വൈഗ: ഭാഗം 29

രചന: ശംസീന

രാവിലത്തെ ചായ കുടിക്കാനായി എല്ലാവരും ടേബിളിന് ചുറ്റും ഇരുന്നപ്പോഴാണ് മുകളിൽ നിന്നും ഇറങ്ങി വരുന്ന ജീവയെ കണ്ടത്... "നീയിതെപ്പോ വന്നു... " ജയന്തി ആശ്ചര്യത്തോടെ ചോദിച്ചു... "ഇന്നലെ രാത്രി... " അവൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു കൊണ്ട് ടേബിളിനടുത്തുള്ള കസേര വലിച്ചിട്ടിരുന്നു... മാലതിയും ശീതളും പണിപാളിയോ എന്ന മട്ടിൽ മുഖത്തോട് മുഖം നോക്കി.. യാതൊരു കുഴപ്പവുമില്ലാതെ അടുക്കളയിൽ നിന്നും ജീവയുടെ അടുത്തേക്ക് വന്ന വൈഗയെ കൂടെ കണ്ടതും അവർക്ക് അപകടം മണത്തു... മുന്നിൽ വിളമ്പി വെച്ച ഭക്ഷണം എങ്ങനെയൊക്കെയോ കഴിച്ചെഴുന്നേറ്റവർ പോയി... ജീവ അവരുടെ ഓരോ ചലനങ്ങളും സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു... "ഞാൻ ഇന്ന് തന്നെ തിരിച്ചു പോവും... കൂടെ വൈഗയേയും കൊണ്ടുപോവണമെന്നാണ് കരുതുന്നത്...." അവൻ മുന്നിലിരിക്കുന്ന ഭക്ഷണത്തിൽ വിരൽ ചുറ്റിക്കൊണ്ടിരുന്നു... "അതെന്തായാലും നന്നായി.. നീ അവിടേയും അവളിവിടേയും നിൽക്കുന്നതിനോട് എനിക്കും താല്പര്യം ഇല്ലായിരുന്നു... " ആനന്ത്‌ തന്റെ അഭിപ്രായം പറഞ്ഞു.. "ഇവളെ കൊണ്ടുപോവാനോ.... " ഇത് കേട്ട ജയന്തിയുടെ മട്ടും ഭാവവും മാറി...അവർ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു...

"പിന്നെ അവളല്ലാതെ വേറെ ആരാ...അവളല്ലേ എന്റെ ഭാര്യ..." ജീവക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു... "അതൊന്നും ശെരിയാവത്തില്ല... അവളിവിടുന്ന് പോയാൽ പിന്നെ ആരാ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്ക... " "അതിന് നിങ്ങളൊക്കെ ഇവിടുണ്ടല്ലോ... പോരെങ്കിൽ അമ്മയുടെ പുന്നാര നാത്തൂനും മോളുമുണ്ട് അവരൊക്കെ പോരെ ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ..." "നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ ജീവ... " ജയന്തി അവനു നേരെ പല്ലിറുമ്മി... "എനിക്കല്ല അമ്മക്കാ പറഞ്ഞാൽ മനസ്സിലാവാത്തെ...അല്ലേലും എന്റെ ഭാര്യയെ കൊണ്ടുപോവാൻ എനിക്കെന്തിനാ നിങ്ങളുടെ അനുവാദം... എന്റെ മര്യാദ കൊണ്ട് ഞാൻ വിവരം പറഞ്ഞെന്നെയുള്ളൂ..." ദേഷ്യത്തിൽ പറഞ്ഞിട്ടവൻ ഇരുന്നിരുന്ന കസേര തട്ടിത്തെറിപ്പിച്ചു എഴുന്നേറ്റ് പോയി... ജയന്തിയുടെ കണ്ണുകൾ വൈഗയിലേക്ക് നീണ്ടു... അവരുടെ നോട്ടം കണ്ട് ഭയന്ന വൈഗ ജീവയുടെ പിറകെ തന്നെ വെച്ചു പിടിച്ചു... "മക്കളുടെ കാര്യത്തിലുള്ള നിന്റെ അനാവശ്യമായ ഇടപെടൽ ഇന്നത്തോടെ നിർത്തിക്കൊ...അവരുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായവും പാകതയും അവർക്കുണ്ട്...ഞാൻ അപ്പോൾ ഒന്നും മിണ്ടാതിരുന്നത് അവരുടെ മുന്നിൽ വെച്ച് നിന്നെ അപമാനിക്കേണ്ട എന്ന് കരുതിയാണ്...

