വൈദേഹി: ഭാഗം 1

vaidehi

രചന: മിത്ര വിന്ദ

PROMO: >>

പാലയ്ക്കൽ ഗ്രൂപ്പിന്റെ ചെയർമാനും, ഇന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ്മാനും ആയ പാലയ്ക്കൽ ദേവ് മഹേശ്വറിന്റെയും ശ്രീഗൗരി മഹേശ്വറിന്റെയും മൂത്ത മകൾ ആയ ശിവഗംഗയും,കൃഷ്ണജ മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ എം ഡി ആയ രാഘവേന്ദ്രയുടെയും വര ലക്ഷ്മി അയ്യരുടെയും മകനും,ഡോക്ടറും ആയ മാധവ് അയ്യരും തമ്മിലുള്ള വിവാഹം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ മേനോൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുകയാണ്.

ഒരുപാട് പ്രമുഖർ പങ്കെടുക്കുന്ന, വലിയൊരു ആഡംബര വിവാഹം ആണിത്.

ഒരുപക്ഷെ അത്രയും വലിയൊരു വിവാഹം പലരും അന്ന് ആദ്യമായി ആണ് കൂടുന്നത് പോലും.

ലൈറ്റ് റോസ് നിറം ഉള്ള കുർത്തയും കസവു മുണ്ടും ഉടുത്തു കൊണ്ട് വളരെ പ്രൌടിയോട് കൂടിയാണ് മഹി ഇറങ്ങി വന്നത്.. ഒപ്പം പനിനീർ മൊട്ടിന്റെ നിറം ഉള്ള കാഞ്ചിപുരം പട്ടണിഞ്ഞു, മുടിയിൽ നിറയെ മുല്ലപ്പൂവും വെച്ച് മിതമായ ആഭരങ്ങൾ ഒക്കെ ധരിച്ചു കൊണ്ട് അവന്റെ ഒപ്പം ഗൗരിയും ഉണ്ടായിരുന്നു.


തെന്നിന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ശിവയെ മേക്കപ്പ് ചെയ്തത്...

പിസ്ത ഗ്രീൻ നിറം ഉള്ള ഒരു സാരീയും അതിനോട് ചേരുന്ന ജ്വാല്ലറി കളക്ഷൻസും ഒക്കെ ഇടുവിച്ചു ശിവയെ അണിയിച്ചു ഒരുക്കിയപ്പോൾ അവൾ ഒരു ദേവതയേ പോലെ ആയിരുന്നു.


എന്തിനും ഏതിനും നിർദ്ദേശങ്ങൾ നൽകികൊണ്ട് അവളുടെ അടുത്ത് തന്നെ അനുജനായ രുദ്രദേവും ഉണ്ട്....

സ്ഥായി ഭാവം ഗൗരവം ആണെങ്കിലും ചേച്ചിക്കുട്ടീടെ മുന്നിൽ അവൻ വെറും ദേവൂട്ടൻ മാത്രം ആണ്..


ആകെ കൂടി ഉത്സവ പ്രതീതി..

മഹിയുടെ സഹോദരങ്ങളും അവരുടെ കുടുംബവും ഒക്കെ ഒരാഴ്ച മുന്നേ എത്തി ചെന്നിരുന്നു..കസിൻസ് എല്ലാവരും കൂടി ഒത്തു ചേർന്നപ്പോൾ വിവാഹ ഒരുക്കങ്ങൾ ആവേശത്തിൽ ആയിരുന്നു.

ചെക്കനും കൂട്ടരും എത്തി..

രുദ്രാ, നീ അങ്ങോട്ട് വന്നേ, അവരെ സ്വീകരിക്കുവാൻ..
വല്യച്ഛൻ വന്നു വിളിച്ചപ്പോൾ അവൻ അയാളുടെ ഒപ്പം പുറത്തേക്ക്പോയി..

PROMO PART 1

കല്യാണ പല്ലക്കിൽ എഴുന്നള്ളിച്ചു കൊണ്ട് വരികയാണ് മാധവിനെ.

കേരള തനിമ വിളിച്ചോതുന്ന രീതിയിൽ ഉള്ള സ്വീകരണ ചടങ്ങ് ആയിരുന്നു അവിടെ നടന്നത്..

