വൈദേഹി: ഭാഗം 27

vaidehi

രചന: മിത്ര വിന്ദ

നീണ്ട യാത്രയ്ക്ക് ശേഷം ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ വൈദ്ദേഹിക്ക് വല്ലാത്ത സമാധാനം തോന്നി.


മുറിയിൽ അപ്പോൾ രുദ്രൻ ഇല്ലായിരുന്നു.

ഇറങ്ങി പോയി കാണും എന്ന് അവൾ ഊഹിച്ചു.

കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു മുടി ഉടക്കുകൾ എല്ലാം വിരലുകൾ കൊണ്ട് വിടർത്തി.

കുളി പിന്നൽ പിന്നി ഇട്ട ശേഷം, പിന്തിരിഞ്ഞപ്പോൾ ആണ് കണ്ടത്, അകത്തേക്ക് കയറി വരുന്ന രുദ്രനെ...

അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം, എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

തന്റെ അരികിലേക്ക് വന്നു ഒരു കുസൃതി ചിരിയോടെ നിൽക്കുന്നവനെ കാരണം അറിയാനായി അവൾ മുഖം ഉയർത്തി നോക്കി..


ചുവപ്പും നീലയും ഇട കലർത്തിയ മുത്തുകൾ കൊണ്ട് തീർത്ത മനോഹരമായ ഒരു കുംകുമ ചെപ്പ്...അതിലേക്ക് ആയിരുന്നു അവന്റെ മിഴികൾ നീണ്ടത് 


അത് കൈയിൽ എടുത്തു കൊണ്ട് രുദ്രൻ മെല്ലെ അടപ്പു തുറന്നു.

ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ ചാർത്തി.

മൂക്കിൻ തുമ്പിലേക്ക് വീണ സിന്ദൂരരേണുക്കൾ അവൻ തന്റെ ചൂണ്ടു വിരൽകൊണ്ട് മെല്ലെ തുടച്ചു മാറ്റി.

"രുദ്രൻ ഈ ഭൂമിയിൽ നിന്നും ഇല്ലാതെ ആവുന്ന നിമിഷം വരെയും കാണണം ഇത് നിന്റെ നെറുകയിൽ..."


ആ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അവൻ പറഞ്ഞതും അവളുടെ മിഴികൾ ഒന്ന് പിടഞ്ഞു.


"മറന്ന് പോയി, ഇനി ശ്രെദ്ധിച്ചോളാം "

പറഞ്ഞതും വാക്കുകൾ പോലും ഇടറി..അതിനു ഒരു കാരണം ഉണ്ടായിരുന്നു, അല്പം മുന്നേ അവൾ പറഞ്ഞ വരിയിൽ പിന്നെ, ഈ ഭൂമിയിൽ നിന്നും അവൻ പോകുന്ന നിമിഷം എന്നുള്ളത്.. ഓർക്കാൻ പോലും വയ്യാ... രുദ്രേട്ടനെ പറ്റി അങ്ങനെ ഒരു കാര്യം......


"എന്തേ സങ്കടം ആയോ...വഴക്ക് പറഞ്ഞത് അല്ലടോ.... തന്നെ ഇങ്ങനെ കാണുമ്പോൾ ഒരു മന സുഖം, അവളുടെ മിഴിയിലെ തിളക്കം കണ്ടതും മനസിലായി ഇനി പെണ്ണ് കരഞ്ഞു പോകുമോ എന്ന് പോലും..."

.
പെട്ടന്ന് രുദ്രൻ അവളോട് പറഞ്ഞു..


മറുപടി ഒന്നും പറയാതെ കൊണ്ട് അവന്റെ ഇരു കൈകളും ചേർത്ത് പിടിച്ചു കരഞ്ഞു പോയിരിന്നു അപ്പോളേക്കും..

"എന്താടോ...."

"... വെറുതെ ആണെങ്കിൽ പോലും രുദ്രേട്ടൻ ഈ ലോകത്തു നിന്നും പോകുന്ന കാര്യങ്ങൾ ഒന്നും എന്നോട് പറയരുത്... ഇങ്ങനെ ഒക്കെ കേട്ടാൽ ഞാൻ വീണ്ടും ഒരു ഭ്രാന്തി ആയി പോകും...."


