വൈഗ: ഭാഗം 19

vaika shamseena

രചന: ശംസീന

സെറ്റു സാരിയുടുത്തു നിർവികാരയായി നിൽക്കുന്ന വൈഗയുടെ അടുത്തേക്ക് സിന്ധു വന്നു... കയ്യിൽ കരുതിയിരുന്ന ആഭരണങ്ങൾ അവർ അവളുടെ കഴുത്തിലും കയ്യിലുമായി അണിയിച്ചു കൊടുത്തു....അവളുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു... "നീയിങ്ങനെ മുതലക്കണ്ണീർ ഒഴുക്കിയിട്ടൊന്നും ഒരു കാര്യവുമില്ല...എന്ത് തന്നെ വന്നാലും ഈ വിവാഹം നടക്കുക തന്നെ ചെയ്യും..." സിന്ധു അത്യധികം കോപത്തോടെ പറഞ്ഞതും വൈഗ പൊട്ടിക്കരഞ്ഞു പോയിരുന്നു... "ഞ്ഞെ യൊന്ന് വെറുതെ വിട്ടൂടെ നിങ്ങൾക്ക്. ഞാൻ പറഞ്ഞതല്ലേ സ്വത്തും പണവുമെല്ലാം തിരിച്ചെഴുതിത്തരാമെന്ന് പിന്നെ എന്തിനാ എന്നോട് ഈ ക്രൂരത..." കരച്ചിലിനിടയിലും അവൾ അവരോട് ദയനീയമായി പറഞ്ഞു... "അതിന് ആ കിളവി എട്ടിന്റെ പണി തന്നിട്ടല്ലേ പോയത്...നിനക്ക് ജനിക്കാൻ പോവുന്ന കൊച്ചിനാണ് പോലും സ്വത്തുക്കൾ മുഴുവൻ.... നീ വിഷമിക്കേണ്ട ഒരു കൊച്ചു ഉണ്ടായി കഴിയുന്നത് വരെയേ നിന്റെ ആവശ്യമുള്ളൂ അത് കഴിഞ്ഞാൽ പിന്നെ നീ എവിടേക്കാണെന്ന് വെച്ചാ പൊക്കോ..."

അവർ പരിഹാസത്തോടെ പറഞ്ഞുകൊണ്ട് മുറിവിട്ട് പുറത്തേക്ക് പോയി... കുറച്ചു കഴിഞ്ഞതും പുറപ്പെടാൻ സമയം ആയെന്നും പറഞ്ഞു നവിയുടെ സഹോദരി വൈഗയേയും കൂട്ടി കാറിലേക്ക് കയറി....കാർ മുന്നോട്ടെടുത്തതും അവസാനമായവൾ മുത്തശ്ശിയുടെ അസ്ഥി തറയിലേക്ക് നോക്കി വിതുമ്പി...ഒരു പക്ഷേ മുത്തശ്ശി കൂടെ ഉണ്ടായിരുന്നെങ്കിൽ തനിക്കിങ്ങനൊരു അവസ്ഥ വരികയില്ലെന്നവൾ ഓർത്തു....! ക്ഷേത്രത്തിനു മുന്നിലെത്തിയതും കാർ നിന്നു.... "ഇറങ്ങ്... " സിന്ധു ഡോർ തുറന്നു കൊടുത്തതും കണ്ണുകൾ തുടച്ചു കൊണ്ടവൾ പുറത്തേക്കിറങ്ങി...ക്ഷേത്രത്തിലേക്കുള്ള ഓരോ കൽപ്പടവുകൾ കയറുമ്പോഴും ഈ വിവാഹം എങ്ങനെയെങ്കിലും മുടങ്ങണേ എന്നായിരുന്നു അവളുടെ പ്രാർത്ഥന...നടയുടെ മുന്നിലെത്തിയതും അവൾ കൈകൾ കൂപ്പി മനസ്സുരുകി പ്രാർത്ഥിച്ചു... നവി അരികിൽ വന്നു നിന്നത് അവൾ അറിഞ്ഞിരുന്നെങ്കിലും ഒരു നോട്ടം കൊണ്ട് പോലും അവനെ ഗൗനിച്ചില്ല... "നീ എത്ര കാലം എന്നെ മൈൻഡ് ചെയ്യാതെ നടക്കും. ഏറി വന്നാൽ ഇന്ന് രാത്രി വരെ അത് കഴിഞ്ഞാൽ പിന്നെ ഞാൻ പറയേണ്ടല്ലോ..." വഷള ചിരിയോടെ നവി പറയുന്നത് കേട്ട് വൈഗയിൽ അവനോടുള്ള വെറുപ്പ് നുരഞ്ഞു പൊന്തി...

