വൈഗ: ഭാഗം 57

രചന: ശംസീന

"എടി പെണ്ണേ ഞങ്ങളൊന്നെന്റെ വീട് വരെ പോവാ. അമ്മക്ക് വയ്യെന്ന്..." മാലതിയുടെ അലർച്ച കേട്ട് പാത്രം കഴുകി കൊണ്ടിരുന്ന ജിഷ തിരിഞ്ഞു നോക്കി...വീർത്തുന്തിയ വയറാകെ വെള്ളം നനഞ്ഞു വസ്ത്രം വയറിനോടൊട്ടിയിട്ടുണ്ടായിരുന്നു..കുഴിഞ്ഞ കണ്ണുകളും കറുപ്പ് പടർന്ന കൺതടങ്ങളും വരണ്ടുണങ്ങിയ ചുണ്ടും ശരീരത്തിന്റെ ക്ഷീണത്തെ എടുത്തുകാട്ടി.. "ഞങ്ങളിവിടെ ഇല്ലെന്ന് കരുതി ഉമ്മറത്തെ വാതിലും തുറന്നിട്ട്‌ മുറിയിൽ പോയി കിടന്നേക്കരുത്...അവനെഴുന്നേൽക്കുമ്പോകഴിക്കാനെന്തെങ്കിലും എടുത്ത് കൊടുത്തേക്ക്.." അവർ പറഞ്ഞതിനെല്ലാം അവൾ തലകുലുക്കി... "ഞങ്ങളെന്നാ ഇറങ്ങുവാ.. " കയ്യിലുള്ള ബാഗ് തോളിലേക്കിട്ട് കഴുത്തിലെ വലിയ നേരെയാക്കി ഗമയോടെ മാലതി അവിടെ നിന്നും പോയി.. അടുക്കളയിലെ പണിയെല്ലാം ഒതുങ്ങിയതും വയറും താങ്ങി ജിഷ മുകളിലെ മുറിലേക്ക് ചെന്നു.. സ്റ്റെപ്പുകൾ കയറരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിലും അവനെ വിളിക്കാൻ മുകളിലേക്ക് കയറുകയല്ലാതെ തരമില്ലായിരുന്നു.. മുറിയുടെ മുന്നിലെത്തിയപ്പോഴേക്കും കിതച്ചിരുന്നു.. കൂടെ അടിവയറും കൊളുത്തി പിടിച്ചു...

വയറിൽ പിടിച്ചമർത്തി മുറിയിലേക്ക് കയറുമ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂക്കിനുള്ളിലേക്ക് തുളഞ്ഞു കയറി..ചൂണ്ടു വിരൽ കൊണ്ട് മൂക്ക്‌ ഞെരടി അവനടുത്ത് ചെന്നിരുന്നു.. "കിഷോറേട്ടാ.. കിഷോറേട്ടാ.. " കമിഴ്ന്നു കിടന്നുറങ്ങുന്നവനെ കുലുക്കി വിളിച്ചു.. "എഴുന്നേറ്റേ നേരം ഉച്ചയായി.. " "നീ നിന്റെ പണി നോക്കി പോ.. എനിക്ക് കുറച്ചു നേരം കൂടെ ഉറങ്ങണം... " അവൻ ഈർഷ്യയോടെ പറഞ്ഞു.. ഇനിയവനെ വിളിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതും അവളെഴുന്നേറ്റ് ബാൽക്കണിയിലേക്കിറങ്ങി... ഏകാന്തതയിലേക്ക് നോക്കി നിൽക്കുമ്പോൾ സങ്കടങ്ങൾ വന്നു കുമിഞ്ഞു കൂടി.. കിഷോറിന്റെ പ്രണയ നാടകത്തിൽ വീഴാൻ തോന്നിയ സമയത്തെ പഴിച്ചു കൊണ്ടിരുന്നു... സ്വയം ഏറ്റുവാങ്ങിയ വിധിയിൽ അവൾ ഉരുകിയുരുകി ഇല്ലാതെയായി... കുറച്ച് കഴിഞ്ഞതും കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് മുറിയിലേക്ക് ചെന്നു.. അവനപ്പോഴേക്കും എഴുന്നേറ്റ് ഫ്രഷായിരുന്നു... "ചോറെടുക്കട്ടെ... " "വേണ്ട.." കനത്ത ശബ്‍ദത്തോടെ പറഞ്ഞു... "ഒരു ഗ്ലാസ്‌ വെള്ളമെടുത്തിട്ട് വാ.. "