വുത്തുമ്പി കൊണ്ട് പറയുകയാണ് 
പാവം വൈദ്ദേഹി..

അത് കേട്ടതും രുദ്രൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു, കൊണ്ട് അവളുടെ ചുമലിൽ മെല്ലെ തലോടി.


"അങ്ങനെ ഒന്നും എന്റെ പെണ്ണിനെ വിട്ടിട്ട് ഞാൻ പോകില്ലെന്നേ..... ഇനി അതോർത്തു കരയണ്ട.... "


അവളുടെ നെറുകയിൽ തന്റെ അധരം ചേർത്ത ശേഷം അവൻ സാവധാനം പറഞ്ഞു.


"അമ്മയും അച്ഛനും ഒക്കെ കാത്തിരിക്കുകയാണ്.. വാടോ, എന്തെങ്കിലും കഴിക്കാം...."


"മ്മ്...."


രുദ്രന്റെ പിന്നാലെ സ്റ്റെപ്സ് ഇറങ്ങി വരുന്ന വൈദ്ദേഹിയെ നോക്കി മഹിയും ഗൗരിയും പുഞ്ചിരിച്ചു 


ആഹാ... സുന്ദരികുട്ടി ആയല്ലോ.... നമ്മുടെ വെള്ളത്തിൽ കുളിച്ചു കഴിഞ്ഞപ്പോൾ സമാധാനം ആയില്ലേ മോളെ...

മഹി ചോദിച്ചതും അവൾ തല കുലിക്കി.


ഉള്ളി തീയലും വൻ പയറും മെഴുക്കു വരട്ടിയും നത്തോലി പീര വറ്റിച്ചതും, കക്ക ഇറച്ചി ഫ്രൈ ചെയ്തതും, മാമ്പഴം പുളിശ്ശേരി വെച്ചതും ഒക്കെ ആയിരുന്നു വിഭവങ്ങൾ..

എല്ലാം വൈദേഹിക്ക് ഇഷ്ട്ടം ഉള്ളത് ആണ്..


"ഇന്ന് അമ്മ മരുമകളുടെ ഇഷ്ട്ടം നോക്കിയാണോ വെച്ചത്, പാവം നമ്മളെ ഒക്കെ തഴഞ്ഞു ല്ലേ...."


രുദ്രൻ കുറുമ്പോട് കൂടി ചോദിച്ചതും ഗൗരി അവനെ നോക്കി പേടിപ്പിച്ചു.


"ഒന്ന് പോടാ, കക്ക ഇറച്ചി ഫ്രൈ ചെയ്തത്, നിന്റെ ഫേവറേറ്റ് അല്ലേ..... പിന്നെ ഉള്ളി തീയലും,"


"ഓഹ് ഔദാര്യം അല്ലേ... ആയിക്കോട്ടെ മാഡം "


പറഞ്ഞു കൊണ്ട് അവൻ കുറേ ഏറെ കക്ക ഇറച്ചി കോരി എടുത്തു തന്റെ പ്ലേറ്റിലേക്ക് ഇട്ടു.


മിക്കവാറും ദിവസങ്ങളിലും ഇങ്ങനെ ഒക്കെ തന്നെയാണ്.. ഭക്ഷണം കഴിക്കുവാൻ ഇരിക്കുമ്പോഴാണ്, മൂവരും കൂടി വർത്തമാനവും, കളി ചിരികളും എല്ലാം....


കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ ശേഷം വൈദ്ദേഹി നേരെ അടുക്കളയിൽ ചെന്നു.

ബീന ചേച്ചിയാണ് അവിടെ ഗൗരിക്ക് സഹായത്തിനു നിൽക്കുന്നത്. അവരോട് കുറച്ചു സമയം വർത്തമാനം ഒക്കെ പറഞ്ഞ ശേഷം, പാത്രങ്ങൾ ഒക്കെ കഴുകി  വെച്ചു..

പിന്നെയും അവിടെ തന്നെ വെറുതെ നിൽക്കുകയാണ് അവൾ....


