❣️വൈഗ❣️: ഭാഗം 8

vaika

എഴുത്തുകാരി: മയിൽപ്പീലി

അവളുടെ ആ പ്രവർത്തിയിൽ അവനൊന്ന് ഞെട്ടി... അവളുടെ ശരീരം മുഴുവൻ തന്നിലാണെന്ന് അറിഞ്ഞതും ദേവന്റെ ഹൃദയം ദ്രുത ഗതിയിൽ മിടിക്കാൻ തുടങ്ങി.... വൈഗ അപ്പോഴും ദേവനെ ഇറുകെ പുണർന്നിരിക്കുകയായിരുന്നു... അറിയാതെ തിരികെ അവളെ ചേർത്ത് പിടിക്കാൻ ദേവന്റെ കൈകൾ ഉയർന്നു... അവന്റെ ചൂട് ദേഹത്തേക്ക് വ്യാപിക്കുന്നത് അറിഞ്ഞപ്പോൾ ആയിരുന്നു താൻ എന്താണ് ചെയ്‌തെന്ന് വൈഗ അറിഞ്ഞത്... പെട്ടെന്ന് അവൾ അവനെ വിട്ട് മാറി നിന്നു.... ദേവൻ ഉയർത്തിയ കൈകൾ താനേ താഴ്ത്തി... """അത്... ഞാൻ.. പേടിച്ചപ്പോൾ... വൈഗ വാക്കുകൾ കൂട്ടിച്ചർക്കാൻ പാട് പെട്ടു. ദേവൻ നേർമയിൽ ചിരിച്ച് അകത്തേക്ക് നടന്നു... കുറച്ച് നിമിഷത്തേക്ക് ആണെങ്കിലും അവന്റെ സാമിപ്യം തനിക്ക് തന്നത് ചെറിയ ആശ്വാസമല്ല എന്ന് തോന്നി വൈഗയ്ക്ക്...

അവളും വേഗം അകത്തേക്ക് നടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ കിടന്നിട്ട് അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല... എന്നും ദച്ചുവിന് ഒപ്പം കിടക്കുന്നത് കൊണ്ട് ഇതുവരെ ഒറ്റക്കായിട്ടില്ല... വൈഗ പതിയെ എഴുന്നേറ്റ് ദേവന്റെ മുറിക്കോരം ചെന്നു... വിളിക്കണോ വേണ്ടയോ എന്ന് ചിന്തിച്ച് നിന്നതിനുശേഷം വിളിക്കാൻ തീരുമാനിച്ച് വാതിലിൽ മുട്ടിയതും അതിന്റെ ഒരു പാളി തുറന്നു കിടക്കുകയായിരുന്നു... അകത്ത് ദേവൻ എന്തോ പുസ്തകം വായിച്ചിരിക്കുന്നുണ്ടായിരുന്നു... അവളുടെ നിഴലനക്കം അറിഞ്ഞതും ദേവൻ മുഖമുയർത്തി നോക്കി... """താൻ ഉറങ്ങിയില്ലേ...? ഞാൻ കരുതി എപ്പോഴേ ഉറങ്ങിക്കാണുമെന്ന്.. """അത് ഒറ്റയ്ക്ക് കിടന്നിട്ട് പേടി ആവുന്നു... """ഹ്മ്മ് ശെരി താൻ വാ.. വൈഗ അകത്തേക്ക് കയറി കട്ടിലിലായി ഇരുന്നു... """എന്താടോ ഒന്നും മിണ്ടാത്തെ...?? ഉറക്കം വരുന്നുണ്ടോ...? """ഇല്ല.. """എങ്കിൽ താൻ വാ നമുക്ക് കുറച്ച് സംസാരിച്ചിരിക്കാം...

