വൈഗ: ഭാഗം 25

രചന: ശംസീന

സന്ധ്യ മയങ്ങി തുടങ്ങിയതും വൈഗ പണികളെല്ലാം വേഗത്തിൽ ഒരുക്കി തുടങ്ങുമ്പോഴാണ് ശീതൾ അടുത്തേക്ക് വരുന്നത് കണ്ടത്... അവൾ അടുത്ത് വന്നു നിന്നതറിഞ്ഞെങ്കിലും വൈഗ അവളെ കണ്ടതായി ഭാവിച്ചില്ല... "ഇതിനാണല്ലേ അമ്മേ പറയുന്നത് മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയെന്ന്... " ശീതൾ പരിഹാസത്തോടെ അടുക്കള വാതിലിൽ നിൽക്കുന്ന മാലതിയെ നോക്കി ചോദിച്ചു... വൈഗ അവളെ തറപ്പിച്ചൊന്ന് നോക്കി മുറ്റത്തേക്കിറങ്ങി... "ഇവിടെ ചിലരൊക്കെ വിചാരിച്ചത് ഇവിടുത്തെ ചെറുക്കനെയും കെട്ടി തമ്പുരാട്ടിയായി വാഴമെന്നാണ്... എവിടുന്ന് അതൊന്നും ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല... പേരിന് ഏതോ ഒരു അമ്പലത്തിൽ പോയി താലി കെട്ടി... അതിന് ആരെങ്കിലും സാക്ഷികളുണ്ടോ ഇല്ലല്ലോ പിന്നെങ്ങനെ ഇവരുടെ കല്യാണം കഴിഞ്ഞെന്ന് നമ്മൾ വിശ്വസിക്കും... " മാലതി വിടാൻ ഉദ്ദേശമില്ലാതെ വൈഗയുടെ പിന്നാലെ തന്നെ കൂടി... വൈഗ തൊടിയിൽ കെട്ടിയിരുന്ന അമ്മിണി പശുവിനേയും കിടാവിനേയും തൊഴുത്തിൽ കൊണ്ടു വന്നു കെട്ടി...

അപ്പോഴും അവർ അമ്മയും മകളും പിന്നിൽ നിന്നും മാറാതെ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു... ക്ഷമ നശിച്ച വൈഗ അവരുടെ നേരെ തിരിഞ്ഞു... അളമുട്ടിയാൽ ചേരയും കടിക്കും എന്നല്ലേ... "അല്ല മാലതി അമ്മായി നിങ്ങൾക്ക് എന്താ അറിയേണ്ടത്.... എന്റെയും ജീവേട്ടന്റെയും ശെരിക്കും കല്യാണം കഴിഞ്ഞത് തന്നെയാണോ എന്നല്ലേ... എന്നാ ശെരിക്കും കേട്ടോ പിന്നെ കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്... നിങ്ങളും നിങ്ങളുടെ ഭർത്താവും അതായത് വല്യമ്മായിയുടെ ആങ്ങള... നിങ്ങൾ രണ്ടാളും രജിസ്റ്റർ ഓഫീസിൽ വെച്ചിട്ടാണോ വിവാഹം കഴിച്ചത്...? പറ അമ്മായി..." മറുപടി കിട്ടാതെ വന്നപ്പോൾ വൈഗ വീണ്ടും ചോദിച്ചതും അവർ ശീതളിനെയൊന്ന് നോക്കി അല്ലെന്ന് മറുപടി പറഞ്ഞു... "ആണേ...അപ്പൊ നിങ്ങളുടെ വിവാഹം നടന്നത് അമ്പലത്തിൽ ആയിരിക്കില്ലേ..." അവർ തല കുലുക്കി അതേയെന്ന് പറഞ്ഞു... "അങ്ങനെ വരുമ്പോ വിവാഹം അസാധുവാണോ അതോ നിങ്ങളിതുവരെയും വിവാഹം കഴിച്ചിട്ടില്ലേ..." വൈഗ ഉള്ളിൽ കുമിഞ്ഞു കൂടിയ അമർഷത്തോടെ ചോദിച്ചതും മാലതി അവളുടെ നേരെ കയർത്തു... "ദേ പെണ്ണേ വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ ആ നാവ് ഞാനങ്ങു പിഴുതെടുക്കും..."

