ഉണ്ണിയേട്ടൻ: ഭാഗം 6

unniyettan

രചന: സനാഹ് ആമിൻ

  ബെല്ലടിക്കുന്നതിനു മുന്നേ റെക്കോർഡ് എഴുതി തീർക്കാൻ പറ്റുമോ.. ഞാൻ സംശയത്തോടെ പേജ് മറിച്ചു നോക്കി.. പറ്റുന്ന അത്രേം എഴുതാം.. ഞാൻ എഴുത്തു തുടങ്ങി.. "ടീ നിന്റേൽ ആതിരയുടെ നമ്പർ ഉണ്ടോ"? കീർത്തി എന്റെ തൊട്ടടുത്താണ് ഇരിപ്പെങ്കിലും മറ്റെവിടേക്കോ നോക്കി ചോദിച്ചു. "ഏത് ആതിര " ഞാൻ തല ഉയർത്താതെ ചോദിച്ചു.. "ആതിര. പി.. "എന്റെയിലൊന്നും ഇല്ല.. നിനക്കെന്തിനാ അവളുടെ നമ്പർ"..? ഞാൻ ക്ലാസ്റൂമിലൊന്നു കണ്ണോടിച്ചു ആതിര ജനലിന്റെയടുത്തു നിന്ന് ആരോടോ സംസാരിക്കുന്നു.. "അവളവിടെ ജനലിന്റെ അടുത്തുണ്ട് നീ പോയി ചോദിക്ക്".. "അവൾക്കതിനു ഫോണുണ്ടോ"? "എനിക്ക് എങ്ങനെ അറിയാനാ..." "നീ അതൊന്ന് മടക്കി വെക്ക് രേവൂ.. വീട്ടിൽ പോയി എഴുത്".. മടക്കി വെക്കാൻ മനസ്സില്ലെങ്കിലും ഞാൻ എഴുത്ത് മതിയാക്കി കീർത്തിയെ നോക്കി, അവളെന്തോ വലിയ ആലോചനയിലാണ്.. "നിനക്ക് ഇതെന്തുപറ്റി ആകെ ശോകം ആണല്ലോ"?? "ഞാൻ മനസ്സിലൊരു പ്ലാൻ തയ്യാറാക്കുവായിരുന്നു".. "പ്ലാനോ? എന്തു പ്ലാൻ"?

"നിനക്ക് 11th B യിലെ വിവേകിനെ അറിയുമോ? നമ്മടെ റാമിന്റെ കൂടെ നടക്കുന്ന ആ മെലിഞ്ഞ പയ്യൻ".. "ഓ അവനോ.. അറിയാം എന്താ"? "അവനും ആതിര. പി യും തമ്മിൽ എന്തോ ഒരു ഡിങ്കോൾഫിയുണ്ട്".. അതിന് നിനക്കെന്താ? ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി.. "എനിക്കെന്താന്നോ.. എനിക്കിത് അവളുടെ parentsനെ അറിയിക്കണം".. "എന്തിന്..??? നിനക്ക് വേറെ പണിയൊന്നുമില്ലേ".. "ഇങ്ങനെ ചില ഉഡായിപ്പ് പണികളൊക്കെ ചെയ്യുമ്പോ എന്തോ വല്ലാത്തൊരു മനസുഖാ".. ഞാൻ അവളുടെ ചെവിക്കൊരു കിഴുക്ക് കൊടുത്തു.. "അവളുടെ ഒരു ഭ്രാന്ത്.. നിനക്കെന്താ പ്രേമിക്കുന്നോരെ കാണുമ്പോ കുരുപൊട്ടുന്നെ"? പിന്നെ നിന്നെപ്പോലെ പ്രേമജീവി ആവണോ? ശ്ശെടാ.. നിനക്ക് പ്രേമത്തിൽ വിശ്വാസം ഇല്ലെങ്കി വേണ്ടാ അതിനു മറ്റുള്ളവർ എന്തു പിഴച്ചു.. "ഈ പ്രായത്തില് തോന്നുന്നത് പ്രേമമാണെന്ന് നിന്നോടാര് പറഞ്ഞു..

