വൈഗ: ഭാഗം 9

vaika shamseena

രചന: ശംസീന

ഓഫീസിലെത്തിയ ജീവയുടെ ചിന്ത മുഴുവനും വൈഗയെ ചുറ്റിപറ്റിയായിരുന്നു.. കിഷോർ അവളെ എന്തെങ്കിലും ചെയ്യുമോ എന്നുള്ളൊരു ഭയം അവനുണ്ടായിരുന്നു..പിന്നെ ആകെയുള്ളൊരു ആശ്വാസം ചെറിയമ്മ അവിടെ ഉണ്ടല്ലോ എന്നുള്ളതാണ്... ജോലിയിൽ ഒന്നും അവന് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല വേഗം ഒന്ന് വൈകുന്നേരം ആയി കിട്ടിയാൽ മതിയെന്നായി.. ഓഫീസ് ടൈം കഴിഞ്ഞതും ജീവ പെട്ടന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു.. പോവുന്ന വഴിയിൽ ഒരു ഷോപ്പിൽ കയറി വൈഗക്കായി ഒന്ന് രണ്ട് ചുരിദാറുകളും എടുത്തു.. വീട്ടിലെത്തിയ ജീവ ബൈക്ക് ഒതുക്കി നിർത്തി ബാഗും കവറും എടുത്ത് ഇറങ്ങി.. സന്ധ്യ ആയി തുടങ്ങുന്നതേ ഉള്ളൂ.. ഈ സമയം വൈഗ ചിലപ്പോൾ വിളക്ക് വെക്കാനുള്ള ഒരുക്കത്തിൽ ആവും... അകത്തേക്ക് കയറിയ ജീവ അകത്തളത്തിൽ നിന്ന് അടുക്കളയിലേക്ക് എത്തി നോക്കി.. എന്നാൽ അവിടെ വൈഗയെ കാണാതെ വന്നപ്പോൾ അവന്റെ മുഖം മങ്ങി.. അവിടേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് ശീതൾ അതുവഴി വന്നത്.. അവളെ കണ്ട ജീവ അവിടുന്ന് തിരിഞ്ഞു നടക്കാനൊരുങ്ങി.. "ജീവേട്ടൻ ഇപ്പൊ വന്നേ ഉള്ളൂ.. " "മ്മ്.. " അനിഷ്ടത്തോടെയവൻ മൂളി.. "എന്നാ ഞാൻ ചായ എടുക്കാം." ഉത്സാഹത്തോടെ ശീതൾ അവനെ നോക്കി പറഞ്ഞു....

"വേണ്ടാ... " കടുപ്പിച്ചു പറഞ്ഞു കൊണ്ടവൻ അവിടുന്ന് പോകാനൊരുങ്ങി.. "ഇവിടെയുള്ള ബാക്കിയുള്ളവർ എവിടേ...? " തിരിഞ്ഞു നിന്നവൻ ചോദിച്ചു.. "അവരെല്ലാം കൂടെ കുടുംബ ക്ഷേത്രത്തിൽ പോയി.." ശീതൾ മറുപടി കൊടുത്തു.. "വൈഗയോ..? " "അവൾ അപ്പുറത്തുണ്ട്.. " ശീതൾ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു.. ജീവ അവളെ കടുപ്പിച്ചൊന്ന് നോക്കി തന്റെ മുറിയിലേക്ക് കയറിപ്പോയി... മുറിയിലെത്തി ഒരു കുളിയും പാസാക്കി വസ്ത്രമെല്ലാം മാറി ജീവ താഴേക്ക് വന്നു.. അവിടെ ടേബിളിൽ ചായ ഇരിക്കുന്നത് കണ്ടു.. വൈഗ കൊണ്ടുവന്നു വെച്ചതാകാം എന്നവൻ ഊഹിച്ചു..അതുമായി അടുക്കള ഭാഗത്തേക്ക്‌ നീങ്ങി.. അവിടെ ചെന്നപ്പോൾ കണ്ടത് മുറ്റം തൂക്കുന്ന വൈഗയെയാണ്.. കക്ഷി ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അടിച്ചു വാരുകയാണ്.. രാവിലെ താൻ പറഞ്ഞത് പോലെ ചുരിദാർ ആണ് വേഷം.. ജീവയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... തന്റെ പിന്നിൽ നിഴലനക്കം ശ്രദ്ധിച്ച വൈഗ പെട്ടന്ന് തലയുയർത്തി നോക്കി.. പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ജീവയെ കണ്ടതും അവളുടെ നെറ്റിച്ചുളിഞ്ഞു...

