വൈഗ: ഭാഗം 27

രചന: ശംസീന

വേദന അസഹ്യമായപ്പോൾ വൈഗ പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.. ഒരിത്തിരി ഉലുവ തിളപ്പിച്ച്‌ വെള്ളം കുടിച്ചാൽ വേദന കുറയുമായിരിക്കും എന്ന് കരുതി കുറച്ചു വെള്ളമെടുത്ത് അടുപ്പിൽ വെച്ചു... മറ്റേ അടുപ്പിൽ ഉലുവയും വറുത്ത് വെള്ളം തിളച്ചതിലേക്ക് ഇട്ട് കൊടുക്കുമ്പോഴാണ് പിൻ ഭാഗത്ത് കൂടെ ആരോ ഓടുന്നതായുള്ള ശബ്‍ദം അവൾ കേട്ടത് കൂടെ ഒരു നിഴലനക്കവും....പേടി കൊണ്ടവളാകെ വിറച്ചു.... ഗ്യാസ് ഓഫ്‌ ചെയ്ത് അടുക്കള വാതിൽ പൂട്ടിയിട്ടില്ലേ എന്ന് ഉറപ്പു വരുത്തി കൊണ്ടവൾ മുറിയിലേക്ക് തന്നെ നടന്നു.... ഭയന്നു വിറച്ചു കട്ടിലിൽ അവൾ ചുരുണ്ട് കൂടിയിരുന്നു... പെട്ടന്നാണ് ഉമ്മറത്തെ വാതിലിൽ ശക്തമായ മുട്ട് കേട്ടത്... പേടികൊണ്ടവൾ ചെവികൾ രണ്ടും പൊത്തി പിടിച്ചു..... കുറച്ചു കഴിഞ്ഞ് ചെവിയിൽ പൊതിഞ്ഞിരുന്ന കൈകൾ എടുത്തു മാറ്റി...ശബ്‍ദമൊന്നും കേൾക്കുന്നില്ല ഇനി വല്ല കള്ളന്മാരും ആയിരിക്കുമോ എന്ന് ചിന്തിച്ചവൾ ഒച്ചപ്പാടുകളൊന്നും കേൾക്കുന്നില്ലെന്ന് കണ്ടതും ഫോണെടുത്ത് രേവതിയെ വിളിക്കാനൊരുങ്ങി... ആ സമയത്താണ് അടച്ചിട്ടിരുന്ന ഉമ്മറത്തെ വാതിൽ മലർക്കെ തുറന്നു കിടക്കുന്നത് കണ്ടത്... പേടിച്ചു വിറച്ചു കൊണ്ടവൾ വാതിലിനടുത്തേക്ക് നടന്നതും പിന്നിൽ നിന്നാരോ അവളുടെ വാ മൂടിയിരുന്നു... *****

ഉത്സവ പറമ്പിൽ നിൽക്കുമ്പോഴായിരുന്നു കിഷോർ മാറി നിന്ന് ഒരപരിചിതനോട് സംസാരിക്കുന്നത് ജിഷയുടെ ശ്രദ്ധയിൽ പെട്ടത്.. അവർ പറയുന്നത് എന്താണെന്നറിയാൻ അവൾ അവർ നിന്നിരുന്ന ആൽ മരത്തിന്റെ പിന്നിലായി മറഞ്ഞു നിന്നു... "ഡാ സേവി ഇതാണ് പറ്റിയ അവസരം.. ഇപ്പോൾ വീട്ടിൽ അവൾ തനിച്ചേ ഉള്ളൂ... ഇനി ഇതുപോലൊരു ചാൻസ് ഒത്തു വന്നെന്ന് വരില്ല..." കിഷോർ വളരെ പതുക്കെ പറഞ്ഞതും ആരുടെ കാര്യമാണിവർ പറയുന്നതെന്ന് ജിഷ ആലോചിച്ചു... "അപ്പൊ ബാക്കി കാര്യങ്ങൾ എങ്ങനെയാ... ആദ്യം നീയോ ഞാനോ....?" ഒരുതരം വഷളൻ ചിരിയോടെ സേവി ചോദിച്ചു... "ആദ്യം ഞാൻ തന്നെ ഒത്തിരി നാളായി അവളെന്നെയിങ്ങനെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട്..." കിഷോറിൽ ആ പാവം പെണ്ണിനോടുള്ള കാമം നിറഞ്ഞു... "വൈഗ... ആ പേര് കേൾക്കുമ്പോൾ തന്നെ സിരകളിൽ ഒഴുകുന്ന രക്തം ചൂട് പിടിക്കും.... നീ വാ സമയം അധികം കളയാനില്ല..." കിഷോർ പറയുന്നതെല്ലാം ഒരു ഞെട്ടലോടെയാണ് അവൾ കേട്ടത്...ഒരാൾക്ക് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നവൾ ചിന്തിച്ചു...

