വൈഗ: ഭാഗം 69

vaika shamseena

രചന: ശംസീന

അഞ്ജു വൈഗയുടെ അടുത്തേക്ക് വന്ന് കയ്യിലുള്ള ചൂല് വാങ്ങി വലിച്ചെറിഞ്ഞു. ദേഷ്യത്തിൽ അവളേയും പിടിച്ചു വലിച്ച് കുളപ്പടവിലേക്ക് നടന്നു.. "അല്ല എന്താ പൊന്നു മോൾടെ ഉദ്ദേശം...സ്വന്തം കുഴി തോണ്ടാൻ തന്നെയാണോ പ്ലാൻ..." ഇടുപ്പിൽ കൈ കുത്തി അഞ്ജു അവളെ നോക്കി പുരികം വളച്ചു... "നീയെന്താ പെണ്ണേ രാവിലെ തന്നെ വട്ട് പറയുന്നേ... " കുളപ്പടവിലേക്കിരുന്ന് വൈഗ പറഞ്ഞു.. "വട്ട് എനിക്കല്ല നിനക്കാ.. അല്ലെങ്കി ആരെങ്കിലും ചെയ്യുന്ന പണിയാണോ നീ കാണിച്ചു വെച്ചിരിക്കുന്നത്... എന്നിട്ടെത്രണ്ണം കിട്ടി കണവന്റെ കയ്യിൽ നിന്ന് നോക്കട്ടെ..." പറയുന്നതിനൊപ്പം വൈഗ അവളുടെ ഇരു കവിളുകളിലേക്കും നോക്കി.. "ഒന്നേ കിട്ടിയുള്ളൂ... അത് കുറഞ്ഞ് പോയെന്നേ ഞാൻ പറയൂ... " അഞ്ജു ദയനീയ ഭാവത്തോടെ പറയവേ വൈഗ ദേഷ്യത്തോടെ അവളുടെ കൈ തട്ടി മാറ്റി.. "പോടീ... " അവൾ കെർവോടെ മുഖം തിരിച്ചു.. "നീ പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല...ഇത്രയൊക്കെ സംഭവങ്ങൾ ഇവിടെയുണ്ടായിട്ടും നീ കിഷോറേട്ടന്റെ സ്വർണം പൂശിയ വാക്കുകളിൽ വീണുപോയല്ലോ എന്നാ ഞാൻ ചിന്തിക്കുന്നേ..

വരുണേട്ടൻ പറഞ്ഞപ്പോ ഞാനത് വിശ്വസിച്ചില്ല.. പിന്നെ ഇന്നലെ അമ്മക്ക് വിളിച്ചപ്പോഴാ കാര്യങ്ങളൊക്കെ അറിയുന്നേ..അപ്പൊ തന്നെ വന്ന് നിന്നെ കാലേ വാരിയടിക്കാൻ തോന്നിയതാ പിന്നെ ഉറങ്ങുന്ന കടുവയെ വിളിച്ചുണർത്തിയാൽ എന്റെ ശവമായിരിക്കും എടുക്കേണ്ടി വരിക എന്നാലോചിപ്പോൾ അടങ്ങിയതാ.." അഞ്ജുവൊരു നെടുവീർപ്പയച്ചു വിട്ടു.. "നിങ്ങളൊന്നും വിചാരിക്കുന്ന പോലെ കിഷോറേട്ടന്റെ ചതിയിൽ വീണതൊന്നുമല്ല ഞാൻ...ഒരുപാട് തവണ ആലോചിച്ചെടുത്ത ഇങ്ങനൊരു കാര്യം ചെയ്തത്.. "ആദ്യമൊക്കെ കിഷോറേട്ടനെ കല്ലുങ്കിന്റെ അടുത്ത് കാണുമ്പോൾ വഴി മാറി നടക്കുമായിരുന്നു ഞാൻ... ജിഷക്ക് സംഭവിച്ചതൊക്കെ കിഷോറേട്ടൻ കാരണമാണെന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തി.. അപ്പോഴൊക്കെ മറുത്തൊന്നും പറയാതെ കേട്ട് നിന്നതേയുള്ളൂ...