കഥകളിയും തെയ്യവും, പൂക്കാവടിയും,മലയാളി മങ്കമാരും, എന്ന് വേണ്ട ആർക്കും വർണ്ണിക്കുവാൻ പോലും ആകാത്ത തരത്തിൽ ഉള്ള ചടങ്ങ് ആയിരുന്നു അത്...


മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ച പന്തലിലേക്ക് ചെക്കനെയും കൂട്ടരെയും ആനയിച്ചു കൊണ്ട് വന്നു ഇരുത്തിയ ശേഷം ആയിരുന്നു, ശിവയെ എതിരെൽക്കുവാൻ എല്ലാവരും പോയത്..


ആർപ്പ് വിളികളുടെയും ആരവങ്ങളുടെയും അകമ്പടിയോടെ അവൾ ഒരു രാജകുമാരിയെ പോലെ ആയിരുന്നു എഴുന്നള്ളി വന്നത്.

സദസിനെ സ്വാഗതം ചെയ്തു കൊണ്ട് ഇരുവരും മണ്ഡപത്തിൽ സീതാ രാമന്മാരെ പോലെ ശോഭിച്ചു നിന്നു.

തങ്ങളുടെ മകളെ വിവാഹ വേഷത്തിൽ കണ്ടപ്പോൾ മഹി യുടെയും ഗൗരിയുടെയും മിഴികളിൽ ആനന്ദശ്രു പൊലിഞ്ഞു.

ചേച്ചിയോട് ചേർന്ന് കൊണ്ട് രുദ്രനും നിൽപ്പുണ്ട്..

മുഹൂർത്തം ആയപ്പോൾ ക്ഷേത്ര പുരോഹിതൻമാർ മന്ത്രോച്ചാരണം തുടങ്ങി.

മഹിയും ഗൗരിയും കൂടി തങ്ങളുടെ പൊന്ന് മോളെ മാധവിന്റെ അരികിൽ ചേർത്തു നിറുത്തി.

മാധവിന്റെ കൈലേക്ക് മഞ്ഞ ചരടിൽ കോർത്ത ആലില താലി നൽകി കൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.

ശ്ലോഹങ്ങളും,കീർത്തനങ്ങളും ഒക്കെ ചൊല്ലിയ ശേഷം, പ്രാർത്ഥനയോട് കൂടി മാധവ് അങ്ങനെ ശിവ യുടെ കഴുത്തിൽ താലി ചാർത്തിയ നിമിഷത്തിൽ കൊട്ടും കുരവയും ഉയർന്നു.. പുഷ്പ വൃഷ്ടിയും ആരവങ്ങളും..നിരവധി ഫ്ലാഷുകൾ മിന്നി മാറി കൊണ്ടേ ഇരുന്നു.

എല്ലാ മുഖത്തും സന്തോഷം മാത്രം...

ചേച്ചിയെയും ചേട്ടനെയും ചേർത്തുപിടിച്ചു കൊണ്ട് രുദ്രൻ അവരുടെ നടുവിൽ തിളങ്ങി നിന്നു.

വിവാഹ പ്രായം ആയ പെൺകുട്ടികൾ ഉള്ള വി ഐ പി സ് ആയിട്ട് വന്നവരുടെ ഒക്കെ കണ്ണിൽ രുദ്രൻ ആയിരുന്നു...


നവ വധുവരന്മാർക്ക് ആശംസകൾ അർപ്പിക്കുവാൻ ആളുകൾ ഇടിച്ചു നിന്നു.

പാലയ്ക്കൽ ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിൽ നിന്നും ഉള്ള ജോലിക്കാർ എല്ലാവരും അവിടെ എത്തി ചെന്നിരുന്നു.

അവർക്ക് ഒക്കെ ധരിക്കുവാൻ വേണ്ടി പുതിയ ഡ്രെസ്സുകൾ മഹിയും ഗൗരി യും പ്രേത്യേകം വാങ്ങി കൊടുത്തത് ആയിരുന്നു.

ആളുകൾ ഒന്നൊന്നായി പിന്നെയും എത്തിക്കൊണ്ടേ ഇരിക്കുകയാണ്..