"ഇയാൾടെ പോയ കിളിയൊന്നും തിരിച്ചു വന്നില്ലേ ഭഗവാനെ.. " അവൾ അവനെ നോക്കി കൊണ്ട് തന്നെ മനസ്സിൽ പറഞ്ഞു.. "നീയെന്താടി എന്നെ ആദ്യമായിട്ട് കാണുകയാണോ..? " അവളുടെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് ജീവ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.. "എ.. എന്താ.. " വൈഗ പതർച്ചയോടെ ചോദിച്ചു.. "അല്ല നീയെന്താ എന്റെ ചോര ഊറ്റുന്നതെന്ന് ചോദിച്ചതാ.. " ജീവ കുറുമ്പ് നിറച്ചു ചോദിച്ചു.. "അയ്യടാ ഊറ്റാൻ പറ്റിയൊരു സാധനം.. " പിറുപിറുത്തുകൊണ്ടവൾ വീണ്ടും മുറ്റം തൂക്കാൻ തുടങ്ങി..എന്നാൽ അവൾ പറഞ്ഞത് ജീവ വളരെ വ്യക്തമായി കേട്ടിരുന്നു... "നീ എന്തെങ്കിലും പറഞ്ഞായിരുന്നോ.. " ജീവ അവളുടെ മുന്നിൽ വന്നു നിന്നു.. "ഞാനോ.. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... " വൈഗ മുറ്റം തൂക്കുന്നത് നിർത്തി അവിടുന്ന് പോയി.. "ഈ പെണ്ണിനോടൊന്ന് നേരെ ചൊവ്വേ സംസാരിക്കാം എന്ന് വെച്ചാൽ പെണ്ണ് മനുഷ്യനെ തിന്നാൻ വരുകയാണല്ലോ...എന്റീശ്വരാ ഈ പെണ്ണിനോട് ഞാനെങ്ങനെ എന്റെ പ്രേമം തുറന്നു പറയും.. കുറച്ചു മെനക്കെടേണ്ടി വരും.." ജീവ ഓരോന്നാലോചിച്ചു അവൾ പോയ വഴിയേ നോക്കി നിന്നു... ****

കുറച്ചു കഴിഞ്ഞ് ഉമ്മറത്തേക്ക് വന്ന ജീവ കാണുന്നത് വസ്ത്രം മാറി പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന വൈഗയെയാണ്.. "നീയിതെവിടെക്കാ...? " അവളെ കണ്ടതേ ജീവ ചോദിച്ചു.. "അമ്പലത്തിലേക്ക്.. എല്ലാവരും അവിടേക്ക് പോയിരിക്കുവല്ലേ.. " ദൃതിയിൽ പറഞ്ഞുകൊണ്ട് വൈഗ മുറ്റത്തേക്കിറങ്ങി.. "അതിനെന്താ ഇന്ന് പ്രത്യേകത... " "പ്രത്യേകത ഒന്നുമില്ല. ഉത്സവമൊക്കെയല്ലേ വരാൻ പോവുന്നത്.. അതിന്റെ എന്തൊക്കെയോ പൂജകളും വഴിപാടുകളും നടക്കുന്നുണ്ട്... " "എന്നാ നിൽക്ക് ഞാനും വരാം.. സന്ധ്യയായില്ലേ കാവ് വഴി തനിയേ പോവേണ്ട... " ജീവ പെട്ടന്ന് റെഡിയായി വന്നു.. "പോവാം.. " പറഞ്ഞുകൊണ്ട് ജീവ മുന്നേ നടന്നു.. കുറച്ചു പിറകിലായി വൈഗയും.. ഇരുവരും പോകുന്നത് നോക്കി നിന്ന ശീതളിന്റെ മുഖം വലിഞ്ഞു മുറുകി..ജീവയെ ഏത് വിധേയനെയും വൈഗയിൽ നിന്നും അകറ്റണമെന്നവൾ മനസ്സിൽ ഉറപ്പിച്ചു... **** വൈഗയും ജീവയും ഒരുമിച്ചു വരുന്നത് കണ്ട ജയന്തിയുടെയും മാലതിയുടെയും മുഖം കനത്തു...