ചെയ്തു കൂട്ടിയ ദുഷ്ടത്തരങ്ങളോർത്ത് കിഷോറേട്ടന് അത്യധികം കുറ്റബോധം ഉണ്ടെന്നെനിക്ക് തോന്നി... പതിയെ ഞാനും ആളെ കേൾക്കാൻ തുടങ്ങി..നന്ദൂട്ടനെ കുറിച്ചൊക്കെ ചോദിക്കാൻ തുടങ്ങി.. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു... എത്ര വലിയ ദുഷ്ടനാണെന്ന് പറഞ്ഞാലും ഉള്ളിന്റെയുള്ളിൽ തന്റെ മക്കൾക്കായി കരുതി വെച്ച സ്നേഹമുണ്ടാവില്ലേ... ആർക്ക് മനസ്സിലായില്ലെങ്കിലും ഒരച്ഛന്റെയും അമ്മയുടേയും സ്നേഹമോ വാത്സല്യമോ കിട്ടാതെ വളർന്ന എനിക്കേ ആ വേദന മനസ്സിലാവൂ... അതു കൊണ്ടാ ഞാൻ.." ശബ്‍ദമിടറി.. മിഴികൾ നിറഞ്ഞു തുളുമ്പി.. "ഓ അപ്പോഴേക്കും എന്റെ പുലിക്കുട്ടി കരഞ്ഞോ..സാരമില്ല,, നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ... ഇനിയും നീ കിഷോറേട്ടന്റെ മുന്നിൽ ചെന്ന്പെട്ട് അപകടമെന്തെങ്കിലും വരുത്തി വെച്ചാ നിന്നെ സ്നേഹിക്കുന്ന ഞങ്ങൾക്കത് സഹിക്കുമോ..

ഞങ്ങളുടെ കാര്യം പോട്ടെ നീ ജീവേട്ടനെ കുറിച്ചൊന്ന് ചിന്തിച്ചോ..." "ആരേയും കുറിച്ച് ചിന്തിക്കാത്തത് കൊണ്ടല്ല അഞ്ജു... കിഷോറേട്ടന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ ജിഷക്ക് ഇപ്പോഴും കിഷോറേട്ടനോട് സ്നേഹമുണ്ടെന്ന് അറിഞ്ഞപ്പോൾ അങ്ങനൊക്കെ പ്രവർത്തിച്ചു പോയി... അത് ഇത്ര വലിയ പ്രശ്നമാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.." അവൾ ടെൻഷനോടെ കൈകൾ കൂട്ടിതിരുമ്മി.. "ഇനിയിപ്പോ ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് കാര്യമില്ലല്ലോ... സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു നിനക്കൊന്ന് കിട്ടുകയും ചെയ്തു....ഇനിയൊക്കെ വിധിപോലെ വരും... കിഷോറേട്ടൻ ഇങ്ങോട്ട് വരുമോ അതോ ജിഷയും കുഞ്ഞും അങ്ങോട്ട് പോവുമോ എന്നൊക്കെ വഴിയേ അറിയാം..." അഞ്ജു പറയുന്നത് കേട്ട് വൈഗ ആലോചനയോടെ കുളത്തിലേക്ക് നോക്കിയിരുന്നു.. "നീ വന്നേ.. ഭയങ്കര വിശപ്പ്.. എന്തെങ്കിലും കഴിച്ചിട്ട് വേണം കോളേജിലേക്ക് പോവാൻ.. " അഞ്ജു അവളുടെ മൂഡ് മാറ്റാനായി പിടിച്ചു വലിച്ചു.. "ഇങ്ങനൊരു തീറ്റപണ്ടാരം.. നടക്കങ്ങോട്ട്... "

