വൈമികം : ഭാഗം 13

vaimikam

A story by സുധീ മുട്ടം

സ്വപ്നലോകത്തിലായിരുന്നു ഞാൻ. താമരയെ എടുത്ത് കിടക്കയിലേക്ക് കിടത്തിയ ഞാൻ ശ്വാസം നേരെ വലിച്ചു വിട്ടു..അതുവരെ ഓടിക്കിതച്ച പട്ടിയണക്കുന്നത് പോല ആയിരുന്നു ഞാൻ. "കണ്ടാൽ വലിയ ഭാരമൊന്നും ഇല്ല താമരക്ക്..പക്ഷേ എടുത്തപ്പോൾ മനസ്സിലായി മുടിഞ്ഞ വെയ്റ്റ് ആണെന്ന്" "ഏട്ടാ വന്ന് കിടക്ക്" എന്റെ അണപ്പ് കണ്ടു താമര പെട്ടെന്ന് ഉദാരമനസ്സ് കാണിച്ചു. പുല്ല് എടുത്തോണ്ട് ഓടേണ്ടിയിരുന്നില്ല..നടവിനൊരു പിടുത്തം പോലെ.ഇടുപ്പിന് കൈ താങ്ങി കുറച്ചു സമയം നിന്നു. "നടുവിന് ചൂടു വെയ്ക്കണോ" അസ്ഥാനത്ത് തന്നെ ലവടെ ചോദ്യം..ശരിക്കും ഒരു ചവിട്ട് കൊടുക്കാൻ തോന്നിയ നിമിഷം.

"മിണ്ടാതിരിക്കെടീ..മനുഷ്യന്റെ നടുവ് വെട്ടിപ്പിടിച്ചപ്പോഴാ ചൂടു വെയ്പ്" ഞാൻ വെട്ടിയിട്ട വാഴ പോലെ കിടക്കയിലേക്ക് വീണു..പതിയെ നിദ്ര വന്ന് കണ്ണുകളെ മൂടിയതും ഉറങ്ങിപ്പോയി. രാവിലെ താമരയുടെ വിളി കേട്ട് കണ്ണുകൾ വലിച്ചു തുറന്നു... നോക്കുമ്പോൾ അവളാ ഒരുങ്ങിക്കെട്ടി സുന്ദരിമണിയായി നിൽക്കുന്നു. ബാക്കിയുളളവൻ കിടക്കപ്പായിലും കിടക്കുന്നു. "ഒന്ന് വേഗം എഴുന്നേറ്റ് കുളിക്കാൻ നോക്ക്" താമരയുടെ കൽപ്പന കേട്ട ഞാനൊന്ന് പകച്ചു പോയി..അമ്മയുടെ റോള് ഇവളേറ്റടുത്തോ.. ഞാൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.. നടുവിനൊരു പിടുത്തം. അസഹ്യമായ വേദനയിലൊന്ന് വായ് പൊളിച്ചു. "ശ്ശൊ.. എന്തൊരു നാറ്റമാ..പോയി പല്ല് തേയ്ക്ക്"

"ങേ.." "ങ്ങേ..അല്ല ങ്ങും..വായ് തുറന്നപ്പോൾ വല്ലാത്ത നാറ്റം " അയ് ശരി.. ഒരുമുറിയിൽ ഇത്രയും ദിവസം മ്മളോടൊത്ത് കഴിഞ്ഞപ്പോഴൊന്നും നാറ്റമില്ലായിരുന്നു..ഇപ്പോൾ ലവക്ക് ഒരു പുതുമ. "എന്നെയൊന്ന് പിടിച്ചു എഴുന്നേൽപ്പിക്ക് മുത്തേ..നടുവ് വെട്ടിപ്പിടിച്ചു" ഞാൻ ദയനീയമായി താമരയെ നോക്കി..അവക്കൊരു കൂസലുമില്ല. "രാത്രിൽ ചോദിച്ചതല്ലേ ചൂടു വെച്ച് തരട്ടെയെന്ന്..എന്തായിരുന്നു ഗമ..എന്നെ തിന്നാൻ വരുവല്ലായിരുന്നോ" "എന്റെ പൊന്നേ ശവത്തേ കുത്താതെടീ" ഇളിച്ചയൊരു ചിരിയോടെ ലവൾ കൈകൾ നീട്ടിയതും ഞാനതിൽ തൂങ്ങി പതിയെ എഴുന്നേറ്റു. "കുറച്ചു മാറി നിൽക്ക്..വല്ലാത്ത നാറ്റം" എവിടെയോ കേട്ടു മറന്ന ഡയലോഗ്.. ഞാൻ മനസ്സൊന്ന് തുരന്നു.

