വൈഗ: ഭാഗം 66

രചന: ശംസീന

ജീവയുടെ കൈക്കുള്ളിൽ നിന്നും അവളെഴുന്നേറ്റ് ഫ്രഷാവാൻ കയറി... ഉച്ചക്ക് മുറിയിലേക്ക് കയറിയാതാണ് ഇപ്പോൾ നേരം സന്ധ്യ കഴിഞ്ഞു... അവൾ കയ്യും മുഖവുമെല്ലാം കഴുകി പുറത്തേക്ക് വന്ന് ജീവയെ തട്ടിവിളിച്ചു... "ജീവേട്ടാ,, എഴുന്നേറ്റേ.. നേരം ഒത്തിരിയായി.. കുളിച്ചു താഴേക്ക് വാ.. ഞാൻ ചായയിട്ട് വെക്കാം.. " പറഞ്ഞിട്ടവൾ മുറിയുടെ വാതിൽ ചാരി പുറത്തേക്കിറങ്ങി... വൈഗ പോയിക്കഴിഞ്ഞ് അല്പ സമയം കഴിഞ്ഞു കാണും ഫോണിലേക്ക് തുരുതുരെ മെസ്സേജ് വരുന്ന ട്യൂൺ..ഉറക്കം വിട്ടുമാറാതെ ജീവ ആരായിരിക്കുമെന്ന് കരുതി ടേബിളിൽ ഇരുന്നിരുന്ന ഫോൺ കയ്യെത്തിച്ചെടുത്തു... അവന്റെ ഫോണായിരിക്കുമെന്ന് കരുതിയാണ് എടുത്തതെങ്കിലും അത് വൈഗയുടെ ഫോണായിരുന്നു..എടുത്തത് പോലെ തന്നെ തിരിച്ചു വെക്കാനായി ഒരുങ്ങുമ്പോഴാണ് ആ പേര് അവന്റെ കണ്ണിലുടക്കിയത്...നഗ്നമായ ശരീരത്തിലേക്ക് പുതപ്പ് വലിച്ചിട്ടവൻ കണ്ണ് തിരുമ്മി എഴുന്നേറ്റ് ഫോൺ ഡിസ്പ്ലേയിലേക്ക് വീണ്ടും നോക്കി.. കിഷോറേട്ടൻ എന്ന് സേവ് ചെയ്ത് വെച്ച വാട്സ്ആപ്പ് നമ്പർ അവൻ ഓപ്പൺ ചെയ്തു...

അതിലെ ഓരോ മെസ്സേജുകളിലൂടെയും അവന്റെ മിഴികൾ പാഞ്ഞു... നന്ദൂട്ടന്റെ വിശേഷങ്ങൾ ചോദിച്ചുള്ള കിഷോറിന്റെ മെസ്സേജിന് കുഞ്ഞ് കളിക്കുന്ന വീഡിയോസും മറ്റും അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു... എല്ലാം ഇന്നും ഇന്നലേയുമൊക്കെയായിട്ട് അയച്ചു കൊടുത്തതായിരുന്നു...ഇന്ന് രാത്രി കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് വരണമെന്ന് പറഞ്ഞിട്ടാണ് ഇപ്പോൾ വന്ന മെസ്സേജ്..എല്ലാം നോക്കി കഴിഞ്ഞതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. എല്ലാം തുറന്ന് പറയുന്ന വൈഗ എന്തിന് തന്നിൽ നിന്നിത് മറച്ചു വെച്ചു എന്നുള്ളൊരു ചോദ്യം ഉടലെടുത്തു.. ഫോൺ അതേ പോലെ തിരികെ വെച്ചിട്ടവൻ ഫ്രഷായി ബൈക്കിന്റെ കീയുമെടുത്ത് താഴേക്ക് ചെന്നു... വൈഗയപ്പോൾ നടുമുറ്റത്തിരുന്ന് കുഞ്ഞിനെ കൊഞ്ചിക്കുവായിരുന്നു.. കൂടെ ജിഷയുമുണ്ട്... വൈഗ ജീവയെ കണ്ടതും കുഞ്ഞിനെ ജിഷയുടെ കയ്യിലേക്ക് കൊടുത്ത് ചായയെടുക്കാനായി അടുക്കളയിലേക്ക് പോയി.. ചായയുമായി വന്നപ്പോഴേക്കും ജീവ ബൈക്കുമെടുത്ത് അവിടെ നിന്ന് പോയിരുന്നു...