ചിരിയോടെ പറഞ്ഞ് വൈഗ അവളേയും കൂട്ടി അവിടെ നിന്ന് നടന്നു... ഉമ്മറത്തെത്തിയപ്പോഴാണ് വരുണിനോട് സംസാരിച്ചു നിൽക്കുന്ന ജീവയെ കണ്ടത്... ഒരു നോട്ടമേ നോക്കിയുള്ളൂവെങ്കിലും അവന്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടപ്പോൾ പെട്ടന്നത് പിൻവലിക്കുകയും ചെയ്തു...ജീവക്ക് മുഖം കൊടുക്കാതെ വൈഗ വരുണിനെ നോക്കി പുഞ്ചിരിച്ചു.. "അഞ്ജു പോയാലോ.. സമയമായി... " വരുൺ കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി ധൃതി കൂട്ടി.. "ഒരു പത്ത് മിനിറ്റ്,,എന്തെങ്കിലും കഴിച്ചിട്ട് വേഗം വരാം.. " അഞ്ജു പറഞ്ഞത് കേട്ടവന്റെ മിഴികൾ തുറിച്ചു.. "നമ്മളൊരുമിച്ചല്ലേ അവിടുന്ന് കഴിച്ചിറങ്ങിയേ.. ഇവിടെ എത്തിയപ്പോഴേക്കും വീണ്ടും വിശന്നോ.. " "ഓ ഇവളോട് രണ്ടെണ്ണം പറഞ്ഞപ്പോഴേക്കും അതൊക്കെ ദഹിച്ചു.. വരുണേട്ടൻ കുറച്ച് നേരം കൂടെ ജീവേട്ടനോട്‌ സംസാരിച്ചു നിൽക്ക് ഞാനിപ്പോ വരാന്നേ.." അതും പറഞ്ഞവൾ അകത്തേക്കോടി.. പിന്നാലെ വൈഗയും.. "കിഷോറിന്റെ കാര്യത്തിൽ എന്താ തീരുമാനം... " അവർ പോയതും വരുൺ ജീവയോട് ചോദിച്ചു..

"അച്ഛനും ചെറിയച്ഛനും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല... ജിഷയുടെ ഇഷ്ടം പോലെ എന്താണെന്ന് വെച്ചാ ചെയ്‌തോട്ടെ എന്നാണ് അവരുടെ ഭാവം.. പിന്നെ അവളുടെ ജീവിതമല്ലേ അവൾക്കുമുണ്ടാവില്ലേ തീരുമാനങ്ങൾ കൂടുതലായി നമുക്കും അഭിപ്രായം പറയാൻ ഒക്കില്ലല്ലോ... " ജീവ പറഞ്ഞു.. "അങ്ങനെ പറഞ്ഞൊഴിയാൻ വരട്ടെ ജീവാ..അവന്റെ നീക്കങ്ങളെന്താണെന്ന് കൂടി അറിയേണ്ടേ... വീണ്ടും അറിഞ്ഞു കൊണ്ടൊരു അപകടം വരുത്തി വെക്കണോ..." "നമ്മൾ ചിന്തിച്ചത് കൊണ്ടൊന്നും കാര്യമില്ല വരുണേ... ഇതെല്ലാം അവൾക്ക് കൂടി തോന്നേണ്ടേ... നന്നായാൽ അവന് കൊള്ളാം ഇല്ലേൽ പിന്നെ ഒരിക്കൽ കൂടെ ചെന്നായയുടെ മുഖം മൂടി അണിഞ്ഞു വരാൻ അവന് കഴുത്തിനു മുകളിൽ തല കാണില്ല.." ക്രോധത്തോടെ ജീവ പല്ലിറുമ്മി.. "നീ വാ.. എന്തെങ്കിലും കഴിക്കാം... അഞ്ജു ഇപ്പോഴൊന്നും വരുന്ന ലക്ഷണം കാണുന്നില്ല.. " ആ വിഷയം മറക്കാനെന്നോണം ചിരിയോടെ പറഞ്ഞ് ജീവ വരുണുമായി അകത്തേക്ക് നടന്നു... *******

