വൈഗ: ഭാഗം 64

vaika shamseena

രചന: ശംസീന

 "എനിക്കെന്റെ പഴയ ലെച്ചൂട്ടിയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്... " അവന്റെ നേർത്ത സ്വരം അവളുടെ കാതുകളിൽ അലയടിച്ചു... "എനിക്കും... " ഏതോ ഓർമയിൽ അവളും മന്ത്രിച്ചു.. "നിനക്കെന്നോടെന്തോ പറയാനുണ്ടല്ലോ അല്ലാതെ നീയിങ്ങനെ ചിന്താവിഷ്ടയായ ശ്യാമളയെ പോലീയിരിക്കില്ല... " ജീവയവളുടെ കൈ വിരലുകളിൽ പതിയെ തടവി.. അതിനോടകം അവളൊരു നൂറ് തവണയെങ്കിലും ആലോചിച്ചു അവനോട് കിഷോറിനെ കുറിച്ച് പറയണമോ വേണ്ടയോ എന്നാലോചിച്ച്... "ലെച്ചൂ... " "ഏ..ആഹ്.." കനപ്പിച്ചുള്ള വിളിയിൽ അവൾ ഞെട്ടിയുണർന്നു.. "അപ്പൊ ഞാനീ പറഞ്ഞതൊന്നും നീ കേട്ടില്ലേ... " അവനെഴുന്നേറ്റിരുന്നവളെ നോക്കി.. "ജീവേട്ടനെന്താ പറഞ്ഞേ.. ഞാനത് ശ്രദ്ധിച്ചില്ല... " പരിഭ്രമം മറച്ചു പിടിച്ചവൾ പറഞ്ഞു.. "ഇതാപ്പൊ നന്നായേ.. നിനക്ക് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്.. അതറിഞ്ഞിട്ട് ബാക്കി പറയാം... " "എനിക്കൊന്നും പറ്റിയിട്ടില്ല ജീവേട്ടാ..ജീവേട്ടൻ പറഞ്ഞോളൂ ഞാൻ കേൾക്കാം..." അവനെ നോക്കിക്കൊണ്ടവൾ കട്ടിലിൽ ഇളകിയിരുന്നു...

"ഇന്നിപ്പോ പീരിയഡ്സായി സെക്കന്റ്‌ ഡേ അല്ലേ,, നാളെയോ മറ്റന്നാളോ ആയിട്ട് ഡോക്ടറെ കാണിച്ചാലോ... " "അതിന്റെ ആവശ്യമുണ്ടോ ജീവേട്ടാ... ഇപ്പൊ തന്നെ എത്ര തവണ കാണിച്ചു.. ഇനിയിപ്പോ എന്തായാലുമെന്റെ കോഴ്സ് കംപ്ലീറ്റ് ആവട്ടെ അത് കഴിഞ്ഞ് കാണിക്കാം... അതിനിടയിൽ ഈശ്വരരൻ നമുക്കൊരു കുഞ്ഞിനെ തരികയാണെങ്കിൽ സ്വീകരിക്കുകയും ചെയ്യാം.." "നിന്റെ ഇഷ്ടം ഞാൻ ഓർമിപ്പിച്ചെന്നേയുള്ളൂ... " അലസമായി പറഞ്ഞവൻ കട്ടിലിലേക്ക് കിടന്നു.. "അങ്ങനെ എനിക്കെന്നൊരിഷ്ടമുണ്ടോ ജീവേട്ടാ...നമുക്ക് രണ്ട് പേർക്കും ഒരിഷ്ടങ്ങളല്ലേ..." അവൾ പരിഭവത്തോടെ ചോദിച്ചിട്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. "അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ ലെച്ചൂട്ടി..." അവളെ വരിഞ്ഞു മുറുക്കി അവൻ കാതോരം കുറുമ്പോടെ പറഞ്ഞു... "ജീവേട്ടന് നാളെ നേരത്തേ പോവണമെന്നല്ലേ പറഞ്ഞത് എന്നാ പിന്നെ നേരം കളയേണ്ട ഉറങ്ങിക്കോ...

