വൈഗ: ഭാഗം 72 || അവസാനിച്ചു

രചന: ശംസീന

"എടി കിഷോറേട്ടനൊരു ആക്‌സിഡന്റ്... ഇവിടെ അഡ്മിറ്റ് ചെയ്തേക്കുവാ... അച്ഛനും വല്യച്ഛനും ജീവേട്ടനുമെല്ലാം നമ്മളോട് പറയാതെ ഇങ്ങോട്ട് വന്നേക്കുവായിരുന്നു...ഞാനും വരുണേട്ടനും ജീവേട്ടനെ കണ്ടത് കൊണ്ട് മാത്രമാ വിവരം അറിഞ്ഞത് അല്ലേൽ ഇപ്പോഴും നമ്മളൊന്നും അറിയില്ലായിരുന്നു.." ജിഷ കേൾക്കാതിരിക്കാൻ അവൾ ശബ്ദം താഴ്ത്തി പറഞ്ഞു... "അയ്യോ എന്നിട്ട്... " കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ട പോലെഅവളുടെ കണ്ണുകൾ തുറിച്ചു വന്നു.. തളർച്ചയോടെ നെഞ്ചിൽ കൈ വെച്ചവൾ അവിടെയിട്ടിരുന്ന കസേരയിലേക്കിരുന്നു..... "ഒന്നും പറയാറായിട്ടില്ലെന്നാ പറഞ്ഞത്.. തലക്കാണ് പരിക്ക്.. " അഞ്ജു നിരാശ തളം കെട്ടിയ മുഖത്തോടെ വൈഗയെ നോക്കി.. "ജിഷ.. അവളോട് പറയേണ്ടേ.. കുറച്ച്.. മുന്നേ കൂടി.. ചോദിച്ചതേയുള്ളൂ.. കിഷോറേട്ടൻ വിളിക്കുകയോ മറ്റോ ചെയ്തെന്ന്... " അവൾ വാക്കുകൾക്കായ് പരതി.. "പറയാം ഇപ്പോഴല്ല.. കിഷോറേട്ടന് ബോധമൊന്ന് വന്നോട്ടെ.. ഇപ്പോഴത്തെ അവസ്ഥയിൽ ജിഷയേയും കൂട്ടി അവിടേക്ക് ചെന്നാൽ അവളായിരിക്കും ആദ്യം തളർന്നു വീഴാൻ പോവുന്നത്... "

അഞ്ജു അവളുടെ അരികിലേക്കിരുന്ന് ആശ്വസിപ്പിച്ചു.. ഇതെല്ലാം ഒരു ചുവരിനപ്പുറം കേട്ട് കൊണ്ട് നിന്നിരുന്ന ജിഷയുടെ ഹൃദയം പിടഞ്ഞു.. വാ മൂടി വിതുമ്പലടക്കിയവൾ ചുമരിലൂടെ ഊർന്ന് നിലത്തേക്കിരുന്നു... പൊട്ടി കരയണമെന്നുണ്ട് പക്ഷേ തൊണ്ടക്കുഴിയിൽ വല്ലാത്തൊരു ഭാരം വന്നു കനക്കുന്നു.. ശ്വാസം പോലും വിലങ്ങിപ്പോവുന്നു.... പെട്ടന്നെന്തോ ഓർത്തെന്ന പോലെ അവൾ അവിടുന്നെഴുന്നേറ്റ് നന്ദൂട്ടന്റെ അടുത്തേക്കോടി... "ജിഷേ.. നീയെങ്ങോട്ടാ കുഞ്ഞിനേയും കൊണ്ട്... " സമനില തെറ്റിയവളെ പോലെ കുഞ്ഞിനെ വാരിയെടുക്കുന്ന ജിഷയെ തടഞ്ഞ് വൈഗയും അഞ്ജുവും ചോദിച്ചു.. "മാറി നിൽക്ക് വൈഗേ.. എനിക്ക്.. എനിക്കെന്റെ കിഷോറേട്ടനെ കാണണം.. നന്ദൂട്ടന് അവന്റെ അച്ഛനെ കാണിച്ചു കൊടുക്കണം... " അവൾ കുഞ്ഞിനേയുമെടുത്ത് അവരെ തള്ളി മാറ്റി പുറത്തേക്കോടി...അവർ പിന്നാലെ ചെന്നപ്പോഴേക്കുമവൾ icu വിന്റെ ഭാഗത്തേക്ക് നീങ്ങിയിരുന്നു.. ***** യന്ത്രങ്ങളുടെ സഹായത്തോടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന കിഷോറിനെ നോക്കി ജീവ ഏറെ നേരം നിറ മിഴികളോടെ നിന്നു..

പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം ഒരു നിമിഷം അതിര് കടന്നോ എന്നവൻ ചിന്തിച്ചു... ജീവ അവനരികിലുള്ള സ്റ്റൂളിന് മുകളിലേക്കിരുന്നു... ബെഡിലിരിക്കുന്ന അവന്റെ കൈ തലം തന്റെ നെറ്റിയിൽ വെച്ച് മിഴിനീർ വാർത്തു... കുഞ്ഞു നാളിൽ ഒരുമിച്ച് കളിച്ചു നടന്നതും വൈഗയുടെ പേരിൽ തമ്മിൽ വഴക്ക് കൂടിയതുമെല്ലാം ഒരു തിരശ്ശീല കണക്കെ അവന്റെ മുന്നിൽ തെളിഞ്ഞു വന്നു... "ജീവാ... " കണ്ണുകൾ പാതി തുറന്ന് അവശതയോടെ കിഷോർ വിളിച്ചു... ജീവ പൊടുന്നനെ തലയുയർത്തി നോക്കി.. "ഇനിയെങ്കിലും എനിക്ക് മാപ്പ് തന്നൂടെ ജീവാ.. അവസാനമായി ഒരിക്കലെങ്കിലും എന്റെ മോനെ എനിക്കൊന്ന് കാ.... " ബാക്കി പറയാൻ കഴിയാതെ അവൻ ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞു... യന്ത്രങ്ങളിൽ നിന്നുമുള്ള ബീപ്പ് ശബ്‍ദങ്ങൾ ഉച്ചത്തിലായി... ജീവ ഇരുന്നിടത്ത് ninnum പകപ്പോടെ എഴുന്നേറ്റ് മാറി.. "കിഷോറേ...എടാ...ഒന്നുമില്ലെടാ..." വേദന കലർന്ന സ്വരത്തിൽ അതിലേറെ വെപ്രാളത്തോടെ ജീവ അവനെ വിളിച്ചു.. ഒച്ച കേട്ട് അവിടെയുണ്ടായിരുന്ന നഴ്സ് ഓടി വന്നു..

"പേഷ്യന്റിന് സ്‌ട്രെസ് കൊടുക്കരുതെന്ന് പറഞ്ഞതല്ലേ.... ഒന്ന് പുറത്തേക്ക് നിന്നേ... " നഴ്സ് ജീവയുടെ നേരെ ശബ്‍ദമുയർത്തി... അവൻ പുറത്തേക്കിറങ്ങിയതും നഴ്സ് ഡോക്ടറെ വിളിച്ചു വരുത്തി.... ജീവക്ക് തൊട്ടു പിന്നാലെ ഡോക്ടർ പരിഭ്രാന്തിയോടെ icu വിനകത്തേക്ക് ഓടുന്നത് കണ്ടതും അവരുടെയെല്ലാം ഉള്ളിൽ ഭീതി നിറഞ്ഞു... ഹൃദയമിടിപ്പ് ഉച്ചത്തിലായി.. "ഏട്ടാ.." നന്ദൂട്ടനേയും കൊണ്ട് അലറി കരഞ്ഞ് ഓടി വരുന്ന ജിഷയെ അവൻ ചേർത്ത് പിടിച്ചു.. "ന്റെ.. ന്റെ കിഷോറേട്ടൻ.. എനിക്ക് കാണണം ഏട്ടാ... " കുഞ്ഞിനെ മുറുകെ പിടിച്ചവൾ അവനോട് കെഞ്ചി... കണ്ടു നിന്നവരുടെ നെഞ്ച് പിടഞ്ഞു... ആ പിഞ്ചു കുഞ്ഞിന്റെ മുഖത്തേക്ക് നോക്കെ അവരുടെയുള്ളിൽ മരണ വേദനക്ക് തുല്യമായ വേദന അനുഭവപ്പെട്ടു... "കാണാം.. ഡോക്ടർ അവനെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ് അത് കഴിഞ്ഞ് കാണാം... " ജീവ അവളെ ആശ്വസിപ്പിച്ചു... പിറകെ വന്ന വൈഗയോട് കണ്ണുകൾ കൊണ്ട് ജിഷയെ ശ്രദ്ധിച്ചോളാൻ പറഞ്ഞവൻ ചില്ല് വാതിലിലൂടെ icu വിനകത്തേക്ക് നോക്കി നിന്നു...

"ആരാണീ ജീവ... " പൊടുന്നനെ മുന്നിലുള്ള വാതിൽ തുറന്ന് നഴ്സ് അവരെയെല്ലാം നോക്കി ചോദിച്ചു... "പേഷ്യന്റിന് കാണണമെന്ന് പറഞ്ഞു... വരൂ..... " അവരകത്തേക്ക് പോയതും ജീവ ജിഷയുടെ അടുത്തേക്ക് ചെന്ന് നന്ദുവിനെ അവളുടെ കയ്യിൽ നിന്ന് വാങ്ങി.. "വാ... " ജിഷയേയും ചേർത്ത് പിടിച്ചവൻ വേഗത്തിൽ icu വിനുള്ളിലേക്ക് കയറി.... മുന്നിലുള്ള വാതിലടഞ്ഞതും എല്ലാവരും അവർ തിരിച്ചു വരുന്നതും നോക്കി അക്ഷമയോടെ കാത്ത് നിന്നു.. ******* കണ്ണുകൾ പാതി തുറന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി കിടക്കുന്ന കിഷോറിന്റെ അടുത്തേക്കവൾ ഓടിച്ചെന്നു.. "കിഷോറേട്ടാ... " നെഞ്ച് പൊട്ടിയവൾ അലറി വിളിച്ചു...മൗനമായി നിറ മിഴികളോട് കിഷോർ അവളെ തന്നെ നോക്കി കിടന്നു.. "ദേ നമ്മുടെ മോൻ... നോക്ക് കിഷോറേട്ടാ... " അരികിൽ നിൽക്കുന്ന ജീവയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിയവൾ അവനു നേരെ ഉയർത്തി പിടിച്ചു....അത്രമേൽ വേദനയിലും കിഷോറിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... "ജിഷേ.. നിനക്കെന്നോട്...ഇപ്പോഴും വെറുപ്പാണോ... "

