ഉണ്ണിയേട്ടൻ: ഭാഗം 8

unniyettan

രചന: സനാഹ് ആമിൻ

"എന്നോട് മിണ്ടാതെ പോയാൽ നിന്റെ തലയിൽ തേങ്ങ വീഴും നോക്കിക്കോ.. " അവൻ ദേഷ്യത്തോടെ അലറി.. ഇത്രേം നേരം അവനോടു തോന്നിയ അലിവെല്ലാം ഒരു സെക്കൻഡിൽ നീരാവിയായി പോയി.. ഞാൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. ഈ തെണ്ടിയോടാണോ ഞാൻ സോറി പറയാൻ തുടങ്ങിയത്? അവന്റെ നില്പ് കണ്ടാലറിയാം രണ്ടും കല്പിച്ചാണെന്ന്.. "എന്താ പോണില്ലേ?? " "ദേ ഇങ്ങോട്ട് നോക്ക് " (അവൻ നാക്ക് നീട്ടി കാണിച്ചു ) "കരിനാക്കാ.. നല്ല ഉഗ്രൻ കരിനാക്ക് " "ഞാനെന്ത് പറഞ്ഞാലും ഫലിക്കും.. " സകല പുച്ഛവും വാരി വിതറി കൊണ്ടുള്ള അവന്റെ ഓഞ്ഞ ഡയലോഗ് കേട്ടതോടെ എന്റെ റിലേ തെറ്റി.. പിന്നെ ഒന്നും ചിന്തിച്ചില്ല താഴെ കിടന്ന ഒരു തൊണ്ണാൻ( ഇളനീർ പരുവമാകുമ്പോൾ കേടായി വീഴുന്ന കുടുക്ക or പേട്ട്തേങ്ങ എന്നൊക്കെ പറയുന്ന സാധനം ) എടുത്ത് ഒരേറ്.. " ഉന്നം തെറ്റിയില്ല കറക്റ്റ് അവന്റെ നെഞ്ചത്ത് തന്നെ കൊണ്ടു.. "അമ്മേ...................." അവന്റെ അലറിയുള്ള വിളികേട്ട് ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ ഞാൻ ഓടി രക്ഷപ്പെട്ടു.... *************

"രുദ്രൂ... കുടിക്കാൻ കുറച്ചു വെള്ളം.. " മുറ്റമടിച്ചു കൊണ്ടിരുന്ന രുദ്ര രൂപേഷിന്റെ ശബ്ദം കേട്ട് തല ഉയർത്തി.. "അയ്യോ... ഇതെന്തുപറ്റി ഏട്ടാ.. " ഒരു കൈയ്യിൽ തൊണ്ണാനും മറു കൈയ്യ് നടുവിൽ താങ്ങി ഞൊണ്ടി ഞൊണ്ടി വരുന്ന രൂപേഷിനെ കണ്ടു പരിഭ്രമത്തോടെ അവന്റെ അടുത്തേക്കോടി.. "നീ ആദ്യം കുടിക്കാൻ കുറച്ചു വെള്ളമെടുത്തോണ്ടു വാ.. " അവൻ തളർന്നു സിറ്റൗട്ടിലെ പടിയിൽ ഇരുന്നു.. രുദ്ര അകത്തേക്കോടി ഒരു നിമിഷത്തിൽ വെള്ളവുമായി വന്നു.. രൂപേഷ് അതുവാങ്ങി ഒറ്റവലിക്ക് കുടിച്ചിട്ട് ഒരു ദീർഘശ്വാസമെടുത്തു പകച്ചു നിൽക്കുന്ന രുദ്രയെ നോക്കി.. "ഇതുകണ്ടാ ട്രോഫിയാ.. ട്രോഫി.. " രുദ്രയുടെ നേർക്ക് തൊണ്ണാൻ കാണിച്ചോണ്ട് ദയനീയമായി പറഞ്ഞു.. രുദ്ര ഒന്നും മനസ്സിലാകാതെ അവനെ മിഴിച്ചു നോക്കി.. "ആരാ ഏട്ടനിട്ടു ഈ ട്രോഫി പ്രയോഗിച്ചേ?.. " രുദ്ര അടിമുടിയൊന്നു അവനെ സൂക്ഷിച്ചു നോക്കി.. "അപ്പൊ നിനക്ക് മനസ്സിലായി അല്ലേ.. എനിക്കിട്ട് ഏറ് കിട്ടിയത്.. " "ബുദ്ധിയുള്ള ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ ഏട്ടാ.. ആട്ടെ, ആരാ ബൗൾ ചെയ്തേ??.. "

