഒന്ന് കൂടി ചവിട്ടിയിട്ട് അവൻ രേവൂന്റെ അടുത്തേക്ക് ഓടി... രേവു നിലത്ത് ബോധമില്ലാതെ കിടക്കുന്നു.. അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അനക്കമില്ലെന്ന് കണ്ടു അവന് കരച്ചിൽ വന്നു..

അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് വെള്ളത്തിനു വേണ്ടി ചുറ്റുമൊന്ന് നോക്കി.. ഒടുവിൽ അവൻ അടുക്കളയിലേക്ക് ഓടി... അവൻ അടുക്കളയിലേക്ക് പോയ തക്കത്തിന് ഉണ്ണിയേട്ടൻ ഒരുവിധം കഷ്ട്ടപ്പെട്ടു നിലത്ത് കൈ ഊന്നി സോഫയിൽ പിടിച്ചു കൊണ്ട് എഴുന്നേറ്റു... ശരീരത്തിൽ എവിടെയൊക്കെയോ നല്ല വേദന.. വേദന വക വെക്കാതെ അയാൾ ധൃതിയിൽ പുറത്തേക്ക് വേച്ചു വേച്ചു നടന്നു... രൂപേഷ് വെള്ളവും കൊണ്ടു വന്നു രേവൂന്റെ സമീപത്തായി നിലത്തിരുന്നു.. അവളുടെ തല തന്റെ മടിയിൽ വെച്ചിട്ട് നിറ കണ്ണുകളോടെ അവളെ നോക്കി.. ഉണ്ണിയേട്ടന്റെ കൈയ്യ് കവിളിൽ പതിഞ്ഞ പാട്... അവൻ ആ പാടിലൂടെ വിരലുകൾ ഓടിച്ചു... അവളുടെ മുഖത്ത് അലസമായി കിടന്ന മുടി ഒതുക്കി വെച്ചിട്ട് അല്പം വെള്ളം അവളുടെ മുഖത്തേക്ക് തളിച്ചു... അവൾ ഒരു ഞരക്കത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു... വീണ്ടും കുറച്ചു വെള്ളം മുഖത്ത് തളിച്ചതും അവൾ കണ്ണ് മെല്ലെ തുറന്നു... നിറ കണ്ണുകളോടെ തന്നെ നോക്കിയിരിക്കുന്ന രൂപേഷിനെ കണ്ടതും അവൾ ചാടി എണീറ്റ് അവന്റടുത്തേക്ക് പേടിയോടെ നീങ്ങി ഇരുന്നു ചുറ്റും നോക്കി...

"അയ്യാൾ പോയി... " രൂപേഷ് അവളുടെ പരിഭ്രമം കണ്ടു പെട്ടെന്ന് പറഞ്ഞു... അത് കേട്ടതോടെ അവൾ ആശ്വാസത്തോടെ ഒരു ദീർഘ ശ്വാസമെടുത്തു.. സംഭവിച്ചതൊക്കെ ഉൾകൊള്ളാൻ കഴിയാതെ അവളുടെ കണ്ണിൽ ഭീതി നിഴലിച്ചു... "ഈശ്വരാ.. രൂപേഷ് അപ്പോ വന്നില്ലായിരുന്നെങ്കിൽ.." അതോർത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു.. അവളുടെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു... അവളുടെ കണ്ണിലെ പേടിയും പരിഭ്രമവും രൂപേഷും ശ്രദ്ധിച്ചു... "രേവു... ആർ യൂ ഓക്കേ... " അവന്റെ ആ ചോദ്യം കേട്ട് അവളുടെ സകല നിയന്ത്രണവും തെറ്റി.. അവൾ ഇരുന്നു കൊണ്ട് തന്നെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... ഉള്ളിലടക്കി വെച്ചിരുന്ന പേടിയും സങ്കടവുമെല്ലാം ഒരു പൊട്ടിക്കരച്ചിലായി.. അവൾ തന്നെ ഇറുക്കെ പിടിച്ചു ഏങ്ങലടച്ചു കരയുന്നത് അവനിലും ഒരു അസ്വസ്ഥത സൃഷ്ട്ടിച്ചു.. അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ അവനും കുഴങ്ങി... എത്രയോ നേരമവൾ അങ്ങനെ തന്നെ ഇരുന്നു കരഞ്ഞു..

