വൈദേഹി: NEW ഭാഗം 2

vaidehi

രചന: മിത്ര വിന്ദ

മഹിയേട്ടാ,, അവനോട് ചോദിച്ച നേരത്ത് ആ ചന്ദ്രേട്ടനോട്‌ എങ്ങാനും പറഞ്ഞാൽ മതി ആയിരുന്നു കേട്ടൊ...

മകൻ എഴുനേറ്റ് മുകളിലെ മുറിയിലേക്ക് പോയതിനു ശേഷം ആയിരുന്നു ഗൗരി, മഹിയേ നോക്കി പറഞ്ഞത്.

അത് മതിയായിരുന്നു ഗൗരി... ഞാൻ അത്രയ്ക്ക് ഒട്ട് ചിന്തിച്ചുമില്ല...

ഒന്ന് വിളിച്ചു നോക്കിയാലോ മഹിയേട്ടാ..

ആഹ് അതൊന്നും വേണ്ടടോ.. അവനു പോകാൻ മടി ആണെങ്കിൽ ഞാൻ തന്നെ പോയി കൂട്ടാം... അല്ലാതെ വേറെ നിവർത്തി ഇല്ലാലോ..


ഞാനു ഒന്നൂടെ അവനോട് സംസാരിക്കാം ഏട്ടാ...

ഹേയ് അതൊന്നും വേണ്ടന്നെ..ഇനി വെറുതെ അതിനെ പറ്റി പറഞ്ഞു മുഷിയാൻ നിൽക്കണ്ട, എന്തായാലും നാളെ നേരം വെളുക്കട്ടെ, എന്നിട്ട് ബാക്കി നോക്കാം...
പറഞ്ഞു കൊണ്ട് മഹി എഴുന്നേറ്റതും ഫോൺ ബെൽ അടിച്ചു..

ആരാ.. മോളാണോ ഏട്ടാ...? ഫോണിലേക്ക് നോക്കി കൊണ്ട് ഉള്ള 
മഹിയുടെ മുഖത്തെ പുഞ്ചിരി കണ്ട് കൊണ്ട് ഗൗരി ചോദിച്ചു.

അതെ എന്ന് തല കുലുക്കി കൊണ്ട് മഹി ഫോൺ കാതിലേക്ക് ചേർത്ത്.. മറു കൈയാൽ ഗൗരിയെയും ചേർത്ത് പിടിച്ചു കൊണ്ട് 

***

ഈ സമയത്ത് രുദ്രൻ ആണെങ്കിൽ ദേഷ്യത്തോട് കൂടി ബാൽക്കണിയിൽ ഇരിക്കുകയാണ്....

വേണ്ടാത്ത സെന്റിമെന്റ്സ്..
അത് പണ്ടും ആവോളം ഉണ്ട് അമ്മയ്ക്കും അച്ഛനും.

അതുപോലെ ആയിരുന്നു ഈ കേസും.

ഒരു മധ്യവേനലവധി കാലം.

സോമനാഥൻ അങ്കിളും ഭാര്യ കനക ആന്റിയും... അവരുടെ  ഒരേയൊരു മോളും.. തമിഴ്നാട്ടിൽ നിന്നും കുടിയേറി പാർത്തവർ ആയിരുന്നു. അച്ഛന്റെ പരിചയത്തിൽ ഉള്ള ആരോ പറഞ്ഞു ആണ് ഇവിടെ എത്തിയത് ..തങ്ങളുടെ ഔട്ട്‌ ഹൌസിൽ ആയിരുന്നു താമസം, അച്ഛന്റെ ഡ്രൈവർ ആയിരുന്നു അങ്കിള്,അമ്മയെ സഹായിക്കാൻ കനക ആന്റിയും ഒപ്പം ഉണ്ട്. മകൾക്ക് അന്ന് പത്തു വയസ് പോലും ആയിട്ടില്ല..

താനും ചേച്ചിയും കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ, ചുവരിന്റെ അപ്പുറത്ത് നിന്നും കരിമഷി കൊണ്ട് വാലിട്ടെഴുതിയ ഒരു കണ്ണും, ചുവന്ന റിബ്ബൺ കൊണ്ട് ഇരു വശത്തേയ്ക്കും പിന്നി ഇട്ടിയ മുടിയുടെ ഒരു പകുത്തും മുന്നോട്ട് നീണ്ടു കിടക്കുന്നത് മാത്രം കാണാം..

താൻ ഒന്ന് മുഖം ഉയർത്തി നോക്കുമ്പോൾ, ഓടി മറയും അവള്... വൈദ്ദേഹി 

അപ്പോളും അവളുടെ പാദസ്വര കൊഞ്ചലും കുപ്പി വള കിലുക്കവും അവിടമാകെ കിലുങ്ങി ചിരിക്കും.


