വൈഗ: ഭാഗം 15

vaika shamseena

രചന: ശംസീന

 കുറച്ചു ദിവസങ്ങൾക്ക് ശേഷം വൈഗയുടെ അച്ഛൻ വീട്ടുകാർ വീണ്ടും വന്നു.. ഇപ്പ്രാവശ്യം അവളുടെ ചെറിയച്ഛനും വല്യച്ഛനും വന്നത് മറ്റൊരു ആവശ്യവുമായിട്ടായിരുന്നു... ജയന്തി വളരെയധികം വിനയത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി... ജീവ വൈഗയോട് എല്ലാം തുറന്നു പറഞ്ഞതിന് ശേഷം അവിടെ നിന്നിട്ടില്ല എറണാകുളത്തേക്ക് തന്നെ തിരിച്ചു പോയി... ചില അവധി ദിവസങ്ങളിൽ വന്നുപോകും അപ്പോഴും വൈഗയുടെ മുന്നിലേക്ക് പോലും അവൻ വരാറില്ലായിരുന്നു.... അവൾക്കും ഒരു തരത്തിൽ നോക്കിയാൽ അത് വലിയൊരു ആശ്വാസമായിരുന്നു.... വന്നവരുടെ മുഖത്തെ സങ്കോചം കണ്ട് ജയന്തി കാര്യം തിരക്കി... "അമ്മക്ക് ഒട്ടും വയ്യാ... ഹോസ്പിറ്റലിൽ അഡ്മിറ്റാണ് അല്പം സീരിയസ് ആണെന്നാണ് ഡോക്ടർ പറഞ്ഞത്... അവസാനമായി വൈഗ മോളെ കാണണമെന്ന് ശാട്യം പിടിക്കുന്നു... അത് നിറവേറ്റി കൊടുക്കാതെ വേറെ വഴിയില്ല... ഞങ്ങൾ മോളെയൊന്ന് കൊണ്ടുപൊക്കോട്ടെ പറ്റുമെങ്കിൽ ഒന്ന് കാണിച്ചു കൊടുത്ത് ഉടനെ ഇവിടെ തന്നെ കൊണ്ടുവന്നാക്കാം..." വല്യച്ഛൻ അവരോടായി പറഞ്ഞു...

"ഓ അതിനെന്താ,,, നിങ്ങളുടെ വീട്ടിലെ കൊച്ചല്ലേ നിങ്ങൾക്ക് എപ്പോ വേണമെങ്കിലും കൊണ്ടുപോവാമല്ലോ...ഇനിയിപ്പോ രണ്ടോ മൂന്നോ ദിവസം അവിടെ നിർത്തിയാലും കുഴപ്പമില്ലന്നെ..." ജയന്തി ഉത്സാഹത്തോടെ പറഞ്ഞു... അത് കേട്ടപ്പോൾ വന്നവരുടെ മുഖം തെളിഞ്ഞു... "ഏട്ടത്തി ഒന്നിങ്ങു വന്നേ... " അവരുടെ സംഭാഷണം കേട്ട് കൊണ്ട് നിന്ന രേവതി ജയന്തിയെ അകത്തേക്ക് വിളിച്ചു... "ഏട്ടത്തി ആരോട് ചോദിച്ചിട്ടാ വാക്ക് കൊടുക്കുന്നെ...വല്യേട്ടനോടൊന്ന് ചോദിക്കണ്ടേ അവരല്ലേ വൈഗയുടെ കാര്യം തീരുമാനിക്കേണ്ടത്..." രേവതി കടുപ്പിച്ചു പറഞ്ഞു... "അവരോടൊന്നും ചോദിക്കേണ്ട..ഒന്നാമതെ അവർ ഒരാവശ്യത്തിന് പുറത്തു പോയിരിക്കുവല്ലേ.. ഇനിയിപ്പോ അവര് എന്ന് വരും എന്ന് കരുതിയിട്ടാ.. അവർ ഇവിടെ വന്നതിന് ശേഷം പറയാം ഒന്നുല്ലേലും വന്നത് അവളുടെ അച്ഛന്റെ സഹോദരങ്ങളല്ലേ..." "ഏട്ടത്തി എന്നാലും അവളോടൊന്ന് ചോദിച്ച്... " രേവതിക്ക് ഒട്ടും മനസ്സ് വന്നില്ല വൈഗയെ അവരുടെ കൂടെ പറഞ്ഞുവിടാൻ.. അരുതാത്തതെന്തോ നടക്കാൻ പോവുന്നത് പോലെയൊരു തോന്നൽ...

