വൈമികം : ഭാഗം 15

vaimikam

A story by സുധീ മുട്ടം

"അയ് ശരി.ഒന്നും അറിയാതെ പോയത് ഞാൻ മാത്രമേയുളളല്ലേ" പകച്ചു പണ്ടാറടങ്ങി താമരയെ നോക്കി.ലവക്കുണ്ടാ വല്ല കുലുക്കവും.കണ്ണും മിഴിച്ച് എന്നെ തന്നെ നോക്കി ഇരിക്കുന്നു പുല്ല്. എന്റെ അമ്മയുടെ കൂടി സപ്പോർട്ട് ഉണ്ട്.അതാ പുല്ലിന് ഇത്രയും ധൈര്യം. താമര മാരീഡ് ആണെന്ന് ആദ്യം അറിഞ്ഞത് അമ്മയാണെന്ന് ഉറപ്പായി.എന്നിട്ടും അമ്മ ഇവളെ പിന്തുണക്കണെമെങ്കിൽ എന്തെങ്കിലും കാണാതിരിക്കില്ല.സാധാരണ അമ്മമാർ മകനൊരു രണ്ടാം കെട്ടുകാരിയെ വധുവാക്കാൻ സമ്മതിക്കില്ല.മൂന്ന് തരം. ഓരോന്നും ആലോചിച്ച് കൂട്ടിലിട്ട വെരുകിനെ പോലെ ഞാൻ മുറിയിലൂടെ ഉലാത്തി.കാല് കഴച്ചതും കട്ടിലിൽ വന്ന് ഇരുന്നു. "നമുക്ക് അമ്മ അറിഞ്ഞ് പോയാൽ മതി"

എല്ലാം അമ്മ അറിഞ്ഞ സ്ഥിതിക്ക് എന്ത് ഒളിക്കാനാണ്.ഞാനങ്ങനെയാണ് ചിന്തിച്ചത്. "ഏട്ടാ" താമര വിളിച്ചത് മൈൻഡാക്കാതെ എഴുന്നേറ്റു ചെന്ന് ജനാലക്ക് അരികിൽ നിന്നു. "ഏട്ടാ എന്നോട് ദേഷ്യമാണോ?" കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു ചുടുനിശ്വാസവും മുഖത്ത് പതിച്ചു.താമര സെൽവി എനിക്ക് തൊട്ടരികിൽ നിൽക്കുന്നു.അവളിലെ ഗന്ധവും ചുടുനിശ്വാസവും എന്നെയാകെ മത്തു പിടിപ്പിച്ചു. കൂടെ കൂട്ടിയപ്പോഴൊന്നും ഒരു വികാരവും തോന്നിയിരുന്നില്ല..എപ്പോഴോ എന്റെ മനസ്സിന്റെ ചില്ലയിൽ താമര കൂടുകൂട്ടി.അനുവാദത്തിന് കാത്തു നിൽക്കാതെ ഹൃദയത്തിൽ ചേക്കേറി. ഓരോ നിമിഷവും കഴിയുന്തോറും ഞാൻ താമരയെ സ്നേഹിച്ചു തുടങ്ങി.

അവളുടെ സാമീപ്യം ഇഷ്ടപ്പെട്ടു.മാരീഡ് ആണെന്ന് അറിഞ്ഞിട്ടും പ്രണയത്തിന്റെ തീവ്രത കൂടിയട്ടേയുള്ളൂ. എല്ലാം കൂടി ഓർത്ത് ഭ്രാന്തായതും താമരയെ എന്നിലേക്ക് വലിച്ചിട്ട് ആഞ്ഞാഞ്ഞ് പുണർന്നു. കവിളിലും നെറ്റിയിലും ചുണ്ടിലും എല്ലാം മാറി മാറി ചുംബിച്ചു. എതിർപ്പില്ലാതെ നിശ്ശേഷമവളതെല്ലാം ഏറ്റുവാങ്ങി. "പ്രണയത്തിന് ഇത്രയേറെ സുഗന്ധവും തീവ്രതയും വിരഹവും ഉണ്ടെന്ന് എനിക്ക് മനസ്സിലായത് നിന്നിലൂടെയാണ്.ഒരിക്കലും എന്നെ തനിച്ചാക്കി പോകരുത്" ചന്ദ്രബിംബം കൈകകളിൽ കോരിയെടുത്ത് കാന്തികമായ പ്രഭാവലയത്തിലേക്ക് ഉറ്റുനോക്കി പുലമ്പി.അവൾ മാരീഡ് ആണെന്നുളള ചിന്ത മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ട്.എപ്പോൾ വേണമെങ്കിലും പോയെന്ന് വരാം.

