വൈഗ: ഭാഗം 70

vaika shamseena

രചന: ശംസീന

 "അച്ഛാ... " താഴേക്കിറങ്ങി വന്ന ജീവ കോലായിലൂടെ വെപ്രാളം പൂണ്ട് നടക്കുന്ന ആനന്ദിനെ കണ്ട് വിളിച്ചു... കൂടെയുള്ള അശോക് അയാളെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു... "ആ നീ വന്നോ...നമുക്ക് പെട്ടന്നൊരിടം വരെ പോണം..." ആനന്ദിന്റെ വേവലാതി കണ്ട് ജീവ പകപ്പോടെ നോക്കി.. "എവിടെ..? " അവന്റെ നെറ്റിചുളിഞ്ഞു.. "ജീവ നീയൊന്നിങ് വന്നേ... " ആനന്ദിനെ കൊണ്ട് പറയാൻ കഴിയില്ലെന്ന് മനസ്സിലായ അശോക് അവനെ മാറ്റി നിർത്തി കാര്യം പറഞ്ഞു... "തല്ക്കാലം നമ്മള് മാത്രം അറിഞ്ഞാൽ മതി.. അവിടെ ചെന്ന ശേഷം വിവരം പോലെ ഇവിടെ വിളിച്ചു പറയാം.. നീ അച്ഛനേയും കൊണ്ട് വേഗമിറങ്ങാൻ നോക്ക് ഞാനപ്പോഴേക്കും കാറെടുക്കാം... " അശോക് സ്വകാര്യം പോലെ പറഞ്ഞു... ജീവ അപ്പോഴും കാര്യമറിഞ്ഞതിന്റെ ഞെട്ടലിൽ തന്നെയായിരുന്നു...

അശോക് വണ്ടിയെടുക്കാൻ പോയതും ജീവ തളർന്നു നിൽക്കുന്ന ആനന്ദിനെയും കൊണ്ട് ഉമ്മറത്തേക്കിറങ്ങി... "കയറ്... " അശോക് പറഞ്ഞു.. "അച്ഛൻ ടെൻഷനാവാതെ അവനൊന്നും സംഭവിക്കില്ല.. " ആനന്ദിനെ ഫ്രണ്ട് സീറ്റിലേക്കിരുത്തി ജീവ പിറകിൽ കയറി... വൈഗ അവരുടെ പിന്നാലെ ഓടിയെത്തിയപ്പോഴേക്കും അവർ പഠിപ്പുര കടന്ന് പോയിരുന്നു.. "അമ്മേ.. അമ്മേ.." വിളിച്ചു കൊണ്ടവൾ ജയന്തിയുടെ അടുത്തേക്ക് ചെന്നു.. "നിനകുറക്കമൊന്നുമില്ലേ വൈഗേ... എല്ലാവരും കിടന്നല്ലോ... " ഉറങ്ങാനായി കിടന്ന ജയന്തി ചോദിച്ചു... "അവരെങ്ങോട്ടാ പോയത്...? " "ആര്..." ചോദിക്കുന്നതിനൊപ്പം അവരെഴുന്നേറ്റിരുന്നു.. "വല്യമാമയും കുഞ്ഞമ്മാവനും പിന്നെ ജീവേട്ടനും... " അവൾ പറഞ്ഞു.. "പോയോ.. എനിക്കറിയില്ല,, എന്നോടൊന്നും പറഞ്ഞിട്ടില്ല... എന്തെങ്കിലും അത്യാവശ്യത്തിന് പോയതായിരിക്കും.. നീ ചെന്ന് കിടക്കാൻ നോക്ക്... " പറഞ്ഞിട്ട് ജയന്തി കയ്യെത്തിച്ച് മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു.. വൈഗ തിരികെ മുറിയിലേക്ക് നടന്നു...

