വൈഗ: ഭാഗം 24

vaika shamseena

രചന: ശംസീന

പതിവ് പോലെ ക്ഷേത്രത്തിൽ നിന്നും ഉയർന്നു കേൾക്കുന്ന കീർത്തനം കേട്ട് കൊണ്ടാണ് വൈഗ ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറന്നത്...അടുത്ത് കിടന്നിരുന്ന അഞ്ജുവിനെ ഉണർത്താതെ അവൾ എഴുന്നേറ്റു പുറത്തേക്കിറങ്ങി... മുറ്റത്ത് വെട്ടം വീണു തുടങ്ങിയതേ ഉള്ളൂ... അവൾ കറവക്കാരൻ വരുമ്പോഴേക്കും അയാൾക്കുള്ള വെണ്ണയും പാത്രവും എടുത്ത് അടുക്കള തിണ്ണയിലേക്ക് വെച്ച് ചായപ്പിലേക്ക് നടന്നു..അവിടെ ഒരു മൂലയിൽ കുത്തിച്ചാരി വെച്ചിരുന്ന കുറ്റിച്ചൂലെടുത്തു മുറ്റം തൂക്കാൻ തുടങ്ങി... എല്ലായിടവും തൂത്തു കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ പോയി മുങ്ങി കുളിച്ചു വന്നു... കിഷോർ അന്ന് ജീവയുടെ കയ്യിൽ നിന്നും അടി കിട്ടി പോയതിൽ പിന്നെ ഇവിടേക്ക് വന്നിട്ടില്ലായിരുന്നു... ആ ധൈര്യത്തിലാണ് അവളിപ്പോഴും കുളത്തിൽ പോയി കുളിക്കുന്നത്... കുളികഴിഞ്ഞു ഈറനോടെ തന്നെ അടുക്കളയിൽ കയറി എല്ലാവർക്കുമുള്ള ചായയിട്ടു.... അതിൽ നിന്നും രണ്ട് ഗ്ലാസ്‌ ചായയെടുത്ത് ഗ്ലാസ്സിലേക്ക് പകർന്നു ഉമ്മറത്തേക്ക് നടന്നു... "പതിവ് ശീലങ്ങളൊക്കെ തെറ്റി കിടക്കുവായിരുന്നു.. ഇവിടുള്ളവർക്കെവിടെ രാവിലെ ഒരു ഗ്ലാസ്‌ ചായയിട്ടു തരാൻ നേരം ഇനിയിപ്പോ മോളുണ്ടല്ലോ... സന്തോഷം... "

കയ്യിലെ പത്രം മടക്കി മടിയിലേക്ക് വെച്ച് ആനന്ത് പറഞ്ഞു... അവൾ ട്രേ മുന്നിലേക്ക് നീട്ടിയതും അയാൾ പുഞ്ചിരിയോടെ അതിൽ നിന്നും ഒരു ഗ്ലാസ്‌ ചായയെടുത്തു.. "അതെ ഇനിയിപ്പോ രാവിലെ കാലി വയറുമായി പറമ്പിലേക്കിറങ്ങേണ്ടി വരില്ല..." അശോകനും അതിനെ ശെരിവെച്ചു ട്രേയിൽ നിന്നും ചായയെടുത്തു... അവൾ അവരിരുവരേയും നോക്കി നേർമയിലൊന്ന് ചിരിച്ചിട്ട് അടുക്കളയിലേക്ക് നടന്നു... വൈഗ ചായയും പലഹാരവുമെല്ലാം റെഡിയാക്കിയപ്പോഴേക്കും ഓരോരുത്തരായി എണീറ്റ് വരുന്നുണ്ടായിരുന്നു....അത് കണ്ടതും അവൾ എല്ലാമെടുത്ത് ടേബിളിൽ കൊണ്ടുവെച്ചു... "മോള് നേരത്തേ എഴുന്നേറ്റോ...? " തിരക്കിട്ട് പണികളെല്ലാം ഒരുക്കുന്ന വൈഗയെ കണ്ടപ്പോൾ രേവതി ചോദിച്ചു... "എഴുന്നേറ്റു,, കിടന്നിട്ടുറക്കം വന്നില്ല.." "മ്മ് ഇത് നിന്റെ എപ്പോഴത്തെയും പറച്ചിലല്ലേ..." രേവതി പറഞ്ഞതിന് വൈഗ വെറുതെയൊന്ന് ചിരിച്ചു... "അമ്മേ ഞാൻ ഇറങ്ങുവാണേ..." അഞ്ജു അടുക്കളയിലേക്ക് എത്തി നോക്കി പറഞ്ഞു.... "എടി എന്തെങ്കിലും കഴിച്ചിട്ട് പോ... "

