വൈഗ: ഭാഗം 30

vaika shamseena

രചന: ശംസീന

അരുണിന്റെ വീട്ടിൽ നിന്നും കുറച്ചു മാറിയുള്ള ഒരു വീട് കാണാൻ പോയതായിരുന്നു വൈഗയും ജീവയും... "എങ്ങനെ ഇഷ്ടായോ വീട്... " "മ്മ്.. നല്ല ഒതുക്കത്തിലുള്ള വീട്... എനിക്കിഷ്ടപ്പെട്ടു..." മുറിയിലെ ഷെൽഫ് തുറന്നു നോക്കിക്കൊണ്ടവൾ പറഞ്ഞു.. "ജീവാ എന്തായി... " അരുൺ അകത്തേക്ക് വന്നു... "ഇത് ഉറപ്പിക്കാടാ.. ഇവൾക്ക് ഇഷ്ടപ്പെട്ടെന്നാ പറയുന്നത്... " "എന്നാ വേഗം അഡ്വൻസ് കൊടുക്കാം...ഇല്ലെങ്കിൽ വേറെ ആരേലും വന്നു കൊളത്തും... ഇവിടെയൊക്കെ ഒരു വീട് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണെന്നെ..." കണ്ണും മിഴിച്ചു നിൽക്കുന്ന വൈഗയോടായി അരുൺ പറഞ്ഞു... അഡ്വൻസ് കൊടുത്ത ശേഷം വീട് വൃത്തിയാക്കാൻ ഒരാളെ കൂടെ ഏർപ്പാടാക്കിയിട്ടാണ് അവർ അവിടെ നിന്നും മടങ്ങിയത്.. "വീടൊക്കെ എങ്ങനെ ഇഷ്ടപ്പെട്ടോ... " വൈകുന്നേരത്തെ ചായക്കുള്ള വെള്ളം സ്റ്റോവിലേക്ക് വെക്കുന്നതിനിടയിൽ ലീന ചോദിച്ചു.. "ഇഷ്ടപ്പെട്ടു ചേച്ചി..." "എനിക്കിന്ന് ഡേ ആയിരുന്നു... അതുകൊണ്ടാ രാവിലെ നിങ്ങൾ എണീക്കുന്നതിന് മുന്നേ പോയത്... " തിളച്ച വെള്ളത്തിലേക്ക് തേയിലപ്പൊടിയും പഞ്ചസാരയും ഇട്ട് ഗ്യാസ് ഓഫ് ചെയ്തു... "അരുണേട്ടൻ പറഞ്ഞിരുന്നു... " പറയുന്നതിനൊപ്പം വൈഗ നാല് ഗ്ലാസ്സെടുത്ത് ട്രെയിലേക്ക് നിരത്തി വെച്ചു...

"എന്റെയും അരുണിന്റെയും ലവ് മേരേജ് ആയിരുന്നു... ഞാൻ നഴ്സിങ്ങിന് പഠിക്കുന്ന കാലത്ത് തുടങ്ങിയ ബന്ധമായിരുന്നു... പഠിച്ചു ജോലിയൊക്കെ വാങ്ങിച്ചു വീട്ടിൽ പറയാമെന്നു വെച്ചു... പറഞ്ഞപ്പോഴാ ജാതിയുടെയും മതത്തിന്റെയുമൊക്കെ പേര് പറഞ്ഞു രണ്ട് വീട്ടുകാരും ഉടക്കി.. പിന്നെ പറയേണ്ടല്ലോ നമ്മൾ സ്ഥിരം കാണുന്ന ക്ലിഷേ പരിപാടി.. എങ്ങനെയെങ്കിലും കെട്ടിച്ചു വിടാൻ നോക്ക എന്നുള്ളത്... പിന്നെ ഞാനൊന്നും നോക്കിയില്ല രണ്ടും കല്പിച്ചു അരുണിന്റെ കൂടെയിങ്ങ് ഇറങ്ങിപ്പോന്നു... അന്നവന് പറയത്തക്ക ജോലിയൊന്നും ആയിട്ടുണ്ടായിരുന്നില്ല... എന്നാലും സാരമില്ല എനിക്കൊരു ജോലിയുണ്ടല്ലോ എന്ന ആശ്വാസത്തിൽ ഒരു വീടും വാടകക്കെടുത്ത് ഞങ്ങളങ്ങ് ജീവിച്ചു തുടങ്ങി... " ലീന തന്നെ കുറിച്ച് വൈഗയോട് വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു... "അപ്പൊ അച്ഛനും അമ്മയും... " എല്ലാം കേട്ട് കഴിഞ്ഞ വൈഗ ശാന്തമായി ചോദിച്ചു... "അരുൺ അച്ഛനേയും അമ്മയേയും കാണാൻ പോവാറുണ്ട്... എനിക്ക് അങ്ങോട്ട് വിലക്ക് കല്പിച്ചിരിക്കുകയാ..

