വൈഗ: ഭാഗം 28

vaika shamseena

രചന: ശംസീന

 "ജീവേട്ടാ... " തന്നെ ദയനീയമായി നിറ മിഴികളോടെ നോക്കുന്ന ജീവയെ കണ്ടതും വൈഗ അവനെ ഇറുകെ പുണർന്നു വിതുമ്പി.... "എന്താ.. എന്തു പറ്റി... എന്തിനാ ഇത്രയും ഭയം.... " അവൻ വേവലാതി പൂണ്ടു ചോദിച്ചു... "അവിടെ.. അവിടെ ആരോ... ഉണ്ട് ജീവേട്ടാ... എന്നെ... എന്നെ പിടിക്കാൻ വന്നു... " അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു കൊണ്ടവൾ പുലമ്പി... "അവിടെ ആരുമില്ലല്ലോ... നിനക്ക് തോന്നിയതാവും... വാ എണീറ്റെ... " തന്റെ ഉള്ളിൽ തോന്നിയ സംശയങ്ങളെ അതുപോലെതന്നെ കുഴിച്ചു മൂടി അവൻ അവളുമായി അവിടെ നിന്നെഴുന്നേറ്റു... തളർന്നു മയങ്ങി തുടങ്ങിയ വൈഗയെ മുറിയിൽ കൊണ്ടുപോയി കിടത്തി... മുറി പുറത്ത് നിന്നും പൂട്ടിയ ശേഷം അവൻ മുറ്റത്തേക്കിറങ്ങി.. കയ്യിൽ കരുതിയിരുന്ന ടോർച്ചുമായി തറവാടിന്റെ നാല് പാടും അവൻ തിരഞ്ഞെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല... പക്ഷേ വൈഗയെ ആരോ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അവനുറപ്പായിരുന്നു... തിരികെ വൈഗയുടെ അടുത്തേക്ക്‌ നടക്കുമ്പോഴും ആരായിരിക്കും ഇവിടെ വന്നിട്ടുണ്ടാവുക എന്നവന്റെ മനസ്സ് തേടികൊണ്ടിരുന്നു...ആ ചോദ്യത്തിന്റെ ഉത്തരം കിഷോർ എന്ന പേരിൽ അവസാനിച്ചതും ജീവയുടെ മുഖം വലിഞ്ഞു മുറുകി... ****

"തുറന്നു വിടെടി പുല്ലേ എന്നെ... " വാതിലിനടുത്ത് തടസം സൃഷ്ടിച്ചു നിൽക്കുന്ന ജിഷയുടെ നേരെ കിഷോർ ദേഷ്യത്തിൽ പാഞ്ഞടുത്തു... "ഇല്ല... കിഷോറേട്ടനിപ്പോൾ പുറത്ത് പോയാൽ അത് വലിയൊരു പ്രശ്നമാവും താഴെ ജീവേട്ടൻ വന്നിട്ടുണ്ട്..." അവൾ ശബ്‍ദം താഴ്ത്തി പറഞ്ഞു... "ജീവൻ...ഛെ... അവനെങ്ങനെ കൃത്യ സമയത്ത് ഇവിടെ..." കിഷോർ ദേഷ്യം കൊണ്ട് വിറച്ചു... "നല്ലവരുടെ കൂടെ ദൈവം ഉണ്ടാവുമെന്ന് കേട്ടിട്ടില്ലേ... അത് തന്നെയാ ഇവിടെയും സംഭവിച്ചത്... നിങ്ങളിലെ പൈശാചികതയിൽ നിന്നും വൈഗയെ രക്ഷിക്കാൻ ദൈവമായി അവതരിച്ചതാണ് ജീവേട്ടൻ... " ജിഷ കത്തുന്ന മിഴികളോടെ പറഞ്ഞതും അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ടവൻ ചുവരിലേക്ക് ചേർത്തു.. "എന്ത് പറഞ്ഞെടി %%#@#&%%@.." കേട്ടാൽ അറക്കുന്ന തെറി വാക്കുകൾ അവന്റെ വായിൽ നിന്നും വീണതും ജിഷ കണ്ണുകളടച്ചു പിടിച്ചു...ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിന്റെ വേദനയാണ് അന്നേരം അവളെ ഏറെ വേദനിപ്പിച്ചത്.. വേദന അസഹ്യമായതും അവൾ അവന്റെ കൈകളെ ശക്തിയിൽ തട്ടി മാറ്റി..

