വൈഗ: ഭാഗം 68

vaika shamseena

രചന: ശംസീന

പുറത്തേക്ക് പോയ ജീവ തിരിച്ചു വരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു... അവൻ വരുന്നത് കണ്ടതും ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നിരുന്ന ആനന്ദ് തലയുയർത്തി നോക്കി... "അച്ഛനിത് വരെ കിടന്നില്ലേ... " അകത്തേക്ക് കയറിയ ജീവ തിരക്കി... "ഇല്ല.. നീയിത്ര നേരം എവിടെയായിരുന്നു..." "ഞാൻ കൂട്ടുകാരുടെ കൂടെ പുറത്ത്... " "മ്മ്... " ആനന്ദ് ഗൗരവത്തോടെ മൂളിയതും ജീവ അകത്തേക്ക് പോവാൻ തുനിഞ്ഞു... "ജീവാ... " നിസ്സഹായതയോടെയുള്ള ആനന്ദിന്റെ വിളി കേട്ട് ജീവ തിരിഞ്ഞു നോക്കി..ആനന്ത് എഴുന്നേറ്റ് അവന്റെ അടുത്തേക്ക് വന്നു... അദ്ദേഹത്തിന് കാര്യമായെന്തോ പറയാനുണ്ടെന്ന് ജീവക്ക് തോന്നി... "നേരത്തേ നടന്ന പ്രശ്നത്തെ ചൊല്ലി മോളോടൊരു പിണക്കത്തിന് നിൽക്കേണ്ട... നീ മിണ്ടാത്തതിൽ കുട്ടിക്ക് നല്ല വിഷമമുണ്ട്.. നിനക്കറിയാവുന്നതല്ലേ ആരെന്തു വന്നു പറഞ്ഞാലും അത് വിശ്വസിക്കും.. ആരോടും വെറുപ്പ് കാണിച്ച് നടക്കാൻ കഴിയില്ല അതിന്,, അത് തന്നെ കാരണം..." "തല്ലേണ്ടെന്ന് വിചാരിച്ചതായിരുന്നു പക്ഷേ മുഖത്ത് നോക്കി കള്ളം പറഞ്ഞപ്പോൾ അപ്പോഴത്തെ അവസ്ഥയിൽ പിടിവിട്ട് പോയി...

എന്ന് കരുതി അവളോട് മിണ്ടാതെ നടക്കണമെന്നൊന്നും വിചാരിച്ചിട്ടില്ല...അവൾക്ക് ഞാനല്ലാതെ വേറെ ആരാ ഉള്ളത്..." ജീവ നോവോടെ അതിലേറെ സ്നേഹത്തോടെ പറഞ്ഞു... വൈഗയെ തല്ലിയതോർത്ത് അവനും വിഷമമുണ്ടായിരുന്നു... "ഞാൻ പറഞ്ഞെന്നേയുള്ളൂ...ചെറുപ്പം തൊട്ടേ അവൾക്ക് വേദനകൾ മാത്രം സമ്മാനിച്ച നിന്റെ അമ്മയോട് ക്ഷമിക്കാൻ കഴിഞ്ഞെങ്കിൽ കിഷോറിനോടും അങ്ങനെ തന്നെയായിരിക്കും.. എന്ന് കരുതി അവൾ ചെയ്തത് ശെരിയാണെന്നല്ല ഞാൻ പറയുന്നത്.. നമ്മളോടൊന്ന് ചോദിക്കുക കൂടെ ഇത്രയും വലിയൊരു കാര്യം ചെയ്തത് തെറ്റ് തന്നെയാ... എന്ന് കരുതി അതേ ചൊല്ലി നിങ്ങടെ ജീവിതം കൂടെ തകർന്നു കാണരുതെന്ന് അച്ഛന് ആഗ്രഹമുണ്ട്..." ഇടറിയ സ്വരത്തോടെ ആനന്ദ് പറഞ്ഞു.. "അങ്ങനെയൊന്നും ഉണ്ടാവില്ലച്ചാ... എന്നോട് കള്ളം പറഞ്ഞതിനൊരു ചെറിയ ശിക്ഷ..

