ഉണ്ണിയേട്ടൻ: ഭാഗം 3

unniyettan

രചന: സനാഹ് ആമിൻ

"പഠിച്ചു പഠിച്ചു എന്റെ മോള് വലിയ പഠിപ്പിസ്റ്റ് ആയല്ലോ".. "വെക്കേഷൻ ക്ലാസ്സല്ലേ തുടങ്ങിയിട്ടുള്ളു രാവിലെ നാലുമണിക്കൊക്കെ എണീറ്റിരുന്നു പഠിക്കണോ"? അച്ഛന്റെ കളിയാക്കൽ കേട്ടാണ് ഞാൻ തല ഉയർത്തി നോക്കിയത്.. കൈയ്യിൽ ആവി പറക്കുന്ന ചായയുമായാണ് കക്ഷിയുടെ നിൽപ്.. "അച്ഛാ കളിയാക്കല്ലേ പ്ലീസ്" "കളിയാക്കിയതല്ല മോളെ.. പെട്ടെന്നുള്ള നിന്റെ ഈ ശീലം കണ്ടിട്ട് അച്ഛനങ്ങോട്ട് ദഹിക്കുന്നില്ല" ഞാൻ അച്ഛന്റെ കൈയ്യിൽ നിന്ന് ചായവാങ്ങി മേശപ്പുറത്ത് വെച്ചു.. അച്ഛൻ എനിക്ക് അഭിമുഖമായി കസേരയിലിരുന്നു.. "എനിക്കൊരു ഡോക്ടർ ആകണം അച്ഛാ.. അതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പഠിപ്പിസ്റ്റിന്റെ മുഖമൂടി " എന്റെ സംസാരം കേട്ട് അച്ഛൻ ചിരിച്ചു.. "ആഹാ.. കുടുംബത്തിലൊരു ഡോക്ടർ ഉണ്ടാകുന്നത് നല്ലതാ.. എന്റെ മോള് ഡോക്ടർ ആണെന്നും പറഞ്ഞു അച്ഛനും കുറച്ചു ഗമയൊക്കെ കാണിക്കാലോ".. എനിക്ക് ഭയങ്കര ചിരി വന്നു.. "വാശിയൊക്കെ നല്ലതാണ്.. ഈ മാറ്റവും അച്ഛന് ഇഷ്ട്ടപ്പെട്ടു..

അല്ല മോളെ, ചോദിക്കാൻ മറന്നു ആ നാരായണേട്ടന്റെ മകനുമായി മോൾക്കെന്താ പ്രശ്നം"??? അച്ഛന്റെ പെട്ടെന്നുള്ള ഈ ചോദ്യം എനിക്ക് ഇടിയേറ്റത് പോലെ ആയിരുന്നു.. ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു.. പേടി കൊണ്ട് ഒരക്ഷരം പോലും മിണ്ടാൻ പറ്റുന്നില്ല.. അച്ഛന്റെ മുഖത്തെ വാത്സല്യം മാഞ്ഞു ഗൗരവമായി മാറുന്നത് ഞാൻ കണ്ടു.. "പറ മോളെ".. "അത് അച്ഛാ ഞാൻ".. പേടി കൊണ്ടു എന്റെ ചുണ്ടുകൾ വിറച്ചു കണ്ണും നിറഞ്ഞു തുളുമ്പി ഞാൻ കരച്ചിലിന്റെ വക്കിലെത്തി അച്ഛൻ ദേഷ്യത്തോടെ എന്നെ തുറിച്ചു നോക്കി.. അതോടെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു ഞാൻ കരഞ്ഞു.. "അതെനിക്ക് ഒരു അബദ്ധം പറ്റിയതാച്ഛാ" കരഞ്ഞു കൊണ്ടു തന്നെ ഞാനത് പറഞ്ഞൊപ്പിച്ചു.. കണ്ണുരുട്ടി ദേഷ്യത്തോടെ ഇരുന്ന അച്ഛൻ പെട്ടെന്ന് പൊട്ടി ചിരിച്ചു.. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല ഞാൻ കരച്ചിൽ നിർത്തി സംശയത്തോടെ അച്ഛനെ നോക്കി.. അച്ഛൻ ചിരിച്ചു കൊണ്ട് എന്റെ തലയിൽ തഴുകി.. "മോള് പേടിച്ചോ? അച്ഛൻ നിന്നെയൊന്ന് പേടിപ്പിക്കാൻ തമാശ കാണിച്ചതല്ലേ.. .