വൈഗയോട് തനിക്ക് ദേഷ്യമുണ്ട് പക്ഷേ അത് കിഷോറേട്ടൻ അവളെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞത് മുതലാണ്.... കുഞ്ഞു നാളിൽ കിഷോറേട്ടനോട്‌ തോന്നിയ വെറുമൊരു കൗതുകം പക്ഷേ വളർന്നു വരുംതോറും ആ കൗതുകം പ്രണയത്തിലേക്ക് വഴിമാറി... ഇന്നുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിൽ കൂടി കിഷോറേട്ടൻ എന്നെങ്കിലും ഒരിക്കൽ തന്റെ പ്രണയം തിരിച്ചറിയുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു... ഇപ്പോൾ ആ പ്രതീക്ഷിയും അസ്തമിച്ചിരിക്കുന്നു... അന്ന് വൈഗയെ കുറിച്ചുള്ള കാര്യങ്ങൾ വീട്ടിൽ പറയാതിരുന്നതും ഇതുകൊണ്ടൊക്കെ തന്നെയായിരുന്നു...... ഇനിയും അവൾ തിരിച്ചു തറവാട്ടിലേക്ക് വന്നാൽ കിഷോറേട്ടനെ തനിക്ക് സ്വന്തമാക്കാൻ കഴിയില്ലേ എന്ന പേടികൊണ്ട്...ആ പേടിയാണ് തന്നെ അന്ന് സ്വാർത്ഥമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്....പക്ഷേ ഒരിക്കൽ പോലും അവൾ മരിക്കണമെന്നോ അല്ലെങ്കിൽ അവൾക്ക് വേറെ എന്തെങ്കിലും അപകടം സംഭവിക്കണമെന്നോ താൻ ആഗ്രഹിച്ചിട്ടില്ല...തന്റെ അമ്മ അവളെ മരുമകളായി അംഗീകരിച്ചിട്ടില്ലെങ്കിൽ കൂടി അവൾ തന്റെ ജീവേട്ടന്റെ പ്രണനാണല്ലോ എന്നോർക്കേ ജിഷക്ക്‌ വൈഗയോട് അനുകമ്പ തോന്നി....... "വൈഗ... അവൾ... " വൈഗക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താൽ ജിഷ അവരറിയാതെ അവരെ പിന്തുടർന്നു... ****

കിഷോറിന്റെ കയ്യിൽ കിടന്നവൾ പിടഞ്ഞു... അവളിൽ നിന്നും വമിക്കുന്ന മാസ്മരിക ഗന്ധം അവൻ തന്റെ നാസികയിലേക്ക് ആവാഹിച്ചെടുത്തു... വൈഗ പൊടുന്നനെ അവനെ തട്ടി മാറ്റി തിരിഞ്ഞു നിന്നു... മുഖം മൂടി അണിഞ്ഞിരിക്കുന്നതിനാൽ അവൾക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല... പരിഭ്രാന്തിയോടെ മുറ്റത്തേക്ക് ഓടാൻ തുനിയുമ്പോഴാണ് വാതിലിനടുത്ത് തടസ്സം സൃഷ്ടിച്ചുകൊണ്ട് മുഖം മൂടി ധരിച്ച മറ്റൊരാൾ വന്നു നിന്നത്...സിംഹത്തിന് മുന്നിൽ അകപ്പെട്ട മാൻപേടയുടെ അവസ്ഥയായിരുന്നു അവൾക്കപ്പോൾ... അവൾ നിസ്സഹായതയോടെ കണ്ണീർ പൊഴിച്ചു... ക്രൂരമായ ചുവന്ന കണ്ണുകളോടെ തുറിച്ചു നോക്കി കൊണ്ടവർ അടുത്തേക്ക് നടന്നു വരുന്നതിനനുസരിച്ചു അവൾ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു..ഒരു ടേബിളിൽ തട്ടി നിന്നതും സ്വയ രക്ഷക്കായി അവൾ ചുറ്റിനും പരതി.... ടേബിളിൽ വെച്ചിരുന്ന നിലവിളക്ക് കയ്യിൽ തടഞ്ഞതും അപ്രതീക്ഷിതമായവൾ അത് സേവിയുടെ നേരെ എറിഞ്ഞു...വിളക്ക് നെറ്റിയിൽ വന്നു കൊണ്ടതും അയാൾ വേദന കൊണ്ടവിടെ അമർത്തി പിടിച്ചു...ഇരുവരുടേയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞെന്ന് മനസ്സിലായതും വൈഗ മുകളിലേക്കോടി... ഇത് കണ്ട കിഷോർ സേവിയെ അവിടെയിട്ട് അവളുടെ പിറകെ വെച്ച് പിടിച്ചു...