വാക്കുകൾ പെറുക്കി പെറുക്കി കിഷോർ ചോദിക്കേ ജിഷ അവന്റെ കൈ കവർന്നു അതിൽ മുത്തമിട്ടു... ജീവ അവർക്ക് സംസാരിക്കാനുള്ള അവസരം നൽകി ഒരരികിലേക്ക് മാറി നിന്നു.. "എനിക്കെന്റെ കിഷോറേട്ടനെ വെറുക്കാൻ കഴിയില്ല.. ഈ ജന്മമെന്നല്ല ഒരു ജന്മവും...കുറച്ച് ദിവസത്തേക്കെങ്കിലും അകന്നു നിന്നെങ്കിൽ അത് നമുക്ക് വേണ്ടി തന്നെയാ... നിങ്ങൾ നല്ലൊരു മനുഷ്യനായി കാണാൻ വേണ്ടിയാ... പക്ഷേ അതിന്റെ അവസാനം ദൈവം ഇങ്ങനൊരു വിധി നമുക്ക് തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... എന്നോട് ക്ഷമിക്ക് കിഷോറേട്ടാ..." അവൾ വിതുമ്പലടക്കി തുരുതുരെ അവന്റെ കൈകളിൽ മുത്തമിട്ടു... എല്ലാം കേട്ട് കിടന്ന കിഷോറിന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി... ശ്വാസഗതി വർധിച്ചു... ആത്മ നിർവൃതിയോടെ അവൻ മിഴികൾ പൂട്ടി.. അപ്പോഴും മിഴിക്കോണിലൂടെ കണ്ണുനീർ നീരുറവ പോലെ ചാലിട്ടൊഴുകിയിരുന്നു... "കിഷോറേട്ടാ... " ജിഷ അവനെ പിടിച്ചുലച്ചു.. "എന്താ ഈ ചെയ്യുന്നേ.. മാറി നിൽക്കൂ..." നഴ്സ് അവളെ അവനിൽ നിന്നും അടർത്തി മാറ്റാൻ നോക്കി..

. "ഈ കുട്ടിയെ പിടിച്ചു മാറ്റൂ... " അതിന് കഴിയുന്നില്ലെന്ന് കണ്ട് ഈർഷ്യയോടെ ജീവയെ നോക്കി പറഞ്ഞതും അവൻ നിശ്ചലനായി കിടക്കുന്ന കിഷോറിനെ നോക്കി നെഞ്ച് തകർന്നു നിൽക്കുന്ന തന്റെ കൂടപ്പിറപ്പിനേയും ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി.. സെക്കന്റുകൾ മിനിറ്റുകളായി മിനിട്ടുകൾ മണിക്കൂറുകളായി... കിഷോറിന്റെ തിരിച്ചു വരവിന് അവരെല്ലാം ഒരേ മനസ്സോടെ പ്രാർത്ഥനയിൽ മുഴുകി കാത്തിരുന്നു.. ****** വർഷങ്ങൾക്കിപ്പുറം... കണ്ണുകളിലേക്ക് സൂര്യ രശ്മി പതിച്ചതും പുളിച്ച കണ്ണുകൾ വൈഗ ചിമ്മി തുറന്നു... ജീവയുടെ കര വലയത്തിനുള്ളിൽ നിന്നും അടർന്നു മാറി താഴെ ചിതറി കിടക്കുന്ന വസ്ത്രങ്ങളെടുത്ത് ബാത്റൂമിലേക്ക് കയറി.. വെള്ളം ദേഹത്തേക്ക് പതിച്ചപ്പോൾ ആശ്വാസവും അത് പോലെ എവിടെയൊക്കെയോ ചെറിയ നീറ്റലുകളും അനുഭവപ്പെട്ടിരുന്നു...തലേ രാത്രിയിലെ കാര്യങ്ങൾ ഓർക്കേ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു... അതേ പുഞ്ചിരി ഒട്ടും മങ്ങാതെ തന്നെ കുളിച്ചിറങ്ങി... ഈറൻ മുടിയിൽ തോർത്ത് ചുറ്റി കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു..

ചുരിദാറിനും മാറിനുമിടയിൽ കുടുങ്ങിയ താലിയെടുത്ത് പുറത്തേക്കിട്ടു കുങ്കുമച്ചെപ്പിൽ നിന്നൊരു നുള്ള് സിന്ദൂരമെടുത്ത് നെറുകിൽ വരഞ്ഞു.. അവശേഷിച്ചത് നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന ആലിലത്താലിയിലും തൊട്ടു... കമിഴ്ന്നു കിടന്നുറങ്ങുന്ന ജീവയുടെ അടുത്തേക്ക് ചെന്ന് പിന്നാമ്പുറം നോക്കി നല്ലൊരു അടിവെച്ച് കൊടുത്തു... "ആഹ്.. " പിന്നാമ്പുറം തടവി കൊണ്ടവൻ ചാടി എഴുന്നേറ്റു... "എന്തുവാടി രാവിലെ തന്നെ.. ഉറങ്ങാനും സമ്മതിക്കില്ലേ.. " ജീവ അവളെ നോക്കി കെർവോടെ ചോദിച്ചു... "എന്നെ ഇന്നലെ രാത്രി ഇടിച്ചു പിഴിഞ്ഞ് പഞ്ചറാക്കിയിട്ട് നിങ്ങളിവിടെ സുഖമായി കിടന്നുറങ്ങുന്നോ... " അരക്ക് കയ്യൂന്നി വൈഗ അവനെ കണ്ണുരുട്ടി നോക്കി.. "അതായിരുന്നോ... " കുറുമ്പോടെ ചോദിച്ചവൻ അവളെ ഒറ്റ വലിക്ക് ബെഡിലേക്കിട്ടു.. "എവിടെയാ എന്റെ പെണ്ണിന് വേദനിക്കുന്നേ... " വശ്യമായ നോട്ടം അവളിലേക്ക് തൊടുത്തു വിട്ടവൻ ചുവന്നു തുടുത്ത കവിളുകളിലൂടെ വിരലോടിച്ചു... "നിക്കെവിടെയും നൊന്തില്ല... " നാണത്താൽ പൂത്തുലഞ്ഞ മുഖം അവനിൽ നിന്നും മറച്ചു പിടിച്ചവൾ ചുണ്ടുകൾ കൂർപ്പിച്ചു..

