വൈഗ: ഭാഗം 20

vaika shamseena

രചന: ശംസീന

"മോളെ അഞ്ജു പോയി നിലവിളക്കെടുത്ത് വാ,, രേവതി നീയും ചെല്ല്... " ജീവയെ തടഞ്ഞു കൊണ്ട് ആനന്ദ് പറഞ്ഞതും അഞ്ജു വേഗത്തിൽ അകത്തേക്ക് പോയി ഏഴു തിരിയിട്ട് കത്തിച്ചു വെച്ച നിലവിളക്കുമായി ഉമ്മറത്തേക്ക് വന്നു... ജീവയിൽ നിന്നും വിട്ട് നിൽക്കുന്ന വൈഗയെ അടുത്തേക്ക് പിടിച്ചു നിർത്തി രേവതിയമ്മ ആരതി ഉഴിഞ്ഞു... ശേഷം അഞ്ജുവിന്റെ കയ്യിൽ നിന്നും വിളക്ക് വാങ്ങി അവളുടെ കയ്യിലേക്ക് കൊടുത്തു... നിറക്കണ്ണുകളോടെയായിരുന്നു അവൾ വിളക്ക് വാങ്ങിച്ചത്.... "ഈശ്വരന്മാരെ മനസ്സിൽ ധ്യാനിച്ചു വലതു കാൽ വെച്ച് അകത്തേക്ക് വാ... " രേവതി പറഞ്ഞതും അവൾ ജീവയെ നോക്കി... അവൻ ഇരു കണ്ണുകളും ചിമ്മി അനുവാദം കൊടുത്തതും വൈഗ വലതുകാൽ വെച്ചു ആ തറവാട്ടിലേക്ക് കയറി.... ഇതെല്ലാം കണ്ട് നിന്ന ജയന്തി കോപം സഹിക്കവയ്യാതെ അവളുടെ കയ്യിൽ നിന്നും വിളക്ക് പിടിച്ചു വാങ്ങി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു... "ജയന്തി... എന്ത് അഹങ്കാരമാണ് നീയി കാണിക്കുന്നത്...." ആനന്ദ് ശബ്‍ദമുയർത്തി... "കാണിച്ചെന്നോ...! കാണിക്കാൻ പോവുന്നതേയുള്ളൂ... എന്നേയും ഈ നിൽക്കുന്ന പാവം പിടിച്ച പെണ്ണിനേയും കോമാളിയാക്കി നീ ഇവളുടെ കൂടെ സുഖിച്ചു കഴിയാമെന്നൊരിക്കലും കരുതേണ്ട...

അതിന് ഈ ജയന്തി ജീവനുള്ളിടത്തോളം കാലം സമ്മതിക്കത്തില്ല...." അവർ അടുത്ത് നിന്ന ശീതളിനെ ചേർത്ത് പിടിച്ചു കൊണ്ട് ജീവയുടെ നേരെ അലറി... "അതിന് ആർക്ക് വേണം നിങ്ങളുടെ സമ്മതം...ഇതെന്റെ ജീവിതമാണ് അത് ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് ഞാനാണ് അല്ലാതെ അമ്മയല്ല...." ജീവ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു... "ഞാൻ തീരുമാനിക്കുമെടാ നിന്നെ ഞാനാണ് പ്രസവിച്ചതെങ്കിൽ നിന്റെ ഓരോ കാര്യങ്ങളും തീരുമാനിക്കാനുള്ള അവകാശവും എനിക്കുണ്ട്... " ജയന്തി തോറ്റു കൊടുക്കാൻ തയ്യാറല്ലാത്തത് പോലെ വാക്കുകൾ കൊണ്ട് അവനെ എതിർത്തു നിന്നു... "ആ അവകാശമെല്ലാം എന്നോ നഷ്ടപ്പെട്ടു അമ്മേ,,,അല്ല നിങ്ങൾ നഷ്ട്ടപെടുത്തി...ഇനി എന്റെ ജീവിതം എങ്ങനെ വേണമെന്നുള്ളത് ഞാൻ തീരുമാനിക്കും...." ഉറച്ച വാക്കുകളോടെ പറഞ്ഞു കൊണ്ട് ജീവ വൈഗയുമായി മുറിയിലേക്ക് പോയി...അവർ പോവുന്നതും നോക്കി നിന്ന ജയന്തിയിൽ വൈഗയോടുള്ള വെറുപ്പും വിദ്വെശവും ഇരട്ടിയായി... അത് പതിന്മടങ്ങാക്കാൻ എന്ന പോലെ മാലതിയും ശീതളും അവരുടെ ഒപ്പം തന്നെയുണ്ടായിരുന്നു.... ****