ദേവൻ എഴുന്നേറ്റ് നടന്നതും പിറകെ വൈഗയും നടന്നു... ദേവൻ നേരെ സോപനത്തിലായി ഇരുന്നു... വൈഗയും അവന്റെ ഒപ്പം തൂണിൽ ചാരി ഇരുന്നു. മുല്ലപ്പൂവ് വിരിയുന്ന സുഗന്ധം അവിടെ ആകമാനം കാറ്റിൽ ഒഴുകി എത്തുന്നുണ്ടായിരുന്നു... ഒപ്പം ചെമ്പകത്തിന്റെയും പരിജത്തിന്റെയും ഗന്ധം... എല്ലാം ചേർന്ന ഒരു സമ്മിശ്ര ഗന്ധം അവിടമാകെ അലഞ്ഞു നടന്നു... മഴ പെയ്ത് കഴിഞ്ഞ് മഞ്ഞ് മൂടി തുടങ്ങി... അതിന്റെ പ്രത്യേക തണുപ്പിനെ ആവാഹിച്ചാണ് കാറ്റ് ഒഴുകി നടക്കുന്നത്... ആകാശത്തിലെ കാർമേഘം പൂർണമായും ഒഴിഞ്ഞതുകൊണ്ട് നിലാവ് പൂത്തുവരുന്നുണ്ട്... ഒപ്പം അങ്ങങ്ങായി നക്ഷത്രങ്ങളും... ബാംഗ്ലൂരിൽ എവിടെയും ഇല്ലാത്ത ശാന്തത... ഇതുവരെ ആസ്വദിക്കാത്ത പ്രകൃതിയുടെ മാസ്മരികത... വൈഗ കാറ്റിനെ കണ്ണടച്ച് ആഞ്ഞ് ശ്വസിക്കുന്നത് ദേവൻ ചിരിയോടെ നോക്കി ഇരുന്നു... അവളുടെ മുടിയിഴകളെ തട്ടി തലോടി കാറ്റ് പോകുന്നത് അവൻ കൗതുകത്തോടെ നോക്കി...

ഒപ്പം ആ കാറ്റ് താൻ ആയിരുന്നുവെങ്കിൽ എന്നവൻ ആശിച്ചു... ഒരു കുഞ്ഞ് കുശുമ്പ് അവനിൽ ഉടലെടുത്തു... സോപനത്തിൽ ഇരുന്ന് അങ്ങകലെ കുന്നിന്റെ മുകളിൽ കാണുന്ന ഒരു വീട്ടിലെ മഞ്ഞ വെളിച്ചത്തിലേക്ക് വൈഗയുടെ മിഴികൾ കുരുങ്ങി നിന്നു... ""അവിടെ ഒരമ്പലം ഉണ്ട്... അവിടേക്ക് തന്നെ മിഴികൾ പായിച്ചിരിക്കവേ ദേവന്റെ ശബ്ദം ആണവളെ മിഴികൾ പിൻവലിക്കാൻ പ്രേരിപ്പിച്ചത്... """അതേ.. ഒരു ശിവനമ്പലം...! അത്ഭുതം കൂറുന്ന മിഴികകളോടെ തന്നെ നോക്കുന്നവളെ കണ്ട് ദേവൻ കൂട്ടിച്ചേർത്തു... """തനിക്ക് പോണോ...? വൈഗ ആവേശത്തോടെ തലയാട്ടി... ""പോകാം പക്ഷെ താഴെ വരെയേ ബൈക്ക് പോകൂ...പിന്നീട് നടന്ന് കയറണം.. അത് പ്രശ്നമല്ലാത്ത പോലെ വൈഗ തലയാട്ടി... ""ഹ്മ്മ് എങ്കിൽ ഒക്കെ...പക്ഷെ ചാടി തുള്ളി പോയി അന്നത്തെ പോലെ വീണാൽ കുന്നിന്റെ മുകളിൽ നിന്ന് തന്നെ എടുത്ത് നടക്കാനുള്ള സ്റ്റാമിന എനിക്കില്ല...! ദേവൻ അവളെ കളിയാക്കി പറഞ്ഞതും വൈഗ ചമ്മലോടെ മുഖം കുനിച്ചു...

