വൈഗ: ഭാഗം 23

രചന: ശംസീന

പിറ്റേ ദിവസം രാവിലെ വൈഗ ദോശ ചുടുന്നതിനിടയിൽ അഞ്ജു അവളുടെ അടുത്തേക്ക് വന്നു നീര് വന്നു വീർത്ത മുഖം തിരിച്ചും മറിച്ചും നോക്കി എന്നിട്ട് പറഞ്ഞു.. "ഇത് കണ്ടിട്ട് വീണ പോലെയൊന്നും തോന്നുന്നില്ലേ.. ശെരിക്കും കണ്ടാൽ ആരോ പിടിച്ചു ഞെരിച്ചത് പോലെയുണ്ട്..." "ഓ നീയൊരു സി ഐ ഡി വന്നിരിക്കുന്നു... മാറി നിന്നേ പെണ്ണേ അങ്ങോട്ട്... " മറിഞ്ഞു വീണതാണെന്നുള്ള കള്ളം പിടിക്കപ്പെടുമെന്ന് മനസ്സിലായതും വൈഗ കപട ഗൗരവത്തിൽ അഞ്ജുവിനെ തട്ടിമാറ്റി... "അതിന് നിനക്കെന്തിനാ ദേഷ്യം വരുന്നേ,, ഞാൻ എനിക്ക് തോന്നിയ കാര്യം പറഞ്ഞതല്ലേ... അല്ലേലും ജീവേട്ടന്റെ കൂടെ കൂടിയതിൽ പിന്നെ നിനക്കൊരു കൊമ്പ് കൂടിയിട്ടുണ്ട്..." അഞ്ജു പരിഭവിച്ചു തിരിഞ്ഞു നിന്നു.. "കൊമ്പല്ലെടി വാല്...അല്ല നീയിന്ന് കോളേജിലൊന്നും പോവുന്നില്ലേ..." പറഞ്ഞിട്ട് വൈഗ അവളെ നോക്കി പുരികം പൊക്കി... "അയ്യോ എന്റെ സ്പെഷ്യൽ ക്ലാസ്സ്‌..." എന്തോ ഓർമ വന്നത് പോലെ അഞ്ജു തലയിൽ കൈ വെച്ചു മുറിയിലേക്കോടി... "വൈഗാ.. വൈഗാ... " അപ്പോഴേക്കും മുറിയിൽ നിന്നും ജീവയുടെ ഉച്ചത്തിലുള്ള സ്വരം കേട്ടു... "മ്മ് ചെല്ല്... " അടുത്ത് നിന്ന രേവതി അവളെ നോക്കി ചിരിയോടെ പറഞ്ഞതും വൈഗ ചമ്മലോടെ കയ്യിലുള്ള ചട്ടുകം അവരുടെ അടുത്ത് കൊടുത്ത് അവിടുന്നോടി.....

"ഇയാളെന്തിനാ ഇങ്ങനെ പശു അമറുന്നത് പോലെ അമറുന്നത്.. മെല്ലെയെങ്ങാനും വിളിച്ചാൽ പോരെ എന്റെ ചെവിക്ക് തകരാറൊന്നും ഇല്ലല്ലോ..." വൈഗയത് മനസ്സിൽ പറഞ്ഞതാണെങ്കിലും അറിയാതെ അതിന്റെ ഒച്ചയൊന്ന് കൂടിപ്പോയി എന്ന് ജീവയുടെ തുറിച്ചു നോട്ടം കണ്ടപ്പോഴാണ് അവൾക്ക് മനസ്സിലായത്... "അത്... പിന്നെ. ഞാൻ.. " "എന്താ.." അവൾ പതറിയതും ചെയ്യുന്ന ജോലി അവിടെയിട്ട് അവൻ അവളുടെ അടുത്തേക്ക് വന്നു...പൊടുന്നനെ അവൻ അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു... "അയ്യോ ജീവേട്ടാ... പിടിവിട്,, പിടിവിട്... " വേദനിച്ചു തുടങ്ങിയതും അവൾ കിടന്നു തുള്ളി... "അപ്പൊ മോൾക്ക് മര്യാദയുടെ ഭാഷയൊക്കെ വശമുണ്ടല്ലേ... " പറഞ്ഞിട്ടവൻ അവളിലുള്ള പിടിവിട്ടു... "ഞാൻ നിന്നെ വിളിച്ചത് എന്തിനാണെന്ന് വെച്ചാ,,, ഞാൻ തിരിച്ചു കൊച്ചിയിലേക്ക് തന്നെ പോവുകയാണ് ഇനി അടുത്ത വീക്കന്റിൽ ആവും ഇങ്ങോട്ട് വരിക അതും അത്ര ഉറപ്പില്ല... ഞാൻ വരുന്നത് വരെ സൂക്ഷിച്ചും കണ്ടും നിന്നോണം ഞാൻ പറയാതെ തന്നെ നിനക്കറിയാലോ..