മുകളിലെത്തിയ വൈഗ പഴയ കുറേ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന മുറിയിൽ കയറി ഒളിച്ചിരുന്നു... അയാളുടെ കാലൊച്ച അടുത്തേക്കടുത്തേക്ക് വരുന്നതിനനുസരിച്ചവൾ വാ മൂടി പതുങ്ങിയിരുന്നു.... കിഷോർ അവൾക്കായി അവിടെയുള്ള എല്ലാ മുറികളിലും പരക്കം പാഞ്ഞു... ഒടുവിലാണ് അടഞ്ഞു കിടക്കുന്ന ആ മുറി അവന്റെ കണ്ണിൽ പെട്ടത്.. ക്രൂരമായ ചിരിയോടെ അവിടേക്ക് നടക്കാൻ തുടങ്ങിയതും മുന്നിലേക്ക് ചാടി വീണ ജിഷയുടെ കൈ അവന്റെ കരണം പുകച്ചിരുന്നു... "എടി... " അവൻ മുഖം മറച്ചിരുന്ന തുണി എടുത്തു മാറ്റി അവളുടെ നേരെ ചീറി... "ശൂ..." അവൾ ചൂണ്ടു വിരൽ ചുണ്ടിൽ വെച്ചു ശബ്‍ദിക്കരുതെന്ന് പറഞ്ഞു...എന്നിട്ടവനെ ബലമായി പിടിച്ചു കൊണ്ട് തന്റെ മുറിയിലേക് കയറി വാതിൽ അകത്തു നിന്നും ലോക്ക് ചെയ്തു.... **** എറണാകുളത്ത് നിന്നും രാത്രിയോടെ വീട്ടിലെത്തിയ ജീവ കാണുന്നത് മുൻ വശത്തെ വാതിൽ തുറന്നു കിടക്കുന്നതാണ്... "ഈ വാതിലും തുറന്നിട്ട്‌ ഇവിടുള്ളവർ എവിടെ പോയി... " അവൻ അകത്തേക്ക് കയറിയതും എന്തിലോ തട്ടി വീഴാൻ പോയി...

താഴേക്ക് നോക്കുമ്പോൾ വിളിക്കായിരുന്നു... അവൻ കുനിഞ്ഞതെടുത്തു അതിൽ പുരണ്ട രക്തക്കറ കാണെ അവൻ നെറ്റി ചുളിച്ചു... അപ്പോഴാണ് നേരത്തെ അഞ്ജു വിളിച്ച കാര്യം അവനോർമ വന്നത്.. ഞങ്ങളെല്ലാം ഉത്സവത്തിന് പോകുവാണെന്നും വീട്ടിൽ വൈഗ തനിച്ചേ ഉള്ളൂ എന്നും...അവൻ വിളക്ക് അവിടെയിട്ട് അഞ്ജുവിന്റെ മുറിയിലേക്കോടി... അവളെ അവിടെ കാണാതെ വന്നതും അവന്റെ ഉള്ളിൽ നിരവധി സംശയങ്ങൾ മുളച്ചു പൊന്തി... അതിൽ മുന്നിട്ടു നിന്നിരുന്നത് കിഷോർ അവളെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടാകുമോ എന്ന് തന്നെയായിരുന്നു...

ജീവ വെപ്രാളത്തോടെ അവിടെ എല്ലായിടത്തും തിരഞ്ഞു... എവിടെയും കാണാതെ വന്നപ്പോൾ അവൻ തളർച്ചയോടെ നിലത്തേക്കിരിക്കാൻ തുടങ്ങുമ്പോഴായിരുന്നു അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് അവന്റെ നോട്ടം പോയത്... വൈഗ അവിടെ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ജീവ കതക് തള്ളി തുറന്നു അകത്തേക്ക് കയറി... ആ ശബ്‍ദം കേട്ടതും വൈഗ പേടിച്ചരണ്ടു... തന്റെ അടുത്തേക്ക് നടന്നു വരുന്ന നിഴൽ അവളിൽ ഭീതി പടർത്തി... പേടിയോടെ അവൾ മുഖം കാൽമുട്ടിലേക്ക് ഒളിപ്പിച്ചു വെച്ചു... തോളിൽ ആരുടെയോ കൈ വന്നു പതിഞ്ഞതും അവൾ അലറി വിളിച്ചു.... "എന്നെ.. എന്നെ ഒന്നും ചെയ്യല്ലേ... " കണ്ണുകൾ തുറക്കാതെ തന്നെ കരച്ചിലോടെ വിറച്ചു കൊണ്ടവൾ പറഞ്ഞു... "വൈഗാ... " കാതോരം ജീവയുടെ പതിഞ്ഞ സ്വരം കേട്ടതും വൈഗ കണ്ണുകൾ വലിച്ചു തുറന്നു.... "ജീവേട്ടാ... " തന്നെ ദയനീയമായി നിറ മിഴികളോടെ നോക്കുന്ന ജീവയെ കണ്ടതും വൈഗ അവനെ ഇറുകെ പുണർന്നു വിതുമ്പി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story