അവളൊന്നും മിണ്ടാതെ പോവാൻ തുടങ്ങിയതും കിഷോർ പറഞ്ഞു..ഇത്രയധികം സ്റ്റെപ്പുകൾ ഇനിയും കയറിയിറങ്ങണമല്ലോ എന്നാലോചിച്ച് ഒരു നെടുവീർപ്പോടെ താഴേക്കിറങ്ങി... കൈ വരിയിൽ പിടിച്ചു ഓരോ സ്റ്റെപ്പുകളും പതിയെ ഇറങ്ങി അടുക്കളയിലേക്ക് ചെന്നു.. ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് മുറിയിലേക്ക്‌ ചെല്ലുമ്പോൾ അവനെന്തോ ചെയ്യുകയായിരുന്നു.. നോക്കുമ്പോൾ കയ്യിൽ വെളുത്ത പൊടിപോലെ എന്തോ ഇട്ട് മൂക്കിലേക്ക് വലിച്ചു കയറ്റുന്നു... "കിഷോറേട്ടാ.. " അവളുച്ചത്തിൽ വിളിച്ചതും വല്ലാത്ത ഭാവത്തോടെ കണ്ണുകൾ ചുവപ്പിച്ച് കിഷോർ തലയുയർത്തി നോക്കി.. "ഇത്ര കാലം ഇതില്ലായിരുന്നു... ഇപ്പോഴിതും തുടങ്ങിയോ... " "ഞാനെനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടി അത് ചോദിക്കാൻ... " കിഷോർ എഴുന്നേറ്റ് വന്നവളുടെ കവിളിൽ കുത്തി പിടിച്ച് ചുമരിനോട് ചേർത്തു.. (സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറ്റകരമാണ്.. ) "കിഷോറേട്ടാ.. വിട്.. വിടെന്നെ.. " അവളവന്റെ കൈകളിൽ കിടന്ന് പിടഞ്ഞു.. "വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ നീ തലക്ക് മുകളിൽ കയറുന്നോ...

ഈ കിഷോർ കള്ള് കുടിക്കും കഞ്ചാവടിക്കും വേണ്ടി വന്നാൽ പെണ്ണും പിടിക്കും നീയാരാടി അതൊക്കെ ചോദിക്കാൻ... " ക്രോധത്തോടെ ചോദിച്ചിട്ടവൻ അവളിലെ പിടിവിട്ടു.. ശ്വാസം കിട്ടാതെ ചുമച്ചു ചുമച്ചു കൊണ്ടവൾ ബെഡിലേക്കിരുന്നു.. "എന്തെങ്കിലും നക്കാപിച്ച കിട്ടുമെന്ന് കരുതിയാണ് നിന്നെ പോലൊരു മാരണത്തെയെടുത്ത് തലയിൽ ചുമന്നത്.. എന്നിട്ട് കിട്ടിയതോ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞിട്ടവൾ ഒപ്പിടാതെ വന്നിരിക്കുന്നു.. ശവം... " കിഷോർ അവളെ നോക്കി മുഖം ചുളുക്കി.. വില്പത്രം തയ്യാറാക്കി ആനന്ത് ഒപ്പിടാൻ വേണ്ടി ജിഷയെ വിളിച്ചപ്പോൾ തനിക്കിപ്പോൾ സ്വത്തിൽ നിന്നും ഭാഗം വേണ്ടെന്നും തല്ക്കാലത്തേക്കത് അച്ഛന്റെ പേരിൽ തന്നെ ഇരുന്നോട്ടെയെന്നും പറഞ്ഞു...അതിന്റെ ദേഷ്യമാണ് കിഷോറിപ്പോൾ കാണിച്ചത്.. "അത് കൂടെ കിട്ടിയിട്ടെന്തിനാ ദൂർത്തടിച്ചു കളയാനോ.. എന്റെ അച്ഛനും ചെറിയച്ഛനും കൂടി ചോര നീരാക്കി ഉണ്ടാക്കിയെടുത്തത് നിങ്ങൾ അമ്മയ്ക്കും മകനും നശിപ്പിച്ചു കളയാൻ ഞാൻ തരില്ല.. അതുകൊണ്ട് തന്നെയാ എനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞത്... " ഉള്ളിലെ സങ്കടമെല്ലാം അണപ്പൊട്ടിയിഴുകിയപ്പോൾ അവനോടുള്ള ദേഷ്യം വാക്കുകളിലൂടെ പുറത്തേക്കൊഴുക്കി... പക്ഷേ അതിന് മറുപടി കൊടുത്തതവന്റെ കയ്യായിരുന്നു...