പ്രത്യേകിച്ച് എന്റെ അമ്മായി എന്ന് പറയുന്ന ആ രാക്ഷസിയേയും മോളേയും സൂക്ഷിച്ചോണം...ഞാൻ അച്ഛനോടും ചെറിയമ്മയോടും പറഞ്ഞിട്ടുണ്ട് നിന്റെ മേലെ എപ്പോഴും ഒരു കണ്ണ് വേണമെന്ന്....എന്തുണ്ടെങ്കിലും അവരോട് പറഞ്ഞാൽ മതി.. പിന്നെ ഇത് കൈയിൽ വെച്ചോ ഇതിൽ എന്റെ നമ്പറും അത്യാവശ്യം വേണ്ടവരുടെ നമ്പറും സേവ് ചെയ്ത് വെച്ചിട്ടുണ്ട്.. കൃത്യം രാത്രി എട്ട് മണിക്ക് ഞാൻ വിളിക്കും അന്നേരം ഓരോ കാരണങ്ങൾ പറഞ്ഞു ഫോൺ എടുക്കാതിരുന്നാൽ പിന്നെ ഞാൻ പറയേണ്ടല്ലോ..." അവൻ പറഞ്ഞതിനൊക്കെയും അവൾ മനസ്സിലായെന്ന രീതിയിൽ തല കുലുക്കി... "എന്നാ ഞാൻ ഇറങ്ങുവാ... " അവളെ ചേർത്ത് നിർത്തിയവൻ പറഞ്ഞു.. "നീ എന്തോന്ന് ഭാര്യയാടി,, സ്വന്തം ഭർത്താവ് പോകുവാണെന്നറിഞ്ഞിട്ടും യാതൊരു എക്സ്പ്രഷനും ഇല്ലാതെ നിൽക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുവാ..." ജീവ തമാശ പോലെ പറഞ്ഞതും അവൾ പരിഭവിച്ചു നിന്നു... "ഓ ഇനി അതിന് മുഖം കറുപ്പിക്കേണ്ട.. ഞാൻ ഒന്നും പറഞ്ഞില്ല..." അവൻ തോളിലുള്ള ബാഗ് വലിച്ചിട്ടു മുന്നോട്ട് നടക്കാനൊരുങ്ങിയതും അവന്റെ കയ്യിൽ പിടിച്ചവൾ അവനെ പിടിച്ചു നിർത്തി...

"ജീവേട്ട എന്നോട് ദേഷ്യമുണ്ടോ...? " "എനിക്കെന്തിനാടി പെണ്ണേ നിന്നോട് ദേഷ്യം... " അവൻ അവളുടെ അടുത്തേക്ക് വന്നു കവിളിൽ കൈ ചേർത്ത് വെച്ചു ചോദിച്ചു... "അല്ല ഞാൻ ഒരു ഭാര്യയുടെ കടമയൊന്നും ചെയ്യാത്തതിൽ.." അവളുടെ മുഖം കുറ്റബോധത്താൽ താഴ്ന്നു പോയി... "ഞാൻ നേരത്തെ പറഞ്ഞതിനാണോ... അതൊന്നും സാരമില്ലെടോ,, ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... " "ഞാൻ മനപ്പൂർവമല്ല ജീവേട്ടാ,,,നിക്ക് കുറച്ചൂടെ സമയം വേണം ജീവേട്ടനെ അംഗീകരിക്കാനും ഒരുമിച്ചൊരു ജീവിതം തുടങ്ങുവാനും.. അല്ലാതെ ഞാൻ..." അപ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു... "അയ്യേ കരയുവാണോ..എനിക്കറിയാലോ നിന്നെ,, നീ മനപ്പൂർവം ഒരാളേയും വേദനിപ്പിക്കില്ലെന്ന് ആരേക്കാളും നന്നായി എനിക്കറിയാം... അതുകൊണ്ടല്ലേ നിന്റെ എല്ലാ കുസൃതികൾക്ക് നേരെയും ഞാൻ കണ്ണടക്കുന്നത്... ഇനി അതോർത്തു വിഷമിച്ചിരിക്കേണ്ട...ഞാൻ നിന്നെ വിവാഹം കഴിച്ചത് എന്റെ ലൈഗികപരമായുള്ള ആവശ്യങ്ങൾക്കല്ല മറിച്ച് നിന്നോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ പുറത്താണ്...