"ഇതെന്താ ഒന്ന് പറയുക കൂടി ചെയ്യാതെ പോയേ... " അവൾ പരിഭവിച്ച് ചായ തിരികെ അടുക്കളയിൽ തന്നെ കൊണ്ടുവെച്ചു... വീണ്ടും കുഞ്ഞിന്റെയും ജിഷയുടേയും അടുത്ത് വന്നിരുന്നു.. "നീയിപ്പോൾ കിഷോറേട്ടനെ കാണാറുണ്ടോ വൈഗേ... " ഉറങ്ങിത്തുടങ്ങിയ കുഞ്ഞിനെ തോളിലേക്ക് കിടത്തികൊണ്ട് ജിഷ തിരക്കി.. "കാണാറുണ്ട്...ആൾടെ കാര്യം വലിയ കഷ്ടമാ... ഗൾഫിലേക്കോ മറ്റോ പോവാൻ നോക്കുനുണ്ടെന്ന് പറഞ്ഞു.. ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന്.." വൈഗ തൂണിലേക്ക് ചാരിയിരുന്ന് ജിഷയെ നോക്കി.. "ഒരു കണക്കിന് അത് തന്നെയാ വൈഗേ നല്ലത്.. ഇവിടെ കിടന്ന് നശിച്ചു പോവില്ലല്ലോ... പോയി നല്ലൊരു മനുഷ്യനായി സഹജീവികളെ സ്നേഹിക്കാൻ അറിയുന്നൊരാളായി ജീവിതം അറിഞ്ഞു തിരിച്ചു വരട്ടെ... " പറഞ്ഞുകൊണ്ട് ജിഷ ഒരു നെടുവീർപ്പയച്ചു വിട്ടു... "നിനക്കിപ്പോഴും കിഷോറേട്ടനോട്‌ ഇഷ്ടമുണ്ടോ ജിഷേ... "

വിദൂരതയിലേക്ക് നോക്കി ആലോചനയോടെ വൈഗ തിരക്കി.. "ഇതെന്ത് ചോദ്യമാ വൈഗേ.. എനിക്കെന്റെ കുഞ്ഞിന്റെ അച്ഛനോട് സ്നേഹമില്ലാതിരിക്കുമോ...! അതുകൊണ്ടല്ലേ കിഷോറേട്ടൻ കാണണമെന്ന് പറയുമ്പോൾ കുഞ്ഞിനെ ഞാൻ നിന്റെ അടുത്ത് തന്നു വിടുന്നത്.." ജിഷ വളരെ ലാഘവത്തോടെ പറഞ്ഞു..... "അപ്പൊ അന്ന് ആശുപത്രിയിൽ വെച്ച് ജീവേട്ടൻ പറഞ്ഞപ്പോൾ നീയെന്തേ ഞങ്ങളോടൊപ്പം ഇവിടേക്ക് വന്നത്... " വൈഗ ഒരുതരം ഞെട്ടലോടെ ചോദിച്ചു.. "അന്നത്തെ സാഹചര്യം അതായിരുന്നു... പിന്നെ എന്നെ ഇത്രയധികം സ്നേഹിക്കുന്ന നിങ്ങളുടെ അപേക്ഷയെ തള്ളിക്കളയാനും തോന്നിയില്ല...വീണ്ടും ഞാൻ അവിടേക്ക് ചെന്നെങ്കിൽ എനിക്ക് സംഭവിച്ചത് പോലെ എന്റെ കുഞ്ഞിനും സംഭവിക്കില്ലെന്ന് ഉറപ്പില്ലല്ലോ..

അതുകൊണ്ടൊക്കെ തന്നെയാ ജീവേട്ടൻ വിളിച്ചപ്പോൾ ഞാൻ കൂടെ പോന്നത്...അല്ലാതെ കിഷോറേട്ടനെ വേണ്ടെന്ന് വെച്ചിട്ടല്ല.." അത്രയും പറഞ്ഞുകൊണ്ടവൾ ഉറങ്ങിയ കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് പോയി... വൈഗ വീണ്ടും ഓരോന്നും ആലോചിച്ച് അവിടെ തന്നെയിരുന്നു.. പിന്നീട് മുറിയിലേക്ക് ചെന്ന് ഫോണെടുത്ത് നോക്കിയപ്പോൾ കിഷോറിന്റെ മെസ്സേജ് ഉണ്ടായിരുന്നു...കുഞ്ഞിനേയും കൊണ്ട് രാത്രി വരാമോയെന്ന് ചോദിച്ച്.. ജീവേട്ടനുള്ളപ്പോൾ കുഞ്ഞിനേയും കൊണ്ട് വരുന്നത് റിസ്ക്കാണെന്നും ഉറപ്പ് പറയാൻ പറയാൻ പറ്റില്ലെന്നും പറഞ്ഞവൾ മറുപടി കൊടുത്തു...വരുമ്പോൾ അറിയിച്ചാൽ മതിയെന്ന് പറഞ്ഞ് അപ്പോൾ തന്നെ കിഷോറിന്റെ റിപ്ലൈയും വന്നു... അവൾ ഫോണെടുത്ത് വെച്ച് നാളത്തേക്കുള്ള വർക്ക്‌ ചെയ്യാനിരുന്നു.. *****