മുറിയിലെത്തി ജീവയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും അത് ബെഡിൽ കിടന്ന് റിങ് ചെയ്യുന്നുണ്ടായിരുന്നു... അവൾക്കാകെയൊരു അസ്വസ്ഥത തോന്നി... കിടന്നിട്ടും ഉറക്കം വന്നില്ല... താഴെയുള്ള ജിഷയുടെ മുറിയിലേക്ക് വന്നു നോക്കുമ്പോൾ അവളും അഞ്ജുവുമെല്ലാം ഉറക്കമാണ്... വൈഗയും പതിയെ അവരുടെ അടുത്ത് കയറിക്കിടന്നു..കിടന്നെന്നേയുള്ളൂ അവൾക്കപ്പോഴും ഉറക്കം വന്നില്ല.. ****** നിമിഷ നേരം കൊണ്ടവരുടെ വാഹനം ഹോസ്പിറ്റലിൽ എത്തി ചേർന്നു.. "കുറച്ചു മുന്നേ കൊണ്ടുവന്ന ആക്‌സിഡന്റ് കേസ്..." ജീവ റിസപ്ഷനിൽ ചോദിച്ചു.. "Icu വിലാണ്...സെക്കന്റ്‌ ഫ്ലോർ..." അവിടെയിരുന്ന പെൺകുട്ടി പറഞ്ഞു.. "വാ അച്ഛാ.. " ജീവ ആനന്ദിനെയും അശോകിനെയും കൂട്ടി icu വിനടുത്തേക്ക് ചെന്നു.. "മാധവാ... " Icu വിന് മുന്നിലെ കസേരയിൽ കരഞ്ഞു തളർന്നിരിക്കുന്ന കിഷോറിന്റെ അച്ഛനെ ആനന്ദ് വേദനയോടെ വിളിച്ചു.. "അളിയാ.. എന്റെ മോൻ... " മാധവൻ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞ് പൊട്ടിക്കരഞ്ഞു...

മാലതിയും സങ്കടം സഹിക്കവയ്യാതെ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.. "ഡോക്ടറെന്താ പറഞ്ഞത് മാമേ.... " ജീവ മാധവനെ കസേരയിലേക്ക് പിടിച്ചിരുത്തി ചോദിച്ചു.. "ഹെഡ് ഇഞ്ചുറിയാണ്..ഓപ്പറേഷൻ കഴിഞ്ഞു നാൽപ്പത്തെട്ട് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാ പറഞ്ഞത്..." മാധവൻ വിതുമ്പലടക്കി.. പരസ്പരം സമാധാനിപ്പിക്കാൻ പോലും കഴിയാതെ അവരെല്ലാം ഉരുകി... ******* കുറച്ചു മണിക്കൂറുകൾക്ക് മുൻപ്... "അമ്മാവാ.... " കടയിൽ നിന്നും ഇറങ്ങി വരുന്ന ആനന്ദിന്റെ അടുത്തേക്ക് കിഷോർ വന്നു... അവനെ കണ്ടതും അയാൾ ദേഷ്യത്തോടെ മുഖം തിരിച്ചു പോകാൻ തുനിഞ്ഞു.. "ഒരഞ്ചു മിനിറ്റ് മാമേ .. എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊക്കോളൂ.. " അവൻ കെഞ്ചി.. "എനിക്കൊന്നും കേൾക്കാനില്ല കിഷോറേ.... നീ ചെയ്തു കൂട്ടിയതൊന്നും ഞാൻ മറന്നിട്ടില്ല... അത് മറക്കാത്തിടത്തോളം നിന്നോടൊരു വാക്ക് പോലും സംസാരിക്കാനെനിക്ക് താല്പര്യവുമില്ല..." ആനന്ദിന്റെ വാക്കുകൾ കടുത്തു... മുഖത്ത് ഗൗരവം നിറഞ്ഞു.. "അങ്ങനെ പറയരുത് മാമേ .. തെറ്റ് ചെയ്തിട്ടുണ്ട് ശെരിയാണ് ഞാൻ സമ്മതിക്കുന്നു...

