വൈഗ: ഭാഗം 21

രചന: ശംസീന

 "ഇതാർക്കാ തറയിൽ ഷീറ്റ് വിരിക്കുന്നെ...?" "എനിക്ക് അല്ലാതാർക്കാണ്... " അവൾ വളരെ ലാഘവത്തോടെ പറഞ്ഞിട്ടവനെ നോക്കി... "കട്ടിലിൽ ഫുഡ്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ പിന്നെന്തിനാ നീ തറയിൽ കിടന്നു തണുപ്പടിക്കുന്നെ..." ജീവ ഗൗരവത്തിലൊന്നവളെ നോക്കി... "അത് ഞാനങ്ങ് സഹിച്ചോളാം... " അവനെ പുച്ഛിച്ചു കൊണ്ടവൾ തറയിൽ വിരിച്ച ഷീറ്റിലേക്ക് ചുരുണ്ട് കൂടി... കണ്ണുകൾ അടച്ചു കിടന്നെങ്കിലും അവൾ ഉറങ്ങിയിട്ടിലായിരുന്നു... ജീവ എഴുന്നേൽക്കുന്നതും ലൈറ്റ് ഓഫ്‌ ചെയ്യുന്നതുമെല്ലാം അവൾ അറിയുന്നുണ്ടായിരുന്നു... അത് കഴിഞ്ഞ് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും കിടന്നിടത്ത് നിന്നും വൈഗ വായുവിൽ ഉയർന്നു പൊന്തി... "ജീവേട്ടാ... എന്താ ഈ കാണിക്കുന്നേ.. താഴെയിറക്ക്‌..." അവൾ അവന്റെ കയ്യിൽ കിടന്നു കുതറി... "അടങ്ങി കിടന്നോ.. മര്യാദക്ക്‌ പറഞ്ഞാൽ നിനക്ക് അനുസരിക്കാൻ വയ്യല്ലേ... " അതും പറഞ്ഞുകൊണ്ടവൻ അവളെ കട്ടിലിലേക്കിട്ടു... "തനിക്കെന്തിന്റെ കേടാടോ... " ദേഷ്യം വന്ന വൈഗ അവനു നേരെ പൊട്ടിത്തെറിച്ചു...

"എനിക്കെന്തിന്റെ കേടാണെന്ന് മോൾക്ക് അറിയാണോ...പിന്നീട് ഇവിടെ കിടന്ന് നിലവിളിച്ചിട്ടൊന്നും യാതൊരു കാര്യവും ഉണ്ടാവില്ല..." കുറുമ്പോടെ പറഞ്ഞിട്ടവൻ മീശ തുമ്പൊന്ന് പിരിച്ചു വെച്ചു... അവന്റെ സംസാരം കേട്ടവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... "മറുപടി പറ വൈഗാ.. നിനക്കറിയണോ... " "വേ.. വേണ്ടാ... " പതർച്ചയോടെ പറയുന്നവളെ നോക്കി ജീവ കട്ടിലിലേക്ക് കിടന്നു... "ജീവേട്ടനും ഇവിടെയാണോ കിടക്കുന്നേ... " അവൾ കട്ടിലിന്റെയൊരു മൂലയിലേക്ക് നീങ്ങിയിരുന്നു... "പിന്നെ നിന്റെ മറ്റവൻ ഇവിടെ വേറെ കട്ടിലും ബെഡും കൊണ്ടിട്ടിട്ടുണ്ടോ എനിക്ക് കിടക്കാനായിട്ട്...മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ...." അത്രയും പറഞ്ഞതിന് ശേഷം ദേഷ്യത്തിൽ ജീവ മറു വശത്തേക്ക് ചെരിഞ്ഞു കിടന്നു...ഇനിയും എന്തെങ്കിലും അടവിറക്കിയാൽ ജീവ അതെല്ലാം പൊളിച്ചു കയ്യിൽ കൊടുക്കുമെന്ന് അറിയാവുന്നത് കൊണ്ടവളും കട്ടിലിന്റെ മറുവശത്ത് കിടന്നു... കുറച്ചു കഴിഞ്ഞതും ഉറങ്ങാതിരുന്നിരുന്ന വൈഗ ജീവയെ തലചെരിച്ചൊന്ന് നോക്കി... അവൻ നല്ല ഉറക്കം പിടിച്ചെന്ന് കണ്ടതും അവളും പതിയെ കണ്ണുകളടച്ചു... പെട്ടന്നാണ് ദേഹത്തേക്ക് ഭാരമുള്ള എന്തോ ഒന്ന് വന്നു വീണത്... അവൾ പേടിച്ചു തലയുയർത്തി നോക്കി...

