വൈഗ: ഭാഗം 26

രചന: ശംസീന

ഇടയ്ക്കൊന്ന് കണ്ണുകൾ പഠിപ്പുരയിലേക്ക് തെന്നി മാറിയതും അവളവിടെ ആരുടെയോ ഒരു രൂപം കണ്ടു... ഇരുളിൽ നിന്നും ആ രൂപം വെളിച്ചത്തിലേക്ക് നടന്നടുക്കുന്തോറും വൈഗ ആവേശത്തോടെ ഉമ്മറത്തേക്കോടി.... ഇരുട്ടിൽ നിന്നും വെട്ടത്തിലേക്ക് വന്ന രൂപം കണ്ടവളുടെ കാലുകൾ നിശ്ചലമായി... "കിഷോറേട്ടൻ... " അറിയാതെ തന്നെ ചുണ്ടുകൾ മന്ത്രിച്ചു.. വഷളൻ ചിരിയുമായി തന്റെ അടുത്തേക്ക് വരുന്ന കിഷോറിനെ കണ്ടതും ഒരഭയത്തിനായി പരിഭ്രാന്തിയോടെ അവൾ ചുറ്റും കണ്ണുകൾ പായിച്ചു... "ആ നീയെത്തിയോ... " പിന്നിൽ നിന്നും മാലതിയുടെ ഒച്ച കേട്ടതും അവളുടെ ശ്വാസം നേരെ വീണു... "എന്താ വൈകിയേ... ഉച്ചക്ക് എത്തുമെന്നല്ലേ പറഞ്ഞത്... " അവർ വൈഗയെ ഗൗനിക്കാതെ കിഷോറിനോട്‌ തിരക്കി... "ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടായിരുന്നു..." വൈഗയെ ചൂഴ്ന്ന് നോക്കി കൊണ്ടായിരുന്നു അവൻ പറഞ്ഞത്.. "എന്റെ കുഞ്ഞ് ആകെ കോലം കെട്ടുപോയി... " അവർ അവന്റെ തലയിലൊന്ന് തഴുകി... "എന്ത്‌ നോക്കി നിക്കുവാടി പോയി കുടിക്കാൻ എന്തെങ്കിലും എടുത്തോണ്ട് വാ....."

തങ്ങളെ നോക്കി നിൽക്കുന്ന വൈഗയോട് അവർ കല്പ്പിച്ചു.. വൈഗ ചുറ്റുമൊന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പു വരുത്തി അവരുടെ അടുത്തേക്ക് വന്നു.. "പുന്നാര മോന് തന്നതാനങ്ങ് ഉണ്ടാക്കി കൊടുത്താൽ മതി എനിക്കൊന്നും വയ്യ..... " അവരുടെ ചെവിക്കരികിൽ ചെന്ന് പറഞ്ഞിട്ടവൾ പുച്ഛത്തോടെ അവിടെ നിന്നും പോയി.. "അസത്ത്...പറഞ്ഞാലൊരു വക കേൾക്കില്ല..." അവൾ പോയെന്ന് കണ്ടതും മാലതി പിറുപിറുത്തു... "പെണ്ണിന് ഇത്തിരി തന്റേടം കൂടിയിട്ടുണ്ടല്ലോ.." ചോദിച്ചു കൊണ്ട് കിഷോർ താടിയൊന്നുഴിഞ്ഞു... "തന്റേടമല്ല എല്ലാം കൂടിയിട്ടുണ്ട്.. നാവ് വളച്ചാൽ തറുതലയെ പറയൂ... ജീവ കൂടെയുണ്ടെന്നുള്ള അഹങ്കാരമാ പെണ്ണിന്... " "ആ അഹങ്കാരമൊന്ന് കുറച്ചു കൊടുക്കണമല്ലോ അമ്മേ... " അവൻ മനസ്സിലെന്തോ കണക്കു കൂട്ടലുകളോടെ പറഞ്ഞു.. "നീ അകത്തേക്ക് വാ.. ഇവിടെ നിന്നിങ്ങനെ സംസാരിച്ചാൽ ആരെങ്കിലും കേട്ട് കൊണ്ടുവരും... " മാലതി അവനേയും വലിച്ചു അകത്തേക്ക് കയറി... ***** "ഇനിയെന്താ പ്ലാൻ... " രാത്രിയിൽ ശീതളിന്റെ മുറിയിൽ ഒത്തുകൂടിയ മാലതിയോടും ശീതളിനോടുമായി അവൻ ചോദിച്ചു... "എന്ത് പ്ലാൻ...?" ശീതൾ ഒന്നാലോചിച്ചു എന്നിട്ട് തുടർന്നു.. "അവളെ ആ വൈഗയെ എങ്ങനെയെങ്കിലും ഇവിടെ നിന്നോടിക്കണം..