എനിക്ക് നാളെ ചെയ്തു കൊണ്ടുപോവേണ്ട കുറച്ചു വർക്കുകളുണ്ട്... " വൈഗ എഴുന്നേറ്റ് മാറാൻ നോക്കിയതും അവനവളെ പിടിച്ചു വെച്ചു.. "പോവാണോ... " അവളുടെ മിഴികളിലേക്ക് നോക്കിയവൻ ചോദിക്കേ അവളുടെ അധരങ്ങളിലൊരു നനുത്ത പുഞ്ചിരി വിടർന്നു.. "പോവുന്നില്ല.. ജീവേട്ടനുറങ്ങിക്കോളൂ... " പറഞ്ഞിട്ടവൾ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നതും അവളെ നോക്കിയങ്ങനെ കിടന്നവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...അവനുറങ്ങി കഴിഞ്ഞതും വൈഗയെഴുന്നേറ്റ് വർക്കുകൾ ചെയ്യാനായി പോയി... എപ്പോഴൊക്കെയോ അവനോട് താൻ തെറ്റ് ചെയ്യുകയാണോയെന്നുള്ള കുറ്റബോധത്താൽ മനസ്സ് നീറുന്നുണ്ടായിരുന്നു.. ***** ജീവ അതിരാവിലെ തന്നെ എഴുന്നേറ്റ് മില്ലിലേക്കുള്ള ചരക്കെടുക്കാനായി പോയി.. ഇനി ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞേ വരൂ.. ചില സമയങ്ങളിൽ ഒരാഴ്ച്ച വരെ പിടിക്കാറുണ്ട് അവൻ തിരികെ വരാൻ.. അവൻ പോയതും വൈഗ അടുക്കളയിലേക്ക് ചെന്നു... അവിടെയപ്പോൾ രേവതി മാത്രമേയുണ്ടായിരുന്നുള്ളൂ...

"അമ്മയെവിടെ കുഞ്ഞമ്മായി.. " രേവതി ചിരവിയെടുത്ത തേങ്ങയിൽ നിന്ന് ഒരുപിടി വാരി വായിലേക്കിട്ടവൾ തിരക്കി.. "അടങ്ങിയിരി പെണ്ണേ.." രേവതി അവളുടെ കൈ തണ്ടയിൽ പതിയെ ഒരടി കൊടുത്തു.. "അല്ലേലും കുഞ്ഞമ്മായിക്കിപ്പോ എന്നോടൊരു സ്നേഹവുമില്ല... " "അച്ചോടാ പാവം... " വൈഗ പരിഭവത്തോടെ തിരിഞ്ഞു നിന്നതും രേവതി കളിയാക്കി... "ഞാൻ പോവാ.." "പോവുന്ന വഴി ഏട്ടത്തിയുടെ മുറിയിലേക്കൊന്ന് ചെന്നേക്ക് നിന്നെ അന്യോഷിച്ചിരുന്നു.. " കെർവോടെ പറഞ്ഞിട്ടവൾ പോവാനൊരുങ്ങിയതും രേവതി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു... വൈഗ മുറിയിലേക്ക് ചെന്നപ്പോൾ ആനന്തും ജയന്തിയും കാര്യമായെന്തോ സംസാരത്തിലാണ്.. "ആ മോള് വാ.. " വാതിലിനരികിൽ നിൽക്കുന്ന വൈഗയെ ആനന്ദ് അരികിലേക്ക് വിളിച്ചു.. "അമ്മയെന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്... " അവൾ തിരക്കി..