"ആ രാക്ഷസ്സി.. രേവു.. " "ശ്ശെടാ.. ഇത്രയും നാൾ രേവു ചേച്ചി നിഷ്കളങ്കതയുടെ നിറകുടം ആയിരുന്നല്ലോ ഇത്രപെട്ടെന്നു എങ്ങനെ രാക്ഷസ്സി ആയി..? " "നിഷ്കളങ്കതയുടെ കോപ്പ്.. അഹങ്കാരി.. ചെറ്റ.. ജാഡക്കാരി.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് " അവൻ പല്ല് ഞെരിച്ചു.. "കൂൾ ഏട്ടാ.. ശരിക്കും അവിടെന്താ സംഭവിച്ചത്.. "? "രണ്ടു ദിവസമായി അവള് വല്ലോം മിണ്ടിയിട്ട്.. അതുകൊണ്ട്, അവളെ ഒന്ന് മിണ്ടിക്കാൻ അവസാന അടവും പ്രയോഗിച്ചു.. അതിലൊന്നും വീഴില്ലെന്നു തോന്നിയപ്പോൾ..... " അവിടെ നടന്നതൊക്കെ അവൻ രുദ്രയോട് വിവരിച്ചു... എല്ലാം കേട്ടപാടെ അവൾ ചിരിച്ചു മറിഞ്ഞു.. അതുകണ്ടപ്പോൾ അവനു ശുണ്ഠിയായി.. "എടി കുരിപ്പേ.. നീയെന്തിനാപ്പൊ കക്കക്കക്ക കിണിക്കുന്നേ?.. " "പിന്നെ ചിരിക്കാതെ.. ഏട്ടൻ പറഞ്ഞത് വെച്ചു നോക്കിയാൽ ഏട്ടന്റെ അവസാന പ്രയോഗം വർക്ക്ഔട്ട് ആകേണ്ടതായിരുന്നു.. പക്ഷേ, ഒരല്പനേരം പോലും കാത്തു നിൽക്കാതെയുള്ള ആ കരിനാക്ക് പ്രയോഗമാ ഏട്ടത്തിയെ പ്രകോപിപ്പിച്ചത്.. " "എന്തോന്ന്??.. ഏട്ടത്തിയോ..??? "

"ഉഫ്.... അതൊരു ഫ്ലോയിൽ അങ്ങു വന്നുപോയതാ.. ഏട്ടത്തി അല്ല രേവുച്യാച്ചി.. '" അവൾ ഇളിച്ചോണ്ട് പറഞ്ഞു.. "ആഹ് മതി മതി.. നീ ഓവർ ആക്ട് ചെയ്ത് കുളമാക്കണ്ട.. " അവൻ നെഞ്ചൊന്നു തടവി.. "ഹോ എന്തൊരു ഉന്നം.. നെഞ്ചാംകൂട് തകർത്തു.. പരട്ട.. " "അല്ല ഏട്ടാ എനിക്കൊരു സംശയം.. " "ഉം.. എന്താ..? " "ചേച്ചി നെഞ്ചിനിട്ടല്ലേ എറിഞ്ഞേ. ? പിന്നെന്തിനാ ഏട്ടൻ ഞൊണ്ടി നടക്കുന്നത്..? " അവൻ ഗൗരവം ഭാവിച്ചു അവളെ രൂക്ഷമയൊന്നു നോക്കി.. "അവളുടെ ഒരു സംശയം.. ഏറ് വാങ്ങി മലർന്നടിച്ചാ വീണത് അതിന്റെ ആഫ്റ്റർ എഫക്ട് ആണ് മോളെ.. " "എന്നാലും എന്റെ രേവുചേച്ചീ.. ഏട്ടനോടിത് വേണ്ടായിരുന്നു.. പാവം ഏട്ടൻ.. " അവനെ ഒളിക്കണ്ണിട്ടു നോക്കിയിട്ട് ആത്മഗതം എന്നപോലെ പറഞ്ഞു.. "കളിയാക്കിക്കോ കളിയാക്കിക്കോ.. നീയടക്കം സകല പെൺപിള്ളേരും ഇങ്ങനെ തന്നാ.. സെക്കന്റ് കൊണ്ടല്ലേ എല്ലാത്തിന്റെയും നിറം മാറുന്നത്.. നിനക്കൊക്കെ ദേഷ്യം വന്നാൽ എന്തും വിളിച്ചു പറയാം.. നമ്മള് വല്ലപ്പോഴും എന്തെങ്കിലും പറഞ്ഞു പോയാൽ തീർന്നു..പരട്ടകൾ.. "