രാത്രി ജോലിയെല്ലാം കഴിഞ്ഞ് മില്ലിൽ നിന്നും വന്ന ജീവ ആദ്യം തിരഞ്ഞത് വൈഗയെയാണ്... അവളെ അവിടെ എവിടേയും കണ്ടില്ല... ജിഷയുടെ മുറിക്കടുത്തേക്ക് ചെന്നപ്പോൾ അതിനുള്ളിൽ നിന്ന് അഞ്ജുവിന്റെയും വൈഗയുടേയും സംസാരം കേൾക്കുന്നുണ്ടായിരുന്നു.. "വൈഗേ..." മുറിക്കടുത്ത് നിന്നും കുറച്ച് മാറിനിന്നവൻ വിളിച്ചു... ആദ്യത്തെ വിളി അവൾ കേട്ടില്ല.. അവൻ വീണ്ടും വിളിച്ചു.. "വൈഗേ... " "ആഹ്.. " വൈഗ വാതിൽ തുറന്ന് തല മാത്രം വെളിയിലേക്കിട്ട് നോക്കി... "കുറച്ച് വെള്ളം.. മുറിയിലേക്ക് കൊണ്ടു വന്നാൽ മതി... " അതും പറഞ്ഞവൻ വെട്ടിതിരിഞ്ഞ് മുകളിലേക്കുള്ള പടികൾ കയറി..അവളുടെ നോട്ടം എത്തി നിന്നത് ടേബിളിൽ ഇരിക്കുന്ന ജഗ്ഗിലെ വെള്ളത്തിലേക്കാണ്.. വെള്ളമല്ലേ അവിടെയിരിക്കുന്നെ... അവൾ ചിന്തിക്കാതിരുന്നില്ല... "അഞ്ജു.. നീ കുറച്ച് വെള്ളമെടുത്ത് ജീവേട്ടന് കൊണ്ടു കൊടുക്കോ.. എനിക്ക് അടുക്കളയിലിത്തിരി പണിയുണ്ട്.. " അവൻ പിണങ്ങിയിരിക്കുന്നത് കൊണ്ടവൾക്ക് അവന്റെ മുന്നിലേക്ക് ചെല്ലാൻ മടിതോന്നി..

"എന്നെക്കൊണ്ട് പറ്റില്ല മോളേ.. ഞാനെന്റെ നന്ദൂട്ടനെ കൊഞ്ചിക്കുവാ.. അല്ലേടാ പൊന്നേ.. " നന്ദൂട്ടനെ ഉമ്മവെച്ചു കൊണ്ടവൾ പറഞ്ഞു.. "കെട്ടിയോന് വേണ്ട വെള്ളം കെട്ടിയോൾ തന്നെ കൊണ്ടു കൊടുത്താൽ മതി... " അതും പറഞ്ഞവൾ നന്ദൂട്ടനെ കൊഞ്ചിക്കൽ തുടർന്നു.. വേറെ നിവർത്തിയൊന്നുമില്ലാതെ വൈഗ വെള്ളവുമായി മുറിയിലേക്ക് ചെന്നു.. വൈഗയുടെ കൊലുസിന്റെ ശബ്‍ദം കേട്ടതും കൈ വരിക്കടുത്ത് അവൾ വരുന്നതും നോക്കി നിന്ന ജീവ മുറിയിലേക്ക് കയറി ഗൗരവം നടിച്ചു നിന്നു... "ദാ വെള്ളം... " അവളും ഗൗരവം ഒട്ടും കുറച്ചില്ല.. ഇരുവർക്കുമറിയാം എത്ര വലിയ പിണക്കമാണേലും ഒരു രാത്രിയിൽ കൂടുതൽ നീണ്ടു പോവില്ലെന്ന്... "ഇങ്ങ് കൊണ്ടുവാ.. ഞാനിവിടെയൊരു ജോലി ചെയ്യുന്നത് കണ്ടില്ലേ.. " അതും പറഞ്ഞവൻ അടുത്തുള്ള ടേബിളിൽ എന്തോ തിരയുന്ന പോലെ കാണിച്ചു.. "ദാ... " വെള്ളം അവന്റെ മുഖത്തിന് നേരെ നീട്ടി.. ഉള്ളാലെ ചിരിച്ചവൻ മുഖമുയർത്തി നോക്കി വെള്ളം വാങ്ങി ചുണ്ടോട് ചേർത്തു.. "എവിടെ പോവാ.. ഇത് കൂടെ കൊണ്ട് പൊക്കോ.. "