അതുവെറും infatuation ആണ്.. ഫോർ എക്സാമ്പിൾ, പപ്പി ലവ് എന്നൊക്കെ പറയില്ലേ അതുതന്നെ " പപ്പി ലവ്വോ? എന്നു വെച്ചാൽ?? "അതായത്.. ഇപ്പോ നമ്മൾ റോഡിലൂടെ പോകുമ്പോ ഒരു പപ്പിയെ കണ്ടൂ എന്ന് വിചാരിക്കുക.. അതിനെ കണ്ട ഉടനെ അതിനോട് നമുക്കൊരു ഇഷ്ട്ടം തോന്നില്ലേ.. അതിനെ കൈയ്യിലെടുക്കണം കൊഞ്ചിക്കണം എന്നൊക്കെ തോന്നും.. അതാണ് പപ്പി ലവ്.. ആ തോന്നല് പോലെയാ ഇതും.. വെറും attraction' അതിനെ നമ്മള് വലിയ വായില് പ്രേമം എന്നൊക്കെ പറഞ്ഞു നടക്കും.. "എന്റെ പൊന്നേ.. നിന്നോട് വായടിക്കാൻ ഞാനില്ല".. മതിയെന്ന ഭാവത്തിൽ ഞാൻ തൊഴുതു കാണിച്ചു.. "നീ പ്രേമത്തെയും പ്രേമിക്കുന്നവരെയും ഇത്രയും വെറുക്കുന്ന സ്ഥിതിക്ക്, നിനക്ക് ലവ് മാര്യേജ് ആയിരിക്കും നോക്കിക്കോ.. ഇതെന്റെ ശാപമാ".. "ഓഹ് പിന്നെ, അതിനു ഞാൻ ഒന്നൂടി ജനിക്കണം.. എന്നാ ഞാനും നിന്നെ ശപിക്കുവാ..

നീ പ്രേമത്തെ ഇത്രേം സപ്പോർട്ട് ചെയ്യുന്ന സ്ഥിതിക്ക്, നിനക്കു arranged മാര്യേജ് ആയിരിക്കും... നിന്റെ അച്ഛൻ ചൂണ്ടി കാണിക്കുന്ന ഏതെങ്കിലും ഒരു കോന്തനെ തന്നെ നിനക്കു കെട്ടേണ്ടി വരും നോക്കിക്കോ.. " "ഓ അങ്ങനെയാണോ? എന്നാ ശരി നമുക്ക് കാണാം ആരുടെ ശാപമാ ഫലിക്കുന്നതെന്നു".. "ശരി കാണാം.." ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി പൊട്ടി ചിരിച്ചു .. അപ്പോഴേക്കും ബെല്ലും അടിച്ചു.. കസിന്റെ കല്ല്യാണം ആയത് കൊണ്ട് ഇനി തിങ്കളാഴ്ച്ചയെ താൻ വരൂ എന്ന് കീർത്തി പറഞ്ഞത് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു അസ്വസ്ഥത.. ട്യൂഷനിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.. "നീയെന്തിനാ മുഖം വീർപ്പിച്ചിരിക്കുന്നെ"? കീർത്തി മുഖം തിരിക്കാതെ രഹസ്യമായി ചോദിച്ചു.. ഒന്നൂല്ല.. കാര്യം പറ കൊച്ചേ.. "സൈലൻസ് പ്ലീസ്.. ക്ലാസ്സിലിരിക്കാൻ താല്പര്യമില്ലാത്തവർക്ക് പുറത്തു പോകാം".. ടീച്ചർ കണ്ണുരുട്ടി കൊണ്ട് ഉറക്കെ പറഞ്ഞു.. അതോടെ ക്ലാസ്സ്റൂം ആകെ നിശബ്ദമായി.. ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴും എനിക്ക് വല്ലാത്ത മൂഡോഫ് തോന്നി..

എന്റെ മൂഡോഫിന്റെ കാരണം കീർത്തിക്ക് മനസ്സിലായത് കൊണ്ട് അവളും ആശ്വസിപ്പിക്കാൻ നോക്കി.. "ശരണ്യ ചേച്ചിയുടെ കല്യാണമായി പോയി.. ഇല്ലേൽ ഞാൻ പോകില്ലായിരുന്നു".. അവളങ്ങനെ പറഞ്ഞപ്പോ എനിക്കെന്തോ വിഷമം തോന്നി.. പാവം കീർത്തി.. "വെറും മൂന്ന് ദിവസത്തെ കാര്യമല്ലേ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. നീ പോയി അടിച്ചുപൊളിക്ക്.. " ഞാൻ അങ്ങനെ പറഞ്ഞത് അവൾക്ക് നല്ല സന്തോഷമായി.. .. അവൾ ഉൽസാഹത്തോടെ എന്റെ കവിളിലൊരുമ്മ തന്നു.. കുറച്ചു ദൂരം നടന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.. അവിടൊരു മാവ് നിറയെ പച്ചമാങ്ങ.. ഇലയെക്കാൾ കൂടുതൽ മാങ്ങ ആ മരത്തിലുണ്ടെന്നു തോന്നുന്നു.. ഞാനത് കീർത്തിയെ വിളിച്ചു കാണിച്ചു.. "രേവൂ... ഇതീന്ന് രണ്ടു മാങ്ങ പറിച്ചെടുത്തു ഉപ്പും മുളക്പൊടിയും ഇട്ട് തിന്നാൽ അടിപൊളി ആയിരിക്കും അല്ലേ".. കീർത്തി അത് പറഞ്ഞപ്പോ തന്നെ വായില് വെള്ളം വന്നു.. കൊതിപ്പിക്കല്ലേ പിശാശ്ശെ.. ഞാൻ ചുറ്റുപാടൊന്നു നോക്കി പരിസരത്തൊന്നും ആരേം കാണാനില്ല..