തന്റെ സങ്കടവും ദേഷ്യവും കടിച്ചമർത്തി കൊണ്ടവൾ ആ തിരുനടയിൽ കൈകൾ കൂപ്പി നിന്നു... പൂജാരി വന്നു മന്ത്രോച്ചാരണങ്ങൾ ഉച്ചരിച്ചു.... ശേഷം താലിയെടുത്തു നവിയുടെ കൈകളിലേക്ക് വെച്ചു കൊടുത്തു...നവീൻ വിജയീ ഭാവത്തോടെ ആ താലിയിലേക്ക് നോക്കി ശേഷം വൈഗയേയും.... തന്റെ മുന്നിൽ പരാജയം സമ്മതിച്ചു കൈ കൂപ്പി മിഴിനീർ വാർത്തു നിൽക്കുന്ന വൈഗയെ നോക്കിക്കൊണ്ടവൻ പുച്ഛത്തോടെ മുഖം ഒരു വശത്തേക്ക് കോട്ടി... അവന്റെ കൈകൾ അവളുടെ കഴുത്തിലേക്ക് നീളുന്തോറും തന്റെ കഴുത്തിൽ കൊലക്കയർ മുറുക്കാൻ സമയമായെന്നവൾക്ക് മനസ്സിലായി... അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്ന് തോന്നിയെങ്കിലും കാലുകൾക്ക് ബലം കുറഞ്ഞത് പോലെ അനുഭവപ്പെട്ടു.. ശരീരത്തോടൊപ്പം മനസ്സും ഇന്നൊരുപാട് തളർന്നിരിക്കുന്നു...നവിയുടെ താലിചരട് അവളുടെ കഴുത്തിൽ മുറുകുന്നതിനു മുന്നേ മറ്റൊരാൾ അത് പിടിച്ചു വാങ്ങി വൈഗയുടെ കഴുത്തിലേക്ക് ചാർത്തിയിരുന്നു... താലി പിടിച്ചുവാങ്ങി വൈഗയുടെ കഴുത്തിലേക്ക് ചാർത്തിയ ജീവയെ കണ്ട് നവിയുടെ സർവ്വനാഡീ ഞരമ്പുകളും വലിഞ്ഞു മുറുകി.... വല്യച്ഛൻ ദേഷ്യത്തോടെ ജീവയുടെ അടുത്തേക്ക് പാഞ്ഞടുത്തു...

ബഹളം കേട്ട് കണ്ണ് തുറന്ന വൈഗ മുന്നിൽ നിൽക്കുന്ന ജീവയെ കണ്ടതും ഞെട്ടി ഒരടി പിറകിലേക്ക് മാറി... ആ ഞെട്ടൽ മാറുന്നതിനു മുന്നേ അവന്റെ മോതിര വിരലാൽ അവളുടെ നെറുകിയിൽ സിന്ദൂരം ചാർത്തപ്പെട്ടിരുന്നു ... "എടാ എന്ത് ധൈര്യം ഉണ്ടായിട്ടാടാ നീ ഈ തോന്നിവാസം ചെയ്തത്.... " നവി ജീവയുടെ കഴുത്തിൽ ശക്തിയിൽ പിടിമുറുക്കി...കുറച്ചു നേരത്തെ മല്പിടുത്തത്തിനൊടുവിൽ ജീവ നവീനിനെ പിറകിലേക്ക് തള്ളി... "മാറി നിൽക്കടാ... നീ എന്താ കരുതിയെ ഇവളുടെ കഴുത്തിൽ ഒരു കുരുക്കുമിട്ട് ശിഷ്ടകാലം സുഖമായി ജീവിക്കാമെന്നോ...ഈ ജീവാനന്ദ് ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ലെടാ... കാരണം ഇവൾ എന്റെ പെണ്ണാ എനിക്കായി പിറവി കൊണ്ടവൾ...അങ്ങനെയുള്ള അവളെ ഒരുത്തനും ഞാൻ വിട്ടുതരില്ല...കൊണ്ടുപോകുവാ ഞാനിവളെ എന്റെ പെണ്ണായി ഇനി സ്വന്തമെന്നോ ബന്ധമെന്നോ പറഞ്ഞു ഇവളെ കാണാനായി ആ തറവാടിന്റെ പടി ആരെങ്കിലും ചവിട്ടിയാൽ പിന്നെ അവരവിടുന്ന് രണ്ട് കാലിൽ തിരികെ പോവില്ല,,, ഓർമയിലിരിക്കട്ടെ..." കോപത്തോടെ അവരെയെല്ലാം നോക്കി പറഞ്ഞുകൊണ്ട് ജീവ വൈഗയുടെ കൈയിൽ പിടിച്ചു... "വാ... " അവളപ്പോഴും അനങ്ങാൻ പോലും കഴിയാതെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു....