ഇനിയും ഇതാവർത്തിച്ചാൽ ഈ ഇളവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ട..." എല്ലാം കേട്ട് കൊണ്ടിരുന്ന ആനന്ദ് ഗൗരവത്തോടെ ജയന്തിയോട് പറഞ്ഞിട്ട് എഴുന്നേറ്റ് പോയി.... ***** "എല്ലാം എടുത്ത് വെച്ചോ...ഒന്നും മറന്നിട്ടില്ലല്ലോ..." തലയൊന്ന് ചെരിച്ചു വൈഗയോട് ചോദിച്ചു.. ബാഗിന്റെ സിബ് വലിച്ചടച്ചു കൊണ്ട് നിവർന്നു നിന്നു... എല്ലാം എടുത്ത് വെച്ചെന്ന മട്ടിൽ അവൾ തലയനക്കി...അവളുടെ മുഖത്തെ സങ്കടത്തിന്റെ കാരണം മനസ്സിലായ ജീവ അവളുടെ അടുത്തേക്കിരുന്നു... "എന്റെ കൂടെ വരാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണോ ഈ മുഖം വാടിയിരിക്കുന്നത്..." അല്ലെന്നവൾ തലയാട്ടി.. "പിന്നെ..." അവന്റെ കണ്ണുകളിൽ അവളോടുള്ള സഹതാപം നിറഞ്ഞു... "അച്ഛനേയും അമ്മയേയുമൊക്കെ ഇട്ടേച്ചു പോവണമല്ലോ എന്നോർക്കുമ്പോ... " അവൾ നിറ മിഴിയാലെ അവനെ നോക്കി.. അതിൽ നിന്നൊരു തുള്ളി അടർന്നു അവന്റെ കൈ തണ്ടയിലേക്ക് വീണു... "അതിനാണോ..നീ എവിടെപോയാലും അവർ നിന്റെ കൂടെ തന്നെ ഉണ്ടാവും അതോർത്തു ഈ മനസ്സ് വിഷമിപ്പിക്കേണ്ട..." ജീവ അവളുടെ മുഖം കൈകുമ്പിളിലെടുത്തു...

"നിന്നെ ഇനിയും ഇവിടെ ഒറ്റക്കാക്കി പോവാൻ എനിക്ക് പേടിയാടി... ഇന്നലത്തേത് പോലെ എന്തെങ്കിലും സംഭവിച്ചാൽ,,,എപ്പോഴും എനിക്ക് നിന്റെ അടുത്തേക്ക് ഓടിയെത്താൻ കഴിഞ്ഞെന്ന് വരുമോ..." അവന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു... തന്നെ കുറിച്ചുള്ള വേവലാതിയാണ് അവനെ കൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചതെന്ന് മനസ്സിലാക്കാൻ വൈഗക്ക് അധികം സമയം വേണ്ടി വന്നില്ല... "എനിക്ക് മനസ്സിലാവും ജീവേട്ടാ.... എനിക്ക് സങ്കടമൊന്നുമില്ല... ജീവേട്ടൻ കൂടെയുണ്ടെങ്കിൽ ഏത് നരകത്തിലേക്ക് വേണമെങ്കിലും ഞാൻ പോരും..." വൈഗ പറയുന്നത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു...അത് കണ്ടവൾ പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചതും അവൻ അവളെ അടക്കിപ്പിടിച്ചു.. "നരകത്തിലേക്കല്ല നിന്നെ സ്വർഗത്തിലേക്കാണ് ഞാൻ കൊണ്ടുപോവുന്നെ... " അവൻ കുറുമ്പോടെ അവളുടെ മൂക്കിൻ തുമ്പിൽ തന്റെ മൂക്ക് കൊണ്ടൊന്നുരസി.... പോവാനുള്ള സമയം ആയതും ജീവ ബാഗും മറ്റു സാധനങ്ങളും എടുത്ത് വൈഗയേയും കൂട്ടി താഴേക്ക് ചെന്നു... വൈഗ അഞ്ജുവിനേയും രേവതിയേയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു...