പിന്നെ എന്റെ അപ്പനും അമ്മയും... അവരെന്നെ കുറിച്ചും അന്യോഷിക്കാറില്ല ഞാൻ അവരെ കുറിച്ചും അന്യോഷിക്കാറില്ല..." ചിരിയോടെയാണ് ലീന പറയുന്നതെങ്കിലും ഉള്ളിലെ നോവ് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... വൈകീട്ട് ചായയെല്ലാം കുടിച്ചു കഴിഞ്ഞ് അവരെല്ലാവരും കൂടെ പുതിയ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങിക്കാൻ ടൗണിൽ പോയി... ജീവയുടെ കയ്യിൽ തൂങ്ങി കണ്ണിന് പുതുമയുള്ള കാഴ്ചകൾ അവളിൽ കൗതുകമുണർത്തി... ആരും തമ്മിൽ തമ്മിൽ മിണ്ടാതെ ഒരു പുഞ്ചിരി പോലും കൈമാറാതെ അവരുടെതായ ലോകങ്ങളിലേക്ക് ചേക്കേറാനുള്ള തത്രപ്പാടിലാണ്... ഇതാണോ ശെരിക്കും പട്ടണ ജീവിതം നമുക്ക് നൽകുന്ന സംഭാവന... അവൾ ഓരോന്നും ചിന്തിച്ചു തലപ്പുകച്ചു.. രാത്രി വൈകിയാണ് അവർ തിരികെയെത്തിയത്.... പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ടായിരുന്നു...അരുണിന്റെയും ലീനയുടെയും നിർബന്ധം കാരണം അന്നൊരു ദിവസം കൂടെ അവർക്കവിടെ തങ്ങേണ്ടി വന്നു... ***** "നീയിവിടെ കള്ളും കുടിച്ചു ലക്ക് കെട്ടിരുന്നോ അവൻ അവളേയും കൊണ്ട് പോയി... "

"ചിൽ... " മാലതി അരിശത്തോടെ പറയുന്നത് കേട്ട കിഷോർ കയ്യിലുണ്ടായിരുന്ന ഒഴിഞ്ഞ ഗ്ലാസ്‌ തറയിലേക്ക് എറിഞ്ഞുടച്ചു... "മിണ്ടാണ്ടിരി തള്ളേ... എനിക്കറിയാം എന്ത് വേണമെന്ന്... അവളിലൂടെ അല്ലെങ്കിൽ വേറെ ഏതെങ്കിലും വഴിയിലൂടെ ഞാൻ അവനെ തകർക്കും... കിട്ടിയതെല്ലാം തിരിച്ചു കൊടുത്ത പതിവേയുള്ളൂ ഈ കിഷോറിന്..." അവൻ കണക്കു കൂട്ടലുകളോടെ തല ഉഴിഞ്ഞു.. "നീ കുറേയായല്ലോ ഈ വീരവാദം പറയുന്നു.. എന്നിട്ട് വല്ലതും നടന്നോ അതുമില്ല.." ശീതൾ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു... "നീയും കുറേ നടന്നതാണല്ലോ.. എന്നിട്ടെന്തായി മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥയായില്ലേ...അവൾ അവനെ അടിച്ചോണ്ട് പോയില്ലേ..." കിഷോറിന്റെ മുഖം പുച്ഛത്തോടെ ഒരു വശത്തേക്ക് കോടി...ആ കാര്യങ്ങൾ ആലോചികുന്തോറും ശീതളിന്റെ മുഖം വലിഞ്ഞു മുറുകി... അവൻ പറഞ്ഞതിന് മറുപടി പറയാൻ ശീതളിന്റെ നാവ് ചൊറിഞ്ഞു വന്നെങ്കിലും അവനെ പിണക്കുന്നത് ബുദ്ധിയല്ല എന്നറിയാവുന്നത് കൊണ്ട് അവൾ ക്ഷമയോടെ നിന്നു...

"നിങ്ങളിങ്ങനെ പരസ്പരം കൊത്തിപ്പറിച്ചിട്ട് യാതൊരു കാര്യവും ഇല്ല...ആ തറവാട്ടിലെ കോടിക്കണക്കിനുള്ള സ്വത്തുക്കൾ അത് നമ്മുടെ കൈകളിൽ എത്തണം.. അതിന് വേണ്ട കാര്യങ്ങൾ എന്താന്ന് വെച്ചാ ചെയ്യ്..." മാലതി ഇരുവരുടേയും മനസ്സ് തണുപ്പിക്കും വിധം അവരുടെ ഉള്ളിലേക്ക് വിഷം കുത്തിനിറച്ചു... "അതിനൊരു വഴിയുണ്ട്... തറവാട്ട് വക സ്വത്തുക്കളിൽ നാല് പേരക്കുട്ടികൾക്കും തുല്യ അവകാശമാണ്.. ഒരിത്തിരി വൈഗക്ക് കൂടിയെങ്കിലേ ഉള്ളൂ... അത് വിട്ടേക്ക് സാരമില്ല... മുഴുവനായിട്ടൊന്നും ഇല്ലെങ്കിലും അതിൽ ഒരു പങ്ക് നമുക്ക് സ്വന്തമാക്കാം... അത് തന്നെ മതിയാവും ജീവിത കാലം മുഴുവൻ നമുക്ക് സുഖമായി ജീവിക്കാൻ...." കുറുക്കന്റെ കൗശലത്തോടെ കിഷോർ അവരെ നോക്കി.. "നീ വളച്ചു കെട്ടാതെ കാര്യം പറ..." മാലതിയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു... "ജിഷ.. അവളാണ് നമ്മുടെ ആയുധം... അവളെ വെച്ച് നമുക്കൊരു കളികളിക്കാം..." "എടാ അത് വേണോ... ജീവയുടെ പോലെയല്ല ജിഷക്ക് വല്ലതും സംഭവിച്ചാൽ ജയന്തി വെറുതെയിരിക്കില്ല... ചിലപ്പോളിത് തീക്കളിയാവും.... "