നാളെ അവിടേക്ക് പോകാം എന്ന് തീരുമാനിച്ചു. പിന്നെയും കുറേ കാര്യങ്ങൾ പറഞ്ഞിരുന്നു... കൂട്ടത്തിൽ അമ്പത്തിലെ ചെറിയ ഐത്യഹങ്ങളും... വൈഗ ഒക്കെയും ഒരു കുഞ്ഞിന്റെ കൗതുകത്തോടെ കേട്ടിരുന്നു... കഥ കേൾക്കുന്നതിനനുസരിച്ച് അവളുടെ മുഖത്ത് ഭാവങ്ങങ്ങളും മിന്നി മാഞ്ഞു കൊണ്ടിരുന്നു.... ദേവൻ ദൂരേക്ക് കണ്ണ് നട്ട് പറഞ്ഞുകൊണ്ടേയിരുന്നു.... """അങ്ങനെ അവിടുത്തെ... പറഞ്ഞുകൊണ്ട് ദേവൻ നോക്കിയതും കാണുന്നത് തൂണിൽ ചാരി ഉറങ്ങുന്ന വൈഗയെ ആയിരുന്നു... നിലാ വെളിച്ചം തങ്ങി നിൽക്കുന്ന അവളുടെ മുഖത്തേക്ക് ദേവന്റെ മിഴികൾ അനുസരണയില്ലാതെ ഒഴുകി നടന്നു... അവസാനം അത് അവളുടെ മൂക്കിൽ പതിഞ്ഞു കിടക്കുന്ന കുഞ്ഞ് നക്ഷത്രത്തിലേക്ക് എത്തി നിന്നു... നിലാവെളിച്ചം ഏറ്റത് തിളങ്ങുന്നുണ്ടായിരുന്നു... പീലികൾ തിങ്ങി നിറഞ്ഞ അവളുടെ മിഴികൾ കാണേ ദേവനത് മയിൽ‌പീലി പോലെ തോന്നി... അത്രയും ശാന്തമായി ഉറങ്ങുകയാണവൾ...

അപ്പോഴും കുളിർക്കാറ്റവളുടെ അലസമായ മുടിയിഴകളിൽ കുസൃതി കാട്ടി പാഞ്ഞ് കൊണ്ടിരുന്നു... കുറേ നേരം അവളെ അങ്ങനെ നോക്കി ഇരുന്നതിനുശേഷം ദേവൻ അവളെ കൈകളിൽ കോരിയെടുത്തു... ആ ഉറക്കത്തിന് ഭംഗം വരുത്താതെ അവളെ മുറിയിൽ കട്ടിലിൽ കൊണ്ട് കിടത്തി പുതപ്പ് പുതപ്പിച്ചു കൊടുത്തു... നിറഞ്ഞ ചിരിയോടെ അവളെ ഒന്ന് നോക്കി ദേവൻ വാതിൽ ചാരി പുറത്തേക്കിറങ്ങി... വൈഗ അപ്പോഴും ഏറ്റവും സുരക്ഷിതമായ ഒരു ചിറകിനടിയിൽ ആണെന്ന പോലെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി താണുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ വൈഗ അടുക്കളയിൽ ചെല്ലുമ്പോൾ ദേവൻ പാചകത്തിൽ ആയിരുന്നു.. ""ഗുഡ് മോർണിംഗ്... അവളെ കണ്ടതും ദേവൻ പറഞ്ഞു... """എന്നെകൂടി വിളിക്കായിരുന്നില്ലേ...? ""ഹേയ് താൻ നല്ല ഉറക്കം ആയിരുന്നില്ലേ... മാത്രല്ല ഇന്നലെ ഒത്തിരി ലേറ്റ് ആയല്ലേ ഉറങ്ങിയത്... ഇവിടെ ഇരുന്നാണ് ഉറങ്ങിയതെന്ന് വല്ല ബോധവും ഉണ്ടോ..? ദേവൻ കളിയായി ചോദിച്ചു... അപ്പോഴാണ് ഇന്നലെ സോപനത്തിൽ ഇരുന്നതൊക്കെ അവൾക്ക് ഓർമ വന്നത്... പക്ഷെ എങ്ങനെ മുറിയിൽ എത്തി..? ""

