വൈഗ: ഭാഗം 43

vaika shamseena

രചന: ശംസീന

രാവിലെ എണീക്കുമ്പോഴും താൻ അവന്റെ നെഞ്ചിൽ തന്നെയാണെന്നോർക്കേ വൈഗയിലൊരു പുഞ്ചിരി മൊട്ടിട്ടു... അവൾ പതിയെ എഴുന്നേറ്റ് മാറാൻ നോക്കി... "വെളിച്ചം വീണിട്ടില്ലല്ലോ,,, കുറച്ചു നേരം കൂടെ... " കണ്ണുകൾ തുറക്കാതെ പറഞ്ഞുകൊണ്ട് ജീവ അവളെ ബെഡിലേക്ക് തന്നെ വലിച്ചിട്ടു... "ഇന്ന് അഞ്ജുവിനെ കാണാൻ വരുണും വീട്ടുകാരും വരുന്ന ദിവസമല്ലേ... നേരത്തേ എഴുന്നേൽക്കാതെയെങ്ങനെയാ... ഇല്ലേൽ കുഞ്ഞമ്മായി ഒറ്റക്ക് കിടന്ന് കഷ്ടപ്പെടേണ്ടി വരും..." വൈഗ പറഞ്ഞതും ജീവ അവളിലുള്ള പിടിയയച്ചു... അവൾ എണീറ്റതും ജീവ പരിഭവത്തോടെ കമിഴ്ന്നു കിടന്ന് ഉറക്കം പിടിച്ചു... കുളിച്ചിറങ്ങിയപ്പോഴും അവനതേ കിടപ്പ് തന്നെയായിരുന്നു... അടഞ്ഞു കിടക്കുന്ന കൺപോളകൾക്ക് മുകളിലൂടെ ചലിക്കുന്ന കൃഷ്ണമണികൾ അവൻ ഉറങ്ങിയിട്ടില്ല എന്നുള്ളതിന് തെളിവായിരുന്നു...അവൾ ചിരിയോടെ അവനടുത്തേക്കിരുന്നു... നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാടി പിന്നിലേക്ക് ഒതുക്കി വെച്ചു... കുറച്ചു നേരം അവളാ പ്രവർത്തി തുടർന്നതും അവൻ മലർന്നു കിടന്നു അവളുടെ കയ്യിൽ പിടിച്ചു... "ഇന്നലെ ഞാനൊരല്പം ബോറാക്കിയോ... " പതിയെ അവളുടെ കൈകൾ തന്റെ ചുണ്ടിനോടടുപ്പിച്ചു കൊണ്ടവൻ ചോദിച്ചു...

"ഇല്ലല്ലോ... ഉള്ളിലുള്ളത് തുറന്നു പറയുമ്പോഴല്ലേ നമുക്ക് അയാളോട് കൂടുതൽ ഇഷ്ടം തോന്നുക..." "അപ്പൊ നിനക്കെന്നോടിപ്പോ സ്നേഹമാണോ...!" അവന്റെ മിഴികൾ തിളങ്ങി... "അല്ലെന്ന് തോന്നുന്നുണ്ടോ..എന്റെ കഴുത്തിൽ എന്നീ താലി ചാർത്തിയോ അന്ന് തൊട്ട് ജീവേട്ടന്റെ പ്രണയം സ്വീകരിക്കാൻ എന്റെ മനസ്സും തയ്യാറായി കഴിഞ്ഞിരുന്നു... എന്നിട്ടും ജീവേട്ടനാണ് എന്റെ അടുത്ത് നിന്ന് കുറച്ചെങ്കിലും അകലം പാലിച്ചത്..." അവളുടെ ചുണ്ടുകൾ പരിഭവത്താൽ കൂർത്തു... "ഞാൻ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി... " അവൻ എഴുന്നേറ്റിരുന്നു... "നിങ്ങളെ ആർക്കാ മനുഷ്യാ ഇഷ്ട്ടപ്പെടാതിരിക്കുവാ.. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യം തന്നെ നിങ്ങളല്ലേ... " വൈഗ ആവേശത്തോടെ അവന്റെ ഇരു കവിളുകളും പിച്ചി വലിച്ചു.. "നോവിക്കാതെ പെണ്ണേ... " അവൻ മുഖം ചുളിച്ചതും അവൾ കൈകൾ എടുത്തുമാറ്റി... "ജീവേട്ടാ..." "മ്മ്... " "ഇന്നലെ പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ...!" "എന്ത്... " അവന്റെ കണ്ണുകൾ ചുരുങ്ങി... "അല്ല... എന്നെയല്ലാതെ വേറെ ആരേയും സ്നേഹിച്ചിട്ടില്ലെന്നുള്ളത്.." "ഒരു വീക്കങ്ങോട്ട് വെച്ച് തന്നാലുണ്ടല്ലോ..." അവൻ ദേഷ്യത്തോടെ കൈമുട്ട് മടക്കി അവൾക്ക് നേരെ വീശിയതും പേടിയോടെ കണ്ണുകൾ ഇറുകെ മൂടിക്കൊണ്ടവൾ പിന്നിലേക്ക് നീങ്ങി...