"ജീവ പോയോ..?" ജയന്തി ചോദിച്ചു.. "പോയി... " "ഇനിയെന്നാ തിരിച്ചു വരിക..?" "അറിയില്ല,, ഒന്നോ രണ്ടോ ദിവസം കഴിയുമെന്ന് പറഞ്ഞിരുന്നു... " വൈഗ അവരിരുവരേയും നോക്കി.... "എന്റെയൊരു സുഹൃത്ത് ഇന്ന് രാവിലെ മരണപ്പെട്ടു ഞാനവിടേക്ക് പോകുവാ.. മോളിവളേയും കൊണ്ട് ആശുപത്രിയിലൊന്ന് പോവണം വേണമെങ്കിൽ അഞ്ജുവിനേയും കൂട്ടിക്കോ... " ആനന്ദ് പറയവേ വൈഗ ജയന്തിയുടെ അരികിലേക്കിരുന്നു.. "എന്താ അമ്മേ വയ്യാഴ്ക വല്ലതുമുണ്ടോ...!" അവൾ വേവലാതിപ്പെട്ടു... "ആ നശിച്ച നടുവേദന തന്നെ.. വേദന കാരണം ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല... " ജയന്തി മുഖം ചുളിച്ച് നടുവിൽ തടവി.. "നല്ല വേദനയുണ്ടേൽ അമ്മ കിടക്കൂ ഞാൻ ചൂട് പിടിച്ചു തരാം.. " "അതൊന്നും വേണ്ട കുട്ടീ.. ഇനിയിപ്പോ ഡോക്ടറുടെ അടുത്തേക്ക് തന്നെയല്ലേ പോവുന്നേ.. നീ ചെന്ന് റെഡിയാവാൻ നോക്ക് അഞ്ജുവിനോടും പോരുന്നുണ്ടെങ്കിൽ പെട്ടന്ന് റെഡിയാവാൻ പറ... " വേദന കടിച്ചമർത്തി ജയന്തി പറയവേ വൈഗയിൽ നോവ് പടർന്നു... റെഡിയാവാൻ പോകാൻ നിന്ന വൈഗ സമാധാനമില്ലാതെ ജയന്തിയുടെ അടുത്തേക്ക് വന്നു നടുവിൽ ബാം പുരട്ടി കൊടുത്തു...

ശേഷമവൾ റെഡിയാവാനായി ചെന്നു.. അവർ ആശുപത്രിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വരുൺ അവിടേക്ക് വന്നത്.. "നിങ്ങളിതെവിടേക്കാ...? " റെഡിയായി നിൽക്കുന്നവരെ കണ്ട് വരുൺ ചോദിച്ചു.. "വല്യമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോകുവാ... വരുണേട്ടനിരിക്ക് ഞങ്ങൾ പെട്ടന്ന് പോയിട്ട് വരാം... " അഞ്ജു പറഞ്ഞു.. "എങ്ങനെയാ പോവുന്നേ ഓട്ടോയിലാണോ...? " "മ്മ്.. ഇപ്പൊ വരും... " നടുവേദനയുള്ള ആളേയും കൊണ്ടാണോ ഹോസ്പിറ്റലിൽ പോവുന്നേ... ഞാനും കൂടെ വരാം... ഓട്ടോക്കാരനോട് വിളിച്ചിട്ട് വരേണ്ടെന്ന് പറഞ്ഞേക്ക്... ഞാനപ്പോഴേക്കും നന്ദൂട്ടനെയൊന്ന് കാണട്ടെ... " അതും പറഞ്ഞവൻ ജിഷയുടെ മുറിയിലേക്ക് ചെന്നു... അവളപ്പോൾ കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ഇട്ടു കൊടുക്കുകയായിരുന്നു... വരുണിനെ കണ്ടതും കുഞ്ഞിനെയെടുത്തവൾ അവന്റെ കയ്യിലേക്ക് കൊടുത്തു... വരുണിനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി നന്ദൂട്ടൻ ചിരിക്കുമ്പോൾ വരുണിന്റെ ചുണ്ടുകളും വിരിഞ്ഞു... അവൻ കുഞ്ഞുമായി ഉമ്മറത്തേക്ക് വന്നു.. "ഇറങ്ങിയാലോ വരുണേട്ടാ.. സമയമായി... "

വൈഗ തിരക്ക് കൂട്ടിയതും കുഞ്ഞിനെ ജിഷയുടെ കയ്യിലേക്ക് കൊടുത്ത് അവൻ അവരുമായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു... ***** പതിനൊന്നു മണിക്കാണ് പരിശോധന. ടോക്കൺ എടുത്ത് ഫയൽ കിട്ടുന്നതിനനുസരിച്ചാണ് പേഷ്യന്റിനെ വിളിക്കുക... വരുൺ ചെന്ന് ടോക്കണെടുത്ത് ഫയൽ സിസ്റ്ററിനെ ഏൽപ്പിച്ചു.. ഏകദേശം പന്ത്രണ്ടു മണിയോടെ ജയന്തിയുടെ ടോക്കൺ വിളിച്ചു... ജയന്തിയും വൈഗയും കൺസൽട്ടിങ് മുറിയിലേക്ക് കയറി... "വരുണേട്ടനെന്താ വിളിക്കുക പോലും ചെയ്യാതെ വന്നേ... " അവരകത്തേക്ക് പോയതും അടുത്തിരുന്ന വരുണിനോട് അഞ്ജു തിരക്കി.. "അതെന്താ അങ്ങോട്ട് വരാനും എന്റെ ഭാര്യയെ കാണാനും പ്രേത്യേകം പെർമിഷന്റെ ആവശ്യമുണ്ടോ...?" നെറ്റിച്ചുളിച്ചു ചോദിക്കുന്നതിനൊപ്പം അവനിൽ കുസൃതി നിറഞ്ഞു... "ഓ ഞാനൊന്നും പറഞ്ഞില്ല.. എപ്പോ വേണേലും വന്നോ... " അവൾ അവനെ നോക്കി കൈ കൂപ്പി ..

