വൈഗ: ഭാഗം 34

രചന: ശംസീന

കുറച്ചു കഴിഞ്ഞതും അടഞ്ഞു കിടന്ന വാതിൽ തുറന്ന് വൈഗ പുറത്തേക്ക് വന്നു... ജീവ പുറത്ത് പോവാമെന്ന് നേരത്തെ പറഞ്ഞിരുന്നതിനാൽ അവൾ അതിന് വേണ്ടി റെഡിയായിട്ടുണ്ടായിരുന്നു...സിംപിൾ ആയിട്ടുള്ള ഷിഫോൺ അനാർക്കലി കട്ടിങ് ചുരിദാറായിരുന്നു വേഷം... കടും നീല നിറത്തിലുള്ള ചുരിദാറിൽ ചിലയിടത്തായി ഗോൾഡൻ നൂലിൽ വർക്കുളുണ്ട്... അത് ആ ചുരിദാറിന്റെ ഭംഗി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.... ജീവ കണ്ണിമ വെട്ടാതെ അവളെ നോക്കിയിരുന്നു... കടും നീല നിറം അവളുടെ മുഖത്തിന്റെ ഭംഗി ഒന്നുകൂടെ വർധിപ്പിച്ചത് പോലെ... അവൻ സോഫയിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു... "എന്തേ... " അവൻറെ നോട്ടം കണ്ടവൾ ചോദിച്ചു... "നീയിപ്പോൾ കൂടുതൽ സുന്ദരിയായത് പോലെ... " അവളുടെ പിടക്കുന്ന താമര മിഴികളിലേക്ക് നോട്ടമെയ്തു കൊണ്ടവൻ പറഞ്ഞു... "മ്മ്.. ഇന്നത്തേക്ക് ഇത്രയും പതപ്പിച്ചാൽ മതി ബാക്കി നാളെ... " ചിരിയടക്കി പിടിച്ചു പറഞ്ഞിട്ടവൾ മുന്നോട്ട് നടക്കാനൊരുങ്ങിയതും മുടിത്തുമ്പിൽ പിടിച്ചു വലിച്ചവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു..

"ആഹ്... ജീവേട്ടാ.. നോവുന്നുണ്ട്ട്ടോ... " "നൊന്തോട്ടെ...ആ നോവ് മാറ്റാനുള്ള മരുന്നൊക്കെ എന്റെ കയ്യിലുണ്ട്..." അവളുടെ കാതോരം പതിഞ്ഞ സ്വരത്തിലവൻ പറഞ്ഞു... അവളൊന്ന് വിറച്ചു പോയി.... ജീവ അവളുടെ മുടിയിഴകൾ മുന്നിലേക്ക് വകഞ്ഞിട്ടു...അവന്റെ ഓരോ ചലനങ്ങളിലും അവളിൽ എന്തൊക്കെയോ പുതിയ അനുഭൂതികൾ ഉടലെടുക്കുന്നുണ്ടായിരുന്നു.... "മുടിയുടെ ഉള്ളെല്ലാം പോയല്ലോടി പെണ്ണേ...ഇപ്പൊ കോല് പോലെ ആയിട്ടുണ്ട്..." അവളുടെ മുടിയിഴകളിൽ അവന്റെ കൈ വിരലുകൾ കൊണ്ട് തഴുകവേ വാത്സല്യത്തോടെ ചോദിച്ചു... "പൈപ്പിലെ വെള്ളം ആയത്കൊണ്ടാണെന്ന് തോന്നുന്നു മുടിയെല്ലാം നന്നായി കൊഴിയുന്നുണ്ട്...." അവനിൽ നിന്നും അകന്ന് മാറാതെ തന്നെ അവൾ മറുപടിയും പറഞ്ഞു... ആ സമയം അവളുടെ മുഖത്ത് നേരിയ വിശാദം തളം കെട്ടിയിരുന്നു... "എന്തേ നാട്ടിലേക്ക് തിരിച്ചു പോവാൻ തോന്നുന്നുണ്ടോ... " ശാന്തമായ സ്വരത്തിലവൻ ചോദിക്കവേ അവൾ അവനഭിമുഖമായി തിരിഞ്ഞു നിന്നു... "ഞാൻ പോയാൽ ജീവേട്ടൻ തനിച്ചാവില്ലേ..."