ഇവളോട് അന്ന് പറഞ്ഞു ഡയലോഗ് ഇപ്പോൾ മ്മക്കിട്ട് താങ്ങുന്നു. "പകരം വീട്ടുകയാണല്ലേ" "തരണത് തിരിച്ച് തരണ്ടേ ഏട്ടാ" "ഹാം..നല്ലതാടാ ഇതൊക്കെ.. അതും ഈ അവസരത്തിൽ" ഞാൻ ദയനീയമായി പറഞ്ഞൊപ്പിച്ചതും ആരെയും മയക്കുന്നൊരു പുഞ്ചിരി അവളൊഴുക്കിയ ശേഷം എന്റെ കവിളിലൊരുമ്മ. കറന്റ് കമ്പിയിൽ രണ്ടിലും കാലുറപ്പിച്ച കാക്കയെ പോലെ ഞാനൊന്ന് ഞെട്ടി വിറച്ചു.. ഇതുവരെ കൊടുത്തിട്ടേയുള്ളൂ ലുമ്മം.ഇപ്പോൾ ദാ തിരികെ കിട്ടി. പ്രണയിനിയുടെ ചുംബനത്തിന് ഇത്രയും കോരിത്തരിപ്പ് ഉണ്ടെന്ന് ജീവിതത്തിലാദ്യമായി ഞാൻ മനസ്സിലാക്കി..കിട്ടിയ ഉമ്മയിൽ ഞാനങ്ങ വിജ്രംഭവിച്ചു നിന്നു. താമര എന്നെ കുളി മുറിയിലേക്ക് നടത്തിച്ചു..

കുളിയും തേവാരവും കഴിഞ്ഞു അവടെ കൂടെ ഡൈനിങ്ങ് ടേബിളിനു മുന്നിലെത്തി. അമ്മ അവിടെ ഇരിപ്പുണ്ട്. "മുത്തേ അമ്മേയൊന്ന് ഹാൻഡിൽ ചെയ്യണേ..ഇല്ലെങ്കിൽ എന്റെ നട്ടും ബോൾട്ടും ഊരും" "ഏട്ടൻ വാ അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം" താമര ഏറ്റതോടെ ഞാൻ ഉഷാറായി..ഇനി പേടിക്കണ്ടാ. "എന്ത് പറ്റിയെടാ" എന്നെ കാണാനിരുന്നത് പോലെ ആയിരുന്നു അമ്മയുടെ സ്നേഹപ്രകടനം. "അമ്മേ ഏട്ടനൊന്ന് താഴെ വീണു" "ഉവ്വുവ്വേ..നിന്നെ എടുത്തോണ്ട് ഓടിയപ്പോഴേ ഇവന് നടുവ് വെട്ടിപ്പിടിച്ചതാണെന്ന് മനസ്സിലാക്കാൻ മാത്രം അമ്മക്ക് ബുദ്ധിയുണ്ട് മക്കളേ" താമരയും ഞാനും മുഖാമുഖം നോക്കി.. "വല്ലതും വിഴുങ്ങിയിട്ട് റെസ്റ്റ് എടുക്ക്. എന്റെ മോൾ ഉള്ളോണ്ട് നീ രക്ഷപ്പെട്ടു"