ഇടയ്ക്ക് ഒന്നു പോയി ശിവ യും മാധവും വേഷം മാറി വന്നു..

ആ നേരം കൊണ്ട് ഫോട്ടോസ് എടുത്തു, അവർ ആകെ മടുത്തു പോയിരിന്നു 

മൂന്നു മണിയ്ക്ക് ആണ്, ചെക്കന്റെ വീട്ടിലേക്ക് പുറപ്പെടേണ്ട സമയം. അതുകൊണ്ട് അതിനു മുന്നെ തന്നെ അവരെ സദ്യ കഴിപ്പിക്കുവാൻ വേണ്ടി മഹി വന്നു കൊണ്ട് പോയി...

രുദ്രന്റെ കുറെ ഏറെ ഫ്രണ്ട്സ് രണ്ടു മൂന്നു ദിവസം ആയിട്ട് ഇവിടെ ഉണ്ടായിരുന്നു.. അവർക്ക് ഒക്കെ നേരത്തെ മടങ്ങണം.. അതുകൊണ്ട് അവരെ യാത്ര അയക്കുവാൻ വേണ്ടി അവനും ദൃതി കൂട്ടി നടന്നു.


മാധവിന്റെ വീട്ടിലേക്ക് പുറപ്പെടേണ്ട സമയം ആയപ്പോൾ ശിവയുടെ മിഴികൾ ഈറൻ അണിഞ്ഞു.

അച്ഛന്റെ കൈയിൽ നിന്നും വിടാതെ കൊണ്ട് അവൾ അങ്ങനെ ചേർന്നുനിന്നു.

ആദ്യമായ് തങ്ങൾക്ക് കിട്ടിയ മുത്താണ്..... അവളെ കൈലേക്ക് കിട്ടിയ നിമിഷം മുതൽക്കേ ഉള്ള കാര്യങ്ങൾ മഹിയുടെ നെഞ്ചിലൂടെ കടന്നു പോയി..

ചങ്ക് പൊട്ടും പോലെ ആണ് അവനു അപ്പോൾ തോന്നിയത്.

എന്നാലും ഈ പരമമായ സത്യo അംഗീകരിക്കാതെ നിവർത്തി ഇല്ലെന്ന് ഉള്ളത് അവൻ മനസിലാക്കി.

ഏറ്റവും ഉചിതമായ സുരക്ഷിതമായ കൈകളിൽ ആണല്ലോ തങ്ങളുടെ മകളെ ഏൽപ്പിച്ചത് എന്നൊരു സമാധാനം അവന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നു..

തങ്ങളുടെ മുഖത്തെ ഭാവം മാറിയാൽ അത് മകൾക്ക് തിരിച്ചു അറിയുവാൻ കഴിയും. അതുകൊണ്ട് പിടിച്ചു നിന്നേ പറ്റു എന്ന് മഹിയും ഗൗരിയും തീർച്ച പ്പെടുത്തി.

അച്ഛന്റെ യും അമ്മയുടെയും അനുഗ്രഹം വാങ്ങി ക്കൊണ്ട്,രുദ്രന്റെ കവിളിൽ മുത്തവും നൽകി,മാധവിന്റെ ഒപ്പം കാറിലേക്ക് കയറവെ അവളുടെ മിഴികളിലെ നനവ് കവിളിലൂടെ അരിച്ചിറങ്ങി...

****


രണ്ട് ദിവസങ്ങൾക്കു ശേഷം ഒരു ശനിയാഴ്ച .

ഓഫീസിൽ നിന്നും വന്ന ശേഷം രുദ്രൻ വെറുതെ കിടക്കുകയാണ്.

പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിച്ചതും രുദ്രൻ അത് എടുത്തു നോക്കി.

മനോജ്‌ അങ്കിൾ ....അച്ഛന്റെ പ്രൈവറ്റ് സെക്രട്ടറി 

ഹെലോ.. അങ്കിൾ ..ഗുഡ് ഈവെനിംഗ്..


ഗുഡ് ഈവെനിംഗ് രുദ്രൻ,താൻ ഇപ്പോ ബിസി ആണോ?

