വൈഗ: ഭാഗം 67

രചന: ശംസീന

"വൈഗേ... " കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറനൊരുങ്ങുന്നവളെ ജീവ കോപത്തോടെ വിളിച്ചു... അവന്റെ ശബ്‍ദം കേട്ടവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി... ചുവന്ന് വലിഞ്ഞു മുറുകിയ മുഖവുമായി തന്റെ അടുത്തേക്ക് വരുന്ന ജീവയെ കണ്ടവൾ പേടിയോടെ പിന്നിലേക്ക് നീങ്ങി... കാരണമറിഞ്ഞില്ലെങ്കിൽ കൂടി അവന്റെ മുഖഭാവം അവളിലെ ഭയം വർധിപ്പിച്ചു.. ശരീരമാകെ വിറകൊണ്ടു.... ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കാതെ പെരുമാറുന്ന പഴയെ ജീവയെ അവൾ വീണ്ടും കണ്ടു... "നീ കുഞ്ഞിനേയും കൊണ്ട് എവിടെ പോയതായിരുന്നു...? " കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും ബലമായി പിടിച്ചെടുത്തവൻ ചോദിച്ചു..അവന്റെ മിഴികളിലെ കോപാഗ്നി അവളുടെ ശരീരമാകെ ചുട്ടുപൊള്ളിച്ചു... "ഞ.. ഞാൻ നന്ദൂട്ടൻ കരഞ്ഞപ്പോൾ... " അവൾ പറഞ്ഞു കഴിഞ്ഞതും അവന്റെ ബലിഷ്ടമായ കരങ്ങൾ വായുവിൽ ഉയർന്നു പൊങ്ങി..അടിയുടെ ആഘാതത്തിൽ വൈഗ നിലത്തേക്ക് വീണു... "പ്ഫാ.. പന്ന മോളേ മുഖത്ത് നോക്കി കള്ളം പറയുന്നോ...!"

ഇടത് കവിളിൽ കൈ വെച്ച് കൊണ്ടവൾ മിഴികൾ നിറച്ചവനെ നോക്കി...ചെയ്തു പോയ തെറ്റോർത്ത് അവൾ സ്വയം പഴിച്ചു... ഉമ്മറത്തു നിന്നും കേൾക്കുന്ന ജീവയുടെ അലർച്ചയിൽ തറവാട്ടിലുള്ളവരെല്ലാം പുറത്തേക്ക് വന്നു.. "അയ്യോ.. വൈഗേ.. " നിലത്ത് കിടക്കുന്ന വൈഗയെ കണ്ട് ജിഷ ഓടിവന്നവളെ എഴുന്നേൽപ്പിച്ചു.. "നീയെന്താടി വിചാരിച്ചത് എന്റെ കണ്ണ് വെട്ടിച്ച് എന്തെങ്കിലും ഞാൻ അറിയത്തില്ലെന്നോ... " വിതുമ്പലടക്കാൻ പാട് പെടുന്ന വൈഗയുടെ നേരെ അവൻ ചീറ്റി... വീണ്ടും അവൾക്ക് നേരെ കയ്യുയർത്തിയതും ആനന്ദ് വന്നവനെ തടഞ്ഞു.. "ജീവാ.. നീയെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്... കൊച്ചിനെ തല്ലുന്നതെന്തിനാ... " "എനിക്കല്ല ഭ്രാന്ത്‌,, ഈ നിൽക്കുന്നവൾക്കാ.. മുന്നിൽ നിൽക്കുവല്ലേ അച്ഛൻ തന്നെ ചോദിച്ചു നോക്ക്‌... " ദേഷ്യത്തിൽ പറഞ്ഞിട്ടവൻ അവരിൽ നിന്നെല്ലാം മുഖം വെട്ടിച്ചു നിന്നു... അപ്പോഴേക്കും ഒച്ചയും ബഹളവുമെല്ലാം കേട്ട് നന്ദൂട്ടൻ കരയാൻ തുടങ്ങിയിരുന്നു.. ജയന്തി വന്നവനെ വാങ്ങി തോളിലേക്കിട്ട് പുറത്ത് പതിയെ തട്ടിക്കൊടുത്തു..