""ഞാനാ കൊണ്ട് കിടത്തിയത്....! അവളുടെ മുഖത്തെ ആശങ്ക നിറഞ്ഞ ഭാവങ്ങൾ കാണേ ദേവൻ പറഞ്ഞു. """ആന കുത്തിയാൽ താൻ അറിയില്ലല്ലോടോ..! ദേവൻ പറഞ്ഞപ്പോൾ അവളാകെ ചമ്മി നിന്നു... """ചായ ദേ അതിലുണ്ട് ട്ടോ.. അവളുടെ ചമ്മല് മായ്ക്കാൻ എന്നവണ്ണം അവൻ വിഷയം മാറ്റി... അവൾ പാത്രത്തിൽ അടച്ച് വച്ചിരിക്കുന്ന ചായ ഗ്ലാസിലേക്ക് പകർന്നു... പെട്ടെന്നാണ് നോട്ടം ക്ലോക്കിൽ എത്തിയത്...5:30 ആവുന്നതേയുള്ളൂ.. അപ്പോൾ ദേവേട്ടൻ അതിരാവിലെ എഴുന്നേറ്റോ... ""ടോ.. ""ആഹ്.. """സ്വപ്നം കാണുവാണോ...? ""ഹേയ്.. ദേവേട്ടൻ എപ്പോഴാ എഴുന്നേറ്റെ..? ""ഞാൻ 4:30 ക്ക് എഴുന്നേറ്റു... ശീലമായിപ്പോയി.. അതാ.. പിന്നെ താൻ പോയി ഫ്രഷ് ആയിക്കോ.. അമ്പലത്തിൽ പോകണ്ടേ... ""ഹ്മ്മ് ഞാൻ വേഗം വരാം.. അവൾ ഉത്സാഹത്തോടെ പറഞ്ഞു. അവൾ ഗ്ലാസ്‌ കഴുകി വച്ച് മുറിയിൽ പോയി ഡ്രസ്സും എടുത്ത് വന്നു... ""ദേവേട്ടൻ ഇപ്പോഴേ കുളിക്കുന്നുണ്ടോ... "

"അത് സാരമില്ല... ഞാൻ ഇവിടെ കുളത്തിൽ കുളിച്ചോളാം... ""കുളമോ... ""അഹ്.. കിണറിന്റെ ആരുകിലൂടെ ഒരു വഴി കാണുന്നില്ലേ...? അതിലെ ഒരു 10 ചുവട് വച്ചാൽ കുളമായി... """എങ്കിൽ ഞാൻ അവിടെ കുളിക്കട്ടെ.. വൈഗ ആവേശത്തോടെ ചോദിച്ചു... """അതിപ്പോൾ താൻ ഒറ്റയ്ക്ക്... തനിക്ക് നീന്തൽ അറിയോ..? ""ഹ്മ്മ് അറിയാം... ഞാൻ സൂക്ഷിച്ചോളാം... പ്ലീസ്..? ""ശെരി നോക്കി ഇറങ്ങണം... പാടാവോക്കെ തെറ്റല് കാണും.. ""ഹ്മ്മ്... ദേവൻ അനുവാദം കൊടുത്തതും വൈഗ അവിടേക്ക് പോയി... വെട്ടം വീണു തുടങ്ങുന്നതേയുള്ളൂ... ഇവിടെ വന്നതിൽ പിന്നെയാണ് പുലർക്കാല ഭംഗിയും സൂര്യോദയവും ഒക്കെ കാണുന്നത്.. ആ തണുത്ത പ്രഭാതത്തിലെ ഊർജം അതൊരു പ്രത്യേക ഉന്മേഷം ആണ്...! ദേവൻ പറഞ്ഞ വഴിയിലൂടെ അവൾ കുളത്തിനടുത്തെത്തി... തുണികൾ പടവിൽ വച്ചു...

