❣️വൈഗ❣️: ഭാഗം 5

vaika

എഴുത്തുകാരി: മയിൽപ്പീലി

ഇതേ സമയം ദേവൻ നേരത്തെ നടന്നതിനെ പറ്റി ചിന്തിക്കുകയായിരുന്നു.. ആ വേഷത്തിൽ നിൽക്കുന്ന വൈഗയും അവളുടെ കണ്ണുകളും മനസ്സിൽ മിന്നി മാഞ്ഞുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു... ഇടയ്ക്ക് എപ്പോഴൊക്കെയോ വൈഗയുടെയും ദേവന്റെയും മിഴികൾ തമ്മിൽ കുടുങ്ങി കിടന്നു. ഓരോ വട്ടം നോട്ടം ഇടയുമ്പോഴും ഇരുവരിലും ഒരു പുഞ്ചിരി മൊട്ടിട്ടു. തമ്മിൽ കാണുന്നത് ഇരുവരിലും സന്തോഷം നിറഞ്ഞ ഒരു വികാരം സൃഷ്ടിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈഗ രാവിലെ എഴുന്നേറ്റപ്പോൾ അമ്മ മാത്രേ ഉണ്ടായിരുന്നുള്ളൂ...ദച്ചു എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല... """അമ്മേ അച്ഛനും ദേവേട്ടനും ഒക്കെ എവിടെ...?? """അച്ഛനിന്ന് കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് പോയതാ... നാളെയാ വിവാഹം. ദൂരമുള്ളതുകൊണ്ട് ഇന്നേ പോയി... ദേവൻ പുറത്തേക്ക് പോയതാ ഇപ്പൊ വരും... വൈഗയുടെ കൈയ്യിലേക്ക് ചായക്കപ്പ് കൊടുത്തുകൊണ്ട് അവർ പറഞ്ഞു.

"""അമ്മേ... ആഹ്ഹ് ദേവൻ വന്നു. മോള് ഇതൊന്ന് അവന് കൊടുത്തേക്ക് ഒരു കപ്പ് ചായ കൂടെ നീട്ടികൊണ്ട് വൈഗയോട് അവർ പറഞ്ഞു. അവൾ അതുമായി ഉമ്മറത്തേക്ക് നടന്നു. ദേവൻ ഉമ്മറത്തെ കസേരയിൽ ഇരിക്കുകയായിരുന്നു. ""ചായ... ""അഹ് താനായിരുന്നോ... വൈഗ ചായ അവന് കൊടുത്തുകൊണ്ട് ഒരു ചിരിയോടെ അവളുടെ ചായയുമായി ചാരുപടിയിൽ ഇരുന്നു. ചുറ്റും പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാമായിരുന്നു... ""ഇന്ന് ന്താ വിശേഷം ദേവേട്ടാ... ചായ ഒന്ന് മൊത്തി കുടിച്ചുകൊണ്ടവൾ അവനോട് ചോദിച്ചു. ""അതുകൊള്ളാം താനീ ലോകത്ത് ഒന്നുമല്ലേ...? അവനൊരു ചിരിയോടെ പറഞ്ഞു. അവൾ അവനെ സംശയ ഭാവത്തിൽ നോക്കി. ""എടോ ഇന്ന് ദീപാവലി ആണ്.. അവളുടെ നോട്ടം കണ്ട് ദേവൻ കൂട്ടിച്ചേർത്തു. വൈഗ തലയിൽ കൈ വച്ചു.

