ഉണ്ണിയേട്ടൻ: ഭാഗം 26 || അവസാനിച്ചു

unniyettan

രചന: സനാഹ് ആമിൻ

സാർ ക്ലാസ്സിലേക്ക് വന്നതും ചമ്മലാണോ ടെൻഷൻ ആണോ എന്ന് എടുത്തു പറയാൻ പറയാൻ പറ്റാത്ത വല്ലാത്തൊരു എക്സ്പ്രഷൻ ആയിരുന്നു കീർത്തിക്ക്.. രേവു ഒളികണ്ണിട്ട് നോക്കിയപ്പോൾ കീർത്തിയിരുന്നു ഞെരിപിരി കൊള്ളുന്നു.. അതുകണ്ടു രേവൂന് ചിരി പൊട്ടി.. അവൾ ചിരിക്കുന്നത് കണ്ട് കീർത്തിക്ക് ദേഷ്യം വന്നു.. മിണ്ടാതിരിക്കെടി പട്ടി എന്ന് ചെവിയിൽ പറഞ്ഞിട്ട് അവളുടെ കാലിലൊരു ചവിട്ടും കൊടുത്തു... സാർ ക്ലാസ്സ്‌ എടുക്കുമ്പോഴും ഇടക്കിടക്ക് കീർത്തിയെ നോക്കുന്നുണ്ട്.. സാർ നോക്കുമ്പോഴെല്ലാം ആ നോട്ടം നേരിടാനാവാടതെ കീർത്തി മുഖം മാറ്റി കളയും... ഒടുവിൽ പീരീഡ് കഴിഞ്ഞു സാർ പോകുന്നതിന് മുൻപ് കീർത്തിയെ നോക്കി ഒരു പുഞ്ചിരി കൊടുത്തിട്ടാണ്‌ പോയത്.. ആ ചിരിയും കൂടി കണ്ടതോടെ കീർത്തി ആകെ വിളറി പോയി... ഭഗവാനെ.. എത്രയോ ഇടി ചുമ്മാ വെട്ടി പോകുന്നു............ അവൾ പരിതപിച്ചു പറഞ്ഞു... ഒരു സോഡ എടുക്കട്ടെ..? കീർത്തിയുടെ ക്ഷീണം കണ്ട് രേവു കളിയാക്കി...

ഒന്ന് കൊണ്ടൊന്നും ഒന്നും ആവൂല മോളേ.. ഒരു മൂന്നാലെണ്ണം ഒറ്റവലിക്കു കുടിക്കണം.. അവൾ തളർച്ചയോടെ പറഞ്ഞു... അപ്പോഴേക്കും അടുത്ത പീരീഡിനുള്ള ടീച്ചർ ക്ലാസ്സിലേക്ക് വന്നു... ആ ക്ലാസ്സിലിരിക്കുമ്പോഴും പ്രവീൺ സാറിന്റെ നോട്ടവും ചിരിയും എല്ലാമായിരുന്നു കീർത്തിയുടെ മനസ്സിൽ.. അതൊക്കെ ഓർത്തിട്ട് അവൾക്ക് തല ചൂടാവുന്ന പോലെ തോന്നി.. "ഇതിങ്ങനെ പോയാൽ ശരിയാവില്ല..." അവൾ ആത്മഗതം എന്നപോലെ പറഞ്ഞു... പിന്നങ്ങോട്ട് കീർത്തിയുടെ മുഖം ഭയങ്കര ഗൗരവത്തിൽ ആയിരുന്നു.. ഇന്റർവെൽ ടൈമിലും സീരിയസ് ആയ എന്തോ ചിന്തയിൽ ആയിരുന്നു.. രേവു എന്താ കാര്യമെന്ന് ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല.. ഒടുവിൽ ലഞ്ച് ബ്രേക്കിൽ രേവൂന്റെ കൈയ്യും പിടിച്ചു വലിച്ചോണ്ട് ഓഫീസ് റൂമിലേക്ക് പോയി.. "എടി എന്താ കാര്യം.. ഇവിടെന്തിനാ വന്നേ...? "

"ശ്.. മിണ്ടാതിരിക്ക് " എന്ന് പറഞ്ഞോണ്ട് അവൾ അകത്തേക്ക് എത്തി നോക്കി.. "അങ്ങേരെ ഇവിടെ കാണുന്നില്ല.. " അവൾ നിരാശയോടെ രേവൂനെ നോക്കി.. "ആരെ..? " "പ്രവീൺ സാറിനെ.. " "സാറിനെ കണ്ടിട്ട് എന്തിനാ.. "? അവൾ ചോദ്യഭാവത്തിൽ കീർത്തിയെ നോക്കി.. "സാറായി പോയി അല്ലേൽ അന്ന് തന്നെ അയ്യാളുടെ മോന്തയുടെ ഷേപ്പ് ഞാൻ മാറ്റിയേനെ.. ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിനിയോട് ഇങ്ങനൊക്കെ ചെയ്യാൻ പാടുണ്ടോ..? അങ്ങേരുടെ കണ്ണ് എന്തൊരു ഷാർപ്പാന്നു അറിയോ..... ക്ലാസ്സിലിരുന്നു എജ്ജാതി നോട്ടമാ നോക്കിയത്.. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല... ഇന്ന് അയ്യാളുടെ ആ കണ്ണ് രണ്ടും കുത്തി പൊട്ടിക്കണം.. അവൾ അരിശത്തോടെ പറഞ്ഞിട്ട് രേവൂനെ നോക്കിയതും.. അവൾ എന്തോ കണ്ടു പേടിച്ച പോലെ തറഞ്ഞു നിൽക്കുന്നു.. രേവു നോക്കുന്നിടത്തേക്ക് കീർത്തി നോക്കി... ഞെട്ടിപ്പോയി..