എന്താണന്ന് അറിയില്ല..

ആകെ കൂടി ഒരു വെപ്രാളം പോലെ. അസുഖം ആയിരുന്ന നേരത്തു താൻ ഇവരോട് ഒക്കെ എങ്ങനെയാണ് സംസാരിച്ചത് എന്നൊക്കെ ഓർക്കുമ്പോൾ ഒരു കുറ്റബോധം പോലെ തോന്നി.

"മോളെ... രുദ്രൻ വിളിക്കുന്നുണ്ട്, പോയി കിടന്ന് ഉറങ്ങാൻ നോക്ക്.. ഇത്രയും ദൂരം കാറിൽ ഇരുന്നു വന്നത് അല്ലേ "

ഗൗരി വന്നു പറഞ്ഞതും അവൾ മെല്ലെ തല കുലുക്കി.


ആന്റിക്ക് കിടക്കാറായോ...

പെട്ടന്ന് അവൾ ചോദിച്ചു.

ഇല്ല... എന്താ മോളെ.....

ഒന്നുല്ല... വെറുതെ ചോദിച്ചുന്നേ ഒള്ളു.


മോൾക്ക് എന്നോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ....?
ഗൗരി വീണ്ടും ചോദിച്ചു..

"ഇല്ല ആന്റി.... ഞാൻ വെറുതെ ചോദിച്ചതാ...."


"ഹ്മ്മ്... വൈച്ചു എന്നോട് കള്ളം പറയാനും തുടങ്ങി ല്ലേ "


ഗൗരി അവളെ നോക്കി ചോദിച്ചു.

"നാളെ സംസാരിക്കാം ആന്റി... നേരം ഒരുപാട് ആയില്ലേ.. പോയി കിടന്നോ "

പറഞ്ഞ ശേഷം അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി പോയി.


റൂമിലേക്ക് ചെല്ലുമ്പോൾ പാദങ്ങളുടെ ഒക്കെ വേഗത കുറഞ്ഞു വരുന്നതായി വൈദ്ദേഹിക്ക് തോന്നി.

ഇടറുകയാണ് നെഞ്ചകം...എവിടേക്ക് എങ്കിലും ഓടി ഒളിയ്ക്കുവാൻ ആഗ്രഹിക്കുകയാണ്,, പതർച്ചയോടെ അവൾ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി ചെന്നു.

നോക്കിയപ്പോൾ 
രുദ്രൻ കട്ടിലിന്റെ ക്രാസയിൽ ചാരി ഇരിയ്ക്കുകയാണ്.

കണ്ണുകൾ അടച്ചു കൊണ്ട്.

ഉറങ്ങിയോ ആവോ...  ശ്വാസം പോലും അടക്കിപിടിച്ചുകൊണ്ട് അവൾ സാവധാനം അവന്റെ അരികിലേക്ക് വന്നു.

വിളിക്കണോ...

ഒരു നിമിഷം ആലോചിച്ചു കൊണ്ട് നിന്നു.

എന്നിട്ട് അവന്റെ ചുമലിൽ തട്ടി.

"ഏട്ടൻ ഉറങ്ങിയോ "?

ശബ്ദം താഴ്ത്തി ചോദിച്ചു.

പെട്ടന്ന് അവൻ മിഴികൾ തുറന്നു.


"ആഹ്,ഇല്ലെടോ... വെറുതെ അങ്ങനെ ഇരുന്നന്നു മാത്രം....."

അവൻ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു.

അരികിലായി നിന്ന വൈദ്ദേഹിയുടെ വലം കൈയിൽ പിടിച്ചു.


"ശരിക്കും ഒന്ന് ശ്വാസം എടുത്തേ പെണ്ണേ..... ഇത് എന്തിനാ ഇങ്ങനെ ബലമായി അടക്കി പിടിച്ചു വെച്ചിരിക്കുന്നെ......"

സത്യം പറഞ്ഞാൽ അവൻ അത് പറഞ്ഞപ്പോൾ ആയിരുന്നു അവൾ ഒരു നെടുവീർപ്പോട് കൂടി ശ്വാസം എടുത്തു വലിച്ചത്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story