"നെഞ്ചത്തുകൊണ്ട ആ ഏറ് ഏട്ടന്റെ വായിലായിരുന്നു കൊള്ളേണ്ടിയിരുന്നത്.. പിന്നെ ഈ വലിയ വായിലെ ഡയലോഗടി കേൾക്കേണ്ട ഗതികേട് വരില്ലായിരുന്നു." "എടി കുരിപ്പേ.. നിന്നെ ഞാനിന്നു ശരിയാക്കി തരാം.. " അവൻ എഴുന്നേറ്റ് രുദ്രയുടെ മുടിയിൽ പിടിച്ചു വലിച്ചിട്ട് ഞൊണ്ടി ഞൊണ്ടി ഒരോട്ടം.. അവളും അവനെ പിടിക്കാൻ പിന്നാലെയോടി.. ************* ഇന്നുമുതൽ കീർത്തി ഉണ്ടല്ലോ എന്നോർത്തു നല്ല ഉത്സാഹത്തിലാ ഒരുങ്ങിയത്.. പെട്ടന്നാ കപീഷിനിട്ട് ഏറ് കൊടുത്തത് ഓർമ്മവന്നത്.. ഈശ്വരാ... ഇനീപ്പോ എന്ത് ചെയ്യും.. ഓഹ് പിന്നെ അവൻഎന്ത് ചെയ്യാനാ.. അവൻ അങ്ങനെ പറഞ്ഞിട്ടല്ലേ ഞാൻ എറിഞ്ഞത്.. വരുന്നിടത്തു വെച്ച് കാണാം.. സ്വയം ആശ്വസിച്ചു കൊണ്ട് ബാഗുമെടുത്ത് ഞാനിറങ്ങി. എന്നാലും ഒരു ചെറിയ പേടി എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്.. ലവൻ ഇനി പ്രതികാരം വല്ലോം ചെയ്താലോ..? ഞാൻ പേടിയോടെ വന്ന് ഗേറ്റ് തുറന്നു നോക്കി.. അവനിവിടെ ഇല്ല.. പിന്നെ തിരിഞ്ഞു നോക്കാതെ ഒറ്റൊരോട്ടം.. ഓട്ടം ഇടവഴിയിൽ ചെന്നവസാനിച്ചു..