"പിന്നെ ആവാതെ..." അവൾ കൊച്ചു കുഞ്ഞിനോടെന്ന പോലെ ചോദിച്ചതും അവനും അതേ രീതിയിൽ പറഞ്ഞു... "അങ്ങനെയാണെങ്കിൽ എനിക്ക് പോവേണ്ടാ...ജീവേട്ടൻ എവിടെയാണോ അവിടെ തന്നെ ഞാനുമുണ്ടാവും... ജീവേട്ടൻ കൂടെയുള്ളതാ ഇപ്പോഴത്തെ എന്റെ സമാധാനം... എനിക്കൊന്നും സംഭവിക്കാതെ ജീവേട്ടൻ എന്നെ സംരക്ഷിക്കുമെന്നെനിക്കുറപ്പുണ്ട്..." പറഞ്ഞിട്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... "അതേയ് ഇങ്ങനെ നിന്നാ മതിയോ പോവേണ്ടേ നമുക്ക്.... " കുറച്ചധികം സമയം ആ നിൽപ്പ് തുടർന്നതും ജീവ ചോദിച്ചു... അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി... നിറഞ്ഞ പുഞ്ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന വൈഗയുടെ കവിളിൽ നോവാത്ത വിധം പിച്ചിക്കൊണ്ട് ജീവ ഡ്രസ്സ്‌ മാറി വന്നതും വാതിലുമടച്ച് അവർ പുറത്തേക്ക് പോയി... ആദ്യം പോയത് മാളിലേക്കായിരുന്നു... മുന്നേ ഒരു തവണ ജീവയോടൊപ്പം അവിടേക്ക് വന്നിട്ടുണ്ടെങ്കിൽ കൂടെ അവിടം അവൾക്ക് പുതുമയുള്ളതായി തോന്നി...

അതിനുള്ളിലൂടെ കുറച്ച് സമയം ചുറ്റിക്കറങ്ങി... ജീവ അവൾക്കിഷ്ട്ടപ്പെട്ട രണ്ട് മൂന്ന് ജോഡി ഡ്രസ്സ്‌ വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് എടുത്ത് കൊടുത്തു.... അവിടെ നിന്നും നിറയെ ചെടികളുള്ള ഒരു നഴ്സറിയിലേക്ക് പോയി... അവിടെയുള്ള വിവിധയിനത്തിൽപ്പെട്ട പൂക്കളും ചെടികളും കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവളോരോന്നിനേയും തഴുകിയും തലോടിയുമിരുന്നു.... വീടിന്റെ മുൻവശത്ത് ഒരു കൊച്ചു പൂന്തോട്ടം വേണമെന്നുള്ളത് അവളുടെ ആഗ്രഹമായിരുന്നു... അതിനായി അവൾക്കേറെ ഇഷ്ടപ്പെട്ട കുറച്ച് ചെടികൾ അവിടെ നിന്നും വാങ്ങി...നാളെ അവരത് നേരിട്ട് വീട്ടിലേക്ക് എത്തിച്ചു തരുമെന്ന് പറഞ്ഞതും വൈഗക്ക് സന്തോഷമായി... അവളുടെ ഇത് പോലുള്ള കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ പറയാതെ തന്നെ ചെയ്ത് കൊടുക്കുമ്പോൾ ജീവക്കുള്ളിലും അതിയായ സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു....ആ കുറുമ്പി പെണ്ണിനോടവന് ഒരേ സമയം വാത്സല്യവും പ്രണയവും തോന്നുന്നുണ്ടായിരുന്നു...

പിന്നീട് അവിടെ നിന്നും നേരെ ബീച്ചിലേക്ക് പോയി.. അത്യാവശ്യം തിരക്കുള്ള സമയമായിരുന്നു അപ്പോൾ... ആ തിരക്കുകൾക്കിടയിലും ജീവയുടെ കൈകൾ കോർത്തു പിടിച്ചു നടക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി താനാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അവൾക്കത്...ഏറെ നേരം അവരവിടെ ചിലവിട്ടു... തട്ടുകടയിൽ നിന്നും അവൾക്കിഷ്ട്ടപ്പെട്ട മസാല ദോശയും കഴിച്ചിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്... **** "താനൊന്നും പറഞ്ഞില്ല...ഞാൻ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചോട്ടെ...എന്തോ തന്നെ വിട്ടു കളയാൻ തോന്നുന്നില്ല..." വരുണിന്റെ പറയുന്നത് കേൾക്കവേ അഞ്ജു അവന്റെ മുന്നിലിരുന്ന് വിയർത്തു...ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു... "ഒന്നടങ്ങെന്റെ ഹൃദയമേ... " അവൾ നെഞ്ചിൽ കൈവെച്ചു മനസ്സിൽ പറഞ്ഞു...അവളുടെ പ്രവർത്തി കാണെ വരുണും അറിയാതെ ചിരിച്ചു പോയിരുന്നു... ഇത്രയും നാൾ അവൻ എന്തെങ്കിലും ചോദിച്ചാൽ ഉരുളക്ക് ഉപ്പേരിയെന്ന പോലെ മറുപടി പറയുമായിരുന്നു... എന്നാൽ ഇപ്പോൾ അതിന് കഴിയാത്തതെന്തേ...