ജിഷ പകപ്പോടെ അവനെ നോക്കി.. അവന്റെ ഭാവം കാണെ ഹൃദയമിടിപ്പുയർന്നു..തൊണ്ടയിലെ ഉമിനീർ വറ്റിവരണ്ടു.. "നീയെന്റെ നേരെ ശബ്‍ദമുയർത്താനായോ.. " വീണ്ടുമവളുടെ നേരെ കയ്യോങ്ങി... പേടിയോടെ ഒരടി പിറകിലേക്ക് നീങ്ങി കണ്ണുകൾ ഇറുകെ പൂട്ടിയതും ടേബിളിൽ ഇരുന്നിരുന്ന കിഷോറിന്റെ ഫോൺ റിങ് ചെയ്തു...മുന്നിൽ നിൽക്കുന്ന ജിഷയെ നോക്കി പല്ല് കടിച്ചവൻ ദേഷ്യത്തോടെ ഫോണെടുത്തു.. "ഹെലോ... " "..........." "ദാ വരുന്നു... " "........." "കൊണ്ടു വരാം.. നീ ഫോൺ വെക്ക്... " ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു പൈസ എവിടുന്നൊപ്പിക്കും എന്ന ചിന്തിച്ചു അസ്വസ്ഥതയോടെ തലചൊറിഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നടന്നു... പെട്ടന്നാണവന്റെ കഴുകൻ കണ്ണുകൾ ജിഷയുടെ മാറിൽ കിടക്കുന്ന താലിമാലയിൽ പതിഞ്ഞത്... ക്രൂരമായി ചിരിച്ചു കൊണ്ടവൻ അവളുടെ അടുത്തേക്ക് നീങ്ങി...അവനടുത്തേക്ക് വരുന്നതിനനുസരിച്ചവൾ പിറകിലേക്ക് നീങ്ങി... പൊടുന്നനെ അവളുടെ കഴുത്തിൽ കിടന്നിരുന്ന മാല വലിച്ചു പൊട്ടിച്ചു... "സ്സ് .. " അവൾ കഴുത്തിലേക്ക് കൈ ചേർത്തു..

ഒരു നിമിഷം വേണ്ടി വന്നവൾക്ക് എന്താണ് നടന്നതെന്ന് ചിന്തിക്കാൻ... അപ്പോഴേകുമവൻ വാതിൽ കടന്നു മുറിക്ക് പുറത്തേക്കിറങ്ങിയിരുന്നു.. "കിഷോറേട്ടാ... " താലിയും വലിച്ചു പൊട്ടിച്ചു പോകുന്നവന്റെ പിറകെ ഗർഭിണിയാണെന്ന് പോലും മറന്നവൾ ഓടി... "കിഷോറേട്ടാ... " പിന്നാലെ എത്തിയവൾ അവന്റെ ഷർട്ടിൽ പിടിച്ചു പിറകിലേക്ക് വലിച്ചു... അവൻ രോഷത്തോടെ തിരിഞ്ഞു നിന്നു... "താലി കൊണ്ടുപോവല്ലേ കിഷോറേട്ടാ.. പ്ലീസ് അതിങ്ങോട്ട് തരൂ... " കരഞ്ഞു കൊണ്ടവൾ അവനോട് അപേക്ഷിച്ചു.. എന്നാലതിനെ പുച്ഛിച്ചു അവൻ മുന്നോട്ട് നടന്നതും ജിഷ വീണ്ടുമവന്റെ ഷർട്ടിൽ പിടുത്തമിട്ടു.. കോപം നുരഞ്ഞു പൊന്തിയവൻ മനസാക്ഷിയില്ലാതെ ഊക്കോടെ അവളെ പിന്നിലേക്ക് തള്ളി... "ആഹ്.. അമ്മേ.. " തള്ളലിന്റെ ശക്തിയിൽ കൈ വരിയിൽ വയറിടിച്ചു.. അസഹ്യമായ വേദനയോടെ വയറിൽ പിടിച്ചവൾ നിലവിളിച്ചു താഴേക്കൂർന്നിരുന്നു... അവളുടെ നിലവിളികളെ പുച്ഛിച്ചു തള്ളി ബൈക്കുമെടുത്തവൻ പുറത്തേക്ക് പോയി... "ആഹ്... " നേരം പോകുന്തോറും വേദന അസഹ്യമായി...