"എന്നിട്ട് നേരത്തേ അതല്ലല്ലോ പറഞ്ഞത്... " അവന്റെ വശ്യത തുളുമ്പിയ സ്വരം അവളെയാകെ കുളിരു കോരിച്ചു... അവന്റെ മിഴികൾ അവളുടെ മുഖമാകെ ഓടിനടന്ന് ഏറ്റവുമൊടുവിൽ അവ നേർത്ത ചുണ്ടുകളിൽ വന്നു നിന്നു... പതിയെ അവൻ അധരങ്ങൾ ലക്ഷ്യം വെച്ച് നീങ്ങി... "നാറിയിട്ട് വയ്യ.. രാവിലെ തന്നെ ഉമ്മിക്കാൻ വന്നേക്കുവാ..പോയി പല്ല് തേക്ക് മനുഷ്യാ... " അവളവനെ തള്ളിമാറ്റി കുസൃതിയോടെ പറഞ്ഞ് ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു.. "ലെച്ചൂമ്മേ.. " ജീവ അവളെ പിടിക്കാനായി ആഞ്ഞപ്പോഴാണ് നന്ദു അവിടേക്ക് വന്നത്... "ഓ വന്നോ... " ജീവ അവനെ നോക്കി കെർവിച്ച് തിരിഞ്ഞു കിടന്നു.. "ലെച്ചൂമ്മ വന്നേ... നമുക്ക് സ്കൂളിൽ പോവേണ്ടേ... " ജീവയെ കൂർപ്പിച്ചോന്ന് നോക്കി നന്ദു അവളുടെ കയ്യിൽ തൂങ്ങി കൊഞ്ചലോടെ പറഞ്ഞു.... ജീവയും നന്ദുവും നേരിൽ കണ്ടാൽ കീരിയും പാമ്പുമാണ്..ഇനിയിപ്പോ ഒരു നേരം കണ്ടില്ലെങ്കിലോ അടയും ചക്കരയും...അവന്റെ ലെച്ചുവമ്മയോട് ജീവ സംസാരിക്കുന്നത് പോലും അവനിഷ്ടമല്ല... ജീവയെ അവളുടെ അടുത്തെങ്ങാനും കണ്ടാൽ ചെക്കൻ അപ്പൊ തന്നെ ഓടിവന്ന് അവളോടൊട്ടും..

പിന്നെ രണ്ടും കൂടെ വൈഗക്ക് വേണ്ടി അടിയാവും...നന്ദു അവളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ നേരിയ കുശുമ്പ് ജീവക്കുണ്ട് താനും... എന്തൊക്കെയായാലും അവള് കഴിഞ്ഞേ നന്ദുവിന് മറ്റാരുമുള്ളൂ.. "ഇപ്പൊ വരാടാ ചക്കരെ... ലെച്ചൂമ്മ ഈ വേഷമൊക്കെ മാറട്ടെ.. അപ്പോഴേക്കും നന്ദൂട്ടനും പോയി റെഡിയായിട്ട് വാ.." അവനെ എടുത്തുയർത്തി കവിളിലൊരുമ്മ കൂടെ കൊടുത്തതും പെട്ടന്ന് റെഡിയായി വരാമെന്നും പറഞ്ഞ് നന്ദു താഴേക്കോടി... അന്നത്തെ അപകടത്തിന് ശേഷം കിഷോർ ഒരു വർഷത്തോളം ഒരേ കിടപ്പ് കിടന്നു.. എന്തിനും ഏതിനും മറ്റൊരാളുടെ സഹായം വേണമായിരുന്നു...അവനെ പരിചരിക്കുന്ന തിരക്കിൽ ജിഷക്ക് നന്ദുവിനെ കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. അതോടെ നന്ദുവിന്റെ എല്ലാ കാര്യങ്ങളും വൈഗ ഏറ്റെടുത്തു...ദിവസങ്ങളും മാസങ്ങളും കടന്നു പോകെ വൈഗ അവന് അവന്റെ മാത്രം ലെച്ചൂമ്മയായി മാറി.. ****** ജീവയെ എഴുന്നേൽപ്പിച്ച് ഉന്തി തള്ളി ഫ്രഷാവാൻ പറഞ്ഞു വിട്ടു..