പതിയെ പതിയെ, ചേച്ചി യും ആയിട്ട് അവൾ കൂട്ട് ആയി തുടങ്ങി.

ഇരുവരും ചേർന്ന് ആയി പിന്നീട് ഉള്ള കളിയും ചിരിയും ഒക്കെ..അവൾക്ക് ഒരുപാട് കുപ്പിവളകൾ ഉണ്ടായിരുന്നു. പല വർണ്ണത്തിലും വലുപ്പത്തിലും ഒക്കെ ഉള്ളത്..
അതിന്റെ വലിയൊരു സ്റ്റാൻഡ് ഉണ്ട്, അതിന്മേൽ ഇങ്ങനെ കോർത്തു കോർത്തു ഇട്ടിരിക്കും പച്ചയും ചോപ്പും, കരിനീലയും, മഞ്ഞയും ഒക്കെ ഇട കലർന്ന കുപ്പി വളകൾ..

ഇതൊക്കെ ചേച്ചി വന്നു തന്നോട് പറഞ്ഞ അറിവ് ആയിരുന്നു...

ചേച്ചിയ്ക്ക് കൊണ്ട് വന്നു കൊടുക്കുമായിരുന്നു അവള് ഈ കുപ്പിവളകൾ ഒക്കെയും..

പതിയെ പതിയെ, അവളും ചേച്ചിയും തമ്മിൽ ഉള്ള കൂട്ട്കെട്ടു ഒരുപാട് വളർന്നു.

ചേച്ചിയ്ക്ക് നേരം വെളുത്താൽ വൈകുന്നത് വരെയും വൈദ്ദേഹി
മാത്രം മതി...

ചെറിയ ഒരു കുശുമ്പ് തനിക്ക് അവളോട് തോന്നി തുടങ്ങിയിരുന്ന് അപ്പോളേക്കും..

അത് മെല്ലെ മെല്ലെ വളർന്നു വലുതായി..

പലപ്പോഴും അവള് തന്നോട് മിണ്ടുവാൻ വരുമായിരുന്നു.. എന്നാലും താൻ അവളെ അകറ്റി നിറുത്തി..

പിന്നീട് അവൾക്ക് തന്നെ പേടിയായി മാറി...

ഇടയ്ക്ക് എങ്ങാനും ചുരുങ്ങിയ ചില വാക്കുകളിൽ എന്തെങ്കിലും പറഞ്ഞാൽ ആയി.. അത്ര തന്നെ..

അവധി കഴിഞ്ഞു സ്കൂൾ തുറക്കാറായപ്പോൾ അച്ഛൻ  ആണ് വൈദ്ദേഹിയെയും തങ്ങള് പഠിക്കുന്ന സ്കൂളിൽ ചേർത്തത്.. അത്രയും വലിയൊരു സ്കൂളിൽ.. അതും ഡ്രൈവറുടെ മോളെ.... പലരും നെറ്റി ചുളിച്ചു... അച്ഛനെ ശകാരിച്ചു... എന്നാൽ അച്ചന്റെ തീരുമാനം, അത് എന്നും ശരിയായിരുന്നു...
എല്ലാ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് അമ്മയും ഒപ്പം ഉണ്ടായിരുന്നു... അത് എന്നും എപ്പോളും അങ്ങനെ തന്നെ ആയിരുന്നു..


അച്ഛന്റെ നിഗമനം തെറ്റിയിരുന്നില്ല,

വൈദ്ദേഹി മിടുക്കി ആയി തന്നെ പഠിക്കുമായിരുന്നു..

എല്ലാ തരത്തിലും അവൾ ഒന്നാമതായി മുന്നേറി.

താൻ പത്താം ക്ലാസിൽ എത്തിയപ്പോൾ അവൾ ഏഴിൽ ആയിരുന്നു...

ആനുവൽ എക്സാം കഴിഞ്ഞ ശേഷം താൻ ഈ നാട്ടിൽ നിന്നും പോയി..

പോകുന്നതിന്റെ തലേ ദിവസം, അച്ഛനും അമ്മയും ചേച്ചിയും ഒക്കെ എന്തൊക്കെയോ ഷോപ്പിംഗ് നടത്താൻ പുറത്തേക്ക്പോയത് ആണ്, താൻ വെറുതെ ഈ റൂമിൽ ഇരിക്കുകയായിരുന്നു.

പാദസരകൊഞ്ചൽ കേട്ടതും താൻ മുഖം ഉയർത്തി നോക്കി.

കരഞ്ഞു കലങ്ങിയ മിഴികളോട് കൂടി വൈദ്ദേഹി തന്റെ അടുത്തേക്ക് കയറി വന്നു..അന്ന് ആദ്യം ആയിട്ട് ആയിരുന്നു തന്റെ മുറിയിൽ അവള് വരുന്നത് പോലും.

