വൈഗ: ഭാഗം 10

vaika shamseena

രചന: ശംസീന

വീട്ടിലെത്തിയ വൈഗയും അഞ്ജുവും ജയന്തിക്കൊരു പണി കൊടുക്കാനുള്ള പ്ലാൻ തയ്യാറാക്കി... രാത്രിയിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞതും തലയിലൂടൊരു കറുത്ത പുതപ്പു ചുറ്റി ഇരുവരും മുറിക്ക് പുറത്തിറങ്ങി... ശബ്‍ദമുണ്ടാക്കാതെ അടുക്കളയിലുള്ള ഫ്രിഡ്ജിനു പിറകിൽ ഒളിച്ചു... "എടി അവരെങ്ങാനും വരാതിരിക്കുമോ..?" വൈഗ നഖം കടിച്ചു ടെൻഷനോടെ ചോദിച്ചു.. "പതുക്കെ പറ പെണ്ണേ.. ആരെങ്കിലും നമ്മളെ കണ്ടാൽ പിന്നെ തീർന്നു.. നീ പറഞ്ഞത് പോലെ വല്യമ്മയുടെ മുറിയിൽ വെള്ളം കൊണ്ടു വെച്ചിട്ടില്ലല്ലോ.. " അഞ്ജു ശബ്‍ദം താഴ്ത്തി ചോദിച്ചു... വൈഗ ഇല്ലെന്ന് തലയനക്കി.. "എന്ന അനങ്ങാതെ നിൽക്ക് എന്നിട്ടവര് വരുന്നുണ്ടോന്നു നോക്ക്... " തന്റെ നേരെ തിരിഞ്ഞ വൈഗയെ അവൾ ബലമായി മുന്നിലേക്ക് തിരിച്ചു നിർത്തി.. "അഞ്ജു എനിക്കെന്തോ പേടിയാവുന്നു.. " "ഓ ഇവളെ കൊണ്ട്.. " അഞ്ജു പല്ല് കടിച്ചു..

"എടി ആരോ വരുന്നുണ്ട്..ഇടനാഴിയിൽ വെളിച്ചം വീണു.. " വൈഗ വെപ്രാളത്തോടെ അഞ്ജുവിനെ നോക്കി.. "നീ ആരാണെന്ന് നോക്കിക്കേ.. " അഞ്ജു ധൈര്യം കൊടുത്തപ്പോൾ വൈഗ പതിയെ തലയിട്ട് എത്തി നോക്കി.. ഒഴിഞ്ഞ ജഗ്ഗും കയ്യിൽ പിടിച്ചു പിറുപിറുത്തു വരുന്ന ജയന്തിയെ കണ്ട് അവൾ അഞ്ജുവിനെ തോണ്ടി.. "വരുന്നുണ്ടെടി.. " "ആണോ.. എന്നാൽ റെഡിയായിക്കോ.. വല്യമ്മ വരുന്നു നമ്മൾ പണി തുടങ്ങുന്നു..ഓക്കേയല്ലേ.." "മ്മ്.. " വൈഗ പാതി മനസ്സോടെ മൂളി.. "എന്നാൽ പുതപ്പിട്ടോ.. " അത് പറഞ്ഞു അഞ്ജുവും തലവഴിയുള്ള പുതപ്പ് ഒന്നൂടെ വലിച്ചിട്ടു.. ജയന്തി ഫ്രിഡ്ജ് തുറന്നു തണുത്ത വെള്ളം വായിലേക്ക് ഒഴിച്ചു.. ശേഷം കുപ്പി കയ്യിലെടുത്തു ഫ്രിഡ്ജ് അടച്ചു തിരിഞ്ഞതും തുറിച്ച കണ്ണുകളാൽ രണ്ട് രൂപങ്ങൾ അവരുടെ മുന്നിലേക്ക് ചാടിവീണു.. "ഹഹ.. ഹഹ.. " "അയ്യോ അമ്മേ... " അവർ നിലവിളിച്ചു കൊണ്ട് കുപ്പി താഴെയിട്ട് അവിടുന്നോടി.. ഇതേ സമയം വൈഗയും അഞ്ജുവും അവറ്റുടെ മുറിയിലേക്ക് കയറി വാതിൽ അടച്ചു.. "സക്സസ്.. " അവർ കൈകൾ കൂട്ടിയടിച്ചു..