ഇതൊക്കെ ഞാൻ അന്നു തന്നെ അറിഞ്ഞതാ എപ്പോഴെങ്കിലും അത് നീ എന്നോട് പറയുമെന്ന് കരുതി ഇരുന്നു.. നീ പറയില്ലെന്ന് തോന്നിയത് കൊണ്ടാ അച്ഛനിങ്ങനെ ഒന്ന് ചെറുതായി പേടിപ്പിച്ചത് " അച്ഛൻ പറയുന്നത് കേട്ട് ഞാൻ അമ്പരന്നു.. "ഇതൊക്കെ ഈ പ്രായത്തിൽ എല്ലാർക്കും സ്വാഭാവികമായും തോന്നുന്നതാ ആരും അത് തുറന്നു പറയില്ലാന്നു മാത്രം.. പക്ഷേ എന്റെ മോള് നല്ല ധൈര്യശാലിയാ അതുകൊണ്ടല്ലേ ആ പയ്യനോട് പോയി പറഞ്ഞത് " ഞാൻ മുഖത്തൊരു ചിരി വരുത്താൻ നോക്കി "എന്റെ മോള് വിഷമിക്കണ്ട.. അല്ലെങ്കിൽ തന്നെ എന്തറിഞ്ഞിട്ടാ മോൾക്ക് ആ പയ്യനോട് ഇഷ്ട്ടം തോന്നിയത്.. അവനെ പറ്റി പ്രത്യേകിച്ച് എന്തെങ്കിലും നിനക്ക് അറിയാമോ? " ഇല്ലെന്ന് ഞാൻ തലയാട്ടി.. "ചിലർക്ക് സ്വഭാവം കണ്ടു ഇഷ്ട്ടം തോന്നും ചിലർക്ക് കഴിവു കണ്ടു ഇഷ്ട്ടം തോന്നും ചിലർക്ക് മുഖം കണ്ടു ഇഷ്ട്ടം തോന്നും.. " "കാഴ്ച്ചയിൽ സുന്ദരമായതൊക്കെ ശരിക്കും നല്ലതാണോ? " "മോള് സമയം കിട്ടുമ്പോൾ നന്നായി ഒന്ന് ആലോചിച്ചു നോക്ക്.. ആ പയ്യന്റെ എന്ത് ഗുണമാണ് നിന്നെ ആകർഷിച്ചതെന്നു"..

അപ്പോഴാണ് ഞാനും അതിനെ പറ്റി ചിന്തിച്ചത്.. ഉണ്ണിയേട്ടനെ ആദ്യമായി അടുത്ത് കാണുന്നത് തന്നെ ഇഷ്ടമാണെന്ന് പറയാൻ പോയപ്പോൾ ആണ്.. ഞാൻ ഒന്നും മനസ്സിലാകാതെ അച്ഛനെ നോക്കി അച്ഛൻ വാത്സല്യത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു.. "മോള് കൂടുതലൊന്നും ആലോചിച്ചു കൂട്ടണ്ട.. ആലോചിച്ചാൽ ഒന്നിനും വ്യക്തമായൊരു ഉത്തരവും കിട്ടില്ല.. നിന്റെ ഈ വാശിയും ആഗ്രഹവും നല്ലതാ.. പക്ഷേ, വാശികൊണ്ടോ ആഗ്രഹം കൊണ്ടോ മാത്രം ഒന്നും നേടാനാവില്ല.. കഠിനമായി പ്രയത്നിക്കുകയും വേണം " "മോളിപ്പോ മറ്റൊന്നും ചിന്തിക്കാൻ നിക്കണ്ട.. പഠിക്കാൻ ആണ് ആഗ്രഹമെങ്കിൽ അതില് മാത്രം ശ്രദ്ധ വെച്ചാൽ മതി ബാക്കിയെല്ലാം മനസ്സിൽ നിന്നും കളഞ്ഞേക്ക്".. അച്ഛന്റെ വാക്കുകൾ ഒരു പോസറ്റീവ് എനർജി തന്നെ എന്നിൽ ഉളവാക്കി.. "പിന്നെ മറ്റൊരു കാര്യം.. മോൾക്ക് എന്തും ഈ അച്ഛനോട് തുറന്നു പറയാം.. എന്റെ മോളുടെ നല്ലൊരു സുഹൃത്ത് ആകുന്നതും അച്ഛനിഷ്ടമാണ്".. എനിക്ക് സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു.. ഞാൻ അച്ഛനെ നോക്കി ശരിയെന്ന് തലയാട്ടി..