"പോയിട്ട് വാ മോളെ... " രേവതി വാത്സല്യത്തോടെ അവളുടെ കവിളിൽ തഴുകി... മുഖം കറുപ്പിച്ചു കുറച്ചു മാറി നിൽക്കുന്ന ജയന്തിയുടെ അടുത്തേക്ക് ചെന്നവൾ യാത്ര പറഞ്ഞെങ്കിലും വെട്ടിത്തിരിഞ്ഞൊരു പോക്കായിരുന്നു അവർ അകത്തേക്ക്... ഇതുപോലുള്ള അവഗണന പതിവായത് കൊണ്ട് വൈഗക്കതിൽ പ്രേത്യേകിച്ചു വിഷമമൊന്നും തോന്നിയില്ല... തന്നെ ഇത്രയും വളർത്തി വലുതാക്കിയ അമ്മാവന്മാരുടെ കൂടെ അനുഗ്രഹം വാങ്ങി അവൾ ജീവയോടൊപ്പം യാത്ര തിരിച്ചു.... ബസിൽ പോവാമെന്നായിരുന്നു ജീവ ആദ്യം കരുതിയത്... ചിലപ്പോൾ അത്രയധികം ദൂരം യാത്ര ചെയ്യേണ്ടത് കൊണ്ട് വൈഗക്കതിൽ ബുദ്ധിമുട്ട് വല്ലതും അനുഭവപ്പെട്ടാലോ എന്ന് കരുതി യാത്ര ട്രെയിനിലേക്കാക്കി... ട്രെയിൻ മുന്നോട്ട് നീങ്ങുന്തോറും ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവൾ പുറത്തേക്ക് തന്നെ നോക്കിയിരുന്നു... ട്രെയിൻ മുന്നോട്ട് മുന്നോട്ട് സഞ്ചരിക്കുമ്പോൾ പിന്നോട്ട് നീങ്ങികൊണ്ടിരിക്കുന്ന മരങ്ങൾ അവളിൽ കൗതുകമുണർത്തി... അവളുടെ കാട്ടിക്കൂട്ടലുകളെല്ലാം ജീവയും അന്നേരം ആസ്വദിക്കുകയായിരുന്നു..

രാത്രിയോടെ ട്രെയിൻ എറണാകുളത്തെത്തിയതും തന്റെ തോളിൽ തലചായ്ച്ചു മയങ്ങിയിരുന്ന വൈഗയെ തട്ടി വിളിച്ചവൻ എഴുന്നേൽപ്പിച്ചു... "എത്തിയോ... " ഉറക്കച്ചടവോടെ കണ്ണുകൾ തിരുമ്മിക്കൊണ്ടവൾ ചോദിച്ചു.. "മ്മ് വാ ഇറങ്ങാം... " അവൻ അവളേയും കൂട്ടി ട്രെയിനിൽ നിന്നും ഇറങ്ങി.... പരിചിതമല്ലാത്ത സ്ഥലങ്ങളും ആളുകളുമെല്ലാം ആയത് കൊണ്ട് വൈഗ ഭയത്തോടെ അവന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു... ആരെയോ നോക്കി ജീവ കൈ വീശി കാണിച്ചതും ആരാണെന്നറിയാൻ വൈഗയും തലയുയർത്തി... അടുത്തേക്ക് ചെറു പുഞ്ചിരിയോടെ നടന്നു വരുന്ന അരുണിനെ അവൾ മനസ്സിലാവാത്തത് പോലെ തുറിച്ചു നോക്കി... "അരുൺ... " അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം അവൻ സ്വയമൊന്ന് പരിചയപ്പെടുത്തി...അവൾ അവനെ നോക്കി ചെറുതായൊന്ന് മന്ദഹസിച്ചു... അരുൺ വൈഗയുടെ കയ്യിലുള്ള ബാഗ് വാങ്ങി കാറിനടുത്തേക്ക് നടന്നു... പിന്നാലെ തന്നെ അവരും... നടത്തത്തിനിടയിലും അവൾ ചുറ്റും കാണുന്ന കൗതുകമുള്ള കാഴ്ചകളെ തന്റെ മനസ്സിലേക്ക് പകർത്തുന്നുണ്ടായിരുന്നു..

പത്തിരുപതു മിനിറ്റിന്റെ യാത്രക്ക് ശേഷം അരുൺ കാർ ഒരു കുഞ്ഞു വീടിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തി... "എന്റെ വീടാ.. ഇറങ്ങ്... " വൈഗ കാറിൽ നിന്നിറങ്ങിയതും അകത്തു നിന്നും പുറത്തേക്ക് ഒരു പെൺകുട്ടി ഇറങ്ങി വന്നു...അവൾ ജീവയെ നോക്കി പരിചിത ഭാവത്തിൽ ചിരിക്കുന്നുണ്ടായിരുന്നു... "വൈഗയല്ലേ... " ആ പെൺകുട്ടി അടുത്തേക്ക് വന്നു ചോദിച്ചതും അവൾ യാന്ത്രികമായി തലയാട്ടി... "ഞാൻ ലീന ഈ നിൽക്കുന്ന അരുണിന്റെ വൈഫാ... ജീവേട്ടൻ ഇവൾക്ക് ഞങ്ങളെ കുറിച്ചൊന്നും പറഞ്ഞു കൊടുത്തിട്ടില്ലേ..." വൈഗയോട് പറഞ്ഞിട്ട് അവൾ ജീവക്ക് നേരെ തിരിഞ്ഞു.. "ഇനിയിപ്പോ പുള്ളിക്കാരി ഇവിടെ തന്നെയുണ്ടല്ലോ... സമയം പോലെ തന്നത്താനങ്ങ് പറഞ്ഞു കൊടുത്തേച്ചാൽ മതി..." ചിരിയോടെ പറഞ്ഞിട്ടവൻ അകത്തേക്ക് കയറി.. "താൻ വാ... " ലീന വളരെയേറെ സ്നേഹത്തോടെ വൈഗയെ അകത്തേക്ക് ക്ഷണിച്ചു... "ഉള്ള സൗകര്യം വെച്ച് തല്ക്കാലത്തേക്ക് അഡ്ജസ്റ്റാക്ക്..നാളെ നമുക്ക് എല്ലാം ശെരിയാക്കാമെന്നേ..." അലമ്പായി കിടക്കുന്ന ചില സാധനങ്ങൾ പെറുക്കി വെക്കുന്നതിനിടയിൽ അരുൺ പറഞ്ഞു...

