വൈഗ: ഭാഗം 71

vaika shamseena

രചന: ശംസീന

അഞ്ജുവും വരുണും ഫാർമസിക്കടുത്ത് എത്തിയപ്പോഴാണ് അവിടെ നിന്നും പോവുന്ന ജീവയെ കണ്ടത്.. കയ്യിൽ മരുന്നുകളെന്ന് തോന്നിക്കുന്ന കവറുകളുമുണ്ട്.. "ജീവേട്ടനല്ലേ അത്.. ഏട്ടനെന്താ ഇവിടെ..?" അഞ്ജുവിന്റെ നെറ്റിച്ചുളിഞ്ഞു.. "നീ വാ നമുക്ക് നോക്കാം.. " അവർ മരുന്ന് വാങ്ങിക്കാതെ ജീവക്ക് പിന്നാലെ ചെന്നു.. മരുന്നുമായി വന്ന ജീവ അതെല്ലാം icu വിന് അകത്തുള്ള നഴ്സിനെ ഏൽപ്പിച്ച് തിരിഞ്ഞപ്പോഴാണ് അഞ്ജുവിനേയും വരുണിനേയും കാണുന്നത്..ഇവരെന്താ ഇവിടെയെന്നുള്ള സംശയത്തിൽ അവന്റെ നെറ്റി ചുളിഞ്ഞു.. അപ്പോഴേക്കും വരുണും അഞ്ജുവും അവിടെയിരിക്കുന്ന മറ്റുള്ളവരേയും കണ്ടിരുന്നു.. "അച്ഛാ.. " അവളോടി അശോകിന്റെ അടുത്തേക്ക് വന്നു.. "നിങ്ങളെന്താ ഇവിടെ.. " അവരെ കണ്ടതും അശോക് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ചോദിച്ചു .. "ഞങ്ങൾ നന്ദൂട്ടനേയും കൊണ്ട് വന്നതാ.. മോന് നല്ല പനി.. ഇവിടെ അഡ്മിറ്റാ.. നിങ്ങളെന്താ ഇവിടെ.. എത്ര തവണ വിളിച്ചെന്നോ കാണാഞ്ഞപ്പോൾ.." അഞ്ജു അവരെയെല്ലാം നോക്കി...

അവരാരും ഒന്നും തന്നെ മിണ്ടിയില്ല..ഒരു മൂലയിൽ തോരാത്ത കണ്ണുമായി ഇരുന്ന് വിതുമ്പുന്ന മാലതിയെ കണ്ടവൾ അടുത്തേക്ക് ചെന്നു.. "ആന്റി എന്തു പറ്റി.. എന്തിനാ കരയുന്നേ..." അഞ്ജു അവരെ പിടിച്ചുലച്ചു.. അവരുടെ കരച്ചിലിന്റെ ആക്കം കൂടി.. നെഞ്ച് പൊട്ടിയവർ നിലവിളിച്ചു.. അഞ്ജു പകപ്പോടെ അതെല്ലാം നോക്കികണ്ടു... അവൾക്കൊന്നും തന്നെ മനസ്സിലായില്ല.. "ആരെങ്കിലും എന്തെങ്കിലുമൊന്ന് പറ.. " ക്ഷമ നശിച്ചവൾ ശബ്‍ദമുയർത്തി.. "നീ വന്നേ അഞ്ജു,, ഞാനെല്ലാം പറയാം.. " രംഗം വഷളാക്കേണ്ട എന്ന് കരുതി ജീവ വരുണിനേയും അഞ്ജുവിനേയും കൂട്ടി കുറച്ചപ്പുറത്തേക്ക് മാറി നിന്നു.. ജീവയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ അവർ ഞെട്ടലോടെയാണ് കേട്ടത്... അവനോട് അവർക്കുണ്ടായിരുന്ന വെറുപ്പെല്ലാം ഒരുവേള സഹതാപത്തിലേക്ക് വഴിമാറി.. "ജിഷയോട് പറയേണ്ടേ... "