"രാവിലെ തന്നെ അച്ഛനും മോളും ഗൗരവമേറിയ ചർച്ചയിലാണല്ലോ".. അമ്മ അപ്പോഴാണ് ഉറക്കമുണർന്നു അവിടേക്ക് വന്നത്.. "അച്ഛനും മകൾക്കും അങ്ങനെ പല കാര്യങ്ങളും ചർച്ച ചെയ്യാനുണ്ടാവും അതിലിടപെടാൻ നീ വരണ്ട" അച്ഛൻ അമ്മയോട് ഗൗരവം അഭിനയിച്ചു.. "ഓ ആയിക്കോട്ടെ.. നമ്മളില്ലേ ഒന്നിനും".. 'അമ്മ കൈ തൊഴുതു കാണിച്ചു അകത്തേക്ക് പോയി.. ഞാനും അച്ഛനും മുഖത്തോടു മുഖം നോക്കി ചിരിച്ചു.. *************- അച്ഛനോട് സംസാരിച്ചതിൽ പിന്നെ വല്ലാത്തൊരു സന്തോഷമായിരുന്നു.. "അച്ഛനോട് ഞാൻ നേരത്തെ തന്നെ എല്ലാം തുറന്നു പറയേണ്ടതായിരുന്നു. അച്ഛനെത്ര ലളിതമായ എല്ലാം മനസ്സിലാക്കി തന്നത് " ഉള്ളിലുള്ള സന്തോഷം കീർത്തിയോട് ഞാൻ പ്രകടിപ്പിക്കാൻ ശ്രമിച്ചു.. "ഒന്ന് നിർത്തുവോ രേവൂ.. ഇതിപ്പോ എട്ടാമത്തെ തവണയാ ഇക്കാര്യം നീ പറയുന്നത്.. കേട്ട് കേട്ട് ചെവിയിൽ തഴമ്പ് വീണു കാണും.. നിന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ കുറേ കാലമായി ഞാനും നിന്നോട് പറഞ്ഞത് എന്നിട്ട് അതിനു നീ പുല്ലുവില എങ്കിലും കല്പിച്ചോ? " "ഇപ്പൊ അച്ഛൻ പറഞ്ഞപ്പോ അച്ഛനെ പുകഴ്ത്തി നടക്കുന്നു..

" കീർത്തി ദേഷ്യം ഭാവിച്ചു സ്കൂൾ വരാന്തയിലൂടെ പുറത്തേക്ക് നോക്കി നിന്നു.. എനിക്കാണേൽ ചിരി വന്നു.. "അതുപിന്നെ. നിന്നെപോലെയാണോ അച്ഛൻ? "നിന്റെ അച്ഛനെന്താ തലയില് കൊമ്പുണ്ടോ? എനിക്കുമുണ്ട് വീട്ടിലൊരു അച്ഛൻ.. അന്ന് അവന്മാരുമായി വഴക്കിട്ടപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞായിരുന്നു.. അന്ന് അച്ഛൻ എന്താ പറഞ്ഞതെന്ന് അറിയുമോ? ഇത്രയും ചെറിയ കാര്യമൊക്കെ നീ തന്നെ സ്വയം കൈകാര്യം ചെയ്തോ എന്നോടതൊക്കെ പറയണമെന്നില്ല എന്നാ.. ഇത്രയും നല്ല അച്ഛനെ വേറെ എവിടെ കിട്ടാനാ? ഇപ്പൊ നീ പറ നിന്റെ അച്ഛനാണോ അതോ എന്റെ അച്ഛനാണോ ഹീറോ".. എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല ഞാൻ പൊട്ടി ചിരിച്ചോണ്ട് മതിയെന്ന ഭാവത്തിൽ കീർത്തിയുടെ മുന്നിൽ തൊഴുതു കാണിച്ചു.. അവളും ചിരിച്ചു പോയി.. "ടീ ഞാൻ നന്നാവാൻ തീരുമാനിച്ചു.. എന്താ നിന്റെ അഭിപ്രായം"..? പുറത്തേക്ക് വായിനോക്കി നിന്ന കീർത്തി സംശയത്തോടെ എന്നെ നോക്കി.. "ഓഹ് really"? "അതേടി".. "എന്താ ഇപ്പൊ അങ്ങനെ തോന്നാൻ? നിന്റെ ഭ്രാന്തൊക്കെ മാറിയോ"?