എല്ലാം കേട്ടോണ്ട് പ്രവീൺ സാർ കൈയ്യും കെട്ടി ഗൗരവത്തോടെ നിക്കുന്നു.. "സുബാഷ്..." "ഇനി ഏത് വഴിക്കോടും.." അവൾ തല ചരിച്ചു രേവൂനെ നോക്കി.. അവൾ കീർത്തിയെ പാളി നോക്കികൊണ്ട് ഓടാം എന്ന് കണ്ണ് കൊണ്ട് സിഗ്നൽ കൊടുത്തു... പിന്നെ ഒന്നും ചിന്തിച്ചില്ല.. "ഓടിക്കോ" എന്ന് പറഞ്ഞു കൊണ്ടവൾ രേവൂന്റെ കൈയ്യും പിടിച്ചു വലിച്ചോണ്ട് ഒരോട്ടം... അവരുടെ ഓട്ടം കണ്ട് സാറിന്റെ കപട ഗൗരവം നീങ്ങി.. അയ്യാൾ ഇളിക്ക് കൈ കൊടുത്തു ചിരിച്ചു ചിരിച്ചു അവശനായി... പെട്ടെന്നാണ് കീർത്തിയുടെ ആ വാക്കുകൾ അവന് ഓർമ്മ വന്നത്.. അതോടെ ചിരിക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ടു.. "ഉഫ്.. അവളുടെ സാറായത് ഭാഗ്യം ഇല്ലേൽ എന്റെ മോന്തേടെ ഷേപ്പ് മാറിയേനെ.." എന്ന് പറഞ്ഞോണ്ട് അവൻ ഓഫീസ് റൂമിലേക്ക് കേറി പോയി... രണ്ടും കൂടി ഓടി കിതച്ചു ക്ലാസ്സിൽ വന്നിരുന്നു... "പണിപാളി ഇനി എന്ത് ചെയ്യും.." കീർത്തി താടിക്ക് കൈയ്യും കൊടുത്ത് രേവൂനെ നോക്കി..

"ഇനി ഒന്നും ചെയ്യാനില്ല.. പോയി പുള്ളീടെ കാലിൽ വീഴ്.... " "ഈ സമയത്തും നീ ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത വർത്താനം പറയല്ലേ രേവൂ... " "ശ്ശെടാ.. ഇതിപ്പോ അവിടുന്നും പോയാ.. അല്ല നീ എന്തിനാ അങ്ങേരെ കാണാൻ പോയെ..?" "അതുപിന്നെ.. അയ്യാൾ ഇങ്ങനെ നോക്കേം ചിരിക്കേം ഒക്കെ ചെയ്യുമ്പോ എനിക്ക് എന്തോപോലെ.. എക്സാമിന് ഇനി നാല് മാസമല്ലേയുള്ളൂ.. ഈ നേരത്ത് ഇങ്ങനൊക്കെ ചെയ്താൽ എന്റെ കോൺസെൻട്രഷൻ തെറ്റില്ലേ.. എനിക്ക് വല്ലതും പഠിക്കാൻ പറ്റുമോ.. അതുകൊണ്ടാ അത് എടുത്തു പറഞ്ഞു മനസ്സിലാക്കിക്കാൻ പോയെ.. " ആഹ് ബെസ്റ്റ്.. എന്നിട്ടാണോ അവിടെ നിന്ന് അയാളുടെ കണ്ണ് കുത്തി പൊട്ടിക്കുമെന്നും മോന്തേടെ ഷേപ്പ് മാറ്റുമെന്നും ഒക്കെ തള്ളി മറിച്ചേ. " "അതു പിന്നെ ഒരു ആവേശത്തിന് പറഞ്ഞു പോയതാ.. അയാളപ്പോ അവിടെ വന്നു നിക്കുമെന്ന് എനിക്കറിയോ. നിനക്കെങ്കിലും ഒരു സിഗ്നൽ തരായിരുന്നു.. "