"നോ... അങ്കിൾ എന്തിനാണ് വിളിച്ചത് എന്ന് പറഞ്ഞോളൂ "


"ഫ്രീ ആണെങ്കിൽ ഇന്ദിരാ പാർക്കിന്റെ അടുത്തേക്ക് ഒന്ന് വരുമോ,നമ്മൾക്ക് കാര്യങ്ങൾ നേരിട്ട് സംസാരിക്കാം, അതാണ് നല്ലത് "

"ഓക്കേ അങ്കിൾ .... ഞാൻ ഉടനെ തന്നെ അങ്ങോട്ട് വരാം "


ഫോൺ കട്ട്‌ ചെയ്ത ശേഷം രുദ്രൻ ഉടനെ തന്നെ കാറിന്റെ ചാവിയും എടുത്തു കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോന്നു.

"എവിടെയ്ക്കാ മോനേ നീയ്"

തിടുക്കപ്പെട്ടു ഇറങ്ങി വരുന്ന രുദ്രനെ നോക്കി ഗൗരി ചോദിച്ചു.


"മനോജ്‌ അങ്കിൾ ഇപ്പൊ വിളിച്ചു.. ഒന്നു പോയി കണ്ടിട്ട് വരാം അമ്മേ ".
കൂടുതൽ ഒന്നും പറയാതെ കൊണ്ട് അവൻ പെട്ടന്ന് തന്നെ വെളിയിലേക്ക് പോയി.

അവൻ എവിടെ പോയതാ ഗൗരി....


പിന്നിൽ നിന്നും മഹിയുടെ ശബ്ദം.

"മനോജ്‌ അങ്കിൾ വിളിച്ചുന്നാ പറഞ്ഞെ...."
"മ്മ്... മുംബൈ ട്രിപ്പ്പിന്റെ കാര്യം പറയാൻ ആവും."

"മഹിയേട്ടന് എന്താ ഒരു ക്ഷീണം പോലെ "


"ഹ്മ്മ്....നി ഒരു ചായ എടുക്ക്, വല്ലാത്ത തലവേദന .."

"ഹോസ്പിറ്റലിൽ മറ്റൊ പോണോ "

"ഹേയ് അതൊന്നും വേണ്ട ഗൗരി,  സ്ട്രോങ്ങ്‌  ആയിട്ടുള്ള ഒരു ടീ കുടിക്കുമ്പോൾ അത് മാറും."

മഹി പറഞ്ഞതും ഗൗരി ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി.

**

അന്ന് രാത്രിയിൽ രുദ്രൻ വന്നപ്പോൾ കുറച്ചു ലേറ്റ് ആയിരുന്നു.

ആ സമയത്തു മഹിയും ഗൗരിയും അത്താഴം കഴിക്കാതെ മകനെ നോക്കി ഇരിക്കുവായിരുന്നു.

ഓഫീസിലെ കുറച്ചു കാര്യങ്ങൾ ഒക്കെ ഡിസ്‌കസ് ചെയ്തു ഇരിക്കുവാരുന്നു എന്നും സമയം പോയത് അറിഞ്ഞില്ലെന്നു മാത്രമേ രുദ്രൻ അച്ഛനോട് പറഞ്ഞുവൊള്ളൂ..

ഇടയ്ക്ക് ഒക്കെ അങ്ങനെ സംഭവിക്കാറുള്ളത് ആണ്..അതുകൊണ്ട് ആർക്കും യാതൊരു വിധ സംശയവും തോന്നിയതുമില്ല.

**
ബിസിനസ്‌ രംഗത്ത് അച്ഛന്റെ പാത തന്നെ ആയിരുന്നു രുദ്രനും പിന്തുടർന്നത്..

ഹയർ സ്റ്റഡീസ് ഒക്കെ അവൻ വിദേശ രാജ്യങ്ങളിൽ ആയിരുന്നു പൂർത്തിയാക്കിയത്..

ഇപ്പൊൾ അച്ചന്റെ ഒപ്പം ആയിട്ട് ഒരു വർഷം ആകുന്നു..
രുദ്രൻ വന്നതിനു ശേഷം ആയിരുന്നു മഹി ഒന്ന് വിശ്രമിച്ചത് എന്ന് വേണം കരുതാൻ..