"വേണ്ടമ്മേ...ഞാൻ ക്യാന്റീനിൽ നിന്നും കഴിച്ചോളാം..." ഉറക്കെ വിളിച്ചു പറഞ്ഞിട്ടവൾ ധൃതിയിൽ കോളേജിലേക്ക് പുറപ്പെട്ടു... ***** "എന്റീശ്വരാ ഇന്നും വൈകിയല്ലോ... ഇന്നാ കടുവ എന്നെ എടുത്തിട്ടലക്കും..." പിറു പിറുത്തു കൊണ്ടവൾ ക്ലാസ്സിലേക്ക് ചെന്നു.. "May i coming സർ... " വിറയലോടെ അവൾ അകത്തേക്ക് നോക്കി ചോദിച്ചതും ക്ലാസ്സ്‌ എടുത്ത് കൊണ്ടിരുന്ന ഒരു സുമുഖനായ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി... "ആഹാ വന്നല്ലോ വനമാല... ഇന്നല്പം നേരത്തെയാണോ...?" അയാൾ വാച്ചിലേക്ക് നോക്കി പരിഹാസത്തോടെ പറഞ്ഞതും ക്ലാസ്സിലെ മറ്റുകുട്ടികൾ അവളെ നോക്കി ചിരിച്ചു... ജാള്യതയോടെ അവൾ മുഖം കുനിച്ചു നിന്നു... "താനൊഴികെ ഈ ക്ലാസ്സിലെ ബാക്കി പിള്ളേരെല്ലാം കറക്റ്റ് സമയത്ത് ക്ലാസ്സിൽ എത്തുന്നുണ്ടല്ലോ... പിന്നെ തനിക്കെന്താ ഇത്ര പ്രശ്നം.. പറഞ്ഞു വരുമ്പോ തന്റെ വീട്ടിൽ കഷ്ടി ഒന്നര കിലോമീറ്റർ അല്ലേ ഉള്ളൂ കോളേജിലേക്ക്..." അയാൾ അവളെ തറപ്പിച്ചു നോക്കി ചോദിച്ചു... "അത് സർ ഇന്നലെ നോട്സൊക്കെ കംപ്ലീറ്റ് ചെയ്തു കഴിഞ്ഞ് ഉറങ്ങിയപ്പോഴേക്കും നേരം വൈകി അപ്പോൾ സ്വാഭാവികമായി എണീക്കാനും വൈകുമല്ലോ... അല്ലാതെ ഞാൻ മനപ്പൂർവം വൈകി വന്നതല്ല സർ.." അവൾ വിനയ കുലീനയായി പറഞ്ഞു...

"ഇത് ലാസ്റ്റ് വാണിംഗ് ആണ്... ഇനി വൈകി വന്നാൽ വീട്ടിൽ നിന്നും ആരെങ്കിലും വരുന്നത് വരെ കോളേജ് ഗേറ്റിനു മുന്നിൽ നിൽക്കേണ്ടിവരും കേട്ടല്ലോ..." അവൾ ദയനീയ ഭാവത്തോടെ തലകുലുക്കി... "മ്മ് കയറിയിരിക്ക്... " അവൻ ശബ്ദം കനപ്പിച്ചു പറഞ്ഞു അവൾ തലയും താഴ്ത്തി അകത്തേക്ക് കയറി... കുട്ടികൾ അവളെ കണ്ടതും അമർത്തി ചിരിച്ചു... "കടുവ... " അവനെ മറികടന്നു പോവുന്നതിനിടയിൽ അവൾ പിറുപിറുത്തു... ഇത് വ്യക്തമായി കേട്ട വരുണിന്റെ ചൊടികളിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു... വരുൺ നിർത്തിവെച്ചിടത്ത് നിന്നും വീണ്ടും ക്ലാസ്സ്‌ എടുത്ത് തുടങ്ങി... "ഇനി ഞാൻ പറയുന്നത് എഴുതി എടുത്തോളൂ..." അവൻ പറഞ്ഞതും കുട്ടികളെല്ലാം തങ്ങളുടെ നോട്ട് പുസ്തകങ്ങൾ തുറന്നു... അവൻ പറഞ്ഞു തുടങ്ങിയതും അവർ അത് നോട്ടിലേക്ക് പകർത്തിയെടുക്കാൻ തുടങ്ങി... "എടി നീനു.. നിന്റെ അടുത്ത് എക്സ്ട്രാ പേനയുണ്ടോ...?" മുന്നിലിരിക്കുന്ന പെൺകുട്ടിയേ തോണ്ടി വിളിച്ചു കൊണ്ടവൾ ചോദിച്ചു.. "ഇല്ലെടി എന്റെ അടുത്ത് ഒന്നേ ഉള്ളൂ... "