"ഓഹ് പിന്നേ.. സാറിനെ കണ്ടപ്പോൾ തന്നെ എന്റെ കൈയ്യും കാലും വിറച്ചു ശബ്ദവും പുറത്തേക്ക് വന്നില്ല.. പിന്നെ എങ്ങനെ നിനക്ക് സിഗ്നൽ തരാനാണു. " "ഇനീപ്പോ എന്ത് ചെയ്യും.. " "ഒന്നും ചെയ്യാനില്ല.. ആദ്യം ഒരു സോറി പറയ്‌.. എന്നിട്ട് നൈസ് ആയിട്ട് കാര്യം അവതരിപ്പിക്ക്.. " അവൾ ശരിയെന്ന് തല കുലുക്കി സമ്മതിച്ചു.. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോകാൻ വേണ്ടി പ്രവീൺ ബൈക്ക് എടുക്കാൻ വന്നതും, ആരോ ചുമക്കുന്ന സൗണ്ട്. തിരിഞ്ഞു നോക്കിയപ്പോൾ കീർത്തി... ഒരുലോഡ് നിഷ്കളങ്കതയും വാരി വിതറി കൊണ്ടുള്ള അവളുടെ ആ നില്പ് കണ്ടതും അവന് നല്ല ചിരി വന്നു. പക്ഷേ അതു പുറത്തു കാണിക്കാതെ, പരിഭ്രമത്തോടെ ചുറ്റും നോക്കുന്ന പോലെ കാണിച്ചിട്ട് പേടിയോടെ കീർത്തിയെ നോക്കി... അവന്റെ പരിഭ്രമവും പേടിയും കണ്ടതോടെ കീർത്തി പാളി പോയി.. "എന്താ.. എന്തു പറ്റി സാർ...? " "അല്ല.. താനിപ്പോ എന്തിനാ വന്നേ കണ്ണ് കുത്തി പൊട്ടിക്കാനോ അതോ എന്റെ ഷേപ്പ് മാറ്റാനോ... " ആക്കിയതാണെന്ന് മനസ്സിലായപ്പോൾ അവളുടെ മുഖത്ത് വളിച്ച ഒരു ചിരി വിരിഞ്ഞു.. "സോറി സാർ.. അത്... ഞാൻ...... " ബാക്കി പറയാതെ അവൾ ചമ്മലോടെ നിന്നു... അവളുടെ ചമ്മിയ മുഖം കണ്ട്‌ അവൻ വന്ന ചിരി കടിച്ചു പിടിച്ചു നിന്നു...

"സോറി ഒന്നും വേണ്ട. ആദ്യം ഇത് പറ.. താൻ എന്തിനാ എന്റെ കണ്ണ് കുത്തി പൊട്ടിക്കാൻ വന്നേ..? " അവളുടെ കണ്ണുകളിൽ തന്നെ നോക്കി അവൻ ചോദിച്ചു... അവന്റെ നോട്ടത്തിൽ പതറി പോയ കീർത്തി ഉത്തരം മുട്ടി നിന്നു.. ഭഗവാനെ ഇങ്ങേര് പിന്നേം ഇങ്ങനെ നോക്കുന്നത് മനുഷ്യനെ കൊല്ലാൻ ആണോ.. അവൾ മൈൻഡ് വോയ്‌സിൽ വിലപിച്ചു.. "പറേടോ.. " "അത്... അത്പിന്നെ... " അവൾ ബാക്കി പറയാതെ നിന്ന് പരുങ്ങി.. "എന്റെ കണ്ണ് അത്രക്ക് ഷാർപ്പ് ആണോ..? " അവന്റെ അടുത്ത ചോദ്യത്തിൽ അവൾ ഞെട്ടി.. ഈ കാലമാടൻ ഇങ്ങനെ ചോദിച്ചാൽ ഞാൻ എന്താ ഇപ്പോ പറയാ..എന്ന് ചിന്തിച്ചപ്പോൾ അവളുടെ മുഖത്തെ എക്സ്പ്രഷനും ഏതാണ്ടൊക്കെ ആയി.. അത് കണ്ട സാർ അവളെ ചൂഴ്ന്നു നോക്കി... അവൾ ആദ്യം അല്ല എന്ന് തല ചലിപ്പിച്ചു.. സാർ തുറിച്ചു നോക്കിയപ്പോൾ ഇളിച്ചോണ്ട് അതെ എന്ന ഭാവത്തിൽ രണ്ടു സൈഡിലേക്കും തല ചലിപ്പിച്ചു.. "അപ്പോ അത് തന്റെ മാത്രം മിസ്റ്റേക്കാ.. എന്നിട്ട് എന്റെ കണ്ണ് കുത്തി പൊട്ടിക്കാൻ വന്നേക്കുന്നു.." അവൻ ചിറികോട്ടി കൊണ്ട് പറഞ്ഞു

"ങേ.. എന്റെ മിസ്റ്റേക്കോ സാർ എന്താ പറയുന്നേ..? ഞാൻ ആണോ സാർ അല്ലേ നോക്കിയേ.." അവൾ ഒന്നും മനസ്സിലാകാതെ അവനെ മിഴിച്ചു നോക്കി.. "ഞാനോ.. ഞാനെപ്പോ നോക്കി..? " അവൻ കൈ മലർത്തി കാണിച്ചു.. "ഞാൻ കണ്ടതാ സാർ നോക്കുന്നെ.. " അവൾ തറപ്പിച്ചു പറഞ്ഞു... "ഞാൻ ക്ലാസ്സിലെ എല്ലാരേയും നോക്കിയല്ലോ അതുപോലെ തന്നെയാ തന്നെയും നോക്കിയേ.. അവർക്കൊന്നും ഒരു പരാതിയും ഇല്ലല്ലോ. പിന്നെ തനിക്കെന്താ പ്രശ്നം.. " "അവരെയൊക്കെ നോക്കിയപോലെ ആണോ.. സാർ എന്നെ കുറേ പ്രാവശ്യം നോക്കുന്നത് ഞാൻ കണ്ടതാ.. " "ഓഹോ അപ്പോ താൻ എന്നെ തന്നെ നോക്കി ഇരുന്നിട്ട് എന്നെ കുറ്റം പറയുന്നോ..? " "ഞാൻ സാറിനെ തന്നെ നോക്കി ഇരുന്നിട്ടില്ല.. സാർ കള്ളം പറയുവാ.. " "താൻ എന്നെ നോക്കാതെ, ഞാൻ.. അതും കുറേ നേരം നോക്കിയത് എങ്ങനെ കണ്ടു.. എന്റെ കണ്ണ് ഷാർപ്‌ ആണെന്ന് താൻ തന്നെയല്ലേ പറഞ്ഞത്.. ഇതുവരെ വേറെ ആരും അങ്ങനെ പറഞ്ഞിട്ടില്ല.. തനിക്കു മാത്രം അങ്ങനെ തോന്നിയെങ്കിൽ അത് തന്റെ മാത്രം മിസ്റ്റേക്ക് ആണ്..