"ഹാ കിടന്ന് തിളക്കാതെ മാലതി അമ്മായി... നിങ്ങൾ പറഞ്ഞാൽ അത് ന്യായം ഞാൻ പറയുമ്പോൾ അതെങ്ങനെ അന്യായമാവും..." വൈഗയുടെ ചോദ്യത്തിന് അവരുടെ പക്കൽ മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല... "രണ്ടാളും കൂടെ കേൾക്കാൻ വേണ്ടിയിട്ട് പറയുകയാണ് ഇനി ഇമ്മാതിരി കൊനഷ്ട് വാർത്തമാനവും കൊണ്ട് എന്റെ അടുത്തേക്ക് വന്നാൽ ചാണകം മെഴുകുന്ന ചൂലെടുത്ത് ഞാൻ മുഖത്ത് വീശും..." വൈഗ പറയുന്നതത്രയും കേട്ട് കൊണ്ടവർ അവളുടെ മുന്നിൽ നിന്ന് ഉരുകി ഇല്ലാതെയായി... "പിന്നെ വേറൊരു കാര്യം ജീവേട്ടനെ കെട്ടി തമ്പുരാട്ടിയായി വാഴാമെന്ന മോഹം... അങ്ങനെ ഒരാശ എനിക്കുണ്ടെങ്കിൽ അത് നേടിയെടുക്കാൻ എനിക്കത്ര വലിയ പ്രയാസമൊന്നുമില്ല.... അല്ലേലും നിങ്ങൾ എന്തധികാരത്തിലാണ് എന്റെ മുന്നിൽ വന്നു നിന്ന് എന്നെ വിചാരണ ചെയ്യുന്നത് അതിന് എന്തർഹതയുണ്ട് നിങ്ങൾക്ക്... ഇത് എന്റെ കൂടെ തറവാടാ എന്റെ അമ്മയുടെയും കൂടെ പേരിലുള്ള വീട്... നിങ്ങൾക്ക് ഈ വീടിനു മേൽ എന്തവകാശം ഉണ്ട്... അമ്മായിയുടെ ഭർത്താവിന്റെ സഹോദരിയുടെ വീടെന്ന അവകാശമോ... നാണമുണ്ടോ നിങ്ങൾക്ക് അഭയാർത്ഥികളെ പോലെ ഇവിടെ ഇങ്ങനെ അട്ടി കിടക്കാൻ...അതും പോരാഞ്ഞു വീട്ടിലുള്ളവരെ തമ്മിൽ തെറ്റിച്ചു സുഖം കണ്ടെത്തുന്ന വർഗ്ഗങ്ങൾ...ഛെ..." വൈഗ അവരിൽ നിന്നും മുഖം വെട്ടിച്ചു...

ആ സമയം ശീതളിന്റെയും മാലതിയുടെയും മുഖം വിളറി വെളുത്തു പോയിരുന്നു... "ഇത്രയും പറയണമെന്ന് കരുതിയതല്ല നിങ്ങൾ എന്നെ കൊണ്ട് പറയിച്ചതാണ്...അതിൽ വിഷമമൊന്നും തോന്നേണ്ട ഇനിയിപ്പോ തോന്നിയാലും എനിക്ക് യാതൊരു പ്രശ്നവുമില്ല..." നിസ്സാര ഭാവത്തിൽ പറഞ്ഞുകൊണ്ട് അമ്മിണി പശുവിന്റെ കെട്ട് ഒരുവട്ടം കൂടെ മുറുക്കി കെട്ടിയിട്ട് വൈഗ സ്ഥലം കാലിയാക്കി... "ഛെ... " "എന്ത് ഛെ... ഇവിടേക്ക് വരുമ്പോഴേ ഞാൻ പറഞ്ഞതല്ലേ നിന്നോട് വേണ്ടെന്ന് നിന്റെ നിർബന്ധം അല്ലായിരുന്നോ ഇവിടെ വന്നു താമസിക്കൽ ഇനി എന്താന്ന് വെച്ചാ അനുഭവിച്ചോ...." അരിശം പൂണ്ടു നിൽക്കുന്ന ശീതളിനോടായി പറഞ്ഞുകൊണ്ട് മാലതി തന്റെ വഴിക്ക് പോയി... **** "ഹെലോ... " "വൈഗാ... " കാതോരം അവന്റെ പതിഞ്ഞ സ്വരം കാറ്റുപോലെ വന്നു പതിച്ചതും അവളുടെ ശരീരമാകെ കുളിരു കോരി... "എന്താ പെണ്ണേ മിണ്ടാതെ നിൽക്കുന്നേ... " അവന്റെ സ്വരം വീണ്ടും കേൾക്കെ എന്തു പറയണം എന്നറിയാതെ അവളങ്ങനെ നിന്നു... "........….... " "വൈഗാ.. ഞാൻ പറയുന്നത് കേൾക്കുന്നില്ലേ ..." "ആ... കേൾക്കുന്നുണ്ട്...... " സന്ദേഹത്തോടെ ചോദിച്ചതും വൈഗ ഞെട്ടലോടെ പറഞ്ഞു... "മ്മ് എന്തുണ്ട് വിശേഷം... അമ്മ വല്ല ഉടക്കിനും വന്നോ.."