അലമാര തുറന്ന് കയ്യിൽ തടഞ്ഞൊരു സാരി എടുത്തു ചുറ്റി അത്യാവശ്യം ഒരുങ്ങി വൈഗ താഴേക്ക് ചെന്നു.. അവിടെ ചെന്നപ്പോൾ വരുണും കിഷോറും അഞ്ജുവും ഇരുന്ന് ചായ കുടിക്കുന്നുണ്ട്.. ഒരു വശത്ത് ജിഷ നന്ദുവിനും വാരിക്കൊടുക്കുന്നുണ്ട്.. അവളുടെ ചെറുതായി വീർത്തുന്തിയ വയറിൽ തൊട്ട് അവൻ എന്തൊക്കെയോ കൊഞ്ചലോടെ പറയുന്നുണ്ടായിരുന്നു.....ജിഷക്കിത് അഞ്ചാം മാസമാണ്.. ആദ്യത്തെ മൂന്ന് മാസത്തെ അവശതയും ക്ഷീണവുമൊക്കെ മാറ്റി നിർത്തിയാൽ വേറെ കുഴപ്പങ്ങളൊന്നുമില്ല... അമ്മമാരുടെ സംസാരം അടുക്കളയിൽ നിന്ന് കേൾക്കുന്നുണ്ട്... അച്ചന്മാർ നേരം വെളുക്കുന്നതിന് മുന്നേ പാർട്ടിയെന്നും അമ്പല കമ്മിറ്റിയെന്നുമൊക്കെ പറഞ്ഞ് വീട്ടിൽ നിന്നിറങ്ങും..പിന്നെ കൂടണയുന്നത് സന്ധ്യാ നേരത്തായിരിക്കും.. ജീവ കൂടെ വന്നതും വൈഗയും അവരോടൊപ്പം ചായ കുടിക്കാനിരുന്നു... അപ്പോഴേക്കും അഞ്ജുവിന്റെ ഒരു വയസ്സുകാരി ചിന്നു മോൾ അമ്മമാരോടൊപ്പം അവിടേക്ക് വന്നിരുന്നു... നന്ദു കഴിപ്പ് പകുതിയിൽ നിർത്തി അവളേയും കൂട്ടി മുറ്റത്തേക്കോടി...

അമ്മമാരും അവർക്ക് പിന്നാലെ ചെന്നു.. ഇല്ലേൽ കുറച്ചു കഴിഞ്ഞാൽ രണ്ടും കൂടെ അടിയാവും.. "നീയും ഇരിക്കെടി.. " കഴിച്ചു കൊണ്ടിരിക്കുന്നതിടയിൽ ജീവ ജിഷയോട് പറഞ്ഞു... അവളും അവിടെയിരുന്ന് കഴിച്ചു തുടങ്ങി... വരുണും അഞ്ജുവും ജിഷയും കിഷോറുമെല്ലാം ഇപ്പോൾ ഇവിടെ തറവാട്ടിലാണ് താമസം.. അപകടത്തിന് ശേഷം ജിഷ കിഷോറിനോടൊപ്പം അവന്റെ വീട്ടിലേക്ക് പോയിരുന്നു...രണ്ട് വർഷത്തോളം അവരവിടെ താമസിച്ചു പിന്നീട് മാലതിയും മാധവനും ബാംഗ്ലൂരിലുള്ള ശീതളിന്റെ അടുത്തേക്ക് താമസം മാറ്റിയപ്പോൾ ആനന്ദ് അവരേയും കൊണ്ടിങ്ങോട്ട് പോന്നു..ഇടക്ക് മാലതിയും മാധവനും മക്കളേയും കൊച്ചു മക്കളേയുമൊക്കെ കാണാൻ വരാറുണ്ട് കൂടെ ശീതളും നികേഷും അവരുടെ രണ്ട് പൊന്നോമനകളും കാണും... ഒന്നര വർഷം മുന്നേയാണ് വരുണിന്റെ അമ്മ വാർദ്ധക്യ സഹചമായ രോഗങ്ങളാൽ മരണപ്പെടുന്നത് അന്ന് അഞ്ജു ചിന്നുവിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു... അവരും അവിടെ തനിച്ചായതിനാൽ ഇവിടേക്ക് താമസം മാറി..

ഇപ്പോൾ എല്ലാവരും കൂടെ ഇവിടെ സന്തോഷമായി കഴിയുകയാണ്.. മില്ലും ടൗണിലുള്ള ഫർണിച്ചർ ഷോപ്പും കിഷോറാണ് നോക്കി നടത്തുന്നത്.. ജീവയും വരുണും പുതിയൊരു ബിസിനെസ്സ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.... അഞ്ജു പിജി കഴിഞ്ഞ് ഒരു പ്രൈവറ്റ് കോളേജിൽ ലക്ച്ചററായി ജോലിക്ക് പ്രവേശിച്ചു... ജിഷ ഡിഗ്രി പോലും കംപ്ലീറ്റ് ചെയ്യാത്തത് കൊണ്ട് ജോലിക്കൊന്നും പോവുന്നില്ല... വീടും കുട്ടികളുമായി കഴിഞ്ഞു പോരുന്നു... നമ്മുടെ വൈഗയും ഒട്ടും മോശമല്ല...അടുത്തുള്ള സ്കൂളിലെ യു കെ ജി ടീച്ചറാണ്.. അതേ ക്ലാസ്സിൽ തന്നെയാണ് നന്ദൂട്ടനും പഠിക്കുന്നത്.... കഴിച്ചു കഴിഞ്ഞ് ജീവയും വരുണും നേരത്തേയിറങ്ങി... അവരുടെ കൂടെ അഞ്ജുവും പോയി.. സാധാരണ അവൾ ബസ്സിനാണ് പോവാറ്...പോകുന്ന വഴിയിൽ കോളേജിൽ ഇറക്കാമെന്നു വരുൺ പറഞ്ഞത് കൊണ്ട് ഇന്നവരുടെ കൂടെ പോയി....