എന്ന് കരുതി ഇപ്പോഴും എന്നെ അവിശ്വസിക്കരുത്.." "ഇവിടെ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കാര്യമല്ല കിഷോറേ.. എന്റെ മോൾടെ ജീവിതമല്ലേ അവളുടെ നല്ല ഭാവികൂടി കണക്കിലെടുക്കേണ്ടേ.. " ആനന്ദിന്റെ സ്വരം ഉറച്ചതായിരുന്നു...ഒരച്ഛൻ എന്ന. നിലക്കായിരുന്നു അയാളപ്പോൾ സംസാരിച്ചത്.. "എനിക്കറിയാം നിങ്ങൾക്കെല്ലാം എന്നോട് വെറുപ്പാണെന്ന് അതിനുള്ള കാരണക്കാരനും ഞാൻ തന്നെയാണ്...അവസാനമായി എനിക്ക് ജിഷയേയും മോനെയും ഒന്ന് കൂടി കാണണം അതിന് വേണ്ടിയാ ഞാൻ മാമയെ കാണാൻ വന്നത്... ജീവ എന്നെ വന്നു കണ്ടിരുന്നു അതിന് ശേഷം അവിടെ എന്തായിരിക്കും നടന്നിട്ടുണ്ടാവുകയെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ...വൈഗ ഇതിൽ നിരപരാധിയാണ് ഞാൻ നിർബന്ധിച്ചത് കൊണ്ടു മാത്രമാണവൾ കുഞ്ഞിനേയും കൊണ്ടെന്റെ അടുത്തേക്ക് വന്നത്.. നാളെ പുലർച്ചെ ഞാൻ ദുബായിലേക്ക് പോവും അവിടെയൊരു ജോലി ശെരിയായിട്ടുണ്ട്.. പോവും മുന്നേ എനിക്ക് അവളേയും കുഞ്ഞിനേയും... " ബാക്കി പറയാൻ അനുവദിക്കാതെ ആനന്ദ് കൈകളുയർത്തി അവനെ തടഞ്ഞു..

"ഞാൻ അനുവാദം തന്ന് നീയവളെ കാണില്ല...നിന്നെ വിശ്വസിച്ച് കൈ പിടിച്ചേല്പിച്ച എന്റെ മകളെ എനിക്ക് തിരിച്ചു കിട്ടിയത് വെറുമൊരു മാംസപിണ്ഡമായിട്ടാണ്.. അവിടെ നിന്നും ഇന്നവൾ ഉയർത്തെഴുന്നേറ്റിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൊണ്ട് മാത്രമാണ്.. അത് കൊണ്ട് കിഷോറിനി അവളേയോ കുഞ്ഞിനേയോ കാണാൻ ശ്രമിക്കരുത്..എന്റെ അപേക്ഷയാണ്.. നീ പൂർണമായും നല്ലൊരു മനുഷ്യനായെന്നും എന്റെ മോളേയും പേരക്കുട്ടിയേയും പോറ്റാനുള്ള കഴിവും പ്രാപ്തിയും നിനക്കായെന്നും തോന്നുന്ന ദിവസം ഞാൻ തന്നെ അവളെ നിനക്ക് കൈ പിടിച്ചു തരും.. ഇപ്പോൾ ദയവ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്.." കൈ കൂപ്പി തൊഴുതു പറഞ്ഞ് ആനന്ദ് അവിടെ നിന്നും മടങ്ങി.. കിഷോറിന്റെ മിഴികൾ നിറഞ്ഞു തൂവി.. ചെയ്തു കൂട്ടിയ പാപങ്ങളുടെ കനലിൽ അവന്റെ ഉടലാകെ ചുട്ടു പൊള്ളി.. അവന്റെ മനസ്സാകെ കലുഷിതമായിരുന്നു... ദുബായിലേക്ക് പോയി ജോലിക്ക് കയറിക്കഴിഞ്ഞാൽ ഏകദേശം രണ്ട് വർഷമെങ്കിലുമെടുക്കും തിരികെ വരാൻ...

അതിന് മുൻപ് അവസാനമായി തന്റെ ഭാര്യയേയും കുഞ്ഞിനേയും കാണാൻ അവന്റെയുള്ളം തുടികൊട്ടി...ചെയ്തു പോയ തെറ്റുകൾക്ക് അവളുടെ കാൽക്കൽ വീണ് മാപ്പപേക്ഷിക്കാൻ ഹൃദയം വ്യഥ പൂണ്ടു..സംഘർഷഭരിതമായ മനസ്സോടെ തിരികെ വീട്ടിലേക്ക് മടങ്ങും വഴി അശ്രദ്ധ മൂലം എതിരെ വന്ന ലോറിയുമായി അവന്റെ ബൈക്ക് കൂട്ടിയിടിച്ചു... അവൻ റോഡിലേക്ക് തെറിച്ചു വീണു... ഹെൽമെറ്റ് ധരിച്ചിട്ടില്ലാത്തതിനാൽ വീഴ്ചയുടെ ആഘാതത്തിൽ തല റോഡിലിടിച്ച് രക്തം വാർന്നൊഴുകി...പ്രാണന് വേണ്ടിയവൻ റോഡിൽ കിടന്ന് പിടഞ്ഞു... ആരൊക്കെയോ ഓടിവന്നവനെ ആശുപതിയിലെത്തിച്ചു.. അബോധാവസ്ഥയിലും അവന്റെ ചുണ്ടുകൾ മന്ത്രിച്ചത് ജിഷയുടേയും നന്ദൂട്ടന്റെയും നാമമായിരുന്നു.. വിവരമറിഞ്ഞ് മാധവനും മാലതിയും വന്നപ്പോഴേക്കും അവനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയിരുന്നു.. മകന്റെ അവസ്ഥയിൽ തളർന്നിരിക്കുന്ന തന്നെ കൊണ്ട് ഒറ്റക്കൊന്നും ചെയ്യാൻ കഴിയില്ല എന്നുള്ള വിശ്വാസം കൊണ്ടാണ് അയാൾ ആനന്ദിന് വിളിച്ച് വിവരം പറഞ്ഞത്...