"ഇനിയും നീ ഇരുന്ന് മോങ്ങുന്നത് കണ്ടാൽ ഒറ്റക്കീറങ്ങ് വെച്ചു തരും ഞാൻ...മിണ്ടാണ്ടിരിക്കെടി,,, കുറച്ചു സമയമായി നീ വെറുതെ ആവശ്യമില്ലാതെ കരയാൻ തുടങ്ങിയിട്ട്..." ചുമരിൽ ചാരി നിന്ന് കരയുന്ന വൈഗയെ നോക്കി ജീവ അലറി... "പിന്നെ സങ്കടം വന്നാൽ കരയേണ്ടേ,, അല്ലാതെ ജീവേട്ടന്റെ പോലെ മസിലും പിടിച്ചിരിക്കാൻ ആർക്കെങ്കിലും പറ്റുമോ.... " അവനോടുള്ള ദേഷ്യം വാക്കുകളായി പുറത്തേക്ക് പ്രവഹിച്ചതും അവൻ ശാന്തമായൊന്ന് ചിരിച്ചു... "അപ്പോൾ ഈ വായിൽ നാവൊക്കെ ഉണ്ടല്ലേ... ഇതുപോലെ വേണം എപ്പോഴും,,, ഒന്ന് പറഞ്ഞാൽ രണ്ടെണ്ണം തിരികെ പറയുന്ന വൈഗയെയാണ് എനിക്കും ഇഷ്ടം..." കുറുമ്പോടെ പറഞ്ഞു കൊണ്ടവൻ മീശ തുമ്പ് കടിച്ചു പിടിച്ചു വല്ലാത്തൊരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു...അവൻ അടുത്തേക്ക് വരുംന്തോറും അവൾ ചുവരിലേക്ക് കൂടുതൽ അമർന്നു നിന്നു... "മ്മ്ഹ്ഹ്...എസ്ക്യൂസ്മീ,, അകത്തേക്ക് വരവോ... " കട്ടിളപ്പടിയിൽ ചാരി നിന്നു അഞ്ജു മുരടനക്കി ചോദിച്ചു... "കേറി വാടി..." ജീവ വൈഗയുടെ അടുത്ത് നിന്നും മാറി കട്ടിലിലേക്കിരുന്നു...

"കൊട് കൈ... " അഞ്ജു ജീവയുടെ കയ്യിൽ പിടിച്ചു കുലുക്കി സന്തോഷത്തോടെ പറഞ്ഞു...കാര്യം പിടികിട്ടിയ ജീവ തല കുലുക്കിയൊന്ന് ചിരിച്ചു... "എന്നാലും ജീവേട്ടന് ഇത്രക്കും ധൈര്യമുണ്ടെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല... ഹാ വല്യമ്മയുടെ അല്ലേ മോൻ അപ്പോൾ അതിന്റെ കുറച്ചു ഗുണമെങ്കിലും കാണാതിരിക്കില്ല..." "ഡീ... ഡീ... " ജീവ കെർവോടെ വിളിച്ചു.... "അതൊക്കെ നിൽക്കട്ടെ ഇവളെ ആ രാക്ഷസ കൂട്ടത്തിൽ എങ്ങനെ പൊക്കി.... " അഞ്ജു വൈഗയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു... "ഹോ അതൊരു വലിയ ടാസ്ക് തന്നെയായിരുന്നു...കുറച്ചു മൽപ്പിടുത്തം വേണ്ടി വന്നു..." അവൻ തന്റെ കയ്യിലുള്ള ഇടിവള കയറ്റി കൊണ്ട് പറഞ്ഞു... "ആണോ,,, ഇനി അവരെങ്ങാനും തിരിച്ചു വരുമോ... ഏയ്‌ അതിന് വഴിയില്ല എല്ലാവർക്കും വയറ് നിറച്ചു ഞാൻ കൊടുത്തിട്ടുണ്ട്...നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ പുറത്തു പോയിട്ട് വരാം..." ജീവ എഴുന്നേറ്റ് പുറത്തേക്ക് പോയതും അഞ്ജു വൈഗയുമായി രേവതിയുടെ അടുക്കലേക്ക് ചെന്നു... "മോളെ വൈഗേ..." അവർ വാൽസല്യത്തോടെ കവിളിൽ തഴുകി...