ജീവയുടെ ഒരു കയ്യും കാലും തന്റെ ദേഹത്താണ്...അവനെ ഉണർത്താതെ തന്നെ അവളത് എടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല... അവൻ അത്രയും ശക്തിയിലായിരുന്നു അവളെ പിടിച്ചിരുന്നത്.... എങ്ങനെ നോക്കിയിട്ടും അവന്റെ കയ്യും കാലും ദേഹത്ത് നിന്നും മാറ്റാൻ അവൾക്ക് കഴിഞ്ഞില്ല... ഒടുവിൽ അവനെ ഉള്ളിൽ ചീത്ത പറഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു... വൈഗ ഉറങ്ങിയെന്ന് കണ്ടതും അത്രയും നേരം കള്ള ഉറക്കം നഠിച്ചിരുന്ന ജീവ ചിരിയോടെ കണ്ണുകൾ തുറന്നു... അവളുടെ ദേഹത്തു നിന്നും കയ്യും കാലും എടുത്ത് മാറ്റിയ ശേഷം അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി പൊതിഞ്ഞു പിടിച്ചു...ഗാഡ്ഢ നിദ്രയിലായിരുന്ന വൈഗ അവന്റെ നെഞ്ചിലെ ചൂട് തട്ടിയതും അവിടേക്ക് മുഖം അമർത്തി വെച്ചു... രാവിലെ മുഖത്തേക്ക് വെളിച്ചം തട്ടിയതും ജീവ കണ്ണുകൾ തുറന്നു. വൈഗ അപ്പോഴും തന്റെ നെഞ്ചോട് ചേർന്ന് സുഖ നിദ്രയിലാണെന്നുള്ളത് അവന്റെ മനം നിറച്ചു... തന്നെ കെട്ടിപിടിച്ചാണ് രാവ് പുലരുവോളം അവൾ കിടന്നതെന്നറിഞ്ഞാൽ പെണ്ണ് രാക്ഷസിയാവുമെന്നവന് അറിയാമായിരുന്നു... അതുകൊണ്ട് അവളെ ഉണർത്താതെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ജീവ രാത്രിയിൽ കിടന്നിരുന്ന പോലെ ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു...

ഉറക്കം മുറിഞ്ഞതും വൈഗ കണ്ണുകൾ തുറന്നു ആദ്യം നോക്കിയത് തന്റെ ദേഹത്തേക്കായിരുന്നു...കുഴപ്പമൊന്നുമില്ലെന്ന് കണ്ടതും അവൾ നെടുവീർപ്പിട്ടു എഴുന്നേറ്റു... വസ്ത്രങ്ങളെല്ലാം താഴെ തന്റെ പഴയ മുറിയിൽ ആയിരുന്നു... മുടിയും വാരി ചുറ്റി ഒരു കോട്ടുവായും ഇട്ട് അവൾ താഴേക്ക് ചെന്നു... "എന്ന് തുടങ്ങി ഈ ദുശീലമൊക്കെ... " കാലത്തേ പുസ്തകം തുറന്നു മുറിയിലിരുന്ന് വായിക്കുന്ന അഞ്ജുവിനെ കണ്ടപ്പോൾ വൈഗ കളിയോടെ ചോദിച്ചു... "ഒന്ന് പോടി... ഇന്ന് ക്ലാസ്സ്‌ ടെസ്റ്റ്‌ ഉള്ളതാണ്... എങ്ങാനും മാർക്ക്‌ കുറഞ്ഞാൽ ആ കടുവ എന്നെ എടുത്തിട്ട് കുടയും...." "ഏത് കടുവ... " കട്ടിളപ്പടിയിൽ ചാരി നിന്നിരുന്ന വൈഗ മുറിക്കകത്തേക്ക് കയറി ചോദിച്ചു... "നിനക്കറിയില്ലല്ലോ... ഞാൻ പറഞ്ഞു തരാം... ഞങ്ങടെ കോളേജിൽ പുതുതായി വന്ന സാറാണ്... കാണാൻ ഹൃഥ്വിക് റോഷന്റെ ലുക്കുണ്ടെങ്കിലും സ്വഭാവം തനി കടുവയുടേതാണ്... അമ്മേ... ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..." അവൾ തലയൊന്ന് കുടഞ്ഞു വീണ്ടും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.... വൈഗ ഒരു ചിരിയോടെ അലമാരയിൽ നിന്നും മറിയുടുക്കാനുള്ള വസ്ത്രവുമെടുത്ത് ബാത്റൂമിലേക്ക് കയറി... **** ജീവ പുറത്തേക്ക് പോവാൻ റെഡിയാവുമ്പോഴാണ് വൈഗ ചായയുമായി മുറിയിലേക്ക് കടന്നു വന്നത്...