"ആരോടും ചോദിക്കുന്നില്ല ഇതെന്റെ തീരുമാനമാണ്.. ബാക്കി വരുന്നിടത്തു വെച്ച് കാണാം... " രേവതിയോട് രൂക്ഷമായി പറഞ്ഞുകൊണ്ട് അവർ വൈഗയുടെ അടുത്തേക്ക് ചെന്നു... രേവതി ഫോണെടുത്തു അശോകനെ ഒരുപാട് തവണ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം...രേവതിയാകെ ധർമസങ്കടത്തിലായി... "എടി കൊച്ചേ,, നിനക്ക് ആവശ്യമുള്ളത് എന്താണെന്ന് വെച്ചാൽ ഒരു സഞ്ചിയിലേക്ക് നിറച്ചോ,, നിന്നെ കൊണ്ടുപോവാൻ ആള് വന്നിട്ടുണ്ട്..." കട്ടിലിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്ന വൈഗയോട് ജയന്തി വന്നു പറഞ്ഞു.. അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ജയന്തിയെയു കൂടെവന്ന മാലാതിയെയും നോക്കി... "നീയിങ്ങനെ മിഴിച്ചു നോക്കുകയൊന്നും വേണ്ടാ നിന്റെ അച്ഛന്റെ അമ്മക്ക് വയ്യാന്ന് അതുകൊണ്ട് നിന്നെ കൊണ്ടുപോകാൻ നിന്റെ വല്യച്ഛനും ചെറിയച്ഛനും വന്നിട്ടുണ്ട്... വേഗം ആയിക്കോട്ടെ വെറുതെ അവരെ മുഷിപ്പിക്കേണ്ട..." "ഞാ.. ഞാനെങ്ങോട്ടും പോവില്ല... നിക്ക് ഇഷ്ടമല്ല ഇവിടുന്ന് പോവാൻ..." വൈഗയുടെ മിഴികൾ നിറഞ്ഞു തൊണ്ടയിടറി... "അതെങ്ങനെ ശെരിയാകും കുട്ടീ... എന്നായാലും നീ ഇവിടുന്ന് പോവേണ്ടതല്ലേ അതിത്തിരി നേരത്തെ ആയെന്നേ ഉള്ളൂ... " സൗമ്യമായി പറഞ്ഞു മാലതി അവളുടെ അടുത്തേക്ക് വന്നു....

അവൾ പോവില്ലെന്ന് തല ചലിപ്പിച്ചു... "ശാട്യം പിടിക്കാതെ പോവാൻ നോക്ക് ഇല്ലേൽ എന്റെ സ്വഭാവം മാറും..." ജയന്തി തന്റെ രൗദ്ര ഭാവം പുറത്തെടുത്തു... "കുഞ്ഞമ്മായി ഞ്ഞെ പറഞ്ഞു വിടല്ലേ എന്ന് വല്യമ്മായിയോട് പറ..." അങ്ങോട്ട് കടന്നു വന്ന രേവതിയോടവൾ കെഞ്ചി... എന്നാൽ ജയന്തിയെ വാക്കുകൾ കൊണ്ടെതിർക്കാൻ അവർക്കും ഭയമായിരുന്നു... "മോളിപ്പോൾ ഒന്ന് പോയി മുത്തശ്ശിയെ കണ്ടിട്ട് വാ അപ്പോഴേക്കും അമ്മാവന്മാർ വരും അപ്പോൾ കുഞ്ഞമ്മായി അവരെ അങ്ങോട്ട് പറഞ്ഞു വിടാം,,, പോരെ,,, ഇപ്പൊ സങ്കടപ്പെടാതെ പോവാൻ റെഡിയാവ്..." രേവതി വാത്സല്യത്തോടെ അവളുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു... വൈഗ പാതി മനസ്സോടെ ഉടുത്തിരുന്ന ദാവണി മാറ്റി പുതിയോരെണ്ണം എടുത്തുടുത്തു... ആ സമയം കൊണ്ട് ജയന്തിയും മാലതിയും വന്നവരെ സൽക്കരിക്കാൻ തുടങ്ങിയിരുന്നു... ദുഃഖം തളം കെട്ടിയ മുഖത്തോടെ വൈഗ പുറത്തേക്ക് വന്നു... "എന്നാൽ ഞങ്ങളിറങ്ങുവാ... വാ മോളെ... " അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു യാത്ര പറഞ്ഞു... വൈഗക്ക്‌ ആരോടും ഒന്നും തന്നെ പറയാൻ തോന്നിയില്ല... രേവതിയോട് മാത്രം കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു നിറഞ്ഞു തുടങ്ങിയ മിഴികളോടെ അവൾ ആ വീടിന്റെ പടിയിറങ്ങി....