അവിടെ നിന്നും പോകാൻ നിന്ന വൈഗയുടെ കയ്യിലേക്ക് ഒഴിഞ്ഞ ഗ്ലാസ്‌ വെച്ച് കൊടുത്തു... അവളതും വാങ്ങി പോവാൻ നിന്നതും കയ്യിൽ പിടിച്ചു വലിച്ചവൻ അവളെ തന്നിലേക്ക് ചേർത്തു.. "വിട്ടേ ജീവേട്ടാ.. " അവൾ കുതറി മാറാൻ നോക്കി.. "എന്നോട് പിണക്കമൊന്നുമില്ലെന്ന് പറയാതെ വിടുന്ന പ്രശ്നമില്ല... " അവനവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു പറഞ്ഞു.. അവന്റെ തണുത്ത നിശ്വാസം മുഖത്ത് തട്ടിയതും മിഴികൾ പിടഞ്ഞു.. "കവിളടിച്ചു പൊട്ടിച്ചിട്ട് പിണക്കമില്ലെന്ന് പറയാനോ... " പറഞ്ഞിട്ടവൾ വീണ്ടും കുതറി.. "സോറി.. " കാതോരം വന്നവൻ കാറ്റുപോലെ പറഞ്ഞു.. "എനിക്കാരുടെയും സോറിയൊന്നും വേണ്ടാ.. വിട്ടേ അടുക്കളയിൽ ജോലിയുണ്ട്... " അവന്റെ കയ്യൊന്നയഞ്ഞതും വൈഗ അവനെ പിറകിലേക്ക് തള്ളി അവിടെ നിന്ന് പോവാനൊരുങ്ങി..... പിറകെ ചെന്നവൻ അവളുടെ അരയിലൂടെ ചുറ്റിപിടിച്ച് അവളുമായി ബെഡിലേക്ക് വീണു... "ഇനി നീയെങ്ങനെ പോവും.. " അവൾക്ക് മുകളിൽ കൈ കുത്തി നിന്നവൻ പിടക്കുന്ന മിഴികളിലേക്ക് നോക്കി കുസൃതിയോടെ ചോദിച്ചു...

ചുണ്ടിലപ്പോഴും അടക്കി പിടിച്ചൊരു ചിരിയുണ്ടായിരുന്നു.. "നി.. നിക്ക് പിണക്കമൊന്നുമില്ല മാറിക്കെ.. " അവൾ മുഖം തിരിച്ചു കിടന്നു.. "അങ്ങനെ പറഞ്ഞാൽ പോരല്ലോ.. " സ്വരം താഴ്ത്തി പറഞ്ഞവൻ അവന്റെ കരഥലം പതിഞ്ഞ കവിളിൽ ചുണ്ട് ചേർത്തു.. "സ്സ്.. " അവളൊന്നേങ്ങി.. "നോവുന്നുണ്ടോ...? " അവന്റെ സ്വരം ആർദ്രമായി.. "ഇല്ല.. നല്ല സുഖം തോന്നുന്നുണ്ട്.. സമയം കിട്ടുമ്പോൾ ഇതുപോലൊന്ന് നിങ്ങടെ മുഖത്ത് തന്നെ അടിച്ചു നോക്ക്.. " കെർവോടെ പറഞ്ഞവൾ മുഖം വീർപ്പിച്ചു.. "സോറി പറഞ്ഞില്ലേ ലെച്ചൂട്ടി..ഇതിൽ കൂടുതലെന്താ വേണ്ടത്... " അവൻ ദയനീയമായി ചോദിച്ചു.. "ഇവിടേയും ഇവിടേയുമൊക്കെ ഉമ്മ വേണം.. " കവിളിലും നെറ്റിയിലും ചുണ്ടിലുമെല്ലാം വൈഗ കുറുമ്പോടെ തൊട്ട് കാണിച്ചു.. അവനിലൊരു കുസൃതി ചിരി വിരിഞ്ഞു. ആ ചിരി അവളിൽ നാണത്തിന്റെ മാറ്റൊലികൾ തീർത്തു...

