വൈഗ: ഭാഗം 32

രചന: ശംസീന

കിഷോറേട്ടൻ എന്തിനാ തന്നെ വിളിക്കുന്നത്... അവളൊരു സന്ദേഹത്തോടെ ഫോൺ അറ്റന്റ് ചെയ്തു ചെവിയിലേക്ക് ചേർത്തു... "ഹെലോ... " "ഇത് ഞാനാണ് കിഷോർ... " "ഹാ മനസ്സിലായി... എന്തിനാ വിളിച്ചേ..." "അതെന്താടോ അങ്ങനെയൊരു പറച്ചിൽ... ഞാൻ വിളിക്കുന്നത് ഇഷ്ടമല്ലേ... " "ഏയ്‌.. അതൊന്നുമല്ല,,, പതിവില്ലാത്തൊരു വിളി കണ്ടത് കൊണ്ട് ചോദിച്ചതാണ്..." "നീയിപ്പോൾ ഫ്രീയാണോ... " "അല്ല.. ക്ലാസ്സുണ്ട്.. " "കോളേജ് വിടുമ്പോ അടുത്തുള്ള ബസ്റ്റോപ്പിൽ നിൽക്ക്... ഞാൻ വന്നു പിക്ക് ചെയ്യാം..." അതെന്തിനാണെന്ന് ചോദിക്കാൻ വന്നപ്പോഴേക്കും അവൻ ഫോൺ കട്ട്‌ ചെയ്തിരുന്നു... അന്ന് ഇഷ്ടമാണെന്ന് പറഞ്ഞു പോവുകയും ചെയ്തു ഇനി അതിനെ കുറിച്ച് വല്ലതും ചോദിക്കാനായിരിക്കുമോ... അതോ അമ്മയോ അമ്മായിയോ ഇതിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകുമോ.. അല്ലെങ്കിൽ കിഷോറേട്ടൻ പറഞ്ഞിട്ടുണ്ടായിരിക്കുമോ...എന്തിനായിരിക്കും അവൻ തന്നെ കാണണമെന്ന് പറഞ്ഞതെന്നാലോചിച്ചു അവൾക്കാകെ പരവേശമായി...

കോളേജ് വിടുന്നത് വരെ അവൾക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല... കോളേജ് വിട്ടതും അവൾ അഞ്ജുവിന്റെ മുന്നിൽ ചെന്നുപെടാതെ പുറത്തേക്കിറങ്ങി... കണ്ടാൽ ചിലപ്പോൾ എങ്ങോട്ടാണ് ആരെ കാണാനാണ് എന്നിങ്ങനെ ഒരു നൂറ് കൂട്ടം ചോദ്യങ്ങൾ ഉണ്ടാവും ചോദിക്കാൻ... ജിഷ ബസ്റ്റോപ്പിൽ നിൽക്കുന്നത് അഞ്ജു കണ്ടിരുന്നു... ഇവിടെ നിന്നും വീട്ടിലേക്ക് അധികം ദൂരമില്ലാത്തത് കൊണ്ട് തിരികെ പോവുമ്പോൾ മിക്ക ദിവസങ്ങളിലും നടന്നാണ് പോവാറ്... പതിവില്ലാതെ അവളെന്തിനാ അവിടെ നിൽക്കുന്നതെന്ന് അഞ്ജു ചിന്തിക്കാതിരുന്നില്ല... മറഞ്ഞു നിന്ന് അവളെ വീക്ഷിക്കുമ്പോഴാണ് ജിഷയുടെ മുന്നിലൊരു കാർ വന്നു നിന്നത്... വെപ്രാളത്തോടെ ചുറ്റുമൊന്ന് നോക്കി അവൾ കാറിനകത്തേക്ക് കയറി... "ഇവളിത് ആരുടെ കൂടെയാ പോവുന്നത്... " "ഹെലോ..." അവളിങ്ങനെ ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്..അഞ്ജു തിരിഞ്ഞു നോക്കിയതും വരുൺ ചെറു ചിരിയോടെ മുന്നിൽ നിൽക്കുന്നു...