കാര്യങ്ങൾ വൈഗയുടെ മുഖത്ത് നിന്നും മനസ്സിലാക്കിയെടുത്ത ജിഷയിലും മറ്റുള്ളവരോടെന്ത് മറുപടിയും എന്നാലോചിച്ച് വിറയൽ പടർന്നു..തൊണ്ടയിലെ ഉമിനീർ വറ്റിവരണ്ടു... "മോളേ വൈഗേ.. എന്താ ഇവിടെ നടക്കുന്നത്.. എന്തിനാ ഇവനിങ്ങനെ ദേഷ്യപ്പെടുന്നത്... " ആനന്ദ് വൈഗയെ നോക്കി... അവളുടെ മിഴികൾ എല്ലാവരിലേക്കും പാഞ്ഞു... അവരുടെയെല്ലാം മുഖത്ത് ഇതേ ചോദ്യം തന്നെയാണ്... എന്നാൽ അവൾക്ക് വാ തുറന്നൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.. കവിളിനും പല്ലിനുമെല്ലാം അസഹനീയമായ വേദന.. "വൈഗേ,, നീയെന്താ മിണ്ടാതെ നിൽക്കുന്നത്.. വാ തുറന്ന് മറുപടി പറ... " അശോകിന്റെ അലർച്ചയിലവൾ കിടുങ്ങി.. കണ്ണുകൾ വീണ്ടും നിർത്താതെ പെയ്തു തുടങ്ങി.. "ഞാ.. ഞാൻ പറയാം കൊച്ചച്ചാ... " തനിക്ക് വേണ്ടി വൈഗ ബലിയാടാവരുതെന്നുള്ളത് കൊണ്ട് ജിഷ ഭയത്തോടെ പറഞ്ഞു.. ജീവ തിരിഞ്ഞു നിന്നവളെ കത്തുന്ന മിഴികളാൽ നോക്കി.. അവളും കൂടി അറിഞ്ഞിട്ടാണ് ഇതെന്നറിയേ അവന്റെ ദേഷ്യം ഇരട്ടിച്ചു.

. "കി. കിഷോറേട്ടൻ വന്നിട്ടുണ്ടായിരുന്നു മോനെ കാണാൻ... വൈഗ കുഞ്ഞിനേയും കൊണ്ടവിടെ പോയി വരുന്നത് ജീവേട്ടൻ കണ്ടെന്നാ തോന്നുന്നത്.. ഞാൻ പറഞ്ഞിട്ടാ വൈഗ..." പറഞ്ഞു തീരുന്നതിന് ആനന്ദിന്റെ കൈ ജിഷയുടെ കവിളിൽ പതിഞ്ഞു.. അവളുടെ കവിൾ പുകഞ്ഞു...ആനന്ദിന്റെ ഭാവമാറ്റം കണ്ട് ജീവയടക്കം എല്ലാവരും പകച്ചു നിന്നു... "എന്താടി അസത്തെ പറഞ്ഞത്... അനുഭവിച്ചതൊന്നും പോരാഞ്ഞിട്ടാണോ വീണ്ടും അവനുമായി അടുപ്പം സ്ഥാപിക്കുന്നത്.. " കോപത്തോടെ ആനന്ദ് അവളുടെ നേരെ ചീറി... "അച്ഛാ.. ഞാനൊന്ന് പറഞ്ഞോട്ടെ... " ജിഷ ദയനീയമായി പറഞ്ഞ് ആനന്ദിന്റെ അടുത്തേക്ക് വന്നു... "നീയൊന്നും പറയേണ്ട ജിഷേ...കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേ.. കഴിഞ്ഞതൊക്കെ നിനക്കും ഇവൾക്കും ചിലപ്പോൾ മറക്കാൻ കഴിഞ്ഞേക്കും പക്ഷേ ഞങ്ങൾക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല..