. "അന്ന് ഇവിടെ നിന്നും ജീവേട്ടന്റെ തല്ലും കൊണ്ട് പോയ ശേഷം നിങ്ങൾ നന്നാവുമെന്ന് ഞാൻ കരുതി...പക്ഷേ എനിക്ക് പിഴച്ചു... നിങ്ങൾ ഈ ജന്മത്തിൽ നന്നാവില്ലെന്ന് തന്നെ തീരുമാനിച്ചിട്ടാണെങ്കിൽ എനിക്കുറപ്പുണ്ട് ജീവേട്ടന്റെ കൈ കൊണ്ടായിരിക്കും നിങ്ങളുടെ അവസാനം..." തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോലെ അവൾ പറഞ്ഞു... "എന്നെ നന്നാക്കാൻ നീയാരാടി.. എന്റെ മാറ്റവളോ.. പന്ന ...... " വീണ്ടും അവനിൽ നിന്നും വൃത്തികെട്ട വാക്കുകൾ പുറത്തു വന്നതും ജിഷ വെറുപ്പോടെ മുഖം വെട്ടിച്ചു.. "ആഗ്രഹമുണ്ടായിരുന്നു നിങ്ങടെ മാറ്റവളാവാൻ... പക്ഷേ തനിക്കതിനുള്ള യോഗ്യതയില്ലെന്ന് ഇന്നെനിക്ക് മനസ്സിലായി...ഇഷ്ടമായിരുന്നു എനിക്ക് തന്നെ എന്റെ ജീവനേക്കാൾ....." അവൾ പറയുന്നതെല്ലാം ഒരു തരം അമ്പരപ്പോടെയാണ് അവൻ കേട്ടത്... അവനെ നോക്കി കൊണ്ട് തന്നെ വീണ്ടുമവൾ പറഞ്ഞു തുടങ്ങി... "പ്രണയം എന്താണെന്ന് തിരിച്ചറിയാൻ തുടങ്ങിയ കാലം മുതൽ കിഷോറേട്ടന്റെ മുഖമാണ് മനസ്സിലേക്ക് ആദ്യം ഓടിയെത്തുക.. പക്ഷേ ഓരോ നിമിഷവും നിങ്ങൾ വൈഗയെ മാത്രം ഓർത്ത് നടക്കുമ്പോൾ എന്റെ മനസ്സ് പിടയുന്നത് നിങ്ങൾ കണ്ടില്ല.... ഒരുപാട് തവണ തുറന്നു പറയാൻ ശ്രമിച്ചു കഴിഞ്ഞില്ല എന്തോ ഒന്ന് പിറകോട്ട് വലിക്കുന്നത് പോലെ...

അതിന്റെ കാരണം എനിക്കിപ്പോഴാണ് മനസ്സിലായത്.. നിങ്ങളിലെ തിന്മ,,, അത് എന്നിലെ പ്രണയത്തിനു മുന്നിൽ തടസ്സം സൃഷ്ടിക്കുന്നു..." അവളുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകി... "എന്ത് ഭ്രാന്താണ് നീ വിളിച്ചു പറയുന്നത്.. നിനക്കെന്നോട് പ്രണയമോ... കേൾക്കാനൊക്കെ രസമുണ്ട്... " അവനൊന്ന് നിർത്തി അവളെ ചൂഴ്ന്നു നോക്കി... "പക്ഷേ എന്റെ മോഹം അടക്കാൻ മാത്രമുള്ള സൗന്ദര്യമൊന്നും നിനക്കില്ല...അതിന് അവൾക്കെ കഴിയൂ വൈഗക്ക്...എന്നെങ്കിലും ഒരിക്കൽ ഞാനത് നേടിയിരിക്കും..." അവനിൽ നിന്നും ഉതിർന്നു വീണ വഷളൻ ചുവയുള്ള വാക്കുകൾ കേൾക്കെ അവൾ വല്ലാതെ ചൂളിപ്പോയി...ഇത്രയും അധപതിച്ചു പോയോ അവനെന്നവൾ ചിന്തിച്ചു... "മാറി നിൽക്കെടി അങ്ങോട്ട്... അവളുടെ ഒരു പ്രേമം..." തലകുമ്പിട്ടു നിൽക്കുന്നവളെ തട്ടി മാറ്റി അവൻ വാതിൽ തുറന്നു പുറത്തേക്ക് പോയി.... അവനിൽ നിന്നും അത്രയൊക്കെ അപമാനം ഏറ്റു വാങ്ങേണ്ടി വന്നിട്ടും അനുസരണയില്ലാതെ അവളുടെ മനസ്സ് അവനെ തന്നെ വേണമെന്ന് ശാഠ്യം പിടിച്ചു...