"അതേ അമ്മേ" "കൂടുതൽ ചമ്മാതെ കഴിച്ചിട്ട് പോടാ" അമ്മ ശബ്ദം ഉയർത്തി.. പിന്നെ ഞാനൊന്നും മിണ്ടാതെ ഇരുന്ന് കഴിച്ചു..തിരികെ താമര എന്നെ മുറിയിലാക്കി. ചൂടു വെയ്പും താമരയുടെ ശുശ്രൂഷയുമായി രണ്ടു ദിവസം കടന്ന് പോയി..രണ്ടു ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളായിരുന്നു..എന്നോടൊപ്പമായിരുന്നു അവൾ..അവളുടെ സ്നേഹം,,ആത്മാർത്ഥത എല്ലാം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പിന്നെ മറ്റൊന്ന് കൂടി. അമ്മക്ക് താമരയെ ക്ഷാ പിടിച്ചു പോയതെന്താണെന്ന് കൂടി. ഇതൊക്കെ തന്നെ കാരണം. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കുളപ്പുരക്കടവിലെ കുളത്തിലെ ശാന്തമായ കുഞ്ഞോളെങ്ങളെ കല്ലുകൾ പെറുക്കി എറിഞ്ഞ് ഞാനുണർത്തിയ സായ്ഹാനം..

കുറച്ചു സമയം അങ്ങനെ കഴിഞ്ഞപ്പോൾ എനിക്കൊപ്പം താമരയും കൂടി ചേർന്നു.. "ഏട്ടാ ഏട്ടന് എന്നെ അത്രയ്ക്ക് ഇഷ്ടമാകാൻ കാരണം എന്താ" താമരയുടെ പെട്ടന്നുളള ചോദ്യം ഒന്ന് അമ്പരപ്പിക്കാതിരുന്നില്ല. "അങ്ങനെ പറയാൻ എനിക്ക് അറിയില്ല താമര..ഒറ്റനോട്ടത്തിലുണ്ടൊയൊരു ആകർഷീണയത അല്ല..ചിലപ്പോൾ ഇത്രയും നാൾ കൂടെ ഉണ്ടായപ്പോൾ എന്നിലേക്ക് ചേക്കേറിയതാണ്..പക്ഷേ ആ ഇഷ്ടം സത്യമാണ്." പുഞ്ചിരിയോടെ ഞാൻ മൊഴിയുമ്പോഴാ മുഖം തെളിഞ്ഞിരുന്നു. "ഏട്ടന് എന്നെ കുറിച്ച് എന്തറിയാം" "നീ പറഞ്ഞുളളത്രയും അറിവ്..അതിൽ കൂടുതൽ അറിയാൻ താല്പര്യം ഇല്ല. നിന്റെ മനസ്സിലെ നന്മ..അതുമതി എനിക്കും അമ്മക്കും"

"അല്ല ഏട്ടാ.. എന്നെ കുറിപ്പ് കൂടുതൽ അറിയണം‌‌.ഇത്രയും പറയാൻ കാരണം ഏട്ടൻ എന്നെ ജീവിതപങ്കാളിയായി കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു..തീർച്ചയായും അപ്പോൾ എല്ലാം അറിയണം" എത്ര പക്വമതിയായാണ് താമര ഇപ്പോൾ സംസാരിക്കുന്നതെന്ന് അത്ഭുതത്തോടെ ഞാനോർത്തു.. "നാളെ ഒരിയ്ക്കൽ എന്നിലെ തെറ്റുകൾ തിരയാൻ ഇട വരരുത്" "എനിക്കൊന്നും മനസ്സിലാകുന്നില്ല താമര" ഞാൻ കണ്ണുകൾ ചിമ്മി. "ഏട്ടന്‌ മനസ്സിലാകുന്ന ഭാഷയിൽ ഞാൻ പറയാം" "ആയിക്കോട്ടെ.." "ഇന്നല്ല..കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട്" "താമരയുടെ ഇഷ്ടം" ഞാൻ താമരയെ നോക്കി...കാണാനൊക്കെ സുന്ദരിയാണ്..ആരും ഒന്ന് നോക്കിപ്പോകും‌‌.. വിളഞ്ഞ ഗോതമ്പിൻ നിറമാണ്..