കുളത്തിലെ പച്ച നിറമുള്ള തെളിഞ്ഞ വെള്ളത്തിൽ നിന്നും മഞ്ഞിന്റെ വെളുത്ത പുക ഉയരുന്നുണ്ടായിരുന്നു... അങ്ങങ്ങായി പായലുകൾ ഉണ്ട്... കുളത്തിൽ ചേർന്ന് നിൽക്കുന്ന മതിലരുകിലെ പുല്ലിൽ നിന്നും മഞ്ഞ് കണങ്ങൾ കൊരുത്തിട്ട മുത്തുപോലെ തൂങ്ങി നിൽക്കുന്നു... അടുത്ത നിമിഷം അത് കുളത്തിലേ വെള്ളത്തിലേക്ക് വീണു. താഴത്തെ പടവിൽ ഇറങ്ങി കാല് വെള്ളത്തിൽ തൊട്ട് നോക്കി... അപ്പോൾ തന്നെ പിൻവലിച്ചു... അത്രയ്ക്ക് തണുപ്പ്... വെള്ളത്തിലെ തണുപ്പ് പെരുവിരലിൽ കൂടി ശരീരമാകമാനം പടരുന്നതുപോലെ വൈഗയ്ക്ക് അനുഭവപ്പെട്ടു. രോമ രാജികൾ എഴുന്നേറ്റ് നിന്നു. തണുപ്പിനെ വകവയ്ക്കാതെ അവൾ പതിയെ കുളത്തിലേക്ക് ഇറങ്ങി... മീനുകൾ ഉണ്ടതിൽ നിറയെ... അവ ഓടി കൂടി അവളുടെ കാലിൽ കൂടി മുത്തി പാഞ്ഞു നടന്നു.... വൈഗയ്ക്ക് ഇക്കിളിയാകാൻ തുടങ്ങി... എന്നിട്ടും വൈഗ കാലുകൾ പിൻവലിച്ചില്ല...! കുളത്തിലേക്കിറങ്ങി ഒന്ന് മുങ്ങി നിവർന്നു...

ആദ്യത്തെ തണുപ്പേ ഉണ്ടായിരുന്നുള്ളൂ... അതിൽ നിന്നും കയറാൻ തോന്നിയില്ല അവൾക്ക്.. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ആ കുളത്തിലെ വെള്ളം തണുപ്പിക്കുന്നപോലെ ഉണ്ടായിരുന്നു... സമയം പോകുന്നത് കൊണ്ട് പെട്ടെന്ന് കുളിച്ച് കയറി. അടുത്തുള്ള മരപ്പുരയിൽ പോയി നനഞ്ഞ തുണി മാറ്റി കൈയ്യിൽ കരുതിയ പിസ്ത പച്ച ടോപ്പും വെള്ള ലെഗ്ഗിൻസും ഇട്ടു. ശേഷം ദൃതിയിൽ വീട്ടിലേക്ക് നടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുളി കഴിഞ്ഞിറങ്ങുന്ന ദേവൻ കാണുന്നത് ഇറാനോടെ വരുന്ന വൈഗയെ ആണ്.. തോർത്തിനാൽ ചുറ്റിക്കട്ടിയ മുടിയിൽ നിന്നും പുറത്തേക്ക് വീണ് കിടക്കുന്ന കുഞ്ഞ് മുടികളിൽ നിന്നുമുള്ള വെള്ളം മുഖത്ത് വീഴുന്നുണ്ട്... ""ദേവേട്ടൻ കുളിച്ചോ..? ""ആഹ്ഹ് അടുത്ത് വന്നവൾ ചോദിച്ചപ്പോൾ ആണവൻ സ്വബോധത്തിൽ വന്നത്. ""പെട്ടെന്ന് വരാമേ.. വൈഗ മുറിയിലേക്കോടി... ദേവൻ ഒരുങ്ങി വരുമ്പോഴേക്കും അവളും എത്തി.. വലിയ ഒരുക്കങ്ങൾ ഇല്ല. കണ്ണെഴുതി ഒരു പൊട്ടും തൊട്ട് മുടി കൊളിപിന്നലിൽ ഇട്ടിരിക്കുന്നു. ""ഇറങ്ങാം... "ഹ്മ്മ് വീട് പൂട്ടി അവർ ഇറങ്ങി... ദേവന്റെ ഒപ്പം ബൈക്കിൽ ഉള്ള ആ പുലർക്കാല യാത്ര അവളൊത്തിരി ആസ്വദിച്ചു.