ശ്ശെടാ.. ഇങ്ങേര് എന്തൊക്കെയാ ഈ പറയുന്നേ.. അവൾ ഒന്നും മനസ്സിലാകാതെ പിറു പിരുത്തോണ്ടു തല ചൊറിഞ്ഞു... "ഹാ അതുപോട്ടെ.. താനെന്താ പറഞ്ഞത് ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിനിയോട് ഇങ്ങനെ ചെയ്യാൻ പാടുണ്ടോ എന്ന്.. എന്താ അതിന്റെ അർഥം.. ഞാൻ എന്താ തന്നോട് ചെയ്തത്..? " ഒന്നും അറിയാത്ത പോലുള്ള അവന്റെ സംസാരം കേട്ടിട്ട് അവൾക്ക് നല്ല ദേഷ്യം വന്നു.. അവൾ ഒരുവിധം അടക്കി പിടിച്ചു നിന്നു... "അത് സാറിനു അറിയില്ലേ.. സാർ തന്നെയല്ലേ എന്റെ വീട്ടിൽ വന്നു അങ്ങനൊക്കെ പറഞ്ഞിട്ടു പോയെ.. " "ഞാൻ അതിനു തന്റെ വീട്ടില് എപ്പോഴാ വന്നേ... " അവൾ ഞെട്ടലോടെ അവനെ നോക്കി മിഴിച്ചു നിന്നു "ങേ... കഴിഞ്ഞ ആഴ്ച്ച സാർ വന്നത് മറന്നോ.. " "ഓ അതാണോ.. അത് ഞാൻ അദ്ധ്യാപകൻ ആയിട്ടല്ലല്ലോ വന്നത്.. എനിക്ക് ഇഷ്ട്ടം തോന്നിയ കുട്ടിയോട് അത് തുറന്നു പറയാൻ വന്ന വെറും ഒരു ചെറുപ്പക്കാരൻ.. " ഇങ്ങേര് ഇതെന്തൊക്കെയാ പറയുന്നത്.. അന്നേ രണ്ടടി മോന്തക്ക് കൊടുത്താൽ മതിയായിരുന്നു... ഇയ്യാളോട് മിണ്ടാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.. (കീർത്തിയുടെ മൈൻഡ് വോയിസ്‌ ആണേ )

അവൾ ദഹിപ്പിക്കുന്ന പോലെ അവനെ നോക്കി ഇങ്ങേരുടെ കൂടെ വായിട്ടലച്ചാൽ എനിക്ക് പ്രാന്ത് പിടിക്കും.. ഇവിടുന്ന് പോകുന്നതാ നല്ലത്.. സാറിനെ ഒന്ന് കൂടെ തറപ്പിച്ചു നോക്കിയിട്ട് അവൾ തിരിഞ്ഞു നടന്നു.. "കീർത്തന ഒന്ന് നിന്നെ.. " അവൾ തിരിഞ്ഞു നിൽക്കാതെ ധൃതിയിൽ നടന്നു... ഈ പെണ്ണിന്റെ ഒരു കാര്യം എന്ന് മനസ്സിൽ ചിന്തിച്ചപ്പോൾ തന്നെ പ്രവീണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കീർത്തിയുടെ പിറകേ വിട്ടു... രണ്ടുമൂന്നു ഹോൺ അടിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല .. ഒടുവിലവൻ കീർത്തിക്ക് തൊട്ടുമുന്നിലായി ബൈക്ക് സ്ലോ ആക്കി അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചിട്ട് സ്പീഡിൽ പോയി... അതും കൂടി കണ്ടപ്പോൾ കീർത്തി തലക്ക് കൈയ്യും വെച്ചു അങ്ങനെ നിന്നു... ഗേറ്റിനു വെളിയിൽ കാത്തു നിന്ന രേവു പ്രവീൺ സാർ പോകുന്നത് കണ്ട് കീർത്തിയുടെ അടുത്തേക്ക് വന്നു.. "എന്തായി.. " അവൾ ആകാംക്ഷയോടെ ചോദിച്ചു.. "എന്താകാൻ.. വാദി പ്രതിയായി " അവൾ കലിപ്പോടെ അവന്റെ ബൈക്ക് പോകുന്നിടത്തേക്ക് നോക്കി

