❣️വൈഗ❣️: ഭാഗം 1

vaika

എഴുത്തുകാരി: മയിൽപ്പീലി

നേരം സന്ധ്യ കഴിഞ്ഞിരുന്നു.. ഇരുട്ട് വീണുതുടങ്ങി. ഭൂമിയെ പുണരാൻ നിലാവ് തയ്യാറായി കഴിഞ്ഞു. തോടിന് മേലെ ഉള്ള കലങ്ങിന് മുകളിൽ കൂടി നടക്കുമ്പോൾ ആണ് തോട്ടിൽ ഉള്ള വലിയ പാറയ്ക്ക് അരുകിൽ ഒരു അനക്കം പോലെ തോന്നിയത്. കൈയ്യിലുള്ള ടോർച് അടിച്ചു നോക്കി... ആരുടെയോ മുഖം ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടു.. ടോർച്ചിന്റെ വെട്ടം കാണേ ഒന്നുകൂടി പാറയ്ക്ക് പിന്നിലേക്കൊളിച്ചു. ""ആരാ അവിടെ...? ""ആരാണെന്ന്...? പതിയെ ആ രൂപം വെളിയിലേക്ക് വന്നു. ഒരു പെൺകുട്ടിയാണ്... ഒരു ടോപ്പും ലെഗ്ഗിൻസും ആണ് വേഷം. മുടി ക്ലിപ്പ് ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ അലസമായി കിടക്കുന്നു. ഒരു സ്റ്റട് കമ്മലും സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണുന്ന രീതിയിൽ ഒരു നേർത്ത മാലയും ഒരു പൊട്ട് മൂക്കുത്തിയും. ഒരു കുഞ്ഞ് കറുത്ത പൊട്ട് ഒഴിച്ചാൽ വേറെ ചമയങ്ങൾ ഒന്നുമില്ല. മുഖം കണ്ടാൽ അറിയാം നന്നായി ഭയന്നിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്... കൈയ്യിന്റെ സൈഡ് ഒക്കെ ചെറുതായി കീറിയിട്ടുണ്ട്.അവിടെ അവിടെയായി പോറലും. നെറ്റി പൊട്ടി ചോര വരുന്നുണ്ട്. മെല്ലെ അടുത്തേക്ക് ചെന്നു. """ഇയാൾ ഏതാ..?? ഇവിടെ എവിടെങ്കിലും വന്നതാണോ..? ""പേടിക്കണ്ട പറഞ്ഞോ...!

പേടിച്ച് നോക്കുന്നത് കണ്ട് ഒന്നുകൂടി പറഞ്ഞു. ""ഞാൻ.... ഞാൻ മംഗലത്ത് വന്നതാ... """ഏത് മംഗലം? ""അത് എനിക്ക് അറിയില്ല. ""ഏഹ്ഹ്..!ഈ നാട്ടിൽ തന്നെയാണോ..? ""അറിയില്ല. അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു... ""ഇയാൾ എവിടുന്നാ...? """ബാൻ.. ബാംഗ്ലൂർ... """ആഹാ... എങ്ങനെയാ ഇവിടെ... ""ഞാൻ.. ബാംഗ്ലൂർ ന്ന് മുത്തശ്ശനേം മുത്തശ്ശിയേം ഒക്കെ കാണാൻ നാട്ടിൽ വന്നതാ... ""എന്നിട്ട്... """ഇവിടെ എത്തിയപ്പോ എനിക്ക് വഴി തെറ്റി. ഒരു പ്രൈവറ്റ് ബസ്സിലാ വന്നേ... ബസ് മാറി കയറി. """ബസ്സിന്റെ പേരറിയോ..?? ""മ്മ് ച്ചും... ഒരു നീല പെയിന്റ് അടിച്ച ബസ്സാ... അത് കേൾക്കെ നെറ്റിൽ കൈ വച്ച് പോയി... """അഡ്രെസ്സ് വല്ലോം ഉണ്ടോ.....? """കൈയ്യിൽ ഉണ്ടായിരുന്നു.. വഴി തെറ്റിയപ്പോ റോഡിൽ നിൽക്കുന്ന ആളുകളോട് വഴി ചോദിച്ചു... അവരുടെ നോട്ടം കണ്ടപ്പോൾ അവിടുന്ന് നടന്നതാ.. അവര് പുറകെ വന്നപ്പോൾ പേടിച്ച് ഓടുന്ന വഴിക്ക് ബാഗൊക്കെ കൈയ്യിൽ നിന്ന് പോയി.. ഫോണും പേഴ്സും ഒക്കെ അതിലാ.. അപ്പോഴേക്കും അവൾ വിതുമ്പിയിരുന്നു.... """താൻ വിഷമിക്കാതെ... അല്ല നെറ്റിയൊക്കെ പൊട്ടിയല്ലോ... """ഓടുന്ന വഴിക്ക് തട്ടി വീണതാ... അപ്പൊ ഒന്നും നോക്കിയില്ല... ഇവിടെ കേറി ഒളിച്ചിരുന്നു.