അഞ്ജു ചോദിച്ചു... ജീവയിൽ നിന്നൊരു നീടുവീർപ്പുയർന്നു.. "പറയണം ഇപ്പോഴല്ല,,, ആദ്യം അവനൊന്ന് ബോധം തെളിയട്ടെ... മോനെങ്ങനെയുണ്ട്.." ജീവ വേവലാതിപ്പെട്ടു.. "ഇവിടേക്ക് കൊണ്ടു വരും വരെ ചുട്ടു പൊള്ളുവായിരുന്നു.. ഇപ്പൊ കുറവുണ്ട്..." Icu വിനടുത്തേക്ക് മിഴികൾ പായിച്ച് അഞ്ജു പറഞ്ഞു.. "മ്മ് എന്നാ നിങ്ങൾ മോന്റെ അടുത്തേക്ക് പൊക്കോ.. ഇല്ലേൽ അവർക്ക് സംശയം തോന്നും... " ജീവ അവരോട് പറഞ്ഞു... "അല്ല ജീവ അമ്മയോടും വല്യമ്മയോടും പറയേണ്ടേ...അവരും നിങ്ങളെ കാണാതെ ആകെ ടെൻഷനിലാണ്..." പറഞ്ഞു കഴിഞ്ഞ് വരുൺ ജീവയെ നോക്കി.. "വരുണിന് പറ്റുമെങ്കിൽ അവരോട് കാര്യങ്ങൾ പറഞ്ഞ് ഇങ്ങോട്ട് കൂട്ടികൊണ്ട് വരൂ.. അമ്മായിക്കൊരു ആശ്വാസമാവും... " ഒട്ടൊരു ആലോചനക്ക് ശേഷം ജീവ പറഞ്ഞു... അതനുസരിച്ച് നന്ദുവിന്റെ മരുന്ന് വാങ്ങി അഞ്ജുവിനെ ഏൽപ്പിച്ച് വരുൺ വീട്ടിലേക്ക് പുറപ്പെട്ടു.. ****** "വരുണേട്ടനെവിടെ..?" തനിച്ചു വരുന്ന അഞ്ജുവിനെ നോക്കി വൈഗ ചോദിച്ചു.. "അത് പിന്നെ വരുണേട്ടൻ.. വരുണേട്ടൻ വീട്ടിൽ പോയി...

കുറച്ചു കഴിയുമ്പോഴേക്കും വരും... " മുഖത്തെ പതർച്ച മറച്ചു വെച്ചവൾ പറഞ്ഞു... വൈഗ അവളെ കൂർപ്പിച്ചു നോക്കിയതും മരുന്ന് ജിഷയുടെ കയ്യിലേക്ക് കൊടുത്തവൾ പുറത്തേക്കിറങ്ങി... അവൾക്ക് പിന്നാലെ വൈഗയും ചെന്നു.. "അഞ്ജു..വരുണേട്ടനെവിടെ... നീയെന്താ ഞങ്ങളിൽ നിന്നൊളിക്കുന്നത്..." തിരിഞ്ഞു നിൽക്കുന്ന അഞ്ജുവിനെ തനിക്കു നേരെ ബലമായി തിരിച്ചു നിർത്തി വൈഗ ചോദിച്ചു.. അഞ്ജുവിന്റെ നിറ മിഴികൾ അവളിൽ പലവിധ സംശയങ്ങൾക്കും ഇടവരുത്തി... "ഏയ്‌ ഒന്നുല്ല.. നീയങ്ങോട്ട് ചെല്ലാൻ നോക്ക് അവിടെ അവളൊറ്റക്കല്ലേ... വരുണേട്ടൻ വന്നിട്ട് ഞാനങ്ങോട്ട് വരാം... " അഞ്ജു അവളെ അകത്തേക്ക് പറഞ്ഞു വിടാൻ നോക്കിയെങ്കിലും വൈഗ അവിടെ തന്നെ നിന്നു... നെഞ്ചിൽ കൈ പിണച്ചു കെട്ടി അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി.. "നീയെന്റെ മുഖത്ത് നോക്കി പറ.. വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന്... " ഗൗരവത്തോടെയുള്ള വൈഗയുടെ നോട്ടത്തിന് മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... ശ്വാസം വലിച്ചു വിട്ടവൾ പറഞ്ഞു തുടങ്ങി.. ******