എന്നിട്ട് ജീവേട്ടനേയും ഈ തറവാട്ടിലെ അളവില്ലാത്ത സ്വത്തുക്കളും എന്റെ വരുത്തിക്കുള്ളിലാക്കണം.. നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നെനിക്കറിയാം... കഴിഞ്ഞ തവണത്തെ അനുഭവം അറിയാമല്ലോ... വൈഗയെ ഒന്നും ചെയ്യാനും പറ്റിയില്ല ജീവ നിന്നെ ഇഞ്ച പരുവമാക്കി ഓടിക്കുകയും ചെയ്തു....." ശീതൾ പുച്ഛത്തോടെ പറഞ്ഞു... ഇത് കേട്ടതും കിഷോറിന്റെ മുഖം വലിഞ്ഞു മുറുകി... "നീയെന്നെ അങ്ങനെയൊന്നും കൊച്ചാക്കേണ്ടാ.. ഇത്തവണ പക്കാ പ്ലാനോടു കൂടിയാണ് ഞാൻ വന്നിരിക്കുന്നത്... അവളിനി എന്റെ കയ്യിൽ നിന്നും വഴുതി പോവുന്നത് എനിക്കൊന്ന് കാണണം..." അവൻ ക്രൂരമായൊന്ന് ചിരിച്ചു.. പിന്നെ ഫോണെടുത്ത് ആരുടെയോ നമ്പറിലേക്ക് വിളിച്ചു പുറത്തേക്ക് പോയി.. "ഇവൻ വിചാരിച്ചാൽ വല്ലതും നടക്കോ...?" മാലതി തന്റെ സംശയം ഉന്നയിച്ചു... "മ്മ് അവനെ കൊണ്ടേ നടക്കൂ..ചവിട്ടേറ്റ മൂർഖനാണവൻ തിരിഞ്ഞു കൊത്താതെ പകയടങ്ങില്ല... " ശീതൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു... ആ നിമിഷം അവളുടെ ഉള്ളിൽ വൈഗയെ എങ്ങനെയെങ്കിലും തകർത്തു ജീവയെ തന്റെ സ്വന്തമാക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... *****