"ഇവിടൊന്നും ആരുമില്ല നമുക്കൊന്ന് എറിഞ്ഞു നോക്കിയാലോ"? "ആഹ് ശരി".. രണ്ടുപേരും കുറേ നേരം മാറി മാറി എറിഞ്ഞെങ്കിലും, ഒരേറു പോലും എവിടെയും കൊണ്ടില്ല.. ഓഹ് വെറുതെ സമയം കളഞ്ഞു.. ഇനി ഒന്നും നടക്കില്ലെന്നു ഉറപ്പായപ്പോ ഞങ്ങൾ പച്ചമാങ്ങ തിന്നാനുള്ള കൊതിയും ഉപേക്ഷിച്ചു തിരിഞ്ഞു.. അപ്പോ അതാ പതിവുപോലെ സകലപല്ലും വെളിയിൽ കാണിച്ചുള്ള ഇളിയും പാസാക്കി മുന്നിൽ രൂപേഷ്.. "രണ്ടും കൂടി ഇവിടെന്താ ഒരു ചുറ്റിക്കളി"? അവൻ സംശയത്തോടെ ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കി.. അവനെ കണ്ടതോടെ ഞങ്ങടെ മനസ്സിൽ ലഡ്ഡു പൊട്ടി.. മാങ്ങ പറിക്കാൻ ആളായല്ലോ.. "നല്ല സമയത്താ കപീഷിന്റെ വരവ്.. കീർത്തി കളിയാക്കി.. "പ്ഫാ.. കപീഷ് നിന്റെ മറ്റവൻ" രൂപേഷ് കീർത്തിയെ ആട്ടുന്നത് കണ്ട് എനിക്ക് ചിരി വന്നു.. എനിക്ക് മറ്റവൻ ഇല്ലല്ലോ അതുകൊണ്ടല്ലേ നിന്നെ വിളിച്ചേ.. എന്നെ മറ്റവൻ ആക്കാൻ ഇനി വല്ല ഉദ്ദേശവുമുണ്ടോ? അങ്ങനെ ഒരു ഗതി വന്നാൽ സന്തോഷത്തോടെ ഞാനങ്ങു കെട്ടി തൂങ്ങി ചാവും.. കീർത്തിയുടെ മറുപടി കേട്ടതോടെ രൂപേഷ് സ്വയം തോൽവി സമ്മതിച്ചു..

എന്റെ പൊന്നോ.. നമിച്ചു.. ഞാൻ അടിയറവു പറഞ്ഞിരിക്കുന്നു.. അവിടുന്ന് കല്പിച്ചാലും.. അടിയനെന്താ ചെയ്യേണ്ടേ? കീർത്തി മാവ് ചൂണ്ടി കാണിച്ചിട്ട് മാങ്ങ പറിക്കാൻ പറഞ്ഞു.. അവൻ മാവിന് തൊട്ടടുത്തുള്ള മതിലിൽ വലിഞ്ഞു കേറി നാല് മാങ്ങയുള്ള ഒരു കുല പിച്ചു ഞങ്ങൾക്ക് ഓരോന്ന് തന്നു. നിനക്ക് മാത്രം രണ്ടോ? എനിക്കൊന്നൂടി താ.. കീർത്തി തട്ടിപ്പറിക്കാൻ നോക്കി.. അവൻ കൈ മേലോട്ട് ഉയർത്തി.. "രണ്ടും എനിക്കല്ല.. ഒന്ന് വേറൊരാൾക്കാ".. "അതാരാടാ ഞങ്ങൾ അറിയാത്ത വേറൊരാൾ" ഞങ്ങൾ സംശയത്തോടെ അവനെ സൂക്ഷിച്ചു നോക്കി "അയ്യേ.. നിങ്ങൾ ഉദ്ദേശിക്കുന്ന പോലൊന്നുമില്ല.. ഇതെന്റെ അനിയത്തിക്കാ".. ഇതുവരെ അനിയത്തിയുടെ കാര്യമൊന്നും ഇവൻ പറഞ്ഞിട്ടില്ല അതുകൊണ്ട് ഞങ്ങൾക്ക് ആശ്ചര്യമായി.. "ആഹാ നിനക്ക് അനിയത്തിയുണ്ടോ? എന്നിട്ട് നീ ഇതുവരെ പറഞ്ഞില്ലല്ലോ".. "അനിയത്തി മാത്രമല്ല ഒരു ഏട്ടനുമുണ്ട്.. ഞങ്ങൾ മൂന്ന് മക്കളാ".. "എന്നിട്ട് ചേട്ടനെവിടെ"? "ഏട്ടനിപ്പോ ബാംഗ്ലൂരാ.. അവിടെയാ ജോലി..