"ഏട്ടത്തി... " വരുണിന്റെ കൂടെ വന്ന ജയന്തി നിലവിളിയോടെ മാലതിയുടെ അടുത്തേക്ക് ചെന്നു.. "നാത്തൂനേ,, എന്റെ കുഞ്ഞ്... " വിതുമ്പലടക്കി മാലതി ജയന്തിയുടെ നെഞ്ചിലേക്ക് വീണു... അവരുടെ മിഴിയിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ജയന്തിയുടെ വസ്ത്രമാകെ പടർന്നു...രേവതിയും മാലതിയുടെ മറുപുറം വന്നിരുന്ന് ആശ്വസിപ്പിച്ചു... പക്ഷേ അതിലൊന്നും മാലതി ആശ്വാസം കൊണ്ടില്ല... തന്റെ മകന്റെ ജീവനെങ്കിലും തിരിച്ചു കിട്ടണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു അവരുടെയുള്ളിലപ്പോൾ... ജയന്തിയുടെ മിഴികൾ മാധവനിലേക്ക് നീണ്ടു... അയാളുടെ മുഖവും കരഞ്ഞു വിങ്ങിയിരുന്നു... ഉള്ളിലെ നോവ് സഹിക്കാൻ കഴിയാത്തത് കൊണ്ടാവണം അയാളുടെ കൈകൾ ഇടയ്ക്കിടെ നെഞ്ചിൽ തടവുന്നുണ്ടായിരുന്നു... കുറച്ച് കഴിഞ്ഞതും icu വിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു...

അദ്ദേഹത്തിന്റെ മുഖത്തെ നിസ്സംഗതാ ഭാവം അവരുടെയെല്ലാം ഹൃദയമിടിപ്പ് കൂട്ടി... അവരെല്ലാം ഡോക്ടറുടെ അടുത്തേക്ക് ചെന്നു... കയ്യിലുള്ള ഗ്ലൗസ് വലിച്ചൂരി അദ്ദേഹം തനിക്ക് ചുറ്റും നിൽക്കുന്നവരെ നോക്കി.. "ഡോക്ടർ കിഷോർ... " അദ്ദേഹത്തിന്റെ മൗനത്തെ മുറിച്ച് ജീവ നേർത്ത സ്വരത്തിൽ ചോദിച്ചു... "ഒന്നും പറയാറായിട്ടില്ല...ഈശ്വരനോട്‌ പ്രാർത്ഥിക്കാം അത്രമാത്രമേ ഇപ്പോൾ പറയാൻ പറ്റുള്ളൂ... കാണേണ്ടവർക്ക് കയറിക്കാണാം..." ഏറെ നേരത്തെ മൗനത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു... ശേഷമൊരു ദീർഘ നിശ്വാസം അയച്ചു വിട്ട് ജീവയുടെ തോളിൽ തട്ടി അവിടെ നിന്ന് നടന്നു നീങ്ങി.. "അയ്യോ എന്റെ മോൻ... " എല്ലാം കേട്ട് നിന്ന മാലതി നെഞ്ചത്തടിച്ച് നിലവിളിച്ചു കൊണ്ടിരുന്നു... "ഏട്ടത്തി ഇങ്ങനെ കരയാതെ.. നമുക്കവനെയൊന്ന് കയറിക്കാണാം... " "ആ.. കാണാം.. " ജയന്തി പറയവേ മാലതി ആവേശത്തോടെ പറഞ്ഞു... ആ നിമിഷം അവരുടെ സമനില പോലും തെറ്റിപ്പോയിരുന്നു.. ജയന്തി മാലതിയേയും മാധവനേയും കൂട്ടി icu വിനടുത്തേക്ക് നടന്നു.. "രണ്ട് പേര് വെച്ച് കയറിയാൽ മതി... "

