ഉണ്ണിയേട്ടൻ: ഭാഗം 5

unniyettan

രചന: സനാഹ് ആമിൻ

 പിറ്റേന്ന് ട്യൂഷൻ കഴിഞ്ഞിറങ്ങുമ്പോൾ "ഹായ് ഗേൾസ്" എന്നും പറഞ്ഞു സകല പല്ലും വെളിയിൽ കാണിച്ചു ഇളിച്ചോണ്ട് അവൻ മുന്നിൽ നിൽക്കുന്നു ഇവനിങ്ങനെ മുന്നിൽ വന്ന് ഇളിച്ചോണ്ട് നിൽക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല.. അതുകൊണ്ട്, അവനെ കണ്ടതും ഞങ്ങൾ ആശ്ചര്യത്തോടെ മുഖത്തോടു മുഖം നോക്കി. മൈൻഡ് ചെയ്യണ്ടെന്നു ഞാൻ കീർത്തിക്ക് കണ്ണുകൊണ്ട് സിഗ്നൽ കൊടുത്തു.. അവനെ കാണാത്ത പൊലെ ഞങ്ങൾ നടത്തം തുടർന്നു.. "അയ്യോ പോവല്ലേ.. നിൽക്കൂ ഞാനും വരുന്നു ".. എന്നൊക്കെ പറഞ്ഞോണ്ട് അവൻ ഞങ്ങൾക്കൊപ്പം കൂടി.. അവൻ ഞങ്ങളോട് സംസാരിക്കാൻ ശ്രമിച്ചോണ്ടിരുന്നു.. ഞങ്ങൾ അതൊന്നും കേൾക്കാത്ത ഭാവത്തിൽ നടന്നു.. ഒടുവിൽ സഹിക്കെട്ട് അവൻ ഞങ്ങടെ മുന്നിൽ വന്നു" സ്റ്റോപ്പ് "... എന്നും പറഞ്ഞു വഴി തടഞ്ഞു നിൽപ്പായി.

ഇവനിത് എന്ത് ഭാവിച്ചാ, ഞങ്ങൾ ഒന്നും മനസ്സിലാകാതെ മുഖത്തോടു മുഖം നോക്കി.. "എന്താ നിന്റെ ഉദ്ദേശം.. എന്തിനാ ഞങ്ങടെ കൂടെ നടക്കുന്നെ"? കീർത്തി ഗൗരവത്തോടെ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.. "കുട്ടി വെറുതെ കണ്ണുരുട്ടി പേടിപ്പിക്കേണ്ട.. എനിക്ക് ദുരുദ്ദേശം ഒന്നുമില്ല.. നല്ല ഉദ്ദേശമേയുള്ളൂ.. പിന്നെ, ഞാനിങ്ങനെ നിങ്ങടെ കൂടെ നടന്നാൽ അത്, നിങ്ങൾക്കൊരു ധൈര്യമല്ലേ".. അവന്റെ സംസാരം കേട്ട് ഞങ്ങൾക്ക് ചിരിവന്നെങ്കിലും, ഞങ്ങളത് പുറത്തു കാണിച്ചില്ല.. "ഞങ്ങൾക്കിപ്പോ ധൈര്യക്കുറവൊന്നുമില്ല.. താൻ പോയാട്ടെ".. കീർത്തി താക്കീത് നൽകുംപോലെ പറഞ്ഞു.. "എന്റെ പൊന്നോ.. കൊച്ചെന്തിനാ വെറുതെ ഇങ്ങനെ ചൂടാവുന്നെ.. ഞാൻ കൂടെ നടക്കുന്നത് ഇഷ്ടമല്ലെങ്കിൽ വേണ്ടാ.. ഞാൻ നടക്കുന്നില്ല പോരേ".. "ആഹ് അതുമതി".. ഞങ്ങൾ നടത്തം തുടർന്നു.... "അയ്യോ പോവല്ലേ.. നിൽക്കൂ ഞാൻ ചുമ്മാ പറഞ്ഞതാ" ...