രുദ്രനു 25വയസ്സ് കഴിഞ്ഞതേ ഒള്ളു, ചോര തിളപ്പും കുറച്ചു എടുത്തു ചാട്ടവും ഒക്കെ അവനു അച്ഛനെക്കാൾ കൂടുതൽ ആണെന്ന് പറയാം....എങ്കിലും മനസാക്ഷി ഉള്ളവൻ ആണ് രുദ്രൻ..

നിനക്ക് ഓഫീസിൽ വെച്ച് ഇടയ്ക്ക് ഒക്കെ സ്റ്റാഫിനോട് ഒന്ന് ചിരിച്ചൂടെ എന്ന് മഹി മകനോട് ചോദിക്കും....

നിങ്ങൾ എങ്ങനെ ആയിരുന്നു, അച്ഛന്റെ സ്വഭാവം അല്ലേ മകന് കിട്ടൂ എന്ന് ഗൗരി ചോദിക്കുമ്പോൾ മഹിയുടെ നാവ് അടയും..

10ile എക്സാം കഴിഞ്ഞ ശേഷം രുദ്രൻ തുടർ പഠനത്തിന് വേണ്ടി പുറത്തേക്ക് പോയത് ആയിരുന്നു. അതിനു ശേഷം 7വർഷത്തോളം അവൻ വീട് വിട്ടു നിന്ന് ആയിരുന്നു പഠിച്ചത്. വല്ലപ്പോളും വെക്കേഷൻ ടൈമിൽ മാത്രം എത്തും.. ആ സമയത്ത് ഒക്കെ ഫാമിലിയുമായി ടൂറിൽ ആവും. അതാണ് പതിവ്.

എന്നിരുന്നാലും ചേച്ചികുട്ടിയോട് ആണ് അവനു കൂടുതൽ കമ്പനി. പിന്നെ അച്ഛമ്മയോടും...

അവരുടെ രണ്ടു പേരുടെയും മുന്നിൽ ആണ് ഇവന്റെ കളിയും ചിരിയും ഒക്കെ..


**

രുദ്രാ... നാളെ നീ ഫ്രീ ആണോ മോനേ .അതോ എന്തെങ്കിലും പ്രോഗ്രാംസ് ഉണ്ടോ.

അത്താഴം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു മഹി മകനെ നോക്കി ചോദിച്ചത്...


"അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ല... ചേച്ചിയും ഏട്ടനും വരുമല്ലോ...."


"ആഹ്... അവര് വരുമ്പോൾ ഉച്ചയാകും മോനേ, ആരോ ഗസ്റ്റ് വരുമെന്ന്.. അതിനു ശേഷം ഇങ്ങോട്ട് തിരിക്കൂ.."

"ഹ്മ്മ്...."

അവൻ ഒന്ന് മൂളി..

"കാലത്തെ ഒൻപതു മണി ആകുമ്പോൾ നീയ് റെയിൽവെ സ്റ്റേഷനിൽ വരെയും ഒന്ന് പോകാമോടാ..... "


"ങ്ങെ... എന്തിനു..."

രുദ്രന്റെ നെറ്റി ചുളിഞ്ഞു...

"അത് പിന്നെ... നമ്മുടെ സോമനാഥന്റെ മോള് വൈദ്ദേഹി വരുന്നുണ്ട്.... അവളുടെ പഠിപ്പ് ഒക്കെ കഴിഞ്ഞു മോനേ "

"അതിന് "?

"അല്ലാ, ആ കുട്ടിയേ ഒന്ന് കൂട്ടി കൊണ്ട് വരാൻ...."


"അവളിവിടെ വന്നിട്ട് എന്ത് ചെയ്യാനാ അച്ഛ....."

"അല്ലാതെ പിന്നെ എന്താ ചെയ്ക, ആ കുട്ടീടെ അമ്മ ഇപ്പോളും ഹോസ്പിറ്റലിൽ ആണ് മോനേ, അവരുടെ ഫാമിലി ബാക്ക്ഗ്രൗണ്ട് ഒക്കെ നിനക്കും അറിയാല്ലോ..."


അയാൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ രുദ്രൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു പോയിരിന്നു...


തുടരും.

Share this story