"രാമായണം മുഴുവൻ വായിച്ചിട്ട് രാമന് സീത ആരെന്ന് ചോദിച്ചത് പോലെയായല്ലോ ഇത്.." ജീവ തലയിൽ കൈവെച്ചു... "സോറി ജീവേട്ടാ... ഞാൻ ഒന്നൂടെ ഉറപ്പിക്കാനായിട്ട്.. എനിക്കറിയാം ജീവേട്ടന് എന്നെ മാത്രമാണ് ഇഷ്ടമെന്ന് പക്ഷേ വീണ്ടും വീണ്ടുമത് കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷം അത്രേയുള്ളൂ..." അവൾ അവനടുത്തേക്ക് നീങ്ങിയിരുന്ന് ചമ്മലോടെ പറഞ്ഞു.. "അത്രേയുള്ളൂ.. എന്നാലേ ഇതിനേക്കാൾ സന്തോഷമുണ്ടാകുന്ന മറ്റൊരു കാര്യം ഞാൻ കാണിച്ചു തരാം... " കുറുമ്പോടെ പറഞ്ഞിട്ടവൻ അവളേയും കൊണ്ട് ബെഡിലേക്ക് വീണ അതേ നിമിഷം തന്നെ വൈഗ പിടഞ്ഞു കൊണ്ട് അകന്നു മാറി.. "അയ്യടാ.. അവസരം മുതലെടുക്കുകയാണല്ലേ..ഇനിയും ഇവിടെ നിന്നാലേ എന്റെ ചെക്കൻ വഴിതെറ്റും അതുകൊണ്ട് ഞാൻ താഴോട്ട് ചെല്ലട്ടെ..." കുറുമ്പോടെ പറഞ്ഞിട്ടവൾ പുറത്തേക്കോടി.. "ശ്ശെ.. " അവൻ ബെഡിൽ അമർത്തി അടിച്ചു മലർന്നു കിടന്നു... വൈഗയെ ഓർത്തവന്റെ ചൊടികളിൽ നാണത്തിൽ കലർന്നൊരു പുഞ്ചിരി വിടർന്നു നിൽക്കുന്നുണ്ടായിരുന്നു... *****

