വൈദേഹി: ഭാഗം 26

vaidehi

രചന: മിത്ര വിന്ദ

 വൈദേഹിയും രുദ്രനും കൂടി തിരികെ വീട്ടിൽ എത്തിയപ്പോൾ നേരം 8മണി ആയിരുന്നു.

ഗൗരിയും മഹിയും ഉമ്മറത്ത് അവരെ കാത്തിരിപ്പുണ്ട്.

 ഗേറ്റ് കടന്ന് കാർ വരുന്നത് കണ്ടതും ഗൗരി വേഗം എഴുന്നേറ്റ് അകത്തേക്ക് പോയി.
നിലവിളക്ക് കൊളുത്തുവാൻ വേണ്ടി

ബീനേ.. കുട്ടികൾ വന്നൂട്ടോ...

ഒപ്പം തന്നെ അടുക്കളയിലേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞു.

ആഹ് വരുന്നു ചേച്ചി... ഈ ചോറ് ഒന്ന് എടുത്തു വെയ്ക്കട്ടെ..

ബീന മറുപടിയും കൊടുത്തു.

വൈദ്ദേഹി ആയിരുന്നു ആദ്യം ഇറങ്ങിയത്..

മോളെ.....വൈദ്ദേഹി...ഇത്ര ദൂരം യാത്ര ചെയ്തു ആകെ മടുത്തു അല്ലേ..

 മഹി ഇറങ്ങിച്ചെന്ന് അവളുടെ ചുമലിൽ തട്ടി..


ഹ്മ്മ്... കുഴപ്പമില്ല അങ്കിൾ,  ഇടയ്ക്കൊക്കെ വണ്ടി നിർത്തിയാണ് പോന്നത്...

അവൾ പുഞ്ചിരിച്ചു.

 വൈദേഹിയുടെ ഇരുത്തം വന്ന സംസാരം കേട്ടപ്പോൾ തന്നെ 100% ഉറപ്പായിരുന്നു അവൾ  നോർമൽ കണ്ടീഷനിൽ എത്തി എന്നുള്ളത്.

കാരണം പണ്ടും അവൾ അങ്ങനെയാണ്, ഒരുപാട് ബഹളങ്ങളും ശബ്ദങ്ങളും ഒന്നും അവൾക്കില്ലായിരുന്നു.

വളരെ പക്വത യോട് കൂടിയുള്ള പെരുമാറ്റമായിരുന്നു വൈദേഹിക്ക് എന്നും..

 അതുതന്നെയായിരുന്നു അവളുടെ മുഖമുദ്രയും.

ആന്റി എവിടെ...

അവൾ അകത്തേക്ക് നോക്കി..


" ആരതി എടുക്കുവാൻ പോയതാണ് മോളെ, ഒന്ന് വെയിറ്റ് ചെയ്യണേ"

 മഹി പറഞ്ഞതും അവൾ തല കുലുക്കി.

 ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന ബാഗുകളൊക്കെ എടുക്കുവാനായി രുദ്രൻ തുടങ്ങിയതും അവനെ തടഞ്ഞു...

"മോനെ അതൊക്കെ പിന്നീട് ആവാം, ഇപ്പോൾ നിങ്ങൾ രണ്ടാളും ഐശ്വര്യമായിട്ട് കയറി പോരെ "

 ഗൗരി അപ്പോഴേക്കും നിലവിളക്കും ആരതിയുമായി എത്തിയിരുന്നു..

 പിന്നാലെ ബീനചേച്ചി യും.

 ഇരുവരുടെയും കാലുകൾ ഒന്നു നനച്ച ശേഷം, അല്പം വെള്ളം എടുത്ത് അവരുടെ മുഖത്തും ദേഹത്തും ആയി  കുടഞ്ഞു..

"മോളെ വൈദ്ദേഹി.... നല്ലോണം അച്ഛനമ്മമാരോടും ഗുരു കാരണവന്മാരോട് ഒക്കെ പ്രാർത്ഥിച്ച ശേഷം, ഐശ്വര്യമായിട്ട് ഈ നിലവിളക്ക് മായി കയറി വരൂ കുട്ടി, മഹാദേവനും ഗുരുവായൂരപ്പനും ഒക്കെ നിന്റെ കൂടെയുണ്ടാവും ട്ടോ "


 പറഞ്ഞുകൊണ്ട് ഗൗരി അവളുടെ കയ്യിലേക്ക് നിലവിളക്ക് കൊടുത്തു.