വിടർന്ന വലിയ കണ്ണുകൾ.. വില്ല് പോലെ വളയുന്ന കട്ടിയുള്ള പുരികക്കൊടി. സ്വേദകണങ്ങൾ പൊടിയുന്ന മൂക്കിൻ തുമ്പ്.പരന്ന നെറ്റി തടങ്ങൾ.ചിരിക്കുമ്പോൾ ഇടത് കവിളിൽ മാത്രം വിരിയുന്ന നുണക്കുഴി. വലത് വശത്തായി മലർന്ന ചുവപ്പ് ചുണ്ടിനരികിലായൊരു കുഞ്ഞ് മറുക്.കാക്കപ്പുള്ളി.കോലൻ മുടിയാണെങ്കിൽ പാതിയേയുള്ളൂ..അതാണ് അവൾക്ക് അഴക്. "വാ ഏട്ടാ സമയം സന്ധ്യ കഴിഞ്ഞു" വിരലുകൾ തമ്മിൽ കോർത്ത് പിടിച്ചു ഞങ്ങൾ നടന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ലീവ് കഴിഞ്ഞു തിരികെ മടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രം..കൃത്യമായി പറഞ്ഞാൽ 14 ദിവസം. പതിനഞ്ചാം പക്കം നാട് വിടണം.ആ സമയത്താണ് അമ്മയുടെ പ്രഖ്യാപനം വന്നത്.

"നീ പോകുന്നതിന് മുമ്പായി വിവാഹം ചടങ്ങായി നടത്തണം" അമ്മക്ക് ഇത്രയും നാളായിട്ട് ഇതെന്താ തോന്നാഞ്ഞതെന്ന് ഞാൻ ആലോച്ചിച്ച് കൂട്ടിയിട്ട് നാളേറായി. "അമ്മക്ക് ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ" "എനിക്ക് ആവശ്യത്തിന് ബുദ്ധിയുണ്ട് മോനേ..നീ പോകുന്നതിന്റെ തലേന്ന് കല്യാണം" അമ്മ പറയുന്നത് കേട്ട് ഞാനെന്റെ തലയിൽ കൈവെച്ചു. "ഇത് ചതിയാ കൊടും ചതി..ഞാൻ സമ്മതിക്കില്ല" ആന്തലോടെ ഞാൻ കൈ നെഞ്ചിൽ ചേർത്തു..വിവാഹം കഴിഞ്ഞു ആകെ കിട്ടുന്നത് ഒരു രാത്രി..പോകുന്നതിന്റെ ടെൻഷൻ..എല്ലാം കൂടി ആകുമ്പോൾ ഞാൻ പാതി ചത്തിട്ടുണ്ടാകും.. സാധാരണ മടങ്ങി പോകുമ്പോൾ വലിയ ടെൻഷനൊന്നുമില്ല..