ഇനി എന്ത് തന്നെ പറഞ്ഞാലും നിന്നെയും കുഞ്ഞിനേയും അവന്റെ കൂടെ വിടുന്ന പ്രശ്നമില്ല..." ആനന്ദ് തന്റെ തീരുമാനം പറഞ്ഞു.. "അച്ഛാ,, കിഷോറേട്ടൻ ഇപ്പോഴും എന്റെ ഭർത്താവാണ് എന്റെ കുഞ്ഞിന്റെ അച്ഛനാണ്... അത്ര പെട്ടന്നൊന്നും ഈ ബന്ധങ്ങൾ വേണ്ടെന്ന് വെക്കാൻ കഴിയില്ല..." "വേണ്ടെന്ന് വെക്കുക തന്നെ വേണം ജിഷേ.. ഇനിയുമൊരു പരീക്ഷണത്തിന് നിന്നെയും കുഞ്ഞിനേയും വിട്ടു കൊടുക്കാൻ ഞങ്ങളൊരുക്കമല്ല... " ജയന്തി പറഞ്ഞു... "കിഷോറേട്ടനിപ്പോൾ മാറ്റമുണ്ടമ്മേ... നേർവഴിക്ക്‌ നടന്ന് നല്ലൊരു ജീവിതം നയിക്കണമെന്നുണ്ട്.. ചെയ്തു പോയ തെറ്റുകളോർത്ത് പശ്ചാതാപമുണ്ട്... " ജിഷ കിഷോറിന്റെ ഭാഗം ന്യായീകരിച്ചു.. "നീ കൂടുതലവനെ പുണ്യാളനാക്കല്ലേ ജിഷേ... ഇതുപോലെ എത്ര തവണ അവൻ നല്ലവന്റെ വേഷം കെട്ടി ആടിത്തിമിർത്തതാ... എല്ലാം മറന്നോ നീ അതോ മറന്നെന്ന് ഭാവിച്ച് ഞങ്ങളെ വിഡ്ഢികളാക്കുകയായിരുന്നോ...

" എല്ലാം കേട്ട് കൊണ്ട് നിന്നിരുന്ന ജീവ സർവ്വ നിയന്ത്രണവും വിട്ടവളുടെ നേരെ പൊട്ടിത്തെറിച്ചു.. "ഞാനാരേയും വിഡ്ഢിയാക്കിയിട്ടില്ല ജീവേട്ടാ... ഒരു മനുഷ്യൻ മുന്നിൽ വന്ന് നിന്ന് താഴാവുന്നതിന്റെ പരമാവധി താഴ്ന്നപ്പോൾ കുറച്ച് മനുഷ്വത്വം കാണിച്ചെന്നേയുള്ളൂ.. അത് നിങ്ങളുടെ കണ്ണിലൊക്കെയൊരു തെറ്റാണെന്ന് ഇപ്പോഴാ ഞാൻ മനസ്സിലാക്കിയത്.. ഒരു പക്ഷേ നാളെ നന്ദൂട്ടൻ വളർന്ന് വന്ന് എന്ത് കൊണ്ട് തനിക്ക് അച്ഛന്റെ സ്നേഹം നിഷേധിച്ചെന്ന് ചോദിച്ചാൽ ഞാനെന്ത് മറുപടി പറയും.. ചെയ്തു പോയൊരു മഹാപാപത്തിന്റെ പേരിൽ ക്ഷമ ചോദിച്ചിട്ടും ക്ഷമിക്കാൻ കഴിഞ്ഞില്ല,,അതുകൊണ്ടാണെന്നോ..." അവളുടെ ശബ്ദം അവിടമാകെ മുഴങ്ങി...അവൾ നിന്ന് കിതച്ചു... "നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം,, ആരെ വേണമെങ്കിലും കാണാം,, നിന്റെ കുഞ്ഞിനെ ആർക്ക് വേണമെങ്കിലും കാണിച്ചു കൊടുക്കാം..

പക്ഷേ അതെല്ലാം ഈ പടിപ്പുരക്ക് പുറത്ത്.. ഇവിടെ നിന്ന് കൊണ്ട് നിന്റെ തോന്നിവാസങ്ങൾ നടക്കില്ല.. നടക്കാൻ ഞാൻ അനുവദിക്കില്ല.. " ജീവ ഉറച്ച വാക്കുകളോടെ പറഞ്ഞു... "ഇതെങ്ങനെ തോന്നിവാസമാവും ജീവേട്ടാ..സ്വന്തം കുഞ്ഞിനെ കാണണമെന്നൊരു ആഗ്രഹം പറയുന്നത് ഇത്ര വലിയ തെറ്റാണോ..." "തെറ്റോ ശെരിയോ അതൊക്കെ നിന്റെ കാര്യം.... ഹോസ്പിറ്റലിൽ ജീവന് വേണ്ടി പിടയുമ്പോൾ കണ്ടില്ല നിന്റെ കിഷോറേട്ടനെയും അവന്റെ സ്നേഹത്തെയും.. ഇപ്പോൾ പെട്ടന്നൊരു ദിവസം എവിടെ നിന്ന് പൊട്ടിമുളച്ചു പ്രത്യേക സ്നേഹം..." അവൻ പുച്ഛത്തോടെ ചോദിച്ചു..അതിന് ജിഷയുടെ പക്കൽ മറുപടിയുണ്ടായിരുന്നില്ല.. "വീണ്ടുമൊരു കെണിയിൽ ചെന്ന് ചാടുന്നതിന് മുന്നേ ഒരായിരം തവണയെങ്കിലും ആലോചിക്കുന്നത് നല്ലതായിരിക്കും നിനക്ക് വേണ്ടിയല്ല നിന്റെ മോന് വേണ്ടി.." അവസാന വാക്കെന്ന പോലെ പറഞ്ഞിട്ടവൻ അവിടെ നിന്നും മുകളിലേക്ക് കയറിപ്പോയി...അപ്പോഴും വിതുമ്പി നിൽക്കുന്ന വൈഗയെ അവൻ അറിയാതെ പോലും നോക്കിയില്ല...