ചേട്ടന്റെ പേരെന്താ? "രവീഷ്.. രവീഷേട്ടനും ഉണ്ണിയേട്ടനുമൊക്കെ കട്ട ഫ്രണ്ട്സായിരുന്നു നിങ്ങളെ പോലെ.. പഠിച്ചതൊക്കെ ഒരുമിച്ചാ".. " നിന്റെ രവീഷേട്ടന് ജോലിയും ആയി.. എന്നിട്ടും നിന്റെ ഉണ്ണിയേട്ടൻ തേരാപാരാ ആണല്ലോ.. ജോലിയും കൂലിയും ഇല്ലാതെ.. നിന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞതാണോ? " "ഇല്ല.. അനിയത്തിയുടെ പേരെന്താ..? "രുദ്ര".. "പഠിക്കുവാണോ? " "യെസ്.. ഏഴാം ക്ലാസ്.. " "ആണോ.. എന്റെ അനിയത്തിയും ഏഴാംക്ലാസ്സിലാ".. "രുദ്രക്ക് നിങ്ങളെയൊക്കെ അറിയാം.. നിങ്ങളുടെ കാര്യമൊക്കെ ഞാൻ അവളോട് പറയാറുണ്ട് .. ഇന്നലെയും കൂടി അവള് പറഞ്ഞതേയുള്ളൂ രേവൂ ചേച്ചിയേം കീർത്തി ചേച്ചിയേം എപ്പഴാ കാണിച്ചു കൊടുക്കുന്നതെന്ന്.. നിങ്ങൾ രണ്ടുപേരും ഒഴിവുള്ളപ്പോൾ ഒരു ദിവസം വീട്ടിലേക്ക് വാ".. ഞങ്ങൾ സംശയത്തോടെ പരസ്പരം നോക്കി.. "ഹിഹി നിങ്ങൾ പേടിക്കണ്ട.. ഉണ്ണിയേട്ടൻ വേറെ വീട്ടിലാ ഞങ്ങടെ കൂടെയല്ല.. എന്റെ വീട്ടിൽ അച്ഛനും അമ്മയും മുത്തശ്ശിയും ഞാനും രുദ്രയുമേ ഉള്ളൂ".. "ഒരു ദിവസം ഞങ്ങൾ വരാം.. " "അല്ല നിങ്ങളും ഉണ്ണിയേട്ടനും തമ്മിൽ എന്താ പ്രശ്നം??

കുറേ ദിവസമായി ചോദിക്കണം എന്ന് കരുതി ഇരിക്കുവായിരുന്നു".. "അതൊക്കെ വലിയ കഥയാ".. "ആ കഥ ചുരുക്കി ഒന്ന് പറഞ്ഞൂടെ"..? പറയണ്ടെന്നു ഞാൻ കീർത്തിക്ക് കണ്ണ് കാണിച്ചു.. പക്ഷേ അവൾ ആദ്യംമുതൽ സംഭവിച്ചതെല്ലാം അവനോട് പറഞ്ഞു.. എനിക്കെന്തോ അവൻ അതൊക്കെ അറിഞ്ഞതോടെ ആകെ ഒരു ചമ്മൽ.. "അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്‌... എന്തായാലും, ഉണ്ണിയേട്ടൻ കാണിച്ചത് ഒട്ടും ശരിയായില്ല.. ഇഷ്ടമല്ലെങ്കി അതു പറഞ്ഞാൽ മതിയായിരുന്നു.. ഇത്രയും പരിഹസിക്കേണ്ടിയിരുന്നില്ല".. അവൻ ഇതറിയുമ്പോൾ എന്നെ കളിയാക്കുമെന്നാണ് ഞാൻ കരുതിയത്.. ഇങ്ങനെ പറയുമെന്ന് കരുതിയില്ല.. ആദ്യമായിട്ട് അവനോടൊരു റെസ്‌പെക്ട് ഒക്കെ തോന്നി... നടന്നു നടന്നു ഒടുവിൽ കീർത്തിക്ക് പോകാനുള്ള വഴിയും എത്തി.. "അപ്പോ ഓക്കേ guys.. തിങ്കളാഴ്ച്ച കാണാം"..