"ഇല്ല ജീവേട്ടാ.. ഇനി വഴക്കിന് വന്നാലും അത്യാവശ്യം പിടിച്ചു നിൽക്കാനൊക്കെ എനിക്കറിയാം... ഇന്ന് തന്നെ ശീതളും മാലതിയമ്മായിയും കൂടെ ഉടക്കിന് വന്നു..." "എന്നിട്ടോ... " ആകാംഷയോടെ അവൻ ചോദിച്ചതും അവളൊന്ന് ചിരിച്ചു... "എന്നിട്ടെന്താ ഞാൻ ചില നഗ്ന സത്യങ്ങൾ അവരുടെ മുഖത്ത് നോക്കി പറഞ്ഞതും അവർ വാലും ചുരുട്ടി ഓടി..." പറയുന്നതിനൊപ്പം വൈഗ ചിരിയടക്കാൻ പാട് പെടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... "അത് നന്നായി അമ്മയ്ക്കും മോൾക്കും ഒരെല്ല് കൂടുതലാണ്.." "ഇനി ജീവേട്ടനെന്നാ ഇവിടേക്ക് വരുവാ..." അവൾ ചെറു കൊഞ്ചലോടെ ചോദിച്ചു...എന്നാൽ അതിലെ ദയനീയത അവനു വ്യക്തമായിരുന്നു..അവന്റെ നേർത്ത ചിരി അവളുടെ കർണപടത്തിൽ വന്നലയടിച്ചു...പോയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ എങ്കിലും അവൻ കൂടെ ഇല്ലാതെ ഇവിടെ കഴിയുന്നത് അവൾക്കൊരു തരം വീർപ്പുമുട്ടൽ തന്നെയായിരുന്നു... "ഞാൻ വന്നിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ... " "അത് നിക്കും അറിയാലോ... പക്ഷേ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ജീവേട്ടനില്ലാതെ ഇവിടെ നിൽക്കുമ്പോ എന്തോ ഒരു പേടി..." അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു... "എനിക്ക് മനസ്സിലാവും വൈഗാ... ഞാനിവിടെ ഒരു വീട് നോക്കുന്നുണ്ട്..

തരപ്പെടുവാണേൽ തന്നെ എത്രയും പെട്ടന്ന് ഇവിടേക്ക് കൊണ്ടു വരും.. പേടിക്കാതെ.. റൂമിൽ തനിച്ചു കിടക്കേണ്ട അഞ്ജുവിന്റെ കൂടെ കിടന്നാൽ മതി..." അവൻ പറയുന്നതെല്ലാം അവളൊരു മൂളലോടെ കേട്ടിരുന്നു...പിന്നീട് ഏറെ നേരം അവരുടെ സംസാരം നീണ്ടു നിന്നു... അവന്റെ കുറുമ്പു കലർന്ന സംസാരം കേൾക്കുമ്പോൾ വൈഗ അറിയാതെ പൊട്ടി ചിരിക്കും... അത് കേൾക്കാൻ വേണ്ടി അവൻ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും... അവൾ പോലുമറിയാതെ അവളുടെ ജീവന്റെയൊരു ഭാഗമാവുകയായിരുന്നു അവനപ്പോൾ... ***** ദിവസങ്ങൾ കഴിഞ്ഞ് പോയി... ജീവ ജോലി സ്ഥലത്തേക്ക് പോയിട്ട് ഒരാഴ്ചയും... ഈ ആഴ്ച വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അവൻ വരാതിരുന്നതിൽ ഏറെ നിരാശയായിരുന്നു വൈഗ...

ഏതെങ്കിലും ഒരു വാഹനത്തിന്റെയോ അല്ലെങ്കിൽ ഉമ്മറത്ത് ആരെങ്കിലും വന്നു മണിയടിച്ചാലോ ചെയ്യുന്ന ജോലി അവിടെയിട്ട് അവൾ അങ്ങോട്ടോടും...വന്നത് അവനല്ലെന്നറിയുന്ന നിമിഷം അവൾ വേദനയോടെ തിരിഞ്ഞു നടക്കും... രാത്രിയിൽ മുകളിലെ ഇടനാഴിയിലൂടെ വെറുതെ ഉലാത്തുകയായിരുന്നു വൈഗ.. കറുപ്പും ചുവപ്പും കലർന്ന ദാവണിയായിരുന്നു വേഷം... ഒഴിഞ്ഞ നെറ്റിയിലെ ഭസ്മക്കുറി അവളിലെ ഐശ്വര്യത്തെ എടുത്തു കാണിച്ചു... മനസ്സ് മുഴുവൻ ജീവ‌യെ കുറിച്ചുള്ള ചിന്തകളായിരുന്നു... അവനെപ്പോഴാണ് വരിക,, വല്ലതും കഴിച്ചിട്ടുണ്ടാവുമോ,, തന്നെ മറന്നു കാണുമോ അങ്ങനെയുള്ള ഓരോരോ ചിന്തകൾ... ഇടയ്ക്കൊന്ന് കണ്ണുകൾ പഠിപ്പുരയിലേക്ക് തെന്നി മാറിയതും അവളവിടെ ആരുടെയോ ഒരു രൂപം കണ്ടു... ഇരുളിൽ നിന്നും ആ രൂപം വെളിച്ചത്തിലേക്ക് നടന്നടുക്കുന്തോറും വൈഗ ആവേശത്തോടെ ഉമ്മറത്തേക്കോടി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story