അവളുടെ ഓർമ്മകൾ ബാംഗ്ലൂരിലെ ദീപാവലി ദിനങ്ങളിലേക്ക് പോയി... ആദ്യമായിട്ടാണ് അച്ഛനും അമ്മയും ഇല്ലാത്തൊരു ദീപാവലി. ""ടോ.. ""ആഹ്.. ""താൻ ന്ത്‌ ആലോചിച്ച് ഇരിക്കാ.. ""അത്.. ഒന്നുല്ല.. """ഹ്മ്മ്... എങ്കിൽ ഞാൻ പറയട്ടെ താൻ ന്താ ഓർത്തേന്ന്...? """എന്താ..? """തന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം ഉള്ള ദീപാവലി അല്ലെ...?? വൈഗ അവനെ അത്ഭുതത്തോടെ നോക്കി.. """ദേവേട്ടന് വല്ല മാജിക്കൽ പവറോ മറ്റോ ഉണ്ടോ... എങ്ങനെയാ ഇത്ര കൃത്യം ആയി ഇതൊക്കെ പറയുന്നേ...? ദേവൻ അതിനൊന്ന് കണ്ണ് ചിമ്മി കാണിച്ചു. ഒപ്പം എഴുന്നേറ്റ് അവളുടെ കൈയ്യിലെ കപ്പുകൂടി പിടിച്ചെടുത്ത് കൊണ്ട് പോയി. വൈഗ അവൻ പോകുന്നതും നോക്കി ഇരുന്നു. ""അമ്മേ... ഞാൻ കുളിച്ചു വരാം... വൈഗ അകത്തേക്ക് ചെല്ലുമ്പോൾ ദേവൻ അമ്മയോട് പറഞ്ഞ് തോർത്ത്‌ എടുത്ത് നടക്കുകയായിരുന്നു. ""ദേവേട്ടൻ എവിടേക്ക് പോവാ...?? ""ഞാൻ അമ്പലത്തിൽ വരെ പോകുവാടോ... താൻ വരുന്നോ..?

"""മോളേ കൂടി കൊണ്ട് പോകടാ... അവള് പോയിട്ടില്ലല്ലോ... വൈഗ സന്തോഷത്തോടെ സമ്മതം പറഞ്ഞു.. ""ന്നാ വേഗം പോയി കുളിച്ച് റെഡി ആയി വാ... അവള് വേഗം പോയി കുളിച്ചു... കഴിഞ്ഞ ദിവസം അമ്മ ഒരു സെറ്റിന്റെ ദാവണി തയ്‌ച്ചു തന്നിരുന്നു. അതിന്റെ കൂടെ വർക്കുള്ള കരിംപച്ച ബ്ലൗസ് കൂടി എടുത്തു. ദാവണി ഉടുക്കാൻ അവൾ അപ്പോഴേക്കും പഠിച്ചിരുന്നു. ദാവണി നന്നായി ചുറ്റി. കണ്ണുകൾ കടുപ്പിച്ച് തന്നെ എഴുതി. ഒരു കല്ലുവച്ച പച്ചപ്പൊട്ടും ഇട്ടു. ദച്ചു വാങ്ങി തന്ന പച്ച കല്ലുവച്ച ജിമ്മിക്കി എടുത്തിട്ടു. കൈയ്യിൽ പച്ച കുപ്പിവളയും. മുടി രണ്ട് സൈഡിൽ നിന്നുമെടുത്ത് ക്ലിപ്പ് ഇട്ടു. മുടിയിലെ ഈറൻ മാറിയിരുന്നില്ല. ""മോളേ.. സുഭദ്രമ്മ അവിടേക്ക് വന്നു. """ദാ ഇത് കൂടി ഇട്ടോ... പലയ്ക്കാ മാലയാ... എന്റെതാ.. കുറച്ച് പഴക്കം ഉണ്ട്... അവളത് സന്തോഷത്തോടെ വാങ്ങി ഇട്ടു. അവരുടെ സ്‌നേഹം അവൾക്കൊരു അത്ഭുതം ആയിരുന്നു. ""ഇന്നാ ഇത് മുടിയിൽ വച്ചോ...

ഇന്നലെ ദച്ചു കെട്ടിവച്ചതാ... കുറേ ഉണ്ട്.. അമ്പലത്തിൽ പോവല്ലേ.. കെട്ടിയ മുല്ലപ്പൂവ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. ""തിരിഞ്ഞ് നിൽക്ക് അമ്മ വച്ച് തരാം... അവരാ മുല്ലപ്പൂ മുടിയുടെ അടിയിൽ കൂടി വച്ചുകൊടുത്തു. ""ആഹാ സുന്ദരി ആയിട്ടുണ്ട് ട്ടോ... പോകുന്ന പോക്കിന് ആരേലും കൊണ്ടോവും.. അവളതിന് പൊട്ടിച്ചിരിച്ചു. താഴെ എത്തുമ്പോൾ ദേവൻ റെഡി ആയി കഴിഞ്ഞിരുന്നു. """ആഹാ രണ്ടാളും പൊരുത്തം ഉണ്ടല്ലോ.. അവനും അവളുടെ അതേ നിറത്തിൽ ഉള്ള ഷർട്ടും കസവു മുണ്ടും ആയിരുന്നു വേഷം. അമ്മ പറഞ്ഞപ്പോഴാണ് ഇരുവരും അത് ശ്രദ്ദിച്ചത്. അവളെ ആ വേഷത്തിൽ കണ്ടപ്പോൾ ദേവന്റെ കണ്ണുകൾ അവളിൽ കുരുങ്ങി കിടന്നു. ഭയങ്കര ചൈതന്യം ഉണ്ടായിരുന്നു അവളുടെ മുഖത്തിന്‌. ആരും നോക്കി പോകുന്ന ചന്തം...