ദിവസങ്ങൾ വലിയ മാറ്റങ്ങളൊന്നുമില്ലാതെ കടന്നുപോയി.. കിഷോർ വന്ന വിവരം വൈഗ ജീവയെ അറിയിച്ചെങ്കിലും അവൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല... കിഷോറിനെ കൊണ്ട് വൈഗക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായില്ലാതാനും... എല്ലാ വീക്കന്റിലും വരാമെന്ന് പറഞ്ഞിട്ട് പോയ ജീവ രണ്ടാഴ്ച കഴിഞ്ഞിട്ടും വൈഗയെ കാണാൻ വന്നില്ല ദിവസം രണ്ട് തവണ വിശേഷങ്ങൾ ചോദിച്ചു വിളിക്കുമെങ്കിലും അവൻ വരാത്തതിൽ വൈഗക്ക് അതിയായ പരിഭവം ഉണ്ടായിരുന്നു... "ജീവേട്ടൻ മറ്റന്നാൾ ഉത്സവത്തിനും വരില്ലേ... " രാത്രിയിൽ വിളിച്ച ജീവയോട് വൈഗ തന്റെ പരിഭവം പറഞ്ഞു... "എനിക്ക് നിന്റെ അടുത്തേക്ക് വരാൻ ആഗ്രഹമില്ലാനിട്ടാണോ എംഡി സമ്മതിക്കണ്ടേ... വർക്ക്‌ ലോഡാണ് വീക്കന്റിൽ പോലും അങ്ങേര് പട്ടിയെ പോലെ പണിയെടുപ്പിക്കുകയാണ്..." അവൻ നിസ്സഹായതയോടെ പറഞ്ഞു... "ജീവേട്ടന് അവിടുത്തെ ജോലി റിസൈൻ ചെയ്ത് ഇവിടേക്ക് വന്നൂടെ... അമ്മാവന്മാരുടെ കൂടെ മില്ലിലോ അല്ലെങ്കിൽ ഇവിടുത്തെ മറ്റു കമ്പനികളിലോ പോവാലോ... " വൈഗ ആലോചിച്ചെടുത്തു പറഞ്ഞു...

"അങ്ങനെ അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കി വെച്ചതെടുത്ത് സുഭിക്ഷമായി കഴിഞ്ഞാൽ സ്വന്തമായി അധ്വാനിച്ചുണ്ടാക്കി കഴിക്കുന്നതിന്റെ സുഖമൊന്നും കിട്ടില്ല പെണ്ണേ..." അവന്റെ ഇടയ്ക്കുള്ള കൊഞ്ചലോടെയുള്ള പെണ്ണേ എന്ന വിളി അവളുടെ ഉള്ളറകളിലേക്ക് തുളഞ്ഞു കയറി... ആ വിളിയിൽ അവൾ പോലും അലിഞ്ഞില്ലാതായത് പോലെ... "എന്ത് പറഞ്ഞാലും അതിനെല്ലാം ഓരോ ന്യായീകരണങ്ങളുണ്ട് ജീവേട്ടന്..." അവൾ കെർവോടെ പറഞ്ഞു... "ആണോ...എന്നാൽ എന്റെ പൊന്നുമോള് ഫോൺ വെച്ചേ.. എനിക്കിവിടെ കുറച്ചു ജോലിയുണ്ട്..." "വെക്കുവാണോ...? " "മ്മ് പിന്നില്ലാതെ... " അവനിൽ കുറുമ്പ് നിറഞ്ഞു... "മ്മ് എന്നാൽ ശെരി... " പറഞ്ഞിട്ടവൾ പരിഭവത്തോടെ ഫോൺ കട്ട്‌ ചെയ്തു.. ജീവ ചെറു ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു... "ആരായിരുന്നു ഫോണിൽ...?" അവൻ ഫോണിലേക്ക് തന്നെ നോക്കി ചിരിക്കുന്നത് കണ്ടിട്ട് അരുൺ ചോദിച്ചു... "വൈഗ..." അവൻ നേർത്ത സ്വരത്തിൽ പറഞ്ഞു... "ഇങ്ങനെ രണ്ടാളും രണ്ടിടത്ത് നിൽക്കാതെ നിനക്കവളെ ഇവിടേക്ക് കൊണ്ടു വന്നൂടെ... " അവന്റെ ഉള്ളിലെ നോവ് മനസ്സിലാക്കിയെന്ന പോലെ അരുൺ ഒരു പോം വഴിയെന്ന പോലെ പറഞ്ഞു... "ഞാൻ നോക്കുന്നുണ്ട്... പക്ഷേ പറ്റിയൊരു വീട് കിട്ടണ്ടേ... " ജീവ കട്ടിലിൽ നിന്നും എഴുന്നേറ്റു...