"കല്യാണപ്പെണ്ണ് നേരത്തേ എഴുന്നേറ്റോ...!" തേങ്ങ ചിരവിക്കൊണ്ടിരിക്കുന്ന അഞ്ജുവിനടുത്തേക്ക് വന്നു ചിരവിയ തേങ്ങയിൽ നിന്നും ഒരുപിടി വാരി വായിലിട്ട് കൊണ്ടവൾ ചോദിച്ചു... "കിടന്നിട്ട് ഉറക്കം വരേണ്ടെടി.. വല്ലാത്ത ടെൻഷൻ... " അഞ്ജു സ്വരം താഴ്ത്തി പറഞ്ഞു... "അങ്ങനെയൊക്കെ ഉണ്ടാവുമല്ലേ..എനിക്കെങ്ങും അറിയത്തില്ല... " വൈഗ എന്തോ വലിയ കാര്യം കേട്ടത് പോലെ പറഞ്ഞു... "പിന്നെ ഉണ്ടാവാതെ... വയറ്റിൽ നിന്ന് എന്തൊക്കെയോ ഉരുണ്ട് കയറുന്നത് പോലെ തോന്നും... നെഞ്ചിങ്ങനെ ശക്തിയിൽ മിടിക്കും... ദേ തൊട്ടു നോക്കിയേ... " അഞ്ജു വൈഗയുടെ കയ്യെടുത്ത് അവളുടെ നെഞ്ചിലേക്ക് വെച്ചു... "മ്മ് ഉണ്ട്... എനിക്കിതൊക്കെ എങ്ങനെ അറിയാനാ.. നേരെ താലിക്കെട്ടല്ലായിരുന്നോ..." വൈഗയൊന്ന് നെടുവീർപ്പിട്ടു... "ഒരു കണക്കിന് അതാ നല്ലത്.. വെറുതെയിങ്ങനെ ടെൻഷനടിച്ചു നടക്കേണ്ടല്ലോ... " അഞ്ജു തേങ്ങ ചിരവുന്നത് നിർത്തി എഴുന്നേറ്റു... "കുഞ്ഞമ്മായി എവിടെ..? " രേവതിയെ അടുക്കളയിൽ കാണാതെ വന്നപ്പോൾ വൈഗ തിരക്കി.. "അമ്മ അമ്പലത്തിലേക്ക് പോയി...

എല്ലാം മംഗളമായി നടക്കാൻ എന്തൊക്കെയോ വഴിപാടുകളുണ്ടെന്ന് പറഞ്ഞു... " പറഞ്ഞിട്ട് അഞ്ജു ഫ്രിഡ്ജിൽ നിന്നും ദോശമാവെടുത്ത് പുറത്തേക്ക് വെച്ചു... "ഇങ്ങ് താ ഞാൻ ചുട്ടോളാം..." വൈഗ അവളുടെ കയ്യിൽ നിന്നും ഫ്രൈ പാൻ വാങ്ങി സ്റ്റോവിലേക്ക് വെച്ചു... ദോശ ചുടുന്നതിനിടയിൽ രണ്ട് പേരും ഓരോ വിശേഷങ്ങൾ പറഞ്ഞങ്ങനെ നിന്നു... എല്ലാം റെഡിയായതും അതെടുത്ത് ടേബിളിൽ കൊണ്ടുവെച്ചു..അപ്പോഴേക്കും രേവതിയും അമ്പലത്തിൽ നിന്ന് തിരികെ വന്നിട്ടുണ്ടായിരുന്നു... "അവര് പത്തു മണിക്ക് എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത് അതിന് മുന്നേ ഒരുങ്ങാൻ നോക്ക്..." കഴിക്കാനിരിക്കുന്നതിനിടയിൽ ആനന്ദ് ഓർമപ്പെടുത്തി... ജീവക്ക്‌ വൈഗ വന്നു വിളമ്പിക്കൊടുത്തു... ഇത് കണ്ടതും കുശുമ്പ് കുത്തിയ ശീതൾ അവനടുത്ത് ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ ഇരിക്കാനായി ചെന്നതും അവിടെ അഞ്ജു വന്നിരുന്നു... "സോറി കേട്ടോ... എനിക്കൊരല്പം തിരക്കുണ്ട്... " അഞ്ജു പറഞ്ഞു... ഇതവൾ മനപ്പൂർവം ചെയ്തതാണെന്ന് മനസ്സിലായ ശീതൾ ചാടി തുള്ളി തിരികെ മുറിയിലേക്ക് പോയി..വൈഗ നോക്കുന്നത് കണ്ടതും അഞ്ജു ചിരിയോടെ കണ്ണിറുക്കി കാണിച്ചു... "ജിഷയെവിടെ...ഇന്ന് കണ്ടതേയില്ലല്ലോ..." അവളെ അവിടെയെങ്ങും കാണാനപ്പോൾ ജയന്തി വേവലാതിയോടെ തിരക്കി...

