വൈഗ: ഭാഗം 31

vaika shamseena

രചന: ശംസീന

പിറ്റേന്ന് മുതൽ ജീവക്ക് ജോലിക്ക് പോവേണ്ടത് കൊണ്ട് വൈഗ നേരത്തേ എഴുന്നേറ്റു... അമ്പലത്തിൽ നിന്നും കീർത്തനമൊന്നും കേട്ടിരുന്നില്ല... അതുകൊണ്ടവൾ തലേന്ന് മൊബൈലിൽ അലാറം സെറ്റ് ചെയ്തിരുന്നു... ബാത്‌റൂമിൽ കയറി ഫ്രഷായി നേരെ അടുക്കളയിലേക്ക് വിട്ടു... ഫ്രിഡ്ജിൽ ഇൻസ്റ്റന്റ് ഇഡ്ഡലി മാവിരിപ്പുണ്ടായിരുന്നു അതെടുത്ത് രണ്ട് പേർക്കുള്ള ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി... ജീവക്ക് ഓഫീസിലേക്ക് കൊണ്ടുപോവാൻ ചോറും മോര് കാച്ചിയതും കാബേജ് തോരനും തയ്യാറാക്കി വെച്ചു... വെട്ടം വീണു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ...പിൻവാതിൽ തുറന്നു ചൂലെടുത്ത് ഉമ്മറത്തേക്ക് നടന്നു...രാവിലെ അടുക്കളയിലെ ജോലികൾ ഒതുങ്ങിയാൽ മുറ്റം നല്ല വൃത്തിയിൽ തൂത്തുവാരിയിടണം.... അല്ലെങ്കിൽ അവൾക്കൊരു പൊറുതിമുട്ടലാണ്.. ജീവ ഉറക്കത്തിൽ തന്റെ അരികിൽ കിടന്നിരുന്ന വൈഗയെ കെട്ടിപ്പിടിക്കാൻ നോക്കിയപ്പോഴാണ് അവിടം ശൂന്യമാണെന്ന് മനസ്സിലായത്...അവൻ കണ്ണും തിരുമ്മി എഴുന്നേറ്റു...മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ ഉമ്മറത്തു നിന്നും ചൂല് കൊണ്ട് ചരലിൽ ഉരക്കുന്ന കരകര ശബ്ദം കേൾക്കുന്നുണ്ടായിരുന്നു...

"ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ... " പിറുപിറുത്തു കൊണ്ട് ഉമ്മറത്തേക്കിറങ്ങി...വെളിച്ചം വീഴുന്നതിന് മുന്നേ മുറ്റം തൂക്കുന്ന വൈഗയെ ഈർഷ്യയോടെ നോക്കി അരയിൽ കൈ കൊടുത്തു നിന്നു... "ജീവേട്ടൻ എഴുന്നേറ്റോ... ഞാൻ ചായയെടുക്കാം..." തൂക്കൽ കഴിഞ്ഞു നിവർന്ന വൈഗ അവനെ കണ്ടപ്പോൾ പറഞ്ഞു... "എനിക്ക് ചായയും വേണ്ട ഒരു പിണ്ണാക്കും വേണ്ടാ.. നീ വന്നേ ഇവിടെ... " എന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ കണ്ണും മിഴിച്ചു നിൽക്കുന്ന വൈഗയെ അടുത്തേക്ക് ചെന്നുകൊണ്ട് കയ്യിലുള്ള ചൂല് വാങ്ങി ഒരു മൂലക്കിട്ടു... "ജീവേട്ടാ... " അവളുടെ വിളിക്ക് ചെവികൊടുക്കാതെ കയ്യിൽ പിടിച്ചു വലിച്ചു മുറയിലേക്ക് നടന്നു... "കിടക്ക്... " "എന്താ... " അവൾ അമ്പരപ്പോടെ ചോദിച്ചു... "എടി കട്ടിലിൽ കിടക്കാൻ.... " അവൻ മുണ്ടും മടക്കിക്കുത്തി ഗൗരവത്തോടെ പറഞ്ഞു... "എ.. എന്തിന്.. നേരം വെളുത്തില്ലേ... ഇ.. ഇനി കിടക്കാനൊന്നും പറ്റില്ല... " പതർച്ചയോടെ പറഞ്ഞിട്ടവൾ ഒരടി പിറകിലേക്ക് മാറി.. "നീ പറഞ്ഞാൽ അനുസരിക്കില്ല അല്ലേ... " മീശത്തുമ്പിൽ പിടിച്ചു കണ്ണുകൾ കൂർപ്പിച്ചു പറഞ്ഞതും വൈഗ പേടിയോടെ ഉമിനീരിറക്കി...