അവിടെ നിന്നിരുന്ന നഴ്സ് പറഞ്ഞു.. "ഏട്ടൻ ഏട്ടത്തിയേയും കൂട്ടി പോയി വരൂ... " മാധവൻ മാലതിയേയും കൂട്ടി കിഷോറിനടുത്തേക്ക് ചെന്നു... തലയിൽ വലിയൊരു കെട്ടും മുഖത്തും ശരീരത്തുമെല്ലാം മുറിവുകളുമായി യന്ത്രങ്ങൾക്കിടയിൽ കണ്ണടച്ചു കിടക്കുന്ന കിഷോറിനെ കണ്ടവരുടെ നെഞ്ചകം വിങ്ങി...ആ മാതാപിതാക്കളുടെ മിഴികൾ നിറഞ്ഞൊഴുകി.... അവനെ അങ്ങനൊരവസ്ഥയിൽ കൂടുതൽ നേരം കണ്ട് നിൽക്കാൻ കഴിയാതെ സാരിത്തുമ്പാൽ വാ മൂടി പൊട്ടിക്കരഞ്ഞവർ പുറത്തേക്കോടി...കുറച്ചു സമയം കൂടെ അവനെ നോക്കി നിന്ന ശേഷം മാധവനും പുറത്തേക്കിറങ്ങി... പുറത്തേക്ക് വന്നപ്പോൾ അവിടെ ശീതൾ വന്നിട്ടുണ്ടായിരുന്നു.. കൂടെയൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു..ആനന്ദിനെ വിളിച്ച കൂട്ടത്തിൽ മാധവൻ ശീതളിനേയും വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു... "അച്ഛാ... " വികാര നിർഭരായായവൾ മാധവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... ചുണ്ടുകൾ കൂട്ടിപ്പിടിച്ച് കരച്ചിലടക്കി തെറ്റ് കുറ്റങ്ങളെല്ലാം മറന്ന് അയാൾ തന്റെ മകളെ നെഞ്ചിലേക്ക് അടക്കിപ്പിടിച്ചു....

ശീതളും ആ നിമിഷം തന്റെ സഹോദരനെ കുറിച്ചോർത്ത് വിതുമ്പുകയായിരുന്നു.. വിവാഹം കഴിഞ്ഞതോടെ അവളുടെ സംസാരത്തിലും വേഷവിധാനത്തിലുമെല്ലാം പ്രകടമായ മാറ്റങ്ങൾ വന്നിരുന്നു.... "നികേഷ്... എന്റെ ഭർത്താവാണ്... " അയാളുടെ മിഴികൾ ആ ചെറുപ്പക്കാരനിലേക്ക്‌ നീണ്ടതും ശീതൾ പരിചയപ്പെടുത്തി... ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് തന്നെ ആളൊരു പാവമാണെന്ന് മനസ്സിലാവും.... ആറ് മാസം മുമ്പാണ് ശീതളിന്റെയും നികേഷിന്റെയും വിവാഹം കഴിഞ്ഞത്... ഇരുവരും ബാംഗ്ലൂരിൽ സെറ്റിൽഡ് ആയത് കൊണ്ട് അവിടെ വെച്ചായിരുന്നു വിവാഹം...എല്ലാം തന്നിഷ്ട പ്രകാരം ചെയ്യുന്ന ശീതൾ ഈ വിവരവും വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല.... വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ശീതളിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു..

രാത്രിയിലെ വൈകിയുള്ള വരവും നൈറ്റ്‌ ക്ലബ്ബുകളിലേക്കും മറ്റുമുള്ള പോക്കും നികേഷിനൊട്ടും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു... ആദ്യമൊക്കെ അവൻ ശാസനയോടെയും ദേഷ്യത്തോടെയും ഇടപെട്ടെങ്കിലും അതെല്ലാം ശീതളിൽ വാശിയായി മാറി... ഒടുവിൽ അവൻ തന്റെ സ്നേഹവും പ്രണയവും പകുത്തു നൽകി അവളെ നല്ലൊരു മനുഷ്യ സ്ത്രീയാക്കി മാറ്റി.. ഇപ്പോൾ ജോലിയുടെ കൂടെ അവൾ തന്റെ കുടുംബ ജീവിതവും നന്നായി തന്നെ മുന്നോട്ട് കൊണ്ടു പോവുന്നുണ്ട്.. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം മാറ്റിവെച്ച് നികേഷ് മാധവന്റെ അടുത്തേക്ക് വന്നു കൈകൾ കവർന്നു.... പറയാനൊന്നുമില്ലെങ്കിൽ കൂടി ഒരു തലോടലിലൂടെ നികേഷ് അയാളെ ആശ്വസിപ്പിച്ചു.. ശീതളും നീകേഷുമടക്കം എല്ലാവരും കിഷോറിനെ കയറി കണ്ട് കഴിഞ്ഞതും ജീവയും അവനെ കാണാനായി കയറി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story