അവൾ ആ വാൽസല്യ ചൂടിൽ അവരുടെ തോളിലേക്ക് ചാഞ്ഞു കണ്ണീർ വാർത്തു... "ഇനിയും എന്തിനാ ഈ സങ്കടം ആ നരകത്തിൽ നിന്നും രക്ഷപ്പെട്ടതോർത്ത്‌ സന്തോഷിക്കുകയല്ലേ വേണ്ടത്....ജീവ വന്നു പറഞ്ഞപ്പോഴാണ് കാര്യങ്ങളെല്ലാം അറിഞ്ഞത്,,, ന്റെ മോള് ഒത്തിരി അനുഭവിച്ചല്ലേ... സാരല്ല എല്ലാം നല്ലതിന് വേണ്ടി മാത്രമാണെന്ന് കരുതിയാൽ മതി..." തന്റെ സങ്കടങ്ങൾക്ക്‌ തെല്ലൊരാശ്വാസം കിട്ടിയതും അവൾ അവരിൽ നിന്നും വിട്ടുമാറി... "ഞാൻ... അച്ഛനേയും അമ്മയേയും ഒന്ന് കണ്ടിട്ട് വരാം.. അവർക്കും എന്നോട് ദേഷ്യമായിരിക്കും അല്ലേ..." വൈഗ വിതുമ്പലടക്കി.... "ആര് പറഞ്ഞു...അവർക്ക് സന്തോഷമേ ഉണ്ടാവൂ... നിന്നെ ഗർഭം ധരിച്ചിരുന്ന സമയത്ത് നിന്റെ അമ്മ എപ്പോഴും പറയുമായിരുന്നു ജനിക്കുന്നതൊരു മോളാണെങ്കിൽ അവളെ ജീവയെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന്... വൈകിയാണെങ്കിലും അവളുടെ ആഗ്രഹം ഈശ്വരൻ സഫലമാക്കി കൊടുത്തു... മോള് പോയി കണ്ടിട്ട് വാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന് ജീവ പറഞ്ഞു..." വൈഗ അഞ്ജുവിന്റെ കൂടെ തന്റെ അമ്മയും അച്ഛനും ഉറങ്ങുന്ന തെക്കേ തൊടിയിലേക്ക് നടന്നു.... *****