ഇടവഴികളും ചെമ്മൺ പാതകളും കടന്ന് ബൈക്ക് കുന്നിന്റെ താഴെ എത്തി...സമയം അപ്പോൾ 7: 45 ആയി.. ബൈക്ക് ഒതുക്കി ദേവനും വൈഗയും കുന്ന് കയറാൻ തുടങ്ങി... കുറച്ച് കയറിയപ്പോൾ ആണക്കുന്നുണ്ടായിരുന്നു വൈഗ.. എന്നിരുന്നാലും അവളത് വക വച്ചില്ല. കുന്ന് കയറി അമ്പലത്തിൽ എത്തി... ചെറിയ ഒരമ്പലം... നല്ല ശാന്തമായ സ്ഥലം.ആരും അവിടെ ഉണ്ടായിരുന്നില്ല..! അമ്പലത്തിനോട് ചേർന്ന് വലിയ ഒരു ചെമ്പകമരം.... മുന്പിലെ കൽവിളക്കിൽ ഒരു തട്ടിൽ തിരി തെളിഞ്ഞിട്ടുണ്ട്... ""ഇവിടെ പൂജാരി ഇല്ലേ...? ചുറ്റും നോക്കി വൈഗ ചോദിച്ചു. ""ഉണ്ട് അദ്ദേഹം അതിരാവിലെ വന്ന് പൂജ നടത്തും... എന്നിട്ട് പോകും... ""അപ്പൊ ഈ വിളക്ക്...? ""ഇതൊക്കെ ആരെങ്കിലും പ്രാർത്ഥിച്ച് കത്തിച്ചതാകും...! "'"അതെന്താ.. ""ആഹാ ഞാൻ അപ്പൊ ആരോടാ ഇന്നലെ ഇതൊക്കെ പറഞ്ഞേ...? എടോ ഇതിവിടുത്തെ ഒരു വിശ്വാസമാണ്... ഇവിടെ എന്തെങ്കിലും ആഗ്രഹിച്ച് പ്രാത്ഥിച്ച് കൽവിളക്കിൽ ദീപം തെളിയിച്ചാൽ അത് നടക്കുമെന്നാ...

ഈ ദീപങ്ങൾ ദൈവത്തോട് നമ്മുടെ ആഗ്രഹം കൈമാറും... ദേവൻ പുഞ്ചിരിയോടെ പറഞ്ഞു. """ദേവേട്ടന് അനുഭവം ഉണ്ടോ...? ""ഞാൻ ഇതുവരെ കത്തിച്ചിട്ടില്ല... പക്ഷെ അമ്മയൊക്കെ കത്തിക്കാറുണ്ട്. ഫലം ഉണ്ടെന്നാ അമ്മ പറയാ.. വൈഗയുടെ ആകാംഷ നിറഞ്ഞ മുഖം വാടി... ""എന്താടോ..? ""നമ്മള് കത്തിക്കാൻ ഒന്നും കരുതിയില്ലല്ലോ..? ""അതാണോ.. ആരു പറഞ്ഞു ഇല്ലെന്ന്..? ""ഉണ്ടോ... വൈഗ സന്തോഷത്തോടെ ചോദിച്ചു.. ""ഹ്മ്മ്.. ദേവൻ അരയിൽ മുണ്ടിൽ തിരുകി വച്ചിരുന്ന തിരിയും കുഞ്ഞ് കുപ്പിയിലെ എണ്ണയും എടുത്തു... ""വാ... ചിരിയോടെ വൈഗയെ നോക്കി ദേവൻ കൽവിളക്കിനരുകിലേക്ക് നടന്നു. ഒപ്പം വൈഗയും. ഇരുവരും ചേർന്ന് വിളക്കുകൾ തെളിയിക്കാൻ ഒരുങ്ങി... "എന്നും ഇവിടെ ദേവന്റെ ഒപ്പം നിൽക്കാൻ കഴിയണേ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ച് ആദ്യത്തെ തിരി തെളിയിച്ചു... തന്റെ കുടുംബത്തോടൊപ്പം എന്നുമവൾ തന്റെ കൂടെ ഉണ്ടാകണേ എന്ന് ആഗ്രഹിച്ച് ദേവനും തിരി തെളിയിച്ചു... ❣️