അതാണെന്നെ പരിഭ്രാന്തനാക്കുന്നത്.. "ഇല്ല ഏട്ടാ ഞാൻ വാക്ക് തന്നതല്ലേ പോകില്ലാന്ന്.എന്നെ ഏട്ടന് വേണ്ടാതാകുന്ന നിമിഷം മാത്രമേ അങ്ങനെ ചിന്തിക്കൂ" താമരയുടെ വാക്കുകൾ എന്നിലൊരു അമൃത വർഷമായി പെയ്തിറങ്ങി. "മതി ഇത്രയും കേട്ടാൽ മതി.വാ കിടന്നുറങ്ങാം" കൂറ്റൻ തിരമാലകൾ ശാന്തമായി തുടങ്ങിയതോടെ ഉറങ്ങാൻ കിടന്നു.പുലർച്ചെ താമരയുടെ നാദമാണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്.കുളിച്ചു സുന്ദരിയായി നിൽപ്പുണ്ട്.മുടിത്തുമ്പിൽ നിന്നും ജലകണങ്ങൾ ഊർന്നിറങ്ങി തറയിലൂടെ ചിന്നിച്ചിതറി. "അമ്മ വിളിക്കുന്നു. കുളി കഴിഞ്ഞു വരാൻ പറഞ്ഞു" "അമ്മക്ക് രാവിലെ ഒരുപണിയും കാണില്ല.വെറുതെ എന്നെ വട്ടാക്കാൻ"

പുലമ്പിക്കൊണ്ട് വീണ്ടും ചുരുണ്ടു കൂടാൻ ശ്രമിച്ച എന്നെ അവൾ പിടിച്ചു എഴുന്നേൽപ്പിച്ച് ഉന്തിത്തള്ളി കുളിക്കാനായി വിട്ടു. കുളി കഴിഞ്ഞു വന്നു അമ്മക്ക് മുമ്പിൽ നിരുപാധികം കീഴടങ്ങി. "വായ് പൊളിച്ച് ഇരിക്കാതെ വല്ലതും വിഴുങ്ങിയിട്ട് മോളുടെ കൂടെ പോകാൻ നോക്കെടാ" ങേ..ഞാനൊന്ന് ഞെട്ടി.ഞങ്ങളുടെ മനസ്സിലിരുപ്പ് അമ്മക്ക് എങ്ങനെ മനസ്സിലായി എന്നറിയാതെ ഞാനൊന്ന് അമ്പരന്നു. താമരയെ നോക്കിയതും ഞാനല്ലെന്ന ഭാവത്തിൽ കണ്ണ് ചിമ്മി. "മോളേ നോക്കണ്ടാ എനിക്ക് ഊഹിക്കാൻ കഴിയും.എന്റെ മോള് നിന്നോട് എല്ലാം തുറന്നു പറഞ്ഞു കാണുമെന്ന് അറിയാം.രണ്ടാം കെട്ട് ആയാലും സ്വഭാവശുദ്ധി ആവശ്യം പോലെയുണ്ടെന്ന് എനിക്കും നിനക്കും അറിയാം.

ഞാനില്ലാതായാലും ഇവളെ വിഷമിപ്പിക്കരുത്" അമ്മ താമരയെ ചേർത്ത് നിർത്തി തഴുകി. ഈശ്വരാ ഇതെന്ത് കഥയെന്ന് കരുതി ഞാൻ കണ്ണുകൾ മിഴിച്ചു. "അമ്മ എവിടെ പോകാനാ..ഞങ്ങളോടൊത്ത് കുറെക്കാലം ഇവിടെ കാണണം" അമ്മയുടെ കണ്ണുകൾ നിറഞ്ഞപ്പോഴേക്കും എന്റെ സ്വരവും ഇടറി പോയിരുന്നു. "ഞാനെവിടെ പോകാനാടാ എനിക്കൊരു ഉപമ പറയാനും പറ്റില്ലേ" "അയ് ശരി ഞാനായിപ്പോൾ തെറ്റുകാരൻ.. ഒന്നും മിണ്ടാതെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ആരംഭിച്ചു. " മോള് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.. പക്ഷേ നീ എല്ലാം നേരിട്ട് കണ്ടറിയണം..അതാ നല്ലത്.പറഞ്ഞറിയുന്നതിലും നല്ലത് കണ്ടറിയുന്നതാ.മോളോടൊത്ത് ഒരു ജീവിതം ആരംഭിക്കുമ്പോൾ എല്ലാം മനസ്സിലാക്കണം..