എന്നേ കാണാഞ്ഞപ്പോ അവര് പോയി. """ശെരി താൻ വാ... """പേടിക്കണ്ട ഞാൻ കുഴപ്പക്കാരൻ അല്ല. വന്നോളൂ... മടിച്ചുനിൽക്കുന്ന കണ്ട് പറഞ്ഞു. """തന്റെ പേരെന്താ...?? നടക്കുന്നതിനടിയിൽ അവൻ ചോദിച്ചു. ""വൈഗ വൈഗാലക്ഷ്മി. """ആഹാ നാടൻ പേരാണല്ലോ... ബാംഗ്ലൂർ ഒക്കെ ആയിട്ട് മലയാളം നന്നായിട്ട് അറിയാമല്ലോ... """എന്റെ അമ്മയും അച്ഛനും ഒക്കെ മലയാളികളാ.... അച്ഛന് ബിസ്സിനെസ്സ് ബാംഗ്ലൂരിലാ. ജനിച്ചതിൽ കുഞ്ഞിലേ ഒരു തവണയേ വന്നിട്ടുള്ളൂ... വരണമെന്ന് കരുതുമ്പോഴൊക്കെ എക്സാമോ എന്തെങ്കിലും മുടക്കം വരും... അച്ഛനും അമ്മയും ഇടക്ക് വരും.ഒന്ന് ഫ്രീ ആയപ്പോൾ വന്നതാ ഞാൻ... ""അതിങ്ങനെ ആയല്ലേ....? അവളതിനൊന്ന് ചിരിച്ചു. ""എന്റെ പേര് ദേവനാരായണൻ. താൻ ദേവൻ ന്ന് വിളിച്ചോ.. നടന്ന് നടന്ന് അവരൊരു ഇടവഴിയിൽ എത്തി.. ""ഇതെവിടെയാ ദേവേട്ടാ... അല്ല ഞാൻ... "'അങ്ങനെ വിളിച്ചോ... വീട്ടിലും ഉണ്ട് ഒരാൾ... ""വൈഫ്‌ ആണോ..? ""എന്നേ കണ്ടാൽ മാരീഡ് ആണെന്ന് തോന്നുമോ..? പെങ്ങളുടെ കാര്യമാടോ പറഞ്ഞേ.. ഒരു ചിരിയാലേ അവൻ പറഞ്ഞു. """നമ്മൾ എന്റെ വീട്ടിലേക്കാ പോകുന്നെ... താൻ നടക്ക്. അവൾ അവന് പിന്നാലെ നടന്നു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇടവഴി അവസാനിച്ചത് ഒരു തറവാടിന് മുന്നിലാണ്... വെള്ള വെട്ടത്തിൽ മുങ്ങി നിൽക്കുന്ന വീട്.പഴമ വിളിച്ചോതുന്നുണ്ടെങ്കിലും വളരെ വലിയ ഇരുനില ഉള്ള വീടാണ്. മുറ്റത്തൊക്കെ ഒരുപാട് ചെടികൾ നിറഞ്ഞ് നിൽപ്പുണ്ടായിരുന്നു... ""അമ്മേ.. അമ്മേ.. ചെന്നപാടെ അവൻ അകത്തേക്ക് നോക്കി വിളിച്ചു. """താമസിക്കുമെങ്കിൽ ഒന്ന് വിളിച്ചുകൂടെ ദേവാ നിനക്ക് ഞാനിവിടെ ആധി.... ഇത് ഇതാരാ... തന്റെ വേവലാതികൾ പറഞ്ഞ് ദേവനെ ശകാരിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഒരു സ്ത്രീ ഇറങ്ങി വന്നു... വളരെ ഐശ്വര്യം നിറഞ്ഞ മുഖം. നേരിയതാണ് വേഷം. ഒരു ഭസ്മക്കുറിയുണ്ട്. ഇടതൂർന്ന ഈറൻ മുഴുവൻ മാറാത്ത മുടിയിൽ നിവർത്തി ഇട്ട് മുടിത്തുമ്പിൽ കെട്ടിയിട്ടിട്ടുണ്ട്. അവർ ദേവനെയും വൈഗയേയും കണ്ട് പറഞ്ഞ് വന്നത് പാതിവഴിയിൽ നിർത്തി അവരുടെ മുഖത്തേക്ക് മാറി മാറി നോക്കികൊണ്ട് ചോദിച്ചു. """എല്ലാം പറയാം അമ്മേ... ""എടോ ഇത് ന്റെ അമ്മ... സുഭദ്ര. ""ഏട്ടൻ എന്റെ ഗ്രാഫ് പേപ്പർ വാങ്ങിയോന്ന് ചോദിക്കമ്മേ... അത് ചോദിച്ച് ഉമ്മറത്തേക്ക് വന്ന ഒരു പെൺകുട്ടി അവരെ രണ്ടുപേരെയും കണ്ട് സുഭദ്രമ്മയുടെ കൈയ്യിൽ കൈകൊണ്ട് തട്ടി കണ്ണ് കൊണ്ട് ആരാണെന്ന് ചോദിച്ചു. അവര് അറിയില്ലെന്ന് ചുമലുകൂച്ചി.