വളരെ സൂക്ഷിച്ച്, സകല ചരാചരങ്ങളോടും പ്രാർത്ഥിച്ചുകൊണ്ട് , അവൾ അതുമായി അകത്തേക്ക് വലതുകാൽ എടുത്തുവച്ചു കയറി.

 പൂജാമുറിയിൽ കൊണ്ടുവന്ന വിളക്ക് വച്ചശേഷം, മിഴികൾ അടച്ച് അവൾ, കൈകൾ കൂപ്പി ഭഗവാനെ തൊഴുതു...

 ഒപ്പം തന്നെ അവളോട് ചേർന്ന് രുദ്രനും ഉണ്ടായിരുന്നു.

 
 വാതിൽക്കൽ നിന്നിരുന്ന അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് വണങ്ങി, അവൾ അനുഗ്രഹം വാങ്ങി, പിന്നാലെ രുദ്രനും...


"മോളെ... ഇതൊരു പുതിയ തുടക്കമാണ്, കഴിഞ്ഞതൊക്കെ കഴിഞ്ഞു, എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് മാത്രം നീ കരുതിയാൽ മതി, പൂർണ്ണ മനസ്സോടുകൂടി തന്നെയാണ്,  നിന്നെ ഈ കുടുംബത്തിലെ മകളായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്...
ഇന്ന് ഈ നിമിഷം മുതൽ, നീയ് എന്റെ മകന്റെ  ഭാര്യ ആണ്, ഞങളുടെ പൊന്നുമോളാണ്.... സന്തോഷത്തോടുകൂടി ഇനിയുള്ള കാലം കഴിയുക,  എല്ലാത്തിനും രുദ്രന്റെ ഒപ്പം നീ ഉണ്ടാവണം,എന്റെയും ഗൗരിയുടെയും എല്ലാവിധ അനുഗ്രഹങ്ങളും, എന്നും നിങ്ങളോടൊപ്പം ഉണ്ടാകും..."

 പറഞ്ഞുകൊണ്ട് മഹി അവളുടെ കവിളിൽ തലോടി.

അപ്പോഴേക്കും അവളുടെ മിഴികളൊക്കെ നിറഞ്ഞു തുളുമ്പിയിരുന്നു.

 അത് കണ്ടതും മഹിക്ക് വിഷമം തോന്നി..

 പെട്ടെന്ന് തന്നെ അവൻ പുറത്തേക്ക് ഇറങ്ങി പ്പോയി.

 ഗൗരിയുടെ നെഞ്ചിലേക്ക് വീണു കിടന്ന് വൈദേഹി പൊട്ടിക്കരഞ്ഞു.

മോളെ.... നീ എന്തിനാണ് ഇങ്ങനെ കരയുന്നത്, ഞങ്ങൾ ഒക്കെ ഇല്ലേ....


 അച്ഛനെയും അമ്മയെയും ഒക്കെ അവൾക്ക് ഓർമ്മ വന്നതാണെന്നുള്ളത് ഗൗരിക്കും നിശ്ചയമായിരുന്നു..

 അത് സത്യം തന്നെ ആയിരുന്നതാനും..


"എന്റെ മോള് വിഷമിക്കേണ്ട കേട്ടോ, ഇവിടെ ആന്റിയും അങ്കിളും ഒക്കെ ഇല്ലേ, പിന്നെ നിന്റെ രുദ്രേട്ടനും.... അല്ലേലും ഞങ്ങളെ ആരെയും നിനക്ക് വേണ്ടല്ലോ, രുദ്രേട്ടനെ മാത്രം മതി...."

 ചിരിയോടുകൂടി അവളെ ചേർത്തുപിടിച്ചുകൊണ്ട്  ഗൗരി ഹാളിലേക്ക് ഇറങ്ങിവന്നു.

 മഹിയും രുദ്രനും അവിടെ സംസാരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.

ബീനെ ആ പായസം ഇങ്ങു എടുക്ക്...