അമ്മയോട് പറഞ്ഞ് രണ്ടാളും അമ്പലത്തിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ.. വീടിന്റെ മുൻപിലൂടെ ഉള്ള ഇടവഴി കടന്ന് എത്തിയത് കണ്ണെത്താതെ പരന്നു കിടക്കുന്ന പാടത്തിന്റെ മുന്നിലാണ്.. വൈഗയ്ക്ക് ആ കാഴ്ച പുതിയൊരു അനുഭൂതി ഏകി. ""നമ്മുടെയാ ഈ പാടം... വൈഗ പാടവരമ്പത്തുകൂടി ഓടി നടന്നു. ""വൈഗേ സൂക്ഷിച്ച്.. അവളുടെ ഓട്ടം കണ്ടവൻ വിളിച്ചു പറഞ്ഞു. സ്വർണ നിറത്തിൽ വിളഞ്ഞു കിടക്കുന്ന നെൽക്കതിരുകളെ തലോടി നടന്നവൾ... നെൽകതിരിൽ പറ്റിയിരുന്ന മഞ്ഞു കണങ്ങൾ അവളുടെ കൈകളിൽ കുളിരുപടർത്തുന്നുണ്ടായിരുന്നു. മഴയിൽ നൃത്തം ആടുന്ന ഒരു മയിലിനെ പോലെ അവൾ പാടത്ത് കൂടി പാറി നടന്നു.. അവളുടെ മുഖത്തെ സന്തോഷവും പാടത്തുകൂടി ഒരു കുട്ടിയെ പോലെ ഓടുന്നതും ദേവൻ ഒരു പുഞ്ചിരിയോടെ നോക്കി അവൾക്ക് പിന്നാലെ നടന്നു. """ഇതിലേ പകുതി എത്തിയപ്പോൾ ദേവൻ പറഞ്ഞു.

അവൾ ദേവന് പിന്നാലെ നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പാടം കഴിഞ്ഞ് ഒരു ചെറിയ വഴിയും കടന്നവർ അമ്പലത്തിൽ എത്തി. അകത്തേക്ക് കയറിയപ്പോഴേ ഉച്ചത്തിൽ മണിനാദം കേൾക്കാമായിരുന്നു. ദേവൻ ഓരോത്തരോടും സംസാരിക്കുന്നുണ്ടായിരുന്നു. അതിൽ നിന്നു തന്നെ അവൾക് മനസ്സിലായി അവൻ ആ നാട്ടിൽ ഉള്ളവർക്ക് എത്രമാത്രം പ്രീയപ്പെട്ടവൻ ആണെന്ന്. കൃഷ്ണന്റെ അമ്പലം ആയിരുന്നു. പ്രാർത്ഥിക്കുമ്പോൾ എന്തുകൊണ്ടോ വൈഗയുടെ ഉള്ളിൽ ദേവൻ നിറഞ്ഞു നിന്നു. എന്താണ് തനിക്കായി കാത്തുവച്ചിരിക്കുന്നതെന്ന് ആ കള്ള കണ്ണനോട് വൈഗ മനസ്സാലെ ചോദിച്ചു. തൊഴുതുവന്നപ്പോഴേക്കും തിരുമേനി പ്രസാദം നൽകി. എന്നും ഉള്ള തിരുമേനി ആയിരുന്നില്ല ഇന്ന്. അദ്ദേഹത്തിന് എന്തോ പ്രത്യേക പൂജ ഉള്ള കാരണം ബന്ധുവായ ആരോ ആണിന്ന്. സ്വയം തൊട്ടിട്ട് ദേവൻ വൈഗയുടേ നെറ്റിയിൽ കൂടി ചന്ദനം തൊട്ടു കൊടുത്തു. ആ കൈയ്യിലെ തണുപ്പ് ശരീരം മൊത്തോം വ്യാപിക്കുന്ന പോലെ തോന്നി വൈഗയ്ക്ക്.