രാത്രി എട്ട് മണി കഴിഞ്ഞിട്ടും ജീവയെ കാണാതിരുന്നപ്പോൾ വൈഗ ജിഷയോട് പറഞ്ഞിട്ട് നന്ദൂട്ടനേയുമെടുത്ത് മുറ്റത്തേക്കിറങ്ങി.. ജയന്തിയും രേവതിയും മുറിയിലിരുന്ന് ടിവി കാണുകയായിരുന്നു കൂടെ അശോകനും ആനന്ദുമുണ്ട്... ആരുടേയും ശ്രദ്ധ ഇങ്ങോട്ടില്ലെന്ന് കണ്ടതും അവൾ വേഗത്തിൽ പടിപ്പുരയുടെ അടുത്തേക്ക് ചെന്നു... അവിടെ അവളെ കാത്ത് കിഷോർ നിൽപ്പുണ്ടായിരുന്നു... കുഞ്ഞ് അവനെ കണ്ടതും മേലേക്ക് ചാടി... കിഷോർ കുഞ്ഞിനെ വാരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി.. കിഷോർ കുഞ്ഞിനേയും കൊഞ്ചിച്ചു നിൽക്കുന്നതിനിടയിലാണ് ഒരു വണ്ടിയുടെ വെളിച്ചം മുഖത്തേക്കടിച്ചത്.. അവൻ പെട്ടന്ന് തന്നെ നന്ദൂട്ടനെ തിരികെ വൈഗയുടെ കയ്യിലേക്ക് ബൈക്കുമെടുത്ത് അവിടെ നിന്ന് പോയി... വൈഗയും തിരിച്ച് വീട്ടിലേക്ക് നടന്നു.. കിഷോർ ബൈക്കുമായി കുറച്ചു മുന്നോട്ട് പോയതും മുന്നിൽ ജീവ ബൈക്കുമായി വന്നു വട്ടം പിടിച്ചു... ജീവ ബൈക്കിൽ നിന്നിറങ്ങി കിഷോറിന്റെ അടുത്തേക്ക് വന്ന് ഷർട്ടിൻറെ കോളറിൽ ദേഷ്യത്തോടെ പിടിച്ചു...

"നിനക്കിനിയും മതിയായില്ല അല്ലേടാ..ഇത്രയൊന്നും ചെയ്തത് പോരാഞ്ഞിട്ടാണോ നീ വീണ്ടും ഞങ്ങടെ കുടുംബത്തിലേക്ക് ഇടിച്ചു കയറാൻ നോക്കുന്നത്..." ജീവ അവനെ നോക്കി പല്ല് കടിച്ചു... "ഞാനെവിടേക്കും ഇടിച്ചു കയറാൻ നോക്കുന്നതല്ല ജീവാ.. എന്റെ കുഞ്ഞിനെയൊന്ന് കാണണമെന്ന് തോന്നി വന്നു,,കണ്ടു,, മടങ്ങുന്നു.. " കിഷോർ ശാന്തസ്വരൂപനായി ജീവ‌യെ നോക്കി.. "എന്ന് മുതലാടാ നാറി നിനക്ക് കുഞ്ഞിനോട് സ്നേഹം തുടങ്ങിയത്. ജീവച്ചവമാക്കി ഒരുത്തിയെ അവിടെയിട്ടപ്പോൾ ഈ സ്നേഹമൊന്നും കണ്ടില്ലല്ലോ.." ജീവ അരിശം പൂണ്ട് അവനു നേരെ കയർത്തു... "തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ ജീവാ..എനിക്കൊരു തെറ്റ് പറ്റി വലിയൊരു തെറ്റ്.. അത് തിരുത്തി ഞാനിപ്പോൾ ജീവിച്ചു തുടങ്ങുകയാണ്.. നിനക്ക് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. അതെല്ലാം നിന്റെ ഇഷ്ടം.."

"എനിക്ക് വിശ്വസിക്കാൻ മനസ്സില്ലെടാ പന്ന &&%&...ഇനി മേലിൽ എന്റെ വീടിന്റെ പരിസരത്ത് നിന്നെ കണ്ടു പോവരുത്.." അവനെ പിറകിലേക്ക് തള്ളി ജീവ കോപത്തോടെ ബൈക്കുമായി അവിടെ നിന്ന് പോയി...ബൈക്ക് പടിപ്പുരക്കടുത്ത് നിർത്തിയവൻ മുറ്റത്തേക്ക് നടന്നു... "വൈഗേ... " കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറനൊരുങ്ങുന്നവളെ ജീവ കോപത്തോടെ വിളിച്ചു... അവന്റെ ശബ്‍ദം കേട്ടവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി... ചുവന്ന് വലിഞ്ഞു മുറുകിയ മുഖവുമായി തന്റെ അടുത്തേക്ക് വരുന്ന ജീവയെ കണ്ടവൾ പേടിയോടെ പിന്നിലേക്ക് നീങ്ങി... കാരണമറിഞ്ഞില്ലെങ്കിൽ കൂടി അവന്റെ മുഖഭാവം അവളിലെ ഭയം വർധിപ്പിച്ചു.. ശരീരമാകെ വിറകൊണ്ടു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story