പതിയെ മുഖം കുനിച്ചവൻ അവളെ ചുംബനങ്ങളാൽ മൂടി... അവളുടെ മിഴികൾ കൂമ്പിയടഞ്ഞു... ഇനിയൊരിക്കലും വേദനിപ്പിക്കില്ലെന്ന പോലെ ഓരോ ചുംബനങ്ങളും അവളിലൊരു തേൻകണം പോലെ പകർന്നു നൽകി... ഒട്ടൊരു നിമിഷത്തിന് ശേഷം അവളിൽ നിന്നും അകന്ന് മാറിയവൻ ബെഡിലേക്ക് ചാഞ്ഞു.. അവളെ വലിച്ച് നെഞ്ചിലേക്ക് കിടത്തി.. "സോറി.. " അവന്റെ നെഞ്ചിലെ രോമങ്ങളിൽ കിള്ളിയവൾ പതിയെ മൊഴിഞ്ഞു.. അവനിലൊരു പുഞ്ചിരി വിടർന്നു.. "സാരമില്ല പോട്ടെ.. ഇനി ഇതുപോലൊന്നും ചെയ്യാതിരുന്നാൽ മതി... അഥവാ അങ്ങനെയെന്തെകിലുമുണ്ടേൽ എന്നോട് പറയണം.. മറച്ചു വെക്കരുത്... " "ഞാൻ കാരണം ഒത്തിരി വേദനിച്ചല്ലേ... " അവന്റെ കവിളിൽ കൈ ചേർത്ത് വെച്ചവൾ മുഖമുയർത്തി ചോദിച്ചു.. "ഇല്ലെടാ... പെട്ടന്നുള്ള ദേഷ്യത്തിന് നിന്നെ നോവിച്ചല്ലോ എന്നോർത്തുള്ള സങ്കടമേയുണ്ടായിരുന്നുള്ളൂ..

ഇപ്പോഴതും അകന്നു പോയി.. " അവനവളെ തന്നിലേക്ക് അടക്കി പിടിച്ചു... ഇരുവരും പരിഭവങ്ങളെല്ലാം പറഞ്ഞു തീർത്തു... പരസ്പരം ചുംബനങ്ങളാൽ മൂടി... ഒരുവേള അവന്റെ മിഴികൾ അവളുടെ ചെഞ്ചുണ്ടുകളിൽ പതിഞ്ഞതും അവയെ തേൻ നുകരുന്ന വണ്ടിനെ പോലെ കവർന്നെടുക്കാൻ തോന്നി... പതിയെ അവളുടെ അധരം ലക്ഷ്യം വെച്ച് നീങ്ങിയതും താഴെ നിന്നും ആനന്ദ് വിളിക്കുന്നത് കേട്ടു.. "ശ്ശേ.. " നല്ലൊരു ചാൻസ് മിസ്സായ വിഷമത്തിൽ അവൻ അവളിൽ നിന്നും അകന്ന് മാറി... കളിയാക്കലോടെ ചിരിയടക്കി പിടിച്ചു പിടിക്കുന്ന വൈഗയുടെ കവിളിൽ കുഞ്ഞൊരു കടി കൊടുത്തവൻ താഴേക്കോടി... "സ്സ്.. " അവളവിടം തലോടി...പുഞ്ചിരിയോടെ അതിലേറെ പ്രണയത്തോടെ... പിന്നീടെന്തോ ഓർത്തെന്ന പോലെ ജീവക്ക് പിന്നാലെ താഴേക്ക് ചെന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story