ഉടുപ്പും പാവാടയും ആണ് വേഷം. നെറ്റിയിൽ ഒരു കുറിയും ഒരു പൊട്ടും. മുടി ഇരു വശങ്ങളിലായി മേടഞ്ഞിട്ടിട്ടുണ്ട്. """ഹാ ഇതാണെന്റെ പെങ്ങൾ ദക്ഷിണ... ഞങ്ങളുടെ ഒക്കെ ദച്ചു. അച്ഛൻ കൂടി ഉണ്ട് ആള് ഇപ്പോ ഇവിടെ ഇല്ല. നാളെ വരും. അപ്പൊ പരിചയപെടുത്താം... ""അമ്മേ... ഇത് വൈഗ.. എനിക്ക് വരുന്ന വഴിക്ക് തോട്ടിൽ നിന്ന് കളഞ്ഞ് കിട്ടിയതാ...! അവളൊന്ന് ഇളിച്ചുകാണിച്ചു. """നീ എന്തൊക്കെയാ ചെക്കാ പറയണേ?? """ആഹ് അമ്മേ... """മോളെവിടുന്നാ..? അപ്പോഴേക്കും ദേവൻ ഉണ്ടായതൊക്കെ പറഞ്ഞു. മോള് അകത്തേക്ക് വാ... അവർ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി അവളെ കൂട്ടി അകത്തേക്ക് നടന്നു. പിന്നാലെ കാല് കഴുകി ദേവനും. പോകുന്ന വഴിയിൽ ദച്ചു വാ തോരാതെ സംസാരിക്കുന്നുണ്ട്. """ദക്ഷിണ എന്തിനാ പഠിക്കണേ...?? """ഞാൻ പ്ലസ് ടൂ... കോമേഴ്‌സ്... ചേച്ചി ദക്ഷിണാ ന്ന് നീട്ടി വിളിച്ച് കഷ്ടപ്പെടണ്ട ട്ടോ... ദച്ചു ന്ന് വിളിച്ചോ... ""ഹ്മ്മ്... """നീ അതിനിത്തിരി സ്വര്യം കൊടുക്ക് ന്റെ ദച്ചു... കലപില കലപിലാന്ന്... അവൾ ഇങ്ങനാ മോളെ... മിണ്ടാൻ ഒരാളെ കിട്ടിയാൽ പിന്നെ നാക്ക് അകത്തിടില്ല..

""ദച്ചു ചുണ്ട് കോട്ടി... """സാരല്ല അമ്മേ എനിക്ക് അവിടെ മിണ്ടാൻ ആരൂല്ല... ഒറ്റ മോളായതുകൊണ്ട് ഇതുപോലെ സ്വാതന്ത്രത്തോടെ കാര്യങ്ങൾ ഷെയർ ചെയ്യാൻ സഹോദരങ്ങൾ ഇല്ലാത്ത വിഷമം ഉണ്ട്.. """അങ്ങനെ പറയ് ചേച്ചി... """ഇന്നാ മോളെ ദച്ചുന്റെയാ... പകമാവൊന്ന് അറിയില്ല... കുളിമുറി അവിടെയാ... ഒന്ന് കുളിച്ച് ഈ വേഷം ഒക്കെ മാറിക്കോ...ദച്ചു മുറിവ് കെട്ടി തരും അപ്പോഴേക്കും അമ്മ അത്താഴം എടുക്കാം. ഒരു ഡ്രസ്സ്‌ അവൾക്ക് നീട്ടികൊണ്ട് അവർ പറഞ്ഞു. അവൾ തലയാട്ടി അതും വാങ്ങി കുളിക്കാനായി പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അത്താഴം എല്ലാവരും ഒരുമിച്ച് കഴിച്ചു. ബാംഗ്ലൂരിലെ ചെറിയ ചെറിയ ഒറ്റപെടലിൽ നിന്നും തിരക്കേറിയ ആ നഗരത്തിന്റെ എല്ലാ അസ്വസ്ഥതകളും മറന്നുകൊണ്ട് അവരിൽ ഒരാളായി ആ സന്തോഷത്തിൽ പങ്ക് ചേർന്നുകൊണ്ട് ആ ഗ്രാമത്തിന്റെ ശാന്തതയിൽ ഇതുവരെ അനുഭവിക്കാത്ത പുതിയ ഒരു അനുഭൂതിയോടെ അവൾ ഉറക്കത്തെ പുണർന്നു....തുടരും....

Share this story