വൈഗ തളർച്ചയോടെ ചുമരിലൂടെ ഊർന്ന് നിലത്തേക്കിരുന്നു.. ******* വൈഗ മുറിയിലേക്ക് ചെല്ലുമ്പോൾ ജീവ കണ്ണിന് കുറുകെ കൈ വെച്ച് മലർന്ന് കിടക്കുകയായിരുന്നു.. അവന്റെ പാദങ്ങളുടെ ചലിക്കുന്ന തള്ള വിരലിലേക്കാണവളുടെ നോട്ടം ചെന്നെത്തിയത്.. അതിൽ നിന്നും അവൻ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി.. "ജീവേട്ടാ... " നോവോടെ വിളിച്ചവൾ അവന്റെ അരികിൽ വന്നിരുന്നു... "ഞാ.. ഞാൻ അറിയാതെ പറ്റിപ്പോയതാ... കിഷോറേട്ടൻ വന്ന് സങ്കടം പറഞ്ഞപ്പോൾ... ജീവേട്ടനോട് പറയണമെന്ന് വിചാരിച്ചതായിരുന്നു പക്ഷേ പേടിച്ചിട്ടാ പറയാതിരുന്നത്... " വൈഗ പറയുന്നത് കേട്ടവൻ കണ്ണുകൾക്ക് മുകളിൽ നിന്നും കൈ എടുത്തു മാറ്റി.. കലങ്ങി ചുവന്ന കണ്ണുകൾ അവൻ കരയുകയായിരുന്നു എന്നതിനുള്ള തെളിവായിരുന്നു... വൈഗയുടെ ചോര പൊടിഞ്ഞ ചുണ്ടും വീങ്ങി വീർത്ത കവിൾ തടവും കാണെ അവന്റെ ഉള്ളൊന്നുലഞ്ഞു.. എന്നാൽ അതിനേക്കാൾ പതിന്മടങ് വേദനയിൽ അവൾ ചെയ്ത കാര്യം അവന്റെ മനസ്സിനെ മുറിപ്പെടുത്തി..

. "നീ വെറുതെ സ്വയം ന്യായീകരിച്ച് സമയം കളയണമെന്നില്ല വൈഗേ.. എനിക്കൊട്ട് കേൾക്കാനും താല്പര്യമില്ല... നിന്നിലെനിക്കൊരു വിശ്വാസമുണ്ടായിരുന്നു അതെപ്പോൾ നശിച്ചുവോ ആ നിമിഷം മുതൽ നീയെന്റെ ആരുമല്ലാതായി തീർന്നിരിക്കുന്നു.. " കത്തുന്ന മിഴികളോട് അസ്ത്രം കണക്കെ അവളുടെ നേരെ വാക്കുകൾ തൊടുത്തു വിട്ടവൻ എഴുന്നേറ്റ് മുറിവിട്ട് പുറത്തേക്ക് പോയി... ജീവ പോകുന്നതും നോക്കി നിൽക്കേ വൈഗ വിങ്ങിപ്പൊട്ടി... ഒടുവിലതൊരു പൊട്ടിക്കരച്ചിലിലേക്ക് വഴി മാറി...ജീവയുടെ അകൽച്ച അവളിൽ വല്ലാത്തൊരു നോവ് പടർത്തി.. ചെയ്തു പോയ തെറ്റ് ഇത്രമാത്രം തീവ്രമായിരുന്നോ എന്നവൾ ചിന്തിച്ചു... ഒരായിരം തവണ മനസ്സാൽ അവനോട് മാപ്പപേക്ഷിച്ചു... രാത്രി ഏറെയായിട്ടും അവൻ വന്നില്ല.. കരഞ്ഞ് കരഞ്ഞ് തളർന്നൊടുവിൽ അവളും എപ്പോഴേ തണുത്തുറഞ്ഞാ തറയിലേക്ക് ചുരുണ്ട് കൂടിയിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story