അമ്മയുടേയും അച്ഛന്റേയും അസ്ഥി തറക്ക് മുന്നിൽ ഇരിക്കുമ്പോൾ അവൾ പഴയ കുഞ്ഞു വൈഗയാവുകയായിരുന്നു... കുഞ്ഞു നാളിൽ വിഷമം വന്നാൽ ആദ്യം വന്നു പറയുന്നത് അമ്മയോടും അച്ഛനോടും ആയിരിക്കും... അപ്പോൾ ആശ്വസിപ്പിക്കാൻ എന്നപോലെ എവിടെ നിന്നോ ഒരു ഇളം തെന്നൽ തന്നെ തഴുകി കടന്നു പോകും...ഇന്ന് പക്ഷേ അതില്ല അതിനർത്ഥം അച്ഛനും അമ്മയ്ക്കും തന്നോട് ദേഷ്യമായിരിക്കും എന്നാണോ... അവളുടെ മനസ്സിൽ ആവശ്യമില്ലാത്ത ഓരോ ചിന്തകളും കടന്നു കൂടി...നിസ്സഹായായവൾ അസ്ഥി തറയിലേക്ക് മുഖമമർത്തി പൊട്ടികരഞ്ഞു... "ന്നോട് ദേഷ്യപ്പെടല്ലേ അമ്മേ.. നിക്ക് നിങ്ങളല്ലാതെ വേറൊരാളും ഇല്ലെന്ന് അറിഞ്ഞു കൂടെ.. എന്നിട്ടും എന്റെ സങ്കടം കണ്ടില്ലെന്ന് നടിക്കുകയാണോ...." കരച്ചിലിനിടയിലും അവൾ പതം പറഞ്ഞു കൊണ്ടിരുന്നു...അതേ നിമിഷം തന്നെ അവളെ ഒരിളം തെന്നൽ തഴുകി കടന്നു പോയി... അവിടെ പൂത്തു നിന്നിരുന്ന അരളി മരം അവളുടെ മേലേക്ക് പൂക്കൾ വർഷിച്ചു....തന്റെ അമ്മയുടേയും അച്ഛന്റെയും സാന്നിധ്യം തിരിച്ചറിഞ്ഞ വൈഗ കണ്ണുകൾ തുടച്ച് അവിടെ നിന്നും എഴുന്നേറ്റു... മനസ്സുകൊണ്ടവരുടെ അനുഗ്രഹം വാങ്ങി കൊണ്ടവൾ തിരികെ തറവാട്ടിലേക്ക് തന്നെ ചെന്നു.... ****

"ഇതാർക്കാ കുഞ്ഞമ്മായി പാല്... ഇവിടെ രാത്രി ആരും പാല് കുടിക്കുന്ന പതിവില്ലല്ലോ..." പാല് തിളപ്പിച്ച്‌ കൊണ്ടിരുന്ന രേവതിയുടെ അടുത്തേക്ക് വന്നു വൈഗ ചോദിച്ചു.... "എടി ബുദൂസേ ഇന്ന് നിങ്ങളുടെ ആദ്യ രാത്രിയല്ലേ അതിന് വേണ്ടിയിട്ടാണ് ഈ പാല്... അപ്രതീക്ഷിതമായി നടന്ന വിവാഹമാണെങ്കിലും ആദ്യ രാത്രി എന്ന് പറയുന്നത് ജീവിതത്തിൽ ഒരു വട്ടം മാത്രം സംഭവിക്കുന്ന കാര്യമല്ലേ..." അടുത്ത് നിന്ന അഞ്ജു വൈഗയുടെ തലക്കിട്ടൊരു കിഴുക്ക് വെച്ചു കൊടുത്തു... "ചെറിയ വായിൽ വലിയ വർത്തമാനം പറയാതെ പോയി കിടന്നുറങ്ങെടി..... " രേവതി അഞ്ജുവിനെ അടുക്കളയിൽ നിന്നും ഓടിച്ചു... ശേഷം പാലെടുത്തു ഒരു ഗ്ലാസ്സിലേക്ക് പകർത്തി വൈഗയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു... "ചെല്ല് അവനവിടെ കാത്തിരിപ്പുണ്ടാവും... " മടിച്ചു നിന്ന വൈഗയെ അവർ നിർബന്ധിച്ചു മുകളിലേക്ക് പറഞ്ഞയച്ചു.. "പുതു മണവാട്ടി ഒന്നവിടെ നിന്നേ... " കോണിപ്പടികൾ കയറി മുകളിലെത്തിയതും പിന്നിൽ നിന്നും ശീതളിന്റെ ശബ്‍ദം കേട്ടതും വൈഗ തിരിഞ്ഞു നോക്കി...

