വൈഗ: ഭാഗം 5

vaika shamseena

രചന: ശംസീന

 ദയനീയതയോടെ അവനെ നോക്കിയതും പൊടുന്നനെ അവളുടെ കൈ പിടിച്ചു തിരിച്ചവൻ തന്റെ ദേഹത്തേക്ക് ചേർത്തു.. "നീയെന്റെ തല അടിച്ചു പൊട്ടിക്കും അല്ലേ.." അവളുടെ കാതോരം ചേർന്ന് നിന്നു കൊണ്ടവൻ ചോദിച്ചു.. "എനിക്ക് അറിയാതെ പറ്റിയതാ.. ഇനി ഞാൻ അങ്ങനെ ചെയ്യില്ല.. " വേദനയാൽ ചുളുങ്ങിയ മുഖത്തോടെ പറഞ്ഞു.. "നീയല്ലേ ആള് ചിലപ്പോൾ എന്റെ അമ്മയോടുള്ള ദേഷ്യത്തിന് വീണ്ടും നീ എന്നെ എന്തെങ്കിലും ചെയ്താലോ.. " "ഇല്ലില്ല.. ഞാൻ അങ്ങനൊന്നും ചെയ്യില്ല.. കൈ വിട് ജീവേട്ട നോവുന്നു.. " അവൾ നിന്ന് തുള്ളിചാടി.. ജീവ പെട്ടന്ന് കയ്യിലെ പിടിവിട്ടു.. "അമ്മാ..എന്ത് പിടുത്തമാ കാലൻ പിടിച്ചത്.." വൈഗ തന്റെ കയ്യിലേക്ക് നോക്കി പിറുപിറുത്തു.. "നീ എന്തെങ്കിലും പറഞ്ഞായിരുന്നോ.." കാബോഡിൽ നിന്നും ഡ്രസ്സ്‌ എടുക്കുന്നതിനിടെ തിരിഞ്ഞു നിന്ന് ജീവ ചോദിച്ചു.. "ഏയ്‌ ഞാനൊന്നും പറഞ്ഞില്ല.. " "എന്നാൽ നിനക്ക് കൊള്ളാം.. ആ പിന്നെ എന്റെ ബാഗിൽ ഒരു കവർ ഉണ്ട് അത് നിനക്കുള്ളതാ എടുത്തോ.." ടി ഷർട്ട്‌ കുടഞ്ഞു ഇട്ടു കൊണ്ടവൻ പറഞ്ഞു.. "എനിക്കോ..? " അവളൊന്ന് സംശയിച്ചു..

"അല്ല എനിക്ക് വേണമെങ്കിൽ എടുത്തോ.. ഇന്നലെ പിറന്നാൾ അല്ലായിരുന്നോ കുഞ്ഞമ്മ വിളിച്ചപ്പോൾ പറഞ്ഞതാണ്.. " "ഓ അല്ലാണ്ട് ഇങ്ങേർക്ക് ഓർമ ഉണ്ടായിട്ട് കൊണ്ടുവന്നതല്ല.. " അവൾ ആത്മഗതിച്ചു.. "നീ വീണ്ടും എന്തെങ്കിലും പറഞ്ഞോ.. " "മ്മ്ച്ചും.. " അവൾ രണ്ടു തോളും ചലിപ്പിച്ചു ചുമ്മൽ കൂച്ചി.. "എന്നാൽ സാധനം എടുത്ത് വേഗം സ്ഥലം വിട്ടോ.. ബാക്കിയൊക്കെ ഇനി ഞാൻ ചെയ്തോളാം.. " വിരൽ ഞൊടിച്ചു കൊണ്ട് ഡോറിനടുത്തേക്കവൻ വിരൽ ചൂണ്ടി.. "അയ്യോ അത് പറ്റത്തില്ല ഞാൻ തന്നെ ചെയ്തോളാം,, ജീവേട്ടൻ പുറത്തേക്കിറങ്ങിയാൽ മതി.. " "നീ ഞാൻ പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി.. " ജീവ ഗൗരവത്തിൽ പറഞ്ഞതും പിന്നെ വൈഗ അവിടേ നിന്നില്ല പുറത്തേക്കിറങ്ങി.. "ഡീ ഇത് കൂടെ കൊണ്ട് പൊക്കോ.. " ബാഗിൽ നിന്നും അവൻ അവൾക്കായി കൊണ്ടുവന്ന സമ്മാനം എടുത്ത് വൈഗയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. വൈഗയുടെ കണ്ണുകൾ നിറഞ്ഞു.. ആദ്യമായിട്ടാണ് ജീവേട്ടൻ തനിക്ക് ഇതുപോലൊരു സമ്മാനം തരുന്നത്..അഞ്ജുവോ കുഞ്ഞമ്മായിയോ ഒഴികെ ആരും തനിക്ക് ഇതുപോലൊന്നും തരാറില്ല..