"""സിന്ദൂരം കൂടി കുട്ടിയുടെ നെറുകിൽ തൊട്ട് കൊടുക്കാ... തിരുമേനി അത് പറഞ്ഞതും വൈഗയും ദേവനും ഒരു പോലെ ഞെട്ടി. """അവിടെ ഒരു കുട്ടി വന്നെന്ന് കേട്ടിരുന്നു... ഇതാണല്ലേ ദേവന്റെ വേളി... നല്ല ചേർച്ച ഉണ്ട് ട്ടോ രണ്ടാളും..! ദേവൻ എന്തോ പറയാൻ തുടങ്ങും മുന്നേ അവിടെ ഉള്ള ആരോ അത് ചോദിച്ചിരുന്നു. ദൂരെ നിന്നും വന്ന ആരോ ആണ്. ഒരു നിമിഷം അതങ്ങനെ ആയിരുന്നെങ്കിൽ എന്നവൻ ആശിച്ചു. ""അല്ല ന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ""അതെയോ എങ്കിലും കുഴപ്പം ഇല്യ വേളി കഴിക്കേണ്ട ആളല്ലേ... അതും പറഞ്ഞയാൾ ചിരിച്ചതും ദേവൻ പിന്നീട് ഒന്നും പറഞ്ഞില്ല. കണ്ണുകൾ പിൻവലിക്കാൻ ആകാത്ത വിധം രണ്ടാളും പരസ്പരം നോക്കി നിന്നു. രണ്ടു പേരും പെട്ടെന്ന് തൊഴുത്തിറങ്ങി... "ആ കള്ളക്കണ്ണന്റെ ചുണ്ടിലും ഉണ്ടായിരുന്നോ ഒരു കള്ളച്ചിരി...? " അമ്പലകുളത്തിന്റെ പടവിൽ ഇരിക്കുമ്പോൾ ആയിരുന്നു അതിനോട് ചേർന്നൊരു കൊച്ച് മുറി അവൾ കണ്ടത്.

ദേവൻ എഴുന്നേറ്റ് അതിനടുത്തേക്ക് നടന്നു. പിന്നാലെ വൈഗയും. ""എങ്ങനെ ഉണ്ടിപ്പോ... കുറവുണ്ടോ..? വൈഗ അകത്തേക്ക് കയറാതെ വാതിലിനടുത്ത് നിന്ന് അകത്തേക്ക് നോക്കി. ദേവൻ ആരോടോ സംസാരിക്കുകയായിരുന്നു... ഒരു വയസായ സ്ത്രീ ആയിരുന്നു. നേരിയതും ചുവന്ന ബ്ലൗസും ആണ് വേഷം. ഐശ്വര്യം ഉള്ള മുഖം. ഒരു ചന്ദനക്കുറി മാത്രമാണ് ആ മുഖത്തെ അലങ്കാരം. ദേവൻ അവരുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നു. ചിരിച്ച് സംസാരിക്കുമ്പോൾ അവന്റെ മുഖത്തിന്‌ പ്രത്യേക സൗന്ദര്യം ആണെന്ന് തോന്നി അവൾക്ക്. """താൻ ന്താടോ അവിടെ തന്നെ നിൽക്കുന്നത്...? ഇങ്ങു പോര്. ദേവൻ വിളിച്ചതും വൈഗ അകത്തേക്ക് കയറി. അവനിരിക്കുന്ന കട്ടിലിന്റെ ഒരറ്റത്തിരുന്നു. ""ടോ ഇതാണ് ഭാനുമതിയമ്മ... നമ്മുടെ ഇവിടുത്തെ തിരുമേനിയുടെ സഹോദരിയാ... വൈഗ അവരെ നോക്കി ചിരിച്ചു. """ഇത്.. ഇതാണോ ന്റെ കുട്ടിയുടെ പെണ്ണ്...? അവരവളുടെ തലയിൽ തഴുകി ചോദിച്ചു.