അവനോടി വന്ന് ഞങ്ങടെ കൂടെ വീണ്ടും നടന്നു.. "ടോ.. എന്താ തന്റെ പ്രശ്‌നം? എന്തിനാ ഇങ്ങനെ ശല്ല്യം ചെയ്യുന്നേ?".. കീർത്തി ദഹിപ്പിക്കുന്ന പോലൊരു നോട്ടം പാസ്സാക്കി.. "അയ്യോ.. ഞാൻ ശല്ല്യം ചെയ്യാനൊന്നും വന്നതല്ല".. "പിന്നെന്തിനാ വന്നേ"? "ഞാൻ നിങ്ങളെ പരിചയപ്പെടാൻ വന്നതാ"? "ഞങ്ങളെ എന്തിനാ നീ പരിചയപ്പെടുന്നത്"..? "സത്യം പറയാല്ലോ ഞാൻ കുട്ടിയുടെ വല്ല്യൊരു ഫാനാ ".. അവൻ കീർത്തിയെ നോക്കി പറഞ്ഞു.. കീർത്തി സംശയോടെ അടിമുടി അവനെ നോക്കി.. "എന്റെ ഫാനോ..? മനസ്സിലായില്ല".. "അതെ, അന്ന് കടയിൽ വെച്ചു എന്തായിരുന്നു പ്രകടനം.. മൃഗഡോക്ടർ ആവും എന്നൊക്കെ പറഞ്ഞു എല്ലാരുടേം വായടപ്പിച്ചില്ലേ അപ്പൊ തന്നെ ഞാൻ കുട്ടിയുടെ ഫാനായി".. അവൻ ആവേശത്തോടെ പറഞ്ഞു.. അതൊക്കെ കേട്ട് കീർത്തി എന്തോ ബഹുമതി കിട്ടിയ മട്ടിൽ "ഇതൊക്കെ എന്ത് "എന്ന ഭാവത്തിൽ എന്നെ നോക്കി ഇളിച്ചു.. അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു.. "ഇത്രേം ധൈര്യശാലിയായ ഒരു കുട്ടിയെ ഞാൻ ലൈഫിൽ ആദ്യമായിട്ടാ കാണുന്നെ"

അവന്റെ തള്ളൽ കേട്ട് ഞങ്ങൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.. ഞങ്ങടെ നോട്ടം കണ്ടപ്പോ അവന് കാര്യം മനസ്സിലായി.. അവൻ ഇളിച്ചു കാണിച്ചു.. "സോറി.. ഞാനൊരു ആവേശത്തിലങ്ങു പറഞ്ഞു പോയതാ" അവൻ ചമ്മലോടെ പരുങ്ങി.. അതുകണ്ടു ഞങ്ങൾക്ക് ചിരി വന്നു.. "ആട്ടെ, നിനക്ക് ദുരുദ്ദേശം ഒന്നുമിലാന്ന്‌ പറഞ്ഞു.. അപ്പൊ എന്താ നിന്റെ നല്ല ഉദ്ദേശം.. സത്യം പറ.. നീയാ കുറുക്കന്മാരുടെ ചാരനല്ലേ"? കീർത്തി സംശയത്തോടെ അവനെ നോക്കി.. "ഏത് കുറുക്കന്മാർ? എനിക്ക് ഒരു കുറുക്കന്മാരേം അറിയില്ല".. "ഓ അറിയാഞ്ഞിട്ടാണോ ഏത് നേരവും അവന്റെയൊക്കെ കൂടെ നടക്കുന്നത്".. "ഓഹ് അവരെയാണോ കുറുക്കന്മാരെന്നു പറഞ്ഞത്.. അതെനിക്കു ഇവിടെ വേറെ ആരെയും പരിചയമില്ലാത്തത് കൊണ്ടല്ലേ".. "അപ്പോ വരത്തൻ ആണല്ലേ".. കീർത്തി കളിയാക്കി എനിക്കും ചിരിവന്നു.. "അയ്യടാ.. ഞാൻ വരത്തനൊന്നും അല്ല.. ഉണ്ണിയേട്ടന്റെ അമ്മയും എന്റെ അമ്മയും സിസ്റ്റേഴ്സാ.. ഞങ്ങളങ്ങു കുടുംബവീട്ടിലാ താമസം.. ആ വീടിപ്പോ പുതുക്കി പണിയുന്നോണ്ട് ഞങ്ങളിപ്പോ മുത്തശ്ശിയുടെ കൂടെയാ"