കുറച്ചു നേരം അവൾ വരുന്നുണ്ടോ എന്ന് നോക്കി നിന്നു.. പെട്ടന്നാണ് അവന്റെ ശാപത്തെ പറ്റി ഓർമവന്നത് ഞാൻ മേലോട്ട് തല ഉയർത്തി നോക്കി.. ഞാൻ നിൽക്കുന്നിടത്ത് തെങ്ങില്ല.. കുറച്ചപ്പുറത്ത് ഒരു തെങ്ങുണ്ട്.. ഇനി അതിൽ നിന്നെങ്ങാനും തേങ്ങ വീഴാൻ ചാൻസുണ്ടോ? റിസ്ക് എടുക്കണ്ട കുറച്ചു മാറി നിന്നേക്കാം.. "ഡി.. നീ എന്താ ഇവിടെ തിരുവാതിര കളിക്കുവാണോ.. കീർത്തിയുടെ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. ഇളിച്ചോണ്ടു നിൽക്കുന്നു സാധനം.. "കീർത്തീ.. " ഓടി ചെന്നവളെ ഞാൻ കെട്ടിപിടിച്ചു.. "രേവൂ.. പതുക്കെ പിടിക്ക് പിശാശ്ശെ".. ശ്വാസം മുട്ടലോടെ അവൾ പറഞ്ഞു.. "ഇത്തിരി ശ്വാസം മുട്ടട്ടെ.. " ഞാൻ കുറച്ചൂടി അമർത്തി പിടിച്ചു.. "ദുഷ്‌ട്ടെ.. വിടെടി.. " അവൾ ദേഷ്യം അഭിനയിച്ചു.. "ഈ ആഹ്ലാദ പ്രകടനത്തിൽ എനിക്കെന്തെങ്കിലും റോളുണ്ടോ..? " ഹമ്മേ.. .. രൂപേഷിന്റെ ശബ്ദം.. ഞാൻ പെട്ടെന്ന് കീർത്തിയിൽ നിന്നും പിടിമാറ്റി അവനെ നോക്കി. അവൻ എന്നെ നോക്കി ചെറയുന്നു... ഞാൻ കാണാത്തതു പോലെ മറ്റെവിടേക്കോ നോക്കി..

"നിനക്ക് എന്ത് റോളാ വേണ്ടേ.. " ? കീർത്തി അവനെ കളിയാക്കി.. "എനിക്കും ഇതുപോലെ ഒരു hug കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.. " അവൻ ഒരു വഷളൻ ഇളിയോടെ പറഞ്ഞു.. "കണ്ട കണ്ടാ അവന്റെ ഉള്ളില് ഉറങ്ങി കിടന്ന കോഴികുഞ്ഞിനു ജീവൻ വെച്ചത് കണ്ടാ... രേവൂ.. ഒരടി അകലം പാലിച്ചു നിന്നോ.." കീർത്തി വീണ്ടും കളിയാക്കി.. "എന്റമ്മോ.. ഞാൻ വെറുതെ പറഞ്ഞതാ.. ചുളുവിൽ എന്നെയങ്ങു കോഴി ആക്കി ദുഷ്ട്ട.. " കീർത്തി അവനെ അടിമുടി ഒന്നു വീക്ഷിച്ചു.. "എന്താ മോനെ ആകെ ക്ഷീണിച്ചു പോയല്ലോ..? " "ഓ അതൊന്നുമില്ല പൊന്നേ.. ഒരു രാക്ഷസി എന്റെ നെഞ്ചാംകൂട് തകർത്തു.. അതിന്റെ ക്ഷീണമാ.. " അതുപറഞ്ഞിട്ട് അവൻ എന്നെ നോക്കി പല്ല് ഞെരിച്ചു.. പോടാ പട്ടി എന്ന് ഞാൻ കണ്ണുകൊണ്ട് പറഞ്ഞു. അതവന് മനസ്സിലായെന്നു തോന്നുന്നു അവൻ പോടീ പുല്ലേ എന്ന ഭാവത്തിൽ ചിറി കോട്ടി.. "അല്ല... രണ്ടും കൂടി എന്താ കണ്ണുകൊണ്ടൊരു കലാപരിപാടി.. ഇനി ഞാനറിയാതെ എന്തെങ്കിലും കുസൃതി ഒപ്പിച്ചോ..?? " കീർത്തി സംശയത്തോടെ ഞങ്ങളെ രണ്ടുപേരെയും നോക്കി ഒരാക്കിയ സംസാരം..