"ങേ.. എന്ന് വെച്ചാൽ.. " "നമ്മള് കണ്ടപോലെ അല്ല. അയ്യാൾ വെറും ചൊറിയൻ തവളയാ.. സംസാരിച്ചു ജയിക്കാൻ പറ്റില്ല.. ഒരു ദിവസം അവന്റെ നാക്ക് ഞാൻ പിഴുതെടുക്കും നോക്കിക്കോ..." അവൾ പല്ല് ഞെരിച്ചു.. രേവു ഒന്നും മനസ്സിലാകാതെ കീർത്തിയെ നോക്കി.. കീർത്തി സംഭവിച്ചതൊക്കെ വിവരിച്ചു പറഞ്ഞു.. എല്ലാം കേട്ടപ്പോ രേവു താടിക്ക് കൈ വെച്ചു മിഴിച്ചു നിന്നുപോയി... "സാർ നിന്നേം കൊണ്ടേ പോകൂ എന്നാ തോന്നുന്നേ.. " രേവു നെടുവീർപ്പിട്ടു.. "ഇക്കണക്കിനു അയ്യാൾ എന്റെ കൈയ്യീന്ന് കൊണ്ടേ പോകു... " കീർത്തി അമർഷത്തോടെ പറഞ്ഞു.. കീർത്തിയുടെ ആ ഭാവം കണ്ടിട്ട് രേവൂന് ചിരി വന്നു... പ്രവീൺ സാറിന്റെ കുറ്റവും പറഞ്ഞു നടക്കുന്നതിനിടയിൽ രൂപേഷ് നാളെ പോകുമെന്ന കീർത്തിയുടെ ഓർമ്മ പെടുത്തൽ രേവൂ നെ വല്ലാതെ അസ്വസ്ഥയാക്കി... നാളെയാണ് അവൻ പോകുന്നതെന്ന് അവൾക്ക് അറിയാമെങ്കിലും കീർത്തി ഓർമ്മ പെടുത്തിയപ്പോൾ ഇനി ഒട്ടും സമയമില്ലാത്ത പോലെ അവൾക്ക് തോന്നി.. പിന്നീടങ്ങോട്ടുള്ള നടത്തത്തിൽ മൊത്തം രേവൂന്റെ കണ്ണുകൾ അവനെ തന്നെയാണ് തിരഞ്ഞത്...

കീർത്തിക്ക് പോകാനുള്ള ഇടവഴി എത്തിയപ്പോൾ രേവൂന് ഒരു ചെറിയ പ്രതീക്ഷ തോന്നി ഇവിടെ എവിടെയെങ്കിലും അവൻ തന്നെയും കാത്തു നിൽക്കുന്നുണ്ടാവും എന്ന്... അതും വെറുതെയായി.. കീർത്തി യാത്ര പറഞ്ഞു പോയിട്ടും അവൾ ഒരു നിമിഷം അവിടെ തന്നെ വെറുതേ നിന്നു.. വീട്ടിലേക്ക് കയറി ചെല്ലുമ്പോഴേക്കും ഒരു ഗദ്ഗദം അവളുടെ തൊണ്ട കുഴിക്ക് താഴെയായി സ്ഥാനം പിടിച്ചിരുന്നു... ചായ കുടിച്ചോണ്ടിരുന്നപ്പോഴാണ്... അവൻ കുറച്ചു മുൻപ് യാത്ര പറയാൻ വന്നിരുന്നു എന്ന് ദീപ പറഞ്ഞത്.. എല്ലാവരോടും യാത്ര പറഞ്ഞു തന്നോട് മാത്രം ഒരു വാക്ക്‌ പോലും പറഞ്ഞില്ലല്ലോ എന്നോർത്തു അവൾക്കു ഭയങ്കര വിഷമം തോന്നി.. പിന്നീടങ്ങോട്ട് ഒരുതരം മരവിപ്പായിരുന്നു അവൾക്ക്.. രാത്രി ആഹാരമൊക്കെ വെറുതേ കഴിച്ചെന്നു വരുത്തി തീർത്തു... അന്നത്തെ സംഭവത്തിന്‌ ശേഷം രണ്ടു പ്രാവശ്യം അവൻ വീട്ടിൽ വന്നിരുന്നു.. അപ്പോഴൊക്കെ താൻ മിണ്ടാൻ ശ്രമിച്ചപ്പോഴും അവനാണ് ഒഴിഞ്ഞു മാറിയത്... ഇന്ന് ഇവിടം വരെ വന്നിട്ട് തന്നെ കാണാൻ പോലും നിന്നില്ലല്ലോ..