"തിങ്കളാഴ്ച്ചയോ? അതുവരെ നീ എവിടെ പോകുന്നു"..? "കസിന്റെ കല്ല്യാണം".. "ഇത്രേം ദിവസം കല്ല്യാണമുണ്ടോ"? "ഇത്രേം ദിവസം കല്യാണമൊന്നും ഇല്ല.. ഷോപ്പിങ്ങൊന്നും ഇതുവരെ കഴിഞ്ഞില്ല".. "ഓ ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ.. ഇനി നിന്നെ കാണണമെങ്കിൽ വല്ല പായസ ചെമ്പിലും വന്നു നോക്കണം " "നീ പോടാ കപീഷേ.. അവൾ അവന്റെ കൈക്കൊരു നുള്ള് കൊടുത്തു".. "ആ കുറുക്കന്മാരിൽ നിന്നും എന്റെ രേവൂന്റെ മേലൊരു കണ്ണുണ്ടാകണേ".. "നീ വിഷമിക്കണ്ട എന്റെ രണ്ട് കണ്ണുമുണ്ടാകും".. "അപ്പൊ ശരി ബൈ".. അവള് പോയതും ഞാൻ തിരിഞ്ഞു പോലും നോക്കാതെ സ്പീഡിൽ നടന്നു.. "രേവൂ.. ഒന്ന് നിന്നേ".... ഞാനവന്റെ വിളിക്ക് ചെവികൊടുക്കാതെ നടത്തം തുടർന്നു.. അവനോടി എന്റെ മുന്നിൽ വഴി മറച്ചു നിന്നു.. "മാറ്, എനിക്ക് പോണം".. "ഇത്രേം ധൃതിയിൽ എങ്ങോട്ടാ? വായു ഗുളിക മേടിക്കാൻ ആണോ"? "നീ പോടാ.. " ഞാനവനെ തള്ളി മാറ്റിയിട്ട് നടത്തം തുടർന്നു.. "പോടാന്നോ"..? "അല്ല തന്നെ ഞാൻ പ്രധാന മന്ത്രി എന്ന് വിളിക്കാം".. "അങ്ങനെയൊന്നും വിളിക്കണ്ട.. ചേട്ടാന്നു വിളിച്ചാൽ മതി"..

"ചെറ്റ എന്നതാ കൂടുതൽ ചെരുന്നേ" "അത് താൻ കണ്ണാടിയിൽ നോക്കി വിളിച്ചാൽ മതി".. "കണ്ണാടിയിൽ നോക്കി തന്റെ പേര് വിളിച്ചാൽ ചിലപ്പോ കണ്ണാടിക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ"? "ഓഹ് അങ്ങനെയാണോ.. എങ്കിൽ നീ ഇന്ന് എന്നെ ചേട്ടാന്നു വിളിച്ചിട്ടു പോയാൽ മതി " അവൻ വഴിമുടക്കി കൊണ്ട് ഒരു കള്ള ചിരിയോടെ എന്റെ മുന്നിൽ വന്നു നിന്നു.. അവനെ മറികടന്നു പോകാൻ രണ്ടുമൂന്നു പ്രാവശ്യം ശ്രമിച്ചു എങ്കിലും നടന്നില്ല.. ഇനി എങ്ങനെ പോകും.. വേറെ വഴിയൊന്നുമില്ല.. ഞാൻ സകല ശക്തിയുമെടുത്തു അവന്റെ നെഞ്ചിൽ ആഞ്ഞു തള്ളിയിട്ട് തിരിഞ്ഞു നോക്കാതെ ഒരോട്ടമോടി.. കുറച്ചു ദൂരം ഓടിയിട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവൻ ഒരു കള്ളച്ചിരിയോടെ എന്നെ തന്നെ നോക്കി നിൽപ്പാണ്.. എനിക്കത് കണ്ടപ്പോ ദേഷ്യം തോന്നി.. ഞാൻ കൊഞ്ഞണം കാട്ടി.. നിന്നെ പിന്നെ കണ്ടോളാം എന്ന മട്ടിൽ അവൻ തലയാട്ടി.. ഞാൻ പോലുമറിയാതെ എന്നിൽ ഒരു പുഞ്ചിരി വിരിഞ്ഞു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story