പക്ഷേ ഇനിയിങ്ങോട്ടൊരു തിരിച്ചു വരവ് ഉണ്ടാവില്ലെന്നുള്ളത് അവൾ വ്യഥാ നിനച്ചിരുന്നില്ല.... ****** "നാത്തൂനേ നമ്മളാണ് ഇതിന് പിന്നിലെന്ന് ആരെങ്കിലും അറിയുമോ..? " മാലതി ശബ്ദം കുറച്ചു അടുത്ത് നിന്ന ജയന്തിയോട് ചോദിച്ചു... "ആരറിയാൻ,,, ആരും അറിയില്ല സിന്ധുവിനെ (വൈഗയുടെ അപ്പച്ചി )കണ്ടുമുട്ടിയത് എന്ത് കൊണ്ടും നന്നായി അല്ലെങ്കിൽ അവളെ ഇത്ര പെട്ടന്ന് ഇവിടുന്ന് പുകച്ചു പുറത്തു ചാടിക്കാൻ ഒക്കുമോ...ആനന്തേട്ടന്റെ പെങ്ങളുടെ മരണശേഷവും അവിടുത്തെ സിന്ധുവുമായിട്ട് ബന്ധമുള്ളത് ഇവിടുള്ളവർക്കാർക്കും അറിയില്ല അതുകൊണ്ട് നമ്മളാണ് ഇതിന് പിന്നിലെന്ന് ആരും അറിയുകയുമില്ല..." പറഞ്ഞു കഴിഞ്ഞതും ജയന്തി ആശ്വാസത്തോടെ ഇരുന്നു... "അതല്ല നാത്തൂനേ എനിക്കൊരു സംശയം...!ഈ ഗതിയില്ലാത്ത പെണ്ണിനേയും കൊണ്ട് അവർക്കെന്താ ഗുണം..." "എന്തെങ്കിലും കാണുമായിരിക്കും നമുക്കിപ്പോ അതറിയേണ്ട കാര്യമൊന്നും ഇല്ല.. അവളായിരുന്നില്ലേ നമ്മുടെ മുന്നിലെ തടസ്സം ഇപ്പൊ അത് മാറിക്കിട്ടി ഇനി ശീതളിന്റെയും ജീവയുടെയും വിവാഹം..."

"അതിന് ആ ചെറുക്കൻ സമ്മതിക്കണ്ടേ അവൻ ഈ ഭൂലോക രംഭയേയും മനസ്സിൽ ധ്യാനിച്ചു നടക്കുവല്ലേ... " മാലതി ചിറി ഒരു വശത്തേക്ക് കോട്ടി... "അതൊക്ക നടക്കും ഏട്ടത്തി കണ്ടോ..." ജയന്തി മനസ്സിൽ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തു കൊണ്ട് പറഞ്ഞു... ***** സ്വന്തം അച്ഛന്റെ സഹോദരങ്ങൾ ആയിട്ട് കൂടി അവൾക്ക് അവരോടൊപ്പം യാത്ര ചെയ്യുമ്പോൾ വല്ലാത്തൊരു അപരിചിതത്വം അനുഭവപ്പെട്ടു... ജനിച്ചിട്ടിന്നുവരെ തിരിഞ്ഞു നോക്കാത്തവരുടെ അടുത്തേക്കാണ് താൻ പോവുന്നത് അവർക്കും തന്നോട് ഇതുപോലെ അപരിചിതത്വം ഉണ്ടാവില്ലേ,,! അവൾ ചിന്തിച്ചു... "മോളെന്താ ആലോചിക്കുന്നെ,, ഇറങ്ങ് ആശുപത്രി എത്തി..." ചെറിയച്ഛൻ പറഞ്ഞതും വൈഗ ഏറിയ ഹൃദയമിടിപ്പോടെ കാറിൽ നിന്നും ഇറങ്ങി...അവർ അവളേയും കൂട്ടി icu വിനു മുന്നിലേക്ക് ചെന്നു... "മോള് വന്നോ,, വരത്തില്ല എന്നാണ് ഞങ്ങളെല്ലാവരും കരുതിയത്... എന്തായാലും മോളെ കാണുമ്പോൾ അമ്മക്ക് വലിയ സന്തോഷമാവും..." വല്യമ്മ പറഞ്ഞപ്പോൾ അവരെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി വൈഗ തെളിച്ചമില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ചു..വൈഗ തനിക്ക് ചുറ്റും കൂടി നിന്നവരെ നോക്കി അന്ന് തറവാട്ടിലേക്ക് വന്നവരൊഴിച്ചാൽ ബാക്കിയുള്ളതെല്ലാം പുതുമുഖങ്ങളാണ്...