"കളിയാക്കുന്നോ"? കീർത്തിയുടെ കൈയ്യിലൊരു നുള്ള് കൊടുത്തിട്ടു ഞാൻ മുഖവീർപ്പിച്ചു. "കളിയാക്കിയതല്ല.. എല്ലാ വർഷവും നീ ഇത് തന്നെയല്ലേ പറയാറ്? എന്നിട്ട് കഷ്ട്ടിച്ചു ഒരു അരമണിക്കൂറെങ്കിലും നീ നന്നായിട്ടുണ്ടോ"? കീർത്തിയുടെ സംസാരം കേട്ട് എനിക്ക് ചിരി വന്നു.. "ആ നന്നാവൽ അല്ല ഞാൻ ഉദ്ദേശിച്ചത്"... "എന്റെ പൊന്ന് രേവൂ നിന്റെ തല എവിടെങ്കിലും തട്ടിയോ? നന്നാവുന്നതിനു ക്യാറ്റഗറി ഒക്കെ ഉണ്ടെന്നു ഞാൻ ആദ്യമായിട്ട് കേൾക്കുവാ " ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല ക്ലാസ്സിലേക്ക് പോയി.. എന്റെ പിറകേ തന്നെ കീർത്തിയും വന്നു.. "ശരി.. സോറി.. നീ ബാക്കി പറ " "ഞാനിനി ഒന്നും പറയുന്നില്ല.. just wait and watch " "ഈശ്വരാ.. ഇനി എന്തൊക്കെ കാണണം " അവളുടെ ചെവിക്കിട്ടു കിഴുക്കാനായി കൈ നീട്ടിയതും അവൾ ചിരിച്ചോണ്ട് ഓടി.. കുറച്ചു നേരം ഞാൻ പിന്നാലെ ഓടിയെങ്കിലും അവള് പിടി തന്നില്ല.. ഒടുവിൽ ഓടി തളർന്ന് രണ്ടു പേരും ബെഞ്ചിലിരുന്നു.. "പറ.. എന്താ നിന്റെ പ്ലാൻ " കീർത്തി ജിജ്ഞാസയോടെ എന്റെ മുഖത്തു നോക്കി..

"ഉണ്ണിയേട്ടനെ കുറിച്ചോർക്കാത്ത ഒരു രാത്രിയോ പകലോ കടന്നു പോയിട്ടുണ്ടാവില്ല.. എനിക്ക് അറിയാം.. ഇനി ആ ഇഷ്ട്ടം മനസ്സിൽ സൂക്ഷിക്കുന്നത് വെറും പൊട്ടത്തരമാണെന്നു.. എനിക്ക് നല്ല വിശ്വാസമുണ്ട് തീർച്ചയായും ഒരു ദിവസം പൂർണ്ണമായും ഞാൻ ഉണ്ണിയേട്ടനെ മറക്കുമെന്നു"... "കഴിഞ്ഞോ? ആ idiot താടിക്കാരന്റെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട".. കീർത്തി താല്പര്യമില്ലാത്ത മട്ടിൽ മുഖം തിരിഞ്ഞിരുന്നു.. "എടീ ഞാനൊന്ന് പറഞ്ഞോട്ടെ പ്ലീസ്".. "ദേ രേവൂ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. നീ നന്നാവാൻ തീരുമാനിച്ചെങ്കിൽ ആദ്യം അങ്ങേരെ കുറിച്ച് ഓർക്കാതിരിക്ക് അതോടെ automatically നീ നന്നാവും" ഇവളെ ഇനി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതും ചെകുത്താന്റെ ചെവിയിൽ വേദം ഓതുന്നതും ഒന്നാ.. ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. രാത്രി തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും ഒക്കെ കിടന്നു നോക്കി ആകെ ഒരു അസ്വസ്ഥത. പെട്ടെന്ന് ഒരു ദിവസം ഒരാളെ, അതും ഇത്രയും സ്നേഹിച്ച ഒരാളെ എങ്ങനെ മറക്കാനാണ്.. ഈ കീർത്തിക്കെന്താ ഇത് മനസ്സിലാവാത്തെ? ഇതൊക്കെ മനസ്സിലാകണമെങ്കിൽ അവൾക്ക് ആരോടെങ്കിലും ഇതുപോലെ ഇഷ്ട്ടം തോന്നണം അല്ലാതെ എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല.. എന്തൊക്കെയോ ആലോചിച്ചു കിടന്നു എപ്പോഴോ ഉറങ്ങി പോയി..