കുറച്ച് കഴിഞ്ഞ് വൈഗയും നന്ദുവും പോവാനിറങ്ങി... "മുത്തശ്ശിമാരോട് ടാറ്റാ പറ..." വൈഗ നന്ദുവിനോട് പറഞ്ഞു... അവൻ എല്ലാവർക്കും ടാറ്റാ കൊടുത്തു.. വൈഗ അവനേയും കൂട്ടി പഠിപ്പുര കടക്കാൻ തുടങ്ങുമ്പോഴാണ് കിഷോർ ബൈക്കുമായി വന്നത്.. "കയറ്.. സ്കൂളിൽ വിടാം... " കിഷോർ പറഞ്ഞു.. നന്ദുവിനെ ഫ്രണ്ടിൽ കയറ്റി വൈഗ പിറകിൽ കയറി... "പോവാം.. " ഉമ്മറപ്പടിയിൽ നോക്കി നിൽക്കുന്ന അമ്മമാർക്കും ജിഷക്കും കൈ വീശി കാണിച്ചവൾ കിഷോറിനോടൊപ്പം സ്കൂളിലേക്ക് പോയി... "ഇന്ന് വഴക്കൊന്നും ഉണ്ടാക്കല്ലേട്ടോ നന്ദൂട്ടാ... " സ്കൂളിന് മുന്നിലെത്തി നന്ദുവിനെ ബൈക്കിൽ നിന്നും എടുത്ത് താഴെ നിർത്തുന്നതിനിടയിൽ കിഷോർ ഓർമിപ്പിച്ചു... "ഇന്നിവൻ വല്ലതും ഒപ്പിച്ചാ ഞാൻ ചെറിയമ്മാമയോട് പറഞ്ഞു കൊടുക്കുന്നുണ്ട്... " വൈഗ ചിരിയോടെ പറഞ്ഞു... പൊതുവേ ഗൗരവക്കാരനായ അശോകനെ മാത്രമാണ് നന്ദുവിന് ആ വീട്ടിൽ ആകെ പേടിയുള്ള ഒരാളെന്ന് പറയുന്നത്.. "വൈകണ്ട.. കിഷോറേട്ടൻ പൊക്കോളൂ.. "

വൈഗ പറഞ്ഞു... കിഷോർ തലകുലുക്കി യാത്ര പറഞ്ഞ് അവിടെ നിന്ന് പോയതും വൈഗയും നന്ദുവിനെ കൂട്ടി സ്റ്റാഫ് റൂമിലേക്ക് നടന്നു... അവിടെ രജിസ്റ്ററിൽ ഒപ്പുവെച്ച് അവനുമായി ക്ലാസ്സ്‌ റൂമിലേക്ക് പോയി... സ്കൂളിലുള്ള ഒട്ടുമിക്ക കുട്ടികളുടേയും ടീച്ചേഴ്സിന്റെയും വിചാരം നന്ദു വൈഗയുടെ മോൻ ആണെന്നാണ്... അവളത് തിരുത്താനും പോയിട്ടില്ല...അവളെ അടുത്തറിയാവുന്നവർക്ക് മാത്രമേ അത് അനിയത്തിയുടെ കുഞ്ഞാണെന്ന് അറിയുകയുള്ളൂ.. വർഷങ്ങളോളം ഒരു കുഞ്ഞിന് വേണ്ടി ചികിൽസിച്ചു മടുത്ത ജീവയും വൈഗയും പിന്നീട് ആ മോഹം അവിടെ ഉപേക്ഷിച്ചു... ദൈവം തരുമ്പോൾ തരട്ടെ എന്ന മട്ടായി... എന്നാലും ഓരോ മാസവും അവർ പ്രതീക്ഷയോടെ പുതിയൊരു അതിഥിക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു... ഇന്നും അവർ ആ കാത്തിരിപ്പിലാണ്.. ******** രാവിലെ തന്നെ തറവാട്ടിലെ പെൺപടകളെല്ലാം തിരക്കിട്ട ജോലിയിലാണ്.. വേറൊന്നുമല്ല ഇന്ന് ആനന്ദിന്റെ അറുപതാം പിറന്നാളാണ്... മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കുമെല്ലാം അത് ഗംഭീരമായി പിറന്നാൾ കൊണ്ടാടണമെന്ന് വല്ലാത്ത ആഗ്രഹം...

പിള്ളേരുടെ ആഗ്രഹമല്ലേയെന്ന് കരുതി ആനന്തും അതിന് തടസ്സം നിന്നില്ല... "വേഗം നോക്ക് പിള്ളേരെ ഉച്ചയാവുമ്പോഴേക്കും എല്ലാം ഒരുങ്ങണം... " പണികൾക്കിടയിലും യാതൊരു മുടക്കവുമില്ലാതെ വാചക കസർത്ത് നടത്തുന്ന മൂവർ സംഘത്തെ നോക്കി ജയന്തി പറഞ്ഞു... ജോലികൾ എളുപ്പം ആക്കുന്നതിനൊപ്പം അവരുടെ സംസാരവും തുടർന്ന് പോയി... ജീവയും കിഷോറും വരുണും കേക്കും മറ്റു ഡെക്കറേഷൻസും അറേഞ്ച് ചെയ്യുന്ന തിരക്കിലാണ്... അച്ഛന്മാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ കൊച്ചു മക്കളുടെ കൂടെ കൂടി അവരും ചെറിയ പിള്ളേരായെന്ന പോലെ മുറ്റത്ത് കളിക്കുകയാണ്... ഒരു പതിനൊന്നു മണിയോടെ ആനന്ദ് കൊച്ചു മക്കളേയും കൂട്ടി കേക്ക് മുറിച്ചു... എല്ലാവരും ആദ്യത്തെ കഷ്ണം കേക്കിനായി വാ തുറന്നപ്പോൾ ആർക്കാദ്യം കൊടുക്കുമെന്ന മട്ടിൽ ആനന്ദിന് കൺഫ്യൂഷനായി.. ഒരാൾക്കാദ്യം കൊടുത്താൽ മറ്റേയാൾക്ക് പരിഭവമാവുമെന്ന് കരുതി ആദ്യത്തെ പീസ് തന്റെ വായിലേക്ക് തന്നെയിട്ട് അദ്ദേഹം ആ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തി...

