❣️വൈഗ❣️: ഭാഗം 21

vaika

എഴുത്തുകാരി: മയിൽപ്പീലി

കാറ്‌ കണ്ണിൽ നിന്ന് മറഞ്ഞതും അത്രയും നേരം പിടിച്ചു നിർത്തിയ സങ്കടം അണപ്പൊട്ടി... അവന്റെ കണ്ണിൽ നിന്നും ഒരു മിഴിനീർക്കണം കവിളിനെ നനയിച്ചുകൊണ്ട് നിലത്തേക്കൂർന്നു വീണു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ ദേവന്റെ മിഴിനീർ തലയണയെ നനയിച്ചുകൊണ്ടിരുന്നു... ഉച്ചയ്ക്ക് അവിടെ ആരും ഒന്നും കഴിച്ചില്ല... വൈഗ അവർക്ക് അത്രമാത്രം പ്രീയപ്പെട്ടതായിരുന്നു. ദേവന്റെ മുഖത്തെ വിഷാദം നിറഞ്ഞ ഭാവം കാണെ അച്ഛന്റെ മനസ്സും നോവുന്നുണ്ടായിരുന്നു... പോകുന്ന വഴിക്ക് തന്നെ രണ്ടു മൂന്നു പ്രാവശ്യം വൈഗ വിളിച്ചിരുന്നു.. ഒടുവിൽ വിളിച്ചപ്പോൾ സുഭദ്രന്മയോട് സംസാരിച്ച് വൈഗ കരഞ്ഞു പോയിരുന്നു... എന്തുകൊണ്ടോ അവൾക്ക് കൂടെ അത്രയും പേരുണ്ടായിട്ടും ഒറ്റപ്പെട്ടത് പോലെ തോന്നിച്ചു. വൈഗ വിളിച്ചിട്ടും ദേവൻ ഒന്നും സംസാരിച്ചിരുന്നില്ല. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കണ്ണടച്ചാൽ അവളുടെ പുഞ്ചിരിച്ചു നിൽക്കുന്ന മുഖം മാത്രം ഉള്ളൊരു പിടച്ചിൽ നൽകി കടന്നുപോയി... ഓരോ ഓർമ്മകൾ മിഴിവോടെ തെളിഞ്ഞുവന്നു. പാറമേൽ അമ്പലത്തിൽ പോയതും അടുക്കളയിൽ പാചകം ചെയ്തപ്പോൾ അവളുടെ കൈ മുറിഞ്ഞ് ചോര പൊടിഞ്ഞപ്പോൾ വിരൽ നുണഞ്ഞ് വേദനയ്ക്ക് മരുന്നായതും, കുളത്തിൽ വീണു പോയപ്പോൾ പ്രാണൻ പോകുന്ന വേദനയോടെ അവളെ കൈകളിൽ കോരിയെടുത്തതും ഒക്കെയും നെഞ്ചിൽ നോവ് തീർക്കുന്നതിനനുസരിച്ച് മിഴിനീർ കണങ്ങൾ ഊർന്നു വീണുകൊണ്ടിരുന്നു...! പെട്ടന്നാണ് ദേവന് അവസാനമായി അവൾ നൽകിയിട്ട് പോയ ആ ഗിഫ്റ്റ് ബോക്സിനെ കുറിച്ച് ഓർത്തത്.. അപ്പോഴത്തെ സങ്കടത്തിൽ അതൊന്ന് തുറന്ന് നോക്കിയത് പോലുമില്ല. പിടഞ്ഞെഴുന്നേറ്റ് മേശയിൽ നിന്നും അത് എടുത്ത് വെപ്രാളത്തോടെ തുറന്നുനോക്കി... അതിൽ നിറയെ മഞ്ചാടികൾ ആയിരുന്നു.. ഒപ്പം അതിൽ അവളുടെ മാലയുടെ ലോക്കറ്റും.. മഞ്ചാടി മണികൾക്കൊപ്പം ഉള്ള ചെറിയ കുറിപ്പ് എടുത്തവൻ തുറന്നു നോക്കി... """❣️എന്റെ ദേവേട്ടന്... ❣️.