രാവിലെ 4 മണിക്ക് അലാറം അടിച്ചപ്പോ ചാടി എണീറ്റു.. ചെറിയ ഒരു മടിയൊക്കെ തോന്നിയെങ്കിലും അതൊന്നും കൂട്ടാക്കാതെ പഠിക്കാൻ തന്നെ തീരുമാനിച്ചു.. രണ്ടു മൂന്ന് ദിവസം കുറച്ചു കഷ്ടപ്പെട്ടാണ് എണീറ്റതെങ്കിലും പിന്നീട് അതൊരു ശീലമായി.. രാവിലെ നേരത്തെ എണീക്കുന്നത് കൊണ്ട് രാത്രി പെട്ടെന്ന് ഉറക്കവും വരുന്നുണ്ട്.. പഴേ പോലല്ല ഇപ്പൊ നല്ല ഉന്മേഷവും ഉത്സാഹവും തോന്നുന്നുണ്ട്.. ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കാനും കഴിയുന്നു.. പുതിയ ശീലവും എന്നിലെ മാറ്റവും എനിക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല.. ഒരു സ്വപ്നം പോലെ തോന്നുന്നു.. "സ്വപ്നമല്ല രേവൂ സത്യമാ" കീർത്തി എന്റെ കൈയ്യിൽ നുള്ളി.. "ഓ പതുക്കെ വേദനിക്കുന്നു".. ഞാൻ കൈ പിൻവലിച്ചു.. "നിന്റെ ഈ മാറ്റമാ കുറേ നാളായി ഞാനും ആഗ്രഹിച്ചത്"... ഇപ്പോ എനിക്ക് എത്ര സന്തോഷമുണ്ടെന്നോ".. ദിവസങ്ങൾ കടന്നു പോയി.. സകല പ്രതീക്ഷകളും തെറ്റിച്ചത് കെമിസ്ട്രി ആയിരുന്നു.. ബാക്കി എല്ലാ സബ്ജെക്ടിനും നല്ല മാർക്കുണ്ട്, കെമിസ്ട്രിക്ക് മാത്രം പതിനാല് "ഈ മാർക്കും വെച്ചോണ്ട് ആദ്യം പ്ലസ് വൺ പാസാവട്ടെ അതിനു ശേഷം ഡോക്ടർ ആകുന്നതിനെ പറ്റി ചിന്തിക്കാം..

ഞാൻ നിരാശയോടെ കീർത്തിയെ നോക്കി പറഞ്ഞു.. കീർത്തി താടിക്ക് കൈയ്യും വെച്ചിരിപ്പാണ്.. "ഡോക്ടർ ആയില്ലെങ്കിലും നഴ്സ് എങ്കിലും ആവുമായിരിക്കും" "നീ ഈ ബുക്കൊന്നു നോക്കിയേ.. ഈ ബുക്കിലുള്ളതൊക്കെ നമ്മള് പഠിക്കുമോ"? "നീ മനുഷ്യനെ വെറുതെ സെന്റി ആക്കല്ലേ കീർത്തി.. നമുക്ക് മാത്രമല്ലല്ലോ എല്ലാർക്കും മാർക്ക് കുറവല്ലേ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ദോ ലവനാ 23 മാർക്ക്".. "നിനക്കു എന്തും പറയാല്ലോ നീ പതിനാലു മാർക്ക് വാങ്ങിയില്ലേ എനിക്കല്ലേ എട്ട് മാർക്ക് " അതിന്റെയൊരു അഹങ്കാരവും നിന്റെ മുഖത്തു കാണാനുണ്ട്... നിന്നെ ഉപദേശിച്ചു ഞാൻ മന്ദബുദ്ധി ആയി എന്നു പറഞ്ഞാൽ മതിയല്ലോ".. കീർത്തി മുഖം വീർപ്പിച്ചു എന്നെ നോക്കി.. "എത്ര കോംപ്ലിക്കേറ്റഡ് ആയ അവസ്ഥയിലും ഇമ്മാതിരി ചളിയടിക്കാൻ നിന്നെ പോലെ നീയല്ലാതെ മറ്റാരുമില്ല കീർത്തി".. എന്തോ വലിയ ബഹുമതി കിട്ടിയ മട്ടിൽ അവളെന്നെ നോക്കി തലയാട്ടി.. "നിനക്കു എട്ടെങ്കിലും ഉണ്ടല്ലോ ദോ അവിടെ ഇരിക്കുന്നവർക്കെല്ലാം അഞ്ചിലും കുറവാ എന്നിട്ടും അവരൊക്കെ എത്ര ഹാപ്പിയാ".. "എന്നാലും ഈ പെണ്ണുംപിള്ള പഠിപ്പിക്കുന്നതെന്താ തലയിൽ കേറാത്തെ? എന്നിട്ടവരുടെ ഒരു ഓഞ്ഞ ഡയലോഗും.. കീർത്തിയുടെ പരിഭവം പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു..