എന്തിനാ അവൻ ഇങ്ങനെ ചെയ്യുന്നേ... ഒരുപക്ഷേ അവന് തന്നോട് ഉണ്ടായിരുന്ന ഇഷ്ട്ടം ഇപ്പോ ഇല്ലേ... ഇത്ര പെട്ടെന്ന് അവൻ എല്ലാം മറന്നോ... അതൊക്കെ ഓർത്തപ്പോൾ അവളറിയാതെ തന്നെ അവളുടെ കണ്ണിൽ നനവ് പടർന്നു.. അവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി 11:30 ആയി.. ഇന്നെന്തോ സമയം പതിവിലും വേഗത്തിൽ കടന്നു പോകുന്ന പോലെ.. എന്നോട് ഒരു വാക്ക്‌ പോലും മിണ്ടാതെ പോകാൻ അവന് കഴിയുമോ..? ഇല്ല അവൻ വരും.. അവൾ മനസ്സിന് ധൈര്യം കൊടുത്ത് ജനലരികിൽ അവന്റെ വരവും പ്രതീക്ഷിച്ചു നിന്നു... അന്ന് അവന്റെ മുഖത്തേക്ക് ആ ചിത്രം വലിച്ചെറിഞ്ഞു ആ ഇഷ്ട്ടം വാക്കുകളിലൂടെ അവസാനിപ്പിച്ചതാണ്.. പക്ഷേ, തന്റെ മനസ്സിൽ നിന്നും ഇതുവരെയും അത് അവസാനിപ്പിക്കാൻ തനിക്കു കഴിഞ്ഞിട്ടില്ല.. ഇഷ്ട്ടമാണ് ഇപ്പോഴും.. അവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി.. 1 മണി കഴിഞ്ഞു... പ്രതീക്ഷകളൊക്കെ അസ്തമിച്ചു.. ഇനി അവൻ വരില്ലന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. എന്നിട്ടും നെഞ്ചിൽ ഒരു വിങ്ങൽ ഒളിഞ്ഞിരിക്കുന്ന പോലെ..

വെറുതേ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ മനസ്സ് പ്രേരിപ്പിച്ചെങ്കിലും അതിനു നിന്ന് കൊടുക്കാതെ അവൾ ഉറക്കം വന്നില്ലെങ്കിലും ബെഡിൽ വന്നു കണ്ണടച്ചു കിടന്നു.. ആദ്യം അവനെ കണ്ട ആ ദിവസം അവൾക്ക് ഓർമ്മ വന്നു.. ആ കളിയാക്കലിന്റേം കൂകലിന്റേം ഇടക്ക് തന്നെ ആശ്ചര്യത്തോടെ നോക്കിയ ആ മുഖം.. അന്ന് താൻ കരുതിയില്ല ഇത്രയും നാളിനു ശേഷം അവനെയോർത്തു ഇങ്ങനെ ഉറക്കം നഷ്ട്ടപ്പെടുന്ന ഒരു രാത്രിയും തന്റെ ജീവിതത്തിൽ ഉണ്ടാകുമെന്നു... രേവൂ.. എന്നുള്ള അവന്റെ വിളി കാതിൽ കേട്ട പോലെ.. കേട്ടപാടെ ചാടി എണീറ്റു.. ജനലരികിൽ പോയി പ്രതീക്ഷയോടെ പുറത്തേക്ക് നോക്കി.. ആരുമില്ല... എനിക്ക് തോന്നിയതാണോ ഇനി.. പക്ഷേ അവിടെ അവന്റെ സാമീപ്യം ഉള്ള പോലെ.. അവൾ ഒന്നുകൂടി പുറത്തേക്ക് നോക്കി... അവിടെ ആരെങ്കിലും ഉള്ളപോലെ തോന്നുന്നില്ല...

എന്നിട്ടും മനസ്സിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല.. പുറത്ത് പോയി നോക്കാൻ മനസ്സ് വല്ലാതെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല അടുക്കളയിലേക്കോടി അവിടുത്തെ ഡോർ തുറന്നു അവിടുന്ന് പുറത്തേക്കിറങ്ങിയോടിയ ഓട്ടം ചെന്നവസാനിച്ചത് രൂപേഷിന്റെ മുന്നിൽ.. അവനെ കണ്ടതും സന്തോഷവും സങ്കടവും ഒരുപോലെ തോന്നി... നെഞ്ചിടിപ്പ് വല്ലാതെ കൂടിയ പോലെ... ഉള്ളിൽ ഒളിച്ചിരുന്ന വിങ്ങൽ തേങ്ങലായി പുറത്തേക്ക് വന്നു.. പിന്നെ അവൾക്ക് അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ഒരു പൊട്ടിക്കരച്ചിലോടെ ഓടി ചെന്നവനെ കെട്ടിപിടിച്ചു... നെറ്റിയിലും കണ്ണിലും കവിളിലുമൊക്കെ മാറി മാറി ചുംബിച്ചു... "ടോ താൻ എന്താ ഈ ചെയ്യുന്നേ..? " എന്ന അവന്റെ ചോദ്യം കേട്ടാണ് അവൾ ഞെട്ടി മാറിയത്... ഈശ്വരാ.. ഞാൻ എന്താ ചെയ്തേ.. പെട്ടെന്ന് അവനെ കണ്ടപ്പോൾ തോന്നിയ ആ പേരറിയാത്ത വികാരത്തിൽ ചെയ്തു പോയതാ.. ഇനി അവന്റെ മുഖത്ത് എങ്ങനെ നോക്കും.. അവൾ മുഖം തിരിഞ്ഞു നിന്നു... അവൾക്ക് തന്നോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ...