"നാളെ ആഫ് ഡേ ലീവല്ലേ നമുക്കൊരുമിച്ചു ഒരാളെ കാണാൻ പോവാം എന്റെ പരിചയത്തിൽ ഉള്ളതാണ് ആള് വിചാരിച്ചാൽ ഒരു ചെറിയ വീടൊക്കെ സംഘടിപ്പിച്ചു തരാൻ കഴിയും.. നമുക്കൊന്ന് പോയി നോക്കാം... " "മ്മ്... " അരുൺ പറഞ്ഞതും ജീവ മറുപടിയായൊന്ന് മൂളി... ****** ഇന്നാണ് വൈഗയുടെ നാട്ടിലെ ഉത്സവം...എല്ലാവരും ഉത്സവം നടക്കുന്നിടത്തേക്ക് പോവാൻ വേണ്ടി റെഡിയാവുകയാണ്... "നീ വരുന്നില്ലേ... " കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുന്ന വൈഗയെ നോക്കി അഞ്ജു നെറ്റിച്ചുളിച്ചു... "ഇല്ല..എനിക്ക് പുറത്തായി...ക്ഷേത്രത്തിൽ കയറാൻ പറ്റില്ലല്ലോ.. നിങ്ങള് പോയിട്ട് വാ...." വൈഗ വേദനിക്കുന്ന വയർ അമർത്തി പിടിച്ചു പറഞ്ഞു.... "അതെങ്ങനെ ശെരിയാവും... ഞങ്ങളെല്ലാവരും പോയാ പിന്നെ നീയിവിടെ തനിച്ചാവില്ലെ അത് വേണ്ടാ... ഞാൻ പോവുന്നില്ല... " അഞ്ജു ഒരുങ്ങുന്നത് നിർത്തി കണ്ണാടിയുടെ മുന്നിൽ നിന്നും മാറി വൈഗയുടെ അടുത്ത് വന്നിരുന്നു.. "വേണ്ട അഞ്ജു... വർഷത്തിൽ ഒരിക്കെ വരുന്ന ആഘോഷമല്ലേ ഇന്നേവരെ പോവാതിരുന്നിട്ടില്ലല്ലോ..

.ഇനി ഞാൻ കാരണം അത് മുടക്കേണ്ട... നിക്ക് പേടിയൊന്നും ഇല്ല..." "ഈ പെണ്ണിനോട് പറഞ്ഞാലങ്ങോട്ട് കേൾക്കില്ല... എന്തെങ്കിലും ചെയ്യ്... " അഞ്ജു ദേഷ്യപ്പെട്ട് മുറിയിൽ നിന്നും ഇറങ്ങി പോയി... "വൈഗേ... ഞങ്ങളിറങ്ങുവാണ്... നീയൊന്നെണീറ്റ് വന്നു ഉമ്മറത്തേ വാതിൽ അടച്ചേക്ക്..." രേവതി അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു... "ശെരി കുഞ്ഞമ്മായി... " ശരീരമാസകലം വെട്ടി പൊളിയുന്ന വേദനയാണ്...അവൾ എങ്ങനെയൊക്കെയോ ഞെരങ്ങി കട്ടിലിൽ നിന്നും എഴുന്നേറ്റു അവരോടൊപ്പം ഉമ്മറത്തേക്ക് ചെന്നു... "ചോറും കറിയുമെല്ലാം അവിടെ എടുത്തു വെച്ചിട്ടുണ്ട്..വയ്യ എന്നും പറഞ്ഞു കഴിക്കാതിരിക്കരുത്..." രേവതി ശാസനയോടെ അവളെ ഓർമിപ്പിച്ചു...വൈഗ തലകുലുക്കി സമ്മതിച്ചു... "വാതിലടച്ചോ... " രേവതി മുറ്റത്തേക്കിറങ്ങി... എല്ലാവരും പോയതും അവൾ ഉമ്മറത്തേ വാതിൽ ചേർത്തടച്ചു മുദ്രയിട്ടു... വീണ്ടും അവിടെ തന്നെ പോയി ചുരുണ്ട് കൂടി കിടന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story