ടി നാളെ മുതൽ നമ്മക്കും ട്യൂഷന് പോയാലോ? അടുത്ത വർഷം മുതൽ പോയാൽപ്പോരേ? ആദ്യം ഈ വർഷം പാസ്സാവണ്ടേ? ഇപ്പോൾ ഇത്ര ടഫ് ആണേൽ അടുത്ത വർഷത്തെ കാര്യം പറയണോ? ഒരുവിധം കീർത്തിയെ പറഞ്ഞു സമ്മതിപ്പിച്ചു.. പിറ്റേന്ന് തന്നെ ട്യൂഷനും ചേർന്നു.. സ്കൂളും കഴിഞ്ഞു കുറച്ചൂടി ദൂരമുണ്ട് ട്യൂഷൻ സെന്ററിന്.. നടരാജൻ വണ്ടിയിൽ എത്രയെന്നു കരുതിയാ നടക്കുന്നത് പോരാത്തതിന് ഉണ്ണിയേട്ടന്റേം ഗ്യാങ്ങിന്റേം കമന്റടിയും.. ഒരു രക്ഷേമില്ല.. അങ്ങോട്ട് പോകുമ്പോഴും ഇങ്ങോട്ടു വരുമ്പോഴും അറഞ്ചം പുറഞ്ചം കമന്റുകൾ ഇവർക്ക് ഞങ്ങളോട് മാത്രമാണ് ഇത്രയും കലിപ്പ് വേറെ എത്രപേര് ദിവസവും അതുവഴി പോകുന്നു

അവരെയൊന്നും തല ഉയർത്തി പോലും നോക്കാറില്ല പലപ്പോഴും അവരുടെ കമന്റടി കീർത്തിയെ പ്രകോപിപ്പിക്കാറുണ്ട് ഒരു ദിവസം കാലിൽ കിടന്ന ചെരിപ്പു വരെ ഊരി അവന്മാർക്ക് നേരെ എറിഞ്ഞിട്ടുണ്ട്.. അതിന്റെയൊക്കെ ദേഷ്യം അവൾ എന്നോടാ തീർക്കുന്നത്.. "ലോകത്തെവിടെയും വേറെ ആൺപിള്ളേർ ഇല്ലാത്ത പോലെ ഒരു ക്ണാപ്പൻ താടി ചെറ്റയെ പ്രേമിക്കാൻ പോയേക്കുന്നു". "നീ നോക്കിക്കോ ഒരു ദിവസം അവന്റെ താടി ഞാൻ പെട്രോൾ ഒഴിച്ച് കത്തിക്കും അതോടെ തീരും അവന്റെ അഹങ്കാരം".. കീർത്തിയുടെ ഇമ്മാതിരി വർത്താനം കേൾക്കുമ്പോ എനിക്ക് ചിരി അടക്കാൻ കഴിയില്ല.. അതോടെ എനിക്കിട്ട് രണ്ടു നുള്ളും തന്നിട്ട് എന്നോട് ഒരു വാക്കു പോലും മിണ്ടാതെ ഉറഞ്ഞു തുള്ളി പോവും.. ദിവസങ്ങൾ കടന്നു പോയി.. ഒരുവിധം എല്ലാ പ്രശ്നങ്ങളും അവസാനിച്ചു.. എന്നു കരുതി ഇരിക്കുമ്പോൾ, അതാ പുതിയൊരു പ്രശ്നവുമായി ഒരു പുതിയ മുഖം....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story