"ഓഹ് നീയപ്പോ ആ താടിക്കാരന്റെ ബന്ധു ആണല്ലേ.. ഇനി നിന്നെയീ പരിസരത്തു കണ്ടു പോകരുത്.. ഇനി നീ ഞങ്ങളോട് മിണ്ടനെങ്ങാനും വന്നാൽ എന്റെ കൈ ടെ ചൂട് നീ അറിയും.. കീർത്തി അരിശത്തോടെ അവനെ നോക്കി പറഞ്ഞിട്ട് എന്റെ കൈയ്യും പിടിച്ചു വലിച്ചോണ്ടു സ്പീഡിന് നടന്നു.. അവൻ അന്തം വിട്ടു ഞങ്ങളെ തന്നെ നോക്കി നിന്നു.. എന്നിട്ടും അവൻ ഞങ്ങടെ പിന്നാലെ ഓടി വന്നു.. ഞങ്ങൾ നിൽക്കാൻ കൂട്ടാക്കിയില്ല.. "പ്ലീസ് പ്ലീസ്.. ഞാൻ ഉണ്ണിയേട്ടന്റെ ബന്ധു ആണെന്നുള്ളത് സത്യമാ.. പക്ഷേ ഞങ്ങൾ തമ്മിൽ അത്ര വലിയ അടുപ്പമൊന്നുമില്ല സത്യം" "ഇനി നിങ്ങൾക്കിഷ്ടമല്ലെങ്കി അവരുടെ കൂടെ നടക്കില്ല " "ഒന്ന് നിൽക്കൂ പ്ലീസ്" "എന്നെ ഒന്നു വിശ്വസിക്കൂ " അവനോടി ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു.. "വഴിമാറെടാ " കീർത്തി അവനെ തള്ളിമാറ്റി.. ഉടനെ അവൻ എന്റടുത്തു വന്നു കെഞ്ചാൻ തുടങ്ങി.. "പ്ലീസ് രേവൂ ആ കുട്ടിയോടൊന്നു നിക്കാൻ പറ".. ഞാൻ താല്പര്യമില്ലാത്ത മട്ടിൽ അവനെ അവഗണിച്ചു നടന്നെങ്കിലും അവൻ പ്ലീസ് എന്നും പറഞ്ഞു പിന്നാലെ കൂടി..

എനിക്കെന്തോ, അതുകണ്ടിട്ട് പാവം തോന്നി.. അവൻ തൊഴുതു കൊണ്ട് പിന്നെയും കെഞ്ചി.. "കീർത്തി".. ഞാനവളുടെ കൈയ്യിൽ പിടിച്ചു.. അതോടെ ദഹിപ്പിക്കുന്ന പോലെ അവൾ രൂക്ഷമായി എന്നെ നോക്കി.. "ഉണ്ണിയേട്ടന്റെ പേര് പറഞ്ഞപ്പോ നീയങ്ങു വീണുപോയോ? ആ ചെറ്റ കാരണം എന്തൊക്കെയാ നടന്നതെന്ന് നീ ഇത്ര പെട്ടെന്ന് മറന്നോ"? എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.. "നീ എല്ലാം മറക്കും.. പക്ഷേ, കീർത്തിയെ ആ ഗണത്തിൽ പെടുത്തണ്ട.. പെൺകുട്ടികളെ റെസ്‌പെക്ട് ചെയ്യാനറിയാത്ത ആ അലവലാതിയുടെ അനിയനാ ഇവൻ ".. ഈശ്വരാ ഇവളെയെങ്ങനെ സമാധാനിപ്പിക്കും ദേഷ്യം കൊണ്ടു കണ്ണുകാണാതെ നിൽക്കുവാ.. അവനെ കണ്ടിട്ടും പാവം തോന്നുന്നു.. ഇപ്പൊ എന്താ ചെയ്യാ.. "ഉണ്ണിയേട്ടൻ ചെയ്തതിനു.. ഒന്നും അറിയാത്ത ഇവനോടെന്തിനാ നമ്മൾ ദേഷ്യം കാണിക്കുന്നത്".. ഞാൻ വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. കീർത്തി എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ അവൻ ഇടക്ക് കയറി.. "നിങ്ങളും അവരും തമ്മിൽ എന്താ പ്രശ്നം എന്നുപോലും എനിക്ക് അറിയില്ല..