അവനിൽ തനിക്ക് തോന്നിയ ഭ്രമത്തെ കുറിച്ചോർക്കേ തളർന്നു കൊണ്ടവൾ കട്ടിലിലേക്ക് കിടന്നു കണ്ണീർ വാർത്തു... **** രാത്രിയിൽ ജീവയുടെ നെഞ്ചോരം ചേർന്ന് കിടക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം നിറഞ്ഞിരുന്നു അവളിൽ... അവന്റെ കൂടെയാണ് താൻ സുരക്ഷിതയെന്നും അവന് മാത്രമേ തന്നെ പൂർണമായും സംരക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും അവൾ ഉറച്ചു വിശ്വസിച്ചു... ജീവയുടെ വലം കൈ അവളുടെ മുടിയിഴകളിലൂടെ അലസമായി നീങ്ങി കൊണ്ടിരുന്നു... "ജീവേട്ടൻ എന്താ ആലോചിക്കുന്നെ...? " ഒന്നും മിണ്ടാതെ കിടക്കുന്നവനോടായ് അവൾ ചോദിച്ചു... "ഒന്നുമില്ല.. " അവൻ വെറും വാക്ക് പറഞ്ഞു... അവൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിൽ കൂടി അവൾ പിന്നീടൊന്നും ചോദിക്കാൻ മുതിർന്നില്ല... കിഷോറിനെ എങ്ങനെയും വക വരുത്തണം എന്ന് മാത്രമായിരുന്നു അവന്റെ ഉള്ളിൽ..വൈഗയുമായി തങ്ങളുടെ മുറിയിലേക്ക് വരുമ്പോൾ തുറന്നിട്ട ജനൽ പാളികൾക്കിടയിലൂടെ അവൻ കണ്ടിരുന്നു പരിക്ക് പറ്റിയ സേവിയേയും കൂട്ടി പഠിപ്പുര കടന്നു പോകുന്ന കിഷോറിനെ...

അപ്പോൾ എന്തെങ്കിലും ചെയ്താൽ വീണ്ടും അവൻ ഇതിലും കൂടുതൽ പകയുമായി തിരിച്ചു വരും എന്നറിയാവുന്നത് കൊണ്ടാണ് ജീവ അന്നേരം സംയമനം പാലിച്ചു നിന്നത്... അവന്റെ ശിഖരങ്ങളല്ല മറിച്ചു അവന്റെ അടിവേര് തന്നെ വെട്ടി നശിപ്പിക്കണമെന്നവൻ മനസ്സിൽ തീരുമാനമെടുത്തിരുന്നു.... തന്റെ നെഞ്ചിൽ തലവെച്ചു സുഖമായി കിടന്നുറങ്ങുന്ന വൈഗയെ നോക്കി കിടന്നു കൊണ്ടവനും എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു... ***** രാവിലെ വൈഗ മുറിക്ക് പുറത്തേക്ക് പോവുന്നതിന് മുന്നേ തന്നെ ജീവ ഇന്നലെ നടന്ന സംഭവങ്ങൾ ആരോടും പറയരുതെന്ന് ചട്ടം കെട്ടിയിരുന്നു... ആരുമറിയാതെ കിഷോറിനെ കൈകാര്യം ചെയ്യണമെന്നവൻ പദ്ധതിയിട്ടിരുന്നു അതുകൊണ്ട് തന്നെയാണ് വൈഗയോട് അങ്ങനെ പറഞ്ഞതും...

"ഇന്നലെ എത്ര തവണ വിളിച്ചു പെണ്ണേ നിന്നെ.. നീയെന്തേ വാതിൽ തുറന്നു തരാഞ്ഞത്... " അടുക്കായിലേക്ക് വന്ന വൈഗയെ കണ്ടപ്പോൾ അഞ്ജു ചോദിച്ചു... "അത്.. അതിന്നലെ ഉറക്കത്തിൽ പെട്ടുപോയി.. " കള്ളം പിടിക്കപ്പെടുമോ എന്ന് ഭയന്ന് വൈഗ അവളുടെ മുഖത്തേക്ക് നോക്കാതെയാണ് മറുപടി പറഞ്ഞത്... "അല്ല അപ്പൊ നിങ്ങളെങ്ങനെ അകത്തു കയറി..." പിന്നീടെന്തോ ആലോചിച്ചത് പോലെ വൈഗ ചോദിച്ചു... "അടുക്കള വാതിലിലൂടെ...അത് നീ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ..." പറഞ്ഞു കൊണ്ട് അഞ്ജു അടുക്കളയിൽ നിന്നും പോയി... "താൻ അത് അടച്ചിരുന്നതാണല്ലോ.. പിന്നെ ആരായിരിക്കും അത് തുറന്നിട്ടത്... " ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുത്ത് കൊണ്ട് വൈഗ സ്ലാബിലേക്ക് ചാരി നിന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story