"അവൾക്കിന്ന് ക്ലാസ്സുണ്ടെന്ന് പറഞ്ഞു നേരത്തേ ഇറങ്ങിയല്ലോ... ഞാനും അവളും കൂടെ ഒരുമിച്ചാ പോയത്..ഏട്ടത്തിയോട് പറഞ്ഞില്ലായിരുന്നോ...." രേവതി ചോദിച്ചു... "ആ..പറഞ്ഞിരുന്നു പെട്ടന്ന് ഞാനത് ഓർത്തില്ല..." വിളറിയ മുഖത്തോടെ പറഞ്ഞിട്ട് ജയന്തി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി... ജിഷയുടെ പോക്കിൽ എന്തോ പന്തികേടുണ്ടെന്ന് ജീവക്ക് മനസ്സിലായി... കാര്യമായിട്ടൊന്ന് അവളെ കുറിച്ച് അന്യോഷിക്കണമെന്ന് അവനും മനസ്സിൽ കരുതി... ***** "ഡീ.. ഇവിടെ കുറച്ചൂടെ ഫൌണ്ടേഷൻ ഇട്ടേ...അച്ഛൻ തല്ലിയതിന്റെ പാട് ഇപ്പോഴും അവിടെ നീലിച്ചു കിടപ്പുണ്ട്..." അഞ്ജു കണ്ണാടിയിലേക്ക് നോക്കി വൈഗയോട് പറഞ്ഞു.. "നിന്റെ ഒരുക്കം കണ്ടാൽ തോന്നുമല്ലോ വരുൺ സാറ് നിന്നെ ആദ്യമായിട്ട് കാണാൻ വരുവാണെന്ന്.." അവളുടെ മുഖത്ത് ടെച്ചപ്പ് ചെയ്തു കൊണ്ടവൾ ചോദിച്ചു..

"അതല്ലെടി... ഇനി അങ്ങേരുടെ കൂടെ വരുന്ന ആർക്കെങ്കിലും എന്നെ കണ്ടിട്ടിഷ്ടപ്പെട്ടില്ലെങ്കിൽ ഞാനീ കൊണ്ട അടിയെല്ലാം വെറുതെയാവില്ലേ... എന്തിനാ വെറുതെ റിസ്‌കെടുക്കുന്നത്..." "മ്മ്.. എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ ഇളക്കമൊക്കെ..." വൈഗ പൊട്ടെടുത്ത് അവളുടെ പുരികക്കൊടികൾക്കിടയിലേക്ക് വെച്ചു കൊടുത്ത് ഗൗരവത്തോടെ പറഞ്ഞു... അഞ്ജു അതിനൊന്ന് ഇളിച്ചു കാട്ടി... "വൈഗേ... " മുകളിൽ നിന്നും ജീവയുടെ വിളി കേട്ടതും അവളുടെ തലക്കിട്ടൊന്ന് കൊട്ടി ഇപ്പോ വരാമെന്നും പറഞ്ഞിട്ട് വൈഗ മുകളിലേക്കോടി.. വൈഗ പോയതും അഞ്ജു വീണ്ടും കണ്ണാടിയിലേക്ക് നോക്കി എല്ലാം ഓക്കേയല്ലേയെന്ന് ഉറപ്പു വരുത്തി.. ഞങ്ങളിവിടുന്ന് ഇറങ്ങിയെന്നുള്ള വൈഗയുടെ ഫോണിലേക്ക് വന്ന വരുണിന്റെ മെസ്സേജിലേക്ക് നോക്കി നാണത്തോടെ പുഞ്ചിരിച്ചിട്ടവൾ പഠിപ്പുരയിലേക്ക് അവർ വരുന്നതും നോക്കി നിന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story