അവന് അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിക്കാൻ തോന്നി എങ്കിലും ഉയർത്തിയ കൈ അവൻ പിൻവലിച്ചു.. "അയ്യാളടിച്ചത് ഇപ്പോഴും വേദനിക്കുനുണ്ടോ..? " എന്ന രൂപേഷിന്റെ ചോദ്യമാണ് താനെന്താ ചെയ്യുന്നത് എന്ന ബോധം അവളിൽ ഉണ്ടാക്കിയത്.. അവൾ വേഗം അവനിൽ നിന്നും അടർന്നു മാറി തല കുനിച്ചിരുന്നു.. "വേദനിക്കുന്നുണ്ടോ.. " അവളുടെ താടി തുമ്പുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു... അവൾ ഇല്ല എന്നു രണ്ട് സൈഡിലേക്കും തല ചലിപ്പിച്ചു.. "ഇല്ലേ...? ശ്ശേ.. ഇങ്ങേര് ഇതെന്ത് ഉണ്ണാക്കൻ ആണ്.. എന്തയാലും അടിച്ചു അപ്പോ ഒന്ന് നോവുന്ന പോലെ അടിച്ചൂടായിരുന്നോ... " അവൻ താടിക്ക് കൈയ്യും വെച്ചു പരാതി പറയും പോലെ പറഞ്ഞിട്ട്, രേവൂന്റെ മുഖത്തേക്ക് നോക്കി.. അവൾ കണ്ണുകൾ ഉരുട്ടി കൊണ്ട് അവനെ തറപ്പിച്ചു നോക്കിയിരിക്കുന്നു.. അവളുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവന് ചിരി വന്നു.. ഈ കാണുന്ന ദേഷ്യവും വാശിയും അല്പം എടുത്തു ചാട്ടവും മാത്രമേയുള്ളൂ.. ശരിക്കും ഇവൾക്ക് കൊച്ചുകുട്ടികളുടെ സ്വഭാവമാ എന്നവൻ ഓർത്തു..

"എന്റെ പൊന്നു രേവൂ.. നീ ഇങ്ങനെ കണ്ണുരുട്ടല്ലേ.. അതുരുണ്ട് താഴേക്കെങ്ങാനും വീഴും.. " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.. അതു കേട്ട് അവളുടെ കപട ഗൗരവം മറ നീക്കി കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ പതുക്കെ എണീറ്റിട്ടു അവൾക്ക് നേരേ കൈ നീട്ടി.. ഒരു നിമിഷം എന്തോ ചിന്തിച്ചിട്ട് അവളും അവന്റെ കൈയ്യിൽ പിടിച്ചു എണീറ്റു... മുതുകും കാലും എവിടെയോ മിന്നി പിടിച്ചത് പോലെ അവൾക്ക് നടക്കാൻ എന്തോ അസ്വസ്ഥത തോന്നി.. അവളുടെ മുഖത്തെ അസ്വസ്ഥത കണ്ടു അവന് കാര്യം മനസ്സിലായ പോലെ അവൻ അവളുടെ തോളിൽ കൈയ്യിട്ട് തന്റൊപ്പം നടത്തിച്ചു പതുക്കെ അവളെ സോഫയിൽ കൊണ്ടിരുത്തി... എന്നിട്ട് ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ചു അവൾക്ക് കൊടുത്തു.. അവളത് ഒറ്റവലിക്ക് കുടിച്ചു... അവനും സോഫയിൽ അവൾക്ക് സമീപത്തായി വന്നിരുന്നു... കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല... "താനെങ്ങനെയാ കറക്റ്റ് സമയത്ത് തന്നെ വന്നേ..? " അവൾ ആശ്ചര്യത്തോടെ അവനെ നോക്കി