അതാണ് ഇപ്പൊ കാണിക്കുന്ന പരിഭവം...അതിൽ കൂടുതലൊന്നുമില്ല... അവളെ ഞാനല്ലാതെ മാറ്റാരാ മനസ്സിലാക്കാ..." "മ്മ്, ഈ ഓർമ നിനക്കെന്നുമുണ്ടായാൽ മതി.. എന്റെ കാലം കഴിഞ്ഞാലും ഈ കുടുംബത്തെ ഇതുപോലെ ചേർത്ത് നിർത്തേണ്ടത് നിന്റെ കടമയാ കൂടെ അവളേയും... പോയി കിടന്നോ സമയം ഒരുപാടായില്ലേ... " ജീവ മുറിയിലേക്ക് പോയി.. ആനന്ദ് വീണ്ടും ചാരു കസേരയിൽ വന്നിരുന്നു... അദ്ദേഹത്തിന്റെ മനസ്സാകെ കലുഷിതമായിരുന്നു.. കിഷോറിന്റെ മാറ്റവും ജിഷക്ക് അവനോടുള്ള അമിതമായ സ്നേഹവും വിശ്വാസവും അയാൾക്കൊട്ടും അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു...തന്റെ മക്കളെ കുറിച്ചോർക്കേ അയാളുടെ നെഞ്ചം പിടഞ്ഞു... "കിടക്കാറായില്ലേ ആനന്ദേട്ടാ... ഒത്തിരി നേരായില്ലേ ഈ തണുപ്പും കൊണ്ട് ഇവിടെ വന്നിരിക്കുന്നു.. " കിടന്നിട്ടും ഉറക്കം വരാതെ ജയന്തി അടുത്ത് വന്നിരുന്നു ചോദിച്ചു.. "ഉറങ്ങണം.. നീ കിടന്നതല്ലേ പിന്നെന്തേ... " ആനന്ദ് തലയുയർത്തി നോക്കി ചോദിച്ചു... "ഓരോന്നും ആലോചിച്ച് കിടന്നിട്ടാണെന്ന് തോന്നുന്നു ഉറക്കം വന്നില്ല...

ആ പെണ്ണ് എന്ത് വിചാരിച്ചിട്ടാണോ എന്തോ.. എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല.." ജിഷയുടെ കാര്യം ആലോചിക്കെ ജയന്തി ആധിയോടെ പറഞ്ഞു.. "അവളുടെ ജീവിതമല്ലേ അവള് തന്നെ തീരുമാനിക്കട്ടെ.. നെല്ലും പതിരും വേർതിരിച്ചെടുക്കാനുള്ള പ്രായമൊക്കെ ആയില്ലേ.. ബാക്കിയെല്ലാം അവളുടെ വിധി പോലെ വരും..." "അങ്ങനെ പറഞ്ഞ് സമാധാനിക്കാൻ നമുക്ക് കഴിയോ ആനന്ദേട്ടാ...കണ്ണടയും മുന്നേ മക്കളെല്ലാം നല്ലത് പോലെ ജീവിച്ചു കാണണമെന്നല്ലേ ഏതൊരു അച്ഛനും അമ്മയും ചിന്തിക്കൂ.." "നമുക്ക് ചിന്തിക്കാനും സ്വപ്നം കാണാനും മാത്രമേ കഴിയൂ... ബാക്കിയൊക്കെ അവരുടെ കയ്യിലല്ലേ... അവരുടെ ജീവിതമെങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടതും അവരല്ലേ... " പറഞ്ഞു കഴിഞ്ഞ് അയാളൊരു നെടുവീർപ്പ് അയച്ചു വിട്ടു.. ഉള്ളിൽ അത്രക്കും വിഷമങ്ങൾ കേറിക്കൂടിയിട്ടുണ്ടായിരുന്നു.. 'നമുക്കവളോട് ഒന്നൂടെ സംസാരിച്ചു നോക്കിയാലോ.. എന്റെ ആങ്ങളയുടെ മോനായത് കൊണ്ട് പറയുവല്ല എനിക്കവനെ ഇപ്പോഴും അങ്ങട് വിശ്വാസം വരുന്നില്ല..