തീയിൽ നിന്നും തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെയവൾക്ക് തോന്നി... സ്ഥബ്തയായി നിൽക്കുന്നവളുടെ കയ്യിൽ ബലമായി തന്നെ ജീവയുടെ കൈകൾ മുറുകി... "നീ ഇതിന് അനുഭവിക്കും ജീവാ... " പിന്നിൽ നിന്നും ഉറക്കെ വെല്ലുവിളിച്ച നവിയെ പുച്ഛത്തോടെ നോക്കികൊണ്ട് ജീവ അവളേയും കൊണ്ട് അവിടെ നിന്നും പോയി... അവർ പോവുന്നതും നോക്കി നിന്ന നവിയിൽ പ്രതികാരത്തിന്റെ കനലുകൾ എരിഞ്ഞു തുടങ്ങി.... ***** ഒരു ആളൊഴിഞ്ഞ പാടത്തിന്റെ അടുത്തെത്തിയതും ജീവ ബൈക്ക് ഒതുക്കി വൈഗയോട് ഇറങ്ങാനായി പറഞ്ഞു... "നീ എന്തിനാടി ഇങ്ങനെ കിടന്നു മോങ്ങുന്നേ,,, നിന്റെ ആരെയെങ്കിലും തെക്കോട്ടെടുത്തോ... " നിർത്താതെ കരയുന്ന വൈഗയെ കണ്ടവൻ കോപത്തോടെ ചോദിച്ചു...അവന്റെ രൗദ്ര ഭാവം കാണെ വൈഗയിലും നേരിയ ഭയം വന്നു തുടങ്ങി....അവൾ വാ മൂടി തന്റെ കരച്ചിൽ നിയന്ത്രിക്കാൻ ശ്രമിച്ചു... "വൈഗാ..." കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ സൗമ്യമായി വിളിച്ചു... മിഴികൾ സാരിതുമ്പാൽ തുടച്ചു എങ്ങി കൊണ്ടവൾ അവനെ നോക്കി...

"ഞങ്ങളൊന്നും നിന്റെ ആരുമല്ല വൈഗാ... അല്ലെങ്കിൽ ഇതുപോലൊരു സിറ്റുവേഷൻ വന്നപ്പോൾ നിനക്ക് ഞങ്ങളെയൊന്ന് അറിയിച്ചു കൂടായിരുന്നോ..." നോവോടെ പറയുന്നവനെ നോക്കാൻ കഴിയാതെ അവൾ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു... "അന്ന് ഹോസ്പിറ്റലിൽ വെച്ചു നീ ഞങ്ങളുടെ കൂടെ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ആ ദേഷ്യത്തിന് അച്ഛനും പറഞ്ഞു നീയുമായിട്ടൊരു ബന്ധവുമില്ലെന്ന്... എന്നാൽ നിന്നെ ഓർത്ത് കണ്ണീർ വാർക്കാതെ ഒരു രാത്രി പോലും അദ്ദേഹം ഉറങ്ങിയിട്ടില്ല...ചെറിയമ്മ നിന്നെയോർത്ത് ഉരുകുന്നത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട്....നിന്നെ ഇത്രയധികം സ്നേഹിക്കുന്ന ആളുകൾ ഇവിടെയുള്ളപ്പോൾ അത്രയും മോശപ്പെട്ട ഒരവസ്ഥയിൽ നിൽക്കുമ്പോൾ ഞങ്ങളോടൊരു വാക്ക് പറയാമായിരുന്നില്ലേ നിനക്ക്..... അല്ലെങ്കിൽ ഒരു ഫോൺ കാൾ,, ഏത് നരകത്തിലാണെങ്കിലും നിന്നെ വന്നു രക്ഷപ്പെടുത്തുമായിരുന്നില്ലേ ഞങ്ങൾ..." ഇടറുന്ന വാക്കുകളാൽ അവൻ പറഞ്ഞു കൊണ്ട് വേദനയോടെ അവളെ നോക്കി.... "ജീവേട്ടാ... ഞാൻ... "