"Phaaaaaa.. " ഞാനും അവനും കോറസോടെ ഒരുമിച്ച് കീർത്തിയെ ആട്ടി.. "എന്റെ പൊന്നോ.. ഒരു മയത്തിലൊക്കെ ആട്ടു പിള്ളേരെ.. ഞാൻ വെറുതെ പറഞ്ഞതാ.. " അവൾ കൈകൂപ്പി.. "അല്ല നിന്റെ നെഞ്ചാംകൂട് ആര് തകർത്തൂന്നാ? കീർത്തി അവനെ ചൂഴ്ന്ന് നോക്കി.. "നിഷ്കളങ്കതയുടെ മുഖമൂടി അണിഞ്ഞൊരു രാക്ഷസി.. " അവൻ എന്നെ നോക്കി അമർഷത്തോടെ പറഞ്ഞു.. "ശ്ശെടാ.. നീ അങ്ങും ഇങ്ങും തൊടാതെ പറഞ്ഞാൽ എനിക്ക് മനസ്സിലാവില്ല.. തെളിച്ചു പറ.. " "അതൊരു മനഃസാക്ഷി ഇല്ലാത്ത പെണ്ണിന്റെ കഥയാ.. ഞാൻ വിസ്ത്തരിച്ചു പിന്നെ പറഞ്ഞു തരാം.." ഡീ.. കല്ല്യാണം എങ്ങനെയുണ്ടായിരുന്നു..? കീർത്തി എന്തെങ്കിലും പറയുന്നതിന് മുന്നേ.. ടോപിക് മാറ്റാൻ വേണ്ടി ഞാനിടക്ക് കയറി ചോദിച്ചു.. എന്റെ ഉദ്ദേശം മനസ്സിലായതോടെ അവൻ എന്നെ നോക്കി പരിഹസിക്കുന്ന പോലെ ഇളിച്ചു കാണിച്ചു.. ഞാൻ മൈൻഡ് ചെയ്യാതെ നീ പോടാ പട്ടി എന്ന് മനസ്സിൽ പറഞ്ഞു.. "കല്ല്യാണമൊക്കെ പൊളിച്ചു.. " അവൾ ആവേശത്തോടെ പറഞ്ഞു.. എന്നിട്ട് എത്ര പേരെ വളച്ചു?? അവൻ ഇളിച്ചോണ്ട് ചോദിച്ചു..

"വളക്കാനും തിരിക്കാനും ഒന്നും നമ്മളില്ല മോനെ. മ്മൾ ഒൺലി വായിനോട്ടംസ്.. " കല്ല്യാണം കൂടാൻ പോയ വിശേഷങ്ങൾ പറഞ്ഞു പറഞ്ഞു സ്കൂൾ എത്തിയത് അറിഞ്ഞില്ല.. ഒടുവിൽ കപീഷിനു ബൈ പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.. കണ്ണ് തുറന്നുവെച്ചു ഉറങ്ങാൻ പറ്റിയ ക്ലാസ്സാണ് ബെനീജ ടീച്ചറിന്റെ ക്ലാസ്.. പുള്ളിക്കാരത്തി പഠിപ്പിക്കുന്നത് കെമിസ്ട്രി ആണേലും അവരുടെ മുഖത്തു യാതൊരു വിധ കെമിസ്ട്രിയും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.. ഒരു രക്ഷയുമില്ല നല്ല ഉറക്കം വരുന്നു.. ഞാനിപ്പോ ഉറങ്ങി വീഴും.. കീർത്തി ഏത് അവസ്ഥയിലാണോ എന്തോ.. ഞാൻ കീർത്തിയെ നോക്കി.. അവൾ ടീച്ചർ ക്ലാസ്സെടുക്കുന്നതും ശ്രദ്ധിച്ചിരിക്കുന്നു.. ഇതിനി സ്വപ്നം വല്ലോം ആണോ.. ഞാൻ ഞെട്ടൽ മാറാതെ അവളെ കുറച്ചു നേരം നോക്കിയിരുന്നു പോയി.. ഈശ്വരാ.. ഇവൾക്കിതെന്തു പറ്റി.. ഇവളിത്ര പെട്ടെന്ന് നന്നായോ? ഇവരെ കണ്ണെടുത്താൽ കണ്ടൂടാത്തത് ആണല്ലോ.. പക്ഷേ, എവിടെയോ എന്തോ തകരാറുള്ള പോലെ.. ഞാനവളെ സൂക്ഷിച്ചു നോക്കി.. അവളുടെ ചുണ്ട് അനങ്ങുന്നുണ്ട്.. വിശ്വാസം വരാതെ ഒന്നൂടി നന്നായിട്ടൊന്നു നോക്കി..