ഇത്രേം ദിവസമായിട്ട് എപ്പോഴെങ്കിലും ഞാൻ നിങ്ങളെ കമന്റടിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടുണ്ടോ? " കീർത്തിയുടെ മുഖത്തെ ദേഷ്യം കുറയുന്നത് ഞാൻ കണ്ടു.. "പക്ഷേ, നീ അവന്റെ അനിയനല്ലേ.?" . "അതൊരു തെറ്റാണോ"? കീർത്തി ഒന്നും പറയാതെ എങ്ങോട്ടോ നോക്കി നിന്നു.. പ്ലീസ് കീർത്തി.. ഞാനവളുടെ കൈയ്യിൽ പിടിച്ചു.. "പക്ഷേ നിന്നെ ഞങ്ങളെങ്ങനെ വിശ്വസിക്കും"? "തനിക്ക് വിശ്വാസം വരാൻ വേണ്ടി ഞാനിപ്പോ എന്താ ചെയ്യേണ്ടേ"? "ഞാനെന്ത് പറഞ്ഞാലും നീ ചെയ്യുമോ"? "ഉം".. അവൻ മൂളി.. "എന്നാ വാ ഞാൻ പറയാം".. ഞാനൊന്നും മനസ്സിലാകാതെ കീർത്തിയെ നോക്കി അവളുടെ മുഖത്തൊരു കള്ള ലക്ഷണമുണ്ട്.. ഞാനവളെ തറപ്പിച്ചൊന്നു നോക്കി ഉടനെ അവള് ഇളിച്ചു കാണിച്ചു.. "നീയെന്താ ചെയ്യാൻ പോണേ"? ഞാൻ രഹസ്യമായി അവളുടെ ചെവിയിൽ ചോദിച്ചു.. "എന്നെ ഭദ്രകാളി എന്ന് വിളിച്ചതല്ലേ..

അവനിട്ടൊരു പണി കൊടുക്കണ്ടേ"? അവളൊരു കള്ളച്ചിരി ചിരിച്ചു.. "എടീ ഭയങ്കരി നീ ആള് കൊള്ളാല്ലോ " നമിച്ചു.. അവള് കണ്ണടച്ച് കാണിച്ചു.. ഓഹ് അപ്പൊ ഈ ദേഷ്യമൊക്കെ ഇവളുടെ ഡ്രാമ ആയിരുന്നോ.. കള്ളീ.. ഞാൻ മനസ്സിൽ ചിരിച്ചു.. ആൽമരച്ചോടിനു കുറച്ചു മുന്നേ അവള് നിന്നു.. ഞാനും അവനും ഒന്നും മനസ്സിലാകാതെ കീർത്തിയെ തന്നെ നോക്കി.. "ദോ.. നിന്റെ ഉണ്ണിയേട്ടൻ അവിടിരിപ്പുണ്ട്.. നീ ചെന്ന് അങ്ങേരുടെ താടി പിടിച്ചു വലിക്കണം.. എന്നാ ഞാൻ നിന്നെ വിശ്വസിക്കാം".. ഈശ്വരാ ഇവൾക്ക് ഭ്രാന്തായോ.. ഇവളിത് എന്തൊക്കെയാ പറയുന്നത്.. ഞാൻ അവനെ നോക്കി, അവൻ കണ്ണും തള്ളി കീർത്തിയേം നോക്കി നിൽപ്പാണ്.. "ദുഷ്ട്ടെ... ഇതിലും ഭേദം എനിക്ക് വല്ല പാഷാണവും കലക്കി തന്നൂടായിരുന്നോ".. അവൻ ദയനീയമായി കീർത്തിയെ നോക്കി.. എനിക്കത് കണ്ടിട്ട് ചിരി വന്നു.. ഒരുവിധം കണ്ട്രോൾ ചെയ്തു ഞാൻ വാ പൊത്തി നിന്നു.. "പറ്റുമോ ഇല്ലയോ"?? "ജീവനുണ്ടെങ്കിൽ നാളെ കാണാം".. മനസ്സില്ലാ മനസ്സോടെ അവൻ ശവം കണക്കിന് നടന്നു പോയി..