നീനു തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു.. "നീയൊന്ന് നോക്ക് എന്നിട്ട് പറ... " അഞ്ജു വീണ്ടും അവളെ തോണ്ടി വിളിച്ചതും ഒരു ചോക്ക് കഷ്ണം അവളുടെ നെറ്റിയിൽ വന്നു പതിച്ചിരുന്നു... "സ്സ്... " അവൾ എരി വലിച്ചു അത് വന്ന ഭാഗത്തേക്ക് നോക്കി... തന്നെ ദേഷ്യത്തോടെ നോക്കുന്ന വരുണിനെ കണ്ടതും അവൾ ചമ്മിയ ചിരിയോടെ സീറ്റിൽ നിന്നും എഴുന്നേറ്റു... "താനോ പഠിക്കുന്നില്ല മറ്റുള്ളവരെ കൂടെ പഠിക്കാൻ അനുവദിക്കില്ല എന്നാണോ...?" അവൻ അവളുടെ മുന്നിലേക്ക് വന്നു കൊണ്ട് ദേഷ്യത്തിൽ ചോദിച്ചു... "സർ ഞാനൊരു എക്സ്ട്രാ പേനയുണ്ടോ എന്ന് ചോദിച്ചതാ... " "ഇതൊന്നും ഇല്ലാതെയാണോ രാവിലെ കെട്ടിയൊരുങ്ങി ഇങ്ങോട്ട് എഴുന്നള്ളുന്നത്... ദാ പേന.." കർക്കശത്തോടെ പറയുന്നതിനൊപ്പം അവൻ തന്റെ പോക്കറ്റിൽ നിന്നും പേനയെടുത്ത് അവളുടെ നേരെ നീട്ടി... "താങ്ക്യൂ സർ... " സന്തോഷത്തോടെ പറഞ്ഞിട്ടവൾ അതും വാങ്ങിച്ചു സീറ്റിലേക്കിരുന്നു... "സർ... " അവൻ വീണ്ടും വായിക്കാൻ തുടങ്ങിയതും അഞ്ജു എഴുന്നേറ്റ് നിന്നവനെ വിളിച്ചു.. "ഇനിയെന്താ... "

അവൻ കുറച്ചുറക്കെ തന്നെ ചോദിച്ചു... അവളോടുള്ള എല്ലാ ഈർഷ്യയും അവന്റെ മുഖത്തുണ്ടായിരുന്നു.... "തുടക്കം മുതലൊന്ന് പറയാവോ പ്ലീസ് സർ ഞാനൊന്ന് എഴുതി എടുത്തോട്ടെ.... " അവളുടെ പഞ്ചപ്പാവം പോലെയുള്ള പറച്ചിൽ കേട്ട് അവനും തന്റെ കോപത്തെ അടക്കി ആദ്യം മുതൽ പറഞ്ഞു കൊടുക്കാൻ തുടങ്ങി... മിസ്സായ ഭാഗങ്ങൾ എഴുതിയെടുത്തതും അവൾ നന്ദിയോടെ അവനെ നോക്കി പുഞ്ചിരിച്ചു... "Ok.. ഇനി ബാക്കി നാളെ നോക്കാം.. ഇന്നെടുത്ത പോഷൻസ് എല്ലാവരും വീട്ടിൽ ചെന്നിട്ട് ഒന്നുകൂടെ നോക്കണം... ചിലപ്പോൾ ഞാൻ നാളെ അതിൽ നിന്നും ക്വസ്റ്റ്യൻസ് ചോദിച്ചെന്നിരിക്കും...... " ബ്രേക്കിനുള്ള ബെൽ മുഴങ്ങിയതും അവൻ പുസ്തകം മടക്കി കുട്ടികളോട് പറഞ്ഞിട്ട് ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി.... പോവുന്നതിനിടയിൽ അവന്റെ മിഴികൾ കൂട്ടുകാരികളോട് എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്ന അഞ്ചുവിൽ ഉടക്കി... അവളുടെ പുഞ്ചിരിയിൽ തന്നെ ആകർഷിക്കുന്ന എന്തോ ഒരു മാന്ത്രികത ഒളിഞ്ഞിരിപ്പുണ്ടെന്നവന് തോന്നി... അധരങ്ങൾ അവൾക്ക് വേണ്ടി പുഞ്ചിരി പൊഴിച്ചു തുടങ്ങിയതും അവൻ കണ്ണുകളെ അവളിൽ നിന്നും പിൻവലിച്ചു കുട്ടികൾക്കിടയിലൂടെ മുന്നോട്ട് നടന്നു നീങ്ങി...ഇതെല്ലാം ഇടം കണ്ണാലെ നോക്കി കണ്ട അഞ്ജുവിന്റെ മനസ്സിലും അവനോടൊരു ആകർഷണം തോന്നി തുടങ്ങിയിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story