ശരിയാ.. ചുണ്ടനങ്ങുന്നുണ്ട്.. ഇവളിത് എന്താ പറയുന്നത്.. ഞാൻ ചെവി കൂർപ്പിച്ചു.. "നാനടിച്ചാൽ താങ്കമാട്ടേൻ നാലു മാസം തൂങ്ക മാട്ടേൻ മോദി പാറു വീടു പോയി സേര മാട്ടേൻ.. " "എന്റമ്മോ.. " ടീച്ചറെ നോക്കിയാണ് പാടുന്നത്.. ഞാൻ ചിരി അടക്കാൻ പാടുപെട്ടു.. "എടി കോപ്പേ... നിനക്കു വേറെ പാട്ടൊന്നും ഇല്ലേ പാടാൻ.?" ഞാൻ അവളുടെ ചെവിയിൽ ചോദിച്ചു.. "പിന്നേ.. ഇവർക്ക് സെറ്റ് ആകുന്നത് ഈ പാട്ടാ.. " "ചുറുചുറുക്കോടെ പഠിക്കാൻ ഇരിക്കുന്ന പിള്ളേരെ ഇങ്ങനെ ക്ലാസ്സെടുത്തു ഉറക്കാൻ ഇവർക്ക് മാത്രമേ സാധിക്കു.." "ഇപ്പറഞ്ഞത് പോയിന്റ്.. " ഞാനും സമ്മതിച്ചു കൊടുത്തു.. "രേവൂ.. മോളേ.. എന്തായിരുന്നു ഒരു കഥകളി.. സത്യം പറഞ്ഞോ." അവളെന്റെ മുഖത്ത് നോക്കാതെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നപോലെ ചോദിച്ചു.. "നീയെന്ത് തേങ്ങയാടി ഈ പറയുന്നേ.. എനിക്കൊന്നും മനസ്സിലായില്ല.. " "എടി കൊച്ചേ.. ഞാൻ നിന്നെ കൊറേ കാലായി കാണാൻ തുടങ്ങിയിട്ട്.. നിന്റെ ഒരു ചെറിയ മാറ്റം പോലും എനിക്ക് മനസ്സിലാവും.. ഇടി കിട്ടണ്ടെങ്കിൽ സത്യം പറഞ്ഞോ.. " അവൾ എന്താ ഉദ്ദേശിച്ചതെന്ന് ശരിക്കും എനിക്ക് മനസ്സിലായില്ല..