അതുകണ്ടു ഞങ്ങൾ രണ്ടും പൊട്ടി ചിരിച്ചു.. അവിടെയെന്താ നടക്കുന്നതെന്നറിയാൻ ഞങ്ങളൊരു മരത്തിന്റെ പിന്നിലൊളിച്ചു ശ്വാസം പിടിച്ചു നിന്നു.. അവൻ ഉണ്ണിയേട്ടന്റെമുന്നില് പോയിട്ട് ഞങ്ങളെ തിരിഞ്ഞു നോക്കി.. എന്നിട്ട് ഓടി ചെന്നു ഉണ്ണിയേട്ടന്റെ താടിക്കൊരു വലി.. ഉണ്ണിയേട്ടൻ ചാടി എണീറ്റ് കൈ വലിച്ചു അവന്റെ മോന്തക്കിട്ടൊരു ഇടി.. വലിയൊരു സൗണ്ടോടെ അവൻ താഴേക്ക് വീണു.. "രേവൂ.... ഓടിക്കോ".. കീർത്തി എന്റെ കൈയ്യും പിടിച്ചു വലിച്ചോണ്ടു വേറേതോ ഇടവഴിയിൽ കൂടി ഓടി.. എത്ര ദൂരം ഓടി എന്നറിയില്ല.. കുറേ ദൂരം ചെന്നിട്ട് ഞങ്ങൾ തളർന്നു നിന്നു... പിന്നെ മുഖത്തോടു മുഖം നോക്കി പൊട്ടി ചിരിച്ചു... ചിരിച്ചു തളർന്നു ഒടുവിലൊരു മരച്ചോട്ടിലിരുന്നു.. "ടി.. അവൻ നമ്മുടെ പേരെങ്ങാനും പറയുമോ"? കീർത്തി പേടിയോടെ എന്നെ നോക്കി "ദേ.. വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ.. "ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. അവൻ പോയി അങ്ങേരുടെ താടിക്ക് പിടിച്ചു വലിക്കുമെന്നു ഞാനും കരുതിയില്ല".. "ഉവ്വാ.. ഞാൻ വിശ്വസിച്ചു".. എനിക്കെന്തോ ഭയങ്കര ചിരി വന്നു.. ഞാൻ കുറേ നേരം പൊട്ടി ചിരിച്ചു.. ഞാൻ ചിരിക്കുന്നത് കണ്ടു കീർത്തിയും ചിരിച്ചു.. ഒരു രക്ഷയും ഇല്ലാ. ഒരു വിധത്തിലും ചിരി നിറുത്താൻ പറ്റുന്നില്ല.. വീടെത്തുന്നതും വരെയും ചിരിച്ചു..