അവളത് തുറന്നു നോക്കി.. കറുപ്പും വീതിയിലുള്ള സിൽവർ ബോർഡർ വരുന്നൊരു ദാവണി സെറ്റ് ആയിരുന്നു.. തന്റെ ഇഷ്ട നിറവും കറുപ്പാണ്..പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷത്തോടെ അവൾ അവനെ നോക്കി.. "ഇഷ്ടമായില്ലെങ്കിൽ പറ നമുക്ക് മാറ്റി വാങ്ങിക്കാം.. " അവളുടെ നിൽപ്പ് കണ്ടപ്പോഴവൻ പറഞ്ഞു.. "ഏയ്‌ വേണ്ട.. ജീവേട്ടൻ ആദ്യമായി തന്നതല്ലേ.. നിക്ക് ഇഷ്ടായി.." അത്രയും പറഞ്ഞിട്ടവൾ താഴെക്കോടി... അവൾ പറഞ്ഞത് ജീവയുടെ മനസ്സിൽ കൊണ്ടു.. കുഞ്ഞമ്മ പറഞ്ഞിട്ടൊന്നും അല്ലായിരുന്നു ഇത് വാങ്ങിച്ചത് തന്റെ ഇഷ്ടപ്രകാരം തന്നെ വാങ്ങിയതായിരുന്നു.. അവളുടെ പിറന്നാൾ ദിവസം വരാൻ ഇരുന്നതായിരുന്നു എന്നാൽ ട്രെയിൻ മിസ്സായി.. അതുകൊണ്ടാണ് പുലർച്ചെ ഇവിടെ എത്തിയത്..പെണ്ണിനെ വിളിച്ചു ശല്യപ്പെടുത്തേണ്ട എന്ന് കരുതിയാണ് ഉമ്മറത്തു തന്നെ കിടന്നത്..അറിയാതെ അവിടെ കിടന്ന് ഉറങ്ങിപ്പോയി.. എന്തോ ശബ്‍ദം കേട്ട് നോക്കിയപ്പോൾ ദേ പെണ്ണുണ്ട് കണ്ണും തുറിച്ചു നോക്കി നിൽക്കുന്നു.. എന്തോ മണ്ടയിൽ വന്നു വീണപ്പോഴാണ് സ്ഥലകാല ബോധം വന്നത്..

എനിക്ക് നൊന്തെന്ന് കണ്ടതും പെണ്ണിന്റെ അപ്പോഴത്തെ മുഖഭാവം കാണണം കൊച്ചു കുഞ്ഞുങ്ങളെ പോലെ തോന്നും.. രാവിലത്തെ കാര്യം ആലോചിച്ചവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. അതേ പുഞ്ചിരിയോടെ തന്നെ താഴേക്ക് ചെന്നു.. വീട് മുഴുവനും വൈഗയെ തിരഞ്ഞു.. എന്നാൽ അവളുടെ പൊടിപോലും അവിടേ ഇല്ല.. ടേബിളിൽ ഭക്ഷണം എടുത്ത് വെച്ചിരിക്കുന്നത് കണ്ടു ജീവ കഴിക്കാനിരുന്നു.. അവളുണ്ടാക്കിയ ഭക്ഷണത്തിന് പ്രത്യേക രുചിയാണ്.. താൻ എറണാകുളത്ത് നിന്നും ഇവിടേക്ക് വരുന്നത് തന്നെ അവളുടെ കൈകൊണ്ടുട്ടാക്കിയ രുചിയൂറുന്ന വിഭവങ്ങൾ കഴിക്കാനാണ് കൂട്ടത്തിൽ നമ്മുടെ പെണ്ണിനെ കാണാനും.. കഴിച്ചു കഴിഞ്ഞു അവൻ തന്നെ എല്ലാം അടുക്കളയിൽ കൊണ്ടുവെച്ചു.. അവളവിടെ അടുക്കി ഒതുക്കി വെച്ചത് കണ്ട് അവൻ കഴിച്ച പാത്രം കഴുകി സ്റ്റാൻഡിലേക്ക് വെച്ച് കയ്യിലെയും മുഖത്തെയും വെള്ളം തുണിയുടെ തലപ്പ് കൊണ്ട് തുടച്ചു അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി.. തൊടിയിൽ നിന്നും ശബ്‍ദം കേൾക്കുന്നുണ്ട് ആള് അവിടെ ഉണ്ടെന്ന് മനസ്സിലായി..

ചിലപ്പോൾ അവളുടെ കറുമ്പി പശുവിനോട് കിന്നാരം പറയുവായിരിക്കും.. ജീവ മുണ്ട് മടക്കി കുത്തി അങ്ങോട്ട് നടക്കാൻ ഒരുങ്ങുമ്പോഴാണ് ജയന്തിയും രേവതിയും പഠിപ്പുര കടന്നു വരുന്നത് കണ്ടത് അവനത് പോലെ തന്നെ തിരിഞ്ഞു അകത്തേക്ക് കയറി.. അവർ വന്നു കാളിങ് ബെൽ അടിച്ചു.. ആരും വന്നു വാതിൽ തുറന്നില്ല.. ദേഷ്യം വന്ന ജയന്തി വാതിലിൽ ഉറക്കെ തട്ടി.. ജീവ വന്നു വാതിൽ തുറന്നു കൊടുത്തു.. "അവളെവിടെ..?" ദേഷ്യത്തിൽ തന്നെ ജയന്തി ചോദിച്ചു.. എന്നാൽ ജീവക്കത് ഒട്ടും ഇഷ്ടമായില്ല.. "ആര്.. " അവനും തിരികെ മുറുകിയ മുഖത്തോടെ ചോദിച്ചു.. "ഇവിടുത്തെ രാജകുമാരി വൈഗ തമ്പുരാട്ടി.... " അവരുടെ വാക്കുകളിൽ അങ്ങേയറ്റം പുച്ഛം കലർന്നിരുന്നു.. "ആ ഞാൻ കണ്ടില്ല.. അവിടേ എവിടെയെങ്കിലും കാണും.. " ജയന്തിയെ തറപ്പിച്ചൊന്ന് നോക്കി ജീവ കോണിപ്പടികൾ കയറിപ്പോയി.. അവൻ പോയ വഴിയേ ദേഷ്യത്തോടെ നോക്കി ജയന്തി തന്റെ മുറിയിലേക്ക് കയറി.. രേവതി നെടുവീർപ്പിട്ട് വൈഗയെ തേടി അടുക്കള ഭാഗത്തേക്ക്‌ നടന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story