ഞാനവളെ തറപ്പിച്ചൊന്നു നോക്കി.. "എന്തെങ്കിലും ചോദിക്കാൻ ഉണ്ടേൽ അത് വളച്ചൊടിക്കാതെ ഡയറക്റ്റ് ആയിട്ടങ്ങു ചോദിക്ക് ശവമേ.. " ഞാൻ കുറച്ചു ഗൗരവത്തോടെയാണ് പറഞ്ഞത്.. "രേവതി.. സ്റ്റാൻഡ് അപ്പ് " ഞാനവളോട് സംസാരിക്കുന്നത് കണ്ടിട്ട് ടീച്ചർ പൊക്കി.. "ജാങ്കോ ഞാൻ പെട്ട്.. " ഞാനവളുടെ കാതിൽ പറഞ്ഞിട്ട് പതുക്കെ എണീറ്റു.. ഞാൻ ഒളികണ്ണിട്ടു അവളെ നോക്കി.. അവൾ ചിരിക്കാതിരിക്കാൻ പാടുപെടുന്നു.. തെണ്ടി.. "എല്ലാവരും ക്ലാസ്സിൽ ശ്രദ്ധിക്കുമ്പോൾ തനിക്ക് മാത്രമെന്താ പ്രോബ്ലം? ക്ലാസ്സിൽ ഇരിക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം ഇവിടിരുന്നോ.. ഇല്ലെങ്കിൽ പുറത്തു പോ.. വെറുതെ മറ്റു കുട്ടികളെക്കൂടി ഡിസ്റ്റർബ് ചെയ്യരുത്.." ടീച്ചർ ഭയങ്കര കലിപ്പിൽ ആണെന്ന് തോന്നുന്നു.. ഞാൻ കീർത്തിയെ തല ചരിച്ചു നോക്കി.. അവളു മുഖത്ത് നിഷ്കളങ്ക ഭാവം വാരി വലിച്ചിട്ടിരിക്കുന്നു.. ദുഷ്ട്ട.. "സോറി മാം.. " ഞാൻ തലകുനിച്ചു പറഞ്ഞു.. "ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചു. ഇനി ഇതാവർത്തിക്കരുത്.. ഇരുന്നോ.. " അവർ ഗൗരവം വിടാതെ പറഞ്ഞു.. ഞാൻ ഇരുന്നതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു..

"ഇനി ഇരിക്കണ്ട എഴുന്നേൽക്ക്. " കീർത്തിയൊരു വളിച്ചചിരിയോടെ പറഞ്ഞു.. "പോടീ പുല്ലേ.. " ഞാൻ ഗൗരവം അഭിനയിച്ചു ബാഗും എടുത്ത് ഇറങ്ങി.. "നിക്കെടി പോത്തേ.. " അവളെന്റെ ബാഗിൽ എത്തിപിടിച്ചു നിർത്തി.. "ശരിക്കും എന്താ സംഭവിച്ചേ?? " അവൾ സംശയത്തോടെ എന്നെ നോക്കി.. ഞങ്ങൾ നടന്നു തുടങ്ങി.. "എന്ത് സംഭവിച്ചു എന്നാ..?" ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.. നീയും രൂപേഷും തമ്മിൽ?? " കീർത്തി.. ആ പുല്ലന്റെ പേര് പറഞ്ഞു നീ എന്നെ സംശയിക്കുന്നോ? എനിക്കെന്തോ നല്ല ദേഷ്യം വന്നു.. "സോറി സോറി സോറി " ഞാൻ നിന്നെ ചൊറിഞ്ഞതല്ലേ നീ സീരിയസ് ആവല്ലേ.. സോറി.. " ഞാൻ ഒന്നും മിണ്ടാതെ നടന്നു.. "നീ എന്നോട് പിണങ്ങിയോ? " അവളെന്റെ കൈയ്യിൽ പിടിച്ചു "ഇല്ലെടാ.. പക്ഷേ, എനിക്ക് നല്ല ഫീല് ചെയ്തു.. " "അയ്യോടാ.. ഞാനൊരു തമാശ പറഞ്ഞതല്ലേ.. " അവളെന്നെ കെട്ടിപ്പിടിച്ചു... "രാവിലെ തുടങ്ങിയതാണല്ലോ ഇതുവരെ നിർത്താൻ ആയില്ലേ? " രൂപേഷിന്റെ ശബ്ദം.. ഞാൻ അവന്റെ മുഖത്ത് പോലും നോക്കാതെ താല്പര്യമില്ലാത്ത പോലെ നടന്നു.. "ആഹ് വന്നല്ലോ വനമാല.. " കീർത്തി പറഞ്ഞു..