"ഇതാരെ നോക്കി നിക്കുവാ.. വീട്ടിലൊന്നും പോവുന്നില്ലേ... " അവൻ ചോദിക്കുമ്പോഴും അവൾ കണ്ണും മിഴിച്ചു നിൽക്കുവായിരുന്നു.. "എടോ..ഇയാളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ..." അവൻ വിരലുകൾ അവളുടെ മുഖത്തിന്‌ നേരെ ഞൊടിച്ചു... അവളൊന്ന് ഞെട്ടിയതും അവനിൽ ചിരി പടർന്നു.. "ഞാ.. ഞാൻ പോവാൻ നിൽക്കുവായിരുന്നു .. " വെപ്രാളത്തോടെ പറഞ്ഞിട്ടവൾ മറുപടിക്ക് പോലും കാത്തു നിൽക്കാതെ പാവാടത്തുമ്പുയർത്തി അവനരികിൽ നിന്നും ഓടി.... "നിന്നെ ഞാൻ എടുത്തോളാമെടി കാന്താരി... " അവൾ പോവുന്നതും നോക്കി നിന്നവൻ പ്രണയ പരവശനായി മന്ത്രിച്ചു.... ***** തന്റെ മുന്നിലിരിക്കുന്ന കിഷോറിനെ കണ്ണിമവെട്ടാതെ ജിഷ നോക്കിയിരുന്നു... തറവാട്ടിൽ നിന്നും പോയത് പോലെ അല്ലായിരുന്നു ആളപ്പോൾ... മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കി ഒരു മനുഷ്യക്കോലമൊക്കെ വന്നിട്ടുണ്ടായിരുന്നു..

. "കാപ്പി കുടിക്ക്... " വൈറ്റെർ മുന്നിൽ കൊണ്ടുവന്നു വെച്ച കോഫി കിഷോർ അവളുടെ മുന്നിലേക്ക് നീക്കിവെച്ചു... അവൾ അതേപടി അവന്റെ മുന്നിലേക്ക് തന്നെ നീക്കിവെച്ചു ഗൗരവത്തിൽ നോക്കി... "കിഷോറേട്ടൻ എന്തിനാ കാണണമെന്ന് പറഞ്ഞത്... " അവളുടെ ചോദ്യം കേൾക്കാൻ കാത്തിരുന്നെന്ന പോലെ അവൻ പറയാൻ തുടങ്ങി..... "നിനക്കറിയാലോ ഇന്നുവരെ ഒരാളോടും ഒരു തരത്തിലുള്ള കമ്മിറ്റ്മെന്റ്സും വെക്കാത്ത ആളാണ് ഞാനെന്ന്... പിന്നെ വൈഗയുടെ കാര്യം പറയുവാണേൽ അത് എന്റെ പ്രായത്തിലുള്ള ഒട്ടുമിക്ക ആണുങ്ങൾക്കും തോന്നുന്നൊരു അട്ട്രാക്ഷൻ അത്രേയുള്ളൂ അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ പറ്റില്ല..." അവൻ മുന്നോട്ടൊന്നാഞ്ഞിരുന്നു...ജിഷ അവൻ പറയാൻ പോവുന്നതെന്താണെന്നറിയാതെ അവന്റെ വാക്കുകൾക്കായി കാതോർത്തു...

"പക്ഷെ ഈ കുറച്ചു ദിവസം കൊണ്ടെനിക്കൊരു കാര്യം മനസ്സിലായി... നമ്മൾ സ്നേഹിക്കുന്നവരെയെല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് തിരിച്ചു സ്നേഹിക്കേണ്ടതെന്ന്..." പൊടുന്നനെ അവൻ ടേബിളിൽ ഇരുന്നിരുന്ന അവളുടെ കൈകൾ കവർന്നെടുത്തു...അവന്റെ ആ പ്രവർത്തി അവളിൽ ചെറിയൊരു നീരസമുണ്ടാക്കി...ചുറ്റും ആളുകളുള്ളൊരു പബ്ലിക് പ്ലേസ് ആയത് കൊണ്ട് അവളാ നിമിഷം സംയമനം പാലിച്ചു... "ഇങ്ങനെ താന്തോന്നിയായി നടന്ന് എല്ലാവരുടേയും വെറുപ്പ് സാമ്പാദിച്ചിട്ടുള്ളൊരു ജീവിതം മടുത്തെടി.... നല്ലൊരു മനുഷ്യനായി ഇനി മുതൽ എനിക്കും ജീവിക്കണം... അതിന് നീയും നിന്റെ പ്രണയവും എന്റെ കൂടെ വേണം... ശെരിയാ നിന്റെ പ്രണയം തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി.....ആ തെറ്റെനിക്ക് തിരുത്തണം അതിനൊരവസരം നീയെനിക്ക് തരണം ജിഷാ..." അവന്റെ വാക്കുകൾക്ക് മുന്നിലവൾ തരിച്ചിരുന്നു... ശെരിയാണ് ആ നാവിൽ നിന്നും തിരിച്ചും ഇഷ്ടമാണെന്ന് കേൾക്കാൻ കൊതിച്ചിട്ടുണ്ട്... പക്ഷേ ഇപ്പോഴെന്താ ആ ഇഷ്ടം അംഗീകരിക്കാൻ കഴിയാത്തത് പോലെ.. പറ്റിക്കപ്പെടുകയാണോ എന്നൊരു തോന്നൽ....

"കിഷോറേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ... അത് ഞാൻ അന്നത്തെ ഒരവസ്ഥയിൽ പറഞ്ഞുപോയതാ... അല്ലാതെ..." അവൾക്ക് വല്ലാത്ത പരവേശം തോന്നിയിരുന്നു... "എനിക്കറിയാം അന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന്റെ ദേഷ്യമല്ലേ നിനക്കെന്നോട്... പറ്റിപ്പോയെടി... അന്ന് വയറ്റിൽ കിടക്കുന്ന കള്ളിന്റെ പുറത്ത് എന്തൊക്കെയോ പറഞ്ഞുപോയി...പിന്നീടാണ് അത് തെറ്റാണെന്ന് മനസ്സിലായത്... നീയെന്നോട് ക്ഷമിക്ക് ജിഷേ... ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല.. ഉറപ്പ്..." ഒട്ടും പ്രതീക്ഷിക്കാതെ അവൻ കാലിൽ പിടിച്ചു മാപ്പപേക്ഷിച്ചതും അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് മാറി... "കിഷോറേട്ടാ... എന്താ ഈ കാണിക്കുന്നേ.. ആളുകൾ ശ്രദ്ധിക്കുന്നു... " അവന്റെ പ്രവത്തിയിൽ അവളാകെ അമ്പരന്നു പോയിരുന്നു... ഇതുപോലൊരു മാറ്റം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചതല്ലായിരുന്നല്ലോ.... "നീയെന്നോട് ക്ഷമിച്ചെന്ന് പറയാതെ ഞാൻ ഇവിടെ നിന്നും എണീക്കില്ല... " ഉള്ളിലെ കുടിലത മറച്ചു പിടിച്ചു നല്ലൊരാളെ പോലെ അവൻ പറഞ്ഞു... "ആ എനിക്ക് ദേഷ്യമൊന്നുമില്ല...കിഷോറേട്ടൻ ഇപ്പോൾ എണീക്ക്..."

അവൾ പറഞ്ഞത് കേട്ടവൻ എഴുന്നേറ്റു ശ്വാസം വലിച്ചു വിട്ടു... "ഇപ്പോഴാ മനസ്സിലെ ആ ഭാരമങ്ങ് ഒഴിഞ്ഞുപോയത്...ഇന്ന് മുതൽ ഞാൻ നല്ലൊരു മനുഷ്യനായിരിക്കും...എന്റെ ജിഷയാണെ സത്യം..." അവളുടെ കയ്യിലടിച്ചവൻ സത്യം ചെയ്തു... പ്രണയം ചാലിച്ചുള്ള അവന്റെ പൊയ് വാക്കുകളിൽ അവളുടെ മനസ്സും എപ്പോഴോ ഇടറി വീണു പോയിരുന്നു.... പിന്നീട് അവിടെ ഇരുന്ന് കാപ്പിയൊക്കെ കുടിച്ചു കുറച്ചു നേരം കൂടെ സംസാരിച്ചാണ് അവർ അവിടെ നിന്നും മടങ്ങിയത്... അപ്പോഴേക്കും ജിഷ അവനിൽ പൂർണമായും വിശ്വാസം അർപ്പിച്ചിരുന്നു... അവനുമായിട്ടുള്ള നല്ലൊരു ജീവിതം അവൾ സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു...

സമയം വൈകിയത് കൊണ്ട് ജിഷയെ തറവാടിന് മുന്നിൽ ഇറക്കി കിഷോർ തിരിച്ചു പോയി... മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ ജിഷ തറവാട്ടിലേക്ക് നടന്നു...ഉള്ളിലിങ്ങനെ അവനോടുള്ള പ്രണയം നിറഞ്ഞു കവിയുകയായിരുന്നു... കോണിപ്പടി കയറി മുകളിലെത്തിയതും അവളുടെ മുന്നിലേക്ക് അഞ്ജു കടന്നു വന്നു... അവളുടെ കല്ലിച്ച മുഖം കണ്ട് ഇവൾ വല്ലതും അറിയുകയോ അതോ കിഷോറിനെ കാണുകയോ മറ്റോ ചെയ്തെന്നുള്ള സംശയം അവളിലുണ്ടായി... "നീയിത്ര നേരം എവിടെയായിരുന്നു...? " അഞ്ജു അവളിൽ നിന്നും മിഴികളെ പിൻവലിക്കാതെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story