"മിണ്ടല്ലേ മിണ്ടല്ലേ അവിടെ എന്താ നടക്കുന്നതെന്ന് അറിയട്ടെ.... " ഇടനാഴിയിൽ ആരുടെയൊക്കെയോ കാൽ പെരുമാറ്റം കേട്ടതും വൈഗ അഞ്ജുവിന്റെ വാ പൊത്തി.. അവർ ഇരുവരും ഒരു പോലെ കിതക്കുന്നുണ്ടായിരുന്നു... പുറത്തു നിന്നുള്ള ബഹളം ഉച്ചത്തിൽ ആയതും അവർ ഒന്നും അറിയാത്തവരെ പോലെ വാതിൽ തുറന്നു പുറത്തേക്ക് വന്നു.. ജയന്തി ഭയന്നു വിറച്ചു മാലതിയുടെ തോളിൽ ചാരി കിടക്കുന്നുണ്ട്.. അവർ മറ്റുള്ളവരോട് നടന്ന സംഭവം വിശദീകരിക്കുകയാണ്.. എന്നാൽ ഉള്ളിലെ പേടി വിട്ടു മാറാത്തത് കൊണ്ട് അവർ പറയുന്നത് പകുതിയും മറ്റുള്ളവർക്ക് മനസ്സിലായില്ല.. അപ്പോഴേക്കും രേവതി അവർക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നു കൊടുത്തു.. അവരത് മടമടാന്ന് കുടിക്കുന്നത് കണ്ടതും അറിയാതെ അഞ്ജുവിനും വൈഗക്കും ചിരി പൊട്ടി.. അതേ ചിരിയോടെ തന്റെ അടുത്ത് നിൽക്കുന്ന ആളെ നോക്കിയതും വൈഗ ചിരി നിർത്തി അഞ്ജുവിനെ നുള്ളി.. "എന്തുവാടി..." തന്റെ ആസ്വാദന രസം നഷ്ടപ്പെടുത്തിയ വൈഗയുടെ നേരെയവൾ കെറുവിച്ചു..

വൈഗ കണ്ണ് കൊണ്ട് അവരെ തന്നെ ദേഷ്യത്തിൽ നോക്കുന്ന ജീവയെ കാണിച്ചു കൊടുത്തതും അഞ്ജുവും ചിരി നിർത്തി നിഷ്കളങ്കയായി നിന്നു... "ശെരിക്കും എന്താ ആന്റി ഉണ്ടായത്... " ശീതൾ ജന്തിയുടെ അടുത്തേക്ക് വന്നു.. "ഞാൻ വെള്ളം കുടിക്കാനായി.. അടുക്കളയിലേക്ക് ചെന്നതാ... വെള്ളം കുടിച്ചു കഴിഞ്ഞു മുറിയിലേക്ക് പോവാൻ തുടങ്ങിയപ്പോൾ കറുത്ത രണ്ട് രൂപങ്ങൾ മുന്നിലേക്ക് ചാടി... ഭയപ്പാടോടെ ഞാൻ അലറിവിളിച്ചതും പെട്ടന്നവർ അവിടുന്ന് അപ്രത്യക്ഷമായി.. " ഭീതിയിൽ അവർ പറഞ്ഞു... "അമ്മ വല്ല പ്രേതത്തിനെയോ മറ്റോ ആണോ കണ്ടത്.. കണ്ട ഉടനെ അപ്രത്യക്ഷമാവാൻ... " ജിഷ അവർ പറഞ്ഞതിനെ പുച്ഛിച്ചു തള്ളി... "അവിടെയൊന്നും ആരേയും കാണാനില്ല..പോരെങ്കിൽ വാതിലുകളും അടഞ്ഞിട്ടായിരുന്നല്ലോ... " കിഷോർ മുറ്റത്തു നിന്നും കയറി വന്നുകൊണ്ട് പറഞ്ഞു... "നിനക്ക് വെറുതെ തോന്നിയതാവും വെറുതെ പിച്ചും പേയും പറഞ്ഞു മനുഷ്യനെ മിനക്കെടുത്താൻ.. " വല്യമ്മാവൻ ജയന്തിയെ നോക്കി കറുത്ത മുഖത്തോടെ പറഞ്ഞു