"എന്തുപറ്റി രണ്ടിന്റെയും മുഖത്തൊരു തെളിച്ചമില്ലല്ലോ... " അവൻ ഞങ്ങളെ രണ്ടുപേരേം മാറി മാറി നോക്കി.. "എനിക്കൊരു അബദ്ധം പറ്റി.. അതിന്റെ ആഫ്റ്റർ എഫക്ട് ആണ് മോനെ ഈ തെളിച്ചമില്ലായ്മ.. " കീർത്തി വിഷമം അഭിനയിച്ചു പറഞ്ഞു.. "നിനക്കല്ലെങ്കിലും എപ്പഴാ അബദ്ധം പറ്റാത്തെ..?? രൂപേഷ് കീർത്തിയെ കളിയാക്കി.. "പോടാ പൊട്ടാ.. " "എന്ത് അബദ്ധമാ പറ്റിയെ? " രൂപേഷ് പുരികം ചുളിച്ചു.. "ഞാൻ കരുതി നിങ്ങൾ തമ്മിൽ ഡിങ്കോൾഫി ആയെന്നു.. അത്‌ ഇവളോട് ചോദിച്ചപ്പോ അവളെന്നെ കൊന്നില്ലെന്നേ ഉള്ളൂ.. " കീർത്തി കള്ളച്ചിരിയോടെ പറഞ്ഞു.. "എന്റെ പൊന്നോ.. ഇത് അബദ്ധമല്ല ദുരന്തം ആണ്.. അറിഞ്ഞു കൊണ്ട് ഞാൻ അങ്ങനെ ചെയ്യോ..? " അവന്റെ വർത്താനം കേട്ട് കീർത്തി ചിരിച്ചു.. പക്ഷേ എനിക്ക് ചിരി ഒന്നും വന്നില്ല.. "രേവൂ.. അവള് തമാശ പറഞ്ഞതാവും അതിനാണോ താൻ ഇങ്ങനെ മസിലും പിടിച്ചു നടക്കുന്നത്.. ഒന്ന് ചിരിക്കെടോ.." അവൻ എന്നെ സമാധാനിപ്പിക്കാൻ നോക്കി.. പക്ഷേ വാശിയുടെ കാര്യത്തിൽ മ്മള് പുലിയാണ്.. ഞാൻ പ്രത്യേകിച്ച് ഒരു ഭാവവും മുഖത്തിട്ടില്ല..

കീർത്തിക്ക് പോകാനുള്ള വഴി എത്തിയപ്പോൾ അവളെന്നെ കെട്ടിപിടിച്ചു.. പറഞ്ഞു.. "സോറി ഡാ.. പിണങ്ങല്ലേ. നിന്റെ കീർത്തിയല്ലേ ഇത്തവണത്തേക്ക് മാത്രം ക്ഷമിച്ചേക്ക് പ്ലീസ് " അവളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല എന്റെയും കണ്ണ് നിറഞ്ഞു.. ഇത്തവണത്തേക്ക് മാത്രം ക്ഷമിച്ചു.. ഇനി ഇതുപോലെ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാൽ കൊല്ലും ഞാൻ.. ഞാൻ ദേഷ്യം അഭിനയിച്ചു.. "നീ മിണ്ടിയല്ലോ.. സമാധാനമായി..ഇല്ലെങ്കിൽ ടെൻഷനടിച്ചു ഞാൻ ചത്തേനെ.. " കീർത്തി ആശ്വാസത്തോടെ ബൈ പറഞ്ഞു പോയി.. അവളോട് പിണങ്ങേണ്ടിയിരുന്നില്ല.. പാവം.. അവൾക്ക് നല്ല വിഷമം ആയി കാണും.. എനിക്കെന്തോ വല്ലാത്ത കുറ്റബോധം തോന്നി.. "രേവൂ.. " രൂപേഷ് പിന്നാലെയുണ്ട്.. ഞാൻ നിൽക്കാൻ കൂട്ടാക്കാതെ നടന്നപ്പോൾ അവനെന്റെ മുന്നിൽ വന്നു നിന്നു.. "തനിക്കിതുവരെ എന്നോടുള്ള ദേഷ്യം മാറിയില്ലേ? " ഞാൻ ഒന്നും മിണ്ടാതെ മറ്റെവിടേക്കോ നോക്കി.. പെട്ടെന്നവൻ എന്റെ മുന്നിൽ മുട്ടു കുത്തി നിന്നു... എന്താ നടക്കുന്നത്.. ഒന്നും മനസ്സിലാകുന്നില്ല.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story