മറുപടി പറയാൻ കഴിയാതവൾ മിഴിനീർ വാർത്തു... "നിനക്കറിയോ എത്രയോ തവണ ഞാൻ ആ വീടിന്റെ പഠിപ്പുര വരെ വന്നിരിക്കുന്നു നിന്നെയൊന്ന് കാണാൻ... പക്ഷേ അപ്പോഴൊക്കെയും അകലെ നിന്ന് നിന്നെ ഒരു നോക്ക് കണ്ട് മടങ്ങും എന്നതല്ലാതെ നിന്നെ കുറിച്ച് കൂടുതൽ അന്യോഷിച്ചില്ല... പക്ഷേ അന്ന് ഞാൻ അവിടെ വന്നു പോയതിന് ശേഷം അഭി എന്നെ കാണാൻ വന്നിരുന്നു അവനിൽ നിന്നാണ് ഞാൻ കാര്യങ്ങളെല്ലാം അറിഞ്ഞത്... കേട്ടപ്പോൾ നിന്നോട് സഹതാപത്തേക്കാളേറെ ദേഷ്യമാണ് തോന്നിയത്..!ഒരുവാക്ക് നീ എന്നോട് പറഞ്ഞില്ലല്ലോ എന്നോർത്ത്...ഇതറിഞ്ഞ ശേഷം പലതവണ ആലോചിച്ചതാണ് നിന്നെ വിളിച്ചിറക്കി കൊണ്ടുവരാൻ പക്ഷേ സാഹചര്യങ്ങൾ അപ്പോഴും വിലങ്ങു തടിയായി മുന്നിൽ വന്നു നിന്നു.... ഇപ്പോൾ മുന്നിലുള്ള തടസങ്ങളെല്ലാം മാറി നീയെന്റെ സ്വന്തമായി ഇനി ഒരു പോറൽ പോലും ഏൽക്കാതെ പൊന്നു പോലെ നോക്കിക്കോളാം ഞാൻ നിന്നെ..." ജീവ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ആർദ്രമായി പറഞ്ഞു...

പൊടുന്നനെ അവളാ കൈകളെ തട്ടിമാറ്റി.. ഒരു നിമിഷം ജീവയും അവളുടെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു നിന്നു... "നിക്ക് ജീവേട്ടനെ ഒരു ഭർത്താവിന്റെ സ്ഥാനത്തു കാണാൻ കഴിയില്ല... ഞാൻ....ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ട് കൂടിയില്ല..." ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ അവനോടായി പറഞ്ഞു.... "ഞാൻ ചിന്തിച്ചിരുന്നു വൈഗാ... ഇത് പെട്ടന്നൊരു ആവേശത്തിന്റെ പുറത്തെടുത്ത തീരുമാനമല്ല,,, മറിച്ചു ദിവസങ്ങളായി ഞാൻ എന്റെ ഉള്ളിൽ കൂട്ടിയും കിഴിച്ചും എടുത്ത തീരുമാനമാണ്... ഇനി ഞാൻ നന്മുടെ തറവാട്ടിലേക്ക് തിരികെ പോകുന്നുണ്ടെങ്കിൽ എന്റെ ഇടം കയ്യിൽ നിന്റെ വലതു കരവും കഴുത്തിൽ ഞാൻ കെട്ടിയ ആലിലത്താലിയും ഉണ്ടാകുമെന്നത്... ഒരു പക്ഷേ നിനക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ലായിരിക്കും അതിൽ എനിക്കൊരു പരിഭവവും ഇല്ല... ഈ ജന്മം മുഴുവൻ നിന്നെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്...നിന്റെ മനസ്സിൽ എന്നോടെന്ന് സ്നേഹം തോന്നുന്നോ അല്ലെങ്കിൽ എന്നെ നിന്റെ ഭർത്താവായിട്ട് അംഗീകരിക്കാൻ എന്ന് തോന്നുന്നോ അന്ന് മതി നീയും ഞാനുമായിട്ടുള്ള ഒരുമിച്ചൊരു ജീവിതം... പക്ഷേ ഈ ജന്മം എന്റെ താലിക്കവകാശി ഈ നിൽക്കുന്ന വൈഗാ ലക്ഷ്മി മാത്രമായിരിക്കും.... "