ആ പ്രണയം വെറും ശരീരത്തിന്റെ പുറം ഭംഗിയിൽ അവസാനിക്കുന്നതല്ല...ഇപ്പൊ ഞാൻ ഇറങ്ങുവാ ട്രെയിനിന് സമയമായി..." ദൃതിയിൽ വാച്ചിലേക്ക് നോക്കി പറഞ്ഞിട്ടവൻ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു... അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയതും അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അവൻ യാത്ര തിരിച്ചു... ****** രാത്രിയിൽ മുറിയിലേക്ക് വന്ന വൈഗക്ക്‌ വല്ലാത്തൊരു ഏകാന്തത അനുഭവപ്പെട്ടു... എത്രയൊക്കെ പിണക്കവും ദേഷ്യവും കാണിക്കുമെങ്കിലും അവൻ കൂടെയുണ്ടെങ്കിൽ തനിക്കൊരു ആശ്വാസമാണെന്ന് അവൾ ഓർത്തു പോയി... അവൻ തന്ന ഫോൺ എടുത്ത് നോക്കി... അതിന്റെ വാൾ പേപ്പർ കണ്ടതും അവളുടെ ചൊടികൾ വിരിഞ്ഞു... അമ്പലത്തിൽ വെച്ച് രണ്ടാമതും താലികെട്ടിയപ്പോൾ നിർബന്ധിച്ചു എടുത്ത ഫോട്ടോയായിരുന്നു അത്... അവൾ അതിലെ കോൺടാക്ട് ലിസ്റ്റ് എടുത്ത് നോക്കി... ജീവേട്ടൻ എന്ന് സേവ് ചെയ്ത് വെച്ചിരിക്കുന്ന നമ്പറിൽ അവൾ തലോടി... അവനെ വിളിക്കാനായി ഒരുങ്ങിയെങ്കിലും പിന്നീടെന്തോ അത് വേണ്ടെന്ന് വെച്ചു...

തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും അവൾക്കുറക്കം വന്നില്ല... അവൾ തലയിണയും ബെഡ്‌ ഷീറ്റും എടുത്ത് താഴെ അഞ്ജുവിന്റെ മുറിയിലേക്ക് ചെന്നു... വൈഗയെ കണ്ടതും അഞ്ജു വായിച്ചിരുന്ന പുസ്തകം മടക്കി അവളെ നോക്കി നെറ്റി ചുളിച്ചു... "മ്മ് എന്താ... " "എനിക്കെന്താ ഈ മുറിയിലേക്ക് വന്നൂടെ... " കെർവിച്ചു കൊണ്ടവൾ മുറിയിലേക്ക് കയറി... "അതല്ല പതിവില്ലാതെ എന്താ ഇവിടെ എന്നാ ചോദിച്ചത്... " "അതോ... എനിക്കവിടെ ഒറ്റക്ക് കിടക്കുമ്പോൾ എന്തോ പോലെ പിന്നെ അവിടെ തൊട്ടപ്പുറത്താണല്ലോ ആ ശീതള പാനീയത്തിന്റെ മുറി ഇനി അവളെങ്ങാനും ജീവേട്ടനെ കിട്ടാത്ത ദേഷ്യത്തിൽ എന്റെ കഴുത്തെങ്ങാനും വന്നു ഞെരിച്ചാലോ... " പറഞ്ഞു കഴിഞ്ഞതും വൈഗ കട്ടിലിലേക്ക് കിടന്നു... "വല്യമ്മയുടെ ശിക്ഷണമല്ലേ അതിനും സാധ്യത ഇല്ലാതില്ല..." അഞ്ജുവും വൈഗയോടൊപ്പം കയറിക്കിടന്നു അവളെ കെട്ടിപിടിച്ചു.. "എത്ര ദിവസമായല്ലേ നമ്മളിങ്ങനെ കിടന്നിട്ട്... ഞാൻ എപ്പോഴും ആലോചിക്കുമായിരുന്നു നീ എന്തിനാ ഞങ്ങളെയെല്ലാം ഉപേക്ഷിച്ചു പോയതെന്ന്... സത്യം പറഞ്ഞാൽ നീ അന്നെന്തിനാ ഇഷ്ടമില്ലാഞ്ഞിട്ടും അവരുടെ കൂടെ പോയത്..."