കുറേ കാലത്തിനു ശേഷം ഇത്രയും ചിരിച്ചത് ഇന്നാണെന്നു തോന്നുന്നു.. പിറ്റേന്ന് സൺ‌ഡേ ആയിരുന്നു അതുകൊണ്ട് പത്തുമണിവരെ കിടന്നുറങ്ങി.. അവനെങ്ങാനും ഉണ്ണിയേട്ടനോട് ഞങ്ങടെ പേരു പറഞ്ഞു കാണുമോ എന്നൊരു പേടിയും വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.. തിങ്കളാഴ്ച്ച സ്കൂളിൽ പോകാനായി ഇറങ്ങിയത് തന്നെ പേടിയോടെ ആയിരുന്നു.. ഭാഗ്യം.. പേടിച്ചപോലൊന്നും നടന്നില്ല.. വഴിയിലൊന്നും അവനെ കണ്ടില്ല.. വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വരുമ്പോ ദേ മുന്നിൽ നിൽക്കുന്നു.. കണ്ണിനു താഴെ വട്ടത്തിൽ നീലിച്ചു കിടക്കുന്നു ഞാനും കീർത്തിയും ഒരുവിധം ചിരി അടക്കി നിന്നു.. "മാഡം... ഇപ്പൊ മാഡത്തിനു എന്നെ വിശ്വാസമായോ".. അവൻ കീർത്തിയോട് അപേക്ഷിക്കും പോലെ ചോദിച്ചു.. ഞങ്ങൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.. ഞങ്ങൾ കുറേ നേരം ചിരിച്ചു.. "ചിരിച്ചു തീർന്നെങ്കിൽ പറ ഇപ്പോ എന്നെ വിശ്വാസം ആയോ"? "ആഹ് ചെറുതായിട്ട് " "ഇനി മൊത്തമായി വിശ്വസിക്കാൻ വേറെന്തെങ്കിലും ചെയ്യണോ? " "തല്ക്കാലം ഇതുമതി.. വിശ്വാസം കുറയുമ്പോ ഞാൻ പറയാം " അതുകേട്ട് അവൻ ചിരിച്ചു...

"ആട്ടെ, തന്റെ പേരെന്താ"? "രൂപേഷ്".. "കപീഷോ"? കീർത്തി കളിയാക്കി.. "കപീഷല്ല.. രൂപേഷ്"... "രൂപം പോലെ തന്നെയാ പേരും" കീർത്തി ചിരിച്ചോണ്ട് പറഞ്ഞു.. അതുകേട്ടപ്പോൾ എനിക്കും ചിരി വന്നു.. "ഈ രൂപത്തിന് എന്താ കുഴപ്പം.. നല്ല സ്റ്റൈൽ അല്ലേ".. "പിന്നേ.. നല്ല സ്റ്റൈലാ".. അവള് വീണ്ടും കളിയാക്കി.. "രൂപേഷ് എന്ത് ചെയ്യാ? പഠിക്കുവാണോ"? "പഠിത്തം ഒക്കെ കഴിഞ്ഞു".. ഞങ്ങൾ ചോദ്യഭാവത്തിൽ അവനെ നോക്കി.. അവൻ ചമ്മലോടെ ഞങ്ങളെ നോക്കി ഇളിച്ചു.. "സപ്ലിയാ" .. ചമ്മലോടെ ഞങ്ങളെ നോക്കി പറഞ്ഞു.. ഞങ്ങൾ ചിരിച്ചു.. "എത്രയുണ്ട്.".? അവൻ പരുങ്ങലോടെ ആദ്യം ഒന്നെന്നു വിരൽ കാണിച്ചു പിന്നെ അത് രണ്ടായി പിന്നെ മൂന്നു കാണിച്ചു.. അതുകണ്ടു ഞങ്ങൾ ചിരിച്ചു പോയി.. സംസാരിച്ചു സംസാരിച്ചു സമയം പോയതറിഞ്ഞില്ല.. കീർത്തിക്ക് പോകേണ്ട വഴിയെത്തി.. അവളും ഞാനും അവനോട് ബൈ പറഞ്ഞു രണ്ടു വഴികളിലായി നടന്നു.. കുറച്ചു ദൂരം നടന്നപ്പോൾ പിന്നിൽ നിന്നും അവന്റെ വിളി വന്നു.. "രേവൂ".. നിക്കണോ പോണോ.. ആകെ ഒരു കൺഫ്യൂഷൻ...