കേട്ട മാത്രയിൽ ആനന്ദ് ഞെട്ടി... അതിനേക്കാൾ വേഗത്തിൽ അവനോട് പറഞ്ഞ വാക്കുകൾ ഓർത്തയാളുടെ നെഞ്ച് വിങ്ങി... അത്രയും കടുത്ത ഭാഷയിൽ അവനോട് സംസാരിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി..കുറ്റബോധം അയാളിൽ പിടിമുറുക്കി... ജിഷയെ കാര്യങ്ങൾ ഇപ്പോഴൊന്നും അറിയിക്കേണ്ടെന്ന് കരുതിയാണ് വേറെയാരോടും പറയാതെ ജീവയേയും അശോകിനെയും കൂട്ടി ആനന്ദ് ഹോസ്പിറ്റലിലേക്ക് വന്നത്.. ******* ഗാഡമായ നിദ്രയിൽ നന്ദൂട്ടന്റെ കരച്ചിൽ കേട്ടാണ് അവർ മൂവരും ഞെട്ടിയുണർന്നത്... ജിഷ വേഗം കുഞ്ഞിനെ വാരിയെടുത്ത് മാറോടണച്ചെങ്കിലും അവൻ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല... വൈഗ കുഞ്ഞിനേയും കൊണ്ട് ഹാളിലേക്ക് വന്നു.. താരാട്ട് പാടി തോളിലിട്ടു തട്ടി.. എന്നിട്ടും കുഞ്ഞ് കരച്ചിലടക്കിയില്ല... സാധാരണ താരാട്ട് കേട്ട് മിണ്ടാതെ കിടക്കുന്നവൻ ഇന്ന് വാവിട്ട് കരയുന്നതിൽ അവരും വേവലാതിപ്പെട്ടു.. "കുഞ്ഞിനെ പൊള്ളുന്നുണ്ടല്ലോ... " അഞ്ജു കുഞ്ഞിന്റെ നെറ്റിയിലും പുറത്തുമെല്ലാം തൊട്ടു നോക്കി പറഞ്ഞു..

നന്ദൂട്ടന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് രേവതിയും ജയന്തിയും ഉറക്കച്ചടവോടെ എണീറ്റ് വന്നു.. "എന്തിനാ മോൻ കരയുന്നേ... " ആവലാതിയോടെ ചോദിച്ച് രേവതി വൈഗയുടെ തോളിൽ നിന്ന് മോനെയെടുത്തു.. "എന്റീശ്വരാ.. കുഞ്ഞിന് നല്ല പനിയുണ്ടല്ലോ..... " രേവതി പറഞ്ഞതും ജയന്തിയും മോനെ തൊട്ടു നോക്കി... "ശെരിയാ..ഇനിയിപ്പോ എന്താ ചെയ്യാ.. മരുന്ന് വല്ലതും ഇരിപ്പുണ്ടോ ജിഷേ...?" ജയന്തി ആവലാതി പൂണ്ടു... ജിഷ അപ്പോഴേക്കും മിഴി നിറച്ചു തുടങ്ങിയിരുന്നു.. "ഇല്ല... ഇനിയെന്താ ചെയ്യാ... " ജിഷ കരഞ്ഞു കൊണ്ട് കുഞ്ഞിനെ വാങ്ങി പാല് കൊടുക്കാൻ ശ്രമിച്ചു...അവനത് രുചിച്ചു പോലും നോക്കാതെ തട്ടിമാറ്റി ഞെരിപിരി കൊണ്ടു.. "വൈഗേ നീ പോയി ജീവയെ വിളിച്ചിട്ട് വന്നേ.. മോനെ ഹോസ്പിറ്റലിൽ കൊണ്ടുപോവാം... " ജയന്തി വെപ്രാളപ്പെട്ടു... "അതിന് ജീവേട്ടൻ ഇതുവരെ തിരികെ വന്നിട്ടില്ല..." അവൾ പകപ്പോടെ പറഞ്ഞു.. "വന്നില്ലേ.." ചോദിക്കുന്നതിനൊപ്പം ജയന്തി വാച്ചിലേക്ക് നോക്കി നേരം പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരുന്നു.. അപ്പോഴാണ് ആനന്തും അശോകും വന്നിട്ടില്ലല്ലോ എന്ന കാര്യവും അവരോർത്തത്...