ഒരു മനുഷ്യന് ഇത്ര പെട്ടന്നൊക്കെ നന്നാവാൻ കഴിയോ.. " അത് കേട്ട് ആനന്ദ് തന്റെ സങ്കടങ്ങൾ പോലും മറന്ന് പൊട്ടിച്ചിരിച്ചു.. "ആരാ ഇത് പറയുന്നേ,, നീ എങ്ങനെയായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ.!" ആനന്ദ് പറഞ്ഞതും ജയന്തിക്ക് ജാള്യത തോന്നി... തനിക്കൊരാളേയും കുറ്റപ്പെടുത്താനുള്ള അർഹതയില്ല.. തന്റെ കഴിഞ്ഞ കാലവും അത്രയേറെ ദുഷിച്ച ചിന്തകളാൽ നിറഞ്ഞതായിരുന്നു.. "സാഹചര്യങ്ങളാണ് ഓരോ മനുഷ്യനെയും നല്ലവനും ചീത്തവനുമാക്കുന്നത്... അവനെ ഇങ്ങനെയാക്കിയതിൽ ഏറിയ പങ്കും നിനക്കും മാലതിക്കുമുണ്ട്.. ഒരു മോളുണ്ട് ശീതൾ എവിടെയാണെന്ന് പോലും അറിയില്ല... വൈഗ പറഞ്ഞത് വെച്ച് നോക്കുവാണേൽ കിഷോറിന്റെ സ്വഭാവത്തിനെന്തെങ്കിലും മാറ്റം വന്നിട്ടുണ്ടാവും.. അല്ലാതെ അവളിത്രയും ആത്മ വിശ്വാസത്തോടെ അവനോട് പെരുമാറില്ല..." "എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല..അവൻ വീണ്ടും നമ്മളെയെല്ലാം പറ്റിക്കുകയാണെങ്കിലോ..." ജയന്തി ചിന്തയിലാണ്ടു.. "ഇനിയിപ്പോ അതും ആലോചിച്ചു നേരം വെളുപ്പിക്കേണ്ട... വന്ന് കിടക്കാൻ നോക്ക്.. ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം... "

പറഞ്ഞുകൊണ്ട് ആനന്ദ് മുറിയിലേക്ക് നടന്നതും ജയന്തിയും ഉമ്മറത്തെ വാതിലടച്ച് പിന്നാലെ ചെന്നു.. ****** മുറിയുടെ ചാരിയിട്ടിരുന്ന വാതിൽ തുറന്നവൻ അകത്ത് കയറി.. ബെഡിൽ ചുരുണ്ട് കൂടി കിടക്കുന്ന തന്റെ പ്രാണനായവളെ കാണെ നെഞ്ച് പിടഞ്ഞു... അടുത്തേക്ക് ചെന്നവളുടെ കവിളിൽ തലോടി... "സ്സ്... " ഉറക്കത്തിലും വേദനകൊണ്ടവൾ ഏങ്ങി... അഞ്ച് വിരലുകളും കവിളിൽ ചുവന്ന് തിണർത്ത് കിടപ്പുണ്ടായിരുന്നു... അത് കാണെ മിഴികൾ ഈറനണിഞ്ഞു..പതിയെ കുനിഞ്ഞു വന്നവളുടെ നെറ്റിയിൽ മുത്തമിട്ടു.. "നീയെന്തിനാ പെണ്ണേ എന്നോട് കള്ളം പറഞ്ഞത്.. അതുകൊണ്ടല്ലേ ഞാൻ... " മൗനമായവൻ വിങ്ങിപ്പൊട്ടി..ചെയ്ത് പോയ പാപത്തെ കുറിച്ചോർത്തവൻ മനസ്സാൽ ഒരായിരം തവണ അവളോട് മാപ്പപേക്ഷിച്ചു... കണ്ണും മുഖവും അമർത്തി തുടച്ചവൻ അവിടുന്നെഴുന്നേറ്റ് പോവാൻ തുനിഞ്ഞു..

"ന്നോട് പിണങ്ങല്ലേ ജീവേട്ടാ.. ഞ്ഞെ വിട്ടെങ്ങും പോവല്ലേ.. നിക്ക് വേറെ ആരാ ഉള്ളേ.. " അവന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടവൾ ഏങ്ങലോടെ പറഞ്ഞു...ഉറക്കത്തിനിടയിലും അവൾ പറയുന്നത് കേട്ടവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. പതിയെ അവളെയുണർത്താതെ ജീവ ബെഡിലേക്ക് കിടന്നു... കാൽക്കീഴിൽ കിടന്നിരുന്ന പുതപ്പെടുത്ത് ഇരുവരുടേയും ദേഹത്തേക്ക് വലിച്ചിട്ടു...ചെറു ചിരിയോടെ അതിലേറെ പ്രണയത്തോടെ അവളെ ചുറ്റി വരിഞ്ഞു... അവളൊന്ന് ചിണുങ്ങി.. ശേഷം അവന്റെ നെഞ്ചിൻ ചൂടിലേക്ക് പതുങ്ങിക്കിടന്നു... അവളെ ചേർത്ത് പിടിച്ചവനും നിദ്രയെ പുൽകി... ****** സൂര്യ രശ്മികൾ കണ്ണിലേക്കു വന്നു തുളഞ്ഞു കയറിയതും വൈഗ മിഴികൾ തുറന്നു... തലേന്ന് രാത്രി ഒരുപാട് കരഞ്ഞത് കൊണ്ടാവാം കണ്ണിനും അത് പോലെ തലയ്ക്കുമെല്ലാം വല്ലാത്ത ഭാരം...