"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ... " തോളിൽ കിടന്നിരുന്ന തോർത്തെടുത്തു അവളുടെ മുഖത്തേക്കിട്ടു അവൻ ചെറുതായൊന്നു മൂളി... വൈഗ തോർത്ത്‌ മുഖത്ത് നിന്നും തോർത്ത്‌ വലിച്ചു മാറ്റി അവനെ ദേഷ്യത്തോടെ നോക്കി... "നീയെന്നെ നോക്കി ദഹിപ്പിച്ചു കളയുമല്ലോ ഉണ്ടക്കണ്ണി... " അവളെ നോക്കി കുസൃതിയാലേ പറഞ്ഞു ചായ കപ്പ് വാങ്ങി ചുണ്ടോട് ചേർത്തു... "നീ വേഗം റെഡിയാവ് നമുക്കൊന്ന് പുറത്തു പോയി വരാം... " ചായ മോന്തി കപ്പ് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തിട്ടവൻ പറഞ്ഞു... "ഇപ്പോഴോ...? " അവൾ ഉണ്ട കണ്ണ് തള്ളി അവനെ നോക്കി... "പിന്നെ അതിനിനി കണിയാനെ കണ്ട് നേരവും കാലവും കുറിപ്പിക്കണോ...നിന്ന് കൊഞ്ചാതെ വേഷം മാറി വാ പെണ്ണേ... " വൈഗ ചാടി തുള്ളി ഡ്രസ്സ്‌ മാറാനായി പോയി.. "അതേയ് എന്റെ ഷെൽഫിൽ ഒരു പൊതിയുണ്ട്... അതിലുണ്ട് നിനക്കുടുക്കാനുള്ളത്... " പിറകിൽ നിന്നും അവൻ വിളിച്ചു പറഞ്ഞതും പിറുപിറുത്തു കൊണ്ടവൾ അലമാര തുറന്നു...ജീവയുടെ ഷർട്ടിന് മുകളിൽ ഇരിക്കുന്ന പൊതിയെടുത്ത് തുറന്നു നോക്കി...

കറുപ്പ് നിറത്തിൽ സ്വർണ കളറുള്ള നൂലുകൾ കൊണ്ട് മനോഹരമായൊരു കോട്ടൺ സാരി... അവൾ ദേഹത്തേക്ക് ചേർത്തു വെച്ചു കണ്ണാടിയിലേക്ക് നോക്കി.... "കഴിഞ്ഞില്ലേ ഇതുവരെ... " ജീവ അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു... "ഇപ്പൊ കഴിയും.... " അവൾ സാരിയുടെ ഞൊറി വയറിലേക്ക് കുത്തി... തെന്നി മാറിയ സാരിക്കിടയിൽ അവളുടെ അണിവയറും അതിനോട് ചേർന്നുള്ള നാഭി ചുഴിയും അനാവൃതമായി...നിനച്ചിരിക്കാത്ത നേരത്ത് ഈ കാഴ്ച്ച കണ്ട അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.... എന്നാൽ അവളിതൊന്നും അറിയാതെ സാരി നേരെയാക്കുന്ന തിരക്കിലായിരുന്നു...ഇനിയും നിന്നാൽ ചിലപ്പോൾ തന്റെ കണ്ട്രോൾ തന്നെ പോവുമെന്ന് മനസ്സിലാക്കിയ ജീവ തലയൊന്ന് കുടഞ്ഞു അവിടെ നിന്നും പോയി... സാരി ഉടുത്ത് കഴിഞ്ഞത് മുടി ഒരു വശത്തേക്ക് മെടഞ്ഞിട്ട് നെറ്റിയിലൊരു കുഞ്ഞു വട്ടപൊട്ടും തൊട്ട് അവൾ പുറത്തേക്കിറങ്ങി... "പോവാം... " ഫോണിൽ നോക്കി കൊണ്ടിരുന്ന ജീവ അവളുടെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി... ഇത്രയും മനോഹരിയായി താനിവളെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടേയില്ലെന്നവൻ ഓർത്തു....തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ജീവയുടെ മുഖത്തിന്‌ നേരെ അവൾ കൈ വീശി...