"മ്മ്.. ഇന്നലെ രാത്രി കീർത്തി വിളിച്ചിരുന്നു.. അയ്യാൾ അവളെ വഴി തടഞ്ഞു വല്യ ഡയലോഗ് അടിച്ചു പേടിപ്പിക്കാൻ നോക്കി.. അന്നേരമവൾ ഫോണിന്റെയും മെസ്സേജിന്റെയും കാര്യമൊക്കെ പറഞ്ഞാ അവനെ ഭീഷണി പെടുത്തിയതെന്നും.. അയ്യാളുടെ സ്വഭാവം വെച്ചു നോക്കിയാൽ തീർച്ചയായും ആ ഫോൺ തിരക്കി നിന്റടുത്തു വരുമെന്ന് എനിക്കും തോന്നി അതുകൊണ്ടാ അയ്യാളെ ഒന്ന് ഫോളോ ചെയ്തേ..." "താനപ്പോ വന്നില്ലായിരുന്നെ..........." അവളെ ബാക്കി പറയാൻ അനുവദിക്കാതെ അവൻ ഇടക്ക് കയറി അവളുടെ അച്ഛന്റെ നമ്പർ ചോദിച്ചു... അവളത് പറഞ്ഞു കൊടുത്ത ഉടനെ തന്നെ അവൻ ആ നമ്പറിലേക്ക് വിളിച്ചു രേവൂന്റെ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു.. ഇപ്പോ പേടിക്കാൻ ഒന്നുമില്ലെന്നും അവൾ സേഫ് ആണെന്നും പ്രത്യേകം എടുത്തു പറഞ്ഞു അയാളെ സമാധാനിപ്പിച്ചാണ് ഫോൺ വെച്ചത്.. കേട്ട പാതി കേൾക്കാത്ത പാതി രേവൂന്റെ അച്ഛൻ ദീപയെയും വിളിച്ചു കൊണ്ട് അപ്പോ തന്നെ വീട്ടിലേക്ക് തിരിച്ചു... അവൻ കീർത്തിയേം വിളിച്ചു കാര്യം പറഞ്ഞു..

ഏതാണ്ട് പതിനഞ്ചു മിനിട്ടിനുള്ളിൽ തന്നെ കീർത്തിയും സുനിതയും നീലുവും അവിടെത്തി.. കീർത്തിയെ കണ്ട ഉടൻ രേവു ഓടിചെന്നവളെ കെട്ടിപിടിച്ചു കരഞ്ഞു.. കീർത്തിയും സുനിതയും കൂടി രേവൂനേ ആശ്വാസ വാക്കുകൾ പറഞ്ഞു സമാധാനിപ്പിച്ചു... അവരവിടെ സംസാരിച്ചു ഇരുന്നപ്പോൾ തന്നെ രൂപേഷ് അവന്റെ വീട്ടിൽ വിളിച്ചു കാര്യങ്ങളൊക്കെ അറിയിച്ചു... ഉണ്ണിയേട്ടന്റെ ഭാര്യ മഞ്ചുഷയേം വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.. അവൾക്ക് അതു വല്യ ഷോക്ക് ആയിരുന്നു അവൾ വിശ്വസിക്കാൻ ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലാക്കി... തന്നെയും ഉണ്ണിയേട്ടൻ കബളിപ്പിച്ചു എന്ന തിരിച്ചറിവുണ്ടായതോടെ മഞ്ചുഷ സ്വന്തം വീട്ടിലേക്ക് പോയി... രേവൂന്റെ അച്ഛനും അമ്മയും വീട്ടിലേക്കു വന്നു.. ഉണ്ണിയേട്ടന്റെ കൈയ്യിൽ നിന്നും രേവൂ നെ രക്ഷിച്ചതിനു അവർ അവനോട് നന്ദിയൊക്കെ പറഞ്ഞു.. ഒടുവിൽ ഉണ്ണിയേട്ടന്റെ പേരിൽ സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുക്കാനും തീരുമാനിച്ചു.. കാര്യങ്ങളൊക്കെ പതുക്കെ പതുക്കെ ഉണ്ണിയേട്ടന്റെ ബന്ധുക്കളൊക്കെ അറിയാൻ തുടങ്ങി..