അവൻ നടന്നവളുടെ അടുത്തേക്ക് വന്നു... അവൾ ഓടാൻ തുടങ്ങുന്നതിനു മുന്നേ പൊക്കിയെടുത്തു കട്ടിലിലേക്കിട്ടു... അവൾ അവിടെ നിന്നും എണീക്കാൻ ഒരുങ്ങിയതും അവൻ അവളുടെ അരികിലേക്ക് കിടന്നു മാറിലേക്ക് മുഖം പൂഴ്ത്തി... വൈഗ ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ മറന്നു കിടന്നു...ജീവ അരയിലൂടെ കയ്യിട്ടു പിടിച്ചു തന്നിലേക്ക് അവളെ ഒന്നുകൂടെ അടുപ്പിച്ചു... "ജീവേട്ടാ... " വിറയലോടെ അവൾ വിളിച്ചിട്ടവന്റെ മുടിയിൽ പിടിച്ചു വലിച്ചതും മാറിൽ മുഖമിട്ടുരസി ഒരു കള്ളച്ചിരിയോടെ തലയുയർത്തി.... "ഇനി മുതൽ എട്ട് മണി കഴിയാതെ എന്റെ അടുത്ത് നിന്നും എണീറ്റ് പോയാൽ ഇതിനേക്കാൾ വലിയ ശിക്ഷ നിനക്ക് ഞാൻ തരും കേട്ടല്ലോ...ഇവിടെ നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം ആരേയും പേടിക്കേണ്ടാ ആവശ്യമില്ല... ഇനിയിപ്പോ പണിയൊന്നും ചെയ്തില്ലെങ്കിലും ആരും ചോദ്യം ചെയ്യാനും വരില്ല...അതുകൊണ്ട് ഇതുപോലെ നേരത്തേ എഴുന്നേൽക്കുന്ന വേണ്ടാത്ത ശീലങ്ങളൊക്കെ അങ്ങ് മാറ്റിവെച്ചേക്ക് കേട്ടല്ലോ...." അവൻ തന്റെ കണ്ണുകളുരുട്ടി പറഞ്ഞതും അവളറിയാതെ തലയാട്ടി...

"അപ്പൊ ജീവേട്ടന് ഓഫീസിൽ പോവേണ്ടേ...അപ്പോഴേക്കും പലഹാരവും ചോറും കറിയുമൊക്കെ ആവേണ്ടേ..." അവൻ അകന്നു മാറിയതും പെട്ടന്നോർത്തത് പോലെ അവൾ ചോദിച്ചു... "പത്തു മണിക്കല്ലേ ഓഫീസ്.. ഇവിടെ നിന്ന് കുറച്ചല്ലേ ഉള്ളൂ... അതുകൊണ്ട് ഉച്ചക്ക് ഉണ്ണാൻ ഞാൻ ഇങ്ങോട്ട് വന്നോളാം... അതിനെനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല... വെറുതെ പൊന്നുമോള് വിളച്ചിലെടുക്കല്ലേ..." "മനസ്സിലായല്ലേ... " അവൾ അവനെ നോക്കി പല്ലിളിച്ചു.. "പിന്നേ... നിന്നെ ഇന്നും ഇന്നലേയും കാണാൻ തുടങ്ങിയതല്ലല്ലോ..." കള്ളച്ചിരിയോടെ പറഞ്ഞിട്ടവൻ അവളെ തന്റെ നെഞ്ചിലേക്ക് കിടത്തി.. "ഇതുപോലെ കിടക്കുമ്പോൾ നീ എപ്പോഴും എന്റെ അടുത്ത് വേണം... എങ്കിലേ എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുള്ളൂ..." "ഓ അപ്പോൾ ഉറങ്ങുമ്പോ മാത്രമേ ആവശ്യമുള്ളൂ..." അവൾ കെർവോടെ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു... "അല്ലല്ലോ... എനിക്ക് ഈ ജന്മം മുഴുവൻ ജീവിച്ചു തീർക്കാൻ നീയെന്റെ കൂടെ തന്നെ വേണം..... ഈ ജീവയുടെ ജീവശ്വാസം പോലും നീയല്ലേ പെണ്ണേ..."

അവൻ ആർദ്രമായി അവളുടെ കണ്ണുകളിലേക്ക് നോക്കി... "റൊമാൻസ് വരുന്നുണ്ടോ സേട്ടാ... " ചിരിയോടെ പറഞ്ഞിട്ടവൾ അവന്റെ മീശത്തുമ്പിൽ പിടിച്ചു വലിച്ചു... "സ്സ്... " അവൻ വേദനയോടെ എരി വലിച്ചതും അവൾ പിടിവിട്ടു... "എന്റെ ദേവ്യെ... ഇതുപോലൊരു അൺറൊമാന്റിക് മൂരാച്ചിയെയാണല്ലോ നീയെനിക്ക് തന്നത്...ഒന്ന് മൂഡായി വരുവായിരുന്നു... " അവൻ മുകളിലേക്ക് നോക്കി നിരാശ ഭാവത്തോടെ പറഞ്ഞു... "പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞാനാ കെട്ടാൻ പറഞ്ഞതെന്ന്...ഇയാളല്ലേ വലിയ ഹീറോയിസം കാണിച്ചു എന്നെ കെട്ടിയത് അപ്പൊ ഇതൊക്കെ അനുഭവിച്ചേ പറ്റൂ..." പരിഭവത്തോടെ പറഞ്ഞിട്ടവൾ അവന്റെ നെഞ്ചിൽ നിന്നും മാറി തിരിഞ്ഞു കിടന്നു... "വൈഗാ... " കാതോരം ചെന്നവൻ നനുത്ത സ്വരത്തോടെ വിളിച്ചതും അവൾ ചിരിയടക്കി പിടിച്ചു കിടന്നു...അവൾ കുറുമ്പ് കാണിക്കുകയാണെന്ന് മനസ്സിലായതും ജീവ അവളുടെ ജിമിക്കി ചേർത്തു ചെവിത്തുമ്പിൽ കടിച്ചു... പൊടുന്നനെ അവൾ തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി കിതച്ചു കൊണ്ടിരുന്നു...