അവരുടെ വേഷ വിധാനങ്ങളിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് അവരുടെ പ്രൗഡി... വൈഗ ഒരുഭാഗത്തേക്ക് മാറി നിന്നു... കുറച്ചു സമയത്തിനകം ഡോക്ടറുടെ അനുവാദം വാങ്ങി അപ്പച്ചി അവളേയും കൂട്ടി icu വിനകത്തേക്ക് കയറി... പാതി അടഞ്ഞ കണ്ണുകളോടെ ഒരുപാട് മിഷ്യനുകൾക്കിടയിൽ കിടക്കുന്ന മെല്ലിച്ച ശരീരമുള്ള വൈഗയുടെ മുത്തശ്ശിയെ സിന്ധു തട്ടിവിളിച്ചു... "അമ്മേ,, അമ്മേ കണ്ണുതുറന്നൊന്നു നോക്കിക്കേ ഇതാരാണെന്ന്..." ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതിനിടയിലും അവർ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു...സിന്ധു വൈഗ നീക്കി അമ്മയുടെ മുന്നിലേക്ക് നിർത്തി... "ന്റെ ഗോപുന്റെ മോളാണോ... " വിറക്കുന്ന വാക്കുകളാൽ അവർ ചോദിച്ചു.. വൈഗ അതേയെന്ന് തലയനക്കി.. അതേ നിമിഷം തന്നെ അവരുടെ മിഴികൾ നിറഞ്ഞു കവിഞ്ഞു... വൈഗയുടെ മനസ്സിലൊരു വിങ്ങൽ അനുഭവപ്പെട്ടു... "ഇനിയെനിക്ക് കണ്ണടച്ചാലും കുഴപ്പല്യ ന്റെ കുട്ടിയേ ഒന്ന് കാണാൻ കഴിഞ്ഞല്ലോ..." അവർ വലതു കരം ഉയർത്തിയതും അവൾ അവരുടെ അടുത്തേക്ക് കുനിഞ്ഞു നിന്നു... "ന്റെ ഗോപു തന്നെയാ.." പറഞ്ഞു കൊണ്ടവർ അവളുടെ മുഖമാകെ തലോടി... നഴ്സ് വന്നു അനുവദിച്ച സമയം കഴിഞ്ഞെന്ന് പറഞ്ഞതും വൈഗ മുത്തശ്ശിയുടെ അനുവാദം വാങ്ങി icu വിന് പുറത്തേക്കിറങ്ങി... ***** ഓഫീസിലിരുന്നിട്ടും ജീവക്കൊരു മനഃസമാദാനവും കിട്ടിയില്ല...കാത്തു സൂക്ഷിച്ചു വെച്ചിരുന്ന എന്തോ ഒന്ന് തന്നിൽ നിന്നും നഷ്ടപ്പെടുന്നത് പോലെയവന് തോന്നി...