പിന്നീട് എല്ലാവർക്കും കൊടുത്തു... അത് കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് സാദ്യ കഴിക്കാനിരുന്നു... പരസ്പരം ഊട്ടിയും ചിരിച്ചു കളിച്ചും തമ്മിൽ കളിയാക്കിയും അവർ ആ നിമിഷങ്ങളെ മനോഹരമാക്കി... പിന്നീട് ഓരോ കലാപരിപാടികളായി അവർ മുറ്റത്തെ നാട്ടു മാവിന്റെ തണലിൽ ഒത്തുകൂടി...ഇടക്ക് വൈഗ എല്ലാവർക്കും പായസം എടുത്തിട്ട് വരാമെന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി... ഗ്ലാസുകളിൽ പായസം നിറച്ച് ട്രെയിലേക്ക് വെച്ച് കൊണ്ടുവരുന്നതിനിടയിൽ നടുമുറ്റത്തേക്കെത്തിയതും അവൾക്കൊരു തലചുറ്റൽ അനുഭവപ്പെട്ടു... കണ്ണുകളിൽ ഇരുട്ട് കയറി... കയ്യിൽ നിന്നും ട്രേ വഴുതി പോയതിനൊപ്പം അവളും നിലത്തേക്ക് വീണു.. ശബ്‍ദം കേട്ട് അവരെല്ലാം അകത്തേക്കോടിയപ്പോൾ കാണുന്നത് താഴെ കിടക്കുന്ന വൈഗയെയാണ്... "വൈഗേ... " അവളെ മടിയിലേക്ക് കിടത്തി ജീവ തട്ടി വിളിച്ചു.. "മുറിയിലേക്ക് കിടത്താം... " വരുൺ പറഞ്ഞു... അവരെല്ലാം കൂടെ അവളെ താങ്ങി മുറിയിലേക്ക് കിടത്തി... ജിഷ അപ്പോഴേക്കും വെള്ളവുമായി വന്നിരുന്നു... ജയന്തി അത് വാങ്ങി വൈഗയുടെ മുഖത്തേക്ക് തെളിച്ചു..

വെള്ളം മുഖത്തേക്ക് പതിച്ചതും വൈഗ ഒരു ഞെരക്കത്തോടെ കണ്ണുകൾ തുറന്നു...അവൾ ചുറ്റും കൂടി നിൽക്കുന്നവരെ പകപ്പോടെ നോക്കി...അവളപ്പോഴേക്കും നന്നേ ക്ഷീണിതയായിരുന്നു...തളർച്ചയോടെ അവൾ ജീവയുടെ നെഞ്ചിലേക്ക് ചാഞ്ഞു... "ഞങ്ങൾ പോയിട്ടൊരു ഡോക്ടറെ വിളിച്ച് വരാം.. വാടാ... " വൈഗയുടെ ക്ഷീണം കണ്ട് കിഷോർ വരുണിനേയും കൂട്ടി ഡോക്ടറെ വിളിക്കാനായി പോയി... "വൈഗേ..മോളേ എന്തു പറ്റിയതാ... " ജീവ വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി... "പെട്ടന്ന് തല കറങ്ങുന്ന പോലെ തോന്നി.. പിന്നൊന്നും ഓർമയില്ല... " വൈഗ അവശതയോടെ പറഞ്ഞു.. കുറച്ചു കഴിഞ്ഞതും ഒരു ലേഡി ഡോക്ടർ അവിടേക്ക് വന്നു... ജയന്തിയോട് വൈഗയുടെ കൂടെ നിൽക്കാൻ പറഞ്ഞ് മറ്റുള്ളവരോട് പുറത്തേക്കിറങ്ങി നിൽക്കാൻ പറഞ്ഞു.. ജീവ ടെൻഷനോടെ നഖം കടിച്ച് മുറിക്ക് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. കുറച്ച് കഴിഞ്ഞതും ഡോക്ടർ വാതിൽ തുറന്ന് പുറത്തേക്ക് വന്നു... കൂടെ ജയന്തിയും..

അവരുടെ മുഖത്തെ പുഞ്ചിരിയും പ്രസന്നതയും കണ്ടപ്പോഴേ ജീവയൊഴികെ മറ്റുള്ളവർക്കെല്ലാം കാര്യം കത്തിയിരുന്നു... ജീവ അപ്പോഴും അവൾ വീണതിന് ഇവരൊക്കെയെന്തിനാ സന്തോഷിക്കുന്നതെന്ന മട്ടിലായിരുന്നു.. "Any way congratulations ജീവാ... നാളെ വൈഫിനേയും കൂട്ടി ഹോസ്പിറ്റൽ വരെയൊന്ന് വന്നോളൂ..." ഡോക്ടർ നീട്ടിയ കയ്യിലേക്കവൻ തന്റെ കൈ കൊടുത്തെങ്കിലും അപ്പോഴും അവന് കാര്യമൊന്നും മനസ്സിലായിട്ടില്ലായിരുന്നു... "അമ്മേ ശെരിക്കും വൈഗക്കെന്താ... " ഡോക്ടർ പോയതും ജീവ നിഷ്കളങ്കമായി ചോദിച്ചു... അവിടെയൊരു കൂട്ടച്ചിരി ഉയർന്നു... "എന്റെ പൊന്നളിയാ.. നിങ്ങളൊരു അച്ഛനാവാൻ പോവുന്നു.. അതാ ഡോക്ടർ പറഞ്ഞിട്ട് പോയത്... " നിറഞ്ഞ ചിരിയോടെ ഉച്ചത്തിൽ കിഷോറും വരുണും ഒരുമിച്ചു പറഞ്ഞതും ജീവയുടെ മിഴികൾ നിറഞ്ഞു... മുഖം പുഞ്ചിരിയാൽ വിടർന്നു.. കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ പ്രാർത്ഥന ഈശ്വരൻ കേട്ടിരിക്കുന്നു..സന്തോഷം കൊണ്ടവന്റെ ഉള്ളം തുടികൊട്ടി.. എത്രയും പെട്ടന്ന് അവളുടെ അരികിലേക്കെത്താൻ മനസ്സ് വ്യഗ്രത പൂണ്ടു.. "ചെല്ലടാ... "