ഞാൻ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു.. അവൻ ഓടി എന്റടുക്കൽ വന്നു എനിക്ക് അഭിമുഖമായി നിന്നു.. എന്റെ കണ്ണിൽ തന്നെ സൂക്ഷിച്ചു നോക്കി.. അവന്റെ നോട്ടം കണ്ടിട്ട് എനിക്ക് എന്തോ ഒരു വെപ്രാളം.. ഞാൻ മറ്റെവിടേക്കോ നോക്കി.. "എന്താ"..?? അവൻ എന്നെ നോക്കി ഹൃദ്യമായൊന്നു പുഞ്ചിരിച്ചു.. ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ നെറ്റി ചുളിച്ചു.. "എനിക്ക് തന്നോട് രണ്ടുകാര്യങ്ങൾ പറയാനുണ്ട്".. എന്താ? ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.. "താങ്ക്യൂ.. സോറി " " താങ്ക്യൂ എന്തിനാ"? "താനിന്നലെ കീർത്തിയോട് സംസാരിച്ചത് കൊണ്ടാ അവള് എന്നോട് കൂട്ടുകൂടാൻ സമ്മതിച്ചത്".. "അപ്പോ സോറി"..? "അതൊരു പഴേ കണക്കാ".. അവൻ പുഞ്ചിരിയോടെ പറഞ്ഞു.. "പഴേ കണക്കോ? മനസ്സിലായില്ല..? "അത് പിന്നെ പിന്നെ പറയാം".. അവന്റെ മുഖത്തു ആ പുഞ്ചിരി അങ്ങനെ തന്നെയുണ്ട്.. എനിക്കത് കണ്ടിട്ട് എന്തോ ദേഷ്യം തോന്നി.. ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ നടന്നു.. കുറച്ചു ദൂരം ചെന്നിട്ട് തിരിഞ്ഞു നോക്കുമ്പോഴും അവൻ പുഞ്ചിരിയോടെ എന്നെയും നോക്കി അവിടെ തന്നെ നിൽപ്പുണ്ട്..

ദിവസങ്ങൾ കടന്നുപോയി.. ഇതിനിടെ കീർത്തിയും രൂപേഷും നല്ല കമ്പനി ആയി.. ഞാൻ അവനോട് മിണ്ടാറുണ്ടെങ്കിലും എന്തോ അവനുമായി കൂടുതൽ അടുക്കാൻ തോന്നാറില്ല.. എന്തോ ഒരു തടസ്സം.. പക്ഷേ, അവൻ കീർത്തിയുമായാണ് കൂടുതൽ കമ്പനി എങ്കിലും, എന്നോട് എന്തോ ഒരു പ്രത്യേക ഭാവം ആണ്.. അവന്റെ കണ്ണുകളിൽ എനിക്കത് കാണാൻ കഴിയുന്നുണ്ട്.. ചിലപ്പോ അതെന്റെ തോന്നലാകാം.. ആവോ.. അറിയില്ല.. അവൻ ഇടക്ക് കീർത്തിയോട് പരാതി പറയാറുണ്ട് "രേവൂന് എന്നോട് എന്തോ അകൽച്ച ഉള്ളത് പോലെ തോന്നാറുണ്ടെന്നു".. "അതിനു ഞാൻ നിന്നോട് എപ്പോഴാ അടുത്തത് നിനക്കങ്ങനെ തോന്നാൻ ".. ചുട്ട മറുപടി ഞാനും കൊടുക്കാറുണ്ട് "അയ്യോ മാഡം.. ഞാനൊരു തമാശ പറഞ്ഞതാ.. ഇനി അതും പറഞ്ഞു എന്നോട് പിണങ്ങണ്ട " അവൻ ഒടുവിൽ തോൽവി സമ്മതിക്കും.. പതിവുപോലെ ട്യൂഷൻ കഴിഞ്ഞു ഞാനും കീർത്തിയും ഇറങ്ങി.. "ഇന്ന് രൂപേഷിനെ കണ്ടില്ലല്ലോ.. " കീർത്തി ചുറ്റും ഒന്നു വീക്ഷിച്ചു.. അവന്റെ കാര്യമായത് കൊണ്ട് കേൾക്കാൻ എനിക്ക് വല്യ താല്പര്യമില്ലായിരുന്നു.. "രേവൂ.. നിനക്കു അവനോട് എന്തെങ്കിലും ദേഷ്യമുണ്ടോ? കീർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി.. "എനിക്കെന്തിന് അവനോട് ദേഷ്യം..? നീയെന്താ അങ്ങനെ ചോദിച്ചേ"??