നാളെ അവളിലെ കുറവുകൾ ചിക്കി ചികയരുത്" അങ്ങനെ ഉണ്ടാകില്ലെന്ന് എനിക്ക് ഉറക്കെ വിളിച്ചു കൂവണമെന്നുണ്ട്..ഒരിക്കലും താമരയുടെ ജീവിതം അറിയാനായി ആഗ്രഹിച്ചിരുന്നില്ല..പക്ഷേ ഇനി അറിഞ്ഞിരിക്കുന്നതാ നല്ലതെന്ന് മനസ് പറഞ്ഞു. "അമ്മക്ക് വേണ്ടി അമ്മ മനസ്സ് തുറന്ന് ചിരിക്കുന്നത് കാണാൻ എന്റെ മോൻ കുറയേറെ കഷ്ടപ്പെട്ടെന്ന് അറിയാം..നിന്നെ പോലൊരു മകനെ ഏതൊരു അമ്മയും ആഗ്രഹിക്കും" കൈ കഴുകി വന്ന എനിക്ക് മുമ്പിൽ അമ്മ സെന്റിയുടെ കെട്ടുകളഴിച്ചു.. "എന്റെ ശാരദാമ്മേ അമ്മയുടെ സന്തോഷമല്ലേ എനിക്ക് വലുത്..വെറുതെ സെന്റിയടിച്ച് എന്നെ കൂടി കരയിക്കരുത്..

നിറഞ്ഞ മിഴികൾ ഞാനൊപ്പിയതും അമ്മ ചിരിയോടെ തല്ലാനായി കയ്യോങ്ങി..എല്ലാം കണ്ടു താമര സെൽവി നനവാർന്ന കണ്ണുകളുമായി പുഞ്ചിരിച്ചു.. 💙💙💙💙💙💙💙💙💙💙💙💙💙💙 ഞങ്ങൾ അതായത് ഞാനും താമരയും രാവിലെ ഇറങ്ങി..കിട്ടിയ ബസിന് നേരെ തൃശൂരിലേക്ക് തൃശൂരിലേക്ക്.. അവിടെ നിന്നും നേരിട്ട് പാലക്കാട് കോയമ്പത്തൂരിലേക്ക്..പിന്നെ വീണ്ടും ബസിലൊരു കുഗ്രാമത്തിലേക്ക്.കൃഷി ഉപജീവനം നടത്തുന്ന സാധാരണക്കാരുടെ നാട്ടിലേക്ക്.. " ദാ ആ കാണുന്നതാ എന്റെ വീട്" അത്യാവശ്യം ഭേദപ്പെട്ടൊരു വീടിനു മുമ്പിലെത്തിയതും താമരയുടെ വിരലുകൾ നീണ്ടു...ഇപ്പോൾ കൂട്ടു കുടുംബങ്ങളാൽ നിറഞ്ഞ വീട്..ആരും അവളെ പരിചയമുള്ളതായി ഭാവിച്ചില്ല.

എനിക്കത് മനസ്സിലായെങ്കിലും അവൾക്ക് വിഷമം ആകണ്ടാന്ന് കരുതി ഒന്നും ചോദിച്ചില്ല.. "വാ ഏട്ടാ" എന്റെ കൈകളിൽ വിരലുകൾ കോർത്ത് അവൾക്കൊപ്പം നടന്നു...ചെറിയ റോഡിലൂടെയുളള നടത്തം ചെന്ന് അവസാനിച്ചത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒരു വീടിനു മുമ്പിലായിരുന്നു.അവിടെമാകെ പുല്ലുകൾ വളർന്നു ഒരാൾപ്പൊക്കം എത്തിയിരുന്നു.. പുല്ലുകൾ വകഞ്ഞ് മാറ്റി മുമ്പോട്ട് നടന്നു...വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് എന്തോ തിരയും പോലെ അവളുടെ കണ്ണുകൾ പാഞ്ഞു നടന്നു.. "ദാ അവിടെയാണ് ഏട്ടാ എന്റെ ഭർത്താവ് ഉറങ്ങുന്നത്" താമര വിരൽ ചൂണ്ടിയ ഭാഗത്തേക്കും തിരിഞ്ഞ് അവളുടെ മുഖത്തേക്കും ഞെട്ടലോടെ നോക്കി.. മിഴികളിൽ കണ്ണുനീരിന്റെ ചെറിയ ഒരു നനവ് പടരുന്നത് കണ്ടു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story