മാലതി തന്റെ ആശങ്ക പങ്കുവെച്ചു.. "അമ്മയൊന്ന് മിണ്ടാതിരുന്നേ..അവൻ ഒന്നും കാണാതെ ഇങ്ങനൊരു കാര്യം പറയില്ലല്ലോ..." ജീവയെ കിട്ടിയില്ലെങ്കിലും ആ കുടുംബം എങ്ങനെയും നശിച്ചു കാണണം എന്ന ചിന്ത മാത്രമായിരുന്നു ശീതളിന്റെ ഉള്ളിലപ്പോൾ... "എടി മോളെ എന്നാലും... " "ഒരെന്നാലും ഇല്ല.. ഇനി വരുന്നിടത്ത് വെച്ച് കാണാം...നമുക്കും വേണ്ടേ അമ്മേ നല്ലൊരു ജീവിതം.. എന്നും അവരുടെ കാൽക്കീഴിൽ ഒരു പട്ടിയെ പോലെ കഴിഞ്ഞാൽ മതിയോ..." ശീതൾ അവരുടെ ഉള്ളിലേക്ക് തീപ്പൊരി കോരിയിട്ടു... അവൾ മനസ്സിൽ കണ്ടത് പോലെ തന്നെ മാലതിയുടെ ഉള്ളിൽ കിടന്നത് ആളിക്കത്തി... ആ കുടുംബത്തെ തകർക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ട് അവർ പിരിഞ്ഞു... ****** പാൽ തിളച്ചു തൂവിയതും അരുണും ലീനയും കയ്യടിച്ചു...വൈഗ അതീവ സന്തോഷത്തോടെ അടുത്തു നിന്ന ജീവയെ നോക്കി...ജീവയുടെ മനസ്സും നിറഞ്ഞിരുന്നു... പുതിയ ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്... അവൻ ചുറ്റുമുള്ളതെല്ലാം മറന്നു അവളെ ചേർത്ത് നിർത്തി നെറ്റിയിൽ മുത്തമിട്ടു...

അരുൺ ഒട്ടും വൈകാതെ അത് മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു... ഉച്ചക്കത്തേക്കുള്ള സദ്യ പുറത്തു നിന്ന് വാങ്ങിക്കാമെന്ന് പറഞ്ഞെങ്കിലും ലീനയും വൈഗയും അതിന് സമ്മതിച്ചില്ല... അവർ റെഡിയാക്കിക്കോളാം എന്ന് പറഞ്ഞു...ലീനക്ക് സദ്യയിലുള്ള വിഭവങ്ങളെ പറ്റി വലിയ പിടുത്തമൊന്നും ഇല്ലെങ്കിലും പച്ചക്കറികൾ അരിഞ്ഞും തേങ്ങ ചിരവിക്കൊടുത്തുമൊക്കെ അവൾ വൈഗയെ സഹായിച്ചു...സ്വന്തം ഭാര്യമാർ അടുക്കളയിൽ കിടന്നു കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തത് കൊണ്ടാവും അവരും അടുക്കളയിൽ കയറി...നാല് പേരും കൂടെ പാട്ടും മേളവുമൊക്കെയായി പെട്ടന്ന് തന്നെ സദ്യയുടെ പരിപാടികൾ തീർത്തു...വൈഗക്കും ഏറെ സന്തോഷമായി...ലീനയും അരുണും അവളുടെ ആരൊക്കെയാണോ എന്നൊരു തോന്നൽ... ജീവിതത്തിൽ ഇത്രയധികം താൻ സന്തോഷിച്ച ദിവസം ഉണ്ടോ എന്ന് ചോദിച്ചാൽ അവൾക്കതിന് മറുപടിയുണ്ടാവുമായിരുന്നില്ല... അന്നേ ദിവസം ലീനക്ക് നൈറ്റ്‌ ഡ്യൂട്ടിയായത് കൊണ്ട് ഉച്ച കഴിഞ്ഞതും അവർ തിരികെ മടങ്ങി... പിന്നെ ആ വീട്ടിൽ വൈഗയും ജീവയും മാത്രമായി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story