"എനിക്ക് അങ്ങനെ തോന്നി.. " "നിനക്ക് അങ്ങനെ തോന്നിയതിനു ഞാനിപ്പോ എന്ത് ചെയ്യാനാ".. "ഞാനെന്റെ ചോദ്യം തിരിച്ചെടുത്തു.. ഇയ്യിടെ ആയിട്ട് നിനക്കിപ്പോ ഭയങ്കര ദേഷ്യമാ.. എന്ത് പറഞ്ഞാലും പെട്ടെന്ന് ഭാവം മാറും.. കീർത്തി പരാതി പറയുംപോലെ പറഞ്ഞു.. കീർത്തി അതുപറഞ്ഞപ്പോഴാ എനിക്കും അത് ശരിയാണെന്നു തോന്നി.. ഞാൻ ഒന്നും മിണ്ടാതെ നടന്നു.. ഇടവഴി എത്തിയപ്പോൾ കീർത്തി ബൈ പറഞ്ഞു പോയി.. എനിക്കെന്താ പറ്റിയെ..? കീർത്തി പറഞ്ഞത് സത്യമാ.. ഇപ്പോ എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ട്.. ഞാൻ സ്വയം ഒരു ആത്മപരിശോധന നടത്താൻ ശ്രമിച്ചു.. എന്തോ ചിന്തിച്ചു നടക്കുന്നതിനിടയിൽ തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ രൂപേഷ്.. "താനെന്താ ഇവിടെ"? ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി.. "തന്നെ കാത്തു നിന്നതാ".. എന്നെയോ? എന്തിനു? "എനിക്ക് കീർത്തിയുടെ ആറ്റിട്യൂട് ഭയങ്കര ഇഷ്ട്ടമാ..

അതുകണ്ടിട്ടാ എനിക്ക് നിങ്ങളെ പരിചയപ്പെടണം എന്ന് തോന്നിയത് "... "എന്നിട്ട് ഇപ്പൊ എന്ത് സംഭവിച്ചു"? "ഇപ്പൊ ഒന്നും സംഭവിച്ചില്ല.. പക്ഷേ, " പക്ഷേ?? ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.. "കീർത്തിയുടെ ആറ്റിട്യൂഡിനെ ക്കാളും തന്റെ ഈ മൗനമാണ് എനിക്ക് ഒരുപാടിഷ്ട്ടം".. ഞാൻ അമ്പരപ്പോടെ അവനെ നോക്കി.. ഞാനെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു പുഞ്ചിരിയും സമ്മാനിച്ചു അവൻ കുറച്ചു ദൂരം പിന്നിട്ടിരുന്നു.. ഒടുവിൽ ഒന്നു തിരിഞ്ഞു നോക്കി tata കാണിച്ചിട്ട് പോയി.. അവൻ പോയി മറയുന്നത് വരെ ഞാൻ നോക്കി നിന്നു.. ഇവനെന്താ പറയാൻ ഉദ്ദേശിച്ചേ? ഒന്നും മനസ്സിലാകുന്നില്ല.. ആദ്യം എന്നോട് മാത്രം ഗോഷ്ഠി കാണിച്ചു.. പിന്നെ സോറി പറഞ്ഞു ഇപ്പോ എന്റെ മൗനം ഇഷ്ട്ടമാണെന്നു പറയുന്നു.. എവിടെയോ എന്തോ തകരാറു പോലെ.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story