അവനും ഒന്നും വിശ്വസിക്കാൻ കഴിയാത്ത ഏതോ ഒരു അവസ്ഥയിൽ ആയി.. അവളോട് എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും എന്ത് പറയണമെന്നറിയാതെ അവൻ നിന്നു കുഴങ്ങി.. എല്ലാം ഉള്ളിലുണ്ട്.. പുറത്തേക്ക് വരുന്നില്ല.. സന്തോഷവും സങ്കടവും ഒരേ പോലെ തോന്നുന്നു... ഈ അവസാന നിമിഷത്തിൽ ഇങ്ങനെയൊക്കെ ആയതിൽ സന്തോഷവും സങ്കടവും തോന്നി... ഇനി എത്ര നാൾ കാത്തിരിക്കണം അവളെ കാണാൻ.. ഇല്ല.. എനിക്ക് പറ്റില്ല.. എപ്പോ കാണണമെന്ന് തോന്നുന്നുവോ ആ നിമിഷം വന്നിരിക്കും ഞാൻ.. അവൻ മനസ്സിന് ധൈര്യം കൊടുത്തു... പിന്നെ കുറേ നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടാത്തെ നോക്കാതെ അങ്ങനെ തന്നെ നിന്നു... "രേവൂ.... " ഒടുവിൽ മൗനം അവസാനിപ്പിച്ചവൻ വിളിച്ചു.. "മ്മ് " അവൾ തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിന്നു.. ഇനി എന്ത് പറയണമെന്നറിയാതെ അവൻ വാക്കുകൾക്കായി പരതി.. ഒന്നും അങ്ങോട്ട് തുറന്നു പറയാൻ പറ്റുന്നില്ല... ആകെ ഒരു വെപ്രാളം... അവൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു...

പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.. ഒടുവിൽ കണ്ണടച്ചു ഒരു ദീർഘ ശ്വാസമെടുത്തു.. "ഞാൻ പോട്ടേ... ആറ് മണിക്കാണ് ട്രെയിൻ... " പെട്ടെന്ന് അവന്റെ വായിൽ അതാണ് വന്നത്... അവൾ മറുപടി ഒന്നും പറയാതെ അങ്ങനെ തന്നെ നിന്നു... അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നിൽക്കുന്നത് അവനിലും ഒരു ടെൻഷൻ ഉണ്ടാക്കി.. "എന്നാ താൻ പോയി കിടന്നോ.. ഇപ്പോ തന്നെ ഒരുപാട് ലേറ്റ് ആയി... " അതിനും അവൾക്ക് മറുപടിയില്ല.. ദൈവമേ.. ഇവൾക്കിത് എന്തുപറ്റി.. അവനൊരു ചെറിയ പേടി തോന്നി.. "ടോ.. എന്തെങ്കിലും ഒന്ന് പറയടോ... " എന്നിട്ടും ഒരു റെസ്പോൺസും ഇല്ല... "രേവൂ... " എന്ന് വിളിച്ചു കൊണ്ടവൻ അവൾക്ക് തൊട്ട് പിന്നിലായി വന്നു അവളുടെ തോളിൽ കൈ വെച്ചു... അവൾ നിറകണ്ണുകളോടെ അവനെ തിരിഞ്ഞു നോക്കി... അവളുടെ കണ്ണ് കലങ്ങിയിരിക്കുന്നത് അവനിൽ വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും അവനത് പുറത്ത് കാണിച്ചില്ല... "അയ്യേ.. താനെന്തിനാ കൊച്ചുകുട്ടികളെ പോലെ ഇങ്ങനെ കരയുന്നെ..? " എന്ന് കളിയാക്കി ചോദിച്ചപ്പോഴും അവന്റെ കണ്ണും നിറഞ്ഞിരുന്നു...

"അപ്പോ താൻ എന്തിനാ കരയുന്നെ? " അവളും തിരിച്ചു ചോദിച്ചു.. "അതിനു ഞാൻ കരഞ്ഞില്ലല്ലോ എന്റെ കണ്ണ് വിയർത്തതാ.. " അതു കേട്ടപ്പോൾ അവൾക്ക് ചിരി പൊട്ടി.. അവൾ ചിരിക്കുന്നത് കണ്ട് അവനും ചിരിച്ചു... "താനിങ്ങനെ ചിരിക്കുന്നത് കാണാൻ എന്ത് ഭംഗി ആണെന്ന് അറിയോ... " അവൻ അവളുടെ താടി തുമ്പുയർത്തി അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു.. അവന്റെ കണ്ണുകളിൽ തന്റെ കണ്ണുകൾ ഉടക്കി നിൽക്കുന്ന പോലെ അവൾക്ക് തോന്നി.. അവൻ പതിയെ അവളുടെ മുടിയിൽ തഴുകി കൊണ്ട് അവളുടെ മുഖം കൈയ്യിലെടുത്തു നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവളെ നെഞ്ചോട് ചേർത്തു... അവന്റെ നെഞ്ചോട് ചേർന്നു നിന്നപ്പോൾ അവൾക്ക് തോന്നി തന്റെ നെഞ്ചിടിപ്പിനെക്കാൾ കൂടുതൽ വേഗത്തിൽ അവന്റെ നെഞ്ചാണ് ഇടിക്കുന്നതെന്നു... "വല്യ പഠിപ്പും ജോലിയും ഒക്കെ ആകുമ്പോൾ താൻ എന്നെ മറക്കുമോ...? അവൾ കുസൃതിയോടെ അവന്റെ ഹൃദയ താളം കേട്ടു കൊണ്ട് ചോദിച്ചു... "പിന്നെ മറക്കാതെ... " അവൻ കൂളായി പറഞ്ഞു..