""അത് ഞങ്ങള് കല്യാണം കഴിച്ചിട്ടില്ല മുത്തശ്ശി. ""ന്തായാലും ചേരും... """ഹ്മ്മ് ഇതാ എന്നത്തേയും പതിവ്. അവരുടെ നേരെ മുറുക്കാൻ പൊതി നീട്ടികൊണ്ടവൻ പറഞ്ഞു. അവരത് ഉത്സാഹത്തോടെ വാങ്ങി. പിന്നെയും കുറേ നേരം സംസാരിച്ചിട്ടാണ്ദേവനും വൈഗയും ഇറങ്ങിയത്... അവർക്ക് ദേവൻ അത്രമേൽ പ്രീയമുള്ള ഒരു മകൻ ആണെന്ന് വൈഗയ്ക്ക് മനസ്സിലായി.അത്രയും സ്വാതന്ത്രത്തോടെ അവർ അവന്റെ മുടിയിൽ തഴുകുന്നുണ്ടായിരുന്നു. പോരാൻ നേരം ആ ചുളിവ് വീണ കവിളിൽ ദേവൻ ഒരുമ്മ കൊടുക്കുമ്പോൾ ഒരമ്മ മനസ്സോടെ അവരതെറ്റുവാങ്ങി നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം വിറയാർന്ന കൈകൾ കൊണ്ട് ദേവനെ ചേർത്ത് പിടിച്ച് നെറ്റിത്തടത്തിൽ ചുണ്ടുകൾ ചേർത്തിരുന്നു. വൈഗയ്ക്കും നൽകി ഒരു ചുംബനം 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""ആ അമ്മ എന്താ അവിടെ താമസിക്കണേ...?? തിരികെ നടക്കുമ്പോൾ വൈഗ ദേവനോട് ചോദിച്ചു. ''"അതോ... ഭാനുവമ്മയുടേ ഭർത്താവ് ഇവരുടെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അത്രമേൽ സ്‌നേഹിച്ചിരുന്ന ഭർത്താവിന്റെ വിയോഗം അവരെ മാനസികമായി തളർത്തിയിരുന്നു.അതില്പിന്നെ ഭർത്താവിന്റെ വീട്ടുകാർ അമ്മയെ അവിടുന്ന് അവകാശമില്ലെന്ന പേരിൽ ഇറക്കി വിട്ടു. അമ്മ നേരെ സ്വന്തം വീട്ടിലാ വന്നത്. ഒരേ ഒരു അനിയൻ മാത്രമേ ഉള്ളായിരുന്നു.. നമ്മുടെ തിരുമേനി. പിന്നീട് വിവാഹം കഴിക്കാൻ അമ്മ ഒരുക്കമല്ലായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനമ്മമാർ മരിച്ചതുകൊണ്ട് തനിക്ക് അമ്മയായ ചേച്ചിയെ മാറ്റിനിർത്തി തനിക്കൊരു ജീവിതം വേണ്ടെന്ന് അദ്ദേഹവും തീരുമാനിച്ചു. അമ്മ ഒരുപാട് നിർബന്ധിച്ചു. പക്ഷെ ചേച്ചിയെ ഒറ്റയ്ക്കു വിടാൻ അദ്ദേഹത്തിന് വയ്യായിരുന്നു. പിന്നീട് തിരുമേനി ഇവിടേക്ക് ശാന്തി ആയി വന്നപ്പോൾ പെങ്ങളെയും കൂട്ടി. എന്നേ വല്യ ഇഷ്ട്ടാ ആൾക്ക്. എല്ലാ കൊല്ലവും ആഘോഷങ്ങൾക്ക് ഞാൻ എന്റെ വക എന്തെങ്കിലും കൊടുക്കും അപ്പോൾ കണ്ണ് നിറയ്ക്കും... പാവ..