അവളുടെ മിഴികൾ അടുത്ത് കിടക്കുന്ന ജീവയിലേക്ക് നീണ്ടു.. നല്ല ഉറക്കത്തിലാണേലും അവന്റെ ഒരു കൈ അവളുടെ വയറിനു മുകളിലായിരുന്നു... അത് കാണെ അവളിൽ പുഞ്ചിരി വിടർന്നു.. ജീവ തന്നോട് പിണങ്ങിയിട്ടുണ്ടാവുമോ എന്ന് കരുതിയവളുടെ മനസ്സിൽ നേരിയ തണുപ്പ് പടർന്നു.. പതിയെ കുനിഞ്ഞവൾ മുഖത്തേക്ക് വീണ് കിടക്കുന്ന അവന്റെ മുടിയിഴകളെ മാടിയൊതുക്കി.. തനിക്കേറെ ഇഷ്ടമുള്ള നുണക്കുഴി കവിളിൽ ചുണ്ടുകളമർത്തി... അവനൊന്ന് ഞെരങ്ങി...ജീവ ഉണരുകയാണെന്ന് മനസ്സിലായതും അവൾ തന്റെ ഉദ്യമത്തിൽ നിന്നും പിൻവാങ്ങി ബാത്റൂമിലേക്ക് കയറി.. അവൾ പോയെന്ന് കാണെ ജീവ മിഴികൾ തുറന്നു...അവൾ ചുംബിച്ചുണർത്തിയ കവിൾ തടത്തിൽ പതിയെ തലോടി.. "വൈഗാ... " അവന്റെ അധരങ്ങൾ മന്ത്രിച്ചു...എത്രയും പെട്ടന്ന് പരിഭവങ്ങളെല്ലാം പറഞ്ഞു തീർത്ത് തന്റെ ലെച്ചൂട്ടിയുടെ മുഖത്ത് പുഞ്ചിരി വിരിയിക്കണമെന്ന് ചിന്തിച്ചു കൊണ്ടവൻ വീണ്ടും ഉറക്കത്തെ പുൽകി... ******

കുളി കഴിഞ്ഞിറങ്ങിയ വൈഗ ഉറങ്ങുന്ന ജീവയെയൊന്ന് നോക്കി നെടുവീർപ്പയച്ചു വിട്ട് താഴേക്ക് ചെന്നു..... പതിവ് പോലെ പലഹാരമെല്ലാം ഉണ്ടാക്കി കഴിഞ്ഞ ശേഷം അകത്തളമെല്ലാം അടിച്ചു വാരി വൃത്തിയാക്കിയിട്ടു... മരങ്ങൾ ഇലകൾ പൊഴിക്കുന്ന കാലമായതിനാൽ മുറ്റം നിറയെ കരിയലകൾ വീണ് കിടപ്പുണ്ടാവും. ഈയിടെയായി അടുത്തുള്ളൊരു ചേച്ചി വന്നാണ് മുറ്റം തൂത്തിടാറ്...ഇന്നാണേൽ അവർ വന്നതുമില്ല.. വൈഗ ജീവക്കുള്ള ചായ മുറിയിൽ കൊണ്ടു വെച്ച് മുറ്റം തൂക്കാനിറങ്ങി.. അപ്പോഴാണ് വരുണിന്റെ കാർ വരുന്നത് കണ്ടത്... അതിൽ നിന്നും കല്ലിച്ച മുഖ ഭാവത്തോടെ ഇറങ്ങി വരുന്ന അഞ്ജുവിനെ കണ്ടതും ഇവിടെ നടന്നതെല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന് വൈഗക്ക് മനസ്സിലായി... അഞ്ജു വൈഗയുടെ അടുത്തേക്ക് വന്ന് കയ്യിലുള്ള ചൂല് വാങ്ങി വലിച്ചെറിഞ്ഞു. ദേഷ്യത്തിൽ അവളേയും പിടിച്ചു വലിച്ച് കുളപ്പടവിലേക്ക് നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story