ജീവയുടെ നിൽപ്പ് കണ്ട് രേവതി അവനോട് പറഞ്ഞു... ഒട്ടും അമാന്തിക്കാതെ അവൻ മുറിക്കകത്തേക്ക് കയറി.. "ഇനി അവരായി അവരുടെ പാടായി... എല്ലാവരും പിരിഞ്ഞു പോയേ... " അഞ്ജു മുറിയുടെ വാതിൽ ചേർത്തടച്ച് വലിയൊരാളെ പോലെ പറഞ്ഞതും വരുൺ അവളുടെ ചെവിക്ക് പിടിച്ചു... "ആഹ് വിട് വരുണേട്ടാ.. " അവൾ നിന്ന് തുള്ളി... എല്ലാവരും അത് കണ്ട് ചിരിക്കുമ്പോൾ കിഷോർ ജിഷയേയും കൂട്ടി മുറിയിലേക്ക് കയറി... നന്ദുവിന്റെ ശല്യമൊന്നുമില്ലാതെ അവൻ തന്റെ പ്രിയതമയെ വാരിപ്പുണർന്നു ചുംബനങ്ങളാൽ മൂടി...നാണത്താൽ പൂത്തുലഞ്ഞ ജിഷ അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.. ജീവ അരികിലേക്ക് വരുന്നത് കണ്ടതും കണ്ണുകൾ നിറച്ചവൾ പുഞ്ചിരിച്ച് ഇരു കൈകളും വിടർത്തി അവനെ തന്നിലേക്ക് ക്ഷണിച്ചു... ജീവ കൊച്ചു കുഞ്ഞുങ്ങളെ പോലെ അവളുടെ മാറോട് ചേർന്ന് ആനന്ദാശ്രു പൊഴിച്ചു...പതിയെ അവിടെ നിന്നും ഊർന്നിറങ്ങി വയറിലേക്ക് മുഖമമർത്തി... വയറിനെ മറഞ്ഞു കിടക്കുന്ന ആവരണത്തെ വകഞ്ഞു മാറ്റി തന്റെ ജീവനെ പേറിയിരിക്കുന്ന ഉദരത്തിൽ അമർത്തി ചുംബിച്ചു..

"അച്ഛേടെ പൊന്നേ... " കാറ്റുപോലെ അവന്റെ സ്വരം അവിടെ പതിഞ്ഞു... ഇരുവരുടേയും മിഴികൾ ഒരുപോലെ നിറഞ്ഞൊഴുകി... "ഞങ്ങളുടെ ജീവിതം ധന്യമായിരിക്കുന്നു... " ഇരുവരുടേയും അധരങ്ങൾ ഒരുപോലെ മന്ത്രിച്ചു.... അവൻ വയറിൽ നിന്നും അടർന്നു മാറി വൈഗയുടെ അടുത്തേക്കിരുന്നു... ഇരുവരുടേയും ഹൃദയങ്ങൾ മൗനമായി തങ്ങളുടെ സന്തോഷം പങ്കു വെച്ച നിമിഷം ജീവ തന്റെ ലെച്ചൂട്ടിയെ മാറോടണച്ചു...അവന്റെ ഹൃദയ താളം കേട്ട് അവനിലെ അംശത്തേയും ഉദരത്തിൽ പേറിയുള്ള അവളുടെ പുതിയൊരു ജീവിതത്തിന് അവിടെ തുടക്കം കുറിക്കുകയായി... ഇനി കാത്തിരിപ്പിന്റെ നാളുകളാണ്.. മാസങ്ങളും ദിവസങ്ങളും വിനാഴികകളുമെണ്ണി കാത്തിരിപ്പാണവർ അവരുടെ പൊന്നോമനക്ക് വേണ്ടി... (അവസാനിച്ചു...)

അവർ കാത്തിരിക്കട്ടെ അല്ലേ.. നമുക്ക് വിട പറയാൻ സമയമായി....ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു.. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് എനിക്കിത് പൂർത്തിയാക്കാൻ കഴിഞ്ഞത്... മുന്നോട്ടും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. ഇതുവരെ ഈ സ്റ്റോറി വായിച്ച് അഭിപ്രായം പറയാത്തവർ പോലും ഈ അവസാന ഭാഗത്തിലെങ്കിലും എനിക്ക് വേണ്ടി ഞാനെഴുതിയ വരികൾക്ക് വേണ്ടി രണ്ട് വാക്ക് കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു... എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ✍️ഷംസീന.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story