അതവളെ ചൊടിപ്പിച്ചു അവൾ ദേഷ്യത്തോടെ അവനിൽ നിന്നും മാറാൻ തുടങ്ങിയതും അവൻ ഒന്നുകൂടെ ഇറുക്കെ അവളെ നെഞ്ചോട്‌ അടുപ്പിച്ചു.. "താനൊരാൾ ഇവിടെ എന്നെ കാത്തിരിക്കാൻ ഉണ്ടെങ്കിൽ പിന്നെ ഞാനെങ്ങനെ തന്നെ മറക്കാനാ... " അത് കേട്ടതും അവൾ സ്നേഹത്തോടെ അവനെ ഒന്ന്കൂടെ ഇറുക്കെ പിടിച്ചു... "പറ.. താൻ എന്നെ കാത്തിരിക്കുമോ..? " അവന്റെ ആ ചോദ്യത്തിൽ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു... അവൾ അവനിൽ നിന്നും അകന്നു മാറി കൊണ്ട് അതേ എന്ന് തല ചലിപ്പിച്ചു.. "എന്നാ എന്നോട് പറ ഐ ലവ് യൂന്ന് " അവൻ ലാലേട്ടൻ സ്റ്റൈലിൽ ഒരു കുസൃതിചിരിയോടെ പറഞ്ഞു.. അവൾ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നിന്നു.. അവൻ പതിയെ അവൾക്ക് പിന്നിലായി വന്നു അവളുടെ കാതിൽ പറഞ്ഞു "ഒന്ന് പറയടോ.. തന്റെ നാവിൽ നിന്ന് തന്നെ കേൾക്കണം എനിക്ക്.. " അവൾക്ക് അവനെ തിരിഞ്ഞു നോക്കാൻ ചമ്മൽ തോന്നി.. ഒടുവിൽ പരമ ശിവനെ മനസ്സിൽ ഓർത്ത് ധൈര്യം സംഭരിച്ചു.. അവന്റെ കണ്ണുകളിൽ നോക്കി... "ഐ ലവ് യൂ.. "

അവളുടെ മുഖത്തെ നാണവും കണ്ണിൽ തന്നോടുള്ള പ്രണയവും അവൻ ഒരു നിമിഷം നോക്കി ആസ്വദിച്ചു... "ഐ ലവ് യൂ ടൂ.. " എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... അവൾ തന്റെ കൈ അവന്റെ വിരലുകളിൽ കോർത്തു അവന്റെ തോളിലേക്ക് ചാഞ്ഞു... എത്രയോ നേരം അവരങ്ങനെ തന്നെ നിന്നു... ഇടക്കെപ്പോഴോ അവൻ വാച്ചിലേക്ക് നോക്കി.. 3 മണി ആകാറായി.. ടോ.. താൻ പോയി കിടന്നോ.. എനിക്ക് പോകാൻ സമയമായി.. തോളിൽ ചാഞ്ഞ് കിടന്ന അവളുടെ മുടിയിൽ തഴുകി കൊണ്ടവൻ പറഞ്ഞു... അവൾക്ക് എഴുന്നേൽക്കാൻ മനസ്സ് ഇല്ലെങ്കിലും അവൾ എഴുന്നേറ്റു.. അവളുടെ മുഖം പെട്ടെന്ന് വാടിയതും കണ്ണ് നിറഞ്ഞു തുളുമ്പുന്നതുമൊക്കെ കണ്ടപ്പോൾ അവന്റെ ഉള്ളിലും ഒരു നീറ്റൽ അനുഭവപ്പെട്ടു... അവളുടെ മുഖം കൈയ്യിലെടുത്തു രണ്ടു കവിളിലും ഓരോ ചുംബനം നൽകി.. അവന്റെ കണ്ണുകൾ കൊണ്ട് പോയി വരാം എന്നവളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും അവന്റെ കണ്ണിലും നനവ് പടർന്നിരുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹

{ഈ കഥ ഇവിടെ അവസാനിക്കുന്നില്ല.. ഇത് രേവൂന്റെ സ്റ്റോറി ആയത് കൊണ്ട് അവൾ നോക്കെത്താ ദൂരത്തു കണ്ണും നട്ട് രൂപേഷിനെയും കാത്തിരിക്കട്ടെ... പിന്നെ കീർത്തിയും പ്രവീൺ സാറും.. രണ്ടും നല്ല ബെസ്റ്റ് ടീമാ.. അവരുടെ ടോം ആൻഡ് ജെറി യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ.... ഉണ്ണിയേട്ടനും ആയി അവരുടെ കോംപ്ലിക്കേറ്റഡ് ലവ് സ്റ്റോറിക്ക് പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാത്തത് കൊണ്ട് ഈ പേരിൽ അത് മുന്നോട്ട് കൊണ്ട് പോകാൻ വല്യ പാടാ... അതുകൊണ്ട് എത്രയും പെട്ടെന്ന് മറ്റൊരു പേരിൽ അവർ തിരികെ വരും... പിന്നെ ഉണ്ണിയേട്ടൻ.. പുള്ളി എന്തായാലും മുങ്ങിയതല്ലേ.. എന്നെങ്കിലും പൊങ്ങണം എന്ന് തോന്നിയാൽ പൊങ്ങട്ടെ.. അന്ന് അയ്യാളുടെ കൈയ്യും കാലും ഓടിച്ചു ഒരു മൂലക്ക് ഇടാം... } ശുഭം... 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story