ജീവയെ വൈഗയിൽ നിന്നും അകറ്റാൻ ശ്രമിക്കുന്തോറും അവൻ കൂടുതൽ അവളോട് അടുക്കുകയാണല്ലോ എന്ന തിരിച്ചറിവ് ജയന്തിയിൽ വൈഗയോട് കൂടുതൽ വെറുപ്പുണ്ടാക്കി... "നീയെന്താ മോളെ വൈകിയേ... " രേവതി ചോദിച്ചു കൊണ്ട് വൈഗയുടെ അടുക്കലേക്ക് വന്നു.. "അത് പിന്നെ ശീതൾ ചേച്ചിക്ക് കുളിക്കാൻ ചൂടുവെള്ളം വേണമെന്ന് പറഞ്ഞപ്പോൾ അത് പാകമാക്കാൻ നിന്നു... " വൈഗ ജീവയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.. "മ്മ് പോയി തൊഴുതിട്ട് വാ.. അഞ്ജു നീയും കൂടെ ചെല്ല്... " രേവതി അവരെ തൊഴാനായി പറഞ്ഞു വിട്ടു.. "ഇത് പതിവില്ലാത്തതാണല്ലോ ജീവാ..കുറേ കാലമായില്ലേ നീയി ക്ഷേത്ര ഭാഗത്തേക്കൊക്കെ വന്നിട്ട്...എന്തായാലും വന്നതല്ലേ പോയി തൊഴുതിട്ട് വാ.." രേവതി വാത്സല്യത്തോടെ പറഞ്ഞു.. "വേണ്ട ചെറിയമ്മേ.. ഞാൻ വൈഗക്ക് കൂട്ട് വന്നതാണ്...ദൈവത്തിനോടുള്ള വിശ്വാസമൊക്ക എന്നേ നഷ്ടപ്പെട്ടു.. ഇനി അത് തിരികെ വരണമെങ്കിൽ എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം.. അന്ന് മാത്രമേ ജീവാനന്ദ് ഈ നടയിൽ കയറി തൊഴുകയുള്ളൂ... "

അവന്റെ വാക്കുകൾ അത്രയും ഉറച്ചതായിരുന്നു.. "മോനെ ജീവാ എന്നാലും ഇത്രടം വരെ വന്നിട്ട്... " "അതൊന്നും കുഴപ്പമില്ല ചെറിയമ്മേ..ഞാൻ പോകുവാ നിങ്ങൾ വരാൻ വൈകില്ലേ.." "ഇല്ലടാ ഞങ്ങളും ഇറങ്ങുവാ.. ഒരു വഴിപാട് കൂടെ കഴിപ്പിക്കാനുണ്ട്.. " രേവതി പറഞ്ഞതിന് ജീവയൊന്ന് മൂളി തിരിഞ്ഞു നടന്നു.. അവിടെ നിൽക്കുന്ന ജയന്തിയെയോ മാലതിയേയോ അവൻ ഗൗനിച്ചതു കൂടിയില്ല...അത് മാലതിയിലും ദേഷ്യത്തിന് വഴിവെച്ചു... വൈഗയെ എങ്ങനെയും അവിടുന്ന് ഓടിച്ചു തന്റെ മകളെ ജീവയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നവർ മനസ്സിൽ കരുതി.. **** തൊഴുതിറങ്ങിയ വൈഗ ജയന്തിയുടെ കനത്ത മുഖം കണ്ട് കാര്യമറിയാതെ നിന്നു.. അരിശം പൂണ്ട ജയന്തി ആളുകളുടെ ഇടയിൽ നിന്നും വൈഗയെ വലിച്ചുകൊണ്ട് കുറച്ചപ്പുറത്തേക്ക് മാറിനിന്നു.. "വല്യമ്മായി.. എനിക്ക് നോവുന്നു.. കയ്യിൽ നിന്ന് വിടാൻ... " ജയന്തിയുടെ കൈപ്പിടിയിൽ കിടന്നു വൈഗ കുതറി മാറാൻ നോക്കി.. "നീയെന്റെ കൊച്ചനെ കണ്ണും കലാശവും കാട്ടി മയക്കി എടുത്തല്ലേ.. " ജയന്തി ദേഷ്യത്തിൽ വൈഗയുടെ കൈകൾ കുടഞ്ഞെറിഞ്ഞു.. "അമ്മായി ഇതെന്തൊക്കെയാ പറയുന്നേ.. നിക്ക് ഒന്നും അറിയില്ല.. ഞാൻ ആരെയും മയക്കി എടുത്തിട്ടുമില്ല.. "