 ഗൗരി വിളിച്ച് പറഞ്ഞതും പെട്ടെന്ന് ബീന ഒരു ഗ്ലാസ് പായസവുമായി കുട്ടികളുടെ അടുത്തേക്ക് വന്നു.

 "ചടങ്ങുകൾ ഒക്കെ അങ്ങനെ തന്നെ നടക്കണം....മക്കളെ, വന്നിരുന്നേ,ഈ മധുരം കൂടി കഴിചിട്ട്, മുകളിലേക്ക് കയറിപ്പോയാൽ മതി..."


 ഗൗരി വിളിച്ചതും രുദ്രനും വൈദ്ദേഹിയും വന്നു സെറ്റിയിൽ ഇരുന്നു.

 അപ്പോഴാണ് വൈദേഹിയുടെ കഴുത്തിൽ കിടക്കുന്ന ചരടും താലിയും ഗൗരി ശ്രദ്ധിച്ചത്.


" ഞങ്ങളെ ഇങ്ങോട്ട് വരുന്ന വഴിക്ക്, റോഡിന്റെ  വശത്തായി  ഒരു അമ്പലം കണ്ടമ്മേ.... കുറെയേറെ മലനിരകളുടെ അധിപതി ആയിട്ടുള്ള ഒരു ദേവതയാണ്, മുത്തിയമ്മ... എങ്ങനെയാണ് ആ നാട്ടുകാര് വിളിക്കുന്നത്.. യാദൃശ്ചികം ആയിട്ടായിരുന്നു ഞങ്ങൾ അവിടെ വണ്ടി നിർത്തിയത്.

ഒരു വലിയ ആൽമരം, അതിന്റെ ചുവട്ടിൽ ആയിട്ടാണ് ഈ അമ്മ കുടികൊള്ളുന്നത്. തൊട്ടരിയിലായി ഒരു മുറുക്കാൻ കടയുണ്ടായിരുന്നു. ആ കടയിലെ ചേട്ടനാണ് ഞങ്ങളോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നത്...

 രുദ്രൻ വള്ളി പുള്ളി വിടാതെ എല്ലാ കാര്യങ്ങളും അച്ഛനെയും അമ്മയെയും പറഞ്ഞു കേൾപ്പിച്ചു.

"നല്ല കാര്യം മോനെ ഇതൊക്കെ ഒരു നിമിത്തമാണ്.. ശരിക്കും ഇന്നായിരുന്നു നിങ്ങൾ വിവാഹം കഴിക്കേണ്ടത്, അതും പ്രകൃതിയെ സാക്ഷിയാക്കി... അത് അങ്ങനെ തന്നെ പൂർത്തിയായി, കല്യാണവും,ഗൃഹപ്രവേശവും മധുരം വെപ്പും, ഒക്കെ ചടങ്ങായി തന്നെ നടന്നു.... അല്ലേ മഹിയേട്ടാ..

 സന്തോഷത്തോടുകൂടി ഗൗരി മഹിയെ നോക്കി ചോദിച്ചു....

മ്മ്... അതെ... ഇതൊക്കെ ഒരു നിമിത്തമാണ്,ഒപ്പം ഈശ്വരാനുഗ്രഹവും...ഇത് രണ്ടും ആവോളം നിങ്ങൾക്ക് ഉണ്ടു മക്കളേ..

അതാണ് കൃത്യസമയത്ത് അവിടെ കൊണ്ടുവന്ന വണ്ടി നിർത്തുവാൻ ഒക്കെ രുദ്രന് തോന്നിയത്..

മഹി പറഞ്ഞതും ഗൗരിയും ബീന ചേച്ചിയും തല കുലുക്കി.

 കുറച്ച് സമയം അച്ഛനോടും അമ്മയോടും ഒക്കെ സംസാരിച്ചിരുന്ന ശേഷം ഇരുവരും മുകളിലേക്ക് കയറി പോയി..


 രുദ്രന്റെ റൂമിന്റെ വാതിൽക്കൽ എത്തിയതും വൈദേഹിക്ക് ആകെ കൂടി ഒരു വല്ലായ്മ പോലെ..