അതിനും വൈഗ ചിരിച്ചു കൊടുത്തു.. "ഇയാളൊന്നും മിണ്ടത്തില്ലേ ജീവാ... അതോ വെറും ചിരി മാത്രമേയുള്ളോ... " കുസൃതിയോടെയായിരുന്നു അരുൺ ചോദിച്ചത്... "ഇപ്പോ മിണ്ടാത്തത് നോക്കേണ്ട... കുറച്ചു കഴിഞ്ഞും നീ ഇപ്പൊ പറഞ്ഞത് മാറ്റി പറയാതിരുന്നാൽ മതി.... " ജീവ മാറിയുടുക്കാനുള്ള ഡ്രസ്സ്‌ ബാഗിൽ നിന്നും വലിച്ചെടുക്കുന്നതിനിടയിൽ പറഞ്ഞു... അവൻ പറഞ്ഞത് രസിക്കാതിരുന്ന വൈഗ കെർവിച്ചു കൊണ്ട് നോക്കി...അതിന് പകരമായി ജീവ അരുൺ കാണാതെ അവളെ നോക്കി കണ്ണിറുക്കി... ഇതെല്ലാം കണ്ട് കൊണ്ടാണ് ലീന അവിടേക്ക് വന്നത്... മുഖത്തൊരു കുസൃതി ചിരിയുമുണ്ട്.. അവളെല്ലാം കണ്ടെന്നു മനസ്സിലാക്കിയ വൈഗക്ക് വല്ലാത്തൊരു ജാള്യത തോന്നി... "നിന്ന് വിയർക്കാതെ ഈ ചായ എടുത്ത് കുടിക്ക്... " ലീന അവൾക്ക് നേരെ ഒരു ഗ്ലാസ്‌ ചായ നീട്ടിയതും മടിയോടെ അവളത് വാങ്ങിക്കുടിച്ചു...

കുറച്ചു സമയം കഴിഞ്ഞു അവർ ഭക്ഷണം കഴിക്കാനിരുന്നു... ചോറും മോരു കാച്ചിയതും അയല വറുത്തതും പപ്പടവുമുണ്ടായിരുന്നു.... ട്രെയിനിൽ നിന്നും ജീവ വാങ്ങിച്ചു കൊടുത്ത ഭക്ഷണം കഴിച്ചു അവളുടെ വായിലെ രുചിയെല്ലാം പോയിരുന്നു...പക്ഷെ ഈ വിഭവങ്ങളെല്ലാം കണ്ടപ്പോൾ അവൾ അത്യധികം സന്തോഷത്തോടെ അത് ആസ്വദിച്ചു കഴിച്ചു... ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുഷിഞ്ഞു കിടന്ന പാത്രമെല്ലാം ലീനയുടെ കൂടെ അവളും കഴുകാൻ സഹായിച്ചു... അപ്പോഴേക്കും അവൾ ലീനയുമായി കൂട്ടായിരുന്നു... കൊച്ചു വീടായത് കൊണ്ട് തന്നെ ഒരു മുറി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. അത് വൈഗക്കും ജീവക്കും കൊടുത്തു ലീനയും അരുണും ഹാളിലെ സെറ്റിയിൽ കിടന്നു... വൈഗ ഞങ്ങൾ പുറത്ത് കിടന്നോളാം എന്ന് കുറേ പറഞ്ഞെങ്കിലും അവർ അതിന് സമ്മതിച്ചില്ല... യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് തന്നെ കൂടുതൽ തർക്കത്തിനൊന്നും നിൽക്കാതെ ജീവ അവളേയും കൂട്ടി കിടക്കാനായി പോയി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story