വൈഗയും വിട്ടു കൊടുത്തില്ല.. 'നീ മയക്കി എടുക്കാതെ അവൻ നിന്റെ കൂടെ വരുമോ.. " "ഞാൻ പറഞ്ഞിട്ടൊന്നും അല്ല ജീവേട്ടൻ എന്റെ കൂടെ വന്നത്..അമ്മായി ആ കാര്യവും പറഞ്ഞു വെറുതെ എന്റെ മേലേക്ക് കുതിര കയറേണ്ടാ.. ഞാൻ പോവുന്നു.. എനിക്ക് പോയിട്ട് ജോലിയുണ്ട്..." വൈഗയുടെ വാക്കുകളിൽ ജയന്തിയോടുള്ള അമർഷം വളരെ വ്യക്തമായിരുന്നു...അത്രയും പറയണമെന്ന് കരുതിയതല്ലായിരുന്നു.. താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം പറഞ്ഞപ്പോൾ നിയന്ത്രണം വിട്ട് പോയി... "ഞാഞ്ഞൂലിനും തല പൊന്തി തുടങ്ങിയല്ലോ നാത്തൂനേ... " വൈഗ ജയന്തിയോട് ദേഷ്യപ്പെട്ട് പോവുന്നത് കണ്ട മാലതി എരി തീയിൽ എണ്ണ പകർന്നു കൊടുത്തു.. അവർ വിചാരിച്ചത് പോലെ തന്നെ ആ തീ ജയന്തിയുടെ ഉള്ളിൽ ആളിക്കത്തി... "അവളുടെ തല അധികം പൊന്തത്തില്ല ഏട്ടത്തി.. അതിനുള്ള സൂത്രമൊക്കെ എനിക്കറിയാം... " കുടിലതയോടെ പറഞ്ഞു ജയന്തി മാലതിയെയും കൂട്ടി അവിടെ നിന്നും മടങ്ങി... ****** "എന്തായിരുന്നു വല്യമ്മ നിന്നെ മാറ്റി നിർത്തി പറഞ്ഞത്... " വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അഞ്ജു ചോദിച്ചു.

. "അത് ആ തള്ള എന്നെയൊന്ന് ചൊറിയാൻ നോക്കിയതാ.. ഞാൻ കേറിയങ്ങ് മാന്തി കൊടുത്തു.. അല്ല പിന്നെ ക്ഷമിക്കുന്നതിനൊക്കെയൊരു പരിധിയില്ലേ... " "ആഹാ.. മോളിന്ന് ഏത് മരുന്നാണ് കുടിച്ചത്.. എനിക്കും കുറച്ചു താ.. ആ മുതുക്കിയോട് ഞാനും ഒന്ന് പോരാടട്ടെ.. " അഞ്ജു കളിയായി പറഞ്ഞുകൊണ്ട് വൈഗയെ നോക്കി.. "ദേ അഞ്ജു വേണ്ടാട്ടോ..മടുത്തെടി,, ഒരുമാതിരി അടിമയെ പോലുള്ള ഈ ജീവിതം.. എവിടേക്കെങ്കിലും പോവാമെന്ന് വെച്ചാൽ അതിനും കഴിയില്ലല്ലോ...എന്റെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണ് വിട്ട് ഞാൻ എവിടെ പോവാനാ.." വൈഗയുടെ തൊണ്ട കുഴിയിലൊരു ഗദ് ഗദം വന്നു തടഞ്ഞു നിന്നു.. "വൈഗാ.. നീ കരയുവാണോ..?" അഞ്ജുവിലും സങ്കടം തളം കെട്ടി... "അല്ലെടി ഉള്ളിലെ വിഷമം കൊണ്ട് പറഞ്ഞതാ..

ഇപ്പൊ തന്നെ വല്യമ്മായി എന്താണെന്നോ പറഞ്ഞത്.. ഞാൻ ജീവേട്ടനെ മയക്കി എടുത്ത് വെച്ചേക്കുവാണെന്ന്...അത് ഓർക്കുന്തോറും സഹിക്കുന്നില്ലെടി.." നിറഞ്ഞു വന്ന കണ്ണുകൾ അവൾ അഞ്ജുവിൽ നിന്നും മറച്ചു പിടിച്ചു.. "സാരമില്ലെടി പോട്ടെ..അവർ ഇങ്ങനെ മറ്റുള്ളവരെ നോവിച്ചു കൊണ്ടേയിരിക്കും.. നിനക്ക് അറിയാവുന്നതല്ലേ.. ഇതിനെല്ലാം ദൈവം അവർക്കുള്ള ശിക്ഷ കരുതി വെച്ചിട്ടുണ്ടാവും.. ഇപ്പൊ നമുക്ക് അവർക്കിട്ട് നല്ലൊരു പണി കൊടുക്കാം.. " അഞ്ജു വൈഗയുടെ കൈകൾ കവർന്നു.. "ഇനി എന്റെ വൈഗാ ലക്ഷ്മിയൊന്ന് ചിരിച്ചേ.. " കുറുമ്പോടെ അഞ്ജു പറഞ്ഞപ്പോൾ വൈഗയുടെ ചുണ്ടിലും വേദനകളെല്ലാം മറന്നൊരു പുഞ്ചിരി വിടർന്നു.. ഇരുവരും പിന്നീട് വിശേഷങ്ങളെല്ലാം പറഞ്ഞു വീട്ടിലേക്ക് നടന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story