"വിളിച്ചു നോക്കിയില്ലേ... " രേവതി ചോദിച്ചതിന് ഫോൺ ഇവിടെ വെച്ചിട്ടാണ് പോയിരിക്കുന്നതെന്നവൾ പറഞ്ഞു... "അഞ്ജു നീ അച്ഛനെയൊന്ന് വിളിച്ചേ...അങ്ങേരുടെ കയ്യിൽ ഫോൺ കാണും.." നന്ദൂട്ടന്റെ കരച്ചിലിന്റെ ആക്കം കൂടിയപ്പോൾ രേവതി പറഞ്ഞു.. അഞ്ജു അശോകിനെ വിളിച്ചെങ്കിലും ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നായിരുന്നു പറഞ്ഞത്... "ഇനിയിപ്പോ അവരെ കാത്തിട്ട് കാര്യമില്ല.. കുഞ്ഞിനേയും കൊണ്ട് എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം... പനി കൂടിയാൽ ഫിക്സ് വരാൻ സാധ്യതയുണ്ട്.. ഞാൻ വരുണേട്ടനെ വിളിച്ചിട്ട് വരാൻ പറയാം.. " അഞ്ജു വരുണിനെ വിളിച്ച് പെട്ടന്നിവിടേക്ക് വരാൻ പറഞ്ഞു... "മോന്റെ ഹോസ്പിറ്റൽ ബുക്കെടുത്തോ.. " അഞ്ജു പറഞ്ഞു... വൈഗ മുറിയിൽ പോയി ഹോസ്പിറ്റൽ ബുക്കും കുഞ്ഞിനെ പൊതിയാനുള്ള ടർക്കിയുമായി വന്നു... അപ്പോഴേക്കും വരുണും കാറുമായി വന്നിരുന്നു..

അഞ്ജുവും ജിഷയും വൈഗയും കൂടിയാണ് കുഞ്ഞിനേയും കൊണ്ട് വരുണിനൊപ്പം പോയത്... അവർ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി... രാത്രിയായത് കൊണ്ട് ഡ്യൂട്ടി ഡോക്ടർമാരെ ഉണ്ടാവൂ... അവർ നേരെ ക്യാഷ്വാലിറ്റിയിലേക്ക് ചെന്ന് കുഞ്ഞിനെ കാണിച്ചു.. "പേടിക്കാനൊന്നുമില്ല...ചെറിയൊരു വൈറൽ ഫീവറാണ്.. ഇപ്പോഴത്തെ കാലാവസ്ഥയുടേതാണ്.. ഇന്ന് കുഞ്ഞിനെ ഇവിടെ കിടത്താം..ആളാകെ ടയേർഡാണ്.. നാളെ രാവിലെ ഒപി ഡോക്ടറെ കാണിച്ച് കഴിഞ്ഞ് തിരിച്ചു പോവാം..." ഡോക്ടറുടെ നിർദ്ദേശപ്രകാരം നന്ദുവിനെ അന്നവിടെ അഡ്മിറ്റ് ചെയ്തു... "ഈ മരുന്ന് വാങ്ങി വരണം..." നഴ്സ് മരുന്നെഴുതിയ ചീട്ട് വരുണിന്റെ കയ്യിൽ കൊടുത്തു... വൈഗയേയും ജിഷയേയും കുഞ്ഞിനൊപ്പംനിർത്തി അവൻ അഞ്ജുവിനേയും കൂട്ടി ഫാർമസിയിലേക്ക് നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story