ഒരു വാക്ക് പോലും മിണ്ടാൻ കഴിയാതെ അവന്റെ മുഖത്ത് നിന്നും കണ്ണുകൾ പിൻവലിക്കാതെ അവൾ ആലോചിച്ചു... "അപ്പൊ തനിക്കെന്നെ ഇഷ്ടമല്ലേ...ഞാൻ കരുതി എനിക്കുള്ളത് പോലെ തനിക്കും എന്നെ... സാരമില്ല..." അവനന്റെ വാക്കുകളിൽ നിരാശ കലർന്നു... "അയ്യോ സർ പോവല്ലേ....ഞാൻ പറയാം... " പറഞ്ഞിട്ടവൻ അവിടെ നിന്നും പോവാനൊരുങ്ങിയതും അവൾ ചാടിക്കയറി പറഞ്ഞു... "എന്നാ പറ ഇഷ്ടമാണോ അല്ലയോ... " തലതാഴ്ത്തി നിൽക്കുന്നവളെ നോക്കിക്കൊണ്ടവൻ വീണ്ടും ചോദിച്ചു... "പെട്ടനിങ്ങനെയൊക്കെ ചോദിച്ചാ... " അവൾ പാതിയിൽ നിർത്തി തലയുയർത്തിയവനെ നോക്കി... "പെട്ടന്ന് വേണ്ടാ... രണ്ട് ദിവസത്തെ സമയം തരാം അതിനുള്ളിൽ മറുപടി പറഞ്ഞാൽ മതി.. ഞാൻ കാത്തിരുന്നോളാം...." നേർത്ത ചിരിയോടെ പറഞ്ഞിട്ടവൻ അവിടെ നിന്നും നടന്നകന്നു...അവൻ പോയതും അവൾ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു... വരുണിന് തന്നെ ഇഷ്ടമാണെന്ന് അവന്റെ നോട്ടത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും നേരത്തേ തന്നെ മനസ്സിലായിരുന്നു...

പക്ഷേ പെട്ടന്നിങ്ങനെ മുന്നിൽ വന്നു നിന്ന് കണ്ണുകളിലേക്ക് നോക്കി പ്രണയം തുറന്നു പറയുമെന്നൊന്നും വിചാരിച്ചിരുന്നില്ല... തന്റെ ഉള്ളിലും ആളോടൊരു ഇഷ്ടമൊക്കെയുണ്ട്... പക്ഷേ പഠിപ്പിക്കുന്ന സാറിനെയൊക്കെ ഇഷ്ടപ്പെടുക എന്ന് വെച്ചാൽ അതൊരു മോശം കാര്യമല്ലേ എന്നാലോചിച്ചു ഉള്ളിൽ തോന്നിയ പ്രണയത്തെ കുഴിച്ചു മൂടുകയായിരുന്നു... ഇതിപ്പോ ആള് തുറന്ന് പറഞ്ഞ സ്ഥിതിക്ക് തിരിച്ച് തനിക്കും ഇഷ്ടമാണെന്ന് പറഞ്ഞാലോ...തന്നെ കുറിച്ച് മോശമായി കരുതുമോ... ഏയ്‌ രണ്ട് ദിവസത്തെ സമയം തന്നിട്ടുണ്ടല്ലോ വൈഗയോട് വിളിച്ചു ചോദിക്കാം എന്ത് ചെയ്യണമെന്ന്... അവൾ മനസ്സിൽ ഓരോന്നും കണക്ക് കൂട്ടി... അങ്ങേരുടെ പൂച്ചക്കണ്ണ് കണ്ടാൽ വീഴാത്ത പെൺപിള്ളേരൊന്നും ഉണ്ടാവില്ല... എന്റീശ്വരാ ഈ രണ്ട് ദിവസം കോളേജിലെ സകല പിടക്കോഴികളുടെയും കണ്ണിൽ നിന്ന് എന്റെ ചെക്കനെ കാത്തോണേ... അവൾ മുകളിലേക്ക് നോക്കി ആത്മാർത്ഥമായി പ്രാർത്ഥിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story