രണ്ട് പേരുടെയും ആദ്യത്തെ വിളക്ക്... ആദ്യത്തെ പ്രാത്ഥനയും... ❣️ പിന്നീട് ബാക്കിയുള്ള വിളക്കും കത്തിക്കാൻ തുടങ്ങി... കത്തിക്കുമ്പോൾ ദേവൻ അറിയാതെ വൈഗയുടെ നോട്ടം അവനിൽ ഇടയ്ക്കിടെ പാറി വീണു... തിരികെ ദേവനും അവളെ നോക്കി... വിളക്ക് കത്തിക്കുമ്പോൾ അവളിൽ വിരിയുന്ന ചിരി അവന്റെ ചൊടിയിലേക്കും പടർന്നു. ഇരുവരും ആ കൽവിളക്ക് കത്തിച്ച് പൂർത്തിയാക്കി... ശേഷം ഭഗവാനെ പ്രാർത്ഥിച്ചു. പ്രാർത്ഥിച്ച് കഴിഞ്ഞ് കണ്ണ് തുറക്കുന്ന ദേവൻ വൈഗയെ നോക്കി.. ഇപ്പോഴും കടുത്ത പ്രാർത്ഥനയിൽ അവളെന്തോ ദൈവത്തോട് ചോദിക്കുന്നുണ്ട്... അതിനൊത്ത് കണ്ണുകൾ ഇറുകെ അടയുകയും ചുണ്ടുകൾ എന്തോ രഹസ്യമായി മൊഴിയുന്നുമുണ്ട്... ഒരു വേള അവളുടെ പ്രാർത്ഥനയിൽ തനുണ്ടോ എന്നറിയാൻ ദേവന്റെ ഉള്ളം തുടിച്ചു.

അവളുടെ പ്രാർത്ഥന സ്വീകരിച്ചെന്ന വണ്ണം അമ്പലത്തിലെ മണി കാറ്റിൽ ആടി ശബ്ദം മുഴക്കി... വൈഗ ഞെട്ടി കണ്ണ് തുറന്നു.... ആ വിടർന്ന കണ്ണുകളിലെ തിളക്കത്തിൽ നിന്നും എന്തോ വിശ്വാസം അവളെ മൂടുന്നതായി ദേവനും അറിഞ്ഞു. ക്ഷേത്ര നടയിൽ വച്ചിരുന്ന പാത്രത്തിൽ വച്ചിരുന്ന ഭസ്മം നെറ്റിയിൽ ചാർത്തി ഇരുവരും അവിടുന്നിറങ്ങി... താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴും വൈഗ ഒന്നുകൂടി തിരിഞ്ഞ് നോക്കി... " ജീവിത കാലം മുഴുവൻ ഇവിടെ ദേവന്റെ ഒപ്പം വന്ന് തൊഴാൻ ഭാഗ്യം ഉണ്ടാവണേ ❤️❤️ " എന്നവൾ ഒരിക്കൽ കൂടി പ്രാർത്ഥിച്ചു. തിരികെയുള്ള യാത്രയിൽ അവളൊരുപാട് സന്തോഷവതി ആയിരുന്നു... ദേവനും.... ഈ യാത്ര തീരാതെ ഇരുന്നെങ്കിൽ എന്ന് വൈഗയ്ക്ക് തോന്നി........ .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story