"വെറുതെയല്ല പിള്ളേര് കടുവ കടുവായെന്ന് വിളിക്കുന്നത്,, ഇതല്ലേ സ്വഭാവം.. " പിറുപിറുത്തു കൊണ്ടവൾ അവനിൽ നിന്ന് മുഖം വെട്ടിച്ചിരുന്നു...അവൾ പറഞ്ഞതൊക്കെയും അവൻ വ്യക്തമായി തന്നെ കേട്ടിരുന്നു അവനൊരു ചിരിയോടെ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു. "അല്ലാതെ എന്റെ പ്രിയപ്പെട്ട ഭാര്യ വിളിക്കുന്നത് കേട്ടിട്ടല്ല അല്ലേ... " കാതരികിൽ ചെന്നവൻ കുറുമ്പോടെ പറഞ്ഞതും അഞ്ജു അവനെ കണ്ണുരുട്ടി നോക്കി.. "ആണെങ്കിൽ നന്നായി പോയി... ഇനിയും വിളിക്കും.. കടുവാ കടുവാ.. " അവളവനെ നോക്കി പല്ല് കടിച്ചു.. "ദേ പെണ്ണേ വല്ലാതങ്ങ് വിളഞ്ഞാലുണ്ടല്ലോ ഹോസ്പിറ്റലാണെന്നൊന്നും നോക്കില്ല ഞാൻ കേറിയങ്ങ് ഉമ്മവെക്കും... പിന്നെ അയ്യോ പത്തോ എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമുണ്ടാവില്ല... " വരുൺ പറയുന്നത് കേട്ടവൾ ഞെട്ടി... പിന്നീടൊന്നും മിണ്ടാതെ നല്ല കുട്ടിയായി അടങ്ങിയിരുന്നു...

ഇത് കണ്ട് വരുൺ അവളെ ശുണ്ഠി പിടിപ്പിക്കാനായി ഇക്കിളിക്കൂട്ടിയും കവിളിൽ നുള്ളിയും ഓരോ കുസൃതികൾ കാണിച്ചു... ഇടക്കവൾ തുറിച്ചു നോക്കുമ്പോൾ ഹോസ്പിറ്റലാണെന്നും പോലും മറന്നവൻ പൊട്ടിച്ചിരിക്കും... അകത്തേക്ക് പോയവർ തിരിച്ചു വരുന്നത് കണ്ടതും വരുണും അഞ്ജുവും അവരുടെ അടുത്തേക്ക് ചെന്നു...ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വൈഗ അവരോടും പറഞ്ഞു... അവരെ അവിടെയിരുത്തി വരുൺ വൈഗയുടെ കയ്യിലുണ്ടായിരുന്ന ഫയൽ വാങ്ങി ഫാർമസിയിലേക്ക് നടന്നു... "ഞാനിപ്പോ വരാം..." അഞ്ജുവിനോട് പറഞ്ഞവൾ വരുണിന്റെ അടുത്തേക്ക് ചെന്നു.. "വരുണേട്ടാ... " ക്യൂ വിൽ നിൽക്കുന്ന വരുണിനെ കണ്ടവൾ വിളിച്ചു.. "എന്താ വൈഗേ... " "ഫയലിൽ ഗ്രീൻ മഷികൊണ്ട് മാർക്ക്‌ ചെയ്ത മരുന്ന് വേണ്ടാ.. അത് ഡോക്ടർ അവിടെ നിന്ന് തന്നിട്ടുണ്ട്. " വൈഗ പറഞ്ഞതും വരുൺ തലകുലുക്കി.. "വൈഗേ... " അവിടെ നിന്നും പോവാനൊരുങ്ങിയവളെ വരുൺ വിളിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story