ദേവേട്ടൻ പോവാണോ...അമ്മ പറഞ്ഞുല്ലോ പഠിക്കാനായി അങ്ങ് ദൂരെ എവിടെയോ പോണുന്നു.... നേരാണോ ദേവേട്ടാ ... ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു..

ആദ്യം ആയിട്ട് ആണ് വൈദ്ദേഹി തന്നെ പേരെടുത്തു വിളിക്കുന്നത് എന്ന് ആയിരുന്നു താൻ ആദ്യം ഓർത്തത്.

ദേവേട്ടാ.. പോവോ ഇവിടുന്നു...സത്യം ആയിട്ടും പോവോ ?

ഹ്മ്മ്.. അതെ, അതിനു നിനക്ക് എന്താ.....ഞാൻ എന്റെ ഇഷ്ടത്തിനു പോകും, വരും...

അല്പം ഗാർവോട് കൂടി താൻ ചോദിച്ചു...


വേണ്ട.... ദേവേട്ടൻ പോകണ്ട....

ഒരൊറ്റ കരച്ചിലോടെ അവൾ തന്നെ ഇറുക്കി പുണർന്നു..

ദേവേട്ടൻ പോകുന്നത്, എനിക്ക് സഹിയ്ക്കാൻ വയ്യാ..... എവിടെയും പോകണ്ട ദേവേട്ടാ, ഞാൻ.. ഞാൻ അതിനു സമ്മതിക്കില്ല...

തന്റെ നെഞ്ചിൽ മുഖം ഉരുട്ടി കൊണ്ട് തന്നെ ഇറുക്കി പുണർന്നു കരയുന്നവളെ ഒരു നിമിഷം പകപ്പോടെ നോക്കി..

എന്നിട്ട് അവളെ പിടിച്ചു ഊക്കോട് കൂടി ഒരൊറ്റ തള്ളായിരുന്നു.

അവളുടെ നെറ്റി പോയി ശക്തിയിൽ ചുവരിലേക്ക് ഇടിച്ചു.

രക്തം കിനിഞ്ഞു..

ആഹ്.... അമ്മേ...

നിലത്തേക്ക് അവൾ ഊർന്നിരുന്നു..

കൈയിലൂടെ മുഴുവൻ രക്തം ഒഴുകിയിറങ്ങി.

ദേവേട്ടാ...

അവളുടെ ചുണ്ടുകൾ വിറച്ചു..

എന്നാടി നിനക്ക് എന്നോട് പ്രേമം ആണോ,,, എന്തെടി....
അവളുടെ ഇരു തോളിലും പിടിച്ചു പൊക്കി നിറുത്തി കൊണ്ട് അവളെ വെറുപ്പോടെ നോക്കി.

നാണമില്ലേടി നിനക്ക്.... എന്നാ പ്രായം ഉണ്ടെടി.... ങ്ങെ...... അല്ലെങ്കിൽ തന്നെ പാലയ്ക്കൽ വീട്ടിലെ രുദ്രദേവിനെ പ്രണയിക്കാൻ ഉള്ള എന്താണ് നിനക്ക് ഉള്ളത്.... മേലിൽ എന്റെ കൺ മുന്നിൽ പോലും വന്നേക്കരുത്.... പറഞ്ഞില്ലെന്നു വേണ്ടാ...

അവളെ പിടിച്ചു തന്റെ മുറിയിൽ നിന്നും പുറത്താക്കി... ഒരു ഊക്കോട് കൂടി വാതിൽ കൊട്ടി അടച്ചു..

പിന്നീട് ഇന്ന് വരേയ്ക്കും വൈദ്ദേഹിയേ താൻ കണ്ടിട്ടില്ല..

പിറ്റേ ദിവസം യാത്ര പറഞ്ഞു പോകുമ്പോൾ കനകയാന്റി മാത്രം മുറ്റത്തു വന്നു നിന്നിരുന്നു..

വൈദ്ദേഹിയേ താൻ ഒട്ട് തിരഞ്ഞതും ഇല്ല...
വല്ലപ്പോഴും അവധി കിട്ടുമ്പോൾ താൻ നാട്ടിൽ വരും, ആ സമയത്ത് ഒക്കെ തന്റെ വരവ് അറിഞ്ഞു കൊണ്ട് അവൾ നേരത്തെ തന്നെ എവിടേയ്ക്ക് എങ്കിലും മാറും..

അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ വിളിച്ചപ്പോൾ ആണ് പറഞ്ഞത്, സോമനാഥൻ അങ്കിൾ നെഞ്ചു വേദന ആയിട്ട് ഹോസ്പിറ്റലിൽ ആണെന്ന് ഉള്ള കാര്യം.. താൻ പക്ഷെ അത് അന്ന് അത്രക്ക് അങ്ങ് കാര്യം ആയിട്ട് എടുത്തുമില്ല,പക്ഷെ പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചേച്ചി ആണ് തനിക്ക് മെസ്സേജ് ഇട്ടത്, സോമനാഥൻ അങ്കിൾ മരിച്ചു എന്ന് ഉള്ള വിവരം... പെട്ടന്ന് കേട്ടപ്പോൾ തനിക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു...അന്ന് വൈദ്ദേഹിയുടെ പ്ലസ് ടു എക്സാം തീർന്ന ദിവസം ആയിരുന്നു എന്നു ഒക്കെ ചേച്ചി തന്നോട് പറഞ്ഞത്.. താൻ ആണെങ്കിൽ അന്ന് കാനഡയിൽ ആയിരുന്നു. അതുകൊണ്ട് വരാൻ ഒന്നും കഴിഞ്ഞില്ല.

പിന്നീട് ആ കുടുംബത്തിന് ഓരോരോ ദുരന്തങ്ങൾ വന്നു കൊണ്ടേ ഇരുന്നു..

അങ്കിൾ ന്റെ മരണത്തോടെ കനകയാന്റിയുടെ മാനസിക നില ആകെ തെറ്റി.

ആരോടും മിണ്ടാതെ ആന്റി റൂമിൽ തന്നെ ഇരുന്നു.

ഓരോ ദിവസം ചെല്ലും തോറും ആന്റി യുടെ നില വഷളായി തുടങ്ങി..

അങ്ങനെ അച്ഛനും അമ്മയും ഒക്കെ ചേർന്ന് ആന്റി യേ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആക്കി..

വൈദ്ദേഹി എന്തൊക്കെയോ സ്ക്കോളർഷിപ്പ് ഒക്കെ എഴുതിയ ശേഷം എം ബി എ പഠിക്കുവാൻ വേണ്ടി കോയമ്പത്തൂരിൽ പോയി എന്നും, ഇപ്പൊ അവിടെ ആണെന്നും അമ്മ യും ചേച്ചിയും 
ഒക്കെ പറഞ്ഞു താൻ അറിഞ്ഞത്.


ഓർമ്മകൾ മനസ്സിൽ ഇപ്പോളും മായാതെ നില കൊള്ളുകയാണെന്ന് അവൻ ഓർത്തു.

അന്നത്തെ കൗമാര കാലത്തേ ഓരോരോ ഭാവങ്ങൾ.....

പക്ഷെ എന്താണ്ന്നു അറിയില്ല വൈദ്ദേഹി യോട് തന്റെ ഉള്ളിന്റെ ഉള്ളിൽ പൊന്തി വന്ന ദേഷ്യത്തിന്റെ കാരണം... അത് കണ്ടു പിടിയ്ക്കാൻ ഇതേ വരെ ആയിട്ടും ശ്രെമിച്ചുമില്ല.


ചേച്ചി യുടെ ഫോണിലേക്ക് ഇടയ്ക്ക് ഏതോ ഒരു കോളേജ് ഫങ്ക്ഷന് വേണ്ടി അവൾ ഒരു സാരീ ഒക്കെ ഉടുത്തു നിൽക്കുന്ന ഫോട്ടോ അയച്ചു കൊടുത്തത് അവൻ ഓർത്തു.

താനും അമ്മയും കൂടി ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു ചേച്ചി അവളുടെ ഫോട്ടോ കാണിച്ചു കൊടുത്തത്..

അങ്ങനെ ആയിരുന്നു അവളെ ലാസ്റ്റ് കണ്ടത്...

അവൻ ഒരു നെടുവീർപ്പോട് കൂടി എഴുന്നേറ്റു പോയി കട്ടിലിലേക്ക് കിടന്നു
***

വലിയ രണ്ടു ബാഗുകൾ.

അതിലൊന്ന് തോളിലും, ഒരെണ്ണം വലം കൈയാൽ വലിച്ചു കൊണ്ടും അകലെ നിന്നും നടന്നു വരുന്നവളെ നോക്കി രുദ്രൻ തന്റെ വണ്ടിയിൽ ഇരുന്നു.

വളരെ ആയാസപ്പെട്ടു ആയിരുന്നു അവൾ നടന്നു വരുന്നത്.

എന്നിട്ടും ഒന്നു ഇറങ്ങാൻ പോലും കൂട്ടക്കാതെ അവൻ അതെ നിലയിൽ ഇരുന്നു.

ചുറ്റിനും മിഴികൾ കൊണ്ട് പരതുന്നവളെ നോക്കി അവൻ തന്റെ കാറിന്റെ ഹോൺ മുഴക്കി..
....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story