അവർ രൂപേഷിന്റെയും രേവൂന്റെ അച്ഛന്റെയും നമ്പറിൽ വിളിച്ചു കേസ് കൊടുക്കാതെ ഒതുക്കി തീർക്കാൻ നിർബന്ധിച്ചെങ്കിലും അവരത്‌ വക വെച്ചില്ല... കാര്യങ്ങൾ കൈവിട്ടു പോയത് ഉണ്ണിയേട്ടനും അറിഞ്ഞു.. വീട്ടിൽ കേറി മൈനർ ആയ പെൺകുട്ടിയെ ആക്രമിച്ചത് കേസ് ആയാൽ താൻ പിന്നെ ഈ അടുത്തൊന്നും പുറം ലോകം കാണില്ലന്ന് അയാൾക്കും അറിയാം.. നാട്ടിലും വീട്ടിലും പോകാൻ പറ്റാത്ത അവസ്ഥ.. പോലിസ്കാരുടെ കൈയ്യിൽ പെട്ടാൽ അവർ തന്നെ പഞ്ഞിക്കിട്ടു വെയിലത്തു ഉണക്കാൻ വെക്കുമെന്നും പുള്ളിക്കാരന് ബോധ്യമുണ്ടായി.. സോ.. മുങ്ങൽ അല്ലാതെ വേറെ വഴിയില്ല അയ്യാൾ മുങ്ങി.... രൂപേഷും കുടുംബത്തിലെ എതിർപ്പൊക്കെ വക വെക്കാതെ പൂർണ്ണ പിന്തുണയുമായി കൂടെ തന്നെ ഉണ്ടായിരുന്നു.. അന്ന് തന്നെ രേവൂന്റേം അച്ഛന്റേം കൂടെ സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുക്കാനും മറ്റും കൂടെ തന്നെ നിന്നു.. എല്ലാം കഴിഞ്ഞു രാത്രിയാണ് അവർ വീട്ടിലേക്ക് വന്നത്... ആ സംഭവത്തിൽ രേവു നന്നായി പേടിച്ചു.. അതുകൊണ്ടാകും പിറ്റേന്ന്‌ തന്നെ അവൾക്ക് പനിയും പിടിച്ചു..

മൂന്നാലു ദിവസം അങ്ങനെ പോയി ഈ ദിവസങ്ങളിലെല്ലാം കീർത്തി പകല് മുഴുവൻ നിഴലുപോലെ രേവൂന്റെ കൂടെ തന്നെ ഉണ്ടായിരുന്നു... ഈ ഒരു അവസ്ഥയിൽ രൂപേഷിന്റെ ഡൽഹി യാത്രയും നടന്നില്ല അവനത് ഒരു ആഴ്ചത്തേക്ക് കൂടി postponed ചെയ്തു.... ജനിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചിട്ടു പോയ രേവൂന്റെ അച്ഛനെയും അമ്മയെയും പറ്റി പറഞ്ഞു അവളുടെ മനസ്സിനെ മുറിവേൽപ്പിച്ച രൂപേഷിനോട്, ഒരു ചെറിയ നീരസം അന്നേ രേവൂന്റെ അച്ഛന് തോന്നിയിരുന്നു.. പക്ഷേ, ഈ സംഭവത്തോടെ അതില്ലാതായി.. ഇപ്പോൾ അച്ഛനും അമ്മയ്ക്കും അവനെ പറ്റി നല്ല മതിപ്പാണ്.... അങ്ങനെ കാര്യങ്ങളൊക്കെ ഏതാണ്ട് കെട്ടടങ്ങി... സംഭവ ബഹുലമായ ആ ഒരാഴ്ച്ച അങ്ങനെ അതിവേഗം കടന്നു പോയി.. പിറ്റേന്നത്തെ പൊൻപുലരി അവർക്ക് വേണ്ടി പൊട്ടി വിടർന്നു... ഒരാഴ്ചക്ക് ശേഷം രേവുവും കീർത്തിയും പഴേത് പോലെ സ്കൂളിലേക്ക് പോയി...