"ഒന്നുമില്ലെടി,,, മുത്തശ്ശി എന്നെ കാണാനുള്ള ആഗ്രഹം കൊണ്ടല്ലെ വിളിക്കുന്നത് എന്ന് കരുതി പോയതാണ്..." അവൾ ഏതോ ഓർമയിൽ പറഞ്ഞു... "നീ പറയുന്നത് കള്ളമാണെന്ന് നിന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്... നമുക്കിടയിൽ രഹസ്യങ്ങൾ ഒന്നും തന്നെയില്ലെന്നല്ലേ നീ പറയാറുള്ളത്... അതുകൊണ്ട് ഇതിന്റെ സത്യാവസ്ഥയും എനിക്കറിയണം..." അഞ്ജു വാശിയോടെ പറഞ്ഞതും മറ്റു മാർഗങ്ങളൊന്നുമില്ലാതെ വൈഗ എല്ലാം അവളോട് തുറന്നു പറഞ്ഞു.. നിങ്ങളൊക്കെ വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ ജീവേട്ടൻ എന്നെ നവീനിന്റെ അടുക്കൽ നിന്നും രക്ഷിക്കാൻ വേണ്ടിയിട്ടൊന്നുമല്ല എന്റെ കഴുത്തിൽ താലി ചാർത്തിയത്... അതിനേക്കാൾ എത്രയോ മുന്നേ ജീവേട്ടന് എന്നോട് പ്രണയം ഉണ്ടായിരുന്നു... പക്ഷേ ഞാൻ അത് തിരിച്ചറിയാൻ വൈകിപ്പോയി... പിന്നീടാണ് വല്യമ്മായിയും ഈ ഒരു കാരണം കൊണ്ടാണ് എന്നോട് വെറുപ്പും ദേഷ്യവും കാണിച്ചിരുന്നതെന്ന് എനിക്ക് മനസ്സിലായി... ആ സമയത്താണ് അച്ഛന്റെ വീട്ടുകാർ എന്നെ വിട്ടു തരണമെന്ന ആവശ്യവുമായി ഇവിടെ വന്നത്...

ആ അവസരം ജീവേട്ടന്റെ അമ്മ നല്ലത് പോലെ മുതലെടുത്തു എന്ന് തന്നെ പറയാം... അവരുടെ കൂടെ പോവാൻ വിസമ്മതിച്ച എന്നെ കിഷോറിന് പിടിച്ചു കെട്ടിച്ചു കൊടുക്കുമെന്നെന്നെ ഭീഷണിപ്പെടുത്തി... കൂടെ ഒരുറപ്പും തന്നു ശീതളിന്റെയും ജീവേട്ടന്റെയ്യും വിവാഹം കഴിഞ്ഞാലുടൻ എന്നെ തിരികെ ഇവിടേക്ക് തന്നെ കൊണ്ടു വന്നോളാമെന്ന്...ആ സമയം എനിക്ക് ജീവേട്ടന്റെ മുന്നിൽ നിന്ന് എങ്ങനെയെങ്കിലും ഓടിപ്പോയാൽ മതി എന്നുള്ള ചിന്തയായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അതിന് സമ്മതിച്ചു... പിന്നീടാണ് എനിക്ക് മനസ്സിലായത് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നു അത്... വല്യച്ചനും ചെറിയച്ഛന്മാരും എന്റെ പേരിലുള്ള സ്വത്തുക്കൾക്ക്‌ വേണ്ടി അടികൂടുമ്പോൾ അവർക്കിടയിൽ കിടന്ന് ഞാൻ ഇഞ്ചിഞ്ചായി ഞാൻ മരിക്കുവായിരുന്നു,, അല്ല അവർ കൊല്ലുകയായിരുന്നു... ജീവേട്ടനായിരുന്നു ഇത്രയും നാൾ എന്റെ രക്ഷാ കവചമെന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും സമയം ഒത്തിരി വൈകിയിരുന്നു... കാര്യങ്ങളെല്ലാം എന്റെ കയ്യിൽ നിന്ന് തന്നെ പോയിരുന്നു...

നവീനുമായിട്ടുള്ള വിവാഹം ഉറപ്പിച്ച ശേഷം ഞാൻ ഒരു രാത്രി പോലും കണ്ണീർ പൊഴിക്കാതെ ഉറങ്ങിയിട്ടില്ല... ആരെങ്കിലും തന്നെ അവിടെ നിന്നൊന്ന് രക്ഷിച്ചെങ്കിലെന്ന് തോന്നിയിട്ടുണ്ട്... അപ്പോഴാണ് ദൈവ ദൂതനെ പോലെ എന്റെ അടുത്തേക്ക് ജീവേട്ടൻ വന്നത്...പിന്നീടെന്താണ് നടന്നതെന്ന് നിനക്കും അറിയാവുന്നതല്ലേ... " വൈഗ ഒരു നെടുവീർപ്പോടെ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു.... "ഒരു സിനിമാ കഥ കേട്ടത് പോലുണ്ട്... അപ്പൊ ഇതിനിടക്ക് ഇത്രയൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ടല്ലേ...എന്തു തന്നെ ആയാലും എന്റെ വൈഗ കൊച്ചിനെ ദൈവം ഒരാപത്തും വരാതെ രക്ഷിച്ചില്ലേ.. ഓ സോറി ജീവേട്ടൻ രക്ഷിച്ചില്ലേ..." ജീവയെ കുറിച്ച് കേട്ടതും അവളുടെ മുന്നിൽ അവന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു... അവന്റെ കളങ്കമില്ലാത്ത പ്രണയത്താൽ അവളുടെ ഹൃദയം അവനെയോർത്ത് മിടിച്ചു കൊണ്ടിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story