"ആഹാ പാലൊക്കെ ഉണ്ടല്ലോ കയ്യിൽ.. ഓ സോറി ഞാനത് മറന്നു പോയി ഇന്ന് നിങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ ആണല്ലോ അല്ലേ..." ശീതളിന്റെ പരിഹാസം കേട്ടതും വൈഗ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു... "നീ ജീവേട്ടനേയും തട്ടിയെടുത്ത് വലിയ മിടുക്കിയായെന്ന് കരുതുകയൊന്നും വേണ്ടാ... ജീവേട്ടനെ ഞാൻ മോഹിച്ചതാ അതെങ്ങനെ നേടിയെടുക്കണമെന്നും എനിക്കറിയാം... നിന്നെ കൊന്നിട്ടാണെങ്കിലും അത് ഞാൻ സാധിച്ചെടുത്തിരിക്കും... കരുതിയിരുന്നോ നിനക്ക്‌ അധികം ആയുസ്സില്ല... നിന്റെ തള്ളയെ പോലെ അകാലത്തിൽ എരിഞ്ഞടങ്ങാനാണ് നിന്റെയും വിധി..." ശീതൾ പകയോടെ പറഞ്ഞു കഴിഞ്ഞതും വൈഗയുടെ കൈ അവളുടെ കവിളിൽ ശക്തിയിൽ പതിഞ്ഞിരുന്നു.... "അരേ വാ,,,എന്താ ഒരു ടൈമിംഗ്,,, ഇപ്പോഴാടി നീ ഈ ജീവാനന്ദിന്റെ ഭാര്യയായത്..." ഇതെല്ലാം കണ്ട് കൊണ്ട് നിന്നിരുന്ന ജീവ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു... "കിട്ടേണ്ടതെല്ലാം കിട്ടി ബോധിച്ചല്ലോ അല്ല ചോദിച്ചു മേടിച്ചല്ലോ ഇനി മോള് പോയി ചാച്ചിക്കോ... ഇനിയും ഇതുപോലെ അടി എരന്നു വാങ്ങിക്കേണ്ടതല്ലേ... "

പുകഞ്ഞ കവിൾ പൊത്തി പിടിച്ചു നിൽക്കുന്ന ശീതളിനെ നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് ജീവ വൈഗയേയും കൂട്ടി മുറിയിൽ കയറി കതകടച്ചു... "നിനക്ക് ഇത്രക്കൊക്കെ ധൈര്യമുണ്ടായിരുന്നോ.." മുറിയിൽ കയറിയതും ജീവ ചോദിച്ചു... "അത് പിന്നെ,, ഞാൻ ഇതുവരെ കാണുക പോലും ചെയ്യാത്ത എന്റെ അമ്മയെ പറ്റി പറഞ്ഞപ്പോൾ നിയന്ത്രണം വിട്ട് പോയി അങ്ങനെ സംഭവിച്ചതാ..." "അതെന്തായാലും നന്നായി അവൾക്കൊരു അടിയുടെ കുറവുണ്ടായിരുന്നു..." പറഞ്ഞുകൊണ്ട് ജീവ അവളുടെ കയ്യിലുള്ള പാൽ ഗ്ലാസ്‌ വാങ്ങി ടേബിളിലേക്ക് വെച്ചു... "കിടന്നോ,,, നിനക്ക് നല്ല ക്ഷീണമുണ്ട്....നന്നായൊന്നുറങ്ങിയാൽ എല്ലാ ക്ഷീണവും പമ്പ കടക്കും..." പറയുന്നതിനൊപ്പം ജീവ ഷർട്ടഴിച്ചു ഹാങ്കറിൽ തൂക്കി ബെഡിലേക്ക് കിടന്നു...വെറും ബനിയനും തുണിയും മാത്രമുടുത്ത് കിടക്കുന്ന ജീവയെ കണ്ടതും വൈഗ മുഖം മറച്ചു തിരിഞ്ഞു നിന്നു... "വൈഗാ... " തിരിഞ്ഞു നിൽക്കുന്ന വൈഗയെ നോക്കി അവൻ ഗൗരവത്തിൽ വിളിച്ചതും അവൾ ഷെൽഫിൽ നിന്നും ഒരു ബെഡ്‌ ഷീറ്റെടുത്ത് തറയിൽ വിരിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story