രേവു വഴിയിൽ വെച്ചു തന്നെ ശ്രദ്ധിച്ചു കീർത്തിയുടെ മുഖത്തെ ടെൻഷൻ.. എന്താ കാര്യമെന്ന് ചോദിച്ചിട്ടും ഒന്നുമില്ലെന്നു ചുമല് കൂച്ചി കാണിച്ചു... ഒടുവിൽ ക്ലാസ്സിൽ എത്തിയപ്പോൾ ആണ് പ്രവീൺ സാറിന്റെ പ്രൊപോസൽ സീൻ അവൾ വിസ്ത്തരിച്ചു പറഞ്ഞത്... കേട്ടതൊക്കെ വിശ്വസിക്കാൻ ആകാതെ രേവു കീർത്തിയെ തന്നെ മിഴിച്ചു നോക്കിയിരുന്നു... "എന്നിട്ട് നീ എന്ത് തീരുമാനിച്ചു... " രേവു ജിജ്ഞാസയോടെ കീർത്തിയെ നോക്കി... "ഞാൻ എന്ത് തീരുമാനിക്കാൻ.. എനിക്കീ ലവ്വിലൊന്നും ഇൻട്രസ്റ്റ് ഇല്ലെന്ന് നിനക്കും അറിയുന്നതല്ലേ.. " "ഹ്മ്മ് അതിനു സാർ നിന്നെ പ്രേമിക്കാൻ അല്ലല്ലോ വീട്ടിലേക്ക് കെട്ടി കൊണ്ടു പോട്ടേ എന്നല്ലേ ചോദിച്ചേ..? " "എന്റെ പൊന്ന് മന്ദബുദ്ധി രേവൂ.. പ്രേമം ആയോണ്ട് അല്ലേ കെട്ടുന്ന കാര്യം പറഞ്ഞേ..? " "ഓഹ് അങ്ങനെ ആണോ.. അപ്പോ നീ സാറിനോട് നോ പറയാൻ പോവാണോ.. " "സാർ ഇന്ന് തന്നെ മറുപടി പറയണം എന്ന് പറഞ്ഞില്ലല്ലോ... ആലോചിച്ചു പറഞ്ഞാൽ മതി എന്നല്ലേ പറഞ്ഞേ.. " "എന്നാ പിന്നെ നീ ആലോചിക്ക്.. " "പക്ഷേ അതുവരെ അങ്ങേരുടെ മുഖത്ത് എങ്ങനെ നോക്കും.. എനിക്ക് എന്തോ ഭയങ്കര ചമ്മൽ തോന്നുന്നു.. "