അവിടെ നിന്നും പോയി... അങ്ങനെ ഓരോരുത്തരും അവരവരുടെ മുറികളിലേക്ക് പോയി.. "വല്യമ്മ ശെരിക്കും പ്രേതത്തിനെ കണ്ടോ.. " രേവതി ജയന്തിയെയും കൂട്ടി മുറിയിലേക്ക് പോവാൻ തുടങ്ങിയതും അഞ്ജു ഇടയിൽ കയറി ചോദിച്ചു.. രേവതി അവളെ കൂർപ്പിച്ചു നോക്കി.. "അല്ല അമ്മേ.. ഇനിയിപ്പോ അങ്ങനെ വല്ലതും ഉണ്ടേൽ നോക്കിയും കണ്ടും നടക്കാമല്ലോ.. അതിന് വേണ്ടി ചോദിച്ചതാ.. " അഞ്ജു തന്റെ ഭാഗം വ്യക്തമാക്കി.. "ഇവിടെ ഭൂതവും പ്രേതവുമൊന്നുമില്ല നിങ്ങള് പോയി കിടക്കാൻ നോക്കിക്കേ..നാളെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ.." രേവതി അവരെ അവിടുന്ന് ഓടിച്ചു വിട്ടു... വൈഗ അഞ്ജുവിനേയും വലിച്ചു അവിടുന്ന് ഓടി.. മുറിയുടെ വാതിൽ അടക്കുന്നതിനിടയിൽ അവൾ വെറുതെയൊന്ന് നോക്കിയതും ജീവ നെറ്റിച്ചുളിച്ചു അവളെ തന്നെ നോക്കുന്നത് കണ്ടു.. വൈഗ പേടിയോടെ മുറിയുടെ വാതിൽ അടച്ചു.. "അഞ്ജു ജീവേട്ടന് സംശയം ഉണ്ടെന്നാ തോന്നുന്നത്.. അങ്ങേരുടെ ഒരുമാതിരി നോട്ടവും ഭാവവും കാണുമ്പോൾ പേടിയാവുന്നു.. "

വൈഗ പരിഭ്രാന്തിയോടെ കട്ടിലിൽ വന്നിരുന്നു.. "സില്ലി ഗേൾ..നീ പേടിക്കാതെടി.. അങ്ങേര് എപ്പോഴും അങ്ങനെ തന്നെയല്ലേ.. ഒരുമാതിരി മുരട്ട് കാളയെ പോലെ.." അഞ്ജു കൂസലേതുമില്ലാതെ പറഞ്ഞു കട്ടിലിൽ കയറിക്കിടന്നു തല വഴി പുതപ്പിട്ടു... "എന്റെ ദേവിയെ.. ജീവേട്ടന് ഒരു സംശയവും ഉണ്ടാവല്ലേ..അതിന് വേണ്ടി ആ തിരുനടയിൽ വന്നു ഞാൻ പത്തു തേങ്ങ ഉടച്ചേക്കാവേ.." തന്റെ ദേവിയെ മണിയടിച്ചു കുപ്പിയിലാക്കി വൈഗയും അഞ്ജുവിനെ കെട്ടിപിടിച്ചു കിടന്നു... **** അഞ്ച് മണിയുടെ അലാറം അടിച്ചതും അഞ്ജു അത് ഓഫ്‌ ചെയ്തു വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി.. "ഇങ്ങനൊരു ഉറക്കപ്രാന്തി.. "

അവളുടെ കയ്യിനിട്ടൊരു അടിയും കൊടുത്ത് മുടിയും വാരി ചുറ്റി വൈഗ എഴുന്നേറ്റു... അലമാരയിൽ നിന്നും മറിയുടുക്കാനുള്ള തുണിയും എടുത്ത് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. ആരും എഴുന്നേറ്റിട്ടില്ല.. അല്ലേലും ഇവിടെ ആദ്യം എഴുന്നേൽക്കുന്നതും അവസാനം കിടക്കുന്നതും താൻ ആണല്ലോ.. വൈഗ ഒരു നെടുവീർപ്പോടെ അടുക്കള വാതിൽ തുറന്നു കുളപ്പടവിലേക്ക് നടന്നു.. നല്ല തണുപ്പ്.. അവൾ കൈകളൊന്ന് കൂട്ടി തിരുമ്മി.. മറപ്പുരയിൽ കയറി കച്ചയെടുത്ത് കെട്ടി കുളപ്പടവുകൾ ഓരോന്നും സൂക്ഷിച്ചു ഇറങ്ങി... ചെറിയ വഴുക്കലുണ്ട്.. അടി തെറ്റിയാൽ പിന്നെ പറയേണ്ടതില്ലല്ലോ.. ഓളം വെട്ടുന്ന നീല നിറമുള്ള തെളിഞ്ഞ വെള്ളത്തിലേക്ക് കുതിച്ചു ചാടാൻ അവളുടെ ഉള്ളം വെമ്പി... കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ടവൾ കുളത്തിലേക്ക് ചാടിയ നിമിഷം തന്നെ കുളത്തിനടിയിൽ നിന്നും ഒരു രൂപം പെട്ടന്നുയർന്നു പൊന്തി... ആളെ കണ്ടവൾ ഭയത്തോടെ ഒരടി പിറകിലേക്ക് തെന്നിമാറി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story