"വൈഗാ... " വീണ്ടും അവൻ വിളിച്ചതും നാണത്തോടെ അവന്റെ നെഞ്ചിലെ രോമക്കൂട്ടിലേക്ക് മുഖമൊളിപ്പിച്ചവൾ കിടന്നു...ജീവ കുറേ തവണ വിളിച്ചിട്ടും അവൾ മുഖമുയർത്താൻ കൂട്ടാക്കിയില്ല...ഇനിയും അവളെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി അവനും ചെറു ചിരിയോടെ അവളെ അടക്കിപ്പിടിച്ചു കിടന്നു... ***** വൈഗ പോയതിൽ പിന്നെ തറവാട് ഉറങ്ങിയത് പോലെയായി...എല്ലാ ജോലി ഭാരവും രേവതിയുടെ ചുമലിലായി...അഞ്ജു കോളേജിലേക്ക് പോവുന്നതിന് മുന്നേ തന്നാൽ കഴിയുന്ന ജോലികൾ ചെയ്തു കൊടുക്കുമായിരുന്നു...കോളേജിൽ നിന്നും തിരികെ വന്നാൽ അമ്മിണി പശുവിനേയും കിടാവിനേയും കൊണ്ട് തൊടിയിലേക്ക് പോവും പിന്നേ അതിന്റെ തീറ്റിയൊക്കെ കഴിഞ്ഞേ തിരിച്ചു വരുള്ളൂ.... വൈഗ ജീവയുടെ കൂടെ പോയതിൽ ജയന്തിക്ക് അതിയായ ഈർഷ്യയുണ്ടായിരുന്നു...ആ അവസരം മാലതിയും ശീതളും നന്നായി തന്നെ ഉപയോഗിച്ചു... ദിവസം ചെല്ലുന്തോറും വൈഗയുടെ ഓരോ കുറ്റങ്ങൾ പറഞ്ഞു ജയന്തിക്കുള്ളിൽ അവളോടുള്ള വെറുപ്പിന്റെ ആഴം കൂട്ടി...

കിഷോർ പിന്നീട് തറവാട്ടിലേക്ക് മടങ്ങി വന്നില്ല... കള്ളും കഞ്ചാവുമായി അവൻ തന്റെ ദിവസങ്ങൾ തള്ളിനീക്കി... അവനെ കാണാതെ ജിഷയുടെ മനസ്സുരുകിത്തുടങ്ങി...ജീവ അവനെ എന്തെങ്കിലും ചെയ്തു കാണുമോ എന്ന ഭയം അവളുടെ ഉള്ളിൽ അപ്പോഴേക്കും പിടിമുറുക്കിയിരുന്നു ...ശീതളിനോട് അവനെ പറ്റി അന്യോഷിച്ചെങ്കിലും തന്ത്രപൂർവ്വം അവനെ കണ്ടിട്ടേയില്ലെന്നും പറഞ്ഞു അവൾ കയ്യൊഴിഞ്ഞു... ജിഷ പതിവ് പോലെ കോളേജിലേക്ക്‌ പോയി.... രാവിലെ നേരത്തേ വീട്ടിൽ നിന്നും ഇറങ്ങിയത് കൊണ്ട് കാര്യമായിട്ടൊന്നും കഴിക്കാൻ പറ്റിയിരുന്നില്ല... അതുകൊണ്ട് ക്ലാസ്സ്‌ കഴിഞ്ഞുള്ള ബ്രേക്ക്‌ സമയത്ത് അവൾ കൂട്ടുകാരികളുടെ കൂടെ കാന്റീനിലേക്ക് പോയി... ഒരു ചായയും രണ്ട് വടയും പറഞ്ഞു അവൾ കാത്തിരുന്നു... ആ സമയത്താണ് ബാഗിൽ കിടന്നിരുന്ന ഫോൺ വൈബ്രെറ്റ് ചെയ്യുന്നത് കേട്ടത്... എടുത്തു നോക്കുമ്പോൾ കിഷോറായിരുന്നു.. "കിഷോറേട്ടൻ എന്തിനാ തന്നെ വിളിക്കുന്നത്... " അവളൊരു സന്ദേഹത്തോടെ ഫോൺ അറ്റന്റ് ചെയ്തു ചെവിയിലേക്ക് ചേർത്തു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story