അവന്റെ ഉറച്ച വാക്കുകൾ കേൾക്കെ മറുത്തൊന്നും പറയാൻ കഴിയാതവൾ നിസ്സഹായയായി നിന്നു... അവളുടെ ഉള്ളിൽ ജയന്തിയുടെ മുഖം മിന്നി മാഞ്ഞു.... ഇക്കാര്യങ്ങളെല്ലാം അറിയുമ്പോൾ അവരുടെ പ്രതികരണം ഓർത്തുകൊണ്ടവളുടെ ഹൃദയം ഇപ്പോഴേ പട പടാ മിടിക്കാൻ തുടങ്ങി... "എനിക്കറിയാം നീയിപ്പോൾ എന്താണ് ആലോചിക്കുന്നതെന്ന്...!അമ്മയെ കുറിച്ചല്ലേ...? അതോർത്തു നീ തലപ്പുണ്ണാക്കേണ്ട നിന്റെ മാറിൽ കിടക്കുന്നത് ഞാൻ കെട്ടിയ താലിയാണെങ്കിൽ നിന്നെ എങ്ങനെ സംരക്ഷിക്കണമെന്നും എനിക്കറിയാം.... കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ വണ്ടിയിൽ കയറ്... നമ്മൾ ഇവിടെയിങ്ങനെ ഒരുപാട് നേരമായി നിൽക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ആളുകൾ ശ്രദ്ധിക്കുന്നുണ്ട്...." റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന നാട്ടുകാരിൽ ചിലരെ നോക്കി പറഞ്ഞിട്ടവൻ ബൈക്കിൽ കയറി... "വൈഗാ... " ബൈക്കിൽ കയറാതെ നിൽക്കുന്നവളെ നോക്കി അവൻ ദേഷ്യത്തോടെ വിളിച്ചതും ഞെട്ടി പിടഞ്ഞു കൊണ്ടവൾ അവന്റെ പിന്നിൽ കയറി... ബൈക്ക് അവരുടെ തറവാട് ലക്ഷ്യം വെച്ചു കൊണ്ട് മുന്നോട്ട് നീങ്ങി... ***** വീടിന്റെ ഉമ്മറത്തു ഫോണിൽ നോക്കിയിരിക്കുമ്പോഴാണ് പഠിപ്പുര കടന്നു വരുന്ന ജീവയുടെ ബൈക്ക് മാലതി കണ്ടത്...

പിറകിലിരിക്കുന്ന വൈഗയുടെ മുഖം അവർ കണ്ടില്ലെങ്കിലും അതൊരു സ്ത്രീയാണെന്ന് അവർക്ക് മനസ്സിലായിരുന്നു... അവർ വെപ്രാളത്തോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അകത്തേക്കോടി... "നാത്തൂനേ... നാത്തൂനേ..." അവരുടെ ഉറക്കെയുള്ള വിളികേട്ട് ആ തറവാട്ടിലുള്ളവരെല്ലാം കോലായിലേക്കോടി വന്നു... "എന്താ എന്താ ഏട്ടത്തി... " ജയന്തി പരിഭ്രമത്തോടെ ചോദിച്ചുകൊണ്ട് മാലതിയുടെ അടുക്കലേക്ക് ചെന്നു.... "നമ്മുടെ... ജീവയുണ്ടല്ലോ... അവൻ ഏതോ ഒരു പെണ്ണിനേയും കൂട്ടികൊണ്ട് വന്നിരിക്കുന്നു...." കിതപ്പോടെ അവർ കാര്യം പറഞ്ഞതും ജയന്തിയും മറ്റുള്ളവരും പിന്നാലെ ഓടി... മുറ്റത്ത് തനിയേ നിൽക്കുന്ന ജീവയെ കണ്ടപ്പോൾ അവരെല്ലാം ഒന്ന് ആശ്വസിച്ചു... പക്ഷേ അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് തന്റെ പിന്നിൽ നിൽക്കുന്ന വൈഗയെ അവൻ വലിച്ചു മുന്നിലേക്ക് നിർത്തി....

സിന്തൂരവും താലിയും അണിഞ്ഞു ജീവയുടെ കൂടെ നിൽക്കുന്ന വൈഗയെ കണ്ടതും ജയന്തിയുടെ ശരീരമാകെ തളരുന്നത് പോലെ തോന്നി... അവർ ഒരു ബലത്തിനായി അടുത്തുണ്ടായിരുന്ന തൂണിലേക്ക് ചാരി...രേവതിക്ക് ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും പെട്ടന്ന് ഇരുവരേയും വിവാഹിതരായി കണ്ടപ്പോൾ കുഞ്ഞു പരിഭവം തോന്നി....തങ്ങളോടും കൂടെ ആലോചിച്ചു ഇതുപോലൊരു തീരുമാനം എടുക്കാമായിരുന്നു എന്നവർ ചിന്തിച്ചു...വൈഗയുടെ കയ്യും പിടിച്ചു തറവാട്ടിലേക്ക് കയറാൻ തുടങ്ങിയ ജീവയെ ആനന്ദ് തടഞ്ഞു... അദ്ദേഹത്തിന്റെ തീരുമാനം എന്തായിരിക്കും എന്നറിയാൻ അവരെല്ലാം കാത്തിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story