വൈഗ ഒക്കെയും കേട്ടുകൊണ്ട് അവന്റെ ഒപ്പം നടന്നു. വീണ്ടും ദേവൻ അവൾക്കുള്ളിൽ ഒരു അത്ഭുതമായി. പാടത്ത് കയറിയതും വൈഗ പിന്നെയും ഓടാൻ തുടങ്ങി. ദേവന് അപ്പോൾ ഒരു ഫോൺ വന്നു. അതിൽ സംസാരിച്ചുകൊണ്ടിരിക്കവേ പധോം എന്നൊരു ശബ്ദം കേട്ട് നോക്കിയ ദേവൻ കാണുന്നത് വരമ്പിൽ ഊരയ്ക്ക് കയ്കൊടുത്തിരിക്കുന്ന വൈഗയെ ആണ്. ദേവൻ ഫോൺ പോക്കെറ്റിൽ ഇട്ടു അവൾക്കരുകിലേക്ക് ഓടി. അടുത്ത് ചെന്നതും കൈയ്യിലും പാവാടയിലും ചെളിയുമായി ഇരിക്കുന്ന വൈഗയെ കാണേ അവന് ചിരിപ്പൊട്ടി. തന്നെ നോക്കി ചിരിക്കുന്നവനെ കാണേ വൈഗയ്ക്ക് സങ്കടോം ചമ്മലും ഒക്കെ വന്നു. ചുണ്ട് പിളർത്തി തന്നെ നോക്കുന്നവളെ കണ്ടപ്പോൾ ദേവൻ കഷ്ടപ്പെട്ട് ചിരി അടക്കി. ശേഷം അവളെ പിടിച്ച് പൊക്കി. """ആഹ്... അമ്മേ...ന്റെ കാല്. """എന്താ വേദന ഉണ്ടോ...?? ഒന്ന് നടക്കാനാഞ്ഞതും നിലവിളിക്കുന്നവളെ നോക്കി അവൻ ചോദിച്ചു. """ഹ്മ്മ്.. വൈഗ ദയനീയമായി അവനെ നോക്കി.

""ഉളുക്കിയതാവും... ഓടരുതെന്ന് പറഞ്ഞതല്ലേ..? അവള് ഒന്നും മിണ്ടിയില്ല. """ശരി വാ... വീട്ടിൽ ചെന്ന് കുഴമ്പിടാം. """എനിക്ക് വയ്യ... പിടിച്ച് നടത്തിക്കാൻ നോക്കിയിട്ടും നടക്കാൻ പ്രയാസപ്പെടുന്നവളെ കാണെ അവന് അലിവ് തോന്നി. മുണ്ട് മടക്കി കുത്തി ദേവൻ അവളെ കൈകളിൽ കോരിയെടുത്തു. അതവൾ പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ ഒന്ന് ഞെട്ടി. ദേവൻ വരമ്പിലൂടെ അവളെയും എടുത്ത് നടന്നു. അവൾ അവന്റെ കഴുത്തിലൂടെ കൈയ്യിട്ടു. ഹൃദയം മിടിച്ചു മിടിച്ചിപ്പോൾ പൊട്ടിപോവുമെന്ന് തോന്നി വൈഗയ്ക്ക്... അത്രയ്ക്ക് വേഗത്തിൽ അത് മിടിക്കുന്നുണ്ടായിരുന്നു. അവന്റെ നെഞ്ചിൽ ഒട്ടി കിടക്കുമ്പോൾ പേരറിയാത്തൊരു വികാരം തന്നെ പൊതിയുന്നത് വൈഗ അറിഞ്ഞു. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... അത്രമേൽ ചേർന്ന് തന്റെ ദേഹത്തോടൊട്ടി അവൾ കിടക്കുന്നത് അവനിലും ഒരു അനുഭൂതി നിറച്ചു. അവന്റെ നെഞ്ചിലെ ചൂട് കവിളിൽ പടരുന്നുണ്ടായിരുന്നു. ആ ഹൃദയ താളവും അവൾക്ക് കേൾക്കാമായിരുന്നു. അവളുടെ ചുടു ശ്വാസം അവന്റെ നെഞ്ചിൽ തട്ടുന്നത് ദേവനും അറിഞ്ഞു.യാത്രയിലുടനീളം ഇരുവരും മൗനം ആയിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് കൂട്ടിമുട്ടുന്ന നോട്ടങ്ങൾ ഇരുവരുടെയും വികാരങ്ങളെ പരസ്പരം കാട്ടികൊടുത്തു..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story