"നീയെന്താ ജീവ ഇങ്ങനെ പരക്കം പായുന്നേ... " കേബിനിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ജീവയെ കണ്ട് കൂടെ ജോലി ചെയ്യുന്ന അരുൺ ചോദിച്ചു... "ഒന്നുമില്ലെടാ മനസ്സിനൊരു സമാധാനം കിട്ടുന്നില്ല ഞാൻ വീട്ടിലൊന്ന് പോയാലോ എന്നാണ് ആലോചിക്കുന്നെ.... " ജീവ ആധിയോടെ നെഞ്ചോന്നുഴിഞ്ഞു... "നിന്റെ സൂക്കേട് എനിക്ക് മനസ്സിലായി പ്രണയിനിയെ കാണാതെ ഇരിക്കാൻ വയ്യാ അല്ലേ..." അരുൺ കളിയോടെ പറഞ്ഞു... "ഏയ്‌ അതൊന്നും അല്ലേടാ...എന്തോ ഇനി അവളെ കണ്ടാലേ മനസ്സിനൊരു ആശ്വാസം കിട്ടൂ.. ഞാൻ എന്തായാലും പോയിട്ട് വരാം..." ജീവ ധൃതിയിൽ ബാഗ് എടുത്തു... "എടാ അപ്പൊ നാളത്തെ മീറ്റിംഗ്... " അരുൺ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു... "അത് നീ തന്നെ എങ്ങനെയെങ്കിലും മേനേജ് ചെയ്യ്... ഞാൻ എംഡി ക്ക്‌ വിളിച്ചു പറഞ്ഞോളാം... " ജീവ തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു കിട്ടിയ ബസിൽ നാട്ടിലേക്ക് തിരിച്ചു...യാത്രക്കിടയിൽ പലതവണ അഞ്ജുവിനേയും ചെറിയമ്മയെയും മാറി മാറി വിളിച്ചെങ്കിലും അവരാരും ഫോൺ എടുത്തതുമില്ല... ജീവയുടെ ഉള്ളിൽ അകാരണമായൊരു ഭയം പിടിമുറുക്കി... എത്രയും പെട്ടന്ന് വീടൊന്നെത്തിയാൽ മതിയെന്നായവന്... ****** അവരോടൊപ്പം ഇരിക്കുമ്പോൾ വല്ലാത്തൊരു ശ്വാസം മുട്ടൽ അനുഭവപ്പെട്ടു വൈഗക്ക്...

അവരെല്ലാം ചുറ്റും നിന്ന് സ്നേഹം കൊണ്ട് മൂടുന്നുണ്ടെങ്കിലും എന്തോ അവൾക്കതിൽ തൃപ്തയാവാൻ കഴിഞ്ഞില്ല.... "നിക്ക് വീട്ടിൽ പോണം..." അവൾ സങ്കടത്തോടെ അപ്പച്ചിയോട് പറഞ്ഞു... "ഈ രാത്രിയിലോ...! ഇനി നേരം വെളുത്ത് മുത്തശ്ശിയെ ഒന്നൂടെ കണ്ടിട്ട് പോവാം.. അല്ലെങ്കിൽ അമ്മക്ക് സങ്കടമാവും... " സിന്ധു വളരെയധികം വാത്സല്യം ചാലിച്ച് പറഞ്ഞു...വൈഗ ധർമ സങ്കടത്തിലായി... തന്നെ കണ്ടപ്പോൾ ആ മുഖത്തുണ്ടായ വാത്സല്യവും സ്നേഹവും അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു... "മോള് വാ നമുക്ക് റൂമിലേക്ക് പോവാം..." വല്യമ്മ അവളേയും കൂട്ടി മുറിയിലേക്ക് പോയി.. മനമില്ലാ മനസ്സോടെ അവൾ അവരോടൊപ്പം ചെന്നു... വൈഗയെ കൊണ്ടവർ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു... ശേഷം അവളോട് അടുത്ത് കണ്ട ബെഡിൽ കിടന്നോളാൻ പറഞ്ഞു... കിടന്നിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല... കണ്ണടക്കുമ്പോൾ വീടിനെ കുറിച്ചുള്ള ഓർമയാണ്... ഓർമ വെച്ചിട്ടിന്നുവരെ അവിടുന്ന് ഒരു രാത്രി പോലും മാറി നിന്നിട്ടില്ല...അഞ്ജുവിനേയും രേവതിയേയും ഓർത്തപ്പോൾ അവളുടെ സങ്കടം കൂടി... തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവരാരും കാണാതിരിക്കാനായി അവൾ കണ്ണുകളെ ഇറുകെ മൂടി ഉറക്കം നടിച്ചു കിടന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story