"അയ്യടാ.. ചമ്മല് തോന്നുന്ന ഒരാള്.. നീ വല്യ നിഷ്കു ആവാൻ നോക്കല്ലേ.. നീ എങ്ങനെയാ പണ്ട് അയാളെ നോക്കി ഇരുന്നതെന്നു എനിക്കറിയാം..." "നിനക്ക് എന്ത് അറിയാമെന്ന്... " "ആദ്യമായിട്ട് സാർ ക്ലാസ്സിൽ വന്നതിന്റെ അന്ന് സാറിന്റെ വായും നോക്കി നീ ഇരുന്നത് ഞാനും കണ്ടതാ.. " "ഓ അതോ.. അതുപിന്നെ കാണാൻ കൊള്ളാവുന്ന ആരെ കണ്ടാലും ഞാൻ നോക്കും.. ഒരു ദർശന സുഖം അത്രേയുള്ളൂ.. അതിനു പ്രേമം എന്നൊന്നും അർത്ഥമില്ല ഒന്നൂല്ലെങ്കിലും അയാളെന്റെ അദ്ധ്യാപകൻ അല്ലേ... " "ഉവ്വുവ്വേ.. ആണുങ്ങൾ പോലും നാണിച്ചു പോകുന്ന അമ്മാതിരി നോട്ടമാ അന്ന് നീ നോക്കിയേ.. നിന്റെ ആ നോട്ടം സാറും കണ്ടു കാണും.. അതാ ഇപ്പോ പ്രൊപ്പോസ് ചെയ്തേ... " "അന്ന് ഞാൻ മാത്രമാണോ നോക്കിയേ.. ഈ ക്ലാസ്സിലെ എല്ലാ അവളുമാരും അങ്ങേരുടെ വായും നോക്കി അല്ലേ ഇരുന്നേ.. നീയുൾപ്പെടെ... " രേവു ഒന്ന് ഇളിച്ചു കാണിച്ചു.... "അതുപിന്നെ എന്ത് സ്റ്റൈൽ ആയിട്ടാ സാർ അന്ന് വന്നേ.. അപ്പോ പിന്നെ ഓട്ടോമാറ്റിക്കലി ഞാനും ഒന്ന് നോക്കി.. " രേവു പറഞ്ഞൊപ്പിച്ചു...

അതുപറഞ്ഞപ്പോഴാ കീർത്തി സാറിന്റെ അന്നത്തെ ആ സ്റ്റൈലൻ എൻട്രിയെ പറ്റി ചിന്തിച്ചത്... ഏതാണ്ടൊരു നാല് മാസം മുൻപ് ആണ് സംഭവം.. ഞങ്ങളുടെ ഇംഗ്ലീഷ് ടീച്ചർ റബേക്ക മിസ്സിനു പകരം വന്നതാണ് പ്രവീൺ സാർ.. അന്ന് സാർ ക്ലാസ്സിലേക്ക് വരുമ്പോ ആ നുണക്കുഴി ഒക്കെ തെളിഞ്ഞു കാണുന്ന പോലെ ഒരു പുഞ്ചിരിയും ആയിട്ടാ വന്നത്.. സാറിനെ കണ്ടപ്പോൾ ക്ലാസ്സിലെ സകല പെൺപിള്ളേരുടേം മനസ്സിൽ അഞ്ചാറു ലഡ്ഡു ഒരുമിച്ച് പൊട്ടിയ പോലെ ഒരു സന്തോഷം... നല്ല അടിപൊളിയായി ട്രിം ചെയ്ത കട്ട താടി അത്യാവശ്യം നല്ല നിറം ലൈറ്റ് ബ്രൗൺ കണ്ണ് പിന്നെ സംസാരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണ കുഴി സത്യം പറഞ്ഞാൽ ആർക്കും ഒന്ന് നോക്കിയിരിക്കാൻ തോന്നിപ്പോവും.. അങ്ങനെ എല്ലാരും നോക്കിയ കൂട്ടത്തിൽ താനും ഒരല്പനേരം കൂടുതൽ നോക്കി അത്രേയുള്ളൂ... അതിനു ശേഷം അങ്ങനെ നോക്കിയിട്ടൊന്നും ഇല്ല... പക്ഷേ, സാർ എപ്പോഴാ തന്നെ നോട്ടമിട്ടതെന്നു ഒരു ഐഡിയയും ഇല്ലല്ലോ.. നഖം കടിച്ചു അതും ചിന്തിച്ചു ഇരുന്നപ്പോഴേക്കും സാർ ക്ലാസ്സിലേക്ക് വന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story