ഈ പ്രാവശ്യം അങ്ങനെയല്ല.യാത്രക്കിടയിൽ വന്ന് ചേർന്ന ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചവൾ കൂടെയുണ്ട്..പിരിയാൻ കഴിയുന്നത് എനിക്ക് മരണ തുല്യമാണ്. "അതിന് നിന്റെ സമ്മതം ആർക്ക് വേണം" "അമ്മാ പ്ലീസ് ചതിക്കരുത്" ഞാനമ്മയെ താണ് വണങ്ങി.എന്റെ ദയനീയത നിറഞ്ഞ നോട്ടം അമ്മയെ അലിയിച്ചു കാണും...അടുത്ത പ്രഖ്യാപനം ഉടനെ വന്നു.. "ശരി ശരി..മറ്റേന്നാൾ വിവാഹം നടത്താം" "നല്ല അമ്മ..ചക്കരയുമ്മ" മടിച്ചില്ല ഞാനമ്മയെ കെട്ടിപ്പിടിച്ചു അങ്ങട് മുത്തോട് മുത്തി. "എന്തൊരു നാറ്റമാടാ..പല്ല് തേയ്ക്കില്ലേ നീ" "അത് പിന്നെ ഇത്ര രാവിലെ" ഞാൻ തല ചൊറിഞ്ഞു.. "എങ്ങനെ സഹിക്കുന്നു മോളേ നീ ഇവനെ" അമ്മയുടെ ഡയലോഗും എല്ലാം കൂടി ആയപ്പോഴേക്കും താമര തലയറഞ്ഞ് ചിരിച്ചു..

"ഞാനൊരു വിധം അഡ്ജസ്റ്റ് ചെയ്യുവാ അമ്മേ" ചിരിയോടെ ലവൾ വായ് പൊത്തിയതും ഞാനൊന്ന് നോക്കി.. "വെച്ചോടി എല്ലാം കൂടി എന്റെ നെഞ്ചിലോട്ട് കയറ്റിക്കോ" എന്റെ സംസാരം കേട്ട് അമ്മയും ചിരിച്ചു.. "ഹ ഹാ ഹാ" മ്മള് മാത്രം ഒറ്റപ്പെട്ടു... അല്ലാതെന്ത്..അമ്മയും മോളും ഒറ്റക്കെട്ട്.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പതിവ് പോലെ അത്താഴം കഴിഞ്ഞു ഞാൻ മുറിയിൽ ചെന്നു..കുറച്ചു കഴിഞ്ഞാണ് താമര വന്നത്.. "ഏട്ടാ..." കിടന്ന ഞാൻ തല പൊക്കി നോക്കി.. "എന്തുപറ്റിയെടോ പതിവില്ലാത്തൊരു ആശങ്ക" "ഏട്ടന് മനസ്സിലായോ" അവൾ അത്ഭുതപ്പെട്ടു "കുറച്ചു നാളായില്ലേ താനുമായി സഹവാസം ആയിട്ട്.." താമരയുടെ കണ്ണുകൾ നിറഞ്ഞു.. എനിക്ക് സഹിക്കാൻ കഴിയില്ലത്.

"താൻ കണ്ണൊന്ന് നിറക്കാതെ...പോകാൻ നേരമൊന്ന് കരഞ്ഞാൽ മതി" ഞാൻ തമാശയിൽ പറഞ്ഞിട്ടും അവളുടെ മുഖം ഗൗരവത്തിലായിരുന്നു..എന്തോ പ്രശ്നം അവളെ അലട്ടുന്നുണ്ട്. "താൻ കാര്യം പറയെടോ" "നാളെ രാവിലെ നമുക്ക് ഒരിടം വരെ പോകണം..ഏട്ടൻ കൂടി വരണം" "എവിടെ ആണെങ്കിലും ഞാൻ വരാം..എന്തിനാണ് അത് പറയ്" കുറച്ചു സമയം മുറിക്കുള്ളിൽ മൗനം കനത്തു...അതെന്നെ വല്ലാതെ അലസോരപ്പെടുത്തിക്കൊണ്ട് എന്നിൽ അസ്വസ്ഥത വളർന്നു.. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നെന്ന് മനസ്സ് ഓർമ്മപ്പെടുത്തി.. "എന്റെ വിവാഹം ഒരാളോട് പറയണം" "ആരോട്" "എന്റെ കഴുത്തിൽ മിന്ന് കെട്ടിയ ആളോട്" ഞാനൊന്ന് ഞെട്ടി വിറച്ചു...ആദ്യമായി കാണുന്നത് പോലെ താമരയെ തുറിച്ച് നോക്കി................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story