അത് മതിയായിരുന്നു അറിയാതെ ദേവൻ വിങ്ങിപൊട്ടിപ്പോയി...! "പ്രണയത്തിന് ഇത്രമേൽ നൊമ്പരമുണ്ടോ...? ഹൃദയം മുറിയുവാൻ തക്കം മൂർച്ചയുള്ള വിരഹ നൊമ്പരം...!" തറവാട്ടിൽ വച്ച് അവളുമായി കൂട്ടിയിടിച്ചതും മഞ്ചാടികൾ തങ്ങൾക്ക് മേലെ വർഷിച്ചതും ആ കണ്ണുകളിലെ ആഴങ്ങളിൽ കുരുങ്ങി കിടന്നതും ഒക്കെ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. ഒന്നവളെ കാണാണമെന്ന് തോന്നി... ആ സ്വരം കേൾക്കണമെന്ന് തോന്നി.. മുറിക്ക് പുറത്തിറങ്ങി നേരെ സോപനത്തിലേക്ക് ചെന്നിരുന്നു.. അവളുമായി പങ്കിട്ട നിമിഷങ്ങൾക്ക് ജീവൻ വച്ചതുപോലെ അവിടെ തെളിഞ്ഞു വന്നു.. നിലാ വെട്ടത്തിൽ അവളുടെ തിളങ്ങുന്ന മൂക്ക്കുത്തിയിൽ കണ്ണുകൾ പതിപ്പിച്ചിരുന്നത് ഓർമ്മ വന്നു. ചിരിയോടെ തനിക്കരുകിൽ അവളിരിക്കുന്നതായി തോന്നി ദേവന്... കൈകൾ അവളുടെ കവിളിൽ തടത്തിലേക്ക് നീങ്ങിയതും ഒരു പുക മഞ്ഞുപോലെ അത് മാഞ്ഞു പോയിരുന്നു... കണ്ണുകൾ ഇറുക്കിയടച്ചിരുന്നു ദേവൻ... അകലെ വൈഗയുടെ അവസ്ഥയും മറിച്ചായിരുന്നില്ല...

അവന്റെ സ്വരമൊന്ന് കേൾക്കാൻ വിളിച്ചിട്ടും കേൾക്കാൻ കഴിയാത്ത ദുഃഖത്തിൽ അവളുടെ ഉള്ളവും നീറിപ്പുകഞ്ഞു... പാടവരമ്പിൽ നിന്നും തന്നെ കൈകളിൽ കോരിയെടുത്തു നടന്നവന്റെ മുഖം കണ്ണുകളിൽ നിറഞ്ഞു നിന്നു... ആ രാത്രി വേദനിക്കുന്ന രണ്ട് ഹൃദയങ്ങൾ ഒരാൾ മറ്റൊരാൾക്കായി മിടിച്ചുകൊണ്ടിരുന്നു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഏട്ടാ... ഏട്ടാ.. രാവിലെ ദച്ചു വന്ന് തട്ടി വിളിച്ചപ്പോഴാണ് ദേവൻ ഉണർന്നത്.. ഇന്നലെ എപ്പോഴോ സോപാനത്തിലിരുന്ന് ഉറങ്ങിപ്പോയി.. ""ഏട്ടൻ ഇവിടെയാണോ കിടന്നേ..? """ഹേയ് വെറുതെ കാറ്റ് കൊണ്ട് ഇരിക്കാൻ വന്ന് ഉറങ്ങിപ്പോയി.. """ന്റെ ഏട്ടൻ എന്നുമുതലാ കള്ളം പറയാൻ തുടങ്ങിയെ..? നിറഞ്ഞ കണ്ണുകളോടെ ദച്ചു അവനെ നോക്കി ചോദിച്ചു. ദേവന്റെ മുഖം താണു. """ഒരുപാട് ഇഷ്ട്ടായിരുന്നല്ലേ വൈഗേച്ചിയെ...? ദേവൻ ഒന്നും മിണ്ടിയില്ല... ആ മൗനത്തിൽ ഉണ്ടായിരുന്നു ഉത്തരം. ""നിക്കും വല്യ ആഗ്രഹം ആയിരുന്നു എന്റെ ഏട്ടത്തിയായി വൈഗേച്ചി വരണമെന്ന്... പറയായിരുന്നില്ലേ ഏട്ടന്..? ദേവൻ അതിനൊന്ന് ചിരിക്കുക മാത്രം ചെയ്തു..

വേദന നിറഞ്ഞ ചിരി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എല്ലാവരിലും വൈഗ പോയതിന്റെ നോവുണ്ടായിരുന്നു... ദേവന് ആ വീടിന്റെ മുക്കിലും മൂലയിലും ഒക്കെ ചിരിയോടെ നിൽക്കുന്ന വൈഗയുടെ ചിത്രങ്ങൾ തെളിഞ്ഞു വന്നു. "എവിടുന്നോ വന്ന് പ്രാണന്റെ പകുതിയുമായി എങ്ങോട്ടോ പോയി മറഞ്ഞവൾ💔...! " 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു.. വൈഗ ഇടയ്ക്ക് വിളിക്കാറുണ്ട്. ദേവനെ കിട്ടിയില്ലെന്ന് മാത്രം... ഈ ആഴ്ച അവസാനം അവർ തിരികെ ബാംഗ്ലൂരിൽ പോകുന്നു എന്നുകൂടി കേട്ടതും ഉള്ളിൽ നിന്നും എന്തോ ഒന്ന് പറിഞ്ഞു പോകുന്നതായി തോന്നി അവന്. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ദേവാ.. ഉത്സവം പ്രമാണിച്ചു ഞാൻ ലീവ് എടുത്തിരിക്കുവാ... ഇനി 3 ദിവസം കൂടിയേ ഉള്ളൂ... നാളെ നീ അങ്ങോട്ടേക്ക് ചെല്ലാൻ പ്രസിഡന്റ്‌ പറഞ്ഞിട്ടുണ്ട്. """ഹ്മ്മ് ഞാൻ പോകുന്നുണ്ട് അച്ഛാ..! "