കണ്ണുകൾ അടഞ്ഞു തുടങ്ങിയതും മുറിയിലിരിക്കുന്ന ഫോൺ ശബ്‍ദിച്ചു.. അതൊന്നെടുക്കാൻ വേണ്ടി എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും തളർന്നു നിലത്തേക്ക് തന്നെ വീണു....ബോധം മറഞ്ഞു തുടങ്ങിയതും പാതി ബോധത്തോടെ അവളറിഞ്ഞു കാലിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകത്തിന്റെ ഇളം ചൂട്... "കുഞ്ഞ്.. തന്റെ കുഞ്ഞ്... " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു... ****** ക്ലാസ്സ്‌ കഴിഞ്ഞതും വൈഗ ബസ്റ്റോപ്പിലേക്ക് നടന്നു... കുറച്ച് മുന്നേ ജീവ വിളിച്ചിരുന്നു.. മരം നോക്കാൻ വയനാട് വരെ പോകുവാണെന്നും നാളെ തിരികെ വരുള്ളൂവെന്ന് പറഞ്ഞു...ബസ്സും വരുന്നത് നോക്കി നിൽക്കുമ്പോഴാണ് അച്ചാറിന്റെ കാര്യം ഓർമ വന്നത്... കുറച്ച് മുന്നോട്ട് നടന്നു അവിടെ നിന്നും ഒരു വളവ് തിരിഞ്ഞാൽ മാലതിയുടെ വീടായി... അടുത്താണെങ്കിലുംകിഷോർ അവിടെയുണ്ടാവുമോ എന്ന ഭയത്താൽ വൈഗ അവിടേക്കങ്ങനെ പോവാറില്ലായിരുന്നു.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ വഴിയിലേക്കിറങ്ങി ജിഷയെ ഫോൺ വിളിക്കുകയാണ്‌ പതിവ്...

പതിവുപോലെ വഴിയിലേക്കിറങ്ങി നിന്ന് ജിഷയുടെ ഫോണിലേക്ക് വിളിച്ചു.. റിങ് ചെയ്യുന്നുണ്ട് എന്നാൽ എടുക്കുന്നില്ലായിരുന്നു... അവൾ കുറച്ച് നേരം കൂടെ ആ വഴിയിൽ നിന്നു... മുന്നിലൂടെ ഒരു ബൈക്കിൽ കിഷോർ ചീറിപ്പാഞ്ഞു പോവുന്നത് കണ്ടതും നെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചവൾ ജിഷയുടെ അടുത്തേക്ക് നടന്നു... അവിടേക്ക് ചെല്ലുമ്പോൾ ഗേറ്റും മുൻവശത്തെ വാതിലുമെല്ലാം തുറന്ന് കിടപ്പുണ്ടായിരുന്നു... കാളിംഗ് ബെല്ലടിച്ചെങ്കിലും ആരും ഉമ്മറത്തേക്ക്‌ വന്നില്ല.. വൈഗ അകത്തേക്ക് കയറി നോക്കി... താഴെയൊന്നും ആരേയും കാണാതെ വന്നപ്പോൾ മുകളിലേക്ക് കയറി... ഓരോ പടികളും കയറുന്തോറും ആരുടെയോ ഞെരക്കവും മൂളലും കാതിൽ വന്നു പതിച്ചു.. കാലുകളുടെ വേഗത കൂടി... അവസാന സ്റ്റെപ്പും കയറി മുകളിലെത്തിയ വൈഗ മുന്നിൽ കണ്ട കാഴ്ചയിൽ തറഞ്ഞു നിന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story