ഞെട്ടി കൊണ്ടവൻ ചിന്തകളിൽ നിന്നും ഉണർന്നു...പിന്നീടൊന്നും മിണ്ടാതെ താഴേക്ക് പോയി പിറകെ തന്നെ അവളും... "ചെറിയമ്മേ ഞങ്ങളൊന്ന് പുറത്തു പോയിട്ട് വരാം... " അടുക്കളയിലേക്ക് നോക്കി അവൻ വിളിച്ചു പറഞ്ഞു... "നീയെങ്ങോട്ടാ... " ജയന്തിയുടെ മുറിയിലേക്ക് പോകാൻ തുടങ്ങുന്ന വൈഗയെ കണ്ടവൻ ചോദിച്ചു... "വല്യമ്മായിയോട് പറയാൻ... " "എന്നിട്ട് വേണം രാവിലെ തന്നെ അമ്മയുടെ വായിലുള്ളത് കേൾക്കാൻ.. ചെറിയമ്മയോട് പറഞ്ഞല്ലോ അത് മതി.. വന്നു കയറാൻ നോക്ക്..." അവൻ ബൈക്കിലേക്ക് കയറിയിരുന്നു സ്റ്റാർട്ട്‌ ചെയ്തു... അതിന് മറുപടിയൊന്നും പറയാതെ അവൾ അവന്റെ പിറകിലായി കയറി... "എനിക്ക് പകർച്ച വ്യാധി ഒന്നുമില്ല... ഇങ്ങോട്ട് ചേർന്നിരിക്ക്... " അകലം പാലിച്ചിരിക്കുന്നവളെ നോക്കി അവൻ കണ്ണ് കൂർപ്പിച്ചു...അവൾ അവനടുത്തേക്ക് നീങ്ങിയിരുന്നു തോളിൽ കൈ വെച്ചു.... ബൈക്ക് റോഡിലേക്ക് കയറിയതും തോളിലിരുന്ന അവളുടെ കൈ എടുത്ത് അവൻ തന്റെ വയറിലേക്ക് ചേർത്ത് പിടിച്ചു... "ഇത് മതി..." കുറുമ്പാലെ പറയുന്നവനെ നോക്കി അവൾ ചുണ്ടുകൾ കൂർപ്പിച്ചു പരിഭവിച്ചിരുന്നു....

ഒരു ജ്വല്ലറി കടയുടെ മുന്നിൽ എത്തിയതും അവൻ ബൈക്ക് ഒതുക്കി... "ഇവിടെ നിൽക്ക് ഞാനിപ്പോ വരാം... " അതും പറഞ്ഞിട്ടവൻ അതിനകത്തേക്ക് ഓടിക്കയറി... "എന്നെയിവിടെ കട്ട പോസ്റ്റാക്കി നിർത്താൻ ആണോ ഇയാൾ രാവിലെ തന്നെ കെട്ടി എഴുന്നള്ളിച്ചു കൊണ്ടു വന്നത്... " അവൻ പോവുന്നതും നോക്കി നിന്നവൾ പിറുപിറുത്തു... കുറച്ചധികം സമയം ആയിട്ടും അവനെ കാണാത്തത് കൊണ്ട് വൈഗ അടുത്തുള്ള തട്ട് കടയിലേക്ക് കയറി...ഒരു ചായയും വടയും പറഞ്ഞു അവൾ അവിടെയുള്ള ബെഞ്ചിലേക്കിരുന്നു... അവിടിരുന്നാൽ ജീവ ജ്വല്ലറിയിൽ നിന്നും ഇറങ്ങുമ്പോൾ അവളെ കാണാനും പറ്റുമായിരുന്നു... ചൂടുള്ള ചായയും വടയും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജീവ കടയിൽ നിന്നും ഇറങ്ങി വരുന്നത്... ബൈക്കിനടുത്ത് വൈഗയെ കാണാതിരുന്നതും അവനൊന്ന് ഭയന്നു... വെപ്രാളത്തോടെ ചുറ്റും നോക്കിയപ്പോഴാണ് ചായക്കടയിൽ ഇരിക്കുന്ന വൈഗയെ കണ്ടത്... അരിശം പൂണ്ടവൻ അവളുടെ അടുത്തേക്ക് ചെന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story