""നാളെത്തന്നെ ആരെങ്കിലും എന്റെ കൂടെ വന്നേക്കണം.. സാധനങ്ങൾ ഒക്കെ എടുക്കാനുണ്ട്. സുഭദ്രമ്മ പറഞ്ഞതും അച്ഛൻ വരാമെന്നേറ്റു. പാടത്തേക്കൊന്നും അധികം ദേവൻ പോകാറില്ലായിരുന്നു... അവിടം പോലും അവളുടെ ഓർമ്മകളിൽ പൊതിഞ്ഞു നിൽക്കുന്നു...! പുറത്ത് കാണിച്ചില്ലെങ്കിലും ഉള്ളം പിടഞ്ഞിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉത്സവ കാര്യങ്ങളിൽ മുഴുകിയിരുന്നു പിന്നീടുള്ള ദിനങ്ങൾ. തറവാട്ടിൽ നിന്നും നാളെ ഉത്സവത്തിന് എല്ലാവരും വരും. നാളെ തന്നെയാണ് വൈഗ തിരികെ പോകുന്നതും... ദേവൻ രാത്രിയിൽ ആണ് അമ്പലത്തിൽ നിന്നും എത്തിയത്... നാളെ രാവിലെ പോയാൽ ഉച്ചയ്ക്ക് മുൻപേ തിരികെ എത്താം..! ക്ഷീണം കാരണം വേഗം തന്നെ ഉറങ്ങിപ്പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇന്നാണ് ഉത്സവം...! ദേവൻ വെളുപ്പിനെ തന്നെ അമ്പലത്തിൽ എത്തി വേണ്ട കാര്യങ്ങൾ ചെയ്തു. വീട്ടിൽ എത്തിയപ്പോൾ തറവാട്ടിൽ നിന്നും എല്ലാവരും എത്തിയിരുന്നു. ആകെ ബഹളമയം ആയിരുന്നു. ദച്ചുവും വൃദ്ധയും വാമിയും ഒക്കെ ബഹളം വച്ച് നടപ്പാണ്...

വൈകുന്നേരം ആയതും ദേവൻ എല്ലാവരോടും പറഞ്ഞ് അമ്പതിലേക്ക് നേരത്തെ ഇറങ്ങാൻ തുടങ്ങി. ""ദേവാ ഇന്ന് നിനക്കൊരു സർപ്രൈസ് ഉണ്ട് കേട്ടോ..! ചെറിയമ്മ പറഞ്ഞതും എന്താണെന്ന ഭാവത്തിൽ അവൻ നോക്കി. അതൊക്കെ ഉണ്ട്.. ചെറിയമ്മ മുൻപ് ഇങ്ങനെ ഒന്ന് പറഞ്ഞപ്പോൾ വന്ന സർപ്രൈസ് മാമേടെ മോള് പാർവണ ആയിരുന്നു. തനിക്ക് അങ്ങന ഒരിഷ്ടം ഇപ്പോൾ ഇല്ല കല്യാണം ഒന്നും ഇപ്പോൾ വേണ്ട അവള് കുട്ടിയല്ലേ പഠിക്കട്ടെ പിന്നേ ആലോചിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു.. ഇനി അവളെ കൂടിയേ വരാൻ ഉള്ളൂ... രാവിലെ അവളുടെ കാര്യം പറയുന്നതും കേട്ടിരുന്നു. "നിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ടെന്ന് കരുതുന്നു. മറ്റൊന്നും മനസ്സിൽ വയ്ക്കേണ്ട." എന്ന് തലേന്ന് അച്ഛൻ പറഞ്ഞതും ഇതായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു. പിന്നീട് നില്കാതെ അവിടെ നിന്നും ഇറങ്ങി.. മനസ്സ് പിന്നെയും വേദനിച്ചു. വൈഗയെ ഓർമ്മ വന്നു. അമ്പലത്തിലേക്ക് നടന്നു. ... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story