 വിവാഹം കഴിഞ്ഞ ശേഷം കുറച്ചു ദിവസം ഈ മുറിയിൽ കഴിഞ്ഞതാണെങ്കിൽ പോലും അതൊന്നും അവളുടെ സ്വബോധത്തിൽ അല്ലായിരുന്നു. വർഷങ്ങൾക്കു മുന്നേ രുദ്രന്റെ മുറിയുടെ വാതിൽക്കൽ എത്തി യതും, അവനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതും ഒക്കെ ആയിരുന്നു അവളുടെ മനസ്സില്.


" ഐശ്വര്യമായിട്ട് വലതുകാൽ എടുത്തുവച്ച് കയറു ഭാര്യേ.... ഇതെന്താണ് ഇങ്ങനെ മടിച്ചു നിൽക്കുന്നത്"

തൊട്ടുപിന്നിൽ രുദ്രന്റെ ശബ്ദം കേട്ടതും അവൾ ഒന്നും ഞെട്ടി തിരിഞ്ഞുനോക്കി.

 പുഞ്ചിരിയോടുകൂടി ഇരുകൈകളും തന്റെ നെഞ്ചിന് കുറുകെ വെച്ചുകൊണ്ട്  അവൻ അവളെ നോക്കി.

 മറുപടിയൊന്നും പറയാതെ കൊണ്ട് വൈദേഹി മുഖം കുനിച്ചു.

 അവളുടെ ചുമലിലൂടെ കൈ ഇട്ട് തന്നോട് ചേർത്തുപിടിച്ചുകൊണ്ട് രുദ്രൻ വൈദേഹിയെയും കൂട്ടി റൂമിലേക്ക് കയറി..


 എന്തിനാ നീ ഇങ്ങനെ പേടിക്കുന്നത്.. വേറെ ആരും അല്ലല്ലോ...ഞാൻ നിന്റെ ഭർത്താവ് അല്ലേ.

 താൻ ചേർത്തുപിടിച്ചപ്പോൾ വൈദേഹിയേ വിറയ്ക്കുന്നത് അറിഞ്ഞുകൊണ്ട് രുദ്രൻ അവളെ നോക്കി പറഞ്ഞു..

" വൈദേഹി ഇവിടെ ഇരിയ്ക്ക് കേട്ടോ, ഞാനൊന്നു പോയി കുളിച്ചു ഫ്രഷ് ആയി വരാം, കുറേ ദൂരം ഡ്രൈവ് ചെയ്തതുകൊണ്ട് സത്യം പറഞ്ഞാൽ വല്ലാത്ത ക്ഷീണം.. നന്നായി ഒന്നു കിടന്നുറങ്ങിയാലേ ഓക്കെ ആവുകയുള്ളൂ.."

 പറയുന്നതിനൊപ്പം തന്നെ അവളെ കൊണ്ടുപോയി അവൻ ബെഡിലേക്ക് ഇരുത്തിയിരുന്നു..

 എന്നിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് പോയി..

 ഒരുതരം നിർവികാരതയോടുകൂടി ഇരിക്കുകയാണ് വൈദേഹി അപ്പോളും..

 ആകെ കൂടി ഒരു സങ്കടം... ഒരു കാർമേഘം പൊതിയും പോലെ വന്നു പൊതിഞ്ഞിരിക്കുകയാണ്..

 അർഹതയില്ലാത്തടത്ത്  കയറിപ്പറ്റിയതാണോ എന്നൊരു ചിന്തയും..

 ആലോചനകൾ കാട് കയറും മുന്നേ വാഷ് റൂമിൽ നിന്നും, രുദ്രൻ ഇറങ്ങി വന്നിരുന്നു.

"എടോ, താൻ പോയി കുളിച്ച് ഫ്രഷ് ആയ്ക്കോ... എന്നിട്ട് നമ്മൾക്ക് എന്തെങ്കിലും കഴിക്കാം...."


അവൻ പറഞ്ഞതും വൈദേഹി എഴുന്നേറ്റു.

 തനിക്ക് ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സ് ഒക്കെ കബോർഡിൽ ഇരിപ്പുണ്ട് കേട്ടോ...

മ്മ്